Wednesday, November 27, 2019

പാവങ്ങള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. മുറിയുടെ വാതില്‍ തള്ളിത്തുറക്കുമ്പോഴുണ്ടായ തിരികുറ്റിയുടെ ശബ്ദം ഴാങ് വാല്‍ ഴാങ്ങില്‍ എന്തെല്ലാം ചിന്തകളാണ് ഉണ്ടാക്കിയത്?
തിരികുറ്റിയുടെ ശബ്ദം നീണ്ടതും ചിലമ്പിച്ചതുമായ ഒരു നിലവിളിയായാണ് ഴാങ് വാല്‍ ഴാങ്ങിന് അനുഭവപ്പെട്ടത്. പരലോകത്തുവച്ച് ഇഹലോകകര്‍മ്മങ്ങളെ വിചാരണയ്‌ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദമായും തിരികുറ്റിയുടെ ശബ്ദം അയാള്‍ക്ക് തോന്നി. ആ തിരികുറ്റി പെട്ടെന്ന് ജീവന്‍ പൂണ്ടതായും അത് പെട്ടെന്ന് ഒരു ഭയങ്കരജീവിതം കൈക്കൊണ്ട,് ഒരു നായയെപ്പോലെ എല്ലാവരെയും എഴുന്നേല്‍പ്പിക്കുവാനും ഉറങ്ങിക്കിടന്നവരെയെല്ലാം ഉണര്‍ത്തി അപകടം അറിയിക്കുവാനും വേണ്ടി കുരയ്ക്കുന്നതായും അയാള്‍ക്ക് തോന്നി.
2. വെള്ളിസ്സാമാനങ്ങള്‍ കട്ടെടുത്ത തനിക്ക് വെള്ളിമെഴുകുതിരിക്കാലുകള്‍ കൂടി മോണ്‍ സിന്യേര്‍ എടുത്തുനല്‍കിയപ്പോള്‍ ഴാങ് വാല്‍ ഴാങ്ങിന്റെ പ്രതികരണമെന്തായിരുന്നു?
കട്ടെടുത്ത വെള്ളിസ്സാമാനങ്ങളുമായി ഴാങ് വാല്‍ ഴാങ്ങിനെ പോലീസുകാര്‍ കൊണ്ടുവന്നപ്പോള്‍ മോണ്‍സിന്യേര്‍ ചോദിച്ചത് ഈ വെള്ളിസ്സാമാനങ്ങളോടൊപ്പം താങ്കള്‍ക്കു തന്ന വെള്ളിമെഴുകുതിരിക്കാലുകള്‍ എന്തുകൊണ്ടാണ് കൊണ്ടുപോകാതിരുന്നതെന്നായിരുന്നു.  മെത്രാന്റെ ചോദ്യം വിശ്വസിക്കാനാവാതെ പരിഭ്രമത്തോടെ അയാള്‍ മെത്രാനെ തുറിച്ചുനോക്കി. കളവുമുതലിനോടൊപ്പം പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കപ്പെടാതെ വെറുതെവിട്ടത് ഴാങ്ങിനെ അദ്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. കാരണം വെറും ഒരു റൊട്ടി മോഷ്ടിച്ചതിന് അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഴാങ് വാല്‍ ഴാങ്. മോണ്‍സിന്യേര്‍ വീടിനുള്ളില്‍നിന്ന്  എടുത്തുകൊണ്ടുവന്ന മെഴുകുതിരിക്കാലുകള്‍ കൈയില്‍ വാങ്ങുമ്പോള്‍ ഴാങ്ങിന്റെ ഓരോ ഭാഗവും വിറച്ചിരുന്നു. ഒരു പാവയുടെ മാതിരിയാണ് അയാള്‍ അവ മെത്രാന്റെ കൈയില്‍നിന്ന് വാങ്ങിയത്.

ഋതുയോഗം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ആശ്രമത്തില്‍വച്ച് കണ്ട ബാലന്‍ തന്റെ മകനാണെന്ന് ദുഷ്ഷന്തന്‍ ഉറപ്പിക്കുന്ന എന്തെല്ലാം സൂചകളാണ് പാഠഭാഗത്തുള്ളത്?
കശ്യപപ്രജാപതിയുടെ ആശ്രമത്തിലെത്തിയ ദുഷ്ഷന്തന്‍ അവിടെവച്ച് ഒരു ബാലനെ  കാണുന്നു. കുട്ടിയെ കണ്ടപ്പോള്‍ത്തന്നെ സ്വന്തം പുത്രനോടുള്ള സ്‌നേഹമാണ് ദുഷ്ഷന്തന് തോന്നിയത്. കളിക്കോപ്പ് വാങ്ങാനായി കൈമലര്‍ത്തിയ കുട്ടിയുടെ കൈയില്‍  ചക്രവര്‍ത്തിലക്ഷണവും ദുഷ്ഷന്തന്‍ കാണുന്നു. ആശ്രമത്തിലെ താപസിയുമായുള്ള സംഭാഷണത്തില്‍നിന്നും ആ കുട്ടി മഹര്‍ഷിബാലനല്ലെന്നും  പുരുവംശത്തില്‍ പിറന്നവനാണെന്നും രാജാവു മനസ്സിലാക്കി. മാത്രമല്ല, കുട്ടിക്ക് ദുഷ്ഷന്തന്റെ ഛായയുണ്ടെന്ന് താപസി പറയുകയും ചെയ്തു. കുട്ടിയുടെ മാതാവിന്റെ പേര് ശകുന്തളയെന്നാണെന്നും രാജാവ് മനസ്സിലാക്കി. താഴെ വീണാല്‍ കുട്ടിയോ മാതാപിതാക്കളോ അല്ലാതെ ആരെടുത്താലും സര്‍പ്പമായിത്തീര്‍ന്ന് എടുത്തവരെ കടിക്കുന്ന  വിശേഷപ്പെട്ട ഒരു രക്ഷയാണ് കുട്ടിയുടെ കൈയില്‍ കെട്ടിയിട്ടുണ്ടായിരുന്നത്. അത് താഴെ വീണപ്പോള്‍  ദുഷ്ഷന്തന്‍ എടുത്തിട്ടും  യാതൊരു അപകടവും സംഭവിച്ചില്ല.  ഇതോടുകൂടി ആ കുട്ടി തന്റെ മകന്‍തന്നെയാണെന്ന് ദുഷ്ഷന്തന്‍ ഉറപ്പിച്ചു.
2. സര്‍വദമനന്റെ പ്രവൃത്തികളെല്ലാം ഭാവിയിലെ ഒരു ചക്രവര്‍ത്തിക്ക് യോജിച്ചവയാണ്. പ്രസ്താവന വിശകലനം ചെയ്ത് കുറിപ്പു തയാറാക്കുക.
ധീരനും പരാക്രമിയുമായ ബാലനാണ് സര്‍വദമനന്‍. എല്ലാറ്റിനേയും അടക്കുന്നവന്‍ എന്ന അര്‍ഥമുള്ള അവന്റെ പേരു
പോലും ഒരു ചക്രവര്‍ത്തിക്ക് യോജിക്കുന്നുണ്ട്. സിംഹക്കുട്ടിയുടെ പല്ലുകള്‍ എണ്ണിനോക്കാന്‍ ശ്രമിക്കുന്നതും  അതിനോടൊത്തു കളിക്കുന്നതുമെല്ലാം  അവന്റെ ധീരതയുടെ ലക്ഷണങ്ങളാണ്. തള്ളസിംഹം ആക്രമിക്കുമെന്ന് താപസിമാര്‍ പറയുന്നത് അവനെ ഒട്ടും ഭയപ്പെടുത്തുന്നില്ല. അവന്റെ കൈയില്‍ ചക്രവര്‍ത്തിലക്ഷണങ്ങള്‍ ദുഷ്ഷന്തന്‍ കാണുന്നുണ്ട്. മാത്രമല്ല, 'മകനേ' എന്നുവിളിക്കുന്ന ദുഷ്ഷന്തനോട് 'എന്റെ അച്ഛന്‍ ദുഷ്ഷന്തനാണ്, താനല്ല' എന്നവന്‍ പറയുമ്പോള്‍ ഒരു രാജകുമാരനാണ് താനെന്ന അഭിമാനം അവനുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആകൃതിയിലും പ്രകൃതിയിലും ഭാവിയിലെ ഒരു ചക്രവര്‍ത്തിയുടെ എല്ലാ ലക്ഷണങ്ങളോടും  കൂടിയവനാണ് സര്‍വദമനന്‍.


Monday, November 25, 2019

കേരളപാഠാവലി (യൂണിറ്റ്-4) : പ്രകാശകിരണങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 6)

പ്രവേശകം - വിജയത്തിലേക്ക്‌
 പനാമ കനാല്‍
പസഫിക് സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മനുഷ്യനിര്‍മ്മിതമായ ഒരു ജലപാതയാണ് പനാമ കനാല്‍.1880-ല്‍ ഫ്രാന്‍സ് കനാല്‍ നിര്‍മ്മാണമാരംഭിച്ചെങ്കിലും ആ പദ്ധതി പരാജയപ്പെട്ടു. 1900-ല്‍ അമേരിക്ക കനാല്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. 1914-ലാണ് ആദ്യമായി കനാലിലൂടെ കപ്പലുകള്‍ കടന്നുപോയിത്തുടങ്ങിയത്. 77 കിലോമീറ്റര്‍ നീളമുള്ള ഈ കനാലിന്റെ നിര്‍മ്മാണപ്രവര്‍ത്തനം വളരെ പ്രയാസമേറിയതായിരുന്നു. കനാല്‍ പൂര്‍ത്തിയായപ്പോള്‍ ഏതാണ്ട് 27,500 തൊഴിലാളികളുടെ ജീവനാണ് നഷ്ടമായത്.

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിടവാങ്ങല്‍ പ്രസംഗം


Thursday, November 21, 2019

നിവേദനത്തിന്റെ മാതൃകകള്‍

◼️  മാതൃഭാഷയ്ക്ക് നമ്മുടെ വിദ്യാലയങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്കുന്നതിനുള്ള നിവേദനം തയാറാക്കുക.
പ്രേഷകര്‍
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍
ഗവ.ഹൈസ്‌കൂള്‍ അമ്പലമുക്ക്
സ്വീകര്‍ത്താവ്
വിദ്യാഭ്യാസമന്ത്രി
കേരളസംസ്ഥാനം
വിഷയം : വിദ്യാലയങ്ങളില്‍ മാതൃഭാഷയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി
സര്‍,
ശ്രേഷ്ഠഭാഷയെന്ന അംഗീകാരം കിട്ടിയിട്ടും മലയാളം നമ്മുടെ വിദ്യാലയങ്ങളില്‍ അവഗണിക്കപ്പെടുന്നുണ്ട്. എഴുത്തച്ഛനെയും കുമാരനാശാനെയും ശ്രീനാരായണഗുരുവിനെയും ബഷീറിനെയും അറിയാതെ ജീവിക്കുന്ന ഒരാളെ എങ്ങനെയാണ് മലയാളിയെന്ന് വിളിക്കാന്‍ കഴിയുക. മനസ്സിന്റെ ഭാഷയാണല്ലോ മാതൃഭാഷ. അതായത് പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷയാണത്. സ്വതന്ത്രമായി ചിന്തിക്കണമെങ്കിലും ഭാവനയില്‍  കാണണമെങ്കിലും സ്വപ്നം കാണണമെങ്കിലും മാതൃഭാഷ കൂടിയേതീരൂ. ഭാവനചെയ്യാനോ സ്വപ്നംകാണാനോ കഴിവില്ലാത്ത കുട്ടികളെയല്ലേ നമ്മുടെ വിദ്യാലയങ്ങള്‍ പരീക്ഷ വിജയിപ്പിച്ച് പുറത്തേക്കുവിടുന്നത്. നാടിനെയറിയാത്ത, മാതൃഭാഷയെ സ്‌നേഹിക്കാത്ത ഇത്തരം പരീക്ഷാവിജയികള്‍ക്ക്  സമൂഹത്തോട് എത്രത്തോളം കടപ്പാടുണ്ടായിരിക്കുമെന്ന് അങ്ങേയ്ക്ക് ഊഹിക്കാമല്ലോ. ഈ കുട്ടികള്‍ക്ക് അവരുടെ കഴിവുകളെ എത്രത്തോളം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ഞങ്ങളെതിരല്ല. അത് നിര്‍ബന്ധമായി പഠിപ്പിക്കേണ്ടതുമാണ്. പക്ഷേ, അത് മാതൃഭാഷയ്ക്കു പകരമായിട്ടാകരുത്. മലയാളത്തില്‍ സംസാരിച്ചാല്‍ കുട്ടികളെ ശിക്ഷിക്കുന്ന വിദ്യാലയങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നുള്ളതിന് അടുത്തകാലത്ത് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍തന്നെ തെളിവാണല്ലോ. മറ്റൊരു സംസ്ഥാനത്തെയും  മാതൃഭാഷ ഇത്തരത്തില്‍ അവഹേളിക്കപ്പെടുന്നില്ല. അപമാനകരമായ ഈ സ്ഥിതിവിശേഷം എത്രയും വേഗത്തില്‍ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാന്‍ അങ്ങ് മടിക്കരുത്. മലയാളഭാഷയുടെ അഭിമാനം സംരക്ഷിക്കാനാവശ്യമായ  നടപടികള്‍ അടിയന്തിരപ്രാധാന്യത്തോടെ കൈക്കൊള്ളണമെന്ന് വിനീതമായി  അഭ്യര്‍ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ  
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍  
ഒപ്പ്
അമ്പലമുക്ക്
10/01/2020

◼️  നിങ്ങളുടെ  പ്രദേശത്ത്  നടക്കുന്ന ഏതെങ്കിലും പ്രകൃതിചൂഷണത്തിനെതിരെ അധികാരികള്‍ക്ക്  നല്‍കാന്‍ ഒരു നിവേദനം തയാറാക്കുക.
 
പ്രേഷകര്‍
പഞ്ചായത്ത് നിവാസികള്‍
അരുവിപ്പാടം പഞ്ചായത്ത്
സ്വീകര്‍ത്താവ്
ജില്ലാകളക്ടര്‍
കോട്ടയം
വിഷയം : അരുവിപ്പാടം പഞ്ചായത്തിലെ അനധികൃതമായ വയല്‍ നികത്തലിനെതിരെ നടപടി കൈക്കൊള്ളുന്നതിനുവേണ്ടി

സര്‍,
അരുവിപ്പാടം പഞ്ചായത്തിലെ വയലുകള്‍ മിക്കതുംതന്നെ മണ്ണിട്ട് നികത്തി കരഭൂമിയാക്കിക്കൊണ്ടിരിക്കുകയാണ്. വയലുകള്‍ പ്രകൃതിയുടെ സ്വാഭാവിക ജലസംഭരണികളാണ്. കൃഷിയാവശ്യങ്ങള്‍ക്കായി വയലുകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളം പ്രകൃതിയുടെ അന്തരീക്ഷതാപത്തെ ക്രമീകരിക്കാന്‍ വളരെയേറെ സഹായകമാണ്. വയലുകള്‍ സംഭരിച്ചുവയ്ക്കുന്ന ജലം മണ്ണില്‍  താഴുകയും മണ്ണിന്റെ ജലസംഭരണശേഷിയെ നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാലിന്ന്, വയല്‍ നികത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചെങ്കിലും അരുവിപ്പാടം പഞ്ചായത്തിന്റെ പരിധിയിലുള്ള നിലങ്ങള്‍ മണ്ണിട്ടു മൂടി, സ്വകാര്യവ്യക്തികള്‍ കരഭൂമിയാക്കി മറിച്ചു വിറ്റുകൊണ്ടിരിക്കുകയാണ്. വയലുകള്‍ ഇല്ലാതാകുന്നതോടെ നമ്മുടെ കാര്‍ഷികപാരമ്പര്യമാണ് ഇല്ലാതാവുന്നത്. വര്‍ഷകാലത്ത് പെയ്തുതീരുന്ന മഴവെള്ളം മണ്ണിനെ തണുപ്പിക്കാന്‍ പറ്റാത്ത വിധത്തില്‍ ഒഴുകിപ്പോകുകയാണ്. ഇത് വരള്‍ച്ചയ്ക്കു കാരണമാവുന്നു. മുമ്പ് ഈ ഗ്രാമത്തിലുണ്ടായിരുന്ന ജീവിവര്‍ഗങ്ങളില്‍ പലതും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.  
സ്വകാര്യവ്യക്തികള്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മാത്രം മുന്നില്‍ക്കണ്ട് നടത്തുന്ന ഈ പ്രകൃതിചൂഷണം അധികാരികളുടെ ശ്രദ്ധയില്‍ പെടണം. ഒപ്പം ഒരു ഗ്രാമത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്‌നത്തിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും താല്‍പ്പര്യപ്പെടുന്നു.
വിശ്വസ്തതയോടെ
 അരുവിപ്പാടം പഞ്ചായത്ത് നിവാസികള്‍ക്കുവേണ്ടി 
പഞ്ചായത്ത് പ്രസിഡന്റ്
                                                                                                 ഒപ്പ്
അരുവിപ്പാടം            
28/12/2019          


Tuesday, November 19, 2019

പ്രതികരണക്കുറിപ്പിന്റെ മാതൃകകള്‍

◀️  സംസ്‌കാരത്തിന്റെ ഈടുവയ്പുകളായ ശില്പം, ചിത്രം തുടങ്ങിയ കലാവിഷ്‌കാരങ്ങളെ  ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ  പല ഭാഗത്തും നടക്കുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് പ്രതികരണക്കുറിപ്പ് തയാറാക്കുക.
◼️ സംസ്‌കാരത്തിന്റെ ഈടുവയ്പുകളെ സംരക്ഷിക്കുക
ശില്പങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയ കലാവിഷ്‌കാരങ്ങള്‍ എക്കാലത്തും നിലനില്‍ക്കുന്ന മാനവികതയുടെ ആവിഷ്‌കാരങ്ങളാണ്. ഇവ സംസ്‌കാരത്തിന്റെ ഈടുവയ്പുകളും അടയാളങ്ങളുമാണ്. ലോകത്തിന്റെ പലഭാഗത്തും പല കാരണങ്ങളാല്‍ ഈ കലാസൃഷ്ടികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൈക്കലാഞ്ജലോയുടെ ലോകപ്രശസ്തമായ 'പിയത്ത' എന്ന ശില്പം തകര്‍ത്തതും ഇതിനുദാഹരണമാണ്. മൈക്കലാഞ്ജലോയെപ്പോലുള്ള ശില്പികള്‍ ചുറ്റികയേന്തിയത് ലോകോത്തര സൃഷ്ടികള്‍ക്കുവേണ്ടിയായിരുന്നു. പകല്‍ച്ചൂടില്‍ വിയര്‍ത്തുകുളിച്ചും രാത്രികള്‍ പകലുകളാക്കിയും അവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കി. ആ സൃഷ്ടികള്‍ മാനവസംസ്‌കാരത്തിന്റെ  ഈടുവയ്പുകളായി തലയുയര്‍ത്തിനിന്നു. പക്ഷേ മദ്യത്തിനും മയക്കുമരുന്നിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും അടിമപ്പെട്ടവര്‍ ഈ കലാസൃഷ്ടികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തച്ചുടയ്ക്കുന്നു. ഇത് മനുഷ്യത്വത്തിനെതിരായ പ്രവര്‍ത്തനമാണ്. ഇത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. ഇത്തരം പ്രവണതകള്‍ മനുഷ്യസംസ്‌കാരത്തിന് എതിരാണ്. നമ്മുടെ നാട്ടിലും ഇത്തരം കലാസൃഷ്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കേണ്ടത് വളര്‍ന്നുവരുന്ന തലമുറയാണ്. കാരണം പൂര്‍വികര്‍ നമുക്കായി നല്‍കിയ സംസ്‌കാരത്തിന്റെ ഈ കെടാവിളക്കുകളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
◀️  ഫലിതപരിഹാസങ്ങളും സാമൂഹ്യവിമര്‍ശനവുമാണ് കുഞ്ചന്‍നമ്പ്യാരുടെ കവിതകളുടെ പ്രത്യേകതകള്‍. നമ്പ്യാര്‍ക്കവിതകള്‍ എല്ലാ കാലഘട്ടത്തിലും പ്രസക്തമാണ് എന്ന പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? പ്രതികരണക്കുറിപ്പ് തയാറാക്കുക.                                                                                            ◼️ നമ്പ്യാര്‍ക്കവിതകളുടെ സമകാലികപ്രസക്തി
സമൂഹത്തില്‍ നടമാടുന്ന അനീതികള്‍ക്കെതിരെ കവിത ചാട്ടവാറാക്കിയ കവിയാണ് കുഞ്ചന്‍നമ്പ്യാര്‍. ജനങ്ങളുടെ സ്വാര്‍ഥതയും ധനമോഹവും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ദുഷ്പ്രവൃത്തികളുമെല്ലാം അദ്ദേഹം ഫലിതത്തില്‍  പൊതിഞ്ഞ് വിമര്‍ശനത്തിന് വിധേയമാക്കി. മറ്റുള്ളവരെ ചതിച്ചും കള്ളം പറഞ്ഞും കൈക്കൂലി വാങ്ങിയും ഭരണാധികാരികളെ പുകഴ്ത്തിപ്പറഞ്ഞും പണം  സമ്പാദിക്കുന്നവര്‍ക്കു നേരേ അദ്ദേഹം കവിതയിലൂടെ  പരിഹാസശരങ്ങളെയ്തു. അദ്ദേഹത്തിന്റെ തുള്ളല്‍ക്കൃതികള്‍ എല്ലാക്കാലത്തും പ്രസക്തമാണ്. കാരണം ഇത്തരം ദുഷ്പ്രവണതകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍  നിലനില്‍ക്കുന്നുണ്ട്. ദേശസ്‌നേഹികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാരും ജനസേവകരായ  ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ലക്ഷ്യമിടുന്നത് പണവും പദവിയും മാത്രമാണ്. മറ്റുള്ളവരെ ചതിക്കാനും വഞ്ചിക്കാനും ആര്‍ക്കും  മടിയില്ല. സ്വാര്‍ഥതയും ധനമോഹവും അസൂയയുമെല്ലാം എക്കാലത്തും മനുഷ്യരോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ നമ്പ്യാര്‍ക്കവിതകള്‍ എല്ലാക്കാലത്തും പ്രസക്തമാണ്.


മാണിക്യവീണ - കവിതാലാപനം (Manikyaveena-recitation)

തീവണ്ടി - കവിത


കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍


എങ്ങനെ പാവണം ചെഞ്ചീര - കൃഷിപ്പാട്ട്


Friday, November 1, 2019

പത്രനീതി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. 'പത്രമെന്ന വിരോധാഭാസ'മെന്ന്   സുകുമാര്‍ അഴീക്കോട്പറയുന്നത് എന്തിനെപ്പറ്റിയാണ്? വിശദീകരിക്കുക.
സൂര്യനു കീഴെയുള്ള സകലതിനെയും പത്രങ്ങള്‍ വിമര്‍ശിക്കും. എന്നാല്‍ അതേ അളവില്‍ പത്രങ്ങളെ ആരും വിമര്‍ശിക്കാറില്ല. എങ്ങനെയും കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതിനുവേണ്ടി ആളുകള്‍ ഈ വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുന്നു. പത്രങ്ങളെ എതിര്‍ക്കുന്ന വാര്‍ത്ത പ്രസിദ്ധപ്പെടുത്തേണ്ടതും പത്രങ്ങള്‍തന്നെയാണ്. ഇതാണ് പത്രങ്ങള്‍ പുലര്‍ത്തുന്ന
വിരോധാഭാസം.
2. ◼️ ''എന്റെ വിസ്മയം പത്തൊന്‍പതാം നൂറ്റാണ്ടുകാരനായ ബട്‌ലര്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഈ വൈകിയ ഘട്ടത്തില്‍ നമ്മുടെ പത്രങ്ങള്‍ എത്തിച്ചേര്‍ന്ന അസൂയാവഹമല്ലാത്ത അവസ്ഥാവിശേഷം അപ്പോഴേ കണ്ടറിഞ്ഞ് വിളിച്ചുപറഞ്ഞത്, എങ്ങനെയെന്നു ചിന്തിച്ചാണ്.''
 ◼️ ''പത്രം അസത്യമാണെന്നറിഞ്ഞുകൊണ്ട് ഒരു കാര്യം പറയുകയും അത് സത്യമായിത്തീരുമെന്ന വിചാരത്തില്‍ അക്കാര്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.''  (സുകുമാര്‍ അഴീക്കോട്)
പത്രമാധ്യമങ്ങളെക്കുറിച്ചുള്ള  ലേഖകന്റെ നിരീക്ഷണങ്ങളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? സ്വാഭിപ്രായം യുക്തിപൂര്‍വം സമര്‍ഥിക്കുക.
നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തു നടക്കുന്ന പല വാര്‍ത്തകളും നമ്മള്‍ മനസ്സിലാക്കുന്നത് പത്രങ്ങളിലൂടെയാണ്. ആധുനികകാലത്ത് റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഈ മേഖലയില്‍ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയുടെ സ്വാധീനം പത്രങ്ങളോളം വരില്ല. പത്രങ്ങള്‍ മനുഷ്യന്റെ  നിത്യജീവിതത്തില്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ഭൂരിപക്ഷംപേരുടെയും ഒരു ദിവസം ആരംഭിക്കുന്നതുതന്നെ പത്രം വായിച്ചുകൊണ്ടാണ്. ഇവിടെ ലേഖകന്‍ പറയുന്നത് പത്രങ്ങള്‍ അവയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നില്ല, അഥവാ പത്രങ്ങള്‍ അവയുടെ യഥാര്‍ഥ കടമകളില്‍നിന്നു വ്യതിചലിച്ച് രാഷ്ട്രീയ-സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്നതാണ്. ''പത്രങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ സേവനം, അച്ചടിച്ചത് കണ്ടാല്‍ അവിശ്വസിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുന്നു എന്നതാണ്'' എന്ന സാമുവല്‍ ബട്‌ലറുടെ വാക്കുകളെ ലേഖകന്‍ ശരിവയ്ക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറഞ്ഞ അഭിപ്രായം  ഈ നൂറ്റാണ്ടിലും പ്രസക്തമാണെന്ന് സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെടുന്നു. ഒപ്പം പത്രങ്ങളുടെ ഇന്നത്തെ അവസ്ഥ വളരെ മുമ്പുതന്നെ വിളിച്ചുപറഞ്ഞതില്‍ അദ്ഭുതംകൂറുകയും ചെയ്യുന്നു. പത്രങ്ങള്‍ നാം വായിക്കുന്നത് നമ്മുടെ  ശീലംകൊണ്ടാണ് എന്നാണ് ലേഖകന്‍  അഭിപ്രായപ്പെടുന്നത്. പല പത്രങ്ങള്‍ വായിക്കുമ്പോള്‍ അവയിലെ  കള്ളത്തരങ്ങള്‍ താരതമ്യം ചെയ്ത് സത്യം കണ്ടുപിടിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.  അതുപോലെ തന്നെ അസത്യങ്ങള്‍ സത്യമായിത്തീരുമെന്ന വിചാരത്തില്‍ പത്രങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് മറ്റൊരെഴുത്തുകാരന്‍  പറഞ്ഞിട്ടുെണ്ടന്നും അഴീക്കോട് പറയുന്നു.
ഇന്നത്തെ പത്രങ്ങളുടെ  അവസ്ഥകാണുമ്പോള്‍ ലേഖകനായ സുകുമാര്‍ അഴീക്കോടിനോട് യോജിക്കാതിരിക്കാനാവില്ല. പ്രചാരത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന പത്രങ്ങള്‍പോലും 'പത്രധര്‍മ്മം' ശരിയായി പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്. രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി പല പത്രങ്ങളും അവയുടെ യഥാര്‍ഥകടമകളെ വിസ്മരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു. സത്യവും നീതിയും മുറുകെപ്പിടിച്ചുകൊണ്ട് ഭരണ-രാഷ്ട്രീയ രംഗത്തെ അഴിമതികളെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും പത്രങ്ങള്‍ എപ്പോഴും തുറന്നുകാട്ടണം. പൊതുജനങ്ങളായിരിക്കണം പത്രത്തിന്റെ യഥാര്‍ഥ യജമാനന്മാര്‍. അവര്‍ക്കുവേണ്ടിയായിരിക്കണം പത്രങ്ങള്‍ നിലകൊള്ളേണ്ടത്. എന്നാല്‍ ഇന്ന് പല പത്രങ്ങളും ജനങ്ങളെ ഹരംകൊള്ളിക്കുന്ന വാര്‍ത്തകള്‍ക്കു പിറകേ പായുകയാണ്. അസത്യവാര്‍ത്തകളും വ്യക്തിഹത്യയ്ക്കു കാരണമാകുന്ന വാര്‍ത്തകളും ഒരു മടിയും കൂടാതെ അവര്‍ എഴുതിവിടുന്നു. വാര്‍ത്തകള്‍ക്കുവേണ്ടി അവര്‍തന്നെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. സ്വാര്‍ഥലാഭത്തിനുവേണ്ടി ശരിയല്ലാത്ത പല കാര്യങ്ങളും കാര്യമായ അന്വേഷണം നടത്താതെതന്നെ പത്രങ്ങളില്‍ എഴുതുന്നു.
എങ്കില്‍പ്പോലും സൂര്യനു കീഴിലും മുകളിലും നടക്കുന്ന പല കാര്യങ്ങളും അറിയാനായി ജനങ്ങള്‍ ഇന്നും ഏറ്റവും കൂടുതല്‍ വിശ്വസിച്ച് ആശ്രയിക്കുന്നത് പത്രങ്ങളെത്തന്നെയാണ്. അതുപോലെതന്നെ ഭാഷ തെറ്റില്ലാതെ കൈ
കാര്യം ചെയ്യാനും അറിവുനേടാനും പത്രങ്ങള്‍ സഹായിക്കുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ പത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ഥ പത്രധര്‍മ്മം മനസ്സിലാക്കി സത്യവും നീതിയും മുറുകെപ്പിടിച്ച് സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കാനും ശ്രമിക്കണം. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളണം പത്രങ്ങള്‍. എങ്കിലേ പത്രങ്ങളെ  ജനങ്ങള്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുകയുള്ളൂ.
3.''പത്രത്തെ എതിര്‍ക്കേണ്ടി വന്നാല്‍, ആ എതിര്‍പ്പിനുപോലും പ്രചാരണം വേണമെങ്കില്‍ പത്രത്തെത്തന്നെ ആശ്രയിക്കണം.''- ഈ വാദത്തിന് ഇപ്പോള്‍ എത്രമാത്രം പ്രസക്തിയുണ്ട്?
'നവമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുക.
സാമൂഹികതലം   
 സാംസ്‌കാരികതലം
 വൈകാരികതലം
മാധ്യമങ്ങളുടെ മുഖ്യധര്‍മ്മം ആശയവിനിമയമാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ നവമാധ്യമങ്ങളുടെ വരവോടെ പ്രകാശത്തേക്കാള്‍ വേഗത്തിലാണ് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. മാനവരാശിയുടെ ചരിത്രത്തില്‍ വിവരസാങ്കേതികവിദ്യ ഇത്രയേറെ ശക്തമായ മറ്റൊരു കാലഘട്ടം കണ്ടെത്താനാവില്ല. ലോകമിന്ന് വിരല്‍ത്തുമ്പിലമരുന്ന ബട്ടനോളം ചുരുങ്ങിയിരിക്കുന്നുവെന്ന് പറയുന്നതില്‍ അല്‍പ്പംപോലും അതിശയോക്തിയില്ല. സമൂഹത്തിന്റെ സമസ്തമേഖലകളെയും ഞൊടിയിടയില്‍ സ്വാധീനിക്കുന്ന ശക്തിയാണ് നവമാധ്യമങ്ങള്‍. ഒറ്റനോട്ടത്തില്‍ ഇവയുടെ സ്വാധീനം തിരിച്ചറിയാന്‍ കഴിയുന്ന മേഖലകളെയാണ് നാമിവിടെ വിശകലനം ചെയ്യുന്നത്.
  സാമൂഹികതലം
സമൂഹജീവിയാണ് മനുഷ്യന്‍. മറ്റുള്ളവരുമായി ബന്ധപ്പെടാതെയും സഹായം സ്വീകരിക്കാതെയും സഹായം നല്‍കാതെയും ആര്‍ക്കും നിലനില്‍ക്കാനാവില്ല. ആശയങ്ങള്‍, ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങളിലേക്കെത്തിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും ഏറ്റവും ശക്തമായ ഇടപെടലുകള്‍ നടത്തുന്നത് നവമാധ്യമങ്ങളാണ്. അവയവദാനം, രക്തദാനം എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യക്കാരെയും ദാതാക്കളെയും ആശുപത്രിയെയും കൂട്ടിയിണക്കുന്നതില്‍ നവമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എത്ര വലുതാണ്. പുതിയ കണ്ടുപിടിത്തങ്ങള്‍, പുതിയ പരീക്ഷണങ്ങള്‍, പുതിയ മരുന്നുകള്‍, പുതിയ രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ണടച്ചുതുറക്കുംമുമ്പേയാണ് ലോകത്തിന്റെ മുക്കിലുംമൂലയിലുമെത്തുന്നത്. വിദ്യാഭ്യാസം, വ്യാപാരം, നൂതനചിന്തകള്‍ എന്നിവയിലും നവമാധ്യമങ്ങള്‍ ശക്തിയേറിയ സാന്നിധ്യമാണ്. സമൂഹത്തെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതുതന്നെ മാധ്യമങ്ങളാണ്. മറ്റെന്തിലുമെന്നപോലെ തെറ്റായ പ്രവണതകള്‍ ഇവയുടെ ഉപയോഗത്തിലും കാണാന്‍ കഴിയും.  ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ഉപയോഗിക്കുന്നവര്‍തന്നെയാണ്.
 സാംസ്‌കാരികതലം
കലകള്‍, സാഹിത്യരചനകള്‍, സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നവമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. ലോകപ്രശസ്തങ്ങളായ എത്രയെത്ര സിനിമകള്‍, പുസ്തകങ്ങള്‍, ചര്‍ച്ചകള്‍, പ്രശസ്തരുടെ അഭിപ്രായങ്ങള്‍ തുടങ്ങിയവയെല്ലാം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റില്‍നിന്ന് അനായാസം കണ്ടെത്താം. കുറച്ചുകാലം മുമ്പുവരെ ഇത്തരത്തിലുള്ള വിവരശേഖരണത്തിന് ആളുകള്‍ എത്രയേറെ ബുദ്ധിമുട്ടിയിരുന്നു. പ്രാചീനങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍, കലകള്‍ എന്നിവ നേരിട്ടുകണ്ട് മനസ്സിലാക്കാനും വിശദീകരണങ്ങള്‍ നല്‍കാനുമായി എത്രയെത്ര വഴികളാണ് ഇന്റര്‍നെറ്റ് തുറന്നിടുന്നത്. സ്വന്തമായി സാഹിത്യരചനകള്‍ നടത്തി പ്രസിദ്ധീകരിക്കാനുള്ള സൗകര്യവും ഇന്ന് ലഭ്യമാണ്. നൂതനമാധ്യമങ്ങളുടെ വരവോടെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഒറ്റസമൂഹമായി മാറിയിരിക്കുന്നുവെന്ന് പറയുന്നതില്‍ യാതൊരു  തെറ്റുമില്ല. സാംസ്‌കാരികതലത്തില്‍ അത്രയേറെ കൈമാറ്റങ്ങളാണ് ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തിന്റെയോ ഒരു നാടിന്റെയോ കലാകാരനെയും കലാസൃഷ്ടിയെയും മാനവസമൂഹത്തിന്റേതായി മാറ്റുവാന്‍ നവമാധ്യമങ്ങള്‍ക്ക് സാധിക്കും. ഈ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇനി നാം ചെയ്യേണ്ടത്.
 വൈകാരികതലം
വിദേശത്തു കഴിയുന്ന ബന്ധുക്കളെ തൊട്ടടുത്ത് നേരില്‍ക്കണ്ടുകൊണ്ട് സംസാരിക്കാന്‍ കഴിയുക എന്നത് കുറച്ചുകാലം മുമ്പുവരെ സങ്കല്‍പ്പിക്കാന്‍പോലും കഴിയാതിരുന്ന കാര്യമാണ്. എന്നാല്‍ ഇന്ന് ദൂരം ഒരു തടസ്സമേ അല്ലാതായിരിക്കുന്നു. അകലങ്ങളെ കീഴടക്കി ബന്ധങ്ങളുടെ ഇഴയടുപ്പവും കരുത്തും വര്‍ധിപ്പിക്കാന്‍ നൂതനമാധ്യങ്ങള്‍ സഹായിക്കുന്നു. ഏതു നിമിഷവും എവിടെവെച്ചും ആരുമായും സംസാരിക്കാന്‍ മൊബൈല്‍ഫോണ്‍ സഹായിക്കുന്നു. വൈകാരികതലത്തിലും ലോകത്തെ ഒരുമിപ്പിക്കുന്ന ശക്തിയാണ് നവമാധ്യമങ്ങള്‍. ശിഥിലീകരണശക്തികള്‍ ഇതിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിലും ഗുണങ്ങളുടെ തട്ടിനുതന്നെയാണ് കനക്കൂടുതല്‍.


ആത്മാവിന്റെ വെളിപാടുകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. സാധാരണ സാഹിത്യകാരന്മാരില്‍നിന്ന്  ദസ്തയേവ്‌സ്‌കിയെ വ്യത്യസ്തനാക്കുന്ന എന്തെല്ലാം സവിശേഷതകളാണ് അന്നയുടെ വാക്കുകളിലൂടെ വ്യക്തമാവുന്നത്?
ജീവിതത്തിലെ ദുരിതങ്ങള്‍ മനുഷ്യരെ നിരാശരാക്കും. എന്നാല്‍ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കാനുള്ള വഴികളായാണ് ദസ്തയേവ്‌സ്‌കി ദുരിതങ്ങളെയും വേദനകളെയും കണ്ടത്. വിധി അദ്ദേഹത്തിന് നല്‍കിയതു മാത്രമല്ല, അദ്ദേഹം  സ്വയം ഏറ്റെടുത്ത  പ്രാരാബ്ധങ്ങളും ഉത്തരവാദിത്വങ്ങളും ദുരിതങ്ങളുടെ ഭാരം  ഇരട്ടിപ്പിച്ചു. ചുഴലിരോഗവും ദാരിദ്ര്യവും ചൂതുകളിഭ്രാന്തും  അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. ബന്ധങ്ങളുടെ ബാധ്യതകളും വഞ്ചനയും ചതിയുമെല്ലാം ആ മനസ്സിന്റെ ആരോഗ്യത്തെയും ബാധിച്ചു. എന്നിട്ടും അദ്ദേഹം അവയെയെല്ലാം സ്‌നേഹിച്ചു എന്നതാണ് അദ്ഭുതകരം. സാധാരണ എഴുത്തുകാര്‍ എഴുതാന്‍ വിഷയങ്ങളില്ലാതെയാണ് വിഷമിക്കാറുള്ളത്. എന്നാല്‍ ദസ്തയേവ്‌സ്‌കി എഴുതാനുള്ള വിഷയങ്ങളുടെ ആധിക്യംകൊണ്ടാണ് വീര്‍പ്പുമുട്ടിയത്. നന്മകളിലുള്ള ഉറച്ചവിശ്വാസമാണ് ദസ്തയേവ്‌സ്‌കിയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് അന്നയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.


യുദ്ധത്തിന്റെ പരിണാമം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ബ്രാഹ്മണന്‍ രാജാവിന്റെ കല്പന കിട്ടിയിട്ടേ യുദ്ധം ചെയ്യാവൂ.
അടിവരയിട്ട പദച്ചേരുവ ഒറ്റപ്പദമാക്കിയെഴുതുക.     
ഉത്തരം: രാജകല്പന
2. ചുവടെ കൊടുത്തിട്ടുള്ള  മാതൃകപോലെ സമാനപദങ്ങള്‍ കണ്ടെണ്ടത്തി എഴുതുക.
മാതൃക: അനീതി-അസത്യം, അപ്രിയം, 
i. സസന്തോഷം  - ............., ................ 
ii. നിര്‍ദാക്ഷിണ്യം - ............, ................. 
iii. നിഷ്പ്രയോജനം - ..........., ..................
ഉത്തരം:
i. സസ്‌നേഹം, സഹര്‍ഷം
ii. നിര്‍വീര്യം, നിര്‍ലോഭം
iii. നിഷ്‌ക്രിയം, നിഷ്പക്ഷം
3. ദുര്യോധനന്റെ ഹൃദയോന്നതിയും ആഭിജാത്യവും പ്രകടമാകുന്ന സന്ദര്‍ഭം വിശദീകരിക്കുക.
പുണ്യസ്ഥലമായ സമന്തപഞ്ചകത്തില്‍ തുടയെല്ലു തകര്‍ന്ന്  വേദനകൊണ്ട്  പുളഞ്ഞ് മരണാസന്നനായി കിടക്കുകയാണ് ദുര്യോധനന്‍. ആ ഘട്ടത്തില്‍ വൃദ്ധരായ മാതാപിതാക്കളെയും ആരോമലായ ഭാര്യയെയും ഓര്‍ക്കുന്നതിനു മുമ്പേ തങ്ങളുടെ ഏകസഹോദരിയായ ദുശ്ശളയെക്കുറിച്ചോര്‍ത്താണ് അദ്ദേഹം വ്യസനിക്കുന്നത്. ഭര്‍ത്താവും സഹോദരന്മാരും നഷ്ടപ്പെട്ടതിന്റെ ദുഃഖം അവള്‍ എങ്ങനെ സഹിക്കുമെന്ന് ചിന്തിച്ച് വേവലാതിപ്പെടുന്ന സ്‌നേഹസമ്പന്നനായ സഹോദരനെയാണ് ആ വിലാപത്തില്‍ കാണാന്‍കഴിയുന്നത്. മരണത്തിനു മുമ്പുള്ള നിമിഷങ്ങളിലെ ചിന്തകളില്‍പ്പോലും പ്രകടമാവുന്നത് ദുര്യോധനന്റെ ഹൃദയോന്നതിയും ആഭിജാത്യവുമാണ്.
4. പാശ്ചാത്യ എപ്പിക്കുകളുമായി മഹാഭാരതത്തിന് എന്തു വ്യത്യാസമാണ് ലേഖകന്‍ കണ്ടെത്തുന്നത്?
പാശ്ചാത്യ എപ്പിക്കുകളില്‍ യുദ്ധവീരന്മാരുടെ പരാക്രമത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍  മഹാഭാരതത്തില്‍ യുദ്ധം വരുത്തിവയ്ക്കുന്ന മഹാദുരന്തങ്ങളാണ് ആവിഷ്‌കരിക്കുന്നത്. യുദ്ധമെന്ന മഹാവിപത്ത് ഇനിയൊരിക്കലും   ഉണ്ടാവരുതെന്ന ഉദ്ദേശ്യമാണ് രചനയ്ക്കു പിന്നിലുള്ളത്. ഇനി നടക്കാനിരിക്കുന്ന കഥകൂടിയാണ് മഹാഭാരതം എന്നതിന് സംശയമില്ല. യുദ്ധംമൂലം നിസ്സഹായരും നിരാലംബരുമാകുന്ന അനേകരുടെ കഥയാണ് മഹാഭാരതം. യുദ്ധത്തില്‍ മരിക്കുന്നവര്‍  ഭാഗ്യവാന്മാര്‍. അവശേഷിക്കുന്നവരും വിജയികളും ഒരുപോലെ ദുഃഖിതരായി കഴിയേണ്ടിവരുന്നു.


അജഗജാന്തരം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 9)

1. ''ചെറുതില്‍നിന്ന് വലുതിലേക്കു മാത്രമല്ല വലുതില്‍നിന്ന് ചെറുതിലേക്കും മനുഷ്യന് വളരാം.''
◼️ ''ചങ്ങല പിടിച്ച  കൈകളില്‍ കയറേന്തിയപ്പോള്‍ നാണുക്കുട്ടിക്ക് എന്തെന്നില്ലാത്തൊരനുഭൂതി. ഒരു മൃദുലത, ഒരു ലഘിമ....''
◼️''യുഗാന്തരങ്ങള്‍ തോറും സമാധാനത്തിന്റെ ദൂതന്മാര്‍ പിറക്കാനും വളരാനും തൊഴുത്തു തേടിയതു വെറുതെയാണോ? ഈ വെളിപാടിന്റെ ശീതളച്ഛായയില്‍ അയാള്‍ സസുഖം മയങ്ങി.''
- അജഗജാന്തരം എന്ന ശീര്‍ഷകം മുതല്‍ കഥാന്ത്യം വരെ വ്യത്യസ്തമായ വായനാനുഭവമാണ് കഥ നല്‍കുന്നത്. 
പ്രമേയം, ആഖ്യാനരീതി, കഥാപാത്രസവിശേഷതകള്‍ എന്നിവ പരിഗണിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കുക.
മഞ്ചാടിമനയ്ക്കലെ ആനപ്പാപ്പാന്റെ ജോലി ഉപേക്ഷിച്ച് ആടിനെ മേയ്ക്കാന്‍ തീരുമാനിച്ച നാണുക്കുട്ടിയിലൂടെ എസ്.വി. വേണുഗോപന്‍നായര്‍ പറയുന്നത് മനുഷ്യജീവിതത്തിന്റെ എക്കാലവും പ്രസക്തമായ സത്യമാണ്. ഓരോ വ്യക്തിയും ജീവിക്കേണ്ടത്  അവനവന്റെ ശരികളിലൂടെയാണ്. സമൂഹം പുലര്‍ത്തുന്ന മിഥ്യാധാരണകള്‍ക്കു കീഴ്‌പ്പെടാതെ സ്വന്തം ബോധ്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന നാണുക്കുട്ടി ആഡംബരങ്ങള്‍ക്കും കെട്ടുകാഴ്ചകള്‍ക്കും പിന്നാലെ പായുന്ന പുതിയ കാലത്തിന് മികച്ച മാതൃകയാണ്.
മഞ്ചാടിമനയ്ക്കലെ ആനപ്പാപ്പാനായ നാണുക്കുട്ടിയെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം മതിപ്പാണ്. നാണുക്കുട്ടിക്കാവട്ടെ, ആനയോടൊപ്പം ഉത്സവപ്പറമ്പിലും മറ്റുമുള്ള ജീവിതം വല്ലാതെ മടുത്തു. ആരാന്റെ ആനയെ മേയ്ക്കുന്നതിനേക്കാള്‍ സ്വന്തമായി ഒരാടിനെ വളര്‍ത്തുന്നതാണ് നല്ലതെന്ന് അയാള്‍ തീരുമാനിച്ചു. പക്ഷേ, ഈ തീരുമാനം സകലരെയും അദ്ഭുതപ്പെടുത്തി. കുടുംബത്തിന്റെ പാരമ്പര്യം, പ്രൗഢി, ജനത്തിന്റെ അംഗീകാരം എന്നിവയെല്ലാം നാണുക്കുട്ടിയുടെ ഈ തീരുമാനത്തിന് എതിരായിരുന്നു. ഭാര്യപോലും ഈ തീരുമാനത്തെ എതിര്‍ത്തു. എല്ലാവരെയും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊണ്ട് അയാള്‍ തന്റെ തീരുമാനവുമായി മുന്നോട്ടുപോയി. വലുപ്പവും ആഢ്യത്വവുമല്ല ജീവിതത്തില്‍ സമാധാനവും  സന്തോഷവും നല്‍കുന്നതെന്ന ഉത്തമബോധ്യമാണ് നാണുക്കുട്ടിയെ നയിച്ചത്. തന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് സമൂഹമല്ല, താന്‍തന്നെയാണെന്ന് പ്രഖ്യാപിക്കുകയാണ് നാണുക്കുട്ടി. ലളിതമായ ഭാഷ, വളച്ചുകെട്ടില്ലാത്ത അവതരണരീതി, വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, വ്യക്തവും ശക്തവുമായ പ്രമേയം എന്നിവയെല്ലാം ഈ കഥയുടെ സവിശേഷതയാണ്. ഒന്നോ രണ്ടോ വാക്യങ്ങളിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന  കഥാപാത്രങ്ങള്‍ക്കുപോലും വ്യക്തിത്വവും മിഴിവും പകരാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്.
സമൂഹം പിന്തുടരുന്ന ആര്‍ഭാടങ്ങളെയും ധൂര്‍ത്തിനെയും എന്തിനെന്നറിയാതെ അന്ധമായി അനുകരിക്കുന്നവരുടെ കാലമാണിത്. നാണുക്കുട്ടി വ്യത്യസ്തനാകുന്നത് ഇവിടെയാണ്. ലാളിത്യമാണ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും താക്കോല്‍. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താനായിരിക്കണം അവതാരപുരുഷന്മാര്‍ തൊഴുത്തില്‍ പിറന്നുവീണത്. സമൂഹത്തിന്റെ മിഥ്യാധാരണകളല്ല, സ്വന്തം ബോധ്യങ്ങളാണ് ഒരാളുടെ  ജീവിതരീതി തീരുമാനിക്കേണ്ടതെന്ന എക്കാലത്തും പ്രസക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്ന ലളിതമനോഹരമായ കഥയാണ് 'അജഗജാന്തരം'.
2. ആനയും ആടും തമ്മിലുള്ള എന്തെല്ലാം വ്യത്യാസങ്ങളാണ് നാണുക്കുട്ടി തിരിച്ചറിഞ്ഞത്?   
ഇടയുന്ന സന്ദര്‍ഭങ്ങളിലൊഴികെ ആന അനുസരണയുള്ള ശാന്തസ്വഭാവിയാണ്. ഒരു വടി ചാരിവച്ചാല്‍ ആന അതിനെ ധിക്കരിക്കുകയില്ല. വിനീതവിധേയന്‍. ആടിന്റെ സ്ഥിതി അതല്ല. അതിന് ഭയമില്ല. സദാസമയവും ശബ്ദമുണ്ടാക്കി, കണ്ണില്‍ക്കാണുന്ന പച്ചപ്പു മുഴുവനും കടിച്ചുകൊണ്ട് തുള്ളിച്ചാടി നടക്കും. ആനയെ കൊണ്ടുനടക്കുന്നത്ര എളുപ്പമല്ല ആടിനെ മേയ്ക്കാന്‍. ആനയോടൊപ്പം നടക്കാന്‍ ആനനട ശീലിച്ചിരുന്ന നാണുക്കുട്ടിക്ക് ആടിനോടൊപ്പം നടക്കാന്‍ പുതിയൊരു നടത്തംതന്നെ ശീലിക്കേണ്ടിവന്നു. തികഞ്ഞ സ്വാതന്ത്ര്യബോധമുള്ള മൃഗമാണ് ആട്. ഇടഞ്ഞ ആനകളെ വരുതിയിലാക്കുന്നതില്‍ അതിസമര്‍ഥനായ നാണുക്കുട്ടിക്കുപോലും ആടിനെ മേയ്ക്കാന്‍ പുതിയരീതികള്‍ സ്വീകരിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.


ജീവിതം ഒരു പ്രാര്‍ഥന എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 9)

1. കെ.എം. മാത്യു ഓര്‍മ്മിക്കുന്ന അന്നമ്മയുടെ സ്വഭാവസവിശേഷതകള്‍ എന്തെല്ലാമാണ്?
വീട്ടിലെ സഹായികളെ തന്നോടൊപ്പം സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന രീതിയായിരുന്നു അന്നമ്മയുടേത്. എല്ലാവരുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. അവരോടൊപ്പമിരുന്നാണ് അന്നമ്മ പ്രാര്‍ഥിച്ചിരുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കുവേണ്ടി ഉച്ചത്തിലായിരുന്നു അവര്‍ പ്രാര്‍ഥിച്ചിരുന്നത്. സ്‌നേഹപൂര്‍ണമായ ഇടപെടലുകളിലൂടെ അന്നമ്മ ഒരു സ്വകാര്യലോകം സൃഷ്ടിച്ചിരുന്നു. ഈ സവിശേഷതയാണ് അവരുടെ വേര്‍പാടിനുശേഷം കെ.എം. മാത്യു സ്‌നേഹാദരങ്ങളോടെ ഓര്‍ക്കുന്നത്.
2. അന്നമ്മയുടെ മരണശേഷം മാത്യു ജീവിതത്തില്‍ വരുത്തിയ മാറ്റമെന്താണ്?
ഭാര്യ അന്നമ്മയുടെ മരണം കെ.എം. മാത്യുവിന്റെ ജീവിതത്തില്‍ ശൂന്യതയുണ്ടാക്കി. വീട്ടിലെ സഹായികളുമായി അന്നമ്മയ്ക്കുണ്ടായിരുന്നതുപോലുള്ള ബന്ധം കെ.എം. മാത്യുവിനുണ്ടായിരുന്നില്ല. തന്റെ ഏകാന്തതയില്‍നിന്ന് രക്ഷനേടാനാണ് അദ്ദേഹം  വീട്ടുജോലിക്കാരുമായി അടുത്തിടപഴകിയത്. അന്നമ്മയുടെ പ്രാര്‍ഥനാരീതിയും അദ്ദേഹം അനുകരിച്ചു. ജോലിക്കാരുമായി തമാശപറയാനും പരസ്പരം കളിയാക്കാനും സമയം കണ്ടെത്തി. മുന്‍വിധികളില്ലാത്ത ഇടപെടലുകളിലൂടെ ആഴമേറിയ സൗഹൃദമാണ് കെ. എം. മാത്യു സൃഷ്ടിച്ചെടുത്തത്. അന്നമ്മയെ അക്ഷരാര്‍ഥത്തില്‍ അനുകരിക്കുകയാണ് മാത്യു ചെയ്തത്.


കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 8)

1. ''വിദ്യകള്‍ മറ്റുള്ളതെല്ലാം വൃഥാതന്നെ
   വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍''
   കുഞ്ചന്‍നമ്പ്യാരുടെ ഈ നിരീക്ഷണത്തിനു പിന്നിലെ പരിഹാസം വിലയിരുത്തി കുറിപ്പ് തയാറാക്കുക.
മറ്റുള്ള വിദ്യകളെല്ലാം വെറുതെയാണെന്നും വൈദ്യം പഠിച്ചാലേ പണമുണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും വിചാരിക്കുന്നവരുണ്ട്. സേവനമനോഭാവത്തോടെയും അര്‍പ്പണമനസ്സോടെയും ചെയ്യേണ്ട ആതുരശുശ്രൂഷാരംഗം പോലും പണമുണ്ടാക്കാനുള്ള മാര്‍ഗം മാത്രമായി അധപ്പതിപ്പിച്ചവരെ പരിഹസിക്കുകയാണ് നമ്പ്യാര്‍ ഇവിടെ. ഇത്തരക്കാര്‍ ആളുകളെ ചികിത്സിക്കുന്നത് രോഗം മാറ്റാനല്ല, തങ്ങള്‍ക്ക് പണമുണ്ടാക്കുവാനാണ്. സാമൂഹികപ്രതിബദ്ധതയില്ലാത്ത ആതുരശുശ്രൂഷാരംഗത്തെ പരിഹസിക്കുന്ന ഈ വരികള്‍ക്ക് ഈ ആധുനിക കാലഘട്ടത്തിലും പ്രസക്തി നഷ്ടമായിട്ടില്ല. കാരണം പണമുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെ കച്ചവടതാല്‍പ്പര്യം മാത്രമുള്ളവരായി നമ്മുടെ ആശുപത്രികളും ഡോക്ടര്‍മാരും മാറിയിരിക്കുന്നു കാഴ്ച ഇന്നത്തെ സമൂഹത്തിലും ഒട്ടും കുറവല്ല.
2. 'പാരിലോരോ ജനം ദ്രവ്യമുണ്ടാക്കുവാന്‍
    ഓരോരോ വിദ്യകള്‍ കാട്ടുന്നു സന്തതം'
- കുഞ്ചന്‍നമ്പ്യാര്‍
   'അര്‍ഥമെത്ര വളരെയുണ്ടായാലും
   തൃപ്തിയാകാ മനസ്സിന്നൊരുകാലം'
        - പൂന്താനം
തന്നിരിക്കുന്ന വരികള്‍ ഇന്നും പ്രസക്തമാണോ?  എന്തുകൊണ്ട്? കൂടുതല്‍ കാവ്യസന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരണക്കുറിപ്പ് തയാറാക്കുക.
പണത്തോടുള്ള മനുഷ്യന്റെ അത്യാര്‍ത്തിയെ കാണിക്കുന്നതാണ് കുഞ്ചന്‍നമ്പ്യാരുടെയും പൂന്താനത്തിന്റെയും വരികള്‍. ഇവയുടെ പ്രസക്തിക്ക് ഇക്കാലത്തും യാതൊരു കുറവും സംഭവിച്ചിട്ടില്ല. പകരം പ്രസക്തി കൂടിയിട്ടേയുള്ളൂ. കാരണം എത്ര  പണം കിട്ടിയാലും മനുഷ്യര്‍ക്ക് തൃപ്തി വരുകയില്ല. മാത്രമല്ല,  കിട്ടുന്തോറും ആര്‍ത്തി കൂടിവരികയുമാണ്. അതിനായി എന്തുചെയ്യാനും അവര്‍ക്ക് യാതൊരു മടിയുമില്ല. പത്തുരൂപ കിട്ടുമ്പോള്‍ നൂറു കിട്ടിയാല്‍ നന്നായിരുന്നുവെന്നു തോന്നും. നൂറു കിട്ടിയാല്‍ ആയിരം വേണമെന്ന  ചിന്തയാണ്. ഇങ്ങനെ മനുഷ്യരുടെ പണത്തോടുള്ള ആര്‍ത്തി കാലം കഴിയുന്തോറും  കൂടിവരികയാണെന്ന് സമീപകാലത്തു നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. പണത്തിനുവേണ്ടി സ്വന്തം മാതാപിതാക്കളെ വരെ ഉപദ്രവിക്കുവാന്‍ ആളുകള്‍ക്ക്മ ടിയില്ലാതെയായിരിക്കുന്നു.


വേദം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 8)

1. ''പൊട്ടിക്കരഞ്ഞുമ്മ മാറോടു  
      ചേര്‍ത്തെന്നെ-
      ക്കെട്ടിപ്പിടിച്ചു വിതുമ്പി മെല്ലെ''
      ഉമ്മ പൊട്ടിക്കരയാന്‍ കാരണമെന്ത്?
തന്റെ മകന്‍ കാണിച്ച വിവേകപൂര്‍ണമായ പ്രവൃത്തിയാണ് ഉമ്മയെ കരയിച്ചത്. ചെറിയ കുട്ടിയാണെങ്കിലും സ്വന്തം വിശപ്പ് വകവയ്ക്കാതെ തന്റെ ചോറുകൂടി അവന്‍ അയല്‍പക്കത്തുള്ള പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കി. വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വേദന. വിശക്കുന്നവന് ആഹാരം നല്‍കുന്നത് ദൈവപൂജയ്ക്ക് തുല്യമാണ്. ഈ അറിവ് തന്റെ മകന് പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞതിലുള്ള കൃതാര്‍ഥത അമ്മയുടെ കണ്ണുനീരിലുണ്ട്.
2. 'വേദം' എന്ന ശീര്‍ഷകം ഈ കവിതയ്ക്ക് എത്രത്തോളം ഉചിതമാണെന്ന് പരിശോധിക്കുക.
'വേദം' എന്നാല്‍ അറിവ് എന്നാണര്‍ഥം. ലോകത്തിലെ ഏറ്റവും വലിയ യാഥാര്‍ഥ്യമാണ് വിശപ്പ്. ആഹാരത്തിനുവേണ്ടിയുള്ള പോരാട്ടമാണ് യഥാര്‍ഥത്തില്‍ ജീവിതം. വിശക്കുന്നവര്‍ക്ക് മുന്നില്‍  ദൈവം അന്നമായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക എന്നുപറയുന്നതിന്റെ പൊരുളതാണ്. മറ്റുള്ളവരുടെ വിശപ്പിനുകൂടി വിലകല്‍പ്പിക്കുമ്പോഴാണ് നാം യഥാര്‍ഥ മനുഷ്യരാകുന്നത്. തന്നെപ്പോലെ എല്ലാവരെയും കാണാന്‍ കഴിയുന്നതാണ് ഏറ്റവും  വലിയ അറിവ്. അതാണ് ഈ കവിതയിലൂടെ നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് 'വേദം' എന്ന ശീര്‍ഷകം ഈ കവിതയ്ക്ക് ഏറ്റവും അനുയോജ്യമാണ്.


ഒരു മനുഷ്യന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)

1. 'ഒരു മനുഷ്യന്‍' എന്ന കഥ നല്‍കുന്ന സന്ദേശമെന്ത്?
ഈശ്വരസൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠമാണ് മനുഷ്യജന്മം. പുണ്യവുമാണത്. ആത്യന്തികമായി ഓരോ മനുഷ്യനിലും ഉള്ള നേരിന്റെയും നന്മയുടെയും കണികയാണ് ബഷീര്‍ 'ഒരു മനുഷ്യന്‍' എന്ന കഥയിലൂടെ നമുക്ക് കാണിച്ചുതരുന്നത്. ജീവിതാവസ്ഥകളെ യാതൊരു അതിഭാവുകത്വവുമില്ലാതെ ഈ കഥയില്‍ അനാവരണം ചെയ്തിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ ദയനീയതയും നിരാലംബതയും ആകസ്മികതയും വരച്ചുകാണിക്കുന്ന 'ഒരു മനുഷ്യന്‍' എന്ന കഥ മനുഷ്യര്‍ അടിസ്ഥാനപരമായി നന്മയും ദയയും കാരുണ്യവുമുള്ളവരാണ് എന്ന സന്ദേശമാണ് നല്‍കുന്നത്.
2. നിങ്ങളുടെ സ്‌കൂളിലെ ഭാഷാക്ലബിന്റെ നേതൃത്വത്തില്‍ 'ഒരു മനുഷ്യന്‍' എന്ന കഥ ഒരു നാടകമാക്കി  അവതരിപ്പിക്കുന്നുവെന്ന് കരുതുക. നാടകപ്രദര്‍ശനത്തിന്റെ ഒരു പോസ്റ്റര്‍ തയാറാക്കുക.


റൈന്‍നദിയിലെ ഓളങ്ങള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)

1. മുത്തച്ഛന്‍ ആയിരുന്നു തന്റെ പ്രചോദനമെന്ന് ജീന്‍ ക്രിസ്റ്റഫ് പറയാന്‍ കാരണമെന്ത്?
ബാല്യം മുതല്‍ക്കേ രോഗങ്ങള്‍ വിട്ടൊഴിയാതിരുന്ന ജീന്‍ ക്രിസ്റ്റഫ് ചുറ്റുപാടുള്ള ചലനങ്ങളെയും ശബ്ദങ്ങളെയും പോലും ഭയപ്പെട്ടിരുന്നു. എന്നാല്‍ മുത്തച്ഛനോടൊപ്പം പള്ളിയില്‍ പോയിത്തുടങ്ങിയ അവനില്‍ പള്ളിഗീതത്തിന്റെ ശബ്ദവീചികള്‍ സംഗീതാനുഭൂതി നിറച്ചു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ മുത്തച്ഛനായിരുന്നു ക്രിസ്റ്റഫിന് ഏക ആശ്വാസം. അയാള്‍ അവന് മഹാന്മാരുടെയും വീരന്മാരുടെയും കഥകള്‍ പറഞ്ഞുകൊടുക്കും. ആ കഥകളില്‍ ലയിച്ച് അവര്‍ തങ്ങളുടെ ദുഃഖങ്ങള്‍ മറക്കും. ഒരിക്കല്‍ മുത്തച്ഛനോടൊപ്പം വിഖ്യാതഗായകന്‍ ഹെയ്‌സലറിന്റെ സംഗീതക്കച്ചേരിയില്‍ പങ്കെടുത്തത് അവന്റെ ജീവിതത്തില്‍ വഴിത്തിരിവായി. കൂടാതെ കുട്ടിക്കാലത്ത് അവന്‍ മൂളിനടന്ന പാട്ടുകള്‍ കുറിച്ചുവച്ച് മുത്തച്ഛന്‍ പുസ്തകരൂപത്തിലാക്കി. അത് മഹാപ്രഭുവിന്റെ മുമ്പില്‍ സമര്‍പ്പിച്ച് കച്ചേരി നടത്തിയതു മൂലമാണ് ജീന്‍ ക്രിസ്റ്റഫിന്റെ കഴിവുകള്‍ വലിയൊരു സദസ്സിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവന് കഴിഞ്ഞത്. ഇതൊക്കെ ക്കൊണ്ടാണ് മുത്തച്ഛനാണ് തന്റെ പ്രചോദനമെന്ന്  ജീന്‍ ക്രിസ്റ്റഫ് പറഞ്ഞത്.


പുഞ്ച കൊയ്‌തേ, കളം നിറഞ്ഞേ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

1. നെല്‍ക്കൃഷിയുടെ വിവിധ ഘട്ടങ്ങളെ  പ്രതിപാദിക്കുന്ന  ഒരു നാടന്‍പാട്ടാണല്ലോ 'പുഞ്ച കൊയ്‌തേ, കളം നിറഞ്ഞേ' എന്നത്. ശാസ്ത്രം പുരോഗമിച്ചതോടെ പണ്ട് നമ്മുടെ പാടത്തും  പറമ്പിലും ഉപയോഗിച്ചിരുന്ന കൃഷിയുപകരണങ്ങളില്‍ പലതും യന്ത്രവല്‍ക്കൃത ഉപകരണങ്ങള്‍ക്ക് വഴിമാറി. യന്ത്രങ്ങള്‍ കൃഷിയില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക. 
മറ്റെല്ലാ മേഖലകളിലുമെന്നപോലെ ശാസ്ത്രത്തിന്റെ വളര്‍ച്ച   കാര്‍ഷികമേഖലയിലും നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി. യന്ത്രങ്ങള്‍ നമ്മുടെ സമയവും അധ്വാനവും ലഘൂകരിച്ചു. കാളയും കലപ്പയും ഉപയോഗിച്ച് നിലമൊരുക്കുന്നതിനു ട്രാക്ടറുകള്‍  വന്നപ്പോള്‍ അത് ഏറെ പ്രയോജനകരമായി. മറ്റൊന്ന് ജലസേചനമാര്‍ഗങ്ങളാണ്. ചക്രങ്ങളുപയോഗിച്ചിരുന്നിടത്ത് പമ്പുസെറ്റുകള്‍ വന്നതും കൃഷിക്കാര്‍ക്ക് സഹായകമായി. ഞാറുനടീല്‍യന്ത്രങ്ങളും, കൊയ്ത്തുയന്ത്രങ്ങളും ഒക്കെ  അങ്ങനെതന്നെ. കായികാധ്വാനമുള്ള കൃഷിപ്പണിക്ക് ആളെ കിട്ടാത്തത് നികത്താന്‍ ഈ യന്ത്രസംവിധാനങ്ങള്‍ വളരെയധികം സഹായിച്ചു. പക്ഷേ, കൃഷിയെന്ന കലയുടെ സൗന്ദര്യം നഷ്ടമായി. കൃഷിപ്പാട്ടുകള്‍ പാടി ആഹ്ലാദത്തോടെ ജോലിചെയ്തിരുന്ന കര്‍ഷകരും  ഇന്ന് അന്യംനിന്നു പോയിരിക്കുന്നു.
2. അന്യംനിന്നു പോകുന്ന കാര്‍ഷികസംസ്‌കാരത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി, 
കൃഷിസംരക്ഷണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ എഴുതുക.
◼️ കൃഷിയെ സംരക്ഷിക്കൂ, കര്‍ഷകരെ ബഹുമാനിക്കൂ.
◼️ പാടങ്ങള്‍ സംരക്ഷിക്കൂ, പട്ടിണി അകറ്റൂ.
◼️ വയല്‍ കൃഷിക്കുള്ളതാണ്, നികത്താനുള്ളതല്ല.
3. കുട്ടിക്കാലം തൊട്ടേ കൃഷിചെയ്യുന്നത് കണ്ടും കൃഷിപ്പണികളിലേര്‍പ്പെട്ടും കാര്‍ഷികമേഖലയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു തലമുറ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നോ? 'കൃഷി അന്നും ഇന്നും' എന്ന വിഷയത്തെ ആസ്പദമാക്കി ലഘു ഉപന്യാസം തയാറാക്കുക. 
മനുഷ്യന്‍ ഒരിടത്ത് സ്ഥിരമായി താമസിക്കാന്‍ തുടങ്ങിയത് കൃഷി ആരംഭിച്ചതോടുകൂടിയാണ്. നമ്മുടെ ജീവിതത്തിന് ആവശ്യമായതെല്ലാം നാം നിറവേറ്റിയിരുന്നത് കൃഷിയിലൂടെയാണ്. കൃഷി നമുക്ക് ഉപജീവനമാര്‍ഗം മാത്രമായിരുന്നില്ല, സംസ്‌കാരവുമായിരുന്നു. നമ്മുടെ പ്രധാന ആഘോഷങ്ങളും നാടന്‍കലാരൂപങ്ങളുമെല്ലാം കൃഷിയുമായി ബന്ധപ്പെട്ടതാണ്. കൃഷി ദൈവികമായ ഒരു പ്രവൃത്തിയായിട്ടാണ് പണ്ടത്തെ മനുഷ്യര്‍ കണ്ടിരുന്നത്. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള കൃഷിരീതിയാണ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നത്. ഭക്ഷണം മാത്രമല്ല കായികാധ്വാനത്തിലൂടെ ആരോഗ്യവും ആനന്ദവും നാം കൃഷിയില്‍നിന്നും അനുഭവിച്ചു. വിളവെടുപ്പ് നാടിന്റെ ഉത്സവംതന്നെയായിരുന്നു.
എന്നാല്‍ ശാസ്ത്രസാങ്കേതികവിദ്യ പുരോഗമിച്ചതോടെ കൃഷിയിലും വലിയ മാറ്റങ്ങള്‍ വന്നു. കാളയും കലപ്പയും ഉപയോഗിച്ച് നിലമുഴുതിരുന്ന സ്ഥാനത്ത് ഇന്ന് ട്രാക്ടറാണ്  ഉപയോഗിക്കുന്നത്. ജലസേചനത്തി
നുവേണ്ടി ഉപയോഗിച്ചിരുന്ന ചക്രങ്ങളുടെ സ്ഥാനത്ത് പമ്പുസെറ്റുകള്‍ ഉപയോഗിക്കുന്നു. ഞാറുനടീലും കൊയ്ത്തുമെല്ലാം ഇന്ന് യന്ത്രത്തിന്റെ സഹായത്താല്‍ത്തന്നെ. ഒരു പരിധിവരെ ഈ യന്ത്രസംവിധാനങ്ങള്‍ നമുക്ക് പ്രയോജനപ്രദമാണ്. പക്ഷേ മനുഷ്യന്റെ കായികാധ്വാന ത്തെ ഇത് കുറയ്ക്കുകയും കൃഷിയെന്ന കലയുടെ സൗന്ദ്യരത്തെ നഷ്ടപ്പെടുത്തുകയും ചെയ്തു. മറ്റൊന്ന് കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗമാണ്. കുറച്ചു സ്ഥലത്തുനിന്നും കൂടുതല്‍ വിളവു ലഭിക്കാന്‍വേണ്ടി മനുഷ്യര്‍ ഉപയോഗിക്കുന്ന പല രാസവളങ്ങളും പ്രകൃതിക്കും മനുഷ്യര്‍ക്കും ദോഷംചെയ്യുന്നതാണ്. മാരകവിഷമടങ്ങിയ  കീടനാശിനികള്‍ ഉപയോഗിക്കുന്നതുമൂലം ഏതെല്ലാംതരം രോഗങ്ങളാണ് നമ്മെ പിടികൂടുന്നത്.
പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതാണ് കാര്‍ഷികമേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. കൃഷിയേക്കാള്‍ കൂടുതല്‍ ലാഭകരം വ്യവസായമാണെന്ന തോന്നല്‍ ചെറുപ്പക്കാരെ കൃഷിയില്‍നിന്നകറ്റുന്നു. കൃഷിഭൂമി നികത്തി  കെട്ടിടങ്ങളും വ്യവസായശാലകളും പണിയുന്നു. ഇത് നമ്മുടെ നിലനില്‍പ്പിനെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ കൃഷിയെ സ്‌നേഹിക്കുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യം.


മഞ്ഞുതുള്ളി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

1. മഞ്ഞുതുള്ളികളുടെ സൗന്ദര്യത്തെ ഉള്ളൂര്‍ 'മഞ്ഞുതുള്ളി' എന്ന കവിതയിലൂടെ വര്‍ണിക്കുന്നു. നിങ്ങളെ ആകര്‍ഷിച്ച ഏതെങ്കിലും ഒരു കാഴ്ചയുടെ വര്‍ണന തയാറാക്കുക. 
പുതിയ പ്രതീക്ഷകളുമായാണ് പ്രഭാതം വിടരുന്നത്. ചെഞ്ചായം പൂശിയപോലെ കിഴക്കേ ആകാശം അരുണാഭയോടെ കാണപ്പെട്ടു. ഉദിച്ചുവരുന്ന ബാലസൂര്യന്റെ നേര്‍ത്ത വെളിച്ചം തൂവല്‍സ്പര്‍ശംപോലെ ഭൂമിയെ തൊട്ടുതലോടുന്നു. കൂടുവിട്ടു പറന്നകലുന്ന  പക്ഷികള്‍.  കുയിലിന്റെ കളനാദം. ചെറുകിളികള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ചിലച്ചുകൊണ്ട് തത്തിക്കളിക്കുന്നു. വിടര്‍ന്നുവരുന്ന ചെമ്പരത്തിപ്പൂവില്‍നിന്നു തേനുണ്ണുന്ന തേന്‍കുരുവികളുടെ മധുരമായ ശബ്ദം. മഞ്ഞുതുള്ളികള്‍കൊണ്ട് മുത്തണിഞ്ഞ പുല്‍ത്തലപ്പുകള്‍. മണ്ണില്‍നിന്നും തലനീട്ടിനോക്കുന്ന പുതിയ പുല്‍നാമ്പുകള്‍. പൂക്കള്‍ തോറും പരതിനടക്കുന്ന വണ്ടുകള്‍. കുളിരാര്‍ന്ന ഈ പ്രഭാതത്തിന്റെ ലാവണ്യവും നൈര്‍മല്യവും ഹൃദയത്തെ ഉന്മേഷഭരിതമാക്കുന്നു.


പരിശ്രമം ചെയ്യുകിലെന്തിനേയും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

1. എസ്. എല്‍. വി- 3 എന്ന പദ്ധതിയുടെ ആദ്യവിക്ഷേപണം പരാജയമായിരുന്നെങ്കിലും അതില്‍ മനസ്സുതളരാതെ, പിഴവുകള്‍ കണ്ടെത്തി അത് പരിഹരിച്ച്  വീണ്ടും പരിശ്രമം നടത്തിയതുകൊണ്ടാണ് അബ്ദുല്‍കലാമിന് രണ്ടാമത്തെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇതുപോലെ ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ ജീവിതവിജയം നേടിയ ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ച് കുറിപ്പ് തയാറാക്കുക. 
◀️ വില്‍മ റുഡോള്‍ഫ്
അമേരിക്കയിലാണ് വില്‍മ റുഡോള്‍ഫ് ജനിച്ചത്, തീരെ കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ പോളിയോ ബാധിച്ച് അവളുടെ ഒരു  കാലും കൈയും തളര്‍ന്നു. ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍ വടികുത്തി നടന്നുതുടങ്ങിയ അവള്‍ മനക്കരുത്തുകൊണ്ട് കാലുകള്‍ക്ക് ബലം നല്‍കുകയായിരുന്നു. നടന്നും ഓടിയും ബാസ്‌കറ്റ്‌ബോള്‍ കളിച്ചും അവള്‍ മത്സരങ്ങളുടെ ഭാഗമായി. ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഒളിമ്പിക്‌സ് സ്വര്‍ണം നേടുമെന്ന് അവള്‍ പ്രഖ്യാപിച്ചത്. പിന്നീട് കഠിനപരിശീലനത്തിന്റെ നാളുകളായിരുന്നു. 1960-ല്‍ നടന്ന ഒളിമ്പിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണം  നേടി അവള്‍ തന്റെ വാക്കുപാലിച്ചു. ആത്മവിശ്വാസം, മനക്കരുത്ത്, ലക്ഷ്യബോധം, കഠിനാധ്വാനം ഇവ നാലുമാണ് വില്‍മയുടെ  തിളക്കമാര്‍ന്ന വിജയത്തിനു   പണ്ടിന്നില്‍. ലോകം ഇന്നും ആദരവോടെയാണ് വില്‍മ  റുഡോള്‍ഫ് എന്ന പെണ്‍കുട്ടിയെ സ്മരിക്കുന്നത്.
2. എസ്. എല്‍. വി- 3 എന്ന പദ്ധതിയുടെ ആദ്യവിക്ഷേപണം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ വിക്ഷേപണം വിജയകരമായി നടത്താന്‍ അബ്ദുല്‍കലാമിനെയും മറ്റു ശാസ്ത്രജ്ഞരെയും സഹായിച്ചതെന്ത്?
എസ്. എല്‍. വി- 3 എന്ന പദ്ധതിയുടെ ആദ്യവിക്ഷേപണം പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് അബ്ദുല്‍ കലാമും സംഘവും  വസ്തുനിഷ്ഠമായ രീതിയില്‍ വിശകലനം നടത്തി. ഒടുവില്‍ കുഴപ്പം എയര്‍ കണ്ടീഷനിങ് പ്ലാന്റിന്റേതാണെന്നു മനസ്സിലായി. വിക്ഷേപണത്തിനുമുമ്പുള്ള സമയത്ത് കണ്‍ട്രോള്‍ പവര്‍ പ്ലാന്റിന്റെ  വാല്‍വില്‍ പൊടി കടന്നിരുന്നു. തന്മൂലം അതു ശരിയായി പ്രവര്‍ത്തിക്കാതായി. ഈ സംഭവത്തിനുശേഷം  എല്ലാ ഉപകരണങ്ങളുടെയും ഗുണനിലവാരം കര്‍ശനമായി പരിശോധിക്കുന്നു എന്നു അവര്‍ ഉറപ്പുവരുത്തി. സാങ്കേതികപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ മാത്രമല്ല ഇതിലൂടെ അവര്‍ക്കു സാധിച്ചത്; ശാസ്ത്രജ്ഞരുടെ മനോവീര്യം ഉയര്‍ത്താനും സാധിച്ചു. അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ത്തന്നെ  രണ്ടാമത്തെ വിക്ഷേപണം വിജയകരമായി നടത്താന്‍ ഇതവരെ സഹായിച്ചു.


കാന്‍സര്‍വാര്‍ഡിലെ ചിരി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

1. മഹാരോഗങ്ങളെ മറികടക്കാന്‍ ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും പിന്‍ബലം എന്നാണ് 'കാന്‍സര്‍വാര്‍ഡിലെ ചിരി'യില്‍ ഇന്നസെന്റ് പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് അത് 'ചിരി' ആയിരുന്നു. രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഈ സമീപത്തെക്കുറിച്ച് നിങ്ങളുടെ പ്രതികരണം ഒരു കുറിപ്പായി എഴുതൂ. 
അപ്രതീക്ഷിതമായി തനിക്ക് വന്നുപെട്ട കാന്‍സര്‍  എന്ന മാരകരോഗത്തെ ചെറുക്കാന്‍ ചിരിയായിരുന്നു ഇന്നസെന്റിന്റെ പിന്‍ബലം. മരുന്നുകളോടൊപ്പം അദ്ദേഹം തന്റെ സഹജമായ നര്‍മ്മബോധമുപയോഗിച്ച് എന്തിലും ചിരി കണ്ടെത്താന്‍ തുടങ്ങി. ഇത് രോഗത്തെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് മാരകരോഗങ്ങളായോ അപകടങ്ങളായോ പരാജയങ്ങളായോ ഒക്കെ വരാം. എന്നാല്‍ അതിനെ എങ്ങനെയാണ് നമ്മള്‍ നേരിടുക എന്നതാണ് പ്രധാനം. പ്രതിസന്ധികളില്‍ പതറാതെ അതിനെ ധൈര്യത്തോടെ നേരിടുന്നവരാണ് ജീവിതത്തില്‍ വിജയം കൈവരിക്കുന്നത്. പ്രതിസന്ധികളില്‍ നിരാശപ്പെട്ട്  പിന്‍വാങ്ങുന്നവര്‍ക്ക് ഒരിക്കലും വിജയികളാകാന്‍ സാധിക്കുകയില്ല. തനിക്ക്  കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ ചിരിയോടെ നേരിട്ടതുകൊണ്ടാണ് ഇന്നസെന്റിന് രോഗത്തെ മറികടക്കാനും തന്റെ ജീവിതത്തില്‍ പുതിയ പുതിയ വിജയങ്ങള്‍ കൈവരിക്കാനും  സാധിച്ചത്. രോഗവിമുക്തനായ  അദ്ദേഹം സിനിമാഭിനയത്തില്‍ കൂടുതല്‍ തിളങ്ങുക മാത്രമല്ല, ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. തനിക്കു ബാധിച്ച രോഗത്തില്‍ നിരാശപ്പെടാതെ തക്കസമയത്ത് ഉചിതമായ  ചികിത്സ തേടുകയും ഒപ്പം തനിക്ക് ലഭിച്ച നര്‍മ്മബോധത്തെ കൈവിടാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ഇതെല്ലാം അദ്ദേഹത്തിന് സാധിച്ചത്. ഇന്നസെന്റിന്റെ ഈയൊരു സമീപനം കാന്‍സര്‍രോഗികള്‍ക്കു മാത്രമല്ല, ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളില്‍ പതറി മനസ്സുതളര്‍ന്ന് നില്‍ക്കുന്നവര്‍ക്കും പ്രചോദനമാണ്.
2. കാന്‍സര്‍ എന്ന മഹാരോഗത്തെ മറികടക്കുന്നതിനുവേണ്ടി ചിരിയെ ചേര്‍ത്തുപിടിക്കാന്‍ ഇന്നസെന്റ് തീരുമാനിച്ചത് എന്തുകൊണ്ട്?
ജീവിതത്തില്‍ കടന്നുപോന്ന പല പ്രതിസന്ധികളിലും  ചിരിയായിരുന്നു ഇന്നസെന്റിന്റെ പിന്‍ബലം.  ചിരിയുടെ പിന്‍ബലത്തില്‍ പല പ്രതിബന്ധങ്ങളെയും നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈയൊരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാന്‍സര്‍ എന്ന രോഗത്തെ നേരിടാനും അദ്ദേഹം ചിരിയെ കൂട്ടുപിടിച്ചത്. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.


കണ്ടാലറിയാത്തത്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

1. ശ്രീനാരായണഗുരുവിന്റെ ജീവിതാനുഭവങ്ങള്‍  നമ്മെ എന്തെല്ലാം അറിവുകളിലേക്കാണ് നയിക്കുന്നത്? 'കണ്ടാലറിയാത്തത്' എന്ന പാഠഭാഗം മുന്‍നിര്‍ത്തി വിശദമാക്കുക.
 ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ഒരു അപരിചിതന്‍ ഗുരുവിനോട് ജാതിചോദിച്ചപ്പോള്‍ 'കണ്ടിട്ടു മനസ്സിലായില്ലേ' എന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്. 'മനസ്സിലായില്ലാ' എന്ന അയാളുടെ മറുപടികേട്ടപ്പോള്‍ 'കണ്ടാല്‍ മനസ്സിലായില്ലെങ്കില്‍   എങ്ങനെ കേട്ടാല്‍ മനസ്സിലാകും' എന്നാണ് ഗുരു മറുചോദ്യം ചോദിച്ചത്. മനുഷ്യനെ മനസ്സിലാക്കാന്‍ ജാതി അറിയണമെന്നില്ല. ഒരുവന്‍ മനുഷ്യനാവുന്നത് അവന്റെ കര്‍മ്മത്തിലൂടെയാണ്. ജാതിയോ മതമോ അല്ല മനുഷ്യനെ തിരിച്ചറിയാനുള്ള മാര്‍ഗം എന്നും അദ്ദേഹം പഠിപ്പിക്കുന്നു. ഒരാള്‍ മനുഷ്യനാകുന്നത് അയാള്‍ മറ്റുള്ളവരെ സഹോദരരായി കാണുകയെന്ന മഹത്തായ ദര്‍ശനം ഉള്‍ക്കൊള്ളുമ്പോഴാണ്. അത്രയ്ക്കു ഹൃദയവിശാലതയും ഉദാരതയും സഹജീവിസ്‌നേഹവും നമുക്ക് ഉണ്ടാവണം. ശ്രീനാരായണഗുരു സ്വന്തം ജീവിതംകൊണ്ട് നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്.
2. ശ്രീനാരായണഗുരുവിന്റെ ഏതെങ്കിലും  രണ്ട് മഹദ്‌വചനങ്ങള്‍ എഴുതുക.
   ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
     മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.