Monday, July 4, 2022

അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)

 1.'ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുമ്പോഴാണ് ബന്ധങ്ങള്‍ക്ക് കരുത്തുകൂടുന്നത്.' സിംലയുടെ കുടുംബവും ലേഖകനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രസ്താവന പരിശോധിച്ച് കുറിപ്പ് തയാറാക്കുക.   
ഹിമാലയയാത്രയ്ക്കിടയില്‍ പിപ്പല്‍കോട്ടിയിലേക്കുള്ള വഴിയന്വേഷിച്ചാണ് ലേഖകന്‍ സിംലയുടെ വീട്ടിലെത്തിയത്. ദില്ലിയില്‍നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ അവിടേക്ക് ജോലിതേടിപ്പോയ തന്റെ മകനെക്കുറിച്ച് സിംലയുടെ അച്ഛന്‍ ലേഖകനോട് സംസാരിച്ചു. നിസ്സഹായനായ പിതാവിന്റെയും  ആ കുടുംബത്തിന്റെയും കാത്തിരിപ്പും ദുഃഖവും ലേഖകന്റെ ഹൃദയത്തെ ആഴത്തില്‍  സ്പര്‍ശിച്ചു. തന്റെ സഹോദരനുവേണ്ടി വെള്ളാരങ്കല്ല്  കൊടുത്തുവിടുന്ന സിംലയെന്ന കൊച്ചുപെണ്‍കുട്ടിയും ആ കുടുംബവുമായുള്ള ലേഖകന്റെ ബന്ധത്തിന് കരുത്തുകൂട്ടി. മറ്റുള്ളവരോടുള്ള സ്‌നേഹവും അനുകമ്പയും വളരുന്നത് ദുഃഖങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ്. അവയാണ് മനുഷ്യബന്ധങ്ങള്‍ക്ക് കരുത്തുനല്‍കുന്നത്.
2.ചൂഷണം ചെയ്യപ്പെടുന്ന ബാല്യത്തിന്റെ പ്രതീകമാണോ ബിക്രം സിങ്. നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
ബാല്യത്തിന്റെ ആനന്ദവും പ്രസരിപ്പും നഷ്ടപ്പെട്ട് ജീവിതമെന്ന വലിയ ചോദ്യത്തെ നേരിടുന്ന പതിന്നാലു വയസ്സുകാരനാണ് ബിക്രം  സിങ്. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. അത് നിഷേധിക്കപ്പെട്ടവനാണ് ബിക്രം സിങ്. നിയമംമൂലം നിരോധിക്കപ്പെട്ട ബാലവേല എന്ന ക്രൂരതയ്ക്കും ബിക്രം സിങ് ഇരയാണ്. ഇവ രണ്ടും ആ കുട്ടിയുടെ ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളെയും അവകാശങ്ങളെയും ഇല്ലാതാക്കുന്നു.


No comments:

Post a Comment