Monday, August 22, 2022

അമ്മ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1. ''വാളും ബയനറ്റും  കൈവിലങ്ങുകളും ഭിത്തിയില്‍ കിടന്നു ഭീകരതയോടെ മിന്നുന്നുണ്ടായിരുന്നു. അതിന്റെ കഠിനമായ തിളക്കവും സ്റ്റേഷനില്‍ നിന്നിരുന്ന പോലീസുകാരുടെ ക്രൂരമുഖവും എന്നെ വല്ലാതെ പേടിപ്പെടുത്തി. നരകത്തിന്റെ ഒരു ഓര്‍മ്മയാണ് എനിക്കു വന്നത്.'' (അമ്മ)
    -'നരകത്തിന്റെ ഒരു ഓര്‍മ്മ' എന്ന പ്രയോഗത്തിന്റെ ഔചിത്യം വിലയിരുത്തുക.    

    വിദേശഭരണത്തിന്റെ നാളുകളില്‍ പോലീസ്‌സ്റ്റേഷനുകള്‍ ക്രൂരമായ മര്‍ദനകേന്ദ്രങ്ങളായിരുന്നു. സ്വാതന്ത്ര്യസമരസേനാനികളെ ഭീകരമായി മര്‍ദിച്ച് സമരം അടിച്ചമര്‍ത്തുന്നതിനുള്ള കര്‍ശനനിര്‍ദേശമാണ് അക്കാലത്ത് ഭരണാധികാരികള്‍ പോലീസുകാര്‍ക്ക്  നല്‍കിയിരുന്നത്.  ജനങ്ങളെ ഭയപ്പെടുത്തി സമരം അടിച്ചമര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. സ്റ്റേഷന്റെ ഭിത്തിയില്‍ തൂക്കിയിരുന്ന തിളങ്ങുന്ന വാളും ബയനറ്റും കൈവിലങ്ങുകളും കണ്ടപ്പോള്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ഏല്‍ക്കേണ്ടിവന്ന ഭീകരമര്‍ദനങ്ങള്‍ ബഷീറിന്റെ മനസ്സിലെത്തി. പോലീസുകാരുടെ ക്രൂരമുഖങ്ങള്‍ ഈ തോന്നലുകളുടെ ആക്കംകൂട്ടി. നിരായുധനായ ഓരോ സമരസേനാനിയെയും ചുറ്റും നിന്ന് ക്രൂരമായി മര്‍ദിക്കുന്ന ഭയാനകമായ അവസ്ഥയാണ് ആ ആയുധങ്ങളും പോലീസുകാരുടെ ക്രൂരമുഖങ്ങളും ബഷീറില്‍ ഉണര്‍ത്തിയത്. തീര്‍ച്ചയായും ആ കാഴ്ച നരകത്തെ ഓര്‍മ്മിപ്പിക്കും.
2.     ''ദേശീയപ്രസ്ഥാനകാലത്ത് സാമൂഹികസാഹചര്യങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു ബഷീര്‍.''  -പ്രസ്താവന വിലയിരുത്തി കുറിപ്പ് തയാറാക്കുക.            
    സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ദേശീയപ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായി വളരെ ശക്തമായി ബഷീര്‍ പ്രതികരിച്ചിരുന്നു. സത്യഗ്രഹാശ്രമത്തില്‍ പോകരുതെന്നും  ഖദര്‍ ധരിക്കരുതെന്നും സ്‌കൂളില്‍നിന്നും കര്‍ശനമായി
നിര്‍ദേശിച്ചിട്ടും ബഷീര്‍ അവയൊന്നും വകവെച്ചില്ല. അതിന്റെപേരില്‍ ഹെഡ്മാസ്റ്ററുടെ കൈയില്‍നിന്നും അടികൊള്ളേണ്ടി വന്നിട്ടുമുണ്ട്. ഗാന്ധിജി വൈക്കത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനും തൊടാനും ശ്രമിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. ഗാന്ധിജിയുടെ വാക്കുകള്‍ കേട്ടാണ് പഠനം അവസാനിപ്പിച്ച് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാനായി നൂറിലധികം മൈലുകള്‍ താണ്ടി കോഴിക്കോട്ടെത്തിയത്. അവിടെവച്ച് മര്‍ദനങ്ങളും ജയില്‍വാസവും അനുഭവിച്ചത് രാജ്യസ്‌നേഹിയായ പൗരനെന്നനിലയിലാണ്. തീര്‍ച്ചയായും തന്റെ കാലഘട്ടത്തിലെ സാമൂഹികപ്രശ്‌നങ്ങളോട് അതിശക്തമായി പ്രതികരിച്ച വിദ്യാര്‍ഥിയായിരുന്നു ബഷീര്‍.

No comments:

Post a Comment