Monday, September 9, 2019

കേരളപാഠാവലി (യൂണിറ്റ്-3) : ചിരിയും ചിന്തയും - കൂടുതല്‍ വിവരങ്ങള്‍ (Class 5)

പാഠം 2: വെണ്ണയുണ്ടെങ്കില്‍

    മുല്ലാക്കഥകള്‍    

എതിരില്ലാത്ത സത്യങ്ങള്‍
ഒരിക്കല്‍, ചന്തയില്‍വച്ച് ഒരു പ്രഭു  ഉറക്കെ വിളിച്ചുകൂവി: ''ഈ കൊട്ടയിലുള്ള മണ്‍പാത്രങ്ങള്‍ തലച്ചുമടായി എന്റെ വീട്ടില്‍ എത്തിക്കുന്നവര്‍ക്ക് പ്രതിഫലമായി എതിരൊന്നുമില്ലാത്ത  മൂന്നു സത്യങ്ങള്‍  ഞാന്‍ പറഞ്ഞുകൊടുക്കുന്നതായിരിക്കും''.
പലരും  ഇത് കേട്ടതായിപ്പോലും ഭാവിച്ചില്ല. കാരണം സത്യത്തിനു പകരം  പണംതന്നെ കൂലിയായി വേണം. സത്യം പുഴുങ്ങിത്തിന്നാല്‍ പട്ടിണി മാറുമോ? എന്നാല്‍, ചന്തയിലുണ്ടായിരുന്ന മുല്ലാ നസ്‌റുദ്ദീന്‍ ഇതുകേട്ട് വിചാരിച്ചത് മറ്റൊരു തരത്തിലായിരുന്നു. പണം എങ്ങനെയും തനിക്കു നേടാം. പക്ഷേ, എതിരില്ലാത്ത മൂന്നു ലോകസത്യങ്ങള്‍ വെറുതെ കിട്ടുമോ? അങ്ങനെ, പ്രഭുവിന്റെ കൂടെ കൊട്ടയും ചുമന്നുകൊണ്ട്  മുല്ല യാത്രയായി.
കുറച്ചുകഴിഞ്ഞപ്പോള്‍ മുല്ലാ നസ്‌റുദ്ദീന്‍ പ്രഭുവിനോട് പറഞ്ഞു: ''പ്രഭോ, ആ സത്യങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് കൊതിയാവുന്നു. അത് എന്നോട് ഇപ്പോള്‍ പറയുമോ?''
''അതിനെന്താ, ഞാന്‍ പറയാം. ശ്രദ്ധിച്ച് കേള്‍ക്കണം.'' പ്രഭു പറഞ്ഞു: ''ഒന്നാമത്തെ സത്യം ഇതാ. ആരെങ്കിലും മുല്ലയോട്  സ്വര്‍ഗരാജ്യം വിശക്കുന്നവനു കിട്ടും എന്നു പറഞ്ഞാല്‍ അത് യാതൊരു കാരണവശാലും വിശ്വസിക്കരുത്.''
''ഹോ, എത്ര ശരിയായ സത്യം! എതിരില്ലാത്ത സത്യം തന്നെ. ഒരു സംശയവുമില്ല.'' മുല്ല തലകുലുക്കി സമ്മതിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രഭു രണ്ടാമത്തെ  സത്യം  പറയാന്‍ തുടങ്ങി.
''നടന്നുപോകുന്നതാണ് കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിലും നല്ലത് എന്നു മുല്ലയോട് ആരെങ്കിലും  പറഞ്ഞാല്‍ അത് വിശ്വസിക്കരുത്.''
''ഇതും എതിരില്ലാത്ത സത്യംതന്നെ.''മുല്ലാ നസ്‌റുദ്ദീന്‍ പ്രഭുവിനോട് അനുകൂലിച്ചു. പ്രഭു ഊറിച്ചിരിച്ചുകൊണ്ട്  മൂന്നാമത്തെ സത്യവും പറഞ്ഞുതുടങ്ങി.''നമ്മുടെ  ഈ ഭൂമിയില്‍ നിങ്ങളേക്കാള്‍ വലിയൊരു വിഡ്ഢിയുണ്ടെന്നു പറഞ്ഞാല്‍  മുല്ല ഒരിക്കലും അത് വിശ്വസിക്കരുത്.''
അദ്ഭുതത്തോടെ മുല്ല പറഞ്ഞു:''പ്രഭോ, അങ്ങ് പ്രസ്താവിച്ച സത്യങ്ങള്‍ തീര്‍ച്ചയായും വിലപിടിച്ചവതന്നെ; എതിരില്ലാത്തത്!''
ഇതു പറയുന്നതിനിടെ മുല്ല തന്റെ തലച്ചുമട് താഴേക്കിട്ടു!
''പ്‌ടോ!'' തന്റെ  വിലപിടിച്ച പാത്രങ്ങള്‍ പൊട്ടിത്തകര്‍ന്നതു കണ്ട് പ്രഭുവിന്റെ ചങ്കു തകര്‍ന്നു. അങ്ങനെ പകച്ചു
നില്‍ക്കുന്ന പ്രഭുവിനോടായി മുല്ലാ നസ്‌റുദ്ദീന്‍ പറഞ്ഞു: ''എതിരില്ലാത്ത മൂന്നു സത്യങ്ങള്‍ എനിക്കു പറഞ്ഞുതന്നപ്പോള്‍ ഒരെണ്ണമെങ്കിലും അങ്ങയോടു പറയേണ്ട കടമ എനിക്കുമില്ലേ? ദാ പിടിച്ചോ, യാതൊരുവിധ എതിരുമില്ലാത്ത ഒരു  സത്യം. അങ്ങ് ചന്തയില്‍നിന്നും വാങ്ങിച്ച വിലകൂടിയ മണ്‍പാത്രങ്ങള്‍ പൊട്ടിയിട്ടില്ലെന്ന് ആരെങ്കിലും അങ്ങയോടു പറഞ്ഞാല്‍, എന്നെ ഓര്‍ത്തെങ്കിലും അങ്ങത് വിശ്വസിക്കരുത്!''

മുല്ലയുടെ പാണ്ഡിത്യം
ഒരു ദിവസം ഗ്രാമവാസികള്‍ മുല്ലയോട് ചോദിച്ചു: ''താങ്കള്‍ മെക്കയില്‍ പോയിട്ടുണ്ടെന്നു പറയുന്നതു ശരിയാണോ?''
''ശരിയാണ്. മെക്കയില്‍ പോയിട്ടുണ്ടെന്നു മാത്രമല്ല, ഞാന്‍ അറേബ്യയില്‍ കുറേക്കാലം താമസിക്കുകയും ചെയ്തിട്ടുണ്ട്''. മുല്ലയുടെ മറുപടി കേട്ടപ്പോള്‍  ഒരാള്‍ ചോദിച്ചു:''അപ്പോള്‍ താങ്കള്‍ക്ക് അറബി നന്നായി അറിയാമല്ലേ?'' ''ഉവ്വ്- അറബി വളരെ നന്നായി അറിയും.'' മുല്ല പറഞ്ഞു.
''അങ്ങനെയെങ്കില്‍ ഒട്ടകത്തിന്റെ അറബിവാക്കെന്താണ്?'' അയാള്‍ മുല്ലയെ വെറുതെ വിടാന്‍ ഭാവമില്ല. ''താനെന്തൊരു മനുഷ്യനാണെടോ? എന്റെ പാണ്ഡിത്യം അളക്കാന്‍ ഇത്ര വലിയ ഒരു ജീവിയുടെ പേരാണോ തനിക്ക് കിട്ടിയത്?'' മുല്ലയുടെ മറുചോദ്യം കേട്ട അയാള്‍ പറഞ്ഞു: ''എന്നാല്‍ ഏറ്റവും ചെറിയ ജീവിയായ ഉറുമ്പിന് അറബിയില്‍ എന്താണ് പറയുക എന്നു പറഞ്ഞു
തരാമോ?''
''താങ്കളുടെ കാര്യം വളരെ കഷ്ടംതന്നെ. കണ്ണിലിട്ടാല്‍പ്പോലും  കാണാന്‍ കഴിയാത്ത ഉറുമ്പിന്റെ  അറബി
പദമാണോ തനിക്കറിയേണ്ടത്. എടോ, തനിക്കല്‍പ്പമെങ്കിലും വകതിരിവുണ്ടെങ്കില്‍ വേറെ എന്തെങ്കിലും ചോദിക്ക്.'' മുല്ലയുടെ ചോദ്യംകേട്ട അയാള്‍ തുടര്‍ന്നു ചോദിച്ചു: ''ശരി, ഒട്ടകവും ഉറുമ്പും നമുക്കു വിടാം. ആട്ടിന്‍കുട്ടിക്ക് അറബിഭാഷയില്‍ എന്താണ് പറയുക എന്നു കേള്‍ക്കട്ടെ.''
മുല്ല പറഞ്ഞുതുടങ്ങി: ''ആട്ടിന്‍കുട്ടിക്ക് അറബിയില്‍ ഒരു പേരുണ്ടെന്ന കാര്യം എനിക്കറിയാം; പക്ഷേ ആ പേരെന്തെന്ന് എനിക്കറിയില്ല. കാരണം ആട് പ്രസവിക്കുന്ന സമയത്ത് ഞാന്‍ അറേബ്യയിലുണ്ടായിരുന്നെങ്കിലും ആട്ടിന്‍കുട്ടിക്ക് പേരിടുന്നതിനു മുമ്പ് ഞാനിങ്ങുപോന്നു.''

No comments:

Post a Comment