Showing posts with label Class8(MM). Show all posts
Showing posts with label Class8(MM). Show all posts

Tuesday, October 11, 2022

ഉപന്യാസത്തിന്റെ മാതൃകകള്‍

   
............................................................................................
 ഉപന്യാസം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക.
👉    അനുയോജ്യമായ ഒരു ശീര്‍ഷകം ഉപന്യാസത്തിന് നല്‍കണം.
👉  ആദ്യഖണ്ഡിക ആമുഖമാണ്. ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം
തുടര്‍വായനയിലേക്ക് നയിക്കുന്നതുമാവണം ആമുഖം. വിഷയത്തോടുള്ള സമീപനവും ഇതില്‍ വ്യക്തമാക്കണം.  നാലോ അഞ്ചോ വാക്യങ്ങളില്‍ കവിയാത്തതാവണം ആമുഖം.
👉   തുടര്‍ന്ന് ഒന്നോ രണ്ടോ ഖണ്ഡികകളിലായി ആശയങ്ങള്‍ ക്രമത്തില്‍ അവതരിപ്പിക്കാം. ആശയങ്ങള്‍ക്ക് വ്യക്തതയും  പരസ്പര
ചേര്‍ച്ചയുമുണ്ടാവണം. വിഷയവുമായി ബന്ധപ്പെട്ട ഉദ്ധരണികളും ഉദാഹരണങ്ങളും ആവശ്യാനുസരണം ചേര്‍ക്കാം. വിഷയത്തിന് സമകാലികലോകത്തുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടായിരിക്കണം ഉപന്യാസം അവതരിപ്പിക്കേണ്ടത്.
👉   അവസാനത്തെ ഖണ്ഡിക ഉപസംഹാരമാണ്. വിഷയത്തെക്കുറിച്ചുള്ള സ്വന്തം നിരീക്ഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉപസംഹാരത്തില്‍ ഉള്‍പ്പെടുത്തണം.
............................................................................................
 
▲ആധുനിക കവിത്രയത്തില്‍ ഒരാളായ കുമാരനാശാന്റെ സാഹിത്യസംഭാവനകള്‍, സാമൂഹികസേവനങ്ങള്‍, രചനയുടെ സവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു  ഉപന്യാസം തയാറാക്കുക. 
കുമാരനാശാന്‍ - കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവും
നമ്മുടെ നാടിനും സാഹിത്യത്തിനും എക്കാലത്തും അഭിമാനിക്കാന്‍ കഴിയുന്ന വിപ്ലവകാരിയായിരുന്നു കുമാരനാശാന്‍. ജാതിയുടെ പേരില്‍ മനുഷ്യത്വം നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു സമൂഹം അന്ന് കേരളത്തിലുണ്ടായിരുന്നു. സവര്‍ണമേധാവിത്വത്തിന്‍ കീഴില്‍ നിശ്ശബ്ദമാക്കപ്പെട്ടിരുന്ന വലിയൊരു ജനസമൂഹത്തിന്റെ ശബ്ദമായി ആശാന്റെ രചനകള്‍ മാറി. ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വമാണ് അദ്ദേഹത്തെ ഇത്തരത്തില്‍ രൂപപ്പെടുത്തിയത്. 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ സാവിത്രി അന്തര്‍ജനത്തെക്കൊണ്ട് ചാത്തന്‍പുലയനെ വിവാഹം കഴിപ്പിക്കാനും, 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യത്തിലൂടെ താഴ്ന്നജാതിക്കാരിയായ മാതംഗിയെ ആശ്രമത്തില്‍ സ്വീകരിച്ച് സന്ന്യാസിനിയാക്കാനും ആശാന് സാധിച്ചു. ഇതൊന്നും  അക്കാലത്ത് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല. മറ്റൊരു കവിയും കാണിക്കാത്ത ധൈര്യമാണ് കുമാരനാശാന്‍ പ്രകടിപ്പിച്ചത്.
ആധുനിക കവിത്രയം എന്ന് അറിയപ്പെടുന്ന കവികളില്‍ ഉള്ളൂരും വള്ളത്തോളും മഹാകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവിയാണ് കുമാരനാശാന്‍. ആശയഗാംഭീര്യം, ജീവിതദര്‍ശനം, മാനവികത, തത്ത്വചിന്ത, സ്‌നേഹത്തിലുള്ള അടിയുറച്ചവിശ്വാസം എന്നിവയുടെയെല്ലാം ശക്തമായ ആവിഷ്‌കാരമാണ് ആശാന്റെ കവിതകള്‍. അവതരണത്തിലെ പുതുമ പില്‍ക്കാലകവികള്‍ക്ക് വഴികാട്ടിയാവുകയും ചെയ്തു. നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത,  കരുണ, ഗ്രാമവൃക്ഷത്തിലെ കുയില്‍, പ്രരോദനം, ശ്രീബുദ്ധചരിതം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 'ഗ്രാമവൃക്ഷത്തിലെ കുയില്‍' ആശാനുനേരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ്.  ഈ കാവ്യത്തിലെ ഉഗ്രവ്രതനായ മുനി ശ്രീനാരായണഗുരുവാണ്.  മാവ്  എസ്. എന്‍. ഡി.
പി. യോഗത്തിന്റെയും കുയില്‍ കുമാരനാശാന്റെയും പ്രതീകങ്ങളാണ്. അക്കാലത്തെ സാഹിത്യകാരന്മാരെ ശരിയായ വഴിയില്‍ നയിച്ചിരുന്ന എ. ആര്‍. രാജരാജവര്‍മ്മയുടെ വിയോഗത്തെ മുന്‍നിര്‍ത്തി ആശാന്‍ രചിച്ച വിലാപകാവ്യമാണ് 'പ്രരോദനം'. 'നളിനി'യിലും 'ലീല'യിലും നിറഞ്ഞുനില്‍ക്കുന്നത് സ്‌നേഹത്തിന്റെ ആഴവും പരപ്പുമാണ്. രാമന്റെ ചെയ്തികളെ വിചാരണചെയ്ത്  വിധിപറയുന്ന  'ചിന്താവിഷ്ടയായ സീത'യിലെ  സീത സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്. പുറംമോടിയല്ല, ഉള്‍ക്കനമായിരുന്നു ആശാന് പ്രധാനം. കവിതയില്‍ മറ്റാരും കടന്നുചെന്നിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.
തന്റെ സമുദായം നേരിടുന്ന അവഗണനയും നീതിനിഷേധവും മാറ്റിയെടുക്കുന്നതിന് ശ്രീനാരായണഗുരു രൂപം നല്‍കിയ എസ്. എന്‍. ഡി. പി. യോഗത്തിന്റെ സെക്രട്ടറിയായിരുന്നു കുമാരനാശാന്‍. നവോത്ഥാനശില്പികളിലെ തിളങ്ങുന്ന നക്ഷത്രമായ നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നതില്‍ ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാമൂഹികപരിഷ്‌കരണത്തിന് കുമാരനാശാന്‍  കൈക്കൊണ്ട ആയുധമായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടികള്‍. കേരളത്തെ ഭ്രാന്താലയമാക്കുന്ന ജാതിവ്യവസ്ഥയുടെ തായ്‌വേരിലാണ് അവ  ചെന്നുപതിച്ചത്. ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ നിറഞ്ഞതാണ് ആശാന്റെ കവിതകള്‍. അനായാസം വായിച്ച് ആസ്വദിക്കാവുന്നവയല്ല അവ. ആഴത്തില്‍ മനനംചെയ്താല്‍ മാത്രമേ ആശാന്‍കവിതകളുടെ ഉള്ളറിയാന്‍ കഴിയുകയുള്ളൂ. കാലമെത്ര കഴിഞ്ഞാലും കുമാരനാശാനും അദ്ദേഹത്തിന്റെ കൃതികളും അല്‍പ്പംപോലും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല.
▲'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' 
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.'
'ക്ഷേത്രങ്ങളല്ല, വിദ്യാഭ്യാസസ്ഥാപനങ്ങളോ തൊഴില്‍ശാലകളോ ആണ് ഇനി വേണ്ടത്.'                  (ശ്രീനാരായണഗുരു) 
മുകളില്‍ കൊടുത്ത സൂചനകളും നിങ്ങള്‍ക്കറിയാവുന്ന മറ്റു കാര്യങ്ങളും ഉള്‍പ്പെടുത്തി 'ആധുനിക കേരളസൃഷ്ടിയില്‍ ശ്രീനാരായണഗുരു വഹിച്ച പങ്ക്' എന്ന വിഷയത്തില്‍ ഉപന്യാസം തയാറാക്കുക.                                 
ശ്രീനാരായണഗുരു- നവകേരളശില്പി
  മതങ്ങളെക്കാളും ദൈവങ്ങളെക്കാളും മനുഷ്യര്‍ക്ക് പ്രാധാന്യം നല്‍കിയ ആചാര്യനും സന്ന്യാസിയുമായിരുന്നു ശ്രീനാരായണഗുരു. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അയിത്താചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അവര്‍ണരുടെ ജീവിതം അക്കാലത്ത് നരകതുല്യമായിരുന്നു. അവരെ മനുഷ്യരായിപ്പോലും കണക്കാക്കിയിരുന്നില്ല. ദുരിതജീവിതത്തില്‍നിന്ന് ഈ പാവങ്ങളെ രക്ഷിക്കാനുള്ള ദൗത്യമാണ് ഗുരു ഏറ്റെടുത്തത്.
മനുഷ്യരില്‍ ആണും പെണ്ണുമെന്ന രണ്ടു ജാതി മാത്രമേയുള്ളൂ. മറ്റുള്ള തരംതിരിവുകളെല്ലാം ശുദ്ധവിഡ്ഢിത്തമാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'; 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നീ സന്ദേശങ്ങള്‍ അന്നത്തെ മതസങ്കല്‍പ്പങ്ങളുടെ തായ്‌വേരുകളില്‍ ചെന്നുകൊണ്ടു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ  താഴെത്തട്ടിലുള്ളവരെ സമുദ്ധരിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ക്ഷേത്രങ്ങളേക്കാള്‍ ആവശ്യം വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴില്‍ശാലകളുമാണെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ പരിഹാസം വളരെ രൂക്ഷമായിരുന്നു. ഓരോരുത്തരും അവനവനിലുള്ള ഈശ്വരനെ കണ്ടെത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കണ്ണാടിപ്രതിഷ്ഠയിലൂടെ അദ്ദേഹം നല്‍കിയ   മഹത്തായ സന്ദേശവും അതുതന്നെയാണ്. ശിവപ്രതിഷ്ഠ നടത്തിയതിന്റെ പിന്നിലുള്ള ലക്ഷ്യവും സമൂഹത്തിലെ അശരണരുടെ വിമോചനംതന്നെയായിരുന്നു. മദ്യമെന്ന സാമൂഹികവിപത്തിനെതിരെയും  അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നുപൊങ്ങിയിരുന്നു. മദ്യം ഉണ്ടാക്കുന്നതിനും അത് വില്‍ക്കുന്നതിനും കുടിക്കുന്നതിനും  അദ്ദേഹം എതിരായിരുന്നു.
ഉത്കൃഷ്ടങ്ങളായ നിരവധി സാഹിത്യസൃഷ്ടികളും ശ്രീനാരായണഗുരുവിന്റേതായിട്ടുണ്ട്. ആ കൃതികളിലൂടെയും സമൂഹത്തെ നന്മയിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയ'മെന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ സാംസ്‌കാരികകേരളത്തിലേക്ക് കൈപിടിച്ചുനടത്തിയത് ശ്രീനാരായണഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശങ്ങളും മാനവികതയ്ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. സമൂഹത്തില്‍ വേദനയനുഭവിക്കുന്നവരുടെ മോചനവും  സന്തോഷവുമാണ് തന്റെ മോക്ഷപ്രാപ്തിയേക്കാള്‍ പ്രധാനമായി അദ്ദേഹം കണ്ടിരുന്നത്. നാമിന്ന് അനുഭവിക്കുന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായുവിന് ശ്രീനാരായണഗുരുവിനോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.

പ്രഭാഷണത്തിന്റെ മാതൃകകള്‍

 
 
 .............................................................................................................
പ്രഭാഷണം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക. വിഷയത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസ്സിലുണ്ടായിരിക്കണം.
👉   അഭിസംബോധനയോടെയായിരിക്കണം പ്രഭാഷണം തുടങ്ങേണ്ടത്. (ഉദാ : മാന്യസദസ്സിന് വന്ദനം/ പ്രിയപ്പെട്ട ശ്രോതാക്കളേ)
👉   പ്രഭാഷണത്തിന്റെ ആദ്യഖണ്ഡിക ആമുഖമാണ്. വിഷയത്തിന്റെ പ്രാധാന്യം ഇതില്‍ വ്യക്തമാക്കണം.
👉    രണ്ടാം ഖണ്ഡികയില്‍ വിഷയവുമായി ബന്ധപ്പെട്ട സമകാലികസംഭവങ്ങള്‍, ഉദ്ധരണികള്‍, പാഠഭാഗങ്ങളിലെ അനുയോജ്യമായ ആശയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.
👉    അവതരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് പരസ്പരബന്ധവും അടുക്കും ചിട്ടയും വേണം. അവതരിപ്പിക്കുന്ന ആശയങ്ങള്‍ ആധികാരികമായിരിക്കണം.
👉     സ്വന്തം കാഴ്ചപ്പാടുകള്‍ക്കും നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കണം.
👉   ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.
👉    അവസാനത്തെ ഖണ്ഡികയായ ഉപസംഹാരത്തില്‍ സ്വന്തം നിഗമനങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവയുണ്ടായിരിക്കണം.
👉    ശ്രോതാക്കള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് പ്രഭാഷണം അവസാനിപ്പിക്കാം.
 .............................................................................................................
 
 
▶️  കര്‍ഷകദിനത്തില്‍ നാട്ടിലെ പ്രായംകൂടിയ കര്‍ഷകനെ സ്‌കൂള്‍ അസംബ്ലിയില്‍ ആദരിക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കാനുള്ള പ്രഭാഷണം തയാറാക്കുക. 
ആദരണീയരായ അധ്യാപകരേ, പ്രിയപ്പെട്ട സഹപാഠികളേ,
നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടുള്ള ഒരു മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍. ഇതുവരെ നാം തിരിച്ചറിയാതിരുന്ന, അംഗീകരിക്കാതിരുന്ന വലിയൊരു വിഭാഗം രാജ്യസ്‌നേഹികളെ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങാണിത്. രാപകലില്ലാതെ നമുക്കുവേണ്ടി പൊരിവെയിലിലും കൊടുംതണുപ്പിലും  പെരുമഴയത്തും അധ്വാനിച്ച് മണ്ണില്‍ പൊന്നുവിളയിച്ചവരാണ് കര്‍ഷകര്‍. അഭിമാനത്തോടെയാണ് അവരെ ഇന്ന് നമ്മള്‍ ആദരിക്കുന്നത്. ജീവന്‍ പണയംവച്ച് രാജ്യത്തിനു കാവല്‍നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് സമമാണ് കര്‍ഷരെന്ന് സമൂഹം ഒന്നടങ്കം ഏറ്റുപറയുന്ന ദിവസമാണിത്. അതാണ് കര്‍ഷകദിനം.
സമൂഹത്തിലെ ഏതു ജോലിയേക്കാളും മഹത്ത്വമുള്ളതാണ് കാര്‍ഷികവൃത്തി. പാടത്തും  പറമ്പിലും ചെളിയിലും പണിയെടുക്കുമ്പോള്‍ ഇവരുടെ ദേഹത്ത് വിയര്‍പ്പും മണ്ണും പുരളും. ആ വിയര്‍പ്പാണ് ഭക്ഷണമായി നമ്മുടെ ഭക്ഷണമേശയിലെത്തുന്നത്. സമൂഹത്തിലെ ഉന്നതരും  താണവരും  ഉദ്യോഗസ്ഥരും ഭരണാധികാരികളും  ആത്മീയനേതാക്കളും കുറ്റവാളികളും  ഒരുപോലെ ആ ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്. വിയര്‍പ്പൊഴുക്കി പണിയെടുത്ത്  നമ്മെ പോറ്റിയ  ഈ പാവങ്ങളെ  ഇതുവരെ  നമ്മള്‍ അകറ്റിനിര്‍ത്തുകയും ചെയ്തു. ഒരിക്കലും പൊറുക്കാനാവാത്ത  നന്ദികേടാണ് നമ്മളവരോട് കാണിച്ചുകൊണ്ടിരുന്നത്. അവരുടെ വിളകള്‍ക്ക് അര്‍ഹമായ വിലപോലും നമ്മള്‍ നല്‍കിയില്ലെന്നതാണ് സത്യം. ജീവിതകാലം മുഴുവന്‍ നമുക്കുവേണ്ടി അധ്വാനിച്ച കര്‍ഷകനെ ആദരിച്ചുകൊണ്ട് ഒരു മഹത്തായ സന്ദേശമാണ് നമ്മള്‍ ഇന്നിവിടെ നല്‍കുന്നത്. അവരോടൊപ്പം തോളോടുതോള്‍  ചേര്‍ന്ന് നമ്മുടെ നാടിനാവശ്യമായ ഭക്ഷണം നമ്മുടെ നാട്ടില്‍ത്തന്നെ ഒരുക്കാം. വിഷമില്ലാത്ത, മാലിന്യമില്ലാത്ത ഭക്ഷണം നല്‍കി വരുംതലമുറകളെ ആരോഗ്യമുള്ളവരാക്കാം. കൃഷി നമുക്കൊരു ശീലമാക്കാം. അധ്വാനത്തിന്റെ വിലയും മഹത്ത്വവും നമുക്ക് തലമുറകളിലേക്ക് കൈമാറാം. സുഭിക്ഷമായ, സമ്പന്നമായ നമ്മുടെ നാട് നമുക്കൊരുമിച്ച് പണിതുയര്‍ത്താം.
ജീവിതവും ആരോഗ്യവും ഈ നാടിനുവേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് നമ്മുടെ മുന്നിലിരിക്കുന്ന ഈ കര്‍ഷകന്‍. അദ്ദേഹത്തിന്റെ അധ്വാനമാണ് ഈ നാടിനെ പോറ്റിവളര്‍ത്തിയത്. അതിനാല്‍ത്തന്നെ ഏറെ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന്  നിസ്സംശയം പറയാം. ഈ രാജ്യസ്‌നേഹിയുടെ മുന്നില്‍ ശിരസ്സു നമിച്ചുകൊണ്ട് എന്റെ വാക്കുകള്‍ ചുരുക്കട്ടെ.                 
നന്ദി, നമസ്‌കാരം
ജയ്ഹിന്ദ്

▶️ ഒരു നാടിന്റെ  ജീവസ്രോതസ്സുകളാണ് നദികള്‍. നദികള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രഭാഷണം തയാറാക്കുക. 
പ്രിയപ്പെട്ട ശ്രോതാക്കളേ, 
ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. നിലനില്‍പ്പിന് അത്യാവശ്യമായ വസ്തുക്കള്‍ ഇല്ലാതാക്കുന്ന പ്രവൃത്തികളെ വിശേഷിപ്പിക്കുന്ന ചൊല്ലാണിത്. ബുദ്ധിശക്തിയോ ചിന്താശേഷിയോ ഇല്ലാത്തവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുള്ളത്. നദികളോടുള്ള നമ്മുടെ സമീപനം സത്യത്തില്‍ ഇത്തരത്തിലുള്ളതാണ്. വിനാശകരമാണെന്ന്  അറിഞ്ഞിട്ടും  അധികാരികളുടെ ഒത്താശയോടെ  ഇത്തരം നശീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നുള്ളതാണ് ഏറെ അദ്ഭുതകരം.
കൃഷി, കുടിവെള്ളം എന്നിവയ്ക്ക് നമ്മള്‍ നേരിട്ട് ആശ്രയിക്കുന്നത് നദികളെയാണ്. നദികള്‍ മലിനമാവുമ്പോള്‍ ഭൂഗര്‍ഭജലവും മലിനമാവും. അതോടെ കുടിവെള്ളം ഇല്ലാതെയാവും. നദിയിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാതെയാവും. കടുത്ത ഭക്ഷ്യക്ഷാമമാണ് അതിന്റെ അനന്തരഫലം. മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങള്‍ക്കും ഭീഷണിയായി ഇത് മാറും. നദികള്‍  ഉദ്ഭവിക്കുന്നത് മലകളില്‍നിന്നാണ്. മലകള്‍ വെട്ടിനിരത്തുകയും വനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ നദികളെ ഉദ്ഭവത്തില്‍തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൊടിയ വരള്‍ച്ച, ഭൂകമ്പം, പേമാരി, കൊടുങ്കാറ്റ്, കാലാവസ്ഥാവ്യതിയാനം എന്നിവയ്‌ക്കെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിവയ്ക്കും. രാസമാലിന്യങ്ങള്‍ നദീജലത്തില്‍ കലരുന്നത് ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. നമ്മുടെ നാട്ടിലെ നദികളെല്ലാംതന്നെ മരണാവസ്ഥയിലെത്തിക്കഴിഞ്ഞു. മണ്ണില്‍ അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക്‌പോലുള്ള മാലിന്യങ്ങള്‍ നദികളില്‍ അടിഞ്ഞുകൂടി ജലജീവികളെ  ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സസ്യങ്ങളും ജീവജാലങ്ങളുമില്ലാതെ മനുഷ്യനു മാത്രമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയുമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തമാണ്. ഓരോ നദിയും ഇല്ലാതെയാവുമ്പോള്‍ നഷ്ടമാവുന്നത് ഓരോ ആവാസവ്യവസ്ഥയാണ്. അതായത്, ജീവിസമൂഹത്തിന് നിലനില്‍ക്കാനാവാത്ത സ്ഥിതി. മനുഷ്യരും ഇക്കൂട്ടത്തില്‍ പെടും. നമ്മുടെ പ്രവൃത്തികള്‍കൊണ്ട് നാംതന്നെ ഇല്ലാതാവുന്ന അവസ്ഥ. അതുകൊണ്ടാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവൃത്തിയെന്ന് നദികളുടെ മലിനീകരണത്തെ നേരത്തെ വിശേഷിപ്പിച്ചത്. 
വളരെ ഗൗരവത്തോടെ ഈ പ്രശ്‌നത്തെ സമീപിച്ചേ മതിയാകൂ. ഈ രീതി തുടര്‍ന്നാല്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക്  ഇവിടെ  നിലനില്‍ക്കാനാവില്ല. പച്ചപ്പുനിറഞ്ഞ ഈ മണ്ണ് മരുഭൂമിയായി മാറാന്‍ അധികകാലം വേണ്ടിവരില്ല. മുതിര്‍ന്നവരും കൊച്ചുകുട്ടികളും ഉള്‍പ്പെടെ സകലരും ഇതിനെതിരെ രംഗത്തുവരണം. നദികളെയും നാടിനെയും രക്ഷിക്കാന്‍  മുന്നിട്ടിറങ്ങണം. എങ്കില്‍  ഒരു പരിധിവരെ  നമുക്ക് ബാക്കിയുള്ളവയെ നിലനിര്‍ത്താനാവും. നാട് കൊള്ളയടിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരെ തിരുത്തുവാനുള്ള സമീപനമാണ് വേണ്ടത്. ഒരു രണ്ടാം സ്വാതന്ത്ര്യസമരം. നാടിനെ രക്ഷിക്കാനുള്ള ഈ സമരത്തില്‍ എല്ലാവരും അണിചേരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.                                    
                                                                                                         നന്ദി, നമസ്‌കാരം





Friday, August 26, 2022

ആ വാഴവെട്ട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1.     'ആ വാഴവെട്ട്' എന്ന കഥയുടെ അവതരണരീതി വിലയിരുത്തുക.
     ലളിതവും ഋജുവുമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന കഥയാണ് 'ആ വാഴവെട്ട്'. മര്‍ക്കോസുചേട്ടന്റെ വാര്‍ധക്യവും ആ കര്‍ഷകകുടുംബത്തിലെ  ദാരിദ്ര്യവും   മറ്റും സൂചനകളിലൂടെയാണ് കഥാകൃത്ത് നമ്മെ അനുഭവിപ്പിക്കുന്നത്. കഞ്ഞിയിലെ കീടങ്ങളും പ്രാണികളും ഭക്തരുടെ നോമ്പിന് ഭംഗമുണ്ടാക്കുമെന്ന മര്‍ക്കോസിന്റെ  അഭിപ്രായത്തിന്  അല്‍പ്പം പരിഹാസച്ചുവയുണ്ട്. ചെറുവിവരണങ്ങളും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ഈ കഥയുടെ മനോഹാരിത കൂട്ടുന്നു. സ്‌നേഹസമ്പന്നനായ ഒരു വൃദ്ധപിതാവിന്റെയും  നിസ്സഹായനായ ഒരു കര്‍ഷകന്റെയും ചിത്രം ഒറ്റവായനയില്‍ത്തന്നെ വായനക്കാരുടെ മനസ്സില്‍ തെളിയുന്നു. എല്ലാ ദുരിതങ്ങള്‍ക്കിടയിലും ആ കര്‍ഷകന്‍ പ്രതീക്ഷ കൈവെടിയുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. വരാന്‍പോകുന്ന പട്ടിണിയും ക്ഷാമവും മുന്‍കൂട്ടിക്കാണാന്‍ കഴിവില്ലാത്തവര്‍ എന്തിനാണ് വലിയ ശമ്പളം
വാങ്ങി അധികാരക്കസേരകളിലിരിക്കുന്നത് എന്ന ചോദ്യം അക്കാലത്തു മാത്രമല്ല, ഇക്കാലത്തും പ്രസക്തമാണ്. അവഗണനയും നിന്ദയുമേറ്റ് എന്നും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയാനാണ് കര്‍ഷകന്റെ വിധിയെന്ന സങ്കടം നമ്മെ അനുഭവിപ്പിക്കുന്ന കഥയാണ് 'ആ വാഴവെട്ട്'.
2.    ''എല്ലുകള്‍ ഉന്തിനില്‍ക്കുന്ന ആ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അര്‍ധനഗ്നമായ ശരീരവും ഒറ്റനോട്ടത്തില്‍ത്തന്നെ അയാളെ ഒരു കൃഷിക്കാരനെന്ന് വിളിച്ചുപറയും.'' ഈ വാക്യം വ്യക്തമാക്കുന്നതെന്ത്?
    എല്ലുമുറിയെ പണിയെടുത്താലും ദാരിദ്ര്യം മാത്രം മിച്ചംകിട്ടുന്ന കൃഷിക്കാരന്റെ ദുരന്തചിത്രമാണ് ഈ വാക്യം വരച്ചുകാട്ടുന്നത്. മര്‍ക്കോസുചേട്ടന്റെ ശരീരവര്‍ണന അയാള്‍ ഒരു നല്ല കൃഷിക്കാരനാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ഉന്തിയ എല്ലും കുഴിഞ്ഞ കണ്ണും വളഞ്ഞ നട്ടെല്ലും അര്‍ധനഗ്നമായ ശരീരവും മര്‍ക്കോസുചേട്ടന്റെ അത്യധ്വാനവും ദാരിദ്ര്യാവസ്ഥയുമാണ് വിളിച്ചോതുന്നത്. പട്ടിണിമാറ്റാനുള്ള വകപോലും അയാള്‍ക്ക് കൃഷിയില്‍നിന്ന് ലഭിക്കുന്നില്ല എന്ന് വ്യക്തമാണ്.
3. ''ഒരു കര്‍ഷകന്റെ  മുഖത്ത്  പ്രസന്നതയന്വേഷിക്കാന്‍ കേരളത്തിനു നേരമില്ല.'' ഈ വരികള്‍ സൂചിപ്പിക്കുന്നതെന്താണ്? നിങ്ങളുടെ  അഭിപ്രായം  ക്രോഡീകരിക്കുക.
    ഋതുഭേദങ്ങളും കൃഷിയുമാണ് നമ്മുടെ സംസ്‌കാരത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഇന്ന് കൃഷിയോടോ കര്‍ഷകരോടോ നമുക്ക് താല്‍പ്പര്യമില്ലാതായിരിക്കുന്നു. ആഗോളവല്‍ക്കരണവും വ്യവസായവിപ്ലവവും പാശ്ചാത്യസംസ്‌കാരത്തോടുള്ള ആഭിമുഖ്യവും നമ്മെ ഭ്രമാത്മകമായ  മറ്റൊരു ലോകത്തില്‍ എത്തിച്ചിരിക്കുന്നു. കര്‍ഷകന്റെ  ദുഃഖം കാണാന്‍ ആര്‍ക്കും കണ്ണില്ല. ലാഭം മാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന  ഒരു തലമുറയായി നാം മാറിയിരിക്കുന്നു.

പൂക്കളും ആണ്ടറുതികളും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1. കേരളം ഒരു പൂപ്പാലികയാണെന്ന് വി.ടി.ഭട്ടതിരിപ്പാട് പറയുന്നതെന്തുകൊണ്ട്?  പൂക്കളാല്‍ സമ്പന്നമാണ് കേരളം. നമ്മുടെ ആചാരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം പൂക്കള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. നാടിന്റെ ഐശ്വര്യത്തിനും ആത്മോല്‍ക്കര്‍ഷത്തിനും വേണ്ടിയുള്ള പൊന്‍നാണയങ്ങളാണ് പൂക്കളെന്ന് വി.ടി. ഭട്ടതിരിപ്പാട് പറയുന്നു. നമ്മുടെ മുറ്റത്തും തൊടിയിലും വഴിവക്കിലും കുന്നിന്‍ചരിവുകളിലുമെല്ലാം വിവിധതരത്തിലുള്ള പൂക്കള്‍ സമൃദ്ധമായി വിരിഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ് കേരളം ഒരു പൂപ്പാലികയാണെന്ന് ലേഖകന്‍ പറയുന്നത്.
2. ''കേരളത്തിനുമുണ്ട് അതിന്റേതായ ആണ്ടറുതികള്‍.'' കേരളത്തിന്റെ ആണ്ടറുതികളെക്കുറിച്ച് വി.ടി.ഭട്ടതിരിപ്പാട് പറയുന്നതെന്താണ്? 

കേരളത്തിനുമുണ്ട് അതിന്റേതായ ആണ്ടറുതികള്‍. ഓണം, വിഷു, തിരുവാതിര - ഇങ്ങനെ വ്യത്യസ്ത ഋതുക്കളില്‍ വ്യത്യസ്ത സംവിധാനത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ മൂന്നിന്റെയും പശ്ചാത്തലം വെവ്വേറെയാണ്.  വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധിയുടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണെന്നു വി.ടി. ഭട്ടതിരിപ്പാട് വിചാരിക്കുന്നു.  ഗ്രീഷ്മത്തില്‍ വിഷു, ശരത്തില്‍ ഓണം, ഹേമന്തത്തില്‍ തിരുവാതിര - ഇങ്ങനെയാണ് 'ശാര്‍ങ്ഗധരസംഹിത'യിലെ നിര്‍വചനമെന്നും അദ്ദേഹം പറയുന്നു.

വഴിയാത്ര എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

1.     സാധാരണയാത്രയുടെ ലക്ഷ്യവും  ജീവിതയാത്രയുടെ ലക്ഷ്യവും ഒന്നുതന്നെയാണോ? വിശദീകരിക്കുക.     
    സാധാരണയാത്രയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരിക്കും. പോകാനുള്ള വഴിയേതെന്ന് മുന്‍കൂട്ടി തീരുമാനിക്കാനും പണവും മറ്റും കരുതിവയ്ക്കാനും കഴിയും. ജീവിതയാത്രയുടെ ലക്ഷ്യം അത്ര എളുപ്പത്തില്‍ നിശ്ചയിക്കാനാവില്ല. അതുകൊണ്ട് വഴിയും മുന്നൊരുക്കങ്ങളും കൃത്യമായി നിശ്ചയിക്കാനുമാവില്ല. യാത്രയെ ലക്ഷ്യസ്ഥാനത്തേക്കു നയിക്കുന്നത് മൂല്യങ്ങള്‍ തന്നെയാണ്. ഒറ്റയ്ക്കാണ് യാത്രയെങ്കിലും മറ്റുള്ളവരുമായി കൈകോര്‍ത്തുവേണം മുന്നേറാന്‍. പണമോ പ്രതാപമോ ഒന്നും ജീവിതയാത്രയുടെ വിജയത്തിന് സഹായിക്കില്ല.
2. 'വഴിയാത്ര' എന്ന പാഠഭാഗം നല്‍കുന്ന സന്ദേശമെന്ത്?  
    പുരോഗതിയും വളര്‍ച്ചയും വികസനവുമൊന്നും ഇത്രയേറെ ഇല്ലാതിരുന്ന പഴയകാലത്ത് മനുഷ്യര്‍ കൂടുതല്‍ മനുഷ്യത്വമുള്ളവരായിരുന്നു. സഹകരണവും സ്‌നേഹവും പങ്കുവയ്ക്കലുമെല്ലാം അന്ന് നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ന് മനുഷ്യര്‍ക്ക് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. വിവേചനത്തിന്റെയും വേര്‍തിരിവിന്റെയും വിഷം സമൂഹമാകെ പടര്‍ന്നിരിക്കുന്നു. ആ സത്യം എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്ന ലേഖനമാണ്  'വഴിയാത്ര.'


Thursday, August 25, 2022

കേരളപാഠാവലി (യൂണിറ്റ്-2) : - വായ്ക്കുന്നു ഭൂമിക്കു വര്‍ണങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)


പാഠം 1    -   പൂക്കളും ആണ്ടറുതികളും
ഋതുക്കള്‍

വസന്തം, ശിശിരം, ഹേമന്തം, ഗ്രീഷ്മം, ശരത്, വര്‍ഷം
ഭൂമിയുടെ  പരിക്രമണംമൂലം  പ്രകൃതിക്കു സംഭവിക്കുന്ന  മാറ്റങ്ങളാണ് ഋതുഭേദങ്ങള്‍ക്ക് അടിസ്ഥാനം. പാശ്ചാത്യ
നാടുകളില്‍   നാല് ഋതുക്കളാണുള്ളത്.  എന്നാല്‍ ആറു ഋതുക്കളായിട്ടാണ് ഭാരതീയര്‍ ഒരു വര്‍ഷത്തെ വിഭജിച്ചിരിക്കുന്നത്. മലയാളമാസങ്ങള്‍ അനുസരിച്ച് ചിങ്ങം-കന്നിമാസങ്ങള്‍ വസന്തകാലവും, തുലാം-വൃശ്ചികം മാസങ്ങള്‍ ശിശിരവും, ധനു-മകരം മാസങ്ങള്‍ ഹേമന്തവും, കുംഭം-മീനം മാസങ്ങള്‍  ഗ്രീഷ്മവും, മേടം-ഇടവം മാസങ്ങള്‍ ശരത്തും, മിഥുനം-കര്‍ക്കടകം മാസങ്ങള്‍ വര്‍ഷവുമായി കണക്കാക്കാം.
ശാര്‍ങ്ഗധരസംഹിത 
 മനുഷ്യരുള്‍പ്പെടെയുള്ള  സകലജീവജാലങ്ങളുടെയും നിലനില്‍പ്പിന് പ്രകൃതിയെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രകൃതിയിലെ സകല ജീവജാലങ്ങളും പരസ്പരസ്‌നേഹത്തോടെ  സഹകരിച്ചും  
പിന്തുണച്ചും  ജീവിക്കുമ്പോഴാണ് ഭൂമിയില്‍ സ്വര്‍ഗം സംജാതമാവുന്നത്. ഇതിന് തടസ്സം സംഭവിക്കുന്നതാണ്  നരകം.  പ്രാചീനകാലം മുതല്‍  ഭാരതീയര്‍  പാലിച്ചുവന്ന ഈ പരിസ്ഥിതിദര്‍ശനത്തിന്റെ  പൊരുള്‍  ഉള്‍ക്കൊള്ളുന്ന  കൃതിയാണ് 'ശാര്‍ങ്ഗധരസംഹിത'. പതിമൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ശാര്‍ങ്ഗധരാചാര്യന്‍ രചിച്ചതാണ് 'ശാര്‍ങ്ഗധരസംഹിത'.വൃക്ഷങ്ങളുടെ  ചികിത്സയ്ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നതുകൊണ്ടാണ്  'വൃക്ഷായുര്‍വേദം' എന്ന  പേരിലും ഈ കൃതി  അറിയപ്പെടുന്നത്.
   ''ദശകൂപസമാ വാപീ
    ദശവാപിസമോ ഹ്രദഃ
    ദശഹ്രദഃസമ പുത്രോ
    ദശപുത്രോ സമോ ദ്രുമഃ''
 എന്നത് ഇതിലെ പ്രശസ്തമായ ശ്ലോകമാണ്.
(പത്തു കിണറിന് തുല്യമാണ്  ഒരു കുളം. പത്തു കുളത്തിന് തുല്യമാണ്  ഒരു ജലാശയം. പത്തു ജലാശയത്തിന് തുല്യമാണ്  ഒരു പുത്രന്‍. പത്തു പുത്രന്മാര്‍ക്കു തുല്യമാണ്  ഒരു വൃക്ഷം. ഇതാണ് ഈ ശ്ലോകത്തിന്റെ അര്‍ഥം.)  
ശാര്‍ങ്ഗധരാചാര്യന്‍ മലയാളിയായിരുന്നുവെന്നാണ്  ചില പണ്ഡിതന്മാര്‍ അഭിപ്രായെപ്പടുന്നത്.


Monday, July 4, 2022

അടിസ്ഥാനപാഠാവലി (യൂണിറ്റ്-1) : പിന്നെയും പൂക്കുമീ ചില്ലകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം 1  - പുതുവര്‍ഷം

ജീവിത്തിലുടനീളം അമ്മ നല്‍കുന്ന സാന്ത്വനവും പ്രത്യാശയും അടയാളപ്പെടുത്തുന്ന കവിതയാണ് വിജയലക്ഷ്മിയുടെ 'പുതുവര്‍ഷം'. ഒരു മകന്റെ മാതൃസ്‌നേഹത്തിന്റെ കഥ വായിക്കൂ.  

പുണ്ഡരീകന്റെ മാതൃസ്‌നേഹം
    മഹാദേവഭക്തനായ പുണ്ഡരീകന്റെ മാതൃസ്‌നേഹകഥ ഇന്ത്യയില്‍ മുഴുവന്‍ പ്രസിദ്ധി നേടിയതാണ്. കുറേനാളായി ദൈവത്തിന് പുണ്ഡരീകന്റെ സാന്നിധ്യം അനുഭവപ്പെട്ടില്ല. അതുകൊണ്ട് ദൈവം അയാളെത്തേടി വീട്ടിലെത്തി. അയാള്‍ അപ്പോള്‍, വയസ്സായ അമ്മയുടെ കാലുകള്‍ തിരുമ്മുകയായിരുന്നു. ദൈവം വന്നതറിഞ്ഞിട്ടും അയാള്‍ മാതൃസേവയില്‍നിന്നു വിരമിച്ചില്ല. എന്തെന്നാല്‍ ഈശ്വരനെ തന്നെ തന്റെ അമ്മയുടെ രൂപത്തില്‍ അയാള്‍ സേവിക്കുകയായിരുന്നു. 'ഈശ്വരന്‍ ഇതാ മുന്നില്‍' എന്ന് തുക്കാറാം പറഞ്ഞു. പക്ഷേ, പുണ്ഡരീകന്‍ അനങ്ങിയില്ല. താനിപ്പോള്‍ സേവിച്ചുകൊണ്ടിരിക്കുന്ന ഈശ്വരനുവേണ്ടി, അമ്മയ്ക്കുവേണ്ടി, തന്റെ സേവനം മുഴുമിക്കുംവരെ തന്നെ കാത്തിരിക്കാനായി അയാള്‍ അപേക്ഷിക്കുകയായിരുന്നു.
                                                         വേരുകളും ചിറകുകളും- പി. എന്‍. ദാസ് 

അമ്മയെ ഓണപ്പൂക്കളത്തിലെ തുമ്പപ്പൂവിനോടാണ് 'പുതുവര്‍ഷം' എന്ന കവിതയില്‍ കവയിത്രി സാദൃശ്യപ്പെടുത്തുന്നത്. ഓണപ്പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളില്‍ ഏറ്റവും ശ്രേഷ്ഠം തുമ്പയാണ്.  തുമ്പയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കവിതയാണ് താഴെ തന്നിരിക്കുന്നത്.

    മാനിച്ചോരോ മലരുകള്‍ ചെന്നൂ
    മാബലിദേവനെയെതിരേല്‍ക്കാന്‍
    തങ്കച്ചാറില്‍ തനു മിന്നുംപടി
    മുങ്ങിച്ചെന്നൂ മുക്കുറ്റി
    പാടലമാം പട്ടാടയൊടെത്തീ
    പാടത്തുള്ളൊരു ചിറ്റാട;
    ആമ്പലിനുണ്ടു കിരീടം; നെല്ലി-
    ക്കഴകിലുമുണ്ടൊരു സൗരഭ്യം!
    കരള്‍കവരുന്നൊരു നിറമോ മണമോ
    കണികാണാത്തൊരു തുമ്പപ്പൂ.
    വ്രീളയൊതുക്കിയണഞ്ഞൂ, കാലടി
    പോലെയിരിക്കും തുമ്പപ്പൂ!
    ദേവന്‍ കനിവൊടു നറുമുക്കുറ്റി-
    പ്പൂവിനെയൊന്നു കടാക്ഷിച്ചു
    കുതുകാല്‍ത്തടവിച്ചിറ്റാടപ്പൂ
    കൂടുതലൊന്നു തുടുപ്പിച്ചു!
    ആമ്പലിനേകീ പുഞ്ചിരി, നെല്ലി-
    പ്പൂണ്‍പിനെയമ്പൊടു ചുംബിച്ചൂ
    പാവം തുമ്പയെ വാരിയെടുത്തഥ
    ദേവന്‍ വെച്ചൂ മൂര്‍ധാവില്‍!
    പുളകംകൊള്ളുക തുമ്പപ്പൂവേ
    പൂക്കളില്‍ നീയേ ഭാഗ്യവതി!
       

പുതുവര്‍ഷം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1.    ''ആകുലചിന്തകളായിരം കുന്തങ്ങ -
     ളാഴത്തില്‍ക്കോര്‍ക്കും ശിരസ്സുനീര്‍ത്തി.''
കൗമാരകാലത്തിന്റെ സൂചനയാണോ വരികളില്‍ തെളിയുന്നത്? വിശദമാക്കുക.

    കൗമാരകാലത്തെയാണ് കവയിത്രി ഇവിടെ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് ആകുലചിന്തകള്‍ ഉണ്ടാകുന്നത് കൗമാരത്തിന്റെ പ്രത്യേകതയാണ്. സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളെപ്പറ്റി ആകുലതകള്‍ ഉണ്ടാകാം.
വിവേചനവും നീതിനിഷേധവും കാണുമ്പോള്‍ അമര്‍ഷമുണ്ടാകുക സ്വാഭാവികമാണ്. പാവപ്പെട്ടവര്‍ ഇതുമൂലം കഷ്ടപ്പെടുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ പ്രതികരിച്ചെന്നിരിക്കും. സങ്കടപ്പെടുത്തുന്ന ഇത്തരം കാഴ്ചകളുണ്ടാക്കുന്ന ചിന്തകളാണ് കുന്തങ്ങളായി ശിരസ്സില്‍ ആഴ്ന്നിറങ്ങുന്നത്. ഇത്തരം ആദര്‍ശാത്മകനിലപാടുകള്‍ എടുക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നത് കൗമാരകാലത്തിന്റെ സവിശേഷതയാണ്.
2.    തുമ്പ അമ്മയുടെ പ്രതീകമായി മാറുന്നതെങ്ങനെയാണ്?
    മറ്റൊന്നും ചിന്തിക്കാതിരിക്കുന്ന കാലമാണ് ബാല്യം. കൈകൂപ്പി പ്രാര്‍ഥിച്ചാല്‍ കുപ്പിവള കാപ്പാകുമെന്ന മാര്‍ഗനിര്‍ദേശം നല്‍കാന്‍   അമ്മ എപ്പോഴും കൂടെയുണ്ടാകുമായിരുന്നു. അമ്മയോടൊപ്പം പൂക്കളിറുക്കുകയും പൂക്കളമൊരുക്കുകയും ചെയ്ത ആ കാലം നല്ല ഓര്‍മ്മകള്‍ മാത്രമായി കവയിത്രിയുടെ മനസ്സില്‍ അവശേഷിക്കുന്നു. പരിഷ്‌കൃതലോകത്തെ സാഹചര്യങ്ങള്‍കൊണ്ട് പഴയ ജീവിതരീതികളില്‍നിന്ന് നാം അകന്നുപോയിരിക്കുന്നു. ഫ്‌ളാറ്റുകളിലെന്നപോലെ മണ്ണില്‍നിന്നും വളരെയേറെ ഉയരത്തിലാണ് ഇന്ന് നമ്മള്‍. ബാല്‍ക്കണിയില്‍നിന്നു നോക്കുമ്പോള്‍  താഴെ അവശേഷിക്കുന്ന ഇത്തിരിമണ്ണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒഴിഞ്ഞുമാറിനില്‍ക്കുന്ന തുമ്പച്ചെടിപോലെയാണ് അമ്മയെന്ന് കവയിത്രിക്ക് തോന്നുന്നു.  ലാളിത്യത്തിന്റെയും എളിമയുടെയും നേര്‍ക്കാഴ്ചയായി, വിറയ്ക്കുന്ന മുഖത്തോടെ നിശ്ശബ്ദയായി നില്‍ക്കുന്ന പാവം അമ്മയുടെ മുഖമാണ്  ആ തുമ്പയില്‍ തെളിയുന്നത്.
3.     ബാല്യത്തിന്റെ നിഷ്‌കളങ്കതയും സ്‌നേഹവും കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് എപ്രകാരമാണ്?
    അമ്മ പറഞ്ഞുതന്നിരുന്നത് അപ്പാടെ വിശ്വസിച്ചിരുന്ന കാലമായിരുന്നു ബാല്യകാലം. കൈകള്‍ കൂട്ടിപ്പിടിച്ച് പ്രാര്‍ഥിക്കാന്‍ അമ്മ പഠിപ്പിച്ച കാലമായിരുന്നു ബാല്യം. അമ്പലത്തിന്റെ പടവുകളോരോന്നും എണ്ണിയെണ്ണി കയറിപ്പോകുമ്പോള്‍ കൈക്കൂപ്പി പ്രാര്‍ഥിച്ചാല്‍ കൈയിലെ കരിവള കാപ്പാകുമെന്ന് അമ്മ പറയാറുണ്ടായിരുന്നു. നെല്ലിക്കയും പുളിയും പുസ്തകസഞ്ചിയില്‍ ഒളിപ്പിച്ച് ആരോടും വഴക്കിടാതെ എല്ലാവരോടും പുഞ്ചിരിച്ചുനടന്നിരുന്ന നിഷ്‌കളങ്കതയുടെ കാലമായിരുന്നു ബാല്യം. പാട്ടു
പാടി പൂനുള്ളാന്‍  പോകുന്നതും അമ്മയോടൊപ്പം പൂക്കളമിടുന്നതും കവയിത്രിയുടെ സ്മരണയിലുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹത്തോടെചുറ്റുപാടുകളോട് ഇടപ്പെട്ടിരുന്ന കാലമായാണ് ബാല്യത്തെ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
4. 'പുതുവര്‍ഷം' എന്ന ശീര്‍ഷകം ഈ കവിതയ്ക്ക് അനുയോജ്യമാണോ? പരിശോധിക്കുക.         
    നന്മകള്‍  പ്രതീക്ഷിക്കുന്ന പുതിയ വര്‍ഷമാണ് കവയിത്രിയുടെ മനസ്സിലുള്ളത്. ശാന്തിയും സമാധാനവും നിറഞ്ഞുനില്‍ക്കുന്ന പുതുവര്‍ഷമാണത്. വിശുദ്ധിയും ലാളിത്യവും നൈര്‍മല്യവുമുള്ള അമ്മയെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സിലുള്ളപ്പോള്‍ ഇനി പൂക്കളമിട്ടില്ലെങ്കിലും വീടിനുള്ളിലേക്ക് ഐശ്വര്യപൂര്‍ണമായ  പുതുവര്‍ഷം കടന്നുവരുമെന്ന് അവര്‍ പൂര്‍ണമായി വിശ്വസിക്കുന്നു.  പുതുവര്‍ഷത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കവിതയ്ക്ക് 'പുതുവര്‍ഷം' എന്ന ശീര്‍ഷകം ഏറ്റവും  അനുയോജ്യമാണ്.


അമ്മമ്മ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1.    ചുവടെ തന്നിരിക്കുന്നവയില്‍ തെറ്റായത് കണ്ടെത്തുക.
 ✷ വന്നു+ഇല്ല - വന്നില്ല  
  ✷ തേവി+ത്തേവി - തേവിത്തേവി
  ✷ കണ്‍+നീര്‍ - കണ്ണീര്‍    
  ✷ കൊതി+അടങ്ങുക - കൊതിയടങ്ങുക
ഉത്തരം: ✷ തേവി+ത്തേവി - തേവിത്തേവി    
2.     ബന്ധങ്ങളുടെ ഏതെല്ലാം തലങ്ങളാണ് 'അമ്മമ്മ' എന്ന ഓര്‍മ്മക്കുറിപ്പിലൂടെ വ്യക്തമാകുന്നത്?
    കുടുംബബന്ധത്തിലുണ്ടാവുന്ന തകര്‍ച്ച ലേഖകന്‍ ഈ ഓര്‍മ്മക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.   മദ്യം ഭരിക്കുന്ന കുടുംബത്തില്‍ കലഹം നിത്യസംഭവമാകുന്നു. ഭാര്യയുടെ അകാലമരണം, ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ഭര്‍ത്താവ്, അനാഥരാക്കപ്പെടുന്ന  കുട്ടികള്‍, പേരക്കുട്ടികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവര്‍ക്കുവേണ്ടി പ്രായവും ക്ഷീണവും മറന്ന് അധ്വാനിക്കുന്ന അമ്മമ്മ, ഈ അമ്മമ്മയെ ആഴത്തില്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളുന്ന ലേഖകന്‍ - എന്നിങ്ങനെ മനുഷ്യബന്ധങ്ങളുടെ കരുത്തും കരുതലും ശൈഥില്യവുമെല്ലാം നമ്മെ അനുഭവിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ രചനയാണ് 'അമ്മമ്മ'.    


സാന്ദ്രസൗഹൃദം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1.    പഴയകാലത്തെ ഗുരുകുലവിദ്യാലയത്തിലെ പഠനരീതികളില്‍നിന്ന് ഏതെല്ലാം കാര്യങ്ങള്‍ ഇന്നത്തെ വിദ്യാലയങ്ങളില്‍ സ്വീകരിക്കാന്‍ കഴിയും?
    മൂല്യവത്തായ പലകാര്യങ്ങളും പഴയകാലത്തെ ഗുരുകുലങ്ങളില്‍ നിലനിന്നിരുന്നു. കുട്ടികളോട് ഗുരുക്കന്മാര്‍ പുലര്‍ത്തിയിരുന്ന സമഭാവനയും തുല്യതയും തീര്‍ച്ചയായും അനുകരണീയമാണ്. പ്രതിസന്ധികളെ ഒരുമയോടെ അതിജീവിക്കാന്‍ കഴിയത്തക്കവിധത്തില്‍ സൗഹൃദം വളര്‍ത്തിയെടുക്കുന്നതിനും ഗുരുകുലങ്ങളില്‍ സാധിച്ചിരുന്നു. ഗുരുവാകട്ടെ വിദ്യാര്‍ഥികള്‍ക്ക് മാതൃകയും വഴികാട്ടിയുമായിരുന്നു. ജീവിതമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. വ്യക്തിയുടെ നേട്ടത്തേക്കാള്‍ സമൂഹത്തിന്റെ നന്മതന്നെയായിരുന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇക്കാര്യങ്ങളെല്ലാം നമ്മുടെ വിദ്യാലയങ്ങളില്‍ സ്വീകരിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയും. മനുഷ്യബന്ധങ്ങളുടെ വിശുദ്ധിയും ശക്തിയും ആഴവും ബോധ്യപ്പെടുത്തുന്ന രീതിയിലായിരിക്കണം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടത്.
2.    പ്രതിസന്ധികളെ കൂട്ടുകാര്‍ ഒരുമിച്ചു കൈകോര്‍ത്തുനിന്ന് നേരിടുന്നതുകൊണ്ടുള്ള നേട്ടങ്ങളെന്തെല്ലാമാണ്?
    സൗഹൃദവും സ്‌നേഹബന്ധവും കൂടുതല്‍ ദൃഢമാവുന്നു എന്നതാണ് പ്രതിസന്ധികളെ ഒരുമിച്ചു നേരിടുന്നതുകൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട നേട്ടം. മറ്റുള്ളവരെ സഹായിക്കാനുള്ള ചുമതലയും ബാധ്യതയും തനിക്കുണ്ടെന്ന ഉത്തരവാദിത്വബോധം ഓരോരുത്തരിലും വളരാന്‍ ഇത് ഇടയാക്കുന്നു. പ്രതിസന്ധികളോടുള്ള ഭയം മാറുകയും അവയെ നേരിടാനുള്ള കരുത്തുണ്ടാവുകയും ചെയ്യും. ഒരുമിച്ചുനിന്നു നേരിടുമ്പോള്‍ ഏതു പ്രതിസന്ധിയെയും അനായാസം നേരിടാനും കഴിയും. കരുത്തുള്ള വ്യക്തികളെയും കെട്ടുറപ്പുള്ള സമൂഹത്തെയും സൃഷ്ടിക്കാനുള്ള എളുപ്പമാര്‍ഗമാണ് പ്രതിസന്ധികളെ ഒരുമയോടെ നേരിടുകയെന്നത്. അതിനുള്ള പരിശീലനം ലഭിക്കേണ്ടത്    വിദ്യാലയങ്ങളില്‍നിന്നുതന്നെയാണ്.
3. സമ്പത്ത്, ജാതി, മതം, വര്‍ഗം എന്നിങ്ങനെ ഇക്കാലത്ത് സമൂഹത്തില്‍ വേര്‍തിരിവുകള്‍  വര്‍ധിച്ചുവരികയാണ്. ഇവ ഇല്ലാതാക്കുന്നതില്‍  വിദ്യാലയങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? നിങ്ങളുടെ നിരീക്ഷണങ്ങള്‍ എഴുതുക.
    സമൂഹത്തില്‍ വേര്‍തിരിവുകളുടെ മതിലുകള്‍ പെരുകിവരികയാണ്. സമത്വത്തിന്റെ വഴിയിലൂടെ ജനങ്ങളെ നയിക്കേണ്ട ഭരണകര്‍ത്താക്കളും സമുദായനേതാക്കളും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പണംകൊടുത്തു പഠിക്കുന്നവരുടെ പള്ളിക്കൂടങ്ങളിലും പൊതുവിദ്യാലയങ്ങളിലും ഒരേ സിലബസ് നിര്‍ബന്ധമാക്കിയാല്‍ത്തന്നെ സമൂഹത്തിലെ വലിയ ഒരസമത്വം ഇല്ലാതാക്കാന്‍ കഴിയും. ജാതീയമായ വേര്‍തിരിവുകളൊന്നും കുട്ടികളുടെ
മനസ്സിലില്ല. വിവിധ ജാതികളില്‍പ്പെട്ട കുട്ടികള്‍ ഒരേ ബെഞ്ചിലിരുന്നു പഠിക്കുന്നു.  പക്ഷേ, വോട്ടിനുവേണ്ടിയും സ്വാര്‍ഥലാഭത്തിനുവേണ്ടിയും രാഷ്ട്രീയക്കാരും സമുദായനേതാക്കളും മനുഷ്യരെ പല തട്ടുകളായി തിരിക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കുകയും പിന്നിലാകുന്നവരെ സഹായിച്ച് മുന്‍നിരയിലെത്തിക്കാനുള്ള ഉത്തരവാദിത്വം മുന്നിലുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്യണം. ഈ രീതി പ്രോത്സാഹിപ്പിച്ചാല്‍  നമ്മുടെ  വിദ്യാലയങ്ങള്‍ സമത്വത്തിന്റെ  കേന്ദ്രങ്ങളായി  മാറും. പണത്തിന്റെ പേരില്‍മാത്രം ലഭിക്കുന്ന പ്രത്യേക പരിഗണനകളും  അധികാരം കയ്യാളുന്നവരുടെ സങ്കുചിതമനോഭാവവുമാണ് വിഭാഗീയതയുടെ കാരണം. പല തട്ടുകളിലുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസരീതിയാണ് അടിയന്തിരപ്രാധാന്യത്തോടെ പരിഷ്‌കരിക്കേണ്ടത്.

Sunday, July 3, 2022

കേരളപാഠാവലി (യൂണിറ്റ്-1) : - ഇനി ഞാനുണര്‍ന്നിരിക്കാം - കൂടുതല്‍ വിവരങ്ങള്‍ (Class 8)

 പാഠം - 1:  സാന്ദ്രസൗഹൃദം 

 കുചേലന്‍

ശ്രീകൃഷ്ണഭക്തനായ ബ്രാഹ്‌മണനാണ് കുചേലന്‍.  യഥാര്‍ഥ പേര് സുദാമാവ് എന്നാണ്.   ബാല്യത്തില്‍  ശ്രീകൃഷ്ണനും
കുചേലനും സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തിലാണ് വിദ്യയഭ്യസിച്ചിരുന്നത്. ഗുരുകുലപഠനരീതിയായിരുന്നു അന്നുണ്ടായിരുന്നത്. പഠനശേഷം രണ്ടുപേരും പിരിഞ്ഞു. ശ്രീകൃഷ്ണന്‍ ദ്വാരകയിലെ രാജാവായി. കുചേലന്‍ വിവാഹംകഴിച്ച്  ജീവിതം തുടങ്ങി. ദാരിദ്ര്യവും കഷ്ടപ്പാടും മൂലം കുചേലന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. ഭിക്ഷയാചിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്.  ഒരിക്കല്‍ ഭാര്യയുടെ നിര്‍ബന്ധം മൂലം കുചേലന്‍ ഒരു പൊതി  അവിലുമായി ശ്രീകൃഷ്ണനെ കാണുവാന്‍ ദ്വാരകയിലേക്ക്  പോയി.  വളരെക്കാലത്തിനുശേഷം സതീര്‍ഥ്യനെ കണ്ടപ്പോള്‍ ശ്രീകൃഷ്ണന്‍ മാളികയുടെ ഏഴാംനിലയില്‍നിന്ന് ഇറങ്ങിവന്ന് സ്‌നേഹത്തോടും സന്തോഷത്തോടുംകൂടി കുചേലനെ സ്വീകരിച്ചു. കുചേലന്‍ കൊണ്ടുവന്ന അവില്‍പ്പൊതി പിടിച്ചുവാങ്ങി ഭക്ഷിക്കുകയും ചെയ്തു. തന്റെ സങ്കടങ്ങളൊന്നും ശ്രീകൃഷ്ണനോട്  പറയാതെയാണ് കുചേലന്‍ തിരികെപ്പോന്നത്. ഭാര്യയോട് എന്തുപറയുമെന്ന് വിചാരിച്ച് വീട്ടിലെത്തി. പക്ഷേ, വീടിരുന്നിടത്ത് വലിയൊരു   മാളിക   ഉയര്‍ന്നുനില്‍ക്കുന്നതുകണ്ട്  അദ്ദേഹം  അമ്പരന്നു
പോയി. ശ്രീകൃഷ്ണന്റെ അനുഗ്രഹത്താലാണ് തന്റെ കുടില്‍ മാളികയായതെന്ന് കുചേലന്  മനസ്സിലായി. ദരിദ്രനായ കുചേലന്‍ ശ്രീകൃഷ്ണന്റെ സഹായത്താല്‍ ക്ഷണനേരംകൊണ്ട് ധനവാനായിത്തീര്‍ന്നു.

വഞ്ചിപ്പാട്ട്- ചരിത്രം, ഐതിഹ്യം

കേരളത്തിന്റെ സാംസ്‌കാരിക ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നതും വൈകാരികബന്ധം പുലര്‍ത്തുന്നതുമായ ജനകീയ കവിതകളാണ് നാടന്‍പാട്ടുകള്‍. ഇത്തരം പാട്ടുകളില്‍ ജലാശയവുമായി ബന്ധപ്പെട്ട ഗാനശാഖയാണ് വഞ്ചിപ്പാട്ട്. നതോന്നത വൃത്തത്തിലാണ് ഇത് രചിച്ചിട്ടുള്ളത്. വ്യാസോത്പത്തി, കിരാതം, നളചരിതം, രാമായണം, ഉണ്ണിമാണിക്യം എന്നീ വഞ്ചിപ്പാട്ടുകളുണ്ടെങ്കിലും സാഹിത്യസോപാനത്തില്‍ ചിരപ്രതിഷ്ഠ നേടിയത് കുചേലവൃത്തം വഞ്ചിപ്പാട്ട്തന്നെ. ഇതിന്റെ കര്‍ത്താവ് രാമപുരത്ത് വാര്യരാണ്.    
    ഇന്നത്തെ മീനച്ചില്‍ താലൂക്കില്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച വാര്യര്‍ ഉപജീവനമാര്‍ഗം തേടി വൈക്കത്തെത്തുന്നു. അവിടെ ക്ഷേത്രദര്‍ശനത്തിനെത്തിയ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വാര്യര്‍ ചില ശ്ലോകങ്ങള്‍  കാഴ്ചവച്ചു. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുവെന്നും യാത്രയ്ക്കിടയില്‍ കല്‍പ്പനയനുസരിച്ച് എഴുതിയുണ്ടണ്ടാ
ക്കിയ കൃതിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ടെന്നും ഐതിഹ്യം. കൃഷ്ണസന്നിധിയിലേക്ക് അവലുമായി പോകുന്ന കുചേലന്റെ കഥയ്ക്കും രാജസന്നിധിയിലേക്ക് കാവ്യവുമായെത്തുന്ന രാമപുരത്തുവാര്യരുടെ ജീവിതത്തിനും സമാനതകളുണ്ട്.

കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ചില വരികള്‍

ആഴിമകളുമൊരുമിച്ചൊരു കട്ടിന്മേലന്നേര-
മേഴാമ്മാളികമുകളിലിരുന്നരുളും
ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും
താഴെത്തന്റെ വയസ്യനെ  ദൂരത്തുകണ്ടു
കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണവസ്ത്രം
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ടു
മുണ്ടില്‍ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും
രണ്ടുംകൂടി കക്ഷത്തിങ്കലിടുക്കിക്കൊണ്ടും
ഭദ്രമായ ഭസ്മവും ധരിച്ചു നമസ്‌കാരകിണ-
മുദ്രയും മുഖരമായ പൊളിക്കുടയും.
രുദ്രാക്ഷമാലയുമേന്തി നാമകീര്‍ത്തനവും ചെയ്തു
ചിദ്രൂപത്തിലുറച്ചു ചെഞ്ചെമ്മേ ചെല്ലും
അന്തണനെക്കണ്ടിട്ട് സന്തോഷംകൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ.
പള്ളിമഞ്ചത്തീന്നു വെക്കമുത്ഥാനം ചെയ്തിട്ടുപക്കി-
ലുള്ള പരിജനത്തോടുകൂടി മുകുന്ദന്‍
ഉള്ളഴിഞ്ഞ് താഴത്തെഴുന്നള്ളി പൗരവരന്മാരും
വെള്ളംപോലെ ചുറ്റുംവന്നു വന്ദിച്ചുനിന്നു.
പാരാവാര കല്‍പ്പപരിവാരത്തോടുകൂടി ഭക്ത-
പാരായണനായ നാരായണനാശ്ചര്യം
പാരാതെ ചെന്നെതിരേറ്റു കുചേലനെ ദീനദയാ-
പാരവശ്യമേവം മറ്റൊരീശ്വരനുണ്ടോ
മാറത്തെ വിയര്‍പ്പുവെള്ളം കൊണ്ടു നാറും സതീര്‍ഥ്യനെ
മാറത്തുണ്മയോട് ചേര്‍ത്തു ഗാഢം പുണര്‍ന്നു.
കൂറുമൂലം തൃക്കൈകൊണ്ടു കൈപിടിച്ചുകൊണ്ടുപരി-
കേറിക്കൊണ്ട് ലക്ഷ്മീതല്‍പ്പത്തിന്മേലിരുത്തി
പള്ളിപാണികളെക്കൊണ്ട് പാദം കഴുകിച്ചു പരന്‍
ഭള്ളൊഴിഞ്ഞ് ഭഗവതി വെള്ളമൊഴിച്ചു.

Monday, May 23, 2022

മലയാളം - കേരളപാഠാവലി, അടിസ്ഥാനപാഠാവലി (Class 8) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 കേരളപാഠാവലി 

യൂണിറ്റ് 1-  ഇനി ഞാനുണര്‍ന്നിരിക്കാം
പാഠം 1  - സാന്ദ്രസൗഹൃദം
പാഠം 2  - അമ്മമ്മ
അടിസ്ഥാനപാഠാവലി 
യൂണിറ്റ് 1-  പിന്നെയും പൂക്കുമീ ചില്ലകള്‍  
പാഠം 1  -   പുതുവര്‍ഷം 

Thursday, April 28, 2022

ആസ്വാദനക്കുറിപ്പിന്റെ മാതൃകകള്‍

◼️ ഉപ്പ് 
  പ്ലാവില കോട്ടിയ കുമ്പിളില്‍ തുമ്പതന്‍-
പൂവുപോലിത്തിരിയുപ്പുതരിയെടു-
ത്താവിപാറുന്ന പൊടിയരിക്കഞ്ഞിയില്‍
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി.
ഉപ്പുചേര്‍ത്താലേ രുചിയുള്ളൂ കഞ്ഞിയില്‍
ഉപ്പുതരിവീണലിഞ്ഞു മറഞ്ഞുപോം-
മട്ടിലെന്നുണ്ണീ! നിന്‍ മുത്തശ്ശിയും നിന്ന-
നില്‍പ്പിലൊരുനാള്‍ മറഞ്ഞുപോം! എങ്കിലും,
നിന്നിലെയുപ്പായിരിക്കുമീ മുത്തശ്ശി-
യെന്നും! എന്നുണ്ണിയെ വിട്ടെങ്ങുപോകുവാന്‍!
                                       (ഒ.എന്‍. വി. കുറുപ്പ്) 

◼️ ഉപ്പ് എന്ന കവിതയുടെ ആസ്വാദനം

ജീവിതത്തിന്റെ ഉപ്പ്
മനോഹരമായ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ ഹൃദയംകവര്‍ന്ന കവിയാണ് ഒ. എന്‍. വി. കുറുപ്പ്. അദ്ദേഹത്തിന്റെ  ശ്രദ്ധേയമായ കവിതകളിലൊന്നാണ് 'ഉപ്പ്'. ലളിതമായ വാക്കുകളില്‍ അദ്ദേഹം കോര്‍ത്തെടുത്തത് ആശയങ്ങളുടെ മഹാപ്രപഞ്ചമാണ്. കഞ്ഞിയില്‍ അലിഞ്ഞുചേര്‍ന്ന്  രുചിപകരുന്ന ഉപ്പുതരിപോലെയാണ് പാരമ്പര്യത്തിന്റെ കണികകളെന്ന് കുഞ്ഞിനെ ഓര്‍മ്മിപ്പിക്കുകയാണ് മുത്തശ്ശി. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കണികകള്‍ ചേരുമ്പോഴാണ് ഏതൊരു ജീവിതവും ആസ്വാദ്യമാവുന്നത്. പരിഷ്‌കാരംകൊ~ോ പുരോഗതികൊ~ോ ആ സ്വാധീനത്തെ ഇല്ലാതാക്കാനാവില്ല.
തന്റെ കാലം കഴിഞ്ഞാലും  കുഞ്ഞിന്റെ ഉള്ളിന്റെ ഉള്ളില്‍ കരുത്തുപകര്‍ന്നുകൊ~് താന്‍ നിലനില്‍ക്കുമെന്നും മുത്തശ്ശി പറയുന്നു. പാരമ്പര്യത്തിന്റെ കണികകളാണ് ഏതൊരാളുടെയും വ്യക്തിത്വത്തിന്റെ കരുത്ത്. ആവിപറക്കുന്ന പൊടിയരിക്കഞ്ഞി, ഉപ്പുതരി, പ്ലാവിലക്കുമ്പിള്‍- ഇവയൊന്നും മലയാളിയെ പുതുതായി പഠിപ്പിക്കേ~
വാക്കുകളല്ല. കാരണം കേരളീയജീവിതം  ആ വാക്കുകളില്‍  നിറഞ്ഞുനില്‍പ്പു~്. ഗ്രാമീണജീവിതത്തിന്റെ ചൂടും ചൂരും  ഹൃദയത്തിലേക്ക് പകരുന്ന വാക്കാണ് മുത്തശ്ശി. പഴമയുടെയും ജീവിതാനുഭവത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണവര്‍. ജീവിതമാകുന്ന ചൂടുകഞ്ഞിയില്‍ അലിഞ്ഞുചേര്‍ന്ന് രുചിയായി മാറുന്ന മായ്ച്ചുകളയാനാവാത്ത സാംസ്‌കാരികപാരമ്പര്യമാണ് ഉപ്പു
തരി. എത്രയേറെ പുരോഗമിച്ചാലും ഉള്ളിലലിഞ്ഞുചേര്‍ന്ന തന്റെ സംസ്‌കാരത്തില്‍നിന്ന് ഒരാള്‍ക്കും മോചനം  നേടാനാവില്ലെന്ന്
പ്രഖ്യാപിക്കുകയാണ് കവി. അത് വ്യക്തിത്വത്തിന്റെ ഭാഗമാണ്. എത്ര തലമുറ കഴിഞ്ഞാലും അത് ജീവിതത്തിന് രുചിപകര്‍ന്നുകൊ~് നിലനില്‍ക്കും.
ലളിതസുന്ദരങ്ങളായ പത്തുവരികളിലൂടെ  ആസ്വാദകഹൃദയങ്ങളില്‍ ഒ. എന്‍. വി. കുറുപ്പ് പതിച്ചുവച്ചത് നിഷേധിക്കാനാവാത്ത ജീവിതയാഥാര്‍ഥ്യമാണ്. പരിഷ്‌കാരത്തിന്റെ കുപ്പായമിട്ട് പാരമ്പര്യത്തെ നിഷേധിക്കുന്നുവെന്ന് ഭാവിക്കുന്ന മലയാളി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് പറയാതെ പറഞ്ഞുവയ്ക്കുകയാണ് കവി. ഭാവതീവ്രവും അര്‍ഥസമ്പുഷ്ടവുമായ ഈ കവിതയും കവിയും മലയാളഭാഷയുടെ എക്കാലത്തെയും അഭിമാനമാണ്.
......................................................................................................................................................


ഹരിതം 
ഒരു ഞരമ്പിപ്പൊഴും പച്ചയായു~െന്നൊ-
രില തന്റെ ചില്ലയോടോതി
ഇലയൊന്നു കൊഴിയാതെയിപ്പൊഴും ബാക്കിയു~െ-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പു~െ-
ന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെയൊരു കോണില്‍ കാണുമെ-
ന്നൊരു കാട് ഭൂമിയോടോതി
ഒരു കാടു ഭൂമിയില്‍ ബാക്കിയു~െന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയു~െന്നു ഞാന്‍
പടരുന്ന രാത്രിയോടോതി
അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണര്‍ന്നു.
അവരുണര്‍ന്നപ്പൊഴേ പുഴകള്‍ പാടി, വീ~ും
തളിരിട്ടു കരുണയും കാടും
പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും
ഒരു ഞരമ്പിപ്പൊഴും പച്ചയായു~െന്നൊ-
രില തന്റെ ചില്ലയോടോതി
                         (ഹരിതം -സച്ചിദാനന്ദന്‍)

◼️ ഹരിതം എന്ന കവിതയുടെ ആസ്വാദനം

പ്രത്യാശയുടെ പച്ചപ്പുകള്‍
ആധുനിക മലയാളകവിതയുടെ കരുത്തുറ്റ സ്വരമാണ് സച്ചിദാനന്ദന്റേത്. വിവര്‍ത്തനങ്ങളിലൂടെയും സ്വതന്ത്രരചനകളിലൂടെയും ആസ്വാദകമനസ്സുകളെ അദ്ദേഹം ഉത്തേജിപ്പിച്ചുകൊ~ിരിക്കുന്നു. എല്ലാം നശിച്ചുപോയെന്ന്  കരുതി നിരാശരായിരിക്കുന്നവരോട്  പ്രത്യാശ കൈവിടരുതെന്ന് ഉദ്‌ബോധിപ്പിക്കുകയാണ് ഈ കവിതയിലൂടെ കവി. പങ്കുവയ്ക്കപ്പെടുന്ന പ്രത്യാശകളും പ്രതീക്ഷകളും നാളെ ഉണര്‍വിന്റെ മുന്നേറ്റങ്ങളായി മാറുമെന്ന്  കവി പ്രവചിക്കുന്നു.
ഒരു ഞരമ്പ് ഇപ്പോഴും  പച്ചയായിട്ടു~െന്ന് ആദ്യം ചില്ലയോടുപറഞ്ഞത് ഒരു ഇലയാണ്. ഒരില കൊഴിയാതെ ബാക്കിയു~െന്ന് ചില്ല കാറ്റിനോടും, ഒരു ചില്ല ബാക്കിയു~െന്ന് മരം പക്ഷിയോടും, ഒരു മരമെങ്കിലും ബാക്കിയു~ാവുമെന്ന് കാട് ഭൂമിയോടും, ഒരു കാടെങ്കിലും നശിക്കാതെയു~ാവുമെന്ന് മല സൂര്യനോടും പറഞ്ഞു. ഒരു സൂര്യന്‍ കെടാതെയു~െന്നാണ് കവി രാത്രിയോടു പറഞ്ഞത്. അതുകേട്ട്  ഭൂമിയിലെ പീഡിതരെല്ലാം പുലരിയോടൊപ്പം  ഉണര്‍ന്നു. പുഴകള്‍ പാടിത്തുടങ്ങി. കരുണയും കാടുമെല്ലാം ഉണര്‍ന്നു. പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി. അതോടെ വാക്കും മനസ്സും പുതുതായി.
ഒരു ചെറിയ പ്രതീക്ഷ പങ്കുവച്ചാല്‍ മതി നിരാശയില്‍നിന്ന് കരകയറാമെന്ന് കവി ഓര്‍മ്മിപ്പിക്കുന്നു. പച്ചപ്പു നഷ്ടപ്പെട്ടിട്ടില്ലാത്ത ഞരമ്പിനെക്കുറിച്ച് ഒരു ഇല പങ്കുവച്ച പ്രതീക്ഷയാണ് സര്‍വതിനെയും ഉണര്‍ത്തിയത്. നിസ്സാരകാര്യങ്ങള്‍ക്കുപോലും ആത്മഹത്യയില്‍ അഭയം ക~െത്തുന്ന ആധുനികലോകത്തിന് ലളിതമനോഹരമായ ഈ കവിത പകരുന്നത് ആത്മവിശ്വാസത്തിന്റെ സൂര്യവെളിച്ചമാണ്.
......................................................................................................................................................


Monday, December 28, 2020

Students India Online Home Examination-3 (2020-21)

      സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 

(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Sunday, September 27, 2020

Students India Online Home Examination-2 (2021-22)

  സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 

(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Sunday, July 5, 2020

Students India Online Home Examination-1 (2021-22)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Saturday, June 6, 2020

മലയാളം പാഠക്കുറിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തൂ.(Class 8)

നിങ്ങളുടെ അഭിപ്രായങ്ങള്‍
താഴെ തന്നിരിക്കുന്ന കമന്റ് ബോക്‌സില്‍ (comment box) 
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ.


പഠനപ്രവര്‍ത്തനങ്ങള്‍ (ക്ലാസ്സ്‌ 8,9,10- കേരള സ്റ്റേറ്റ് സിലബസ്) Learning Activities (Class 8,9,10- Kerala State Syllabus)

 
 
 
◀️ കൂട്ടത്തില്‍പ്പെടാത്തത് കണ്ടെത്തുക.
ഉത്തരങ്ങള്‍
1. കരി, 2. പത്രം, 3. ശോണം, 4. വ്യാധി, 5. രുചി


1. താഴെ തന്നിരിക്കുന്ന പദങ്ങള്‍ പിരിച്ചെഴുതുക. 1. കന്മതില്‍ - 2. കണ്ണീര്‍ - 3. വെണ്ണീര്‍ - 4. സന്മാര്‍ഗം - 5. വിദ്യുച്ഛക്തി -
2. താഴെ തന്നിരിക്കുന്ന പദങ്ങള്‍ വിഗ്രഹിക്കുക.
1. ദേവാദികള്‍ - 2. കാര്‍വര്‍ണന്‍ - 3. ദേവപ്രമുഖന്‍ - 4. ലക്ഷ്യവേധി - 5. ഹൃദയഭേദകം -
1.  
1. കന്മതില്‍ - കല്‍+മതില്‍ 2. കണ്ണീര്‍         - കണ്‍+നീര്‍ 3. വെണ്ണീര്‍         - വെണ്‍+നീര്‍ 4. സന്മാര്‍ഗം - സത്+മാര്‍ഗം 5. വിദ്യുച്ഛക്തി - വിദ്യുത്+ശക്തി
2. 
1. ദേവാദികള്‍ - ദേവന്മാര്‍ ആദിയായവര്‍ 2. കാര്‍വര്‍ണന്‍ - കാര്‍മേഘത്തിന്റെ വര്‍ണമുള്ളവന്‍ 3. ദേവപ്രമുഖന്‍ - ദേവന്മാരില്‍ പ്രമുഖനായിട്ടുള്ളവന്‍ 4. ലക്ഷ്യവേധി - ലക്ഷ്യത്തെ വേധിക്കുന്നത് 5. ഹൃദയഭേദകം - ഹൃദയത്തെ ഭേദിക്കുന്നത്



Wednesday, January 8, 2020

അടിസ്ഥാനപാഠാവലി (യൂണിറ്റ്-2) :കണ്ണുവേണമിരുപുറമെപ്പോഴും - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം - 2: കിട്ടും പണമെങ്കിലിപ്പോള്‍
▲നമ്പ്യാര്‍ ഫലിതങ്ങള്‍ ▲
തന്റെ ചുറ്റുപാടും നിലനിന്നിരുന്ന അന്യായങ്ങള്‍ക്കു നേരെ പരിഹാസശരങ്ങളെയ്ത കുഞ്ചന്‍നമ്പ്യാര്‍ രാജാവിനെപ്പോലും വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്നു. നമ്പ്യാരുടെ ഹാസ്യരസികതയ്ക്ക് ഉദാഹരണമായി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും.
◼️ താനാര്?
രാജാവിന്റെ ഇഷ്ടക്കാരനായ നമ്പിയെ നമ്പ്യാര്‍ നേരിട്ട കഥ രസകരമാണ്. ഒരിക്കല്‍ നമ്പി കുഞ്ചന്‍നമ്പ്യാരോട് 'നീയാര്' എന്ന്  ചോദിച്ചപ്പോള്‍ നമ്പ്യാര്‍ തിരിച്ചടിച്ചു-'താനാര്?' വിഷയം രാജാവിന്റെ  മുന്നിലെത്തി. നമ്പ്യാര്‍ വളരെ വിനയത്തോടെ, എന്നാല്‍ സമര്‍ഥമായി സംഭവം വിവരിച്ചത് ഇങ്ങനെയാണ്.
''നമ്പിയാരെന്നു ചോദിച്ചു.
നമ്പിയാരെന്നു ചൊല്ലിനേന്‍
നമ്പികേട്ടഥ കോപിച്ചു.
തമ്പുരാനെ പൊറുക്കണേ.''
◼️ കാതിലോല
ഒരിക്കല്‍ ഉണ്ണായിവാര്യരും കുഞ്ചന്‍നമ്പ്യാരും വഴിയിലൂടെ നടന്നുപോകുകയായിരുന്നു. സുന്ദരിയായ ഒരു യുവതിയും തോഴിയും കുളിക്കാന്‍ പോകുന്നത് ഇരുവരും കണ്ടു.  വാര്യര്‍ ചോദിച്ചു. ''കാതിലോല?'' കേട്ടാല്‍ കാതിലെ  ആഭരണത്തെപ്പറ്റിയാണ് ചോദിക്കുന്നതെന്ന് തോന്നും. എന്നാല്‍ ''കാ അതിലോല?'- ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? എന്നാണ് ഉണ്ണായിവാര്യര്‍ ചോദിച്ചത്. അതിന് നമ്പ്യാരുടെ മറുപടി ഇങ്ങനെയായിരുന്നു. ''നല്ലതാളി.'' നല്ല താളിയെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നുമെങ്കിലും ''നല്ലത് ആളി'' എന്നാണ് നമ്പ്യാര്‍ പറഞ്ഞത്. തോഴിക്കാണ് സൗന്ദര്യം  കൂടുതല്‍ എന്നാണ് നമ്പ്യാര്‍ തന്റെ മറുപടിയിലൂടെ വ്യക്തമാക്കിയത്.


കേരളപാഠാവലി (യൂണിറ്റ്-4) : മാനവികതയുടെ മഹാഗാഥകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം - 1 : മാനവികതയുടെ തീര്‍ഥം

പ്രളയാക്ഷരങ്ങള്‍
2018 ലെ പ്രളയത്തിനുശേഷം പ്രളയപുനരധിവാസത്തിനായി  തൃശൂര്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ പുസ്തകമാണ് 'പ്രളയാക്ഷരങ്ങള്‍'. കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.  പുസ്തകം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് നല്‍കുന്നത്. പ്രളയത്തെ രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കവര്‍പേജു മുതല്‍ അവസാനം വരെ വാക്കിലും വരയിലും പ്രളയം നിറഞ്ഞുനില്‍ക്കുന്നു. കഥ, കവിത, ആത്മകഥ നോവല്‍ഭാഗം തുടങ്ങിയവ ഉള്‍പ്പെടെ 30 രചനകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തകഴിയുടെയും എം.ടി. വാസുദേവന്‍നായരുടെയും ടിയ പത്‌നാഭന്റെയുമെല്ലാം രചകള്‍ ഈ പുസ്തകത്തിലുണ്ട്. 200 രൂപയാണ് പുസ്തകത്തിന്റെ വില. 'പ്രളയാക്ഷരങ്ങള്‍' എന്ന പുസ്തകത്തിന്റെ ആശയം മുന്നോട്ടുവച്ചത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ്.