Monday, July 4, 2022

പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

1.    മനുഷ്യരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടിയുള്ളതാണോ പ്രകൃതിസൗന്ദര്യം? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.    
    മനുഷ്യരെ   സന്തോഷിപ്പിക്കുവാന്‍  വേണ്ടിയുള്ളതല്ല പ്രകൃതിസൗന്ദര്യം. സൗന്ദര്യമുണ്ടാക്കുക, മനുഷ്യരെ സന്തോഷിപ്പിക്കുക- ഇതൊന്നും പ്രകൃതിയുടെ ജോലിയല്ല. പ്രകൃതിയുടെ  സ്വാഭാവികമായ മാറ്റങ്ങള്‍ക്കിടയില്‍ സൗന്ദര്യം ഉണ്ടായിപ്പോകുന്നതാണ്. അത് കാണാനും ആസ്വദിക്കാനും കഴിയുന്നവരുടെ മനസ്സുകളിലാണ് സന്തോഷം ഉണ്ടാവുന്നത്. ആരും കാണാനില്ലെങ്കിലും പൂക്കള്‍ വിരിയും, കിളികള്‍ പാടും, മയിലുകള്‍ നൃത്തംചെയ്യും, കാട്ടരുവികള്‍ പതഞ്ഞൊഴുകും. ഇതൊന്നും ആരെയെങ്കിലും കാണിക്കാനോ ആസ്വദിപ്പിക്കാനോ വേണ്ടി ചെയ്യുന്നതല്ല, പ്രകൃതിയുടെ സ്വാഭാവികമാറ്റം മാത്രമാണ്.
2.'കലാസൗന്ദര്യം ഒരുവക പരസ്യപ്പെടുത്തലാണ്'- ലേഖകന്‍ ഇങ്ങനെ  അഭിപ്രായപ്പെടാന്‍ കാരണമെന്ത്?  
    കലാകാരന്‍ കലാസൃഷ്ടി നടത്തുന്നത് അയാള്‍ക്കു മാത്രം ആസ്വദിക്കാന്‍ വേണ്ടിയല്ല, മറ്റുള്ളവരെ  ആസ്വദിപ്പിക്കാനും കൂടിയാണ്. തനിക്കുണ്ടായ അനുഭൂതി മറ്റുള്ളവരെയും അനുഭവിപ്പിക്കുകയാണ് അയാളുടെ ലക്ഷ്യം. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ഉച്ചത്തില്‍ പാട്ടുപാടുന്നതും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമെല്ലാം അതിനുവേണ്ടിയാണ്. അപ്രകാരം ആസ്വദിക്കപ്പെടുമ്പോഴാണ് അത് കലാസൃഷ്ടിയായി അംഗീകരിക്കപ്പെടുന്നത്. ഒരു കലാസൃഷ്ടിക്ക്  ആസ്വാദകന്റെ ഹൃദയത്തില്‍ അനുഭൂതി പകരാനുള്ള ശേഷിയാണ് യഥാര്‍ഥത്തില്‍ കലാസൗന്ദര്യത്തിന്റെ അളവുകോല്‍.

No comments:

Post a Comment