Sunday, September 4, 2022

അഗ്നിവര്‍ണന്റെ കാലുകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)

 1.     അയോധ്യയിലെ പാവപ്പെട്ടവരായ നാം  വിശപ്പടക്കാന്‍ എന്തുചെയ്യും എന്ന് ഒരു പ്രജ ചോദിക്കുമ്പോള്‍ രാജസന്നിധിയില്‍വച്ച് അപശബ്ദം പുറപ്പെടുവിക്കുന്നവരെ  സംഘത്തില്‍ നിന്ന് പുറത്താക്കാം  എന്നാണ് മറ്റൊരാള്‍ പറയുന്നത്്. ഇത് സൂചിപ്പിക്കുന്നതെന്ത്?
    അധികാരവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ക്ക് സാമാന്യജനങ്ങള്‍ എത്രത്തോളം അടിമപ്പെട്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാജാവിന്റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ പ്രതിഷേധിക്കേണ്ട ജനം അതിനെ നിസ്സംഗതയോടെ സമീപിക്കുകയാണിവിടെ. കൂട്ടത്തില്‍ ആരെങ്കിലും ചോദ്യംചെയ്യാന്‍ മുതിര്‍ന്നാല്‍ പ്പോലും മറ്റുള്ളവര്‍ അയാളെ ഒറ്റപ്പെടുത്തുകയും അതുവഴി രാജാവിന്റെ പ്രീതിനേടാന്‍ താല്പര്യപ്പെടുകയും ചെയ്യുന്നു. 'രാജാവിന്റെ കാലുകള്‍ കണ്ടാല്‍  ഞങ്ങള്‍ക്ക് വിശപ്പില്ല' എന്നു പറഞ്ഞ് അധികാരവര്‍ഗത്തിനുവേണ്ടി ബലിയാടാകുകയാണവര്‍. പണവും അധികാരവുമുള്ളവര്‍ എന്തുചെയ്താലും ന്യായാന്യായവിവേചനം കൂടാതെ അതിനെ പിന്‍തുണയ്ക്കുന്നത് സമൂഹത്തിന്റെ പൊതുസ്വഭാവമാണ്. അതാണ് സുരക്ഷിതം എന്ന് കൂടുതല്‍  ആളുകളും കരുതുന്നു. വേറിട്ടശബ്ദങ്ങളെ അവര്‍ അടിച്ചമര്‍ത്തുന്നു.
2.''എനിക്കീ ഘടന അറിയാം. അതല്ലേ ഞാന്‍ തന്നെപ്പോലെ ഭയപ്പെടാത്തത്. അതു കണ്ടുരസിക്കാനാ ഞാന്‍ ഇവിടെ വന്നത്.'' ചിന്താരാമന്റെ  ഈ വാക്കുകളിലൂടെ നാടകകൃത്ത് വിരല്‍ചൂണ്ടുന്ന  സാമൂഹികപരിതസ്ഥിതി വിലയിരുത്തുക.
    രാജ്യത്തെ വിദ്യാസമ്പന്നരും ബുദ്ധിജീവികളും അടിച്ചമര്‍ത്തപ്പെട്ടവരുടെ അതിജീവനസമരങ്ങളോട് കാണിച്ചിട്ടുള്ള സമീപനത്തെയാണ് നാടകകൃത്ത് ഇവിടെ വിമര്‍ശനവിധേയമാക്കുന്നത്. വിദ്യാഭ്യാസവും ബുദ്ധിവൈഭവവും സ്വന്തം ജീവിതസുരക്ഷിതത്വത്തിനുവേണ്ടി മാത്രം ഉപയോഗിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. നാടിനുവേണ്ടി വളരെയേറെ കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാമെന്നിരിക്കെ ഒരു ജഡ്ജിയെപ്പോലെ വിധികര്‍ത്താക്കളായി മാറുകയോ കാഴ്ചക്കാരെപ്പോലെ കണ്ടുരസിക്കുകയോ ചെയ്യുകയാണവര്‍. സാധാരണക്കാരന്റെ  പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടുകയോ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍  കഴിയാതെ ബുദ്ധിജീവി ചമഞ്ഞ്  പുസ്തകങ്ങളില്‍ മുഖമൊളിപ്പിക്കുന്നവര്‍ നാടിന്റെ നേട്ടമല്ല, ശാപമാണ്.

No comments:

Post a Comment