Monday, August 22, 2022

കുപ്പിവളകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1.    ''പെട്ടെന്ന്  നീട്ടിപ്പിടിച്ച തന്റെ കൈയില്‍ ആരുടെയോ കൈത്തലം. പൂവിതളുകളുടേതുപോലുള്ള മൃദുസ്പര്‍ശം.''   (കുപ്പിവളകള്‍)
    -വരികളിലെ സാദൃശ്യകല്പനയുടെ ഭംഗി കണ്ടെത്തിയെഴുതുക.  
 
       സന്ദര്‍ശകയുടെ മകളുടെ കൈകള്‍ പൂവിതള്‍പോലെ മൃദുലമായിരുന്നു. കൂടാതെ കണ്ണമ്മയുടെ നീട്ടിപ്പിടിച്ച കൈകളില്‍ അവള്‍  പിടിച്ചത് വളരെ പതുക്കെയാണ്. പരിചയമില്ലാത്ത ഒരാളുടെ സ്പര്‍ശം  കാഴ്ചശക്തിയില്ലാത്ത ഒരാളില്‍ ഉണ്ടാക്കുന്ന അനുഭവമാണ് ഈ വാക്യത്തിലുള്ളത്. കണ്ണമ്മയും സന്ദര്‍ശകയുടെ മകളും തമ്മിലുള്ള ജീവിതാവസ്ഥയുടെ അന്തരംകൂടി ഈ വാക്യത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്.
2.     കണ്ണമ്മ നേരിടുന്ന അവഗണനകളെക്കുറിച്ച് കഥാഭാഗത്തുള്ള സൂചനകള്‍ കണ്ടെത്തുക.
    അനാഥാലയത്തിലെ അന്തേവാസിയായ കണ്ണമ്മയെന്ന പെണ്‍കുട്ടി ജന്മനാ അന്ധയാണ്. കാഴ്ചകളുടെയും നിറങ്ങളുടെയും ലോകം അവള്‍ക്ക് അന്യമാണ്. അതുകൊണ്ടുതന്നെ അവള്‍ക്ക് കാഴ്ചയുള്ളവരുടെ സംഭാഷണങ്ങളില്‍ പങ്കുചേരാന്‍ കഴിയാറില്ല. അനാഥാലയത്തിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് അവളെ സമൂഹവുമായി ബന്ധപ്പെടുന്നതിന് സഹായിക്കുന്നത്. രാവിലെ മുതല്‍ തോരാത്ത മഴയാണ്. കണ്ണമ്മ ഒന്നും കഴിച്ചിട്ടില്ല.  അവള്‍ക്ക് മഴനനഞ്ഞ് പോകാനും നിവൃത്തിയില്ല. ഓരോരുത്തരും അവരവരുടെ കാര്യം മാത്രം നോക്കുന്ന അവസ്ഥയാണ് അനാഥാലയത്തിലുള്ളത്. പ്രഭാതഭക്ഷണം പോലും കഴിക്കാനാവാതെയിരിക്കുന്ന കണ്ണമ്മയെ അനാഥാലയം സന്ദര്‍ശിക്കാന്‍ എത്തിയവരുടെ മുന്നില്‍ മുന്‍പന്തിയില്‍ നിര്‍ത്തി പ്രദര്‍ശിപ്പിക്കുന്ന ക്രൂരതകൂടി കഥയില്‍ കാണാം. അരോചകമായ പ്രസംഗവും പുതുവസ്ത്രദാനവുമെല്ലാം കണ്ണമ്മയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അസഹ്യമായ മാനസികപീഡനങ്ങളാണ്.   സമൂഹത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്നവരാണ് വൈകല്യമുള്ളവര്‍. നാം അവരുടെ വൈകല്യങ്ങള്‍ മാത്രമേ കാണാറുള്ളൂ. അവരുടെ മനസ്സ് മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല എന്നത് യാഥാര്‍ഥ്യംതന്നെയാണ്.    

No comments:

Post a Comment