Monday, July 4, 2022

പൂക്കാതിരിക്കാനെനിക്കാവതില്ലേ... എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)






 1.കണിക്കൊന്നയുടെ ജീവിതം നല്‍കുന്ന സന്ദേശമെന്ത്?
കണിക്കൊന്ന പൂക്കുന്നത് തനിക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയാണ്. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുക, അവര്‍ക്ക് സന്തോഷം പകരുക എന്നതാണ് പ്രകൃതി പാലിച്ചുവരുന്ന ധര്‍മ്മം.   മനുഷ്യര്‍ ആവുന്നത്ര നശിപ്പിച്ചിട്ടും അവശേഷിക്കുന്ന മരങ്ങള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് ഈ ധര്‍മ്മം പാലിക്കുന്നതുകൊണ്ടാണ്. വിശേഷബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യര്‍ മാത്രമാണ് ഇത്  ലംഘിക്കുന്നത്. മറ്റുള്ളവര്‍ക്കു നന്മ ചെയ്തുകൊണ്ട് നമ്മുടെ ജീവിതം സാര്‍ഥകമാക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത് എന്ന സന്ദേശമാണ് കണിക്കൊന്നയുടെ ജീവിതം നമുക്ക് നല്‍കുന്നത്.
2.ഏതെല്ലാം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും  തന്റെ പരിമിതികളെല്ലാം മറന്ന് മുടങ്ങാതെ പൂക്കുന്ന കണിക്കൊന്ന, മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിക്കുന്നവരുടെ  പ്രതീകമാണോ? വിലയിരുത്തുക.    
മഞ്ഞും മഴയും വേനലും കഠിനമായ വേദനകള്‍ നല്‍കുമ്പോഴും വിഷുക്കാലം തന്റേതുമാത്രമാണെന്ന പ്രതീക്ഷയോടെയാണ്  കണിക്കൊന്ന  കാത്തുനില്‍ക്കുന്നത്. സ്വന്തം നിസ്സഹായതയും വേദനയും മറ്റുള്ളവരെ അറിയിക്കാതെ, കത്തുന്ന വേനലില്‍ മഞ്ഞപുഷ്പങ്ങളാല്‍ മന്ദഹാസം വിരിയിച്ചുനില്‍ക്കുകയാണ് കണിക്കൊന്ന. മഹത്തുക്കള്‍ അങ്ങനെയാണ്. സ്വന്തം സങ്കടങ്ങളും പരിമിതികളും വേദനകളും നിസ്സാരമാക്കിക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി, അവരുടെ മനസ്സുകളില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കിക്കൊണ്ട്  പ്രകാശിച്ചുനില്‍ക്കും. അതാണിവിടെ കണിക്കൊന്ന ചെയ്യുന്നതും. സ്വന്തം ദുരിതകാലങ്ങളെ മറന്ന് മറ്റുള്ളവര്‍ക്ക് നല്‍ക്കണിയാകുവാനും അതുവഴി അവരുടെ ഭാവി ഗുണമുള്ളതാക്കുവാനും കൊന്ന ശ്രമിക്കുന്നു. വിഷുക്കാലമെത്തുമ്പോള്‍ മുടങ്ങാതെ പൂക്കുന്ന  കണിക്കൊന്ന മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുന്ന മഹത്തുക്കളുടെ പ്രതീകം തന്നെയാണ്.

No comments:

Post a Comment