Wednesday, September 25, 2019

സംഘര്‍ഷങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍ എന്ന യൂണിറ്റിലെ പ്രവേശകഭാഗത്തെ ചോദ്യവും ഉത്തരവും (Class 10)

1. കല-
എത്ര ദീര്‍ഘം! സാധനാലഭ്യം!
ആവൂ! ജീവിതമെത്ര ഹ്രസ്വതരം! 
ഡോക്ടര്‍ ഫൗസ്റ്റ് (ഗോയ്‌ഥേ)
- ജീവിതത്തെയും കലയെയും ഗോയ്‌ഥേ എങ്ങനെയാണ് വിലയിരുത്തുന്നത്? ചര്‍ച്ചചെയ്യുക.
മനുഷ്യരുള്ളിടത്തോളം കാലം നിലനില്‍ക്കുന്നതാണ് കല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും പുതുമയോടെ നിലനില്‍ക്കുന്ന ചിത്രങ്ങളും പ്രതിമകളും സാഹിത്യസൃഷ്ടികളുമെല്ലാം അതിന് തെളിവാണ്. കലാകാരന്റെ കഠിനമായ നിരന്തരപരിശ്രമത്തിന്റെ ഫലമാണ് ഓരോ ഉല്‍ക്കൃഷ്ട കലാസൃഷ്ടിയും. കല സാധാനാലഭ്യമാണെന്ന് ഗോയ്‌ഥേ പറയുന്നത് അതുകൊണ്ടാണ്. നിരന്തരപരിശീലനത്തിലൂടെ രൂപപ്പെടുന്ന കലാസൃഷ്ടിയും കലാകാരനും കാലത്തെ കീഴടക്കി നിലകൊള്ളുകതന്നെ ചെയ്യും. കലയുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യന്റെ ജീവിതത്തിന് ദൈര്‍ഘ്യം വളരെ കുറവാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രം. അതുകൊണ്ടാണ് ജനനം മുതല്‍ മരണം വരെയുള്ള ചെറിയ കാലയളവ് എത്ര ഹ്രസ്വതരമാണെന്ന് ഗോയ്‌ഥേ പറയുന്നത്.

Monday, September 23, 2019

മൃഗങ്ങളുടെ കഥകള്‍

Animal stories


Animal cartoon stories

പലഹാരപ്പാട്ടുകള്‍

Dosa song

Appam song

രണ്ടു മത്സ്യങ്ങള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

1. പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ തയാറാക്കുക.
2. ''പക്ഷേ മനുഷ്യനെ പേടിച്ചേ പറ്റൂ. മുട്ടയിടാന്‍ പോവുകയാണോ, മുട്ടയിട്ട് കൊച്ചുകുഞ്ഞുങ്ങളെയും കൊണ്ട് തിരിച്ചുവരുകയാണോ എന്നൊന്നും അവനറിയണ്ട, കുത്തൂടുകളും വലകളും വെട്ടുകത്തിയുമായി അവന്‍ തക്കംപാര്‍ത്ത് നില്‍ക്കും.''                                            (രണ്ടു മത്സ്യങ്ങള്‍)
അഴകന്റെ ഈ അഭിപ്രായം മനുഷ്യരുടെ സ്വാര്‍ഥതയിലേക്കുള്ള ഒരു ചൂണ്ടുപലകയാണോ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക. 
ഈ ഭൂമിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യാവകാശമാണുള്ളത്. എന്നാല്‍ മനുഷ്യരുടെ വിചാരം ഈ ഭൂമി അവര്‍ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്നാണ്. മറ്റുള്ള ജീവജാലങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി എന്തുചെയ്യാനും മടിയില്ലാത്തവരായി മാറിയിരിക്കുന്നു മനുഷ്യര്‍. മനുഷ്യരുടെ വിവേകരഹിതവും കരുണയില്ലാത്തതുമായ ഇത്തരം പ്രവര്‍ത്തനങ്ങളാണ് അഴകന്റെ വാക്കുകളില്‍ തെളിയുന്നത്.  മറ്റുള്ള ജീവജാലങ്ങളെയും ഈ പ്രകൃതിയെയും നശിപ്പിച്ചുകൊണ്ട് തനിക്കുമാത്രം നിലനില്‍ക്കാമെന്ന മനുഷ്യന്റെ മോഹം അവന്റെതന്നെ വിനാശത്തിലേക്കാണ് വഴിതെളിക്കുന്നത്.

എന്റെ ഗുരുനാഥന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

1. 'വസുധൈവ കുടുംബകം' എന്ന ആര്‍ഷഭാരതദര്‍ശനം ഉള്‍ക്കൊണ്ട മഹായോഗിയായിരുന്നു ഗാന്ധിജി എന്നു സൂചിപ്പിക്കുന്ന വരികള്‍ 'എന്റെ ഗുരുനാഥന്‍' എന്ന കവിതയില്‍നിന്നും കണ്ടെത്തി എഴുതുക.
''ലോകമേ തറവാടു തനിക്കീ, ച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍;
ത്യാഗമെന്നതേ നേട്ടം; താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍.''
2. തന്റെ ഗുരുനാഥനായ ഗാന്ധിജിയില്‍ വള്ളത്തോള്‍ കാണുന്ന ഗുണസവിശേഷതകള്‍ എന്തെല്ലാം?                       
ത്യാഗത്തെ നേട്ടമായും താഴ്മയെ ഉന്നതിയായും കണ്ട പുണ്യാത്മാവാണ് ഗാന്ധിജി. ഉദാത്തമായ ജീവിതത്തിലൂടെ അദ്ദേഹം ലോകത്തെ മുഴുവന്‍ നന്മയുടെ പാഠം പഠിപ്പിച്ചു. ജനങ്ങളുടെ മനസ്സിലെ ദുഷ്ചിന്തകളാകുന്ന രോഗത്തെ തന്റെ ജീവിതദര്‍ശനത്താല്‍ അദ്ദേഹം ചികിത്സിച്ചു. അഹിംസയുടെ മാര്‍ഗത്തിലൂടെ ലോകനന്മയ്ക്കുവേണ്ടി യജ്ഞം നടത്തിയ അദ്ദേഹം അനീതിക്കെതിരെ ധര്‍മ്മയുദ്ധം ചെയ്തു.  ക്രിസ്തുദേവന്റെ ത്യാഗവും കൃഷ്ണന്റെ ധര്‍മ്മരക്ഷാമാര്‍ഗവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും ഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദ്‌നബിയുടെ സ്ഥൈര്യവും ആ പുണ്യാത്മാവില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. തന്റെ സാമീപ്യത്താല്‍ മറ്റുള്ളവരില്‍ മാറ്റങ്ങളുണ്ടാക്കി അവരെ നന്മയിലേക്ക്
നയിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു. ഇവയെല്ലാമാണ് തന്റെ ഗുരുനാഥനായ ഗാന്ധിജിയില്‍ വള്ളത്തോള്‍ കാണുന്ന
ഗുണസവിശേഷതകള്‍.
3. താഴെ തന്നിരിക്കുന്ന പദങ്ങള്‍ പിരിച്ചെഴുതുക.

Sunday, September 22, 2019

വെളിച്ചത്തിന്റെ വിരലുകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

1. ''നന്‍ഞ്ഞേടം കുയിച്ചൂടല്ലോ!'' ആമിനയുടെ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്ന മാനസികാവസ്ഥ വ്യക്തമാക്കുക.
ചതിക്കപ്പെട്ട പെണ്‍കുട്ടിയാണ് ആമിന. ഗര്‍ഭിണിയായ അവളെ തന്റെ വീട്ടില്‍ പാര്‍പ്പിച്ച് ശുശ്രൂഷിക്കുകയാണ് ഹസ്സന്‍. അവള്‍ പ്രസവിച്ചു. ഈയവസ്ഥയില്‍ അവളെ നോക്കാന്‍  ഒരു സ്ത്രീയെയും ഹസ്സന്‍ ഏര്‍പ്പാടാക്കി. അവള്‍ക്ക് വസ്ത്രവും വാങ്ങിക്കൊടുത്തു. ഇതിനൊന്നും തനിക്ക് അര്‍ഹതയില്ലെന്ന് ആമിനയ്ക്കറിയാം. തനിക്ക് ഇത്രയേറെ സഹായം ചെയ്തുതന്നയാളെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന തോന്നല്‍ അവളുടെ മനസ്സില്‍ ശക്തമാണ്. താനുമായി ബന്ധമൊന്നുമില്ലാത്ത ഒരാളില്‍നിന്ന് സഹായങ്ങള്‍ സ്വീകരിക്കുന്നതിലുള്ള വൈമുഖ്യമാണ് അവളെ തടഞ്ഞത്. ആമിനയുടെ മനസ്സിന്റെ നന്മയും കുലീനത്വവുമാണ് അവളുടെ ഈ വാക്കുകളില്‍ കാണാന്‍ കഴിയുന്നത്.


കൊടിയേറ്റം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

1. ''എന്റെ ഗ്രാമത്തില്‍നിന്ന്, അവിടെ എനിക്കറിയാവുന്ന,  എന്നോടൊപ്പം വളര്‍ന്ന, ജനങ്ങളില്‍നിന്ന്  ഉദ്ഭവിച്ച കഥയാണിത്.''  - അടൂര്‍ ഗോപാലകൃഷ്ണന്‍
ഈ അഭിപ്രായവും  താഴെ തന്നിരിക്കുന്ന സൂചനകളും വിലയിരുത്തി 'കൊടിയേറ്റത്തിലെ   ഗ്രാമീണത' എന്ന വിഷയത്തെക്കുറിച്ച് ലഘുലേഖനം തയാറാക്കുക.
* ''വയല്‍ താണ്ടി, കൊച്ചു കൈത്തോട് കടന്ന് ശങ്കരന്‍കുട്ടി  ശാന്തമ്മയുടെ വീട്ടുപറമ്പിലൂടെ   ഉത്സാഹത്തില്‍ നടന്നു.''
* ''പറമ്പിലെവിടെയോ പശു പിന്നെയും അമറി.''
* ''കടവില്‍, തുണി സോപ്പിട്ട്, കല്ലില്‍ കുത്തിനനച്ചുകൊണ്ട് ഒരു തൊഴിലാളിസ്ത്രീ ഇരിക്കുന്നുണ്ട്.''                   
   കൊടിയേറ്റത്തിലെ ഗ്രാമീണത
നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണനിഷ്‌കളങ്കതയാണ് 'കൊടിയേറ്റ'മെന്ന സിനിമയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പറമ്പുകള്‍ക്കും പാടങ്ങള്‍ക്കുമിടയിലെ പരിചിതമായ ഒരു നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ കണ്ടുമുട്ടാനിടയുള്ള കഥാപാത്രങ്ങള്‍,  അവരുടെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ എന്നിവ സ്വാഭാവികത നഷ്ടപ്പെടാതെയാണ് സിനിമയില്‍ കോര്‍ത്തുവച്ചിരിക്കുന്നത്. ശങ്കരന്‍കുട്ടിയും അയാളുടെ ജീവിതപശ്ചാത്തലവും നഗരജീവിതത്തേക്കാളും നമ്മുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു.
മണ്ണും മനുഷ്യരും മൃഗങ്ങളുമെല്ലാം തുല്യപ്രാധാന്യത്തോടെയാണ് കഥയില്‍ കടന്നുവരുന്നത്. ഗ്രാമത്തിന്റെ സവിശേഷതയാണിത്. അമ്പലപ്പറമ്പിലും മാഞ്ചുവട്ടിലും കുട്ടികളോടൊപ്പം കളിച്ചുനടക്കുന്ന മുതിര്‍ന്നയാളാണ് ശങ്കരന്‍കുട്ടി. ആ ഗ്രാമത്തിന്റെ തുടിപ്പുതന്നെയായ  അയാള്‍ കടന്നുപോകുന്ന വഴികളും കണ്ടുമുട്ടുന്ന മനുഷ്യരും അവരുടെ പ്രവൃത്തികളും പശ്ചാത്തലവുമെല്ലാം അയാളെ ആ നാട്ടിന്‍പുറത്തിന്റെ അനിവാര്യഘടകമാക്കി മാറ്റുന്നു. വയലുകള്‍, കൈത്തോട,് പുഴ, ചെറിയകുട്ടിയുമായി പുഴയില്‍ തുണിയലക്കിക്കൊണ്ടിരിക്കുന്ന സ്ത്രീ, അമറുന്ന പശു എന്നിവ നാട്ടിന്‍പുറങ്ങളില്‍ മാത്രം കാണുന്ന കാഴ്ചയാണ്. ഗ്രാമത്തിന്റേതല്ലാത്ത യാതൊന്നും ഈ സിനിമയില്‍   കാണാനാവില്ല.
ലളിതസുന്ദരമായ ഗ്രാമക്കാഴ്ചകളും നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവും -ഇത്രയുമാണ് 'കൊടിയേറ്റം' എന്ന ചലച്ചിത്രത്തിന്റെ കാതല്‍. നഗരപരിഷ്‌കാരങ്ങള്‍ തീണ്ടാത്ത ഒരു ഉള്‍നാടന്‍ഗ്രാമത്തിലേക്ക് യാത്രപോകുന്ന അനുഭവമാണ് ഈ സിനിമ  നല്‍കുന്നത്.
2. ശങ്കരന്‍കുട്ടിയുടെ ഉത്തരവാദിത്വബോധം വെളിപ്പെടുന്ന മുഹൂര്‍ത്തങ്ങള്‍ പാഠഭാഗത്തുനിന്ന് കണ്ടെത്തുക.
കുഞ്ഞിന്റെയും ശാന്തമ്മയുടെയും അടുത്തുനില്‍ക്കുമ്പോഴാണ് ലോറിയില്‍നിന്നുള്ള ഹോണടി കേള്‍ക്കുന്നത്. താന്‍ ചെല്ലാന്‍ വേണ്ടിയാണെന്ന് മനസ്സിലാക്കി ഉടനെ ശങ്കരന്‍കുട്ടി പുറപ്പെടുന്നു. അതുപോലെ പുഴക്കടവില്‍ കണ്ട കുഞ്ഞിനെ രക്ഷിക്കാനായി ചെല്ലുന്ന സന്ദര്‍ഭത്തിലും പ്രകടമാവുന്നത് അയാളുടെ ഉത്തരവാദിത്വബോധമാണ്. കൈയില്‍ ഒരു പൊതിയുമായാണ് അയാള്‍  രണ്ടുവട്ടവും ശാന്തമ്മയെ കാണാന്‍ചെല്ലുന്നത്. ഇവയെല്ലാം ശങ്കരന്‍കുട്ടിയുടെ ഉത്തരവാദിത്വബോധത്തിന്റെ അടയാളങ്ങളാണ്.


കളിപ്പാവകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

1. ''ഞാനാദ്യം കാണുമ്പോള്‍ മൊയമ്മതാലിക്കാക്ക ഇങ്ങനെയായിരുന്നില്ല.''
മൊയമ്മതാലിക്കാക്കയെക്കുറിച്ചുള്ള ആഖ്യാതാവിന്റെ ഓര്‍മ്മകള്‍ കണ്ടെത്തിയെഴുതുക. 
ഉമ്മ മരിച്ച ദിവസം മാവിന്റെ ചുവട്ടില്‍ നിറകണ്ണുകളുമായി നില്‍ക്കുന്ന മൊയമ്മതാലിക്കാക്കയാണ് കഥാനായകന്റെ മനസ്സിലുള്ളത്. തൂവെള്ളക്കുപ്പായമിട്ട്  നഖംകടിച്ചുകൊണ്ട് നിന്നിരുന്ന  ഇക്കാക്കയുടെ വെള്ളാരങ്കല്ലുപോലെയുള്ള കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചുണ്ടുകള്‍ അയഞ്ഞുകിടക്കുന്നതുപോലെ തോന്നി. ചുവന്ന കവിളില്‍ കണ്ണീര്‍ത്തുള്ളികള്‍ പറ്റിനിന്നിരുന്നു. ഉമ്മയുടെ മയ്യത്ത് അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞുപോയ മൊയമ്മതാലിക്കാക്ക അയ്മദിന്റെ ബാപ്പയെയും മൂത്താപ്പയെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഉമ്മ മരിച്ചതിന്റെ ഏഴാം നാള്‍  പ്രാര്‍ഥനയ്‌ക്കെത്തിയ മൊയ്‌ല്യാരുകുട്ടികള്‍ക്കൊപ്പം മൊയമ്മതാലിക്കാക്കയും അയ്മദും പള്ളിയിലേക്കു പോയി. തിരിച്ചുപോരുമ്പോള്‍ നാരങ്ങയുടെ ചുവയുള്ള മധുരമുള്ള കോലുമിഠായി ഇക്കാക്ക അയ്മദിനു വാങ്ങിക്കൊടുത്തു. വീണ്ടും ഇക്കാക്കയുടെ തോളില്‍ക്കയറി പള്ളിയിലേക്കുപോയി. അയ്മദിനെ കുളത്തിന്റെ പടവിലിരുത്തിയ ശേഷം ഇക്കാക്ക കൈകാലുകള്‍ കഴുകാനിറങ്ങി. മൊയമ്മതാലിക്കാക്കയെക്കുറിച്ചുള്ള കഥാനായകന്റെ ഓര്‍മ്മകള്‍ ഇവയെല്ലാമാണ്.
2. ''മൊയമ്മതാലിക്കാക്കാ, നിങ്ങള്‍ക്കു ഞാനുണ്ട്. ഞാന്‍ വലുതായി  നിങ്ങളുടെ സുഖക്കേടു മാറ്റിച്ചു...'' ഈ ആത്മഗതം ആഖ്യാതാവിന്റെ സ്വഭാവത്തിലേക്കുള്ള ഒരു കിളിവാതിലായിത്തീരുന്നുണ്ടോ?  പാഠഭാഗത്തെ അടിസ്ഥാനമാക്കി  ചര്‍ച്ചചെയ്യുക.
കടുത്ത അന്ധവിശ്വാസിയാണ് അയ്മദിന്റെ മൂത്താപ്പ കോയസ്സന്‍. മൊയമ്മതാലിക്കാക്കയുടെ ശരീരത്തില്‍ ബാധിച്ചിരിക്കുന്ന മൂന്ന് പൂതങ്ങളെയാണ് കോയസ്സന്‍ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത്. ശരിയായ ചികിത്സ നല്‍കാതെ മന്ത്രവാദവും മറ്റുമാണ് മാനസികരോഗിക്ക് കോയസ്സന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. തന്നെ സ്‌നേഹിക്കുകയും മിഠായി വാങ്ങിത്തരികയും ചെയ്തിരുന്ന മൊയമ്മതാലിക്കാക്കയെ ചികിത്സിച്ച് സുഖപ്പെടുത്തണമെന്ന് അയ്മദിന് തോന്നിയതില്‍ അദ്ഭുതമില്ല. കുട്ടിയാണെങ്കിലും അവന്‍ അന്ധവിശ്വാസിയല്ലെന്ന് അവന്റെ ആത്മഗതത്തില്‍നിന്ന് മനസ്സിലാക്കാം. ചെറിയ കുട്ടിയായതുകൊണ്ട്  തന്റെ അഭിപ്രായത്തിന് വിലയുണ്ടാവില്ലെന്നും അവനറിയാം. അതുകൊണ്ടാണ് താന്‍  വളര്‍ന്നു വലുതായിട്ട് ചികിത്സിച്ച് ഭേദമാക്കാമെന്ന് പറയുന്നത്. അയ്മദിന്റെ മനസ്സിലെ സ്‌നേഹവും സഹാനുഭൂതിയും വ്യക്തമാവുന്ന വാക്യമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്.
3. ''പളളിയുടെ മുമ്പില്‍ പള്ളിക്കുളം.  ഇരുട്ടില്‍ വെള്ളത്തില്‍ അരണ്ട നിലാവ്.  വെള്ളത്തില്‍ അമ്പിളിമാമന്‍ തിളങ്ങുന്നു...''  - ഇത്തരം വാക്യങ്ങള്‍  നോവല്‍ഭാഗത്ത് ഉടനീളമുണ്ട്. ഇവ ആഖ്യാനത്തിന് എത്രമാത്രം യോജിക്കുന്നു? ചര്‍ച്ചചെയ്ത് കുറിപ്പു തയാറാക്കുക.
പ്രകൃതിയെ കണ്ണുനിറയെ കാണാന്‍ താല്‍പ്പര്യമുള്ള ഒരു ബാലന്റെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ്
നോവല്‍ വികസിക്കുന്നത്. പ്രകൃതിയെ അയ്മദ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി കാണാന്‍ കഴിയും. കഥയിലെ സംഭവങ്ങളും കാഴ്ചകളും വായനക്കാരിലേക്ക് പകരുന്നത്  ചെറിയ വാക്യങ്ങളിലൂടെയാണ്.  ആയിസമ്മായി മരിച്ചതിന്റെ ഏഴാം നാളിലെ ചടങ്ങുകളുടെ വിവരണം ഇതിനുദാഹരണമാണ്. ''മൗലൂദ് ചൊല്ലിയത് ഒരു വെള്ളത്തുണി വിരിച്ചതിന്റെ നാലറ്റത്തും ഇരുന്നായിരുന്നു.  ചന്ദനത്തിരികള്‍ പുകഞ്ഞിരുന്നു. അവ കാറ്റില്‍ വളഞ്ഞ വരകളും  വട്ടങ്ങളുമായി അലിഞ്ഞുചേരുമ്പോള്‍ മൗലൂദിന് താളവും മുറുക്കവും കിട്ടി. കുന്തിരിക്കക്കൂടുകളില്‍നിന്നു പുകച്ചീളുകള്‍ ഓടിവരുകയായിരുന്നു.'' ''ജനാലകളില്‍നിന്നു വിളക്കുവെളിച്ചം ഞങ്ങളെ നോക്കുന്നു. മുകളില്‍നിന്നോതുകയാണ്. ഓത്തു കുശുകുശുപ്പായി, ഈണമുള്ള
മാറ്റൊലിയായി പള്ളിക്കുളത്തില്‍ വീണു പൊടിയുകയായിരുന്നു. കുളത്തില്‍ ചിറ്റോളങ്ങള്‍. അപ്പോള്‍ വെള്ളത്തിനു നൂറായിരം കണ്ണുകള്‍'' അയ്മദ് നേരിട്ട് തന്റെ അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുന്ന രീതിയിലാണ് കഥ പറയുന്നത്.  അവന്റെ മനസ്സിലെ ജിജ്ഞാസയും  സങ്കടവും അവന്റെമേല്‍ അടിച്ചേല്‍പ്പിക്കുന്ന  നിയന്ത്രണങ്ങളുമെല്ലാം നമുക്ക് അനുഭവവേദ്യമാകുന്ന തരത്തിലാണ് ഈ കഥയുടെ ആഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ അനുയോജ്യമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നതുകൊണ്ട്  വായനക്കാര്‍ ഓരോ രംഗത്തിനും സാക്ഷിയായി മാറുകയും ചെയ്യുന്നു.
4. 'കളിപ്പാവ'കളിലെ മൊയമ്മതാലിക്കാക്കയെയും അയ്മദിനെയും വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
സുഖവും ദുഃഖവും ഇടകലര്‍ന്നതാണ് ജീവിതം.  ജീവിതത്തില്‍     മനുഷ്യരനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെയും ദുഃഖങ്ങളുടെയും പ്രതീകമാണ് മൊയമ്മതാലിക്കാക്ക. രോഗത്തിന്റെ ദുരിതങ്ങള്‍ കൂടാതെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഫലമായി ദുരിതക്കടലിലേക്ക് സമൂഹം തള്ളിയിടുന്നവരുണ്ട്. മാനുഷികപരിഗണനപോലും അവര്‍ക്ക് ആരും നല്‍കുന്നില്ല.  അവരും അവരെ സ്‌നേഹിക്കുന്നവരും നിസ്സഹായരാണ്. അയ്മദിന്റെ ഉമ്മയും അമ്മായിയുമെല്ലാം മൊയമ്മതാലിക്കാക്കയോട് അനുകമ്പയുള്ളവരാണ്. പക്ഷേ, അന്ധവിശ്വാസങ്ങളുടെ ചങ്ങലകള്‍ അവരെ തടുത്തുനിര്‍ത്തുന്നു. യുക്തി
പൂര്‍വം ചിന്തിക്കുന്ന  പുതുതലമുറയുടെ പ്രതീകമാണ് അയ്മദ്. ബാലനായ അയ്മദിന്റെ വാക്കുകള്‍ ആരും പരിഗണിക്കുന്നില്ല. സ്വതന്ത്രമായി ഇറങ്ങിനടക്കാനുള്ള സ്വാതന്ത്ര്യംപോലും അവനില്ല. അതുകൊണ്ടാണ്  താന്‍ വലുതാവുമ്പോള്‍ ഇക്കാക്കയെ ചികിത്സിച്ച് ഭേദമാക്കുമെന്ന് അവന്‍ മനസ്സില്‍ പറയുന്നത്.
5. ''എടാ, ഓന്റെ കാലില്‍ ചങ്ങലയിട്.''
അരണ്ടാണ് തുപ്രന്‍ നിലത്തിരുന്നത്. ഇക്കാക്ക അനങ്ങിയില്ല. മുറിവുള്ള കാലില്‍ ചങ്ങലയിട്ടപ്പോള്‍ ഇക്കാക്ക ഞരങ്ങി.  വായില്‍നിന്ന് കേല ഒഴുകിയിരുന്നു. 
- മാനസികാസ്വാസ്ഥ്യമുള്ളവരോടുള്ള സമൂഹത്തിന്റെ ഇത്തരം സമീപനങ്ങള്‍ ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതാണോ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
മാനസികരോഗികളോട് സമൂഹം പുലര്‍ത്തുന്ന ഇത്തരം സമീപനങ്ങള്‍ മനുഷ്യത്വത്തിന് നിരക്കുന്നതല്ല. ഭയംകലര്‍ന്ന അകല്‍ച്ചയോടെയാണ് സമൂഹം ഇന്നും മാനസികരോഗികളെ കാണുന്നത്. ഇതോടൊപ്പം അന്ധവിശ്വാസങ്ങളും ചേരുമ്പോള്‍ മനുഷ്യനെന്ന പരിഗണനപോലും മാനസികരോഗികള്‍ക്ക് നിഷേധിക്കപ്പെടുന്നു. മാനസികാസ്വാസ്ഥ്യം ഒരു രോഗമാണ്. എന്നാല്‍  പ്രേതബാധയായും ദൈവശാപമായും പിശാചുബാധയായും മറ്റുമാണ് പലരും ഭ്രാന്തിനെ കാണുന്നത്. മന്ത്രവാദവും ക്രൂരമര്‍ദനങ്ങളും അരങ്ങേറുന്നതിനുള്ള പ്രധാന കാരണം ഇത്തരം അറിവില്ലായ്മതന്നെയാണ്. രോഗമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേക്കാള്‍ ക്രൂരമായ വേദനകളും മര്‍ദനങ്ങളുമാണ് സുബോധമുണ്ടെന്ന് അവകാശപ്പെടുന്ന സഹജീവികളും ഉറ്റവരും മറ്റും നിസ്സഹായരായ രോഗികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് മാനസികരോഗികളെയല്ല, അവരുമായി ഇടപഴകുന്നവരെയാണ്  ആദ്യം ബോധവല്‍ക്കരിക്കേണ്ടതും ചികിത്സിക്കേണ്ടതും. സ്‌നേഹപൂര്‍വമായ പരിചരണമാണ് മാനസികരോഗികള്‍ക്കാവശ്യം. വീടുകളിലും ആശുപത്രികളിലും സമൂഹത്തിലുമെല്ലാം  ഇവരുടെ പരിചരണവും ചികിത്സയും കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. മൊയമ്മതാലിക്കാക്കയുടെ അവസ്ഥ  ഇനി ഒരു മാനസികരോഗിക്കും ഉണ്ടാകുവാന്‍ പാടില്ല.


Wednesday, September 18, 2019

യൂണിറ്റ്-2 : നിലാവുപെയ്യുന്ന നാട്ടുവഴികള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 10)

പാഠം 4:  ശ്രീനാരായണഗുരു
...................................................................................................................
ശ്രീനാരായണഗുരുവിന്റെ നര്‍മ്മോക്തി കലര്‍ന്ന ഒരു സംഭവകഥ
1921-ല്‍ സ്വാമികള്‍ ശിവഗിരിയില്‍ താമസിക്കുന്ന സമയത്ത് രണ്ടാളുകള്‍ അദ്ദേഹത്തെ കാണാനെത്തി. വളരെ അകലെനിന്നാണ് അവര്‍ വരുന്നത്. ഇതറിഞ്ഞ സ്വാമികള്‍ അവരെ കൂട്ടിക്കൊണ്ടുവരാന്‍ ശിഷ്യരോടു പറഞ്ഞു. 
സ്വാമികള്‍ : എന്താ നമ്മെ കാണാന്‍ വന്നതായിരിക്കുമല്ലേ? കൊള്ളാം.
ആഗതര്‍ : അല്ല സ്വാമീ, ഒരു സങ്കടമുണര്‍ത്തിക്കാന്‍ വന്നതാണ്.
സ്വാമികള്‍ : സങ്കടമോ? നമ്മോടോ? എന്താണ്? 
ആഗതര്‍ :വളരെ നാളായി അടിയങ്ങളുടെ വീട്ടില്‍ കുട്ടിച്ചാത്തന്റെ ഉപദ്രവംകൊണ്ട്  കിടക്കപ്പൊറുതിയില്ല സ്വാമീ. പലതും ചെയ്തുനോക്കി. ഒരു ഫലവുമില്ല. സ്വാമി അടിയങ്ങളെ രക്ഷിക്കണം.
സ്വാമികള്‍ : ആരാണെന്നാ പറയുന്നത്? കുട്ടിച്ചാത്തനോ? കൊള്ളാമല്ലോ, ആളെ നിങ്ങള്‍ കണ്ടോ?
ആഗതര്‍ : കണ്ടു സ്വാമീ.... പറമ്പിന്റെ ഇരുണ്ട മൂലയ്ക്ക് കരിക്കട്ടപോലെ നില്‍ക്കുന്നത് അടിയങ്ങള്‍ കണ്ടു. എപ്പഴും ഉപദ്രവമാണ്.  ഇടതടവില്ലാതെ കല്ലെറിഞ്ഞുകൊണ്ടിരിക്കും.
സ്വാമികള്‍:  അതു കൊള്ളാമല്ലോ.  ആള്‍ കുട്ടിച്ചാത്തനാണെന്ന് എങ്ങനെയറിഞ്ഞു?  ഞാന്‍ പറഞ്ഞാല്‍ അത് കേള്‍ക്കുമോ?
ആഗതര്‍  : തീര്‍ച്ചയായും സ്വാമീ... അവിടന്നു പറഞ്ഞാല്‍ കേള്‍ക്കും.
സ്വാമികള്‍ : ആവോ! കുട്ടിച്ചാത്തനും നാമും തമ്മില്‍ പരിചയമില്ല.
(ആഗതര്‍ വിഷണ്ണരായി  നോക്കിനില്‍ക്കുന്നു)
സ്വാമികള്‍: ആട്ടെ, കുട്ടിച്ചാത്തനു നാമൊരു കത്തുതന്നാല്‍ മതിയാകുമോ?         
(ഒരു ശിഷ്യനോട്  ഇതൊന്ന് എഴുതിയെടുക്കാന്‍ പറഞ്ഞിട്ട് കടിച്ചുപിടിച്ച ചിരിയോടുകൂടി താഴെ പറയുംവിധം പറഞ്ഞുകൊടുക്കുന്നു.)
''ശ്രീ കുട്ടിച്ചാത്തനറിവാന്‍,
ഈ കത്തു കൊണ്ടുവരുന്ന പെരെയ്‌രായുടെ വീട്ടില്‍ മേലാല്‍ യാതൊരുപദ്രവവും ചെയ്യരുത്.  - എന്ന് ശ്രീനാരായണഗുരു.''
...................................................................................................................
...................................................................................................................
പാഠഭാഗത്ത് പരാമര്‍ശിക്കുന്ന നവോത്ഥാനനായകര്‍
രാജാറാം മോഹന്റായ് 
ഇന്ത്യന്‍ നവോത്ഥാനനായകനും സാമൂഹികപരിഷ്‌കര്‍ത്താവുമായിരുന്നു രാജാറാം മോഹന്റായ്. 1772-ല്‍ ബംഗാളിലെ  രാധാനഗറിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് സതി എന്ന അനാചാരം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. 1828-ല്‍  അദ്ദേഹം ബ്രഹ്മസമാജം സ്ഥാപിച്ചു.  സംവാദ് കൗമുദി എന്ന പേരില്‍ ഒരു പത്രവും അദ്ദേഹം ആരംഭിച്ചു.  1833-ല്‍ അന്തരിച്ചു.
 ദയാനന്ദസരസ്വതി
ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജസ്ഥാപകനാണ് ദയാനന്ദസരസ്വതി. 1824-ല്‍ ഗുജറാത്തിലാണ് ജനിച്ചത്.  വിഗ്രഹാരാധന, ജാതി, മതം, അയിത്തം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയ മനുഷ്യസ്‌നേഹിയായിരുന്നു   അദ്ദേഹം. വേദങ്ങളാണ് നമ്മുടെ അടിസ്ഥാനഗ്രന്ഥമെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു. 
1883-ല്‍ അന്തരിച്ചു.
 രാമകൃഷ്ണപരമഹംസന്‍ 
1836-ലാണ് രാമകൃഷ്ണപരമഹംസന്‍ ജനിച്ചത്.  ജാതിമത സങ്കല്‍പ്പങ്ങളില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനമെന്ന് അദ്ദേഹം കരുതി. 1886-ല്‍ സമാധിയായി.
 സ്വാമി വിവേകാനന്ദന്‍
1863-ല്‍ കല്‍ക്കട്ടയിലാണ് സ്വാമി വിവേകാനന്ദന്‍ ജനിച്ചത്. രാമകൃഷ്ണപരമഹംസന്റെ ശിഷ്യനായിരുന്നു. ജാതിക്കോമരങ്ങള്‍ നിറഞ്ഞാടിയിരുന്ന  കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചയാളാണ് അദ്ദേഹം. 1893-ല്‍ ഷിക്കാഗോയില്‍വെച്ച് നടന്ന സര്‍വമതസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തോടുകൂടിയാണ് വിവേകാനന്ദന്‍ പ്രശസ്തനായത്.  രാമകൃഷ്ണമിഷന്‍, രാമകൃഷ്ണമഠം എന്നിവ സ്ഥാപിച്ചു. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താന്‍ വിവേകാനന്ദന്റെ പ്രബോധനങ്ങള്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. 1902-ല്‍ സമാധിയായി.

Tuesday, September 17, 2019

പ്രലോഭനം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)


പുതുക്കിയ പാഠപുസ്തകത്തില്‍ നിന്നുള്ള  ചോദ്യങ്ങളും ഉത്തരങ്ങളും
1. ''വൈരി വൈരസേനിക്കിഹ ഞാന്‍ കലി
തവ ഞാന്‍ മിത്രം''
കലി ഇപ്രകാരം സ്വയം പരിചയപ്പെടുത്തുന്നതിലെ നാടകീയത വിശകലനം ചെയ്യുക.
കലിയെയോ ദ്വാപരനെയോ പുഷ്‌കരന് യാതൊരു മുന്‍പരിചയവുമില്ല. എന്നിട്ടും പുഷ്‌കരന്‍ തന്റെ സങ്കടങ്ങളെല്ലാം കലിയുടെയും ദ്വാപരന്റെയും മുന്നില്‍ വിവരിച്ചു. പുഷ്‌കരനെ സ്വാധീനിച്ച് നളനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലിയുടെ വരവ്. നളനെ തോല്‍പ്പിച്ച് രാജ്യം കൈക്കലാക്കാന്‍ പറയുന്ന കലി പുഷ്‌കരനെ പ്രലോഭിപ്പിക്കുകയാണ് ചെയ്യുന്നത്. പുഷ്‌കരന് തന്നില്‍ വിശ്വാസം തോന്നാന്‍ വേണ്ടിയാണ് കലി സ്വയം വെളിപ്പെടുത്തുന്നത്. ലോകത്തില്‍ തന്നെയറിയാത്തവര്‍ ആരുമില്ല. നളന്റെ ശത്രുവും പുഷ്‌കരന്റെ മിത്രവുമാണ് താനെന്ന് എത്ര നാടകീയമായാണ് കലി പറയുന്നത്. പുഷ്‌കരനെ വിശ്വസിപ്പിച്ച് തന്റെ വശത്താക്കുക മാത്രമാണ് കലിയുടെ ലക്ഷ്യം. അത്യന്തം നാടകീയമായ ഈ വെളിപ്പെടുത്തലിലൂടെ പുഷ്‌കരന്‍ കലിയുടെ ആജ്ഞാനുവര്‍ത്തിയായി മാറുകയും ചെയ്തു. 
2. കഥകളിയുടെ സവിശേഷതകളെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കാം.
പരിഗണിക്കാവുന്ന ഉപവിഷയങ്ങള്‍:
കഥകളിയുടെ ചരിത്രം, അഭിനയരീതികള്‍, വേഷം, സംഗീതം, ചടങ്ങുകള്‍ തുടങ്ങിയവ.
സെമിനാര്‍ സംഘടിപ്പിക്കുമ്പോള്‍...
അവതരണത്തിനുമുമ്പ്
കുട്ടികളെ മൂന്നോ നാലോ സംഘങ്ങളായി തിരിക്കുക.
വിഷയത്തെ വിവിധ മേഖലകളായി തിരിക്കുക.
ഓരോ മേഖലയും ഓരോ സംഘത്തെ ഏല്‍പ്പിച്ച് വിവരശേഖരണത്തിന് ചുമതലപ്പെടുത്തുക.
പ്രബന്ധങ്ങള്‍ തയാറാക്കുക.
മോഡറേറ്ററെയും ഓരോ സംഘത്തിലെയും പ്രബന്ധാവതാരകരെയും തിരഞ്ഞെടുക്കുക.
സെമിനാറിന്റെ പ്രചാരണത്തിന് ആവശ്യമായ പരസ്യം, നോട്ടീസ്, ക്ഷണക്കത്ത് തുടങ്ങിയവ തയാറാക്കുക.
അവതരണം
സ്വാഗതം
ആമുഖം (മോഡറേറ്റര്‍)
പ്രബന്ധങ്ങളുടെ അവതരണം. ഓരോ അവതരണത്തിനുശേഷവും ചര്‍ച്ചനടത്തണം.
ചര്‍ച്ചക്കുറിപ്പുകള്‍ രേഖപ്പെടുത്തുക.
മോഡറേറ്ററുടെ ക്രോഡീകരണം.
അവതരണത്തിനുശേഷം
ചര്‍ച്ചക്കുറിപ്പുകള്‍ വികസിപ്പിച്ച് വ്യക്തിഗത പ്രബന്ധങ്ങള്‍ തയാറാക്കല്‍ (ആശയവിനിമയം) 
സെമിനാര്‍ റിപ്പോര്‍ട്ട് തയാറാക്കല്‍
സെമിനാര്‍ വിലയിരുത്തല്‍
മാതൃകാപ്രബന്ധം

കഥകളിയുടെ സവിശേഷതകള്‍

ആമുഖം
കേരളത്തിന് രാജ്യാന്തരപ്രശസ്തി നേടിക്കൊത്ത കലാരൂപമാണ് കഥകളി. പതിനേഴാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍ ജീവിച്ചിരുന്ന ഒരു കൊട്ടാരക്കരത്തമ്പുരാനാണ് ശ്രേഷ്ഠമായ ഈ ദൃശ്യകലയ്ക്ക് രൂപം നല്‍കിയതെന്ന് കരുതപ്പെടുന്നു. അക്കാലത്തും അതിനുമുമ്പും നമ്മുടെ നാട്ടിലും പരിസരദേശങ്ങളിലും നിലനിന്നിരുന്ന പല കലാരൂപങ്ങളുടെയും അംശങ്ങള്‍ ഈ കലയിലുണ്ട്. കഥകളിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് ശരിയായ  അറിവുള്ള ഒരാള്‍ക്കു മാത്രമേ കഥകളി ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. സാധാരണക്കാര്‍ക്കിടയില്‍ ഈ കലാരൂപത്തിന് പ്രചാരം ലഭിക്കാത്തത് സാങ്കേതികപരിജ്ഞാനക്കുറവുകൊണ്ടാണ്. തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍  സ്ഥാപിച്ച കേരളകലാമണ്ഡലമാണ് നിലനില്‍ക്കാന്‍ പാടുപെട്ടിരുന്ന കഥകളിയുള്‍പ്പെടെയുള്ള കലകള്‍ക്ക് ജീവശ്വാസമായത്.
കഥകളിയുടെ ചരിത്രം
ഒരു അടിയന്തിരത്തിനോടനുബന്ധിച്ച് മാനവേദന്‍ സാമൂതിരിയുടെ 'കൃഷ്ണനാട്ടം' തന്റെ നാട്ടില്‍ അവതരിപ്പിക്കണമെന്ന് കോഴിക്കോട് സാമൂതിരിയോട് കൊട്ടാരക്കരത്തമ്പുരാന്‍ ആവശ്യപ്പെട്ടു. തന്റെ 'കൃഷ്‌നാട്ടം' കണ്ട് ആസ്വദിക്കുവാന്‍ കഴിവുള്ളവര്‍ തെക്കന്‍നാട്ടിലില്ലെന്ന് പുച്ഛിക്കുകയാണ് സാമൂതിരി ചെയ്തത്. അപമാനിതനായ കൊട്ടാരക്കരത്തമ്പുരാന്‍ ശ്രീരാമകഥ 'രാമനാട്ടം' എന്ന പേരില്‍ ചിട്ടപ്പെടുത്തി. 'രാമനാട്ട'മാണ് പിന്നീട് കഥകളിയായി വളര്‍ന്നത്. അന്നത് എട്ട് ദിവസത്തെ കളിയായിരുന്നു. കൂടിയാട്ടം, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, അഷ്ടപദിയാട്ടം തുടങ്ങിയ ഒട്ടേറെ കേരളീയകലകളോട് കഥകളിയുടെ പല അംശങ്ങള്‍ക്കും 
സാമ്യമുണ്ട്. അഭിനയത്തിലും ചടങ്ങുകളിലുമായി ഒട്ടേറെ പരിഷ്‌കാരങ്ങളിലൂടെ കടന്നുവന്നാണ് കഥകളി ഇന്നത്തെ രൂപത്തിലെത്തിയത്. കഥകളിവേഷത്തെ പരിഷ്‌കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട് രാജാവായിരുന്നു. പാട്ടിലും ഉടുത്തുകെട്ടിലും കിരീടങ്ങളിലും മുഖമെഴുത്തിലും  അദ്ദേഹം കൊണ്ടുവന്ന  പരിഷ്‌കാരങ്ങളെ വെട്ടത്തുനാടന്‍രീതിയെന്നാണ് വിളിക്കുന്നത്. വെട്ടത്തുസമ്പ്രദായത്തെ പരിഷ്‌കരിച്ച് കഥകളിയെ ഒരു നൃത്തകലയാക്കിത്തീര്‍ത്തത് കപ്ലിങ്ങാടന്‍ നമ്പൂതിരിയാണ്. അദ്ദേഹത്തിന്റ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയില്‍ കാലോചിതമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇവയാണ് കപ്ലിങ്ങാടന്‍സമ്പ്രദായം  എന്ന പേരില്‍ അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കുയില്‍ത്തൊടി ഇട്ടിരാരിശ്ശി മേനോന്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് കല്ലുവഴിച്ചിട്ട എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നണിയില്‍ ഗായകര്‍ പാടുന്ന പാട്ടിനനുസരിച്ച് നടന്‍ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടന്‍ സമ്പ്രദായമാണ്. കൈമുദ്രകള്‍ പരിഷ്‌കരിച്ചത് കല്ലുവഴിസമ്പ്രദായമാണ്. 
കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. കൊട്ടാരക്കരത്തമ്പുരാന്‍, കോട്ടയം തമ്പുരാന്‍, ഉണ്ണായിവാര്യര്‍, ഇരയിമ്മന്‍ തമ്പി എന്നിവരാണ്  പ്രഥമഗണനീയരായ ആട്ടക്കഥാകാരന്മാര്‍. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം; കോട്ടയം തമ്പുരാന്റെ കിര്‍മീരവധം, ബകവധം, നിവാതകവചകാലകേയവധം, കല്യാണസൗഗന്ധികം; ഉണ്ണായിവാര്യരുടെ നളചരിതം; ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നിവയാണ് പ്രസിദ്ധിയാര്‍ജിച്ച ആട്ടക്കഥകള്‍.
അഭിനയരീതികള്‍
നൃത്തം, നൃത്യം, നാട്യം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള അഭിനയമാണ് കഥകളിയിലുള്ളത്. പാട്ടുകാര്‍ പാടുന്ന പാട്ടിന്റെ അര്‍ഥത്തെ നടന്‍ കൈമുദ്രകളിലൂടെ അഭിനയിച്ചു കാണിക്കുന്നു. പദാര്‍ഥാഭിനയം എന്ന് പറയുന്നത് ഈ രീതിയെയാണ്. ചൊല്ലിയാട്ടം എന്നും  ഇതിന് പേരുണ്ട്. 'ഹസ്തലക്ഷണദീപിക'യെന്ന പ്രാചീനഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് കഥകളിയിലെ മുദ്രകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 24 മുദ്രകളും 470 സംജ്ഞാമുദ്രകളുമാണ് കഥകളിയില്‍ ഉപയോഗിക്കുന്നത്. വാചികാഭിനയം കഥകളിയിലില്ല.  പിന്നണിയില്‍ ഗായകന്‍ പാടുന്നതിനനുസരിച്ച് നടന്‍ മുദ്രകള്‍ കാണിക്കുന്നു. നടന്റെ അഭിനയപാടവം വെളിപ്പെടുത്തു
ന്നതാണ് മനോധര്‍മം അഥവാ തന്റേടാട്ടം. ഇളകിയാട്ടം എന്നും ഇതിനെ വിളിക്കാറുണ്ട്.
വേഷം
       കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ചാണ് കഥകളിയില്‍ വേഷവിഭജനം. സാത്വികം, രാജസം, തമസ് എന്നീ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ അഞ്ചുതരം വേഷങ്ങള്‍ നല്‍കിയിരിക്കുന്നു. പച്ചവേഷം സത്വഗുണപ്രധാനമാണ്. ധര്‍മപുത്രര്‍, ഭീമന്‍, അര്‍ജുനന്‍ തുടങ്ങിയ സദ്ഗുണസമ്പന്നരായ കഥാപാത്രങ്ങള്‍ക്കാണ് പച്ചവേഷം. നന്മയും തിന്മയും ഇടകലര്‍ന്ന രജോഗുണപ്രധാന കഥാപാത്രങ്ങള്‍ക്കാണ് കത്തിവേഷം. ദുര്യോധനന്‍, കീചകന്‍, രാവണന്‍ എന്നിവരെല്ലാം ഈ ഗണത്തില്‍ പെടുന്നു. കുറുംകത്തിയെന്നും നെടുംകത്തിയെന്നും ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. ക്രൂരസ്വഭാവികളായ കഥാപാത്രങ്ങള്‍ക്കാണ് കരിവേഷം, ആണ്‍കരിയെന്നും പെണ്‍കരിയെന്നും രണ്ടുവിഭാഗങ്ങള്‍ ഇതി
നുണ്ട്. കാട്ടാളന്‍ ആണ്‍കരിയും ശൂര്‍പ്പണഖ, നക്രതുണ്ഡി, പൂതന എന്നിവര്‍ പെണ്‍കരിയുമാണ്. വെള്ളത്താടി, 
ചുവന്നതാടി എന്നിങ്ങനെ താടി രണ്ടുതരമുണ്ട്. വെള്ളത്താടി സത്വഗുണപ്രധാനമാണ്. ചുവന്നതാടി തമോഗുണപ്രധാനവും. ഹനുമാന്‍ വെള്ളത്താടിയാണ്. ദുശ്ശാസനന്‍, ത്രിഗര്‍ത്തന്‍, ബകന്‍ എന്നിവരാണ് ചുവന്നതാടിക്കാര്‍. മഹര്‍ഷിമാരും സ്ത്രീകളുമാണ് മിനുക്കുവേഷമണിയുന്നത്. 
സംഗീതം
കഥകളിയില്‍ വാചികാഭിനയം നിര്‍വഹിക്കുന്നത് ഗായകരാണ്. അതുകൊണ്ട് കഥകളിസംഗീതം ഭാവപ്രധാനമാണ്. കേരളീയസംഗീതമായ സോപാനസംഗീതത്തിന്റെ രീതിയിലാണ് കഥകളിയിലെ ആലാപനം. ക്ഷേത്രനടയില്‍വച്ച് ഗീതഗോവിന്ദം പാടുന്ന രീതിയാണിത്. കഥകളിയില്‍ രണ്ടുപേര്‍ പാട്ടുപാടാനുണ്ടാവും. പ്രധാന പാട്ടുകാരനെ മുന്നാണിയെന്നും രണ്ടാം പാട്ടുകാരനെ ശിങ്കിടിയെന്നും വിളിക്കും. മുന്നാണി ചേങ്ങിലകൊണ്ട് താളംപിടിക്കും. ശിങ്കിടി ഇലത്താളംകൊണ്ടും. ചെണ്ട, ചേങ്ങില, ശുദ്ധമദ്ദളം, ഇലത്താളം എന്നിവയാണ് പ്രധാന കഥകളിവാദ്യങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ ഇടയ്ക്കയും ഉപയോഗിക്കാറുണ്ട്. വാദ്യക്കാരുടെ വൈഭവം പ്രകടിപ്പിക്കാനുള്ള അവസരമാണ് മേളപ്പദം. പുറപ്പാട് എന്ന ചടങ്ങിന് ശംഖ്, കുഴല്‍ എന്നിവയും ഉപയോഗിക്കാറുണ്ട്. 
ചടങ്ങുകള്‍
 കേളികൊട്ട്
കഥകളിയുടെ വിളംബരമാണിത്. ചെണ്ടയും മദ്ദളവും ചേങ്ങിലയും ഇലത്താളവുമാണ് ഇതിനുപയോഗിക്കുന്നത്. 
 അരങ്ങുകേളി (ശുദ്ധമദ്ദളം)
സന്ധ്യയ്ക്ക് അരങ്ങത്ത് വിളക്കുവച്ചുകഴിഞ്ഞാല്‍ ചെണ്ടയൊഴികെയുള്ള വാദ്യോപകരണങ്ങള്‍ 
ഉപയോഗിച്ച് അരങ്ങുകേളി നടത്തുന്നു.
 തോടയം
വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള രംഗപൂജയാണിത്. എല്ലാ നടന്മാരും തോടയമെടുത്തതിനുശേഷം മാത്രമേ വേഷംകെട്ടാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇത് അസാധ്യമായതിനാല്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ  ഈ ചടങ്ങ് നടത്താറുള്ളൂ.
വന്ദനശ്ലോകങ്ങള്‍
കഥകളിയില്‍ പങ്കെടുത്ത് എല്ലാ പാട്ടുകാരും വന്ദനശ്ലോകം ചൊല്ലണം. കോട്ടയം രാജാവ് രചിച്ച മംഗളശ്ലോകമാണ് ഗായകര്‍ ചൊല്ലുന്നത്. 
⦸ പുറപ്പാട്
രണ്ട് ചെറുവേഷക്കാര്‍ രംഗത്തുവന്ന് മേലാപ്പ്, ആലവട്ടം, വെഞ്ചാമരം, ശംഖനാദം എന്നിവയുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന ചടങ്ങാണിത്.
 മേളപ്പദം
ഗീതഗോവിന്ദത്തിലെ 'മഞ്ജുതര' എന്ന ഗീതം ആലപിക്കുകയും മേളക്കാര്‍ അകമ്പടിചേരുകയും ചെയ്യുന്ന ചടങ്ങാണിത്. പാട്ടുകാരുടെയും  മേളക്കാരുടെയും സാമര്‍ഥ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്. 
 കഥാരംഭം
മേളപ്പദം കഴിഞ്ഞാലുടനെ കഥ ആരംഭിക്കും. ഗായകര്‍ അവതരണപദ്യം ചൊല്ലിത്തീരുന്നതോടുകൂടി കഥാപാത്രങ്ങള്‍ തിരശ്ശീല താഴ്ത്തി രംഗത്ത് പ്രവേശിക്കുന്നു.
 തിരനോട്ടം
കത്തി, താടി വേഷക്കാര്‍ നടത്താറുള്ള ചടങ്ങാണിത്.
ഉപസംഹാരം
സാങ്കേതികാംശങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള കലാരൂപമാണ് കഥകളി. ഈ കല ജനകീയമാകാത്തതിനുള്ള കാരണം ഈ സാങ്കേതികത്വമാണ്. സമൂഹത്തിലെ വരേണ്യരായ ആളുകളുടെ മുന്നില്‍ മാത്രമാണ് പണ്ടുകാലത്ത് കഥകളി അവതരിപ്പിച്ചിരുന്നത്. അവരുടെ മേല്‍ക്കോയ്മ അവസാനിച്ചതോടെ മഹത്തായ ഈ കലയെ സംരക്ഷിക്കാന്‍ ആളുകളില്ലാതായി. അന്യംനിന്നുപോവുമായിരുന്ന അവസ്ഥയില്‍നിന്ന് ഈ കലാരൂപത്തെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയത് വള്ളത്തോളിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച  കലാമണ്ഡലമാണ്. ഇന്ന് ലോകപ്രശസ്തിയാര്‍ജിച്ച ക്ലാസിക് കലാരൂപങ്ങളുടെ മുന്‍നിരയില്‍ത്തന്നെയാണ് കഥകളിയുടെ സ്ഥാനം.
...................................................................................
Δ  കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും  Δ  
...................................................................................
1. ''വൈരി വൈരസേനിക്കിഹ ഞാന്‍ കലി
തവ ഞാന്‍ മിത്രം, തസ്യ നാടു ഞാന്‍
തേ  തരുന്നു, ചൂതുപൊരുക, പോരിക''
ഇവിടെ തെളിയുന്ന കലിയുടെ സ്വഭാവവുമായി യോജിക്കാത്തതേത്?''
 ''നീചന്മാരുടെ  സംഗത്തേക്കാള്‍
നിന്ദിതമായിട്ടില്ലൊരു വസ്തു.''
▲ ദുര്‍ജനങ്ങളോടു ചേര്‍ന്നാല്‍ ദൂഷണം സംഭവിച്ചീടും.
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.
▲ ''ദുഷ്ടനാമവന്തന്നെ സ്‌നേഹമുണ്ടെന്നാകിലും
പെട്ടെന്നു പരിത്യജിച്ചീടുകെന്നതേ വരൂ.''
ഉത്തരം: ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.
2. 'ധരണിയിലുള്ള പരിഷകള്‍ നളനെച്ചെന്നു കാണും
അവര്‍ക്കു വേണ്ടും കാര്യം നളനും സാധിപ്പിക്കും,
ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാന്‍.'
വരികളില്‍നിന്നു വ്യക്തമാകുന്ന പുഷ്‌കരന്റെ മാനസികാവസ്ഥയെന്ത്?
തന്റെ സഹോദരനായ നളന്‍ രാജാവായിരിക്കുന്നതില്‍ അസൂയയുള്ളയാളാണ് പുഷ്‌കരന്‍. ആളുകള്‍ നളനെ  കാണാന്‍ പോകുന്നതും അവരുടെ ആവശ്യങ്ങള്‍ നളന്‍ സാധിച്ചുകൊടുക്കുന്നതും പുഷ്‌കരനെ വല്ലാതെ അസ്വസ്ഥനാക്കുന്നു. തന്നെ കാണാന്‍ ആരും വരാത്തതിലുള്ള നിരാശയും അമര്‍ഷവുമെല്ലാം അയാളുടെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. മറ്റുള്ളവരുടെ വളര്‍ച്ചയും ഉയര്‍ച്ചയും അവര്‍ക്ക് ലഭിക്കുന്ന അംഗീകാരവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സങ്കുചിതമനസ്സാണ് പുഷ്‌കരന്റേത്. കലിയെപ്പോലെയുള്ള കുടിലബുദ്ധികള്‍ക്ക് വളരെയെളുപ്പത്തില്‍ പുഷ്‌കരനെപ്പോലെയുള്ളവരെ സ്വാധീനിക്കാന്‍ കഴിയും. ആത്മവിശ്വാസക്കുറവാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ ബലഹീനത. സ്വന്തം കാര്യം നേടിയെടുക്കുന്നതിനുവേണ്ടി  ചതിയും വഞ്ചനയും കുടിലപ്രവൃത്തികളും ചെയ്യാനും ഇക്കൂട്ടര്‍ മടിക്കുകയില്ല.

ശ്രീനാരായണഗുരു എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം 'കൊച്ചുചക്കരച്ചി'യില്‍, കേരളീയസംസ്‌കാരത്തിന്റെ നന്മകളും ഈടുവയ്പുകളും 'ഓണമുറ്റത്ത്' എന്ന കവിതയില്‍, അതിരുകള്‍ക്കപ്പുറത്തേക്കു നീളുന്ന മനുഷ്യബന്ധത്തിന്റെ ഊഷ്മളത 'കോഴിയും കിഴവിയും' എന്ന കഥയില്‍. ഇവയുടെയെല്ലാം അന്തര്‍ധാരയായി ഗുരുദര്‍ശനങ്ങളും.ഈ പാഠഭാഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ എത്രമാത്രം പ്രസക്തമാണ്? ഉപന്യാസം തയാറാക്കുക.
എക്കാലത്തും പ്രസക്തമായ ആശയങ്ങളും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പാഠങ്ങളാണ് ഈ യൂണിറ്റിലുള്ളത്. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന രചനയാണ് 'കൊച്ചുചക്കരച്ചി'. പ്രകൃതിയെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന പ്രവണതയാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മരങ്ങള്‍ വെട്ടിവീഴ്ത്തുന്നു. പ്രകൃതിയുടെ കരുതല്‍ തിരിച്ചറിയാനുള്ള ക്ഷമയോ ശ്രദ്ധയോ ആരും പ്രകടിപ്പിക്കുന്നില്ല. അതിന്റെ അനന്തരഫലങ്ങളാണ് നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ആരും കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്നതാണ് സങ്കടകരം.
പഴമയുടെ നന്മകളെ നെഞ്ചോടുചേര്‍ക്കുന്നവരെ പരിഹസിക്കുകയും നിന്ദിക്കുകയുമാണ് പരിഷ്‌കാരത്തിന്റെ വക്താക്കള്‍ ചെയ്യുന്നതെന്ന് 'ഓണമുറ്റത്ത്' എന്ന കവിതയില്‍ വൈലോപ്പിള്ളി പറയുന്നു. ഉള്ളുപൊള്ളയായ ആഘോഷങ്ങളും അനുകരണങ്ങളും  നമ്മുടെ ചുറ്റും  നിറഞ്ഞുകഴിഞ്ഞു.  പാരമ്പര്യത്തിന്റെ  നന്മകളെ  അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന ചുരുക്കംപേര്‍ നമ്മുടെ ഇടയിലുണ്ടെന്നതാണ് ആശ്വാസം.
 പാലുകൊടുത്ത കൈയില്‍ ത്തന്നെ കടിക്കുന്നവരുടെ എണ്ണമാണ് ഇന്ന് കൂടുതല്‍. മത്തായിയുടെയും മര്‍ക്കോസിന്റെയും കുടുംബങ്ങളുടെ കഥയിലൂടെ   കാരൂര്‍ പങ്കുവയ്ക്കുന്നത് ഈയൊരു ചിത്രമാണ്. ആരു മുടിഞ്ഞാലും ചത്താലും  വേണ്ടില്ല, മറ്റുള്ളവരുടെ സമ്പത്തെല്ലാം തന്റെ കയ്യിലായാല്‍ മതിയെന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മത്തായിയെപ്പോലുള്ളവര്‍ കൂടുതലുള്ള ഈ ഒരു സമൂഹത്തില്‍ അയാളുടെ അമ്മയെപ്പോലെ നന്മയുള്ളവരും ഉണ്ടെണ്ടന്നുള്ളത് ആശ്വാസം നല്‍കുന്നു.  ശ്രീനാരായണഗുരുവിന്റെ പ്രസക്തി ഏറ്റവും കൂടുതലുളള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരിക്കല്‍ മുറിച്ചുമാറ്റിയ മതത്തിന്റെയും ജാതിയുടെയും വര്‍ഗത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും  പിടിയിലേക്ക്  വീണുകൊണ്ടിരിക്കുന്ന നമ്മുടെ നാടിന് ഇനിയുമൊരു മോചനത്തിന് ഗുരുവിന്റെ വാക്കുകള്‍ മാത്രമാണ് ആശ്രയം.
    നമ്മുടെ നാടിന് ഈ കാലഘട്ടത്തില്‍ ഏറ്റവും അത്യാവശ്യമായ ചിന്തകളും സന്ദേശങ്ങളുമാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങളിലൂടെ പങ്കുവെക്കുന്നത്. ആശയങ്ങളുടെ അഭാവമല്ല, അവ ഹൃദയം തുറന്ന് സ്വീകരിക്കാനുള്ള മനസ്സാണ് ഇനി നമുക്കുണ്ടാവേണ്ടത്.
2. മനുഷ്യര്‍ മൃഗങ്ങളേക്കാള്‍ മോശമാണെന്ന് ഗുരു അഭിപ്രായപ്പെട്ടത് എന്തുകൊണ്ടാണ്?
  ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയുമൊക്കെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ത്തന്നെ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്.  പരസ്പരം മാറ്റിനിര്‍ത്തുന്നു. ഇത്തരത്തില്‍ പെരുമാറുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്. ഒരു പട്ടി മറ്റൊരു പട്ടിയെകണ്ടാല്‍ അത് സ്വന്തം ജാതിയിലുള്ളതാണെന്ന് മനസ്സിലാക്കുന്നു. ലോകത്തിലുള്ള സകല ജീവികള്‍ക്കും  ഈ വകതിരിവുണ്ട്. അതനുസരിച്ചാണ് അവര്‍ ജീവിക്കുന്നത്. മനുഷ്യര്‍ക്കു മാത്രം  സ്വന്തം ജാതിയില്‍പ്പെട്ടവരെ തിരിച്ചറിയാനുള്ള കഴിവില്ല. കുറേപ്പേരെ ഉയര്‍ന്നവരായും ബാക്കിയുള്ളവരെ താഴ്ന്നവരായും മനുഷ്യര്‍ കണക്കാക്കുന്നു. മൃഗങ്ങള്‍ കാണിക്കുന്ന വകതിരിവും വിവേകവും മനുഷ്യന്‍ പ്രകടിപ്പിക്കുന്നില്ലെന്ന് അമര്‍ഷത്തോടെയാണ് ഗുരു അഭിപ്രായപ്പെട്ടത്.
3. ലൗകികജീവിതത്തോടുള്ള ശ്രീനാരായണഗുരുവിന്റെ മനോഭാവമെന്തായിരുന്നു?  പ്രാചീനാചാര്യന്മാരുടെ മനോഭാവവുമായി അതിനുള്ള വ്യത്യാസമെന്ത്?
ലൗകികജീവിതം മിഥ്യയായതിനാല്‍ അത് അവഗണിക്കേണ്ടതാണെന്ന മനോഭാവം  ശ്രീനാരായണഗുരുവിനുണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്ന പണ്ഡിതന്മാര്‍ക്കും സന്ന്യാസിമാര്‍ക്കും മാത്രമേ അത്തരത്തിലുള്ള ഉള്‍ക്കാഴ്ച ഉണ്ടായിരുന്നുള്ളൂ. മറ്റു മനുഷ്യരെല്ലാം ലൗകികജീവിതത്തില്‍ മുഴുകി കഴിയുകയാണ്. അതിന്റേതായ ദുഃഖങ്ങളും ദുരിതങ്ങളും അവര്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. താഴെത്തട്ടില്‍ നരകയാതന അനുഭവിക്കുന്ന അറിവില്ലാത്ത പാവങ്ങളെ സമുദ്ധരിക്കുന്നതിനുവേണ്ടിയാണ് ഗുരു തന്റെ ജീവിതം മാറ്റിവച്ചത്. പ്രാചീനാചാര്യന്മാരെ സംബന്ധിച്ചിടത്തോളം സ്വന്തം മോക്ഷപ്രാപ്തിയായിരുന്നു ജീവിതലക്ഷ്യം. വേദാന്തജ്ഞാനം നേടിയ അവര്‍ ലൗകികജീവിതത്തെ അപ്രധാനമാണെന്നു കരുതിയാണ് ജീവിച്ചത്. 
4. ◀️ ''കേരളം ഒരു ഭ്രാന്താലയം'' - സ്വാമി വിവേകാനന്ദന്‍
   ◀️ ''തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍'' 
                                 - കുമാരനാശാന്‍
   ◀️ 'ശ്രീനാരായണഗുരു കേരളത്തിലെ ജാതിഭ്രാന്ത് നിശ്ശേഷം നീക്കം ചെയ്തു.'
                                                                - കുറ്റിപ്പുഴ കൃഷ്ണപിള്ള
നല്‍കിയ സൂചനകള്‍ വിശകലനം ചെയ്ത് 'ശ്രീനാരായണഗുരു കേരളനവോത്ഥാന നായകന്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം തയാറാക്കുക. 
തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അയിത്താചാരങ്ങളുടെ പേരില്‍ മനുഷ്യര്‍ മനുഷ്യരെ കണ്മുന്നില്‍നിന്നുപോലും അകറ്റിനിര്‍ത്തിയിരുന്ന ഇരുണ്ടകാലഘട്ടത്തില്‍നിന്ന് കേരളീയര്‍ മോചിതരായിട്ട് അധികം കാലമായിട്ടില്ല. ഇവിടെ നിലനിന്നിരുന്ന സവര്‍ണാവര്‍ണ വിവേചനത്തിന്റെ ഏറ്റവും ഹീനമായ അവസ്ഥ കണ്ടിട്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ 'ഭ്രാന്താലയ'മെന്ന് വിളിച്ചത്. കുമാരനാശാന്റെ വരികളിലും പ്രതിഫലിക്കുന്നത് അക്കാലത്തെ സാമൂഹികാവസ്ഥയുടെ യഥാര്‍ഥചിത്രം തന്നെയാണ്. ശ്രീനാരായണഗുരുവിന്റെ വാക്കുകളും പ്രവൃത്തികളും ഏറെ ശ്രദ്ധേയമാകുന്നത്  ഈ പശ്ചാത്തലത്തിലാണ്.
ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഗുരു നിലകൊണ്ടത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അവര്‍ണര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ ലക്ഷ്യത്തോടെയാണ്  സാര്‍വത്രികവിദ്യാഭ്യാസത്തിന് അദ്ദേഹം തുടക്കമിട്ടത്. ജാതിയുടെയും മതത്തിന്റെയും പേരിലായിരുന്നു അന്ന് മനുഷ്യരെ തരംതിരിച്ചിരുന്നത്. ക്ഷേത്രങ്ങളില്‍പ്പോലും അവര്‍ണര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇത് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ശിവപ്രതിഷ്ഠ നടത്തിയത്. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. അവനവനില്‍ ഈശ്വരനെ കാണാന്‍വേണ്ടിയായിരുന്നു കണ്ണാടിപ്രതിഷ്ഠ. അവനവനില്‍ ഈശ്വരനെ കാണുന്നവര്‍ക്ക് മറ്റുള്ളവരിലെ ഈശ്വരനെ കാണാനും ബുദ്ധിമുട്ടുണ്ടാവുകയില്ലല്ലോ. അദ്ദേഹത്തിന്റെ വാക്കുകളെയും പ്രവൃത്തികളെയും എങ്ങനെ നേരിടണമെന്നറിയാതെ അക്കാലത്തെ യാഥാസ്ഥിതികര്‍ കുഴങ്ങിപ്പോയി. അദ്ദേഹത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട കുമാരനാശാന്റെ കാവ്യങ്ങളിലെല്ലാം ആ ദര്‍ശനങ്ങളുടെ കരുത്ത് കാണാന്‍ കഴിയും. അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ജാതിമതഭേദമില്ലാതെ സര്‍വമനുഷ്യര്‍ക്കും കേരളത്തില്‍ ഒരുമിച്ചുകഴിയാനുള്ള  ഇന്നത്തെ അവസ്ഥ കൈവന്നതില്‍ ഏറ്റവും വലിയ സംഭാവന ഗുരുവിന്റേതുതെന്നയാണ്.
ഗുരുദര്‍ശനങ്ങളുടെ നേട്ടങ്ങള്‍ സമൂഹത്തില്‍ നിലനിര്‍ത്തുന്നതില്‍ ഇക്കാലത്ത് നമ്മള്‍  പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരുകിവരുന്നതിന് കാരണം അതാണ്. സ്വാര്‍ഥലാഭങ്ങള്‍ക്കും അധികാരത്തിനും വേണ്ടി ജാതിമതവേര്‍തിരിവുകള്‍ വളരെ വിപുലമായി ഉപയോഗിക്കപ്പെടുന്നതാണ് അതിന്  കാരണം. മൂല്യങ്ങളില്‍ വേരുറപ്പിച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ സ്‌നേഹവും സമത്വവും വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനുമാണ് ഇനി നമ്മള്‍ ശ്രമിക്കേണ്ടത്.
5. ◀️ ''ഇതിലെ നടന്നുപോയ് വലിയവര്‍
  ഈ നാട്ടുവഴികളിലെല്ലാം നിലാവായ്
 പടര്‍ന്നവര്‍'' - സച്ചിദാന്ദന്‍
   ◀️ ''ശ്രീനാരായണഗുരു ബഹുലക്ഷം ജനങ്ങളുടെ അന്ധകാരജീവിതത്തില്‍ പ്രകാശം പരത്തി അവരെ സ്വാതന്ത്ര്യബോധമുള്ള മനുഷ്യരാക്കി.'' -കുറ്റിപ്പുഴ കൃഷ്ണപിള്ള
സച്ചിദാനന്ദന്റെ വരികളും പാഠഭാഗവും വിശകലനം ചെയ്ത് 'ശ്രീനാരായണഗുരു കാലാതീതനായ നവോത്ഥാ നനായകന്‍' എന്ന വിഷയത്തില്‍ പ്രഭാഷണം തയാറാക്കുക.
പ്രിയ ശ്രോതാക്കളേ,
അനേകംപേരുടെ ത്യഗവും സഹനവുമാണ് നമ്മുടെ ജീവിതത്തെ ഇത്രയേറെ പ്രകാശപൂര്‍ണമാക്കിയത്. നമ്മുടെ ദേശത്തെ വിദേശീയാടിമത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമരസേനാനികളും അനാചാരങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ ആചാര്യന്മാരും സാമൂഹികപ്രവര്‍ത്തകരും അവരുടെ ജീവിതംതന്നെ ഹോമിച്ചു. ആ ത്യാഗത്തിന്റെ വെളിച്ചമാണ് നാമിന്ന് അനുഭവിക്കുന്നതെന്ന് സച്ചിദാന്ദന്‍ പറയുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടാവുന്നതിന്റെ അടിസ്ഥാനകാരണം അറിവില്ലായ്മയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അവയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ. ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്ത് കേരളം ഭ്രാന്താലയത്തിന് സമമായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ മനുഷ്യരെ അകറ്റിനിര്‍ത്തിയിരുന്ന കാലമായിരുന്നത്. അക്കാലത്തെ അവര്‍ണരുടെ അവസ്ഥ പരമദയനീയമായിരുന്നു. പൊതുവഴിയിലൂടെ സഞ്ചരിക്കുന്നതിനോ, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനോ, പ്രാര്‍ഥിക്കുന്നതിനോ, നല്ല വസ്ത്രം ധരിക്കുന്നതിനോ ഉള്ള അവകാശംപോലും അവര്‍ണര്‍ക്ക് നിഷേധിച്ചിരുന്നു. അടിമകളെ കൂടുതല്‍ അടിമത്തത്തിലേക്ക് തള്ളിവിടുന്ന ആചാരങ്ങളാണ് നിലനിന്നിരുന്നത്. ഇരുണ്ട ആ കാലത്തിന്റെ നടുവില്‍നിന്നുകൊണ്ട് മതങ്ങളെക്കാളും ഈശ്വരനെക്കാളും വിലയുള്ളവനാണ് മനുഷ്യനെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ധീരനായ ആചാര്യനാണ് ശ്രീനാരായണഗുരു.
മനുഷ്യത്വമായിരുന്നു ശ്രീനാരായണഗുരുവിന്റെ മതം. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഗുരുവചനം മനുഷ്യനെ നന്നാക്കാനുള്ള വഴിയാണ് മതമെന്ന പ്രഖ്യാപനംതന്നെയാണ്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന വചനമാവട്ടെ സമത്വചിന്തയാണ്  ഉദ്‌ഘോഷിക്കുന്നത്. ഏതുകാലത്തും എവിടെയും പ്രസക്തമായ വാക്യങ്ങളാണിവ. നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടണമെന്ന ആഹ്വാനമാവട്ടെ നിസ്വാര്‍ഥസ്‌നേഹത്തിന്റെ സന്ദേശമാണ് ഉള്‍ക്കൊള്ളുന്നത്. അടിമത്തത്തില്‍നിന്ന് മോചനംനേടാനുള്ള ഏകമാര്‍ഗം വിദ്യാഭ്യാസമാണെന്നും, വ്യവസായത്തിലൂടെയാണ് മനുഷ്യര്‍ മുന്നേറേണ്ടതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മോക്ഷത്തേക്കാള്‍ പ്രാധാന്യത്തോടെ ലോകജീവിതത്തെ കണ്ട സന്ന്യാസിയാണ് ഗുരു. ലോകത്തില്‍ എവിടെയുമുള്ള വിവേചനത്തിന് എതിരെയുള്ള പ്രഖ്യപനങ്ങളാണ് ഗുരുവിന്റെ നാവില്‍നിന്നും ഉതിരുന്നത്. അവനവനിലാണ് ഈശ്വരന്‍ കുടികൊള്ളുന്നതെന്ന മഹത്തായ പ്രഖ്യാപനമായിരുന്നു അദ്ദേഹം നടത്തിയ കണ്ണാടിപ്രതിഷ്ഠ. മനുഷ്യത്വം വെല്ലുവിളിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഏറ്റവും പ്രസക്തമായ വചനങ്ങളാണ് ഗുരുവിന്റേത്.
വിദ്യാഭ്യാസത്തിലൂടെ മനുഷ്യര്‍ കാടത്തത്തില്‍നിന്ന് മോചനം നേടിവരുന്നതേയുള്ളൂ. ഗുരുവിന്റെ കാലത്തെ അപേക്ഷിച്ച് ഇന്ന് എത്രയോപേര്‍ അറിവിന്റെ ഉയരങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. എന്നിട്ടും സമത്വബോധത്തിന്റെ വെളിച്ചം എല്ലായിടത്തും എത്തിക്കഴിഞ്ഞിട്ടില്ല. സ്വാര്‍ഥചിന്തകളാണ് സ്വാതന്ത്ര്യത്തിനും സമത്വത്തിനും വിഘാതമായി
നില്‍ക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണാനും അംഗീകരിക്കാനും എല്ലാവരും തയാറാകണമെന്ന  ശ്രീനാരായണഗുരുവിന്റെ വചനങ്ങള്‍ക്ക് ഒരുകാലത്തും പ്രസക്തി നഷ്ടമാവുകയില്ല. ഗുരു കാലാതീതനായി നില്‍ക്കുന്നതിന്റെ കാരണമതാണ്. ജാതിമതവര്‍ണഭേദമന്യേ എല്ലാവരും എല്ലാവരെയും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സുദിനം
പിറക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് എന്റെ വാക്കുകള്‍ ചുരുക്കുന്നു. 
                                                                                   നന്ദി, നമസ്‌കാരം                   


കോഴിയും കിഴവിയും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. 'മര്‍ക്കോസ്  പിടിക്കുന്ന ഭാഗത്തിന്റെ എതിരുപിടിക്കുക എന്നത് മത്തായിയുടെ വ്രതമായി.' അടിവരയിട്ട പ്രയോഗത്തിന്റെ സന്ദര്‍ഭത്തിലെ അര്‍ഥം?
എപ്പോഴും കുറ്റപ്പെടുത്തുക
ചിലപ്പോള്‍ എതിര്‍ക്കുക
എപ്പോഴും എതിര്‍ക്കുക
എതിരഭിപ്രായം പറയുക
ഉത്തരം: എപ്പോഴും എതിര്‍ക്കുക
2. 'ഉണ്ട ചോറു മറക്കരുത്'- പഴഞ്ചൊല്ലിന്റെ ആശയവുമായി ബന്ധിപ്പിച്ച് 'കോഴിയും കിഴവിയും' എന്ന കഥയിലെ മത്തായി എന്ന കഥാപാത്രത്തിന്റെ മനോഭാവം വിലയിരുത്തുക. 
നന്ദികേടിന്റെ കഥയാണ് 'കോഴിയും കിഴവിയും'. കുടുംബനാഥന്റെ മദ്യപാനം നിമിത്തം തെരുവിലായിപ്പോയ മത്തായിയും അമ്മയും സഹായം ചോദിച്ച് പലരുടെയും മുമ്പില്‍ കൈനീട്ടിയെങ്കിലും ആരും അവരെ സഹായിച്ചില്ല. മര്‍ക്കോസിന്റെ അപ്പനാണ് മത്തായിക്കും അമ്മയ്ക്കും വീടുവയ്ക്കാനുള്ള സ്ഥലം കൊടുത്തത്. അവിടെ താമസിച്ചുകൊണ്ട്്  ചെറിയതോതില്‍ കച്ചവടം നടത്തിയാണ് പട്ടിണിയില്‍നിന്ന് അവര്‍ കരകയറിയത്. ഇതിനിടയില്‍ മര്‍ക്കോസിന്റെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. ആപല്‍ഘട്ടത്തില്‍ തങ്ങളെ സഹായിച്ച ആ കുടുംബത്തെ ദ്രോഹിച്ച് ഓടിക്കാനാണ് മത്തായി ശ്രമിച്ചത്. മര്‍ക്കോസിനെ കള്ളക്കേസില്‍ കുടുക്കാന്‍
പോലും മത്തായി  ശ്രമിച്ചു. സ്വാര്‍ഥതയും അസൂയവും നന്ദികേടും ഉള്ളവനാണ് മത്തായി. മര്‍ക്കോസിനോട് മത്തായിക്കുള്ളത്
വിദ്വേഷമനോഭാവമാണ്. മര്‍ക്കോസിന്റെ കുടുംബം ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ ബോധപൂര്‍വം അയാള്‍ മറക്കുന്നു. 'ഉണ്ട
ചോറു മറക്കുന്നതിനു' തുല്യമാണ് മത്തായിയുടെ പ്രവര്‍ത്തനങ്ങള്‍.
3. 'കോഴിയും കിഴവിയും' എന്ന കഥയുടെ പശ്ചാത്തലത്തില്‍ സമകാലിക സാമൂഹികാവസ്ഥ വിലയിരുത്തുക.
സമൂഹത്തില്‍ നന്മകള്‍ വറ്റിവരളുകയും ആര്‍ത്തി പെരുകുകയും ചെയ്യുന്നതിന്റെ  കഥയാണ് 'കോഴിയും കിഴവിയും'. പാലുകൊടുത്ത കൈയില്‍ കടിക്കുന്ന മനോഭാവമാണ് മത്തായി മര്‍ക്കോസിനോട് കാണിച്ചത്. പെരുവഴിയിലായപ്പോള്‍ കിടക്കാനിടം തന്ന മനുഷ്യന്റെ മകനെ കള്ളക്കേസില്‍ കുടുക്കാനാണ് മത്തായി ശ്രമിച്ചത്. ഉള്ളിലെ നന്മ വറ്റിയിട്ടില്ലാത്ത പഴയ തലമുറയുടെ  പ്രതിനിധിയാണ് മത്തായിയുടെ അമ്മ. ഉണ്ട ചോറിന് നന്ദി കാണിക്കുന്ന പ്രകൃതമാണ് അവരുടേത്. പക്ഷേ, ലാഭക്കണക്കുകളുടെ ഇക്കാലത്ത് അത്തരം ചിന്തകള്‍ക്ക് പ്രസക്തിയില്ല. അവിടെ സ്വാര്‍ഥതയും കൊള്ളലാഭവും മാത്രമേയുള്ളൂ. നന്മ ചെയ്യുന്നവനെ വിഡ്ഢിയും പിടിപ്പില്ലാത്തവനുമായാണ് കണക്കാക്കുന്നത്.
നന്മയുള്ള മനുഷ്യന്‍ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയാണ് കഠിനാധ്വാനം ചെയ്യേണ്ടതെന്ന് ശ്രീനാരായണഗുരുവും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുകയെന്ന് ബൈബിളും പറയുന്നു. ലോകത്തില്‍ സ്‌നേഹത്തിന്റെയും നന്മയുടെയും വെളിച്ചം നിലനില്‍ക്കണമെന്ന സന്ദേശമാണ് ഇതിനുപിന്നിലുള്ളത്. സന്ദേശങ്ങളുടെ കുറവുകൊണ്ടല്ല, അവ സത്യസന്ധതയോടെ സ്വീകരിക്കാനുള്ള മനസ്സുകളുടെ കുറവാണ് ലോകത്തെ ഇത്രത്തോളം ഇരുളടഞ്ഞതാക്കിയത്.
4. ''മകനേ... മൂടുമറക്കരുത്.'' മത്തായിയുടെ അമ്മ ഇപ്രകാരം പറയുന്നതെന്തുകൊണ്ടാണ്?
മത്തായിയും കുടുംബവും ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് മര്‍ക്കോസിന്റെ കുടുംബത്തോടാണ്. പക്ഷേ പണം കൈയില്‍വന്നപ്പോള്‍ മത്തായി പഴയതെല്ലാം മറന്നു. ആപത്തില്‍ സഹായിച്ച മര്‍ക്കോസിനെ അയാള്‍ ശത്രുവായി കാണാന്‍തുടങ്ങി. മര്‍ക്കോസിനെയും കുടുംബത്തെയും അവിടെനിന്നും ഓടിച്ച് ആ സ്ഥലംകൂടി കൈക്കലാക്കാനുള്ള ക്രൂരമനോഭാവമായിരുന്നു അയാളുടെ ഉള്ളില്‍. അതിനുവേണ്ടി ചീഞ്ഞഴുകിയ മാലിന്യങ്ങള്‍ മര്‍ക്കോസിന്റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇടിഞ്ഞുപോയ കയ്യാല നന്നാക്കാന്‍ അനുവദിച്ചില്ല. പോരാത്തതിന് നിത്യേന വഴക്കും വക്കാണവും. മകന്റെ ഇത്തരത്തിലുള്ള ദ്രോഹനടപടികള്‍  കണ്ട് സഹികെട്ടപ്പോഴാണ് 'മൂടു മറക്കരുതെ'ന്ന്  മത്തായിയുടെ അമ്മ  അയാളെ ഉപദേശിച്ചത്.
5. ''അതിന്റെ  ജീവന്‍  പോകുന്നതു  കാണുമ്പോള്‍ കണ്ണു നിറയാത്തത്, കണ്ണില്‍ക്കൂടി വരേണ്ട വെള്ളം   വായില്‍ ഊറുന്നതുകൊണ്ടാണ്.'' കഥയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നത്  ഇത്തരത്തിലുള്ള വാക്യങ്ങളാണ്. ഇത്തരം കൂടുതല്‍ വാക്യങ്ങള്‍ കഥയില്‍നിന്ന് കണ്ടെത്തി വിശകലനം ചെയ്യുക.
★ ''ആ പൂവന്‍കോഴി ഒരു വിപ്ലവം അഴിച്ചുവിട്ടു. ആ രാത്രി അതു മത്തായിയുടെ തലച്ചോറിനക ത്തു ചികയുകയും മാന്തുക
യും കൊത്തിപ്പെറുക്കുകയും ചെയ്തു.''- ചിക്കിയും മാന്തിയും കൊത്തിപ്പെറുക്കിയുമാണ് കോഴി ഇരതേടുന്നത്. താന്‍ കഴിച്ച കോഴിയെ മര്‍ക്കോസിനെതിരെ  എങ്ങനെ ഉപയോഗിക്കണമെന്നാണ് മത്തായി രാത്രി മുഴുവന്‍ ആലോചിച്ചുകൊണ്ടിരുന്നത്. ആലോചനയുടെ ഫലമാണ് മര്‍ക്കോസ് കോഴിയെ കൊന്നുതിന്നുവെന്ന കള്ളക്കേസ്.
★ ''അങ്ങനെ മുകളില്‍നിന്നു കീഴോട്ടൂര്‍ന്നിറങ്ങുന്ന മര്‍ക്കോസും താഴെ നിന്നുമേലോട്ടുവളരുന്ന മത്തായിയും അയല്‍ക്കാരായിപ്പാര്‍ത്തു.'' -സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചതോടെ മര്‍ക്കോസിന്റെ സാമ്പത്തികനില തകര്‍ന്നു. അതേസമയം  മത്തായി സമ്പന്നതയുടെ പടവുകള്‍ കയറുകയായിരുന്നു.

Monday, September 16, 2019

കഥാപാത്രനിരൂപണത്തിന്റെ മാതൃകകള്‍

1. പ്രശസ്ത സാഹിത്യകാരനായ  ഉറൂബിന്റെ ലളിതസുന്ദരമായ ഒരു ചെറുകഥയാണ് 'കോയസ്സന്‍'. അപ്പു എന്ന കുട്ടിയുടെ തറവാട്ടിലെ ഒരംഗത്തെപ്പോലെയാണ് കുതിരവണ്ടിക്കാരനായ കോയസ്സന്‍ ജീവിച്ചിരുന്നത്. അപ്പുവിന് ഉള്‍പ്പെടെ എല്ലാവര്‍ക്കും എന്തിനും ഏതിനും കോയസ്സന്‍ വേണമായിരുന്നു. എന്നാല്‍ പുതിയ  കാലത്തില്‍ കോയസ്സനും അയാളുടെ കുതിരവണ്ടിയുമെല്ലാം അനാവശ്യവസ്തുക്കളായി മാറുന്നു. കോയസ്സന്‍ എന്ന കഥാപാത്രത്തിന്റെ സവിശേഷതകള്‍, മറ്റുള്ളവരോടുള്ള ബന്ധം, രൂപം, വേഷം എന്നിവയെല്ലാം ഉള്‍പ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.
 സ്‌നേഹത്തിന്റെയും വറ്റാത്ത നന്മയുടെയും ഒരു വിശാലലോകം നമുക്കു മുന്നില്‍ തുറന്നിടുന്ന കഥയാണ് ഉറൂബിന്റെ 'കോയസ്സന്‍'. ഇതിലെ പ്രധാന കഥാപാത്രമാണ് കോയസ്സന്‍. അപ്പുവിന്റെ തറവാട്ടിലെ കുതിരക്കാരനാണ് അയാള്‍. പക്ഷേ അവിടെ എന്തിനുമേതിനും അയാള്‍ത്തന്നെ വേണം. അയാള്‍ക്ക് ഒരു കുടുംബമുണ്ട്. രണ്ട് മക്കളുമുണ്ട്. എന്നാല്‍ അയാള്‍ അവരെ കാണാന്‍ വീട്ടിലേക്ക് പോകാറില്ല. സ്വന്തം മക്കള്‍ക്ക് നല്‍കേണ്ട സ്‌നേഹവാത്സല്യങ്ങള്‍ കോയസ്സന്‍ യാതൊരു പിശുക്കുമില്ലാതെ അപ്പുവിനു നല്‍കുന്നു. അപ്പുവിന്റെ വികൃതികള്‍ക്ക് അയാള്‍ സംരക്ഷണം നല്‍കുന്നു. അവനെ മറ്റുള്ളവരുടെ ശാസനയില്‍നിന്നും ശിക്ഷകളില്‍നിന്നും രക്ഷിക്കുന്നു.
 കോയസ്സന്റെ ഏറ്റവും വലിയ പ്രത്യേകത തൊപ്പിക്കുടയോളം വലുപ്പമുള്ള തലപ്പാവാണ്. അത് ധരിക്കാത്തപ്പോള്‍ കുതിരപോലും അയാളെ തിരിച്ചറിയുന്നില്ല.  നിധിപോലെയാണ് അയാള്‍ അത് സംരക്ഷിക്കുന്നത്. കോയസ്സന്റെ വ്യക്തിത്വത്തിന്റെയും അന്തസ്സിന്റെയും അടയാളമാണ് തലപ്പാവ്. വര്‍ഷങ്ങളോളം അപ്പുവിന്റെ തറവാട്ടില്‍ കഴിഞ്ഞുകൂടിയ കോയസ്സന്‍ താനവിടുത്തെ ഒരംഗംതന്നെയാണ് എന്നും തനിക്കവിടെ കാര്യമായ ഉത്തരവാദിത്വങ്ങളുണ്ടെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് തറവാട്ടില്‍ കാറ് വാങ്ങിയപ്പോള്‍ അയാള്‍ തിരിച്ചറിയുന്നു.
 തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആ തറവാടിനുവേണ്ടി ചെലവാക്കിയ ആളാണ് കോയസ്സന്‍. അയാളെ അപ്പുവൊഴിച്ച് ആ വീട്ടിലെ വേറെയാരും മനസ്സിലാക്കുന്നില്ല. പുതിയവ വരുമ്പോള്‍ പഴയതിനെ ഉപേക്ഷിക്കും എന്ന സത്യം അയാള്‍ അംഗീകരിക്കുന്നു. ആരോടും പരാതിപ്പെടാതെ തന്റെ വ്യാകുലതകളും ആകുലതയും നെഞ്ചോടുചേര്‍ത്ത് അയാള്‍ ആ തറവാടിന്റെ പടിയിറങ്ങുന്നു. കോയസ്സന്റെ മുമ്പില്‍ ജീവിതം ഇരുളടഞ്ഞ ചോദ്യമായിത്തീര്‍ന്നു.  താനും കുടുംബവും  എന്നും ആശ്രിതരും വിധേയരുമായി
കഴിയേണ്ടവരാണെന്ന ചിന്ത കോയസ്സന്‍ അടങ്ങുന്ന താഴെത്തട്ടിലെ  സമൂഹത്തിനുണ്ടായിരുന്നു. ആ വിധേയത്വമനോഭാവം ഏറെ ലളിതമായും ഗൗരവത്തോടെയുമാണ് കോയസ്സനിലൂടെ ഉറൂബ് ചിത്രീകരിച്ചിരിക്കുന്നത്.
2. പ്രകൃതിയെ ആരാധനയോടെ നോക്കിക്കണ്ടണ്ട വിശ്വമഹാകവിയായ രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ  കഥയാണ് 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍'. കുട്ടിക്കാലം മുതലേ ചെടികളെയും വൃക്ഷങ്ങളെയും സ്‌നേഹിച്ചിരുന്ന ബാലചന്ദ്രനാണ് ഇതിലെ പ്രധാന കഥാപാത്രം. ചെറിയ കുട്ടിയായിരുന്നപ്പോള്‍ താന്‍ പരിപാലിച്ചിരുന്ന ഇലവുമരത്തിനോടുള്ള സ്‌നേഹം മുതിര്‍ന്നിട്ടും ഒട്ടുംകുറയാതെ ബാലചന്ദ്രനില്‍ കാണാന്‍ സാധിക്കുന്നു.ബാലചന്ദ്രന്റെ എന്തെല്ലാം സ്വഭാവസവിശേഷതകളാണ് നിങ്ങളെ ഏറെ ആകര്‍ഷിച്ചത്? അവയെല്ലാം ഉള്‍പ്പെടുത്തി ഒരു കഥാപാത്രനിരൂപണം തയാറാക്കൂ.
 വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന കഥാപാത്രമാണ് രവീന്ദ്രനാഥ ടാഗോറിന്റെ 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥയിലെ 'ബാലചന്ദ്രന്‍'. കുട്ടിക്കാലം മുതല്‍ ബാലചന്ദ്രന്‍ ചെടികളെയും മരങ്ങളെയും ഇഷ്ടപ്പെട്ടിരുന്നു. മണ്ണിലെന്തെങ്കിലും പുതുതായി മുളച്ചുവന്നാല്‍, എന്തോ പുതിയ ശാസ്ത്രതത്ത്വം കണ്ടുപിടിക്കാനെന്നപോലെ അവനത് സൂക്ഷിച്ചുനോക്കി നില്‍ക്കും. ഒരു ദിവസം നടപ്പാതയുടെ നടുവില്‍ വളര്‍ന്നുവരുന്ന ഒരു ഇലവുമരം ചൂണ്ടിക്കാണിച്ച് ആ മരത്തിന്റെ പേരെന്താണെന്ന്   അവന്‍ വല്യച്ഛനോട് ചോദിച്ചു. അത് മുളച്ചു തുടങ്ങിയപ്പോള്‍ മുതല്‍ അവനതിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ അമ്മമാര്‍ സന്തോഷിക്കുന്നതുപോലെ അതിന് ഇലകള്‍ വന്നത് അവനെ വളരെ സന്തോഷിപ്പിച്ചു. അവന്‍ ദിവസവും രണ്ടുനേരം അതിന് വെള്ളമൊഴിച്ചു. വളരെ വേഗം വളര്‍ന്നുപൊങ്ങുന്ന വൃക്ഷത്തെ കണ്ട് അവന്‍ മനംനിറഞ്ഞ് സന്തോഷിച്ചു. അതു വെട്ടിക്കളയാന്‍ തോട്ടക്കാരനെ ഏര്‍പ്പാടു ചെയ്യാമെന്നു വല്യച്ഛന്‍ പറഞ്ഞത് അവനൊരു ആഘാതമായി. അതവിടെനിന്നാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ വല്യച്ഛന്‍ പറഞ്ഞെങ്കിലും അതു വെട്ടിക്കളയരുതെന്ന് അവന്‍ യാചിച്ചു. ഒടുവില്‍ വല്യമ്മയുടെ അടുത്തെത്തി അവന്‍ കാര്യം പറഞ്ഞു. അവര്‍ മരം വെട്ടിക്കളയരുതെന്ന്  വല്യച്ഛനോട് ആജ്ഞാപിച്ചു. അതുകൊണ്ട് മരം വെട്ടിയില്ല.
 കൈക്കുഞ്ഞായിരുന്നപ്പോള്‍ത്തന്നെ അമ്മയെ നഷ്ടപ്പെട്ട ബാലചന്ദ്രനെ അച്ഛന്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠനെ ഏല്‍പ്പിച്ച് വിദേശത്തേക്ക് പോയതാണ്. മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കിയാണ് വല്യമ്മയും വല്യച്ഛനും ബാലചന്ദ്രനെ  വളര്‍ത്തിയത്. അവന്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.  പത്തുകൊല്ലത്തിനുശേഷം തിരിച്ചെത്തിയ ബാലചന്ദ്രന്റെ പിതാവ് അവനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനുള്ള പരിശീലനത്തിനുവേണ്ടി സിംലയിലേക്ക് അയച്ചു. കരഞ്ഞുകൊണ്ടാണ് ബാലചന്ദ്രന്‍ യാത്രയായത്.
 ഇലവുമരം വളര്‍ന്ന് കായ്കള്‍ പൊട്ടിത്തെറിച്ച് പഞ്ഞി നാലുപാടും പറന്ന് ശല്യമായതോടെ വല്യച്ഛനത് വെട്ടിക്കളഞ്ഞു. ഇതറിയാതെയാണ് ഇലവുമരത്തിന്റെ ഫോട്ടോ അയച്ചുതരണമെന്ന് പറഞ്ഞ് സിംലയില്‍നിന്നും ബാലചന്ദ്രന്‍ വല്യമ്മയ്ക്ക് കത്തയച്ചത്.സ്വന്തം നാടുവിട്ട് വിദേശത്തേക്ക് പോകുമ്പോഴും ആ മരത്തിന്റെ സാന്നിധ്യം അവന്‍ ആഗ്രഹിച്ചു. തനിക്കു ചുറ്റുമുള്ള വിശാലലോകത്തെ സ്‌നേഹിക്കുവാനും ഉള്‍ക്കൊള്ളുവാനും അവന് സാധിച്ചിരുന്നു. . താന്‍ നോക്കി സംരക്ഷിച്ച ഇലവുമരം ഒരു പാഴ്മരമാണെന്നറിഞ്ഞിട്ടും ഉറ്റസുഹൃത്തിനെപ്പോലെ അവനതിനെ സ്‌നേഹിച്ചു. അത് വെട്ടിക്കളയുന്നതിനെപ്പറ്റി അവന് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല.
വിശാലമായ പ്രപഞ്ചദര്‍ശനവും സഹജീവിസ്‌നേഹവും മനസ്സില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ബാലചന്ദ്രന്‍ എന്ന് നമുക്ക് കഥയില്‍നിന്ന് മനസ്സിലാക്കാം.


Monday, September 9, 2019

കേരളപാഠാവലി (യൂണിറ്റ്-3) : ചിരിയും ചിന്തയും - കൂടുതല്‍ വിവരങ്ങള്‍ (Class 5)

പാഠം 2: വെണ്ണയുണ്ടെങ്കില്‍

    മുല്ലാക്കഥകള്‍    

എതിരില്ലാത്ത സത്യങ്ങള്‍
ഒരിക്കല്‍, ചന്തയില്‍വച്ച് ഒരു പ്രഭു  ഉറക്കെ വിളിച്ചുകൂവി: ''ഈ കൊട്ടയിലുള്ള മണ്‍പാത്രങ്ങള്‍ തലച്ചുമടായി എന്റെ വീട്ടില്‍ എത്തിക്കുന്നവര്‍ക്ക് പ്രതിഫലമായി എതിരൊന്നുമില്ലാത്ത  മൂന്നു സത്യങ്ങള്‍  ഞാന്‍ പറഞ്ഞുകൊടുക്കുന്നതായിരിക്കും''.
പലരും  ഇത് കേട്ടതായിപ്പോലും ഭാവിച്ചില്ല. കാരണം സത്യത്തിനു പകരം  പണംതന്നെ കൂലിയായി വേണം. സത്യം പുഴുങ്ങിത്തിന്നാല്‍ പട്ടിണി മാറുമോ? എന്നാല്‍, ചന്തയിലുണ്ടായിരുന്ന മുല്ലാ നസ്‌റുദ്ദീന്‍ ഇതുകേട്ട് വിചാരിച്ചത് മറ്റൊരു തരത്തിലായിരുന്നു. പണം എങ്ങനെയും തനിക്കു നേടാം. പക്ഷേ, എതിരില്ലാത്ത മൂന്നു ലോകസത്യങ്ങള്‍ വെറുതെ കിട്ടുമോ? അങ്ങനെ, പ്രഭുവിന്റെ കൂടെ കൊട്ടയും ചുമന്നുകൊണ്ട്  മുല്ല യാത്രയായി.
കുറച്ചുകഴിഞ്ഞപ്പോള്‍ മുല്ലാ നസ്‌റുദ്ദീന്‍ പ്രഭുവിനോട് പറഞ്ഞു: ''പ്രഭോ, ആ സത്യങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് കൊതിയാവുന്നു. അത് എന്നോട് ഇപ്പോള്‍ പറയുമോ?''
''അതിനെന്താ, ഞാന്‍ പറയാം. ശ്രദ്ധിച്ച് കേള്‍ക്കണം.'' പ്രഭു പറഞ്ഞു: ''ഒന്നാമത്തെ സത്യം ഇതാ. ആരെങ്കിലും മുല്ലയോട്  സ്വര്‍ഗരാജ്യം വിശക്കുന്നവനു കിട്ടും എന്നു പറഞ്ഞാല്‍ അത് യാതൊരു കാരണവശാലും വിശ്വസിക്കരുത്.''
''ഹോ, എത്ര ശരിയായ സത്യം! എതിരില്ലാത്ത സത്യം തന്നെ. ഒരു സംശയവുമില്ല.'' മുല്ല തലകുലുക്കി സമ്മതിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രഭു രണ്ടാമത്തെ  സത്യം  പറയാന്‍ തുടങ്ങി.
''നടന്നുപോകുന്നതാണ് കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിലും നല്ലത് എന്നു മുല്ലയോട് ആരെങ്കിലും  പറഞ്ഞാല്‍ അത് വിശ്വസിക്കരുത്.''
''ഇതും എതിരില്ലാത്ത സത്യംതന്നെ.''മുല്ലാ നസ്‌റുദ്ദീന്‍ പ്രഭുവിനോട് അനുകൂലിച്ചു. പ്രഭു ഊറിച്ചിരിച്ചുകൊണ്ട്  മൂന്നാമത്തെ സത്യവും പറഞ്ഞുതുടങ്ങി.''നമ്മുടെ  ഈ ഭൂമിയില്‍ നിങ്ങളേക്കാള്‍ വലിയൊരു വിഡ്ഢിയുണ്ടെന്നു പറഞ്ഞാല്‍  മുല്ല ഒരിക്കലും അത് വിശ്വസിക്കരുത്.''
അദ്ഭുതത്തോടെ മുല്ല പറഞ്ഞു:''പ്രഭോ, അങ്ങ് പ്രസ്താവിച്ച സത്യങ്ങള്‍ തീര്‍ച്ചയായും വിലപിടിച്ചവതന്നെ; എതിരില്ലാത്തത്!''
ഇതു പറയുന്നതിനിടെ മുല്ല തന്റെ തലച്ചുമട് താഴേക്കിട്ടു!
''പ്‌ടോ!'' തന്റെ  വിലപിടിച്ച പാത്രങ്ങള്‍ പൊട്ടിത്തകര്‍ന്നതു കണ്ട് പ്രഭുവിന്റെ ചങ്കു തകര്‍ന്നു. അങ്ങനെ പകച്ചു
നില്‍ക്കുന്ന പ്രഭുവിനോടായി മുല്ലാ നസ്‌റുദ്ദീന്‍ പറഞ്ഞു: ''എതിരില്ലാത്ത മൂന്നു സത്യങ്ങള്‍ എനിക്കു പറഞ്ഞുതന്നപ്പോള്‍ ഒരെണ്ണമെങ്കിലും അങ്ങയോടു പറയേണ്ട കടമ എനിക്കുമില്ലേ? ദാ പിടിച്ചോ, യാതൊരുവിധ എതിരുമില്ലാത്ത ഒരു  സത്യം. അങ്ങ് ചന്തയില്‍നിന്നും വാങ്ങിച്ച വിലകൂടിയ മണ്‍പാത്രങ്ങള്‍ പൊട്ടിയിട്ടില്ലെന്ന് ആരെങ്കിലും അങ്ങയോടു പറഞ്ഞാല്‍, എന്നെ ഓര്‍ത്തെങ്കിലും അങ്ങത് വിശ്വസിക്കരുത്!''

മുല്ലയുടെ പാണ്ഡിത്യം
ഒരു ദിവസം ഗ്രാമവാസികള്‍ മുല്ലയോട് ചോദിച്ചു: ''താങ്കള്‍ മെക്കയില്‍ പോയിട്ടുണ്ടെന്നു പറയുന്നതു ശരിയാണോ?''
''ശരിയാണ്. മെക്കയില്‍ പോയിട്ടുണ്ടെന്നു മാത്രമല്ല, ഞാന്‍ അറേബ്യയില്‍ കുറേക്കാലം താമസിക്കുകയും ചെയ്തിട്ടുണ്ട്''. മുല്ലയുടെ മറുപടി കേട്ടപ്പോള്‍  ഒരാള്‍ ചോദിച്ചു:''അപ്പോള്‍ താങ്കള്‍ക്ക് അറബി നന്നായി അറിയാമല്ലേ?'' ''ഉവ്വ്- അറബി വളരെ നന്നായി അറിയും.'' മുല്ല പറഞ്ഞു.
''അങ്ങനെയെങ്കില്‍ ഒട്ടകത്തിന്റെ അറബിവാക്കെന്താണ്?'' അയാള്‍ മുല്ലയെ വെറുതെ വിടാന്‍ ഭാവമില്ല. ''താനെന്തൊരു മനുഷ്യനാണെടോ? എന്റെ പാണ്ഡിത്യം അളക്കാന്‍ ഇത്ര വലിയ ഒരു ജീവിയുടെ പേരാണോ തനിക്ക് കിട്ടിയത്?'' മുല്ലയുടെ മറുചോദ്യം കേട്ട അയാള്‍ പറഞ്ഞു: ''എന്നാല്‍ ഏറ്റവും ചെറിയ ജീവിയായ ഉറുമ്പിന് അറബിയില്‍ എന്താണ് പറയുക എന്നു പറഞ്ഞു
തരാമോ?''
''താങ്കളുടെ കാര്യം വളരെ കഷ്ടംതന്നെ. കണ്ണിലിട്ടാല്‍പ്പോലും  കാണാന്‍ കഴിയാത്ത ഉറുമ്പിന്റെ  അറബി
പദമാണോ തനിക്കറിയേണ്ടത്. എടോ, തനിക്കല്‍പ്പമെങ്കിലും വകതിരിവുണ്ടെങ്കില്‍ വേറെ എന്തെങ്കിലും ചോദിക്ക്.'' മുല്ലയുടെ ചോദ്യംകേട്ട അയാള്‍ തുടര്‍ന്നു ചോദിച്ചു: ''ശരി, ഒട്ടകവും ഉറുമ്പും നമുക്കു വിടാം. ആട്ടിന്‍കുട്ടിക്ക് അറബിഭാഷയില്‍ എന്താണ് പറയുക എന്നു കേള്‍ക്കട്ടെ.''
മുല്ല പറഞ്ഞുതുടങ്ങി: ''ആട്ടിന്‍കുട്ടിക്ക് അറബിയില്‍ ഒരു പേരുണ്ടെന്ന കാര്യം എനിക്കറിയാം; പക്ഷേ ആ പേരെന്തെന്ന് എനിക്കറിയില്ല. കാരണം ആട് പ്രസവിക്കുന്ന സമയത്ത് ഞാന്‍ അറേബ്യയിലുണ്ടായിരുന്നെങ്കിലും ആട്ടിന്‍കുട്ടിക്ക് പേരിടുന്നതിനു മുമ്പ് ഞാനിങ്ങുപോന്നു.''