Monday, July 4, 2022

പുതുവര്‍ഷം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1.    ''ആകുലചിന്തകളായിരം കുന്തങ്ങ -
     ളാഴത്തില്‍ക്കോര്‍ക്കും ശിരസ്സുനീര്‍ത്തി.''
കൗമാരകാലത്തിന്റെ സൂചനയാണോ വരികളില്‍ തെളിയുന്നത്? വിശദമാക്കുക.

    കൗമാരകാലത്തെയാണ് കവയിത്രി ഇവിടെ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് ആകുലചിന്തകള്‍ ഉണ്ടാകുന്നത് കൗമാരത്തിന്റെ പ്രത്യേകതയാണ്. സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളെപ്പറ്റി ആകുലതകള്‍ ഉണ്ടാകാം.
വിവേചനവും നീതിനിഷേധവും കാണുമ്പോള്‍ അമര്‍ഷമുണ്ടാകുക സ്വാഭാവികമാണ്. പാവപ്പെട്ടവര്‍ ഇതുമൂലം കഷ്ടപ്പെടുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ പ്രതികരിച്ചെന്നിരിക്കും. സങ്കടപ്പെടുത്തുന്ന ഇത്തരം കാഴ്ചകളുണ്ടാക്കുന്ന ചിന്തകളാണ് കുന്തങ്ങളായി ശിരസ്സില്‍ ആഴ്ന്നിറങ്ങുന്നത്. ഇത്തരം ആദര്‍ശാത്മകനിലപാടുകള്‍ എടുക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നത് കൗമാരകാലത്തിന്റെ സവിശേഷതയാണ്.
2.    തുമ്പ അമ്മയുടെ പ്രതീകമായി മാറുന്നതെങ്ങനെയാണ്?
    മറ്റൊന്നും ചിന്തിക്കാതിരിക്കുന്ന കാലമാണ് ബാല്യം. കൈകൂപ്പി പ്രാര്‍ഥിച്ചാല്‍ കുപ്പിവള കാപ്പാകുമെന്ന മാര്‍ഗനിര്‍ദേശം നല്‍കാന്‍   അമ്മ എപ്പോഴും കൂടെയുണ്ടാകുമായിരുന്നു. അമ്മയോടൊപ്പം പൂക്കളിറുക്കുകയും പൂക്കളമൊരുക്കുകയും ചെയ്ത ആ കാലം നല്ല ഓര്‍മ്മകള്‍ മാത്രമായി കവയിത്രിയുടെ മനസ്സില്‍ അവശേഷിക്കുന്നു. പരിഷ്‌കൃതലോകത്തെ സാഹചര്യങ്ങള്‍കൊണ്ട് പഴയ ജീവിതരീതികളില്‍നിന്ന് നാം അകന്നുപോയിരിക്കുന്നു. ഫ്‌ളാറ്റുകളിലെന്നപോലെ മണ്ണില്‍നിന്നും വളരെയേറെ ഉയരത്തിലാണ് ഇന്ന് നമ്മള്‍. ബാല്‍ക്കണിയില്‍നിന്നു നോക്കുമ്പോള്‍  താഴെ അവശേഷിക്കുന്ന ഇത്തിരിമണ്ണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒഴിഞ്ഞുമാറിനില്‍ക്കുന്ന തുമ്പച്ചെടിപോലെയാണ് അമ്മയെന്ന് കവയിത്രിക്ക് തോന്നുന്നു.  ലാളിത്യത്തിന്റെയും എളിമയുടെയും നേര്‍ക്കാഴ്ചയായി, വിറയ്ക്കുന്ന മുഖത്തോടെ നിശ്ശബ്ദയായി നില്‍ക്കുന്ന പാവം അമ്മയുടെ മുഖമാണ്  ആ തുമ്പയില്‍ തെളിയുന്നത്.
3.     ബാല്യത്തിന്റെ നിഷ്‌കളങ്കതയും സ്‌നേഹവും കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് എപ്രകാരമാണ്?
    അമ്മ പറഞ്ഞുതന്നിരുന്നത് അപ്പാടെ വിശ്വസിച്ചിരുന്ന കാലമായിരുന്നു ബാല്യകാലം. കൈകള്‍ കൂട്ടിപ്പിടിച്ച് പ്രാര്‍ഥിക്കാന്‍ അമ്മ പഠിപ്പിച്ച കാലമായിരുന്നു ബാല്യം. അമ്പലത്തിന്റെ പടവുകളോരോന്നും എണ്ണിയെണ്ണി കയറിപ്പോകുമ്പോള്‍ കൈക്കൂപ്പി പ്രാര്‍ഥിച്ചാല്‍ കൈയിലെ കരിവള കാപ്പാകുമെന്ന് അമ്മ പറയാറുണ്ടായിരുന്നു. നെല്ലിക്കയും പുളിയും പുസ്തകസഞ്ചിയില്‍ ഒളിപ്പിച്ച് ആരോടും വഴക്കിടാതെ എല്ലാവരോടും പുഞ്ചിരിച്ചുനടന്നിരുന്ന നിഷ്‌കളങ്കതയുടെ കാലമായിരുന്നു ബാല്യം. പാട്ടു
പാടി പൂനുള്ളാന്‍  പോകുന്നതും അമ്മയോടൊപ്പം പൂക്കളമിടുന്നതും കവയിത്രിയുടെ സ്മരണയിലുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹത്തോടെചുറ്റുപാടുകളോട് ഇടപ്പെട്ടിരുന്ന കാലമായാണ് ബാല്യത്തെ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
4. 'പുതുവര്‍ഷം' എന്ന ശീര്‍ഷകം ഈ കവിതയ്ക്ക് അനുയോജ്യമാണോ? പരിശോധിക്കുക.         
    നന്മകള്‍  പ്രതീക്ഷിക്കുന്ന പുതിയ വര്‍ഷമാണ് കവയിത്രിയുടെ മനസ്സിലുള്ളത്. ശാന്തിയും സമാധാനവും നിറഞ്ഞുനില്‍ക്കുന്ന പുതുവര്‍ഷമാണത്. വിശുദ്ധിയും ലാളിത്യവും നൈര്‍മല്യവുമുള്ള അമ്മയെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സിലുള്ളപ്പോള്‍ ഇനി പൂക്കളമിട്ടില്ലെങ്കിലും വീടിനുള്ളിലേക്ക് ഐശ്വര്യപൂര്‍ണമായ  പുതുവര്‍ഷം കടന്നുവരുമെന്ന് അവര്‍ പൂര്‍ണമായി വിശ്വസിക്കുന്നു.  പുതുവര്‍ഷത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കവിതയ്ക്ക് 'പുതുവര്‍ഷം' എന്ന ശീര്‍ഷകം ഏറ്റവും  അനുയോജ്യമാണ്.


No comments:

Post a Comment