Thursday, August 25, 2022

കേരളപാഠാവലി (യൂണിറ്റ്-2) : മനുഷ്യകഥാനുഗായികള്‍- കൂടുതല്‍ വിവരങ്ങള്‍ (Class 9)

 പാഠം 1  - അമ്മ
👉 ഉപ്പുസത്യഗ്രഹം
ഉപ്പിന് നികുതി ചുമത്തിയ ബ്രിട്ടീഷുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ സമരമാണ് ഉപ്പുസത്യഗ്രഹം. 78 സത്യഗ്രഹികളുമായി ഗാന്ധിജി 1930 മാര്‍ച്ച് 12 ന് ദണ്ഡിയാത്ര തുടങ്ങി. സബര്‍മതിയില്‍നിന്ന് 390 കിലോമീറ്റര്‍ നടന്നാണ് സമരക്കാര്‍ ദണ്ഡിയിലെത്തിയത്. കേരളത്തില്‍ കെ. കേളപ്പന്റെ നേതൃത്വത്തിലാണ് ഉപ്പുസത്യഗ്രഹം നടത്തിയത്. കോഴിക്കോടുനിന്ന് പയ്യന്നൂര്‍ കടപ്പുറത്തേക്ക് സത്യഗ്രഹികള്‍ ജാഥയായി എത്തുകയും ഉപ്പുനിയമം ലംഘിക്കുകയും ചെയ്തു.
👉 വൈക്കം സത്യഗ്രഹം
അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ആരംഭിച്ച സത്യഗ്രഹമാണിത്. 1924 മാര്‍ച്ച് 30 ന് ആരംഭിച്ച സമരത്തിന് ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നു. കെ. കേളപ്പന്‍, കെ. പി. കേശവമേനോന്‍, ടി. കെ. മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എ. കെ. പിള്ള, മന്നത്ത് പത്മനാഭന്‍, ടി. ആര്‍ കൃഷ്ണസ്വാമി അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സത്യഗ്രഹം ആരംഭിച്ചത്. സമരം 603 ദിവസം നീണ്ടുനിന്നു. അവര്‍ണരുടെ പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ എത്തിക്കുവാന്‍ വൈക്കം സത്യഗ്രഹം കാരണമായി. പിന്നീടുണ്ടായ ക്ഷേത്രപ്രവേശന വിളംബരത്തിന് ശക്തമായ പ്രേരണ ചെലുത്താന്‍ വൈക്കം സത്യഗ്രഹത്തിനുകഴിഞ്ഞു.

No comments:

Post a Comment