Sunday, August 28, 2022

അനന്തവിഹായസ്സിലേക്ക്...എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''നിറങ്ങളുടേതായ ഈ മാറ്റം ബഹിരാകാശത്തുനിന്ന് കാണുന്നത് അതീവ ഹൃദ്യമായ ഒരനുഭവമാണ്.''   (അനന്തവിഹായസ്സിലേക്ക്...)
    'നിറങ്ങളുടേതായ  ഈ മാറ്റം' എന്ന് പറഞ്ഞിരിക്കുന്നത് എന്തിനെക്കുറിച്ചാണ്?

    ഭൂമിയെ അതിന്റെ തനിരൂപത്തില്‍ ആദ്യമായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് യൂറി ഗഗാറിനായിരുന്നു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂഗോളത്തിനു ചുറ്റും ഇളംനീലനിറത്തിലുള്ള ഒരാവരണം കാണാം. ഭൂമിയില്‍
നിന്ന് അകലുംതോറും ഇളംനീല കടുംനീലയായും പിന്നീട് വയലറ്റായും അവസാനം കറുപ്പായും മാറുന്നു. നിറങ്ങളുടേതായ ഈ മാറ്റം ബഹിരാകാശത്തുനിന്ന് കാണുന്നത് അതീവ ഹൃദ്യമായ ഒരനുഭവമാണ്.
2. ''9.15 ന് വാഹനം ഭൂമിയുടെ നിഴലില്‍നിന്ന് പുറത്തുകടന്നു. വീണ്ടും വെളിച്ചത്തിന്റെ മഹാപ്രവാഹം. ഓറഞ്ച് നിറമുള്ള ചക്രവാളത്തില്‍  റോറിച്ചിന്റെ  കാന്‍വാസ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന  മട്ടില്‍ വിവിധ വര്‍ണങ്ങളുടെ മത്സരക്കളി.''
    ബഹിരാകാശയാത്രയില്‍ യൂറി ഗഗാറിന്‍ കണ്ട ഒരനുഭവം വര്‍ണിച്ചത് നിങ്ങള്‍ വായിച്ചല്ലോ.യാത്രയിലോ മറ്റോ നിങ്ങള്‍ക്കുണ്ടായ ഏതെങ്കിലും ഒരനുഭവം വര്‍ണിക്കുക.

        രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛനമ്മമാരോടൊപ്പം കുമളിക്ക് പോകുമ്പോള്‍ ബസിലിരുന്ന് കണ്ട കാഴ്ചകള്‍ ഇന്നും എന്റെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. ബസ് കുമളിയോട് അടുത്തപ്പോള്‍ മഞ്ഞും മലയും  കുറ്റിച്ചെടികളും ഇടകലര്‍ന്ന പ്രകൃതിയുടെ ഭംഗി കാണാന്‍ തുടങ്ങി. മനസ്സിന് ആകെക്കൂടി പുതിയൊരു ഉന്മേഷം തോന്നി. മലയ്ക്ക് ആരോ ചാര്‍ത്തിക്കൊടുത്ത വെള്ളിമാലകള്‍പോലെ ഒഴുകിയിറങ്ങുന്ന അനേകം  നീര്‍ച്ചാലുകള്‍. അവ പച്ചപുതച്ച മലകളുടെ ഭംഗി  പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.  ബസ് വളവുതിരിഞ്ഞ് മുകളിലേക്ക് കയറുന്തോറും  ഞങ്ങള്‍ കടന്നുവന്ന വഴി  താഴെ ഒരു മലമ്പാമ്പിനെപ്പോലെ  കിടക്കുന്നത് കാണാം. പെട്ടെന്ന് കോടമഞ്ഞ് മലകളെയും  കാഴ്ചകളെയും മറച്ചു. മുന്നില്‍ വെളുത്ത കട്ടിയുള്ള  പുക മൂടിയതുപോലെ. കാഴ്ചകളൊന്നും വ്യക്തമല്ല.  ഏതാനും മിനിട്ടുകള്‍ക്കുശേഷം ആ പുകമറ എങ്ങോട്ടോ അപ്രത്യക്ഷമായി. മലകളും അരുവികളും  തേയിലക്കാടുകളുമെല്ലാം വീണ്ടും തെളിഞ്ഞു. ബസില്‍നിന്ന് ഇറങ്ങി ആ കാടുകളിലൂടെ മലമുകളിലേക്ക് ഓടിക്കയറാന്‍ തോന്നി. വശ്യമായ ആ മനോഹാരിത സ്വന്തമാക്കാന്‍ തോന്നി. ആ കാഴ്ചകള്‍ ഇപ്പോഴും എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നതായി തോന്നുന്നു.

No comments:

Post a Comment