Sunday, September 4, 2022

അഗ്നിവര്‍ണന്റെ കാലുകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)

 1.     അയോധ്യയിലെ പാവപ്പെട്ടവരായ നാം  വിശപ്പടക്കാന്‍ എന്തുചെയ്യും എന്ന് ഒരു പ്രജ ചോദിക്കുമ്പോള്‍ രാജസന്നിധിയില്‍വച്ച് അപശബ്ദം പുറപ്പെടുവിക്കുന്നവരെ  സംഘത്തില്‍ നിന്ന് പുറത്താക്കാം  എന്നാണ് മറ്റൊരാള്‍ പറയുന്നത്്. ഇത് സൂചിപ്പിക്കുന്നതെന്ത്?
    അധികാരവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ക്ക് സാമാന്യജനങ്ങള്‍ എത്രത്തോളം അടിമപ്പെട്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാജാവിന്റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ പ്രതിഷേധിക്കേണ്ട ജനം അതിനെ നിസ്സംഗതയോടെ സമീപിക്കുകയാണിവിടെ. കൂട്ടത്തില്‍ ആരെങ്കിലും ചോദ്യംചെയ്യാന്‍ മുതിര്‍ന്നാല്‍ പ്പോലും മറ്റുള്ളവര്‍ അയാളെ ഒറ്റപ്പെടുത്തുകയും അതുവഴി രാജാവിന്റെ പ്രീതിനേടാന്‍ താല്പര്യപ്പെടുകയും ചെയ്യുന്നു. 'രാജാവിന്റെ കാലുകള്‍ കണ്ടാല്‍  ഞങ്ങള്‍ക്ക് വിശപ്പില്ല' എന്നു പറഞ്ഞ് അധികാരവര്‍ഗത്തിനുവേണ്ടി ബലിയാടാകുകയാണവര്‍. പണവും അധികാരവുമുള്ളവര്‍ എന്തുചെയ്താലും ന്യായാന്യായവിവേചനം കൂടാതെ അതിനെ പിന്‍തുണയ്ക്കുന്നത് സമൂഹത്തിന്റെ പൊതുസ്വഭാവമാണ്. അതാണ് സുരക്ഷിതം എന്ന് കൂടുതല്‍  ആളുകളും കരുതുന്നു. വേറിട്ടശബ്ദങ്ങളെ അവര്‍ അടിച്ചമര്‍ത്തുന്നു.
2.''എനിക്കീ ഘടന അറിയാം. അതല്ലേ ഞാന്‍ തന്നെപ്പോലെ ഭയപ്പെടാത്തത്. അതു കണ്ടുരസിക്കാനാ ഞാന്‍ ഇവിടെ വന്നത്.'' ചിന്താരാമന്റെ  ഈ വാക്കുകളിലൂടെ നാടകകൃത്ത് വിരല്‍ചൂണ്ടുന്ന  സാമൂഹികപരിതസ്ഥിതി വിലയിരുത്തുക.
    രാജ്യത്തെ വിദ്യാസമ്പന്നരും ബുദ്ധിജീവികളും അടിച്ചമര്‍ത്തപ്പെട്ടവരുടെ അതിജീവനസമരങ്ങളോട് കാണിച്ചിട്ടുള്ള സമീപനത്തെയാണ് നാടകകൃത്ത് ഇവിടെ വിമര്‍ശനവിധേയമാക്കുന്നത്. വിദ്യാഭ്യാസവും ബുദ്ധിവൈഭവവും സ്വന്തം ജീവിതസുരക്ഷിതത്വത്തിനുവേണ്ടി മാത്രം ഉപയോഗിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. നാടിനുവേണ്ടി വളരെയേറെ കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാമെന്നിരിക്കെ ഒരു ജഡ്ജിയെപ്പോലെ വിധികര്‍ത്താക്കളായി മാറുകയോ കാഴ്ചക്കാരെപ്പോലെ കണ്ടുരസിക്കുകയോ ചെയ്യുകയാണവര്‍. സാധാരണക്കാരന്റെ  പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടുകയോ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍  കഴിയാതെ ബുദ്ധിജീവി ചമഞ്ഞ്  പുസ്തകങ്ങളില്‍ മുഖമൊളിപ്പിക്കുന്നവര്‍ നാടിന്റെ നേട്ടമല്ല, ശാപമാണ്.

പ്രകാശം ജലം പോലെയാണ്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)

 1.   ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസ് എന്ന എഴുത്തുകാരന്  യോജിക്കുന്നവ പട്ടികപ്പെടുത്തുക.
    മാജിക്കല്‍ റിയലിസം, റൊമാന്റിസിസം, നൊബേല്‍ സമ്മാനം, ചലച്ചിത്ര സംവിധായകന്‍, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗാബോ                 

ഉത്തരം:     
    മാജിക്കല്‍ റിയലിസം, നൊബേല്‍ സമ്മാനം, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗാബോ
2.     ഭാവനകൊണ്ട് എന്തും  സൃഷ്ടിക്കാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ട്. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍െക്വസിന്റെ 'പ്രകാശം ജലം പോലെയാണ്' എന്ന കഥ വിശകലനം ചെയ്ത് കുറിപ്പെഴുതുക.           മുതിര്‍ന്നവരുടെ ലോകമല്ല കുട്ടികളുടേത്. അത് ഭാവനാസമ്പന്നമാണ്. സ്വപ്‌നങ്ങളുടെ ചിറകിലേറി എത്രദൂരം വേണമെങ്കിലും അവര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.യാഥാര്‍ഥ്യബോധത്തിന് അതില്‍ യാതൊരു സ്ഥാനവുമില്ല. മുത്തശ്ശിക്കഥകളും മാന്ത്രികകഥകളും കുട്ടികള്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. പ്രകാശം ജലം പോലെ മുറിക്കുള്ളില്‍ നിറയുകയും അതിലൂടെ വള്ളം തുഴഞ്ഞുനടക്കുകയും  ചെയ്യുന്നത് കുട്ടികളുടെ ഭാവനാസൃഷ്ടിയാണ്.  ഒരിക്കലും സഫലമാകില്ല എന്ന് മുതിര്‍ന്നവര്‍  തീര്‍ച്ചപ്പെടുത്തിയ കാര്യങ്ങള്‍ കുട്ടികള്‍ യാഥാര്‍ഥ്യമാക്കിത്തീര്‍ത്തു. പന്ത്രണ്ടടിയോളം  ഉയരത്തില്‍ അവര്‍ പ്രകാശജലത്തെ മുറിയില്‍ നിറച്ചു.  മരങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്നിരുന്ന വീട്ടില്‍നിന്ന്  പ്രകാശത്തിന്റെ  വെള്ളച്ചാട്ടം മട്ടുപ്പാവുകള്‍  കവിഞ്ഞ് പട്ടണംവരെ  എത്തുന്നുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കമായ മനസ്സില്‍ യാഥാര്‍ഥ്യങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും ഇടമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ കഥയാണിത്.


കണ്ണാടി കാണ്‍മോളവും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)

 1.    താഴെപ്പറയുന്നവയില്‍നിന്ന് എഴുത്തച്ഛന്‍ കവിതയ്ക്ക് യോജിക്കുന്നവ തിരഞ്ഞെടുത്തെഴുതുക.
👉   നിത്യജീവിതസാഹചര്യങ്ങളില്‍നിന്നും രൂപപ്പെട്ട പദങ്ങളെ അര്‍ഥവത്തായി         പ്രയോഗിക്കുന്നു.
👉   കുറിക്കുകൊള്ളുന്ന പരിഹാസത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തുന്നു.
👉    മണിപ്രവാളകാവ്യങ്ങളെ അനുകരിച്ച് സംസ്‌കൃതവൃത്തങ്ങളില്‍                    എഴുതപ്പെട്ടിരിക്കുന്നു.
👉    ലോകോക്തികള്‍ ധാരാളമായുപയോഗിച്ച് ധാര്‍മ്മികപ്രബോധനം         നടത്തുന്നു.                                         
ഉത്തരം:
👉   നിത്യജീവിതസാഹചര്യങ്ങളില്‍നിന്നും രൂപപ്പെട്ട പദങ്ങളെ അര്‍ഥവത്തായി         പ്രയോഗിക്കുന്നു.
👉    ലോകോക്തികള്‍ ധാരാളമായുപയോഗിച്ച് ധാര്‍മ്മികപ്രബോധനം         നടത്തുന്നു.
2.    ''ഭരിച്ചുകൊള്‍ക തവ പുത്രനെ വൈകാതെ നീ
    സുരസ്ത്രീസമയായ കൗശികപുത്രിയോടും -ഈ അശരീരിവാക്യത്തിന് യോജിക്കുന്ന പ്രസ്താവനകള്‍ എടുത്തെഴുതുക.

👉    ദുഷ്ഷന്തന്റെ ദുരധികാരത്തെ ന്യായീകരിക്കുന്നു.
👉    ശകുന്തളയുടെ അമ്മയെയും അച്ഛനെയും കുറിച്ചുള്ള സൂചനയുണ്ട്.
👉   ശകുന്തളയുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും പിന്തുണയ്ക്കുന്നു.
👉    ദുഷ്ഷന്തന്റെ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നു.                              
ഉത്തരം:
👉    ശകുന്തളയുടെ അമ്മയെയും അച്ഛനെയും കുറിച്ചുള്ള സൂചനയുണ്ട്.
👉   ശകുന്തളയുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും പിന്തുണയ്ക്കുന്നു.

+2 Malayalam കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 യൂണിറ്റ് 1: എഴുത്തകം
പാഠം 1: കണ്ണാടി കാണ്‍മോളവും