Monday, September 16, 2019

കഥാപാത്രനിരൂപണത്തിന്റെ മാതൃകകള്‍

1. പ്രശസ്ത സാഹിത്യകാരനായ  ഉറൂബിന്റെ ലളിതസുന്ദരമായ ഒരു ചെറുകഥയാണ് 'കോയസ്സന്‍'. അപ്പു എന്ന കുട്ടിയുടെ തറവാട്ടിലെ ഒരംഗത്തെപ്പോലെയാണ് കുതിരവണ്ടിക്കാരനായ കോയസ്സന്‍ ജീവിച്ചിരുന്നത്. അപ്പുവിന് ഉള്‍പ്പെടെ എല്ലാവര്‍ക്കും എന്തിനും ഏതിനും കോയസ്സന്‍ വേണമായിരുന്നു. എന്നാല്‍ പുതിയ  കാലത്തില്‍ കോയസ്സനും അയാളുടെ കുതിരവണ്ടിയുമെല്ലാം അനാവശ്യവസ്തുക്കളായി മാറുന്നു. കോയസ്സന്‍ എന്ന കഥാപാത്രത്തിന്റെ സവിശേഷതകള്‍, മറ്റുള്ളവരോടുള്ള ബന്ധം, രൂപം, വേഷം എന്നിവയെല്ലാം ഉള്‍പ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.
 സ്‌നേഹത്തിന്റെയും വറ്റാത്ത നന്മയുടെയും ഒരു വിശാലലോകം നമുക്കു മുന്നില്‍ തുറന്നിടുന്ന കഥയാണ് ഉറൂബിന്റെ 'കോയസ്സന്‍'. ഇതിലെ പ്രധാന കഥാപാത്രമാണ് കോയസ്സന്‍. അപ്പുവിന്റെ തറവാട്ടിലെ കുതിരക്കാരനാണ് അയാള്‍. പക്ഷേ അവിടെ എന്തിനുമേതിനും അയാള്‍ത്തന്നെ വേണം. അയാള്‍ക്ക് ഒരു കുടുംബമുണ്ട്. രണ്ട് മക്കളുമുണ്ട്. എന്നാല്‍ അയാള്‍ അവരെ കാണാന്‍ വീട്ടിലേക്ക് പോകാറില്ല. സ്വന്തം മക്കള്‍ക്ക് നല്‍കേണ്ട സ്‌നേഹവാത്സല്യങ്ങള്‍ കോയസ്സന്‍ യാതൊരു പിശുക്കുമില്ലാതെ അപ്പുവിനു നല്‍കുന്നു. അപ്പുവിന്റെ വികൃതികള്‍ക്ക് അയാള്‍ സംരക്ഷണം നല്‍കുന്നു. അവനെ മറ്റുള്ളവരുടെ ശാസനയില്‍നിന്നും ശിക്ഷകളില്‍നിന്നും രക്ഷിക്കുന്നു.
 കോയസ്സന്റെ ഏറ്റവും വലിയ പ്രത്യേകത തൊപ്പിക്കുടയോളം വലുപ്പമുള്ള തലപ്പാവാണ്. അത് ധരിക്കാത്തപ്പോള്‍ കുതിരപോലും അയാളെ തിരിച്ചറിയുന്നില്ല.  നിധിപോലെയാണ് അയാള്‍ അത് സംരക്ഷിക്കുന്നത്. കോയസ്സന്റെ വ്യക്തിത്വത്തിന്റെയും അന്തസ്സിന്റെയും അടയാളമാണ് തലപ്പാവ്. വര്‍ഷങ്ങളോളം അപ്പുവിന്റെ തറവാട്ടില്‍ കഴിഞ്ഞുകൂടിയ കോയസ്സന്‍ താനവിടുത്തെ ഒരംഗംതന്നെയാണ് എന്നും തനിക്കവിടെ കാര്യമായ ഉത്തരവാദിത്വങ്ങളുണ്ടെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് തറവാട്ടില്‍ കാറ് വാങ്ങിയപ്പോള്‍ അയാള്‍ തിരിച്ചറിയുന്നു.
 തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആ തറവാടിനുവേണ്ടി ചെലവാക്കിയ ആളാണ് കോയസ്സന്‍. അയാളെ അപ്പുവൊഴിച്ച് ആ വീട്ടിലെ വേറെയാരും മനസ്സിലാക്കുന്നില്ല. പുതിയവ വരുമ്പോള്‍ പഴയതിനെ ഉപേക്ഷിക്കും എന്ന സത്യം അയാള്‍ അംഗീകരിക്കുന്നു. ആരോടും പരാതിപ്പെടാതെ തന്റെ വ്യാകുലതകളും ആകുലതയും നെഞ്ചോടുചേര്‍ത്ത് അയാള്‍ ആ തറവാടിന്റെ പടിയിറങ്ങുന്നു. കോയസ്സന്റെ മുമ്പില്‍ ജീവിതം ഇരുളടഞ്ഞ ചോദ്യമായിത്തീര്‍ന്നു.  താനും കുടുംബവും  എന്നും ആശ്രിതരും വിധേയരുമായി
കഴിയേണ്ടവരാണെന്ന ചിന്ത കോയസ്സന്‍ അടങ്ങുന്ന താഴെത്തട്ടിലെ  സമൂഹത്തിനുണ്ടായിരുന്നു. ആ വിധേയത്വമനോഭാവം ഏറെ ലളിതമായും ഗൗരവത്തോടെയുമാണ് കോയസ്സനിലൂടെ ഉറൂബ് ചിത്രീകരിച്ചിരിക്കുന്നത്.
2. പ്രകൃതിയെ ആരാധനയോടെ നോക്കിക്കണ്ടണ്ട വിശ്വമഹാകവിയായ രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ  കഥയാണ് 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍'. കുട്ടിക്കാലം മുതലേ ചെടികളെയും വൃക്ഷങ്ങളെയും സ്‌നേഹിച്ചിരുന്ന ബാലചന്ദ്രനാണ് ഇതിലെ പ്രധാന കഥാപാത്രം. ചെറിയ കുട്ടിയായിരുന്നപ്പോള്‍ താന്‍ പരിപാലിച്ചിരുന്ന ഇലവുമരത്തിനോടുള്ള സ്‌നേഹം മുതിര്‍ന്നിട്ടും ഒട്ടുംകുറയാതെ ബാലചന്ദ്രനില്‍ കാണാന്‍ സാധിക്കുന്നു.ബാലചന്ദ്രന്റെ എന്തെല്ലാം സ്വഭാവസവിശേഷതകളാണ് നിങ്ങളെ ഏറെ ആകര്‍ഷിച്ചത്? അവയെല്ലാം ഉള്‍പ്പെടുത്തി ഒരു കഥാപാത്രനിരൂപണം തയാറാക്കൂ.
 വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന കഥാപാത്രമാണ് രവീന്ദ്രനാഥ ടാഗോറിന്റെ 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥയിലെ 'ബാലചന്ദ്രന്‍'. കുട്ടിക്കാലം മുതല്‍ ബാലചന്ദ്രന്‍ ചെടികളെയും മരങ്ങളെയും ഇഷ്ടപ്പെട്ടിരുന്നു. മണ്ണിലെന്തെങ്കിലും പുതുതായി മുളച്ചുവന്നാല്‍, എന്തോ പുതിയ ശാസ്ത്രതത്ത്വം കണ്ടുപിടിക്കാനെന്നപോലെ അവനത് സൂക്ഷിച്ചുനോക്കി നില്‍ക്കും. ഒരു ദിവസം നടപ്പാതയുടെ നടുവില്‍ വളര്‍ന്നുവരുന്ന ഒരു ഇലവുമരം ചൂണ്ടിക്കാണിച്ച് ആ മരത്തിന്റെ പേരെന്താണെന്ന്   അവന്‍ വല്യച്ഛനോട് ചോദിച്ചു. അത് മുളച്ചു തുടങ്ങിയപ്പോള്‍ മുതല്‍ അവനതിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ അമ്മമാര്‍ സന്തോഷിക്കുന്നതുപോലെ അതിന് ഇലകള്‍ വന്നത് അവനെ വളരെ സന്തോഷിപ്പിച്ചു. അവന്‍ ദിവസവും രണ്ടുനേരം അതിന് വെള്ളമൊഴിച്ചു. വളരെ വേഗം വളര്‍ന്നുപൊങ്ങുന്ന വൃക്ഷത്തെ കണ്ട് അവന്‍ മനംനിറഞ്ഞ് സന്തോഷിച്ചു. അതു വെട്ടിക്കളയാന്‍ തോട്ടക്കാരനെ ഏര്‍പ്പാടു ചെയ്യാമെന്നു വല്യച്ഛന്‍ പറഞ്ഞത് അവനൊരു ആഘാതമായി. അതവിടെനിന്നാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ വല്യച്ഛന്‍ പറഞ്ഞെങ്കിലും അതു വെട്ടിക്കളയരുതെന്ന് അവന്‍ യാചിച്ചു. ഒടുവില്‍ വല്യമ്മയുടെ അടുത്തെത്തി അവന്‍ കാര്യം പറഞ്ഞു. അവര്‍ മരം വെട്ടിക്കളയരുതെന്ന്  വല്യച്ഛനോട് ആജ്ഞാപിച്ചു. അതുകൊണ്ട് മരം വെട്ടിയില്ല.
 കൈക്കുഞ്ഞായിരുന്നപ്പോള്‍ത്തന്നെ അമ്മയെ നഷ്ടപ്പെട്ട ബാലചന്ദ്രനെ അച്ഛന്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠനെ ഏല്‍പ്പിച്ച് വിദേശത്തേക്ക് പോയതാണ്. മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കിയാണ് വല്യമ്മയും വല്യച്ഛനും ബാലചന്ദ്രനെ  വളര്‍ത്തിയത്. അവന്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.  പത്തുകൊല്ലത്തിനുശേഷം തിരിച്ചെത്തിയ ബാലചന്ദ്രന്റെ പിതാവ് അവനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനുള്ള പരിശീലനത്തിനുവേണ്ടി സിംലയിലേക്ക് അയച്ചു. കരഞ്ഞുകൊണ്ടാണ് ബാലചന്ദ്രന്‍ യാത്രയായത്.
 ഇലവുമരം വളര്‍ന്ന് കായ്കള്‍ പൊട്ടിത്തെറിച്ച് പഞ്ഞി നാലുപാടും പറന്ന് ശല്യമായതോടെ വല്യച്ഛനത് വെട്ടിക്കളഞ്ഞു. ഇതറിയാതെയാണ് ഇലവുമരത്തിന്റെ ഫോട്ടോ അയച്ചുതരണമെന്ന് പറഞ്ഞ് സിംലയില്‍നിന്നും ബാലചന്ദ്രന്‍ വല്യമ്മയ്ക്ക് കത്തയച്ചത്.സ്വന്തം നാടുവിട്ട് വിദേശത്തേക്ക് പോകുമ്പോഴും ആ മരത്തിന്റെ സാന്നിധ്യം അവന്‍ ആഗ്രഹിച്ചു. തനിക്കു ചുറ്റുമുള്ള വിശാലലോകത്തെ സ്‌നേഹിക്കുവാനും ഉള്‍ക്കൊള്ളുവാനും അവന് സാധിച്ചിരുന്നു. . താന്‍ നോക്കി സംരക്ഷിച്ച ഇലവുമരം ഒരു പാഴ്മരമാണെന്നറിഞ്ഞിട്ടും ഉറ്റസുഹൃത്തിനെപ്പോലെ അവനതിനെ സ്‌നേഹിച്ചു. അത് വെട്ടിക്കളയുന്നതിനെപ്പറ്റി അവന് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല.
വിശാലമായ പ്രപഞ്ചദര്‍ശനവും സഹജീവിസ്‌നേഹവും മനസ്സില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ബാലചന്ദ്രന്‍ എന്ന് നമുക്ക് കഥയില്‍നിന്ന് മനസ്സിലാക്കാം.


1 comment: