Sunday, July 3, 2022

കേരളപാഠാവലി (യൂണിറ്റ്-1) : - ഇനി ഞാനുണര്‍ന്നിരിക്കാം - കൂടുതല്‍ വിവരങ്ങള്‍ (Class 8)

 പാഠം - 1:  സാന്ദ്രസൗഹൃദം 

 കുചേലന്‍

ശ്രീകൃഷ്ണഭക്തനായ ബ്രാഹ്‌മണനാണ് കുചേലന്‍.  യഥാര്‍ഥ പേര് സുദാമാവ് എന്നാണ്.   ബാല്യത്തില്‍  ശ്രീകൃഷ്ണനും
കുചേലനും സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തിലാണ് വിദ്യയഭ്യസിച്ചിരുന്നത്. ഗുരുകുലപഠനരീതിയായിരുന്നു അന്നുണ്ടായിരുന്നത്. പഠനശേഷം രണ്ടുപേരും പിരിഞ്ഞു. ശ്രീകൃഷ്ണന്‍ ദ്വാരകയിലെ രാജാവായി. കുചേലന്‍ വിവാഹംകഴിച്ച്  ജീവിതം തുടങ്ങി. ദാരിദ്ര്യവും കഷ്ടപ്പാടും മൂലം കുചേലന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. ഭിക്ഷയാചിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്.  ഒരിക്കല്‍ ഭാര്യയുടെ നിര്‍ബന്ധം മൂലം കുചേലന്‍ ഒരു പൊതി  അവിലുമായി ശ്രീകൃഷ്ണനെ കാണുവാന്‍ ദ്വാരകയിലേക്ക്  പോയി.  വളരെക്കാലത്തിനുശേഷം സതീര്‍ഥ്യനെ കണ്ടപ്പോള്‍ ശ്രീകൃഷ്ണന്‍ മാളികയുടെ ഏഴാംനിലയില്‍നിന്ന് ഇറങ്ങിവന്ന് സ്‌നേഹത്തോടും സന്തോഷത്തോടുംകൂടി കുചേലനെ സ്വീകരിച്ചു. കുചേലന്‍ കൊണ്ടുവന്ന അവില്‍പ്പൊതി പിടിച്ചുവാങ്ങി ഭക്ഷിക്കുകയും ചെയ്തു. തന്റെ സങ്കടങ്ങളൊന്നും ശ്രീകൃഷ്ണനോട്  പറയാതെയാണ് കുചേലന്‍ തിരികെപ്പോന്നത്. ഭാര്യയോട് എന്തുപറയുമെന്ന് വിചാരിച്ച് വീട്ടിലെത്തി. പക്ഷേ, വീടിരുന്നിടത്ത് വലിയൊരു   മാളിക   ഉയര്‍ന്നുനില്‍ക്കുന്നതുകണ്ട്  അദ്ദേഹം  അമ്പരന്നു
പോയി. ശ്രീകൃഷ്ണന്റെ അനുഗ്രഹത്താലാണ് തന്റെ കുടില്‍ മാളികയായതെന്ന് കുചേലന്  മനസ്സിലായി. ദരിദ്രനായ കുചേലന്‍ ശ്രീകൃഷ്ണന്റെ സഹായത്താല്‍ ക്ഷണനേരംകൊണ്ട് ധനവാനായിത്തീര്‍ന്നു.

വഞ്ചിപ്പാട്ട്- ചരിത്രം, ഐതിഹ്യം

കേരളത്തിന്റെ സാംസ്‌കാരിക ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നതും വൈകാരികബന്ധം പുലര്‍ത്തുന്നതുമായ ജനകീയ കവിതകളാണ് നാടന്‍പാട്ടുകള്‍. ഇത്തരം പാട്ടുകളില്‍ ജലാശയവുമായി ബന്ധപ്പെട്ട ഗാനശാഖയാണ് വഞ്ചിപ്പാട്ട്. നതോന്നത വൃത്തത്തിലാണ് ഇത് രചിച്ചിട്ടുള്ളത്. വ്യാസോത്പത്തി, കിരാതം, നളചരിതം, രാമായണം, ഉണ്ണിമാണിക്യം എന്നീ വഞ്ചിപ്പാട്ടുകളുണ്ടെങ്കിലും സാഹിത്യസോപാനത്തില്‍ ചിരപ്രതിഷ്ഠ നേടിയത് കുചേലവൃത്തം വഞ്ചിപ്പാട്ട്തന്നെ. ഇതിന്റെ കര്‍ത്താവ് രാമപുരത്ത് വാര്യരാണ്.    
    ഇന്നത്തെ മീനച്ചില്‍ താലൂക്കില്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച വാര്യര്‍ ഉപജീവനമാര്‍ഗം തേടി വൈക്കത്തെത്തുന്നു. അവിടെ ക്ഷേത്രദര്‍ശനത്തിനെത്തിയ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വാര്യര്‍ ചില ശ്ലോകങ്ങള്‍  കാഴ്ചവച്ചു. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുവെന്നും യാത്രയ്ക്കിടയില്‍ കല്‍പ്പനയനുസരിച്ച് എഴുതിയുണ്ടണ്ടാ
ക്കിയ കൃതിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ടെന്നും ഐതിഹ്യം. കൃഷ്ണസന്നിധിയിലേക്ക് അവലുമായി പോകുന്ന കുചേലന്റെ കഥയ്ക്കും രാജസന്നിധിയിലേക്ക് കാവ്യവുമായെത്തുന്ന രാമപുരത്തുവാര്യരുടെ ജീവിതത്തിനും സമാനതകളുണ്ട്.

കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ചില വരികള്‍

ആഴിമകളുമൊരുമിച്ചൊരു കട്ടിന്മേലന്നേര-
മേഴാമ്മാളികമുകളിലിരുന്നരുളും
ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും
താഴെത്തന്റെ വയസ്യനെ  ദൂരത്തുകണ്ടു
കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണവസ്ത്രം
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ടു
മുണ്ടില്‍ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും
രണ്ടുംകൂടി കക്ഷത്തിങ്കലിടുക്കിക്കൊണ്ടും
ഭദ്രമായ ഭസ്മവും ധരിച്ചു നമസ്‌കാരകിണ-
മുദ്രയും മുഖരമായ പൊളിക്കുടയും.
രുദ്രാക്ഷമാലയുമേന്തി നാമകീര്‍ത്തനവും ചെയ്തു
ചിദ്രൂപത്തിലുറച്ചു ചെഞ്ചെമ്മേ ചെല്ലും
അന്തണനെക്കണ്ടിട്ട് സന്തോഷംകൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ.
പള്ളിമഞ്ചത്തീന്നു വെക്കമുത്ഥാനം ചെയ്തിട്ടുപക്കി-
ലുള്ള പരിജനത്തോടുകൂടി മുകുന്ദന്‍
ഉള്ളഴിഞ്ഞ് താഴത്തെഴുന്നള്ളി പൗരവരന്മാരും
വെള്ളംപോലെ ചുറ്റുംവന്നു വന്ദിച്ചുനിന്നു.
പാരാവാര കല്‍പ്പപരിവാരത്തോടുകൂടി ഭക്ത-
പാരായണനായ നാരായണനാശ്ചര്യം
പാരാതെ ചെന്നെതിരേറ്റു കുചേലനെ ദീനദയാ-
പാരവശ്യമേവം മറ്റൊരീശ്വരനുണ്ടോ
മാറത്തെ വിയര്‍പ്പുവെള്ളം കൊണ്ടു നാറും സതീര്‍ഥ്യനെ
മാറത്തുണ്മയോട് ചേര്‍ത്തു ഗാഢം പുണര്‍ന്നു.
കൂറുമൂലം തൃക്കൈകൊണ്ടു കൈപിടിച്ചുകൊണ്ടുപരി-
കേറിക്കൊണ്ട് ലക്ഷ്മീതല്‍പ്പത്തിന്മേലിരുത്തി
പള്ളിപാണികളെക്കൊണ്ട് പാദം കഴുകിച്ചു പരന്‍
ഭള്ളൊഴിഞ്ഞ് ഭഗവതി വെള്ളമൊഴിച്ചു.

No comments:

Post a Comment