Tuesday, October 11, 2022

പ്രഭാഷണത്തിന്റെ മാതൃകകള്‍

 
 
 .............................................................................................................
പ്രഭാഷണം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക. വിഷയത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസ്സിലുണ്ടായിരിക്കണം.
👉   അഭിസംബോധനയോടെയായിരിക്കണം പ്രഭാഷണം തുടങ്ങേണ്ടത്. (ഉദാ : മാന്യസദസ്സിന് വന്ദനം/ പ്രിയപ്പെട്ട ശ്രോതാക്കളേ)
👉   പ്രഭാഷണത്തിന്റെ ആദ്യഖണ്ഡിക ആമുഖമാണ്. വിഷയത്തിന്റെ പ്രാധാന്യം ഇതില്‍ വ്യക്തമാക്കണം.
👉    രണ്ടാം ഖണ്ഡികയില്‍ വിഷയവുമായി ബന്ധപ്പെട്ട സമകാലികസംഭവങ്ങള്‍, ഉദ്ധരണികള്‍, പാഠഭാഗങ്ങളിലെ അനുയോജ്യമായ ആശയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.
👉    അവതരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് പരസ്പരബന്ധവും അടുക്കും ചിട്ടയും വേണം. അവതരിപ്പിക്കുന്ന ആശയങ്ങള്‍ ആധികാരികമായിരിക്കണം.
👉     സ്വന്തം കാഴ്ചപ്പാടുകള്‍ക്കും നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കണം.
👉   ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.
👉    അവസാനത്തെ ഖണ്ഡികയായ ഉപസംഹാരത്തില്‍ സ്വന്തം നിഗമനങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവയുണ്ടായിരിക്കണം.
👉    ശ്രോതാക്കള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് പ്രഭാഷണം അവസാനിപ്പിക്കാം.
 .............................................................................................................
 
 
▶️  കര്‍ഷകദിനത്തില്‍ നാട്ടിലെ പ്രായംകൂടിയ കര്‍ഷകനെ സ്‌കൂള്‍ അസംബ്ലിയില്‍ ആദരിക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കാനുള്ള പ്രഭാഷണം തയാറാക്കുക. 
ആദരണീയരായ അധ്യാപകരേ, പ്രിയപ്പെട്ട സഹപാഠികളേ,
നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടുള്ള ഒരു മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍. ഇതുവരെ നാം തിരിച്ചറിയാതിരുന്ന, അംഗീകരിക്കാതിരുന്ന വലിയൊരു വിഭാഗം രാജ്യസ്‌നേഹികളെ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങാണിത്. രാപകലില്ലാതെ നമുക്കുവേണ്ടി പൊരിവെയിലിലും കൊടുംതണുപ്പിലും  പെരുമഴയത്തും അധ്വാനിച്ച് മണ്ണില്‍ പൊന്നുവിളയിച്ചവരാണ് കര്‍ഷകര്‍. അഭിമാനത്തോടെയാണ് അവരെ ഇന്ന് നമ്മള്‍ ആദരിക്കുന്നത്. ജീവന്‍ പണയംവച്ച് രാജ്യത്തിനു കാവല്‍നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് സമമാണ് കര്‍ഷരെന്ന് സമൂഹം ഒന്നടങ്കം ഏറ്റുപറയുന്ന ദിവസമാണിത്. അതാണ് കര്‍ഷകദിനം.
സമൂഹത്തിലെ ഏതു ജോലിയേക്കാളും മഹത്ത്വമുള്ളതാണ് കാര്‍ഷികവൃത്തി. പാടത്തും  പറമ്പിലും ചെളിയിലും പണിയെടുക്കുമ്പോള്‍ ഇവരുടെ ദേഹത്ത് വിയര്‍പ്പും മണ്ണും പുരളും. ആ വിയര്‍പ്പാണ് ഭക്ഷണമായി നമ്മുടെ ഭക്ഷണമേശയിലെത്തുന്നത്. സമൂഹത്തിലെ ഉന്നതരും  താണവരും  ഉദ്യോഗസ്ഥരും ഭരണാധികാരികളും  ആത്മീയനേതാക്കളും കുറ്റവാളികളും  ഒരുപോലെ ആ ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്. വിയര്‍പ്പൊഴുക്കി പണിയെടുത്ത്  നമ്മെ പോറ്റിയ  ഈ പാവങ്ങളെ  ഇതുവരെ  നമ്മള്‍ അകറ്റിനിര്‍ത്തുകയും ചെയ്തു. ഒരിക്കലും പൊറുക്കാനാവാത്ത  നന്ദികേടാണ് നമ്മളവരോട് കാണിച്ചുകൊണ്ടിരുന്നത്. അവരുടെ വിളകള്‍ക്ക് അര്‍ഹമായ വിലപോലും നമ്മള്‍ നല്‍കിയില്ലെന്നതാണ് സത്യം. ജീവിതകാലം മുഴുവന്‍ നമുക്കുവേണ്ടി അധ്വാനിച്ച കര്‍ഷകനെ ആദരിച്ചുകൊണ്ട് ഒരു മഹത്തായ സന്ദേശമാണ് നമ്മള്‍ ഇന്നിവിടെ നല്‍കുന്നത്. അവരോടൊപ്പം തോളോടുതോള്‍  ചേര്‍ന്ന് നമ്മുടെ നാടിനാവശ്യമായ ഭക്ഷണം നമ്മുടെ നാട്ടില്‍ത്തന്നെ ഒരുക്കാം. വിഷമില്ലാത്ത, മാലിന്യമില്ലാത്ത ഭക്ഷണം നല്‍കി വരുംതലമുറകളെ ആരോഗ്യമുള്ളവരാക്കാം. കൃഷി നമുക്കൊരു ശീലമാക്കാം. അധ്വാനത്തിന്റെ വിലയും മഹത്ത്വവും നമുക്ക് തലമുറകളിലേക്ക് കൈമാറാം. സുഭിക്ഷമായ, സമ്പന്നമായ നമ്മുടെ നാട് നമുക്കൊരുമിച്ച് പണിതുയര്‍ത്താം.
ജീവിതവും ആരോഗ്യവും ഈ നാടിനുവേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് നമ്മുടെ മുന്നിലിരിക്കുന്ന ഈ കര്‍ഷകന്‍. അദ്ദേഹത്തിന്റെ അധ്വാനമാണ് ഈ നാടിനെ പോറ്റിവളര്‍ത്തിയത്. അതിനാല്‍ത്തന്നെ ഏറെ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന്  നിസ്സംശയം പറയാം. ഈ രാജ്യസ്‌നേഹിയുടെ മുന്നില്‍ ശിരസ്സു നമിച്ചുകൊണ്ട് എന്റെ വാക്കുകള്‍ ചുരുക്കട്ടെ.                 
നന്ദി, നമസ്‌കാരം
ജയ്ഹിന്ദ്

▶️ ഒരു നാടിന്റെ  ജീവസ്രോതസ്സുകളാണ് നദികള്‍. നദികള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രഭാഷണം തയാറാക്കുക. 
പ്രിയപ്പെട്ട ശ്രോതാക്കളേ, 
ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. നിലനില്‍പ്പിന് അത്യാവശ്യമായ വസ്തുക്കള്‍ ഇല്ലാതാക്കുന്ന പ്രവൃത്തികളെ വിശേഷിപ്പിക്കുന്ന ചൊല്ലാണിത്. ബുദ്ധിശക്തിയോ ചിന്താശേഷിയോ ഇല്ലാത്തവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുള്ളത്. നദികളോടുള്ള നമ്മുടെ സമീപനം സത്യത്തില്‍ ഇത്തരത്തിലുള്ളതാണ്. വിനാശകരമാണെന്ന്  അറിഞ്ഞിട്ടും  അധികാരികളുടെ ഒത്താശയോടെ  ഇത്തരം നശീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നുള്ളതാണ് ഏറെ അദ്ഭുതകരം.
കൃഷി, കുടിവെള്ളം എന്നിവയ്ക്ക് നമ്മള്‍ നേരിട്ട് ആശ്രയിക്കുന്നത് നദികളെയാണ്. നദികള്‍ മലിനമാവുമ്പോള്‍ ഭൂഗര്‍ഭജലവും മലിനമാവും. അതോടെ കുടിവെള്ളം ഇല്ലാതെയാവും. നദിയിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാതെയാവും. കടുത്ത ഭക്ഷ്യക്ഷാമമാണ് അതിന്റെ അനന്തരഫലം. മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങള്‍ക്കും ഭീഷണിയായി ഇത് മാറും. നദികള്‍  ഉദ്ഭവിക്കുന്നത് മലകളില്‍നിന്നാണ്. മലകള്‍ വെട്ടിനിരത്തുകയും വനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ നദികളെ ഉദ്ഭവത്തില്‍തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൊടിയ വരള്‍ച്ച, ഭൂകമ്പം, പേമാരി, കൊടുങ്കാറ്റ്, കാലാവസ്ഥാവ്യതിയാനം എന്നിവയ്‌ക്കെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിവയ്ക്കും. രാസമാലിന്യങ്ങള്‍ നദീജലത്തില്‍ കലരുന്നത് ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. നമ്മുടെ നാട്ടിലെ നദികളെല്ലാംതന്നെ മരണാവസ്ഥയിലെത്തിക്കഴിഞ്ഞു. മണ്ണില്‍ അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക്‌പോലുള്ള മാലിന്യങ്ങള്‍ നദികളില്‍ അടിഞ്ഞുകൂടി ജലജീവികളെ  ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സസ്യങ്ങളും ജീവജാലങ്ങളുമില്ലാതെ മനുഷ്യനു മാത്രമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയുമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തമാണ്. ഓരോ നദിയും ഇല്ലാതെയാവുമ്പോള്‍ നഷ്ടമാവുന്നത് ഓരോ ആവാസവ്യവസ്ഥയാണ്. അതായത്, ജീവിസമൂഹത്തിന് നിലനില്‍ക്കാനാവാത്ത സ്ഥിതി. മനുഷ്യരും ഇക്കൂട്ടത്തില്‍ പെടും. നമ്മുടെ പ്രവൃത്തികള്‍കൊണ്ട് നാംതന്നെ ഇല്ലാതാവുന്ന അവസ്ഥ. അതുകൊണ്ടാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവൃത്തിയെന്ന് നദികളുടെ മലിനീകരണത്തെ നേരത്തെ വിശേഷിപ്പിച്ചത്. 
വളരെ ഗൗരവത്തോടെ ഈ പ്രശ്‌നത്തെ സമീപിച്ചേ മതിയാകൂ. ഈ രീതി തുടര്‍ന്നാല്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക്  ഇവിടെ  നിലനില്‍ക്കാനാവില്ല. പച്ചപ്പുനിറഞ്ഞ ഈ മണ്ണ് മരുഭൂമിയായി മാറാന്‍ അധികകാലം വേണ്ടിവരില്ല. മുതിര്‍ന്നവരും കൊച്ചുകുട്ടികളും ഉള്‍പ്പെടെ സകലരും ഇതിനെതിരെ രംഗത്തുവരണം. നദികളെയും നാടിനെയും രക്ഷിക്കാന്‍  മുന്നിട്ടിറങ്ങണം. എങ്കില്‍  ഒരു പരിധിവരെ  നമുക്ക് ബാക്കിയുള്ളവയെ നിലനിര്‍ത്താനാവും. നാട് കൊള്ളയടിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരെ തിരുത്തുവാനുള്ള സമീപനമാണ് വേണ്ടത്. ഒരു രണ്ടാം സ്വാതന്ത്ര്യസമരം. നാടിനെ രക്ഷിക്കാനുള്ള ഈ സമരത്തില്‍ എല്ലാവരും അണിചേരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.                                    
                                                                                                         നന്ദി, നമസ്‌കാരം





5 comments: