Friday, November 1, 2019

കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 8)

1. ''വിദ്യകള്‍ മറ്റുള്ളതെല്ലാം വൃഥാതന്നെ
   വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍''
   കുഞ്ചന്‍നമ്പ്യാരുടെ ഈ നിരീക്ഷണത്തിനു പിന്നിലെ പരിഹാസം വിലയിരുത്തി കുറിപ്പ് തയാറാക്കുക.
മറ്റുള്ള വിദ്യകളെല്ലാം വെറുതെയാണെന്നും വൈദ്യം പഠിച്ചാലേ പണമുണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും വിചാരിക്കുന്നവരുണ്ട്. സേവനമനോഭാവത്തോടെയും അര്‍പ്പണമനസ്സോടെയും ചെയ്യേണ്ട ആതുരശുശ്രൂഷാരംഗം പോലും പണമുണ്ടാക്കാനുള്ള മാര്‍ഗം മാത്രമായി അധപ്പതിപ്പിച്ചവരെ പരിഹസിക്കുകയാണ് നമ്പ്യാര്‍ ഇവിടെ. ഇത്തരക്കാര്‍ ആളുകളെ ചികിത്സിക്കുന്നത് രോഗം മാറ്റാനല്ല, തങ്ങള്‍ക്ക് പണമുണ്ടാക്കുവാനാണ്. സാമൂഹികപ്രതിബദ്ധതയില്ലാത്ത ആതുരശുശ്രൂഷാരംഗത്തെ പരിഹസിക്കുന്ന ഈ വരികള്‍ക്ക് ഈ ആധുനിക കാലഘട്ടത്തിലും പ്രസക്തി നഷ്ടമായിട്ടില്ല. കാരണം പണമുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെ കച്ചവടതാല്‍പ്പര്യം മാത്രമുള്ളവരായി നമ്മുടെ ആശുപത്രികളും ഡോക്ടര്‍മാരും മാറിയിരിക്കുന്നു കാഴ്ച ഇന്നത്തെ സമൂഹത്തിലും ഒട്ടും കുറവല്ല.
2. 'പാരിലോരോ ജനം ദ്രവ്യമുണ്ടാക്കുവാന്‍
    ഓരോരോ വിദ്യകള്‍ കാട്ടുന്നു സന്തതം'
- കുഞ്ചന്‍നമ്പ്യാര്‍
   'അര്‍ഥമെത്ര വളരെയുണ്ടായാലും
   തൃപ്തിയാകാ മനസ്സിന്നൊരുകാലം'
        - പൂന്താനം
തന്നിരിക്കുന്ന വരികള്‍ ഇന്നും പ്രസക്തമാണോ?  എന്തുകൊണ്ട്? കൂടുതല്‍ കാവ്യസന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരണക്കുറിപ്പ് തയാറാക്കുക.
പണത്തോടുള്ള മനുഷ്യന്റെ അത്യാര്‍ത്തിയെ കാണിക്കുന്നതാണ് കുഞ്ചന്‍നമ്പ്യാരുടെയും പൂന്താനത്തിന്റെയും വരികള്‍. ഇവയുടെ പ്രസക്തിക്ക് ഇക്കാലത്തും യാതൊരു കുറവും സംഭവിച്ചിട്ടില്ല. പകരം പ്രസക്തി കൂടിയിട്ടേയുള്ളൂ. കാരണം എത്ര  പണം കിട്ടിയാലും മനുഷ്യര്‍ക്ക് തൃപ്തി വരുകയില്ല. മാത്രമല്ല,  കിട്ടുന്തോറും ആര്‍ത്തി കൂടിവരികയുമാണ്. അതിനായി എന്തുചെയ്യാനും അവര്‍ക്ക് യാതൊരു മടിയുമില്ല. പത്തുരൂപ കിട്ടുമ്പോള്‍ നൂറു കിട്ടിയാല്‍ നന്നായിരുന്നുവെന്നു തോന്നും. നൂറു കിട്ടിയാല്‍ ആയിരം വേണമെന്ന  ചിന്തയാണ്. ഇങ്ങനെ മനുഷ്യരുടെ പണത്തോടുള്ള ആര്‍ത്തി കാലം കഴിയുന്തോറും  കൂടിവരികയാണെന്ന് സമീപകാലത്തു നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. പണത്തിനുവേണ്ടി സ്വന്തം മാതാപിതാക്കളെ വരെ ഉപദ്രവിക്കുവാന്‍ ആളുകള്‍ക്ക്മ ടിയില്ലാതെയായിരിക്കുന്നു.


7 comments: