Sunday, August 28, 2022

മയന്റെ മായാജാലം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1    ''മുത്തും പവിഴം മരതകം മാണിക്യ-
    മൊത്തു വിളങ്ങും മതിലുകളും
    അച്ഛസ്ഫടികപ്രദേശങ്ങളും പിന്നെ
    സ്വച്ഛങ്ങളാകും തടാകങ്ങളും.''
    ഇന്ദ്രപ്രസ്ഥാനത്തില്‍ മയന്‍ നിര്‍മ്മിച്ച വിസ്മയക്കാഴ്ചകള്‍ നിങ്ങള്‍ കണ്ടല്ലോ? പടയില്‍ തോറ്റോടുന്നവരെക്കുറിച്ച് കുഞ്ചന്‍നമ്പ്യാര്‍ വര്‍ണിച്ചതു നോക്കൂ.

    ''ഉള്ളത്തില്‍ ഭയമേറുക മൂലം
    വെള്ളത്തില്‍ ചിലര്‍ ചാടിയൊളിച്ചു,
    വള്ളിക്കെട്ടുകള്‍ തോറും ചെന്നതി-
    നുള്ളില്‍ പുക്കിതു പലജനമപ്പോള്‍;
    മണ്ണില്‍ പലപല കുഴിയുണ്ടാക്കി-
    പ്പൊണ്ണന്മാര്‍ ചിലരവിടെയൊളിച്ചു
    കണ്ണുമടച്ചു പുതച്ചു കിടന്നൊരു-
    വണ്ണമുറക്കവുമങ്ങു തുടങ്ങി;
    ഒരു ഭാഗത്തെത്തോലു പിളര്‍ന്നി-
    ട്ടൊരുവന്‍ ചെണ്ടയ്ക്കകമേ പുക്കാന്‍,
    പെരുവഴി തന്നിലുരുണ്ടു തിരിച്ചാന്‍
    പെരുതായുള്ളൊരു ചെണ്ടക്കാരന്‍''
 

ഈ സംഭവം തത്സമയ സംപ്രേഷണം ചെയ്യുന്നതിനുവേണ്ടി ഒരു ദൃക്‌സാക്ഷിവിവരണം തയാറാക്കുക.
 യുദ്ധമുഖത്തിപ്പോള്‍ ജീവനും കൊണ്ട് ഓടുന്ന  ഭീരുക്കളായ ഭടന്മാരെയാണ് നാം കാണുന്നത്. ശത്രുവിന്റെ വാളിനിരയാകുമെന്ന ഭയം നിമിത്തം അവര്‍  രക്ഷകിട്ടുമെന്നു തോന്നുന്നയിടത്തേക്കെല്ലാം ചാടിക്കയറുന്നു. ചിലരതാവെള്ളത്തില്‍ മുങ്ങിയൊളിക്കുന്നു. മറ്റു ചിലരാവട്ടെ, വള്ളിപ്പടര്‍പ്പുകളിലേക്ക് ഓടിക്കയറുന്നു. ചില തടിയന്മാര്‍ മണ്ണില്‍ കുഴികളുണ്ടാക്കി അതില്‍ കിടക്കുന്നു. അവിടെ ഒന്നുമറിയാത്തമട്ടില്‍ കണ്ണുകളുമടച്ച് ഉറക്കംനടിച്ചു കിടപ്പാണവര്‍. ചില മിടുക്കന്മാര്‍ ചെണ്ടയുടെ ഒരു ഭാഗത്തെ തോലുപൊളിച്ച് അതിനുള്ളിലൊളിക്കുന്നു. ചെണ്ടക്കാരന്‍ പെരുവഴിയിലൂടെയും. ഇനിയും ഇത്തരത്തിലുള്ള അനേകം രസക്കാഴ്ചകള്‍ യുദ്ധക്കളത്തില്‍ കാണാനുണ്ട്. അതിസാഹസന്മാരും ധീരന്മാരുമാണെന്ന്   വീമ്പുപറയുന്നവരെയാണ്  ഇവിടെയിപ്പോള്‍ നാം കാണുന്നത്. ഒരു ചെറിയ മറപോലും രക്ഷാസ്ഥാനമായി കാണുന്ന 'ധീരപോരാളികള്‍' എന്നുതന്നെ ഇവരെ പറയാം.

No comments:

Post a Comment