1. ''അച്ഛന് എവിടെച്ചെന്നാലും സുഹൃത്തുക്കളുണ്ടായിരുന്നു. അദ്ദേഹം ജാതിമതഭേദം വകവച്ചിരുന്നില്ല.''
ലളിതാംബിക അന്തര്‍ജനം തന്റെ അച്ഛനെക്കുറിച്ച് പറയുന്നതാണിത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാതൃകാപരമല്ലേ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
ലളിതാംബിക അന്തര്‍ജനത്തിന്റെ അച്ഛന് സമൂഹത്തെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരുന്നു. ജാതിമതഭേദമെന്യേ മറ്റുള്ളവരെ ആദരിക്കുന്നവരാണ് മഹദ്‌വ്യക്തികള്‍. അവരിലാണ് യഥാര്‍ഥത്തില്‍ ഈശ്വരചൈതന്യം കുടികൊള്ളുന്നത്. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകളുടെ പൊരുള്‍ അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. മനുഷ്യനിര്‍മ്മിതമായ വര്‍ഗീയചിന്തകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സില്‍ സ്ഥാനമില്ലായിരുന്നു എന്നത് വ്യക്തമാണ്. എവിടെച്ചെന്നാലും അദ്ദേഹത്തിന് സുഹൃത്തുക്കളുണ്ടായിരുന്നു എന്നത് ഇതിനു തെളിവാണ്. പരസ്പര ഐക്യം നിലനിര്‍ത്തുക എന്നത് അടിസ്ഥാനമൂല്യങ്ങളില്‍ ഒന്നാണ്. തികച്ചും മാതൃകാപരമായ രീതിയാണ് എഴുത്തുകാരിയുടെ അച്ഛന്‍ പുലര്‍ത്തിയിരുന്നത്.
2. കുട്ടിയായ ലളിതാംബിക അന്തര്‍ജനം ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് തന്റെ കൂട്ടുകാരിക്ക് എഴുതാനിടയുള്ള കത്ത് തയാറാക്കുക.
സ്ഥലം
തീയതി
പ്രിയപ്പെട്ട സൗദാമിനീ,
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? സുഖമാണെന്നു കരുതുന്നു. ഞാനൊരു സന്തോഷവാര്‍ത്ത അറിയിക്കുവാനാണ് ഈ കത്തെഴുതുന്നത്. നിനക്കെന്നെങ്കിലും ശ്രീനാരായണഗുരുവിനെ നേരിട്ടു കാണണമെന്ന ആഗ്രഹമുണ്ടെന്നു നീ പറഞ്ഞില്ലേ. എന്നാല്‍ ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹത്തെ ഞാന്‍ നേരിട്ടു കണ്ടു! എന്നുമാത്രമല്ല, അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു! അച്ഛന്റെ ഗൃഹസദസ്സുകളില്‍വച്ച് നാരായണഗുരുവിനെപ്പറ്റി കേട്ടിരുന്നെങ്കിലും കൂടുതലറിയാന്‍ എനിക്ക് വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ നേരിട്ടുകണ്ടപ്പോഴാണ് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് എനിക്കു മനസ്സിലായത്. ഞാന്‍ പച്ചക്കിളിക്കു പിന്നാലെ ഓടുന്നത് ശ്രദ്ധിച്ച അദ്ദേഹം പച്ചക്കിളിയെ കിട്ടണമെങ്കില്‍ കൂടെപ്പറക്കാന്‍ പഠിക്കണമെന്ന് എന്നോടു പറഞ്ഞു. 'അതിനെനിക്കു ചിറകില്ലല്ലോ' എന്നു ഞാന്‍ പറഞ്ഞതിന് 'ചിറകുണ്ടാകണം അതാണ് മിടുക്കെ'ന്നാണ് ഗുരു മറുപടി പറഞ്ഞത്. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും അദ്ദേഹത്തെ വീണ്ടും കാണാന്‍ എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. അടുത്തതവണ അച്ഛന്റെ കൂടെ പോകുമ്പോള്‍ നിന്നെക്കൂടി കൂട്ടണം എന്നാണ് എന്റെ ആഗ്രഹം. പോകുന്ന ദിവസമേതെന്ന് ഞാന്‍ നിന്നെ അറിയിക്കാം. നീ വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.
സ്‌നേഹപൂര്‍വം,
ലളിതാംബിക
Friday, August 26, 2022
കൈയെത്താദൂരത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)
Subscribe to:
Post Comments (Atom)
No comments:
Post a Comment