Friday, November 1, 2019

പത്രനീതി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. 'പത്രമെന്ന വിരോധാഭാസ'മെന്ന്   സുകുമാര്‍ അഴീക്കോട്പറയുന്നത് എന്തിനെപ്പറ്റിയാണ്? വിശദീകരിക്കുക.
സൂര്യനു കീഴെയുള്ള സകലതിനെയും പത്രങ്ങള്‍ വിമര്‍ശിക്കും. എന്നാല്‍ അതേ അളവില്‍ പത്രങ്ങളെ ആരും വിമര്‍ശിക്കാറില്ല. എങ്ങനെയും കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതിനുവേണ്ടി ആളുകള്‍ ഈ വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുന്നു. പത്രങ്ങളെ എതിര്‍ക്കുന്ന വാര്‍ത്ത പ്രസിദ്ധപ്പെടുത്തേണ്ടതും പത്രങ്ങള്‍തന്നെയാണ്. ഇതാണ് പത്രങ്ങള്‍ പുലര്‍ത്തുന്ന
വിരോധാഭാസം.
2. ◼️ ''എന്റെ വിസ്മയം പത്തൊന്‍പതാം നൂറ്റാണ്ടുകാരനായ ബട്‌ലര്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഈ വൈകിയ ഘട്ടത്തില്‍ നമ്മുടെ പത്രങ്ങള്‍ എത്തിച്ചേര്‍ന്ന അസൂയാവഹമല്ലാത്ത അവസ്ഥാവിശേഷം അപ്പോഴേ കണ്ടറിഞ്ഞ് വിളിച്ചുപറഞ്ഞത്, എങ്ങനെയെന്നു ചിന്തിച്ചാണ്.''
 ◼️ ''പത്രം അസത്യമാണെന്നറിഞ്ഞുകൊണ്ട് ഒരു കാര്യം പറയുകയും അത് സത്യമായിത്തീരുമെന്ന വിചാരത്തില്‍ അക്കാര്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.''  (സുകുമാര്‍ അഴീക്കോട്)
പത്രമാധ്യമങ്ങളെക്കുറിച്ചുള്ള  ലേഖകന്റെ നിരീക്ഷണങ്ങളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? സ്വാഭിപ്രായം യുക്തിപൂര്‍വം സമര്‍ഥിക്കുക.
നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തു നടക്കുന്ന പല വാര്‍ത്തകളും നമ്മള്‍ മനസ്സിലാക്കുന്നത് പത്രങ്ങളിലൂടെയാണ്. ആധുനികകാലത്ത് റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഈ മേഖലയില്‍ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയുടെ സ്വാധീനം പത്രങ്ങളോളം വരില്ല. പത്രങ്ങള്‍ മനുഷ്യന്റെ  നിത്യജീവിതത്തില്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ഭൂരിപക്ഷംപേരുടെയും ഒരു ദിവസം ആരംഭിക്കുന്നതുതന്നെ പത്രം വായിച്ചുകൊണ്ടാണ്. ഇവിടെ ലേഖകന്‍ പറയുന്നത് പത്രങ്ങള്‍ അവയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നില്ല, അഥവാ പത്രങ്ങള്‍ അവയുടെ യഥാര്‍ഥ കടമകളില്‍നിന്നു വ്യതിചലിച്ച് രാഷ്ട്രീയ-സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്നതാണ്. ''പത്രങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ സേവനം, അച്ചടിച്ചത് കണ്ടാല്‍ അവിശ്വസിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുന്നു എന്നതാണ്'' എന്ന സാമുവല്‍ ബട്‌ലറുടെ വാക്കുകളെ ലേഖകന്‍ ശരിവയ്ക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറഞ്ഞ അഭിപ്രായം  ഈ നൂറ്റാണ്ടിലും പ്രസക്തമാണെന്ന് സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെടുന്നു. ഒപ്പം പത്രങ്ങളുടെ ഇന്നത്തെ അവസ്ഥ വളരെ മുമ്പുതന്നെ വിളിച്ചുപറഞ്ഞതില്‍ അദ്ഭുതംകൂറുകയും ചെയ്യുന്നു. പത്രങ്ങള്‍ നാം വായിക്കുന്നത് നമ്മുടെ  ശീലംകൊണ്ടാണ് എന്നാണ് ലേഖകന്‍  അഭിപ്രായപ്പെടുന്നത്. പല പത്രങ്ങള്‍ വായിക്കുമ്പോള്‍ അവയിലെ  കള്ളത്തരങ്ങള്‍ താരതമ്യം ചെയ്ത് സത്യം കണ്ടുപിടിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.  അതുപോലെ തന്നെ അസത്യങ്ങള്‍ സത്യമായിത്തീരുമെന്ന വിചാരത്തില്‍ പത്രങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് മറ്റൊരെഴുത്തുകാരന്‍  പറഞ്ഞിട്ടുെണ്ടന്നും അഴീക്കോട് പറയുന്നു.
ഇന്നത്തെ പത്രങ്ങളുടെ  അവസ്ഥകാണുമ്പോള്‍ ലേഖകനായ സുകുമാര്‍ അഴീക്കോടിനോട് യോജിക്കാതിരിക്കാനാവില്ല. പ്രചാരത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന പത്രങ്ങള്‍പോലും 'പത്രധര്‍മ്മം' ശരിയായി പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്. രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി പല പത്രങ്ങളും അവയുടെ യഥാര്‍ഥകടമകളെ വിസ്മരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു. സത്യവും നീതിയും മുറുകെപ്പിടിച്ചുകൊണ്ട് ഭരണ-രാഷ്ട്രീയ രംഗത്തെ അഴിമതികളെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും പത്രങ്ങള്‍ എപ്പോഴും തുറന്നുകാട്ടണം. പൊതുജനങ്ങളായിരിക്കണം പത്രത്തിന്റെ യഥാര്‍ഥ യജമാനന്മാര്‍. അവര്‍ക്കുവേണ്ടിയായിരിക്കണം പത്രങ്ങള്‍ നിലകൊള്ളേണ്ടത്. എന്നാല്‍ ഇന്ന് പല പത്രങ്ങളും ജനങ്ങളെ ഹരംകൊള്ളിക്കുന്ന വാര്‍ത്തകള്‍ക്കു പിറകേ പായുകയാണ്. അസത്യവാര്‍ത്തകളും വ്യക്തിഹത്യയ്ക്കു കാരണമാകുന്ന വാര്‍ത്തകളും ഒരു മടിയും കൂടാതെ അവര്‍ എഴുതിവിടുന്നു. വാര്‍ത്തകള്‍ക്കുവേണ്ടി അവര്‍തന്നെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. സ്വാര്‍ഥലാഭത്തിനുവേണ്ടി ശരിയല്ലാത്ത പല കാര്യങ്ങളും കാര്യമായ അന്വേഷണം നടത്താതെതന്നെ പത്രങ്ങളില്‍ എഴുതുന്നു.
എങ്കില്‍പ്പോലും സൂര്യനു കീഴിലും മുകളിലും നടക്കുന്ന പല കാര്യങ്ങളും അറിയാനായി ജനങ്ങള്‍ ഇന്നും ഏറ്റവും കൂടുതല്‍ വിശ്വസിച്ച് ആശ്രയിക്കുന്നത് പത്രങ്ങളെത്തന്നെയാണ്. അതുപോലെതന്നെ ഭാഷ തെറ്റില്ലാതെ കൈ
കാര്യം ചെയ്യാനും അറിവുനേടാനും പത്രങ്ങള്‍ സഹായിക്കുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ പത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ഥ പത്രധര്‍മ്മം മനസ്സിലാക്കി സത്യവും നീതിയും മുറുകെപ്പിടിച്ച് സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കാനും ശ്രമിക്കണം. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളണം പത്രങ്ങള്‍. എങ്കിലേ പത്രങ്ങളെ  ജനങ്ങള്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുകയുള്ളൂ.
3.''പത്രത്തെ എതിര്‍ക്കേണ്ടി വന്നാല്‍, ആ എതിര്‍പ്പിനുപോലും പ്രചാരണം വേണമെങ്കില്‍ പത്രത്തെത്തന്നെ ആശ്രയിക്കണം.''- ഈ വാദത്തിന് ഇപ്പോള്‍ എത്രമാത്രം പ്രസക്തിയുണ്ട്?
'നവമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുക.
സാമൂഹികതലം   
 സാംസ്‌കാരികതലം
 വൈകാരികതലം
മാധ്യമങ്ങളുടെ മുഖ്യധര്‍മ്മം ആശയവിനിമയമാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ നവമാധ്യമങ്ങളുടെ വരവോടെ പ്രകാശത്തേക്കാള്‍ വേഗത്തിലാണ് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. മാനവരാശിയുടെ ചരിത്രത്തില്‍ വിവരസാങ്കേതികവിദ്യ ഇത്രയേറെ ശക്തമായ മറ്റൊരു കാലഘട്ടം കണ്ടെത്താനാവില്ല. ലോകമിന്ന് വിരല്‍ത്തുമ്പിലമരുന്ന ബട്ടനോളം ചുരുങ്ങിയിരിക്കുന്നുവെന്ന് പറയുന്നതില്‍ അല്‍പ്പംപോലും അതിശയോക്തിയില്ല. സമൂഹത്തിന്റെ സമസ്തമേഖലകളെയും ഞൊടിയിടയില്‍ സ്വാധീനിക്കുന്ന ശക്തിയാണ് നവമാധ്യമങ്ങള്‍. ഒറ്റനോട്ടത്തില്‍ ഇവയുടെ സ്വാധീനം തിരിച്ചറിയാന്‍ കഴിയുന്ന മേഖലകളെയാണ് നാമിവിടെ വിശകലനം ചെയ്യുന്നത്.
  സാമൂഹികതലം
സമൂഹജീവിയാണ് മനുഷ്യന്‍. മറ്റുള്ളവരുമായി ബന്ധപ്പെടാതെയും സഹായം സ്വീകരിക്കാതെയും സഹായം നല്‍കാതെയും ആര്‍ക്കും നിലനില്‍ക്കാനാവില്ല. ആശയങ്ങള്‍, ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങളിലേക്കെത്തിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും ഏറ്റവും ശക്തമായ ഇടപെടലുകള്‍ നടത്തുന്നത് നവമാധ്യമങ്ങളാണ്. അവയവദാനം, രക്തദാനം എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യക്കാരെയും ദാതാക്കളെയും ആശുപത്രിയെയും കൂട്ടിയിണക്കുന്നതില്‍ നവമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എത്ര വലുതാണ്. പുതിയ കണ്ടുപിടിത്തങ്ങള്‍, പുതിയ പരീക്ഷണങ്ങള്‍, പുതിയ മരുന്നുകള്‍, പുതിയ രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ണടച്ചുതുറക്കുംമുമ്പേയാണ് ലോകത്തിന്റെ മുക്കിലുംമൂലയിലുമെത്തുന്നത്. വിദ്യാഭ്യാസം, വ്യാപാരം, നൂതനചിന്തകള്‍ എന്നിവയിലും നവമാധ്യമങ്ങള്‍ ശക്തിയേറിയ സാന്നിധ്യമാണ്. സമൂഹത്തെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതുതന്നെ മാധ്യമങ്ങളാണ്. മറ്റെന്തിലുമെന്നപോലെ തെറ്റായ പ്രവണതകള്‍ ഇവയുടെ ഉപയോഗത്തിലും കാണാന്‍ കഴിയും.  ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ഉപയോഗിക്കുന്നവര്‍തന്നെയാണ്.
 സാംസ്‌കാരികതലം
കലകള്‍, സാഹിത്യരചനകള്‍, സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നവമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. ലോകപ്രശസ്തങ്ങളായ എത്രയെത്ര സിനിമകള്‍, പുസ്തകങ്ങള്‍, ചര്‍ച്ചകള്‍, പ്രശസ്തരുടെ അഭിപ്രായങ്ങള്‍ തുടങ്ങിയവയെല്ലാം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റില്‍നിന്ന് അനായാസം കണ്ടെത്താം. കുറച്ചുകാലം മുമ്പുവരെ ഇത്തരത്തിലുള്ള വിവരശേഖരണത്തിന് ആളുകള്‍ എത്രയേറെ ബുദ്ധിമുട്ടിയിരുന്നു. പ്രാചീനങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍, കലകള്‍ എന്നിവ നേരിട്ടുകണ്ട് മനസ്സിലാക്കാനും വിശദീകരണങ്ങള്‍ നല്‍കാനുമായി എത്രയെത്ര വഴികളാണ് ഇന്റര്‍നെറ്റ് തുറന്നിടുന്നത്. സ്വന്തമായി സാഹിത്യരചനകള്‍ നടത്തി പ്രസിദ്ധീകരിക്കാനുള്ള സൗകര്യവും ഇന്ന് ലഭ്യമാണ്. നൂതനമാധ്യമങ്ങളുടെ വരവോടെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഒറ്റസമൂഹമായി മാറിയിരിക്കുന്നുവെന്ന് പറയുന്നതില്‍ യാതൊരു  തെറ്റുമില്ല. സാംസ്‌കാരികതലത്തില്‍ അത്രയേറെ കൈമാറ്റങ്ങളാണ് ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തിന്റെയോ ഒരു നാടിന്റെയോ കലാകാരനെയും കലാസൃഷ്ടിയെയും മാനവസമൂഹത്തിന്റേതായി മാറ്റുവാന്‍ നവമാധ്യമങ്ങള്‍ക്ക് സാധിക്കും. ഈ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇനി നാം ചെയ്യേണ്ടത്.
 വൈകാരികതലം
വിദേശത്തു കഴിയുന്ന ബന്ധുക്കളെ തൊട്ടടുത്ത് നേരില്‍ക്കണ്ടുകൊണ്ട് സംസാരിക്കാന്‍ കഴിയുക എന്നത് കുറച്ചുകാലം മുമ്പുവരെ സങ്കല്‍പ്പിക്കാന്‍പോലും കഴിയാതിരുന്ന കാര്യമാണ്. എന്നാല്‍ ഇന്ന് ദൂരം ഒരു തടസ്സമേ അല്ലാതായിരിക്കുന്നു. അകലങ്ങളെ കീഴടക്കി ബന്ധങ്ങളുടെ ഇഴയടുപ്പവും കരുത്തും വര്‍ധിപ്പിക്കാന്‍ നൂതനമാധ്യങ്ങള്‍ സഹായിക്കുന്നു. ഏതു നിമിഷവും എവിടെവെച്ചും ആരുമായും സംസാരിക്കാന്‍ മൊബൈല്‍ഫോണ്‍ സഹായിക്കുന്നു. വൈകാരികതലത്തിലും ലോകത്തെ ഒരുമിപ്പിക്കുന്ന ശക്തിയാണ് നവമാധ്യമങ്ങള്‍. ശിഥിലീകരണശക്തികള്‍ ഇതിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിലും ഗുണങ്ങളുടെ തട്ടിനുതന്നെയാണ് കനക്കൂടുതല്‍.


1 comment: