പാഠം 4: ശ്രീനാരായണഗുരു
...................................................................................................................
...................................................................................................................
ശ്രീനാരായണഗുരുവിന്റെ നര്‍മ്മോക്തി കലര്‍ന്ന ഒരു സംഭവകഥ
1921-ല്‍ സ്വാമികള്‍ ശിവഗിരിയില്‍ താമസിക്കുന്ന സമയത്ത് രണ്ടാളുകള്‍ അദ്ദേഹത്തെ കാണാനെത്തി. വളരെ അകലെനിന്നാണ് അവര്‍ വരുന്നത്. ഇതറിഞ്ഞ സ്വാമികള്‍ അവരെ കൂട്ടിക്കൊണ്ടുവരാന്‍ ശിഷ്യരോടു പറഞ്ഞു.
സ്വാമികള്‍ : എന്താ നമ്മെ കാണാന്‍ വന്നതായിരിക്കുമല്ലേ? കൊള്ളാം.
ആഗതര്‍ : അല്ല സ്വാമീ, ഒരു സങ്കടമുണര്‍ത്തിക്കാന്‍ വന്നതാണ്.
സ്വാമികള്‍ : സങ്കടമോ? നമ്മോടോ? എന്താണ്?
ആഗതര്‍ :വളരെ നാളായി അടിയങ്ങളുടെ വീട്ടില്‍ കുട്ടിച്ചാത്തന്റെ ഉപദ്രവംകൊണ്ട് കിടക്കപ്പൊറുതിയില്ല സ്വാമീ. പലതും ചെയ്തുനോക്കി. ഒരു ഫലവുമില്ല. സ്വാമി അടിയങ്ങളെ രക്ഷിക്കണം.
സ്വാമികള്‍ : ആരാണെന്നാ പറയുന്നത്? കുട്ടിച്ചാത്തനോ? കൊള്ളാമല്ലോ, ആളെ നിങ്ങള്‍ കണ്ടോ?
ആഗതര്‍ : കണ്ടു സ്വാമീ.... പറമ്പിന്റെ ഇരുണ്ട മൂലയ്ക്ക് കരിക്കട്ടപോലെ നില്‍ക്കുന്നത് അടിയങ്ങള്‍ കണ്ടു. എപ്പഴും ഉപദ്രവമാണ്. ഇടതടവില്ലാതെ കല്ലെറിഞ്ഞുകൊണ്ടിരിക്കും.
സ്വാമികള്‍: അതു കൊള്ളാമല്ലോ. ആള്‍ കുട്ടിച്ചാത്തനാണെന്ന് എങ്ങനെയറിഞ്ഞു? ഞാന്‍ പറഞ്ഞാല്‍ അത് കേള്‍ക്കുമോ?
ആഗതര്‍ : തീര്‍ച്ചയായും സ്വാമീ... അവിടന്നു പറഞ്ഞാല്‍ കേള്‍ക്കും.
സ്വാമികള്‍ : ആവോ! കുട്ടിച്ചാത്തനും നാമും തമ്മില്‍ പരിചയമില്ല.
(ആഗതര്‍ വിഷണ്ണരായി നോക്കിനില്‍ക്കുന്നു)
സ്വാമികള്‍: ആട്ടെ, കുട്ടിച്ചാത്തനു നാമൊരു കത്തുതന്നാല്‍ മതിയാകുമോ?
(ഒരു ശിഷ്യനോട് ഇതൊന്ന് എഴുതിയെടുക്കാന്‍ പറഞ്ഞിട്ട് കടിച്ചുപിടിച്ച ചിരിയോടുകൂടി താഴെ പറയുംവിധം പറഞ്ഞുകൊടുക്കുന്നു.)
''ശ്രീ കുട്ടിച്ചാത്തനറിവാന്‍,
ഈ കത്തു കൊണ്ടുവരുന്ന പെരെയ്‌രായുടെ വീട്ടില്‍ മേലാല്‍ യാതൊരുപദ്രവവും ചെയ്യരുത്. - എന്ന് ശ്രീനാരായണഗുരു.''
...................................................................................................................
...................................................................................................................
പാഠഭാഗത്ത് പരാമര്‍ശിക്കുന്ന നവോത്ഥാനനായകര്‍
▲ രാജാറാം മോഹന്റായ്
ഇന്ത്യന്‍ നവോത്ഥാനനായകനും സാമൂഹികപരിഷ്‌കര്‍ത്താവുമായിരുന്നു രാജാറാം മോഹന്റായ്. 1772-ല്‍ ബംഗാളിലെ രാധാനഗറിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് സതി എന്ന അനാചാരം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. 1828-ല്‍ അദ്ദേഹം ബ്രഹ്മസമാജം സ്ഥാപിച്ചു. സംവാദ് കൗമുദി എന്ന പേരില്‍ ഒരു പത്രവും അദ്ദേഹം ആരംഭിച്ചു. 1833-ല്‍ അന്തരിച്ചു.
▲ ദയാനന്ദസരസ്വതി
ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജസ്ഥാപകനാണ് ദയാനന്ദസരസ്വതി. 1824-ല്‍ ഗുജറാത്തിലാണ് ജനിച്ചത്. വിഗ്രഹാരാധന, ജാതി, മതം, അയിത്തം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. വേദങ്ങളാണ് നമ്മുടെ അടിസ്ഥാനഗ്രന്ഥമെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു.
1883-ല്‍ അന്തരിച്ചു.
▲ രാമകൃഷ്ണപരമഹംസന്‍
1836-ലാണ് രാമകൃഷ്ണപരമഹംസന്‍ ജനിച്ചത്. ജാതിമത സങ്കല്‍പ്പങ്ങളില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനമെന്ന് അദ്ദേഹം കരുതി. 1886-ല്‍ സമാധിയായി.
▲ സ്വാമി വിവേകാനന്ദന്‍
1863-ല്‍ കല്‍ക്കട്ടയിലാണ് സ്വാമി വിവേകാനന്ദന്‍ ജനിച്ചത്. രാമകൃഷ്ണപരമഹംസന്റെ ശിഷ്യനായിരുന്നു. ജാതിക്കോമരങ്ങള്‍ നിറഞ്ഞാടിയിരുന്ന കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചയാളാണ് അദ്ദേഹം. 1893-ല്‍ ഷിക്കാഗോയില്‍വെച്ച് നടന്ന സര്‍വമതസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തോടുകൂടിയാണ് വിവേകാനന്ദന്‍ പ്രശസ്തനായത്. രാമകൃഷ്ണമിഷന്‍, രാമകൃഷ്ണമഠം എന്നിവ സ്ഥാപിച്ചു. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താന്‍ വിവേകാനന്ദന്റെ പ്രബോധനങ്ങള്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. 1902-ല്‍ സമാധിയായി.
No comments:
Post a Comment