യു. കെ. കുമാരന്റെ കഥകളുടെ സവിശേഷത അനുഭവങ്ങളുടെ തെളിച്ചമുള്ള അടിയൊഴുക്കാണ്. നമുക്കു ചുറ്റുമുള്ള, സ്വന്തം വീട്ടിലോ അയല്‍വീട്ടിലോ തൊഴിലിടത്തോ, നമുക്ക് അത്രമേല്‍ സുപരിചിതമായ കഥകളും കഥാസന്ദര്‍ഭങ്ങളുമാണ് അദ്ദേഹം വാങ്മയ ചിത്രങ്ങളായി കഥകളില്‍ ദൃശ്യവല്‍കരിക്കുന്നത്.
വീടാണ് യു. കെ. കുമാരന്റെ മിക്ക കഥകളുടെയും കേന്ദ്ര പ്രമേയം. വീട്ടകത്തെ സ്‌നേഹഹര്‍ഷങ്ങളും ഉള്‍പ്പോരുകളും കഥകള്‍ക്ക് അദ്ദേഹം വിഷയമാക്കുന്നു. പത്താം ക്ലാസിലെ 'ഓരോ വിളിയും കാത്ത്' എന്ന കഥയിലാകട്ടെ ഒരച്ഛന്റെയും അമ്മയുടെയും പരസ്പരാശ്രിതത്വത്തെയാണ് ആര്‍ദ്രമായ അനവധി സന്ദര്‍ഭങ്ങളിലൂടെ ചിത്രീകരിക്കുന്നത്. അച്ഛന്‍ മരിച്ചതിനുശേഷം വീട്ടില്‍ ഒറ്റയ്ക്കാവുന്ന അമ്മയുടെ അനുഭവങ്ങള്‍ - അമ്മയുടെ ഓര്‍മ്മയില്‍ സദാ തെളിയുന്ന അച്ഛന്റെ കരുതലും കാര്‍ക്കശ്യവും. വീട്ടില്‍ ഒറ്റപ്പെട്ട അമ്മ ഒടുവില്‍ മകന്റെ ഇംഗിതമനുസരിച്ച് നഗരത്തിലേക്ക് കൂടെപ്പോകാന്‍ സമ്മതിക്കുന്നുണ്ടണ്ട്. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. മരണത്തോടെ അവസാനിക്കുന്നില്ല ആത്മബന്ധങ്ങളുടെ സ്‌നേഹസാന്നിധ്യം. വേര്‍പിരിഞ്ഞാലും അത് ഉയിരുടലായി അരികിലുണ്ടാകും. ആകസ്മികമായി പരിചയപ്പെട്ട ഒരമ്മയുടെ ജീവിത ക്രമത്തില്‍ നിന്നാണ് ഈ കഥ വികസിപ്പിച്ചതെന്ന് യു.കെ. കുമാരന്‍ പറയുന്നു.
അച്ഛനമ്മമ്മാരെപ്പോലെ മക്കളും ഒറ്റപ്പെട്ടു പോകുന്നുണ്ട് ആധുനിക വീടുകളില്‍ എന്നു പറയുന്നു കഥാകൃത്ത്. വീടും വീട്ടിലെ അംഗങ്ങളും യു.കെ. കുമാരന്റെ കഥകളില്‍ നിരന്തരം വന്നുചേരുന്ന പ്രമേയങ്ങളാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂശയാണ് ഓരോ വീടും. കെട്ടിയുര്‍ത്തിയ ചുവരുകള്‍ കൊണ്ടണ്ടോ ബലിഷ്ഠമായ ചുറ്റുമതില്‍ കൊണ്ടോ വീട് വീടാകുന്നില്ല. സ്‌നേഹത്തിന്റെയും കരുതലിന്റെയും ചാന്ത് പുരളാത്ത വീട് എങ്ങനെ വീടാകും. നിരന്തരമായി സംസാരിക്കുന്ന, നവീകരിക്കപ്പെടാന്‍ വെമ്പുന്ന, മൗനം കനക്കാത്ത വീടുകളെപ്പറ്റിയാണ് യു.കെ. കുമാരന്‍ എഴുതുന്നത്. 'ഒറ്റമുറിക്കൊട്ടാരവും' 'ഉണ്ണിയും പോകുന്നു' എന്ന കഥയും 'വീട് സംസാരിക്കുന്നു', 'ഉപചാരങ്ങള്‍ അറിയുന്ന നമ്മള്‍', 'മധുരശൈത്യം' എന്നിങ്ങനെ എത്രയോ വീട്ടനുഭവങ്ങളുടെ പൊള്ളുന്ന കഥകള്‍ നമ്മുടെ മുന്നിലുണ്ടണ്ട്. യു കെ കുമാരന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന 20-ാം പതിപ്പില്‍ എത്തിനില്‍ക്കുന്ന 'തക്ഷന്‍കുന്ന് സ്വരൂപം' പ്രാദേശിക തത്വത്തിലൂന്നിയ നാട്ടുകഥയുടെയും നാട്ടുമനുഷ്യരുടെയും ബ്രഹദ്‌വ്യാഖ്യാനമാണ്. പാരമ്പര്യവും പുരോവൃത്തങ്ങളും മാത്രമല്ല, രാഷ്ട്രീയമിടിപ്പുകളും കീഴാളരുടെ ഉയിര്‍പ്പും ഈ വിഖ്യാതകൃതിയില്‍ നമുക്ക് വായിച്ചെടുക്കാം.
കഥയെഴുത്തിലെ പുതുതലമുറയോട് യുകെയ്ക്ക് എന്തുണ്ട് പറയാന്‍? നന്നായി കഥയെഴുതുന്ന എത്രയോ കുട്ടികളുണ്ട്. സ്‌കൂള്‍ കോളജ് മാഗസിനുകളിലും ബാലപംക്തികളിലും അവരുടെ തിരയടിഞ്ഞ സര്‍ഗസാന്നിധ്യം വിളിച്ചുപറയുന്നു. രൂപഘടനയിലും പ്രമേയത്തിലും ധീരമായ ചുവടുകള്‍ പതിഞ്ഞതും ചിലപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരോട് പറയാന്‍ ഒന്നേ ഇനി ബാക്കിയുള്ളൂ. ജീവിതത്തെ കുറച്ചുകൂടി അടുത്തും സൂക്ഷ്മമായും നിരീക്ഷിക്കുക. മുന്നോട്ട് കുതിക്കാന്‍ പുതിയ രചനാവഴികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പിന്നില്‍ കാലുറപ്പിക്കണമാദ്യം. അത് വിസ്മരിച്ചുകൂടാ.
-എം. മനോഹരന്‍.
Thursday, August 11, 2022
യു. കെ. കുമാരന്‍: വീടുകളുടെ കഥാകാരന്‍
ഓരോ വിളിയും കാത്ത് ...
Subscribe to:
Post Comments (Atom)
No comments:
Post a Comment