Friday, August 26, 2022

ആ വാഴവെട്ട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1.     'ആ വാഴവെട്ട്' എന്ന കഥയുടെ അവതരണരീതി വിലയിരുത്തുക.
     ലളിതവും ഋജുവുമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന കഥയാണ് 'ആ വാഴവെട്ട്'. മര്‍ക്കോസുചേട്ടന്റെ വാര്‍ധക്യവും ആ കര്‍ഷകകുടുംബത്തിലെ  ദാരിദ്ര്യവും   മറ്റും സൂചനകളിലൂടെയാണ് കഥാകൃത്ത് നമ്മെ അനുഭവിപ്പിക്കുന്നത്. കഞ്ഞിയിലെ കീടങ്ങളും പ്രാണികളും ഭക്തരുടെ നോമ്പിന് ഭംഗമുണ്ടാക്കുമെന്ന മര്‍ക്കോസിന്റെ  അഭിപ്രായത്തിന്  അല്‍പ്പം പരിഹാസച്ചുവയുണ്ട്. ചെറുവിവരണങ്ങളും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ഈ കഥയുടെ മനോഹാരിത കൂട്ടുന്നു. സ്‌നേഹസമ്പന്നനായ ഒരു വൃദ്ധപിതാവിന്റെയും  നിസ്സഹായനായ ഒരു കര്‍ഷകന്റെയും ചിത്രം ഒറ്റവായനയില്‍ത്തന്നെ വായനക്കാരുടെ മനസ്സില്‍ തെളിയുന്നു. എല്ലാ ദുരിതങ്ങള്‍ക്കിടയിലും ആ കര്‍ഷകന്‍ പ്രതീക്ഷ കൈവെടിയുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. വരാന്‍പോകുന്ന പട്ടിണിയും ക്ഷാമവും മുന്‍കൂട്ടിക്കാണാന്‍ കഴിവില്ലാത്തവര്‍ എന്തിനാണ് വലിയ ശമ്പളം
വാങ്ങി അധികാരക്കസേരകളിലിരിക്കുന്നത് എന്ന ചോദ്യം അക്കാലത്തു മാത്രമല്ല, ഇക്കാലത്തും പ്രസക്തമാണ്. അവഗണനയും നിന്ദയുമേറ്റ് എന്നും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയാനാണ് കര്‍ഷകന്റെ വിധിയെന്ന സങ്കടം നമ്മെ അനുഭവിപ്പിക്കുന്ന കഥയാണ് 'ആ വാഴവെട്ട്'.
2.    ''എല്ലുകള്‍ ഉന്തിനില്‍ക്കുന്ന ആ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അര്‍ധനഗ്നമായ ശരീരവും ഒറ്റനോട്ടത്തില്‍ത്തന്നെ അയാളെ ഒരു കൃഷിക്കാരനെന്ന് വിളിച്ചുപറയും.'' ഈ വാക്യം വ്യക്തമാക്കുന്നതെന്ത്?
    എല്ലുമുറിയെ പണിയെടുത്താലും ദാരിദ്ര്യം മാത്രം മിച്ചംകിട്ടുന്ന കൃഷിക്കാരന്റെ ദുരന്തചിത്രമാണ് ഈ വാക്യം വരച്ചുകാട്ടുന്നത്. മര്‍ക്കോസുചേട്ടന്റെ ശരീരവര്‍ണന അയാള്‍ ഒരു നല്ല കൃഷിക്കാരനാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ഉന്തിയ എല്ലും കുഴിഞ്ഞ കണ്ണും വളഞ്ഞ നട്ടെല്ലും അര്‍ധനഗ്നമായ ശരീരവും മര്‍ക്കോസുചേട്ടന്റെ അത്യധ്വാനവും ദാരിദ്ര്യാവസ്ഥയുമാണ് വിളിച്ചോതുന്നത്. പട്ടിണിമാറ്റാനുള്ള വകപോലും അയാള്‍ക്ക് കൃഷിയില്‍നിന്ന് ലഭിക്കുന്നില്ല എന്ന് വ്യക്തമാണ്.
3. ''ഒരു കര്‍ഷകന്റെ  മുഖത്ത്  പ്രസന്നതയന്വേഷിക്കാന്‍ കേരളത്തിനു നേരമില്ല.'' ഈ വരികള്‍ സൂചിപ്പിക്കുന്നതെന്താണ്? നിങ്ങളുടെ  അഭിപ്രായം  ക്രോഡീകരിക്കുക.
    ഋതുഭേദങ്ങളും കൃഷിയുമാണ് നമ്മുടെ സംസ്‌കാരത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഇന്ന് കൃഷിയോടോ കര്‍ഷകരോടോ നമുക്ക് താല്‍പ്പര്യമില്ലാതായിരിക്കുന്നു. ആഗോളവല്‍ക്കരണവും വ്യവസായവിപ്ലവവും പാശ്ചാത്യസംസ്‌കാരത്തോടുള്ള ആഭിമുഖ്യവും നമ്മെ ഭ്രമാത്മകമായ  മറ്റൊരു ലോകത്തില്‍ എത്തിച്ചിരിക്കുന്നു. കര്‍ഷകന്റെ  ദുഃഖം കാണാന്‍ ആര്‍ക്കും കണ്ണില്ല. ലാഭം മാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന  ഒരു തലമുറയായി നാം മാറിയിരിക്കുന്നു.

No comments:

Post a Comment