Thursday, July 14, 2022

അമ്മത്തൊട്ടില്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 1.     ''ഇപ്പെരും മാളിന്റെ (ഇപ്പെരുമാളിന്റെ?)
    തൊട്ടടുത്തായിട്ടിറക്കിയാലെന്നോര്‍ത്തു.'' (അമ്മത്തൊട്ടില്‍)
    മാളിനെ 'പെരുമാള്‍' എന്ന് വിശേഷിപ്പിക്കുന്നതിന്റെ ഔചിത്യം വിശദമാക്കുക.

    വിപണിയാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നത്. വലിയ കച്ചവടശാലയാണ് മാള്‍. പുതിയ കാലത്തിന്റെ ജീവിതരീതിയും വസ്ത്രധാരണവും ഭക്ഷണവുമെല്ലാം തീരുമാനിക്കുന്നത് മാളുകളാണ്. അവിടെ പണത്തിനാണ്
പരമാധികാരം. പണ്ടുകാലത്ത് രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന സ്ഥാനമാണ് ഇപ്പോള്‍ മാളുകള്‍ക്കുള്ളത്. സമൂഹത്തിന്റെ നിത്യജീവിതത്തില്‍ മാളുകള്‍ക്ക് കൈവന്നിരിക്കുന്ന അധീശത്വത്തെ സൂചിപ്പിക്കാന്‍ വേണ്ടിയാണ് 'പെരുമാള്‍' എന്ന് കവി പ്രയോഗിച്ചത്.
2.     മാറിവരുന്ന സാമൂഹികാവസ്ഥകളുടെ പ്രതിനിധികളെന്നനിലയില്‍  'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ മകനെയും 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ മകനെയും വിലയിരുത്തി  കുറിപ്പ് തയാറാക്കുക.
    കഥയിലെ മകനും കവിതയിലെ മകനും അമ്മയുടെ കാര്യത്തില്‍ നിസ്സഹായരാണ്. കഥയില്‍ അമ്മയെ ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് പോകാന്‍ മടിക്കുന്ന മകനെയാണ് കാണുന്നത്. എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാനും അയാള്‍ക്കാഗ്രഹമില്ല. എങ്കിലും അമ്മ തന്റെ കൂടെ നഗരത്തിലേക്ക് വരണമെന്നയാള്‍ ആഗ്രഹിക്കുന്നു. നിര്‍ബന്ധിച്ച് അമ്മയെ കൊണ്ടുപോകാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. അച്ഛന്റെ ഓര്‍മ്മകളില്‍നിന്ന് അമ്മയ്ക്കു പെട്ടെന്ന് തിരിച്ചുപോരാനാവില്ലെന്നും അയാള്‍ക്കറിയാം. അമ്മയുടെ മനസ്സ് മനസ്സിലാക്കുന്ന സ്‌നേഹസമ്പന്നനായ മകനാണ് കഥയിലുള്ളത്. ഭാര്യയുടെ പഴി കേള്‍ക്കാതിരിക്കാന്‍വേണ്ടി ഓര്‍മ്മയില്ലാത്ത അമ്മയെ തെരുവിലുപേക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മകനെയാണ് 'അമ്മത്തൊട്ടില്‍' എന്ന കവിതയില്‍ കാണുന്നത്. ജീവിതത്തിന്റെ വിവിധ ദശകളില്‍ അമ്മ നല്‍കിയ സ്‌നേഹവും കരുതലുമെല്ലാം ഓര്‍ത്തപ്പോള്‍ അയാള്‍ ആ ശ്രമത്തില്‍നിന്ന് പിന്തിരിയുന്നു. ഭാര്യയുടെ ആഗ്രഹത്തിന് ചെവികൊടുത്തെങ്കിലും അയാള്‍ക്ക് അമ്മയെ ഉപേക്ഷിക്കാനാവുന്നില്ല.  ഉപേക്ഷിക്കാന്‍ കണ്ടെത്തുന്ന ഇടങ്ങളിലെല്ലാം അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അയാളില്‍ കുറ്റബോധം നിറയ്ക്കുന്നു. അമ്മയുടെ സ്‌നേഹം അനുഭവിച്ചതിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന മകനാണയാള്‍. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പുത്തന്‍പരിഷ്‌കാരത്തിന് വശപ്പെട്ടുപോകുന്ന ആധുനികകാലത്തിന്റെ പ്രതി
നിധിയായി അയാളെ കാണാന്‍ കഴിയും. സമൂഹത്തില്‍ കാണാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ രണ്ടു മനോഭാവങ്ങളുടെ പ്രതിനിധികള്‍തന്നെയാണ് രണ്ട് മക്കളും.
3.     ◼ 'നീരറ്റു വറ്റിവരണ്ട കൈച്ചുള്ളികള്‍'
    'കണ്ണുകള്‍, മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായ്'      (അമ്മത്തൊട്ടില്‍)
  ◼ നിറഞ്ഞ ആരോഗ്യവും ആനയുടെ കരുത്തുമുണ്ടായിരുന്നു. ഇന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും കരുത്തില്ല.'   (പ്ലാവിലക്കഞ്ഞി)
    ആയുസ്സും ആരോഗ്യവും കുടുംബത്തിനും സമൂഹത്തിനും വേണ്ടി ചെലവഴിച്ച രണ്ട് കഥാപാത്രങ്ങളാണിവര്‍. മക്കള്‍ക്കു തുണയായിത്തീരുന്നത് ഇതുപോലുള്ളവരുടെ ജീവിതമാണ്. വിശകലനംചെയ്ത് ലഘു ഉപന്യാസം തയാറാക്കുക.   
       
             സമ്പത്തും ആഭിജാത്യവുമല്ല, സ്‌നേഹമാണ് ഒരു കുടുംബത്തെ കുടുംബമാക്കുന്നത്. മാതാപിതാക്കളും മക്കളും  സ്‌നേഹത്തോടെ ഒന്നിക്കുന്ന ഇടമാണ് യഥാര്‍ഥ കുടുംബം. സ്‌നേഹമില്ലാത്ത കുടുംബങ്ങള്‍ വെറും സത്രങ്ങള്‍  മാത്രമാണ്. അവ സമൂഹത്തിന്റെ ശൈഥില്യത്തിന് കാരണമായിത്തീരുകയും ചെയ്യും.    
    'പ്ലാവിലക്കഞ്ഞി' എന്ന നോവല്‍ഭാഗത്ത് കടന്നുവരുന്ന കഥാപാത്രങ്ങളായ കോരനും ചിരുതയും കോരന്റെ അപ്പനുമെല്ലാം തീരെ ദരിദ്രരാണെങ്കിലും സ്‌നേഹത്തിന്റെ കാര്യത്തില്‍ വളരെ സമ്പന്നരാണ്. വയലില്‍ കഠിനമായി പണിയെടുത്ത് ലക്ഷക്കണക്കിന് പറ നെല്ല് വിളയിച്ച കര്‍ഷകത്തൊഴിലാളിയാണ് കോരന്റെ അപ്പന്‍. ചിരുതയെ വിവാഹം കഴിച്ചതോടെ അപ്പനുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു നാട്ടില്‍ താമസിക്കുകയായിരുന്നു കോരന്‍. നാളുകള്‍ കഴിഞ്ഞപ്പോള്‍ വാര്‍ധക്യവും പട്ടിണിയും ശോഷിപ്പിച്ച ശരീരവുമായി അപ്പന്‍ മകനെ തേടിവന്നു. കണ്ട നിമിഷത്തില്‍ത്തന്നെ ഇരുവരും കെട്ടിപ്പിടിച്ചു. കോരന്റെ മനസ്സില്‍ കുറ്റബോധം തിങ്ങിനിറഞ്ഞു. അപ്പന് വയറു നിറച്ച് ഒരുനേരമെങ്കിലും ചോറു കൊടുക്കണമെന്നു മാത്രമായിരുന്നു പിന്നീട് കോരന്റെ മനസ്സിലെ ചിന്ത. തന്റെ അധ്വാനം കൊണ്ട് സമ്പന്നരായവരാരും  തിരിഞ്ഞുനോക്കാതിരുന്നപ്പോഴും അപ്പന് വിശ്വാസത്തോടെ കയറിവരാനുള്ള ഇടം മകന്റെ വീടുമാത്രമായിരുന്നു.        
          മകനെ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ഒരു അമ്മ തന്റെ ജീവിതം ഹോമിച്ചതിന്റെ അടയാളങ്ങളാണ് ചുള്ളിക്കമ്പുപോലെ ശോഷിച്ച കൈത്തണ്ടകളും മങ്ങിപ്പഴകി പിഞ്ഞാണവര്‍ണമായ കണ്ണുകളും. 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ  അമ്മയുടെ രൂപമാണിത്. പ്രായാധിക്യത്താല്‍ ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയെ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി തെരുവിലുപേക്ഷിക്കാന്‍ പുറപ്പെടുകയാണ് മകന്‍.  ആശുപത്രിവരാന്തയിലും വിദ്യാലയവുമുള്‍പ്പെടെ അമ്മയെ ഇറക്കിവിടാന്‍ കണ്ടെത്തിയ ഇടങ്ങളിലെല്ലാം അമ്മയുടെ സ്‌നേഹത്തിന്റെ  ചൂട് അനുഭവിച്ചതിന്റെ  ഓര്‍മ്മകള്‍ അയാളെ  അതില്‍നിന്നും തടഞ്ഞുനിര്‍ത്തി. ബാല്യത്തില്‍ അമ്മ വാരിക്കോരി നല്‍കിയ സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ് ഒരു മഹാപാതകം ചെയ്യുന്നതില്‍നിന്ന് അയാളെ പിന്തിരിപ്പിച്ചത്.
        സ്‌നേഹസമ്പന്നരായ മാതാപിതാക്കളുടെ ജീവിതം കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായി മാറും. 'പ്ലാവിലക്കഞ്ഞി'യിലെ അപ്പനും 'അമ്മത്തൊട്ടിലി'ലെ അമ്മയുമെല്ലാം മാതൃകാപരമായി ജീവിച്ചവരാണ്. സ്‌നേഹസമ്പന്നരായ കുടുംബാംഗങ്ങള്‍ കുഞ്ഞുങ്ങളുടെ മനസ്സില്‍ നിക്ഷേപിക്കുന്നത് നന്മയുടെ വിത്തുകളാണ്.
4.     എല്ലാ പരിമിതികളെയും സ്‌നേഹംകൊണ്ട് മറികടക്കാനാവും.  അതിലൂടെ മാത്രമേ ആരോഗ്യകരമായ കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും കെട്ടിപ്പടുക്കാനാവൂ. 'ജീവിതം പടര്‍ത്തുന്ന വേരുകള്‍' എന്ന യൂണിറ്റിലൂടെ  നിങ്ങള്‍ പരിചയപ്പെട്ട സാഹിത്യരചനകളുടെ  വെളിച്ചത്തില്‍ ഈ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഉപന്യാസം തയാറാക്കുക.
              സ്‌നേഹമാണഖിലസാരമൂഴിയില്‍...!
         മനുഷ്യസമൂഹം  നിലനില്‍ക്കുന്നത് സ്‌നേഹമെന്ന മാന്ത്രികച്ചരടിലാണ്.  സമൂഹം ഏകമനസ്സോടെ  നേരിട്ടാല്‍ ഏതു  പ്രതിസന്ധിയെയും അനായാസം കീഴടക്കാന്‍ കഴിയും. കുടുംബങ്ങളുടെ അടിത്തറ ഉറപ്പിക്കേണ്ടത് സ്‌നേഹത്തിലാണ്. ജീവിതത്തിന്റെ വേരുകള്‍ മനുഷ്യരില്‍ മാത്രമല്ല,  പ്രകൃതിയിലും ചരാചരങ്ങളിലും ആഴ്ന്നിറങ്ങിയിരിക്കുന്നു.  
        തകഴിയുടെ 'പ്ലാവിലക്കഞ്ഞി,' യു. കെ. കുമാരന്റെ 'ഓരോ വിളിയും കാത്ത്,' റഫീക്ക് അഹമ്മദിന്റെ 'അമ്മത്തൊട്ടില്‍' എന്നീ രചനകളാണ് ഈ യൂണിറ്റിലുള്ളത്. ഇവയിലെല്ലാം അടിസ്ഥാനധാരയായി വര്‍ത്തിക്കുന്നത് സ്‌നേഹംതന്നെയാണ്. പട്ടിണികിടന്നുകൊണ്ടാണ് 'രണ്ടിടങ്ങഴി'യിലെ നായികയായ ചിരുത, ഭര്‍ത്താവായ കോരനും കോരന്റെ അപ്പനും ഭക്ഷണം നല്‍കുന്നത്. മരണം കൊണ്ടുപോയ ഭര്‍ത്താവിന്റെ സ്‌നേഹസാന്നിധ്യം വീട്ടിലും പറമ്പിലും കൃഷിയിടത്തിലും അനുഭവിച്ചറിയുന്ന ഭാര്യയെയാണ് യു. കെ. കുമാരന്റെ 'ഓരോ വിളിയും കാത്ത്' എന്ന കഥയില്‍ അവതരിപ്പിച്ചിട്ടുള്ളത്. വീടും പുരയിടവും വിട്ട് അവര്‍ക്ക് ഒരിടത്തേക്കും പോകാനാവില്ല.  അമ്മയെ തെരുവിലുപേക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് പരാജിതനാവുന്ന മകന്റെ ചിന്തകളാണ് 'അമ്മത്തൊട്ടില്‍' എന്ന കവിത. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അമ്മ നല്‍കിയ സ്‌നേഹവും പരിചരണവും ഓര്‍ത്തപ്പോള്‍ മകന് കുറ്റബോധത്തോടെ പിന്തിരിയേണ്ടിവന്നു.    
        സ്‌നേഹബന്ധങ്ങളുടെ  കരുത്തിലാണ്   കുടുംബവും സമൂഹവും കെട്ടിപ്പടുക്കേണ്ടത്. ഇന്ന് നാമനുഭവിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു കാരണം സ്‌നേഹമില്ലായ്മതന്നെയാണ്. പ്രകൃതിയും ജീവജാലങ്ങളും മനുഷ്യര്‍ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന ധാരണയിലാണ് ഇന്നു മനുഷ്യര്‍ ജീവിക്കുന്നത്. സംഘര്‍ഷങ്ങളും കലാപങ്ങളും കാലാവസ്ഥാവ്യതിയാനവും മാറാരോഗങ്ങളും ഇത്രയേറെ പെരുകിയത് ഈ ചിന്താഗതിയുടെ ഫലമാണ്.
പിഴവുകള്‍ തിരുത്തി  സ്‌നേഹത്തിന്റെ  വഴിയിലൂടെ മുന്നേറിയാല്‍ മാത്രമേ ഇനിയുമൊരു തലമുറയ്ക്ക് ഇവിടെ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ.

No comments:

Post a Comment