Friday, June 7, 2019

പ്ലാവിലക്കഞ്ഞി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1.''സമ്പത്തിന്റെ പങ്കുവയ്ക്കലിലല്ല, ഇല്ലായ്മയുടെ പങ്കുവയ്ക്കലിലാണ് സ്‌നേഹത്തിന്റെ ആഴം അനുഭവപ്പെടുന്നത്.'' 'പ്ലാവിലക്കഞ്ഞി' എന്ന പാഠഭാഗം ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുക. 
വേരുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാതൃഭാഷ, മണ്ണ്, പ്രകൃതി, ബന്ധങ്ങള്‍ എന്നിവയെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും പങ്കുവച്ച് ജീവിതം തള്ളിനീക്കുന്ന കോരനും ചിരുതയും, അപ്പനെ പിരിഞ്ഞതില്‍ പശ്ചാത്തപിക്കുന്ന കോരന്‍, പട്ടിണികിടന്നുകൊണ്ട് ഭര്‍ത്താവിനും അപ്പനും ചോറുകൊടുക്കുന്ന ചിരുത,അപ്പന് ഒരു നേരമെങ്കിലും ചോറുകൊടുക്കണമെന്ന് ആഗ്രഹിക്കുന്ന കോരന്‍- ഇവരിലെല്ലാം സ്‌നേഹത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. 
തൊഴിലാളിയെ ക്രൂരമായി ചൂഷണം ചെയ്യുന്ന മുതലാളിത്തം, ലക്ഷക്കണക്കിന് പറ നെല്ല് വിളയിച്ചുണ്ടാക്കിക്കൊടുത്ത തൊഴിലാളി ഒരുനേരംപോലും ഭക്ഷണം കഴിക്കാനില്ലാതെ പട്ടിണികിടക്കേണ്ടിവരുന്ന അവസ്ഥ - ഇങ്ങനെ ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന മുഖങ്ങളാണ് 'പ്ലാവിലക്കഞ്ഞി'യിലുള്ളത്. പ്രാദേശികഭാഷാപ്രയോഗങ്ങളാണ് കഥാസന്ദര്‍ഭങ്ങളെ ഇത്രയേറെ ഹൃദയസ്പര്‍ശിയാക്കുന്നത്.
2.'അതു കണ്ണു തണുപ്പിക്കുന്ന ഒരു കാഴ്ചതന്നെയായിരുന്നു.' 
അടിവരയിട്ട പ്രയോഗത്തിന് സമാനാര്‍ഥമുള്ള മറ്റൊരു പ്രയോഗം കണ്ടെത്തി എഴുതുക.          
ഉത്തരം: കണ്ണിനു ഇമ്പമേകുന്ന കാഴ്ച
3.''അവന്‍ അന്നുച്ചയ്ക്ക് പുഷ്പവേലില്‍നിന്ന് കഞ്ഞികുടിച്ചു. ചിരുത അന്ന് അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചില്ല.''
''അരിയിട്ടു തിളപ്പിച്ച കഞ്ഞികുടിക്കണം- അവസാനത്തെ ആഗ്രഹം.''
അക്കാലത്തെ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സൂചനകള്‍ ഈ നോവല്‍ സന്ദര്‍ഭത്തില്‍നിന്ന് കണ്ടെത്താനാവും? വിശകലനം ചെയ്ത് കുറിപ്പു തയാറാക്കുക.
ജന്മിത്തം കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പണിയെടുക്കാന്‍ തൊഴിലാളിയും ഫലമനുഭവിക്കാന്‍ ജന്മിയും. പകലന്തിയോളം പണിയെടുത്താലും വിശപ്പുമാറ്റാനുള്ളതിനുപോലും കൂലി ലഭിച്ചിരുന്നില്ല. കൂലി നെല്ലായിട്ടു നല്‍കാതെ കരിഞ്ചന്തയില്‍ വിറ്റ് കാശുണ്ടാക്കാനാണ് ജന്മിമാര്‍ ശ്രമിച്ചിരുന്നത്. പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ഉള്ള കരുത്ത് അന്നത്തെ തൊഴിലാളികള്‍ക്കുണ്ടായിരുന്നില്ല. തൊഴിലാളികള്‍ തമ്മില്‍ ഐക്യവും ഉണ്ടായിരുന്നില്ല. കോരന്റെ അച്ഛനെപ്പോലെയുള്ളവരുടെ ബാല്യം മുതലുള്ള അധ്വാനംകൊണ്ട് ജന്മി കോടീശ്വരനായി. കോടിക്കണക്കിന് ആളുകളുടെ വിശപ്പടക്കാനുള്ള നെല്ലു വിളയിച്ച പാവപ്പെട്ട തൊഴിലാളിയാവട്ടെ പട്ടിണിയിലും രോഗാവസ്ഥയിലും. ആഴമേറിയ സ്‌നേഹബന്ധം നിറഞ്ഞു
നില്‍ക്കുന്ന കുടുംബാന്തരീക്ഷമാണ് തൊഴിലാളികള്‍ക്കുണ്ടായിരുന്നത്. കോരനും ചിരുതയും കോരന്റെ അപ്പനും തമ്മിലുള്ള ബന്ധം നല്‍കുന്ന സൂചന അതാണ്. മനുഷ്യത്വത്തിന് വിലകല്‍പ്പിക്കാത്ത ജന്മിവര്‍ഗവും നരകയാതന അനുഭവിക്കുന്ന തൊഴിലാളിവര്‍ഗവും - ഇതായിരുന്നു അന്നത്തെ സമൂഹം.


8 comments: