Thursday, July 14, 2022

പാവങ്ങള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 1.    തിരികുറ്റിയുടെ ശബ്ദം കേട്ട് ആളുകള്‍ ഉണരുകയും താന്‍ പിടിക്കപ്പെടുകയും ചെയ്‌തേക്കാമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഴാങ് വാല്‍ ഴാങ്ങിനെ നോവലിസ്റ്റ് ആവിഷ്‌കരിച്ചിരിക്കുന്നതെങ്ങനെ?
         വാതില്‍ തുറക്കുന്നതിനുവേണ്ടി ബലം പ്രയോഗിച്ചപ്പോള്‍ ഒരു തിരികുറ്റി ഉണ്ടാക്കിയ ശബ്ദം കേട്ട് ഴാങ് വാല്‍ ഴാങ് വിറയ്ക്കുകയും പരിഭ്രമിക്കുകയും ചെയ്തു. കുറച്ചിട അനങ്ങാതെ നിന്നുപോയി. കാല്‍പ്പെരുവിരലുകളുടെ തുമ്പത്തുനിന്ന് മടമ്പുകളിലേക്ക് പിന്നോക്കം വീഴുകയും ചെയ്തു. രണ്ട് ചെന്നിക്കുമുള്ള രക്തനാഡികള്‍ കൊല്ലന്റെ രണ്ടു കൂടങ്ങള്‍പോലെ ആഞ്ഞടിക്കുന്നതും അയാള്‍ കേട്ടു. ഒരു ഗുഹയില്‍നിന്നു പുറപ്പെടുന്ന കാറ്റിന്റെ ഇരമ്പിച്ചയോടുകൂടി, അയാളുടെ മാറിടത്തില്‍നിന്ന് ശ്വാസാവേഗം തള്ളിവരികയും ചെയ്തു.
2.    മുറിയുടെ വാതില്‍ തള്ളിത്തുറക്കുമ്പോഴുണ്ടായ തിരികുറ്റിയുടെ ശബ്ദം ഴാങ് വാല്‍ ഴാങ്ങില്‍ എന്തെല്ലാം ചിന്തകളാണ് ഉണ്ടാക്കിയത്?
    തിരികുറ്റിയുടെ ശബ്ദം നീണ്ടതും ചിലമ്പിച്ചതുമായ ഒരു നിലവിളിയായാണ് ഴാങ് വാല്‍ ഴാങ്ങിന് അനുഭവപ്പെട്ടത്. പരലോകത്തുവച്ച് ഇഹലോകകര്‍മ്മങ്ങളെ വിചാരണയ്‌ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദമായും തിരികുറ്റിയുടെ ശബ്ദം അയാള്‍ക്ക് തോന്നി. ആ തിരികുറ്റി പെട്ടെന്ന് ജീവന്‍
പൂണ്ടതായും അതുപെട്ടെന്ന് ഒരു ഭയങ്കരജീവിതം കൈക്കൊണ്ട,് ഒരു നായയെപ്പോലെ എല്ലാവരെയും എഴുന്നേല്‍പ്പിക്കുവാനും ഉറങ്ങിക്കിടന്നവരെയെല്ലാം ഉണര്‍ത്തി അപകടം അറിയിക്കുവാനും വേണ്ടി കുരയ്ക്കുന്നതായും അയാള്‍ക്ക് തോന്നി.
3. ''എന്റെ സ്‌നേഹിതാ. ഇനി ഇങ്ങോട്ടു വരുമ്പോള്‍ നിങ്ങള്‍ക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല; തെരുവിലേക്കുള്ള വാതിലിലൂടെത്തന്നെ എപ്പോഴും വരികയും പോവുകയും ചെയ്യാം.''
◾    ഒരു സത്യവാനായിരിക്കുവാന്‍ ഈ ക്ഷണം ഉപയോഗപ്പെടുത്തുമെന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളത് മറക്കരുതേ, ഒരിക്കലും മറന്നുപോകരുത്.''
    മെത്രാന്‍ ബിയാങ്‌വെന്യൂവിന്റെ മനോഭാവം പുതിയ തലമുറയ്ക്ക് നല്‍കുന്ന സന്ദേശമെന്താണ്? കുറിപ്പ് തയാറാക്കുക.

   ഴാങ് വാല്‍ ഴാങ് സ്വീകരിച്ചത് കളവിന്റെയും വഞ്ചനയുടെയും വഴിയാണ്. തന്നെ മറ്റാരും കാണാതിരിക്കുന്നതിനുവേണ്ടിയാണ് തോട്ടത്തിലൂടെ അയാള്‍ കടന്നുപോയത്. സത്യസന്ധതയോടെ ജീവിച്ചാല്‍ നേരായ വഴിയിലൂടെ ആരെയും ഭയപ്പെടാതെ സഞ്ചരിക്കാന്‍ കഴിയും. മറ്റുള്ളവരോട് ക്ഷമിക്കുമ്പോഴും അവരെ ആത്മാര്‍ഥമായി സ്‌നേഹിക്കുമ്പോഴും അവരെ സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. കലവറയില്ലാതെ പകരുന്ന നിസ്വാര്‍ഥസ്‌നേഹം മാത്രമേ  ഒരാളില്‍ മാനസികപരിവര്‍ത്തനം വരുത്തുവാന്‍ കഴിയുകയുള്ളൂ എന്ന മഹത്തായ സന്ദേശമാണ് മെത്രാന്റെ വാക്കുകളും പ്രവൃത്തികളും ലോകത്തിനു നല്‍കുന്നത്.
4. വെള്ളിസ്സാമാനങ്ങള്‍ കട്ടെടുത്ത തനിക്ക് വെള്ളിമെഴുതിരിക്കാലുകള്‍ കൂടി മെത്രാന്‍ എടുത്തുനല്‍കിയപ്പോള്‍ ഴാങ് വാല്‍ ഴാങ്ങിന്റെ പ്രതികരണമെന്തായിരുന്നു?     
    കട്ടെടുത്ത വെള്ളിസ്സാമാനങ്ങളുമായി ഴാങ് വാല്‍ ഴാങ്ങിനെ പോലീസുകാര്‍ കൊണ്ടുവന്നപ്പോള്‍ മെത്രാന്‍ ചോദിച്ചത് ഈ വെള്ളിസ്സാമാനങ്ങളോടൊപ്പം താങ്കള്‍ക്കു തന്ന വെള്ളിമെഴുതിരിക്കാലുകള്‍ എന്തുകൊണ്ടാണ് കൊണ്ടു
പോകാതിരുന്നതെന്നായിരുന്നു.  മെത്രാന്റെ ചോദ്യം വിശ്വസിക്കാനാവാതെ പരിഭ്രമത്തോടെ അയാള്‍ മെത്രാനെ തുറിച്ചുനോക്കി. കളവുമുതലിനോടൊപ്പം പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കപ്പെടാതെ വെറുതെവിട്ടത് ഴാങ്ങിനെ അദ്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. കാരണം വെറും ഒരു റൊട്ടി മോഷ്ടിച്ചതിന് പത്തൊമ്പതുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ട വന്നയാളാണ് ഴാങ്. മെത്രാന്‍ വീടിനുള്ളില്‍നിന്ന്  എടുത്തുകൊണ്ടുവന്ന മെഴുതിരിക്കാലുകള്‍ കൈയില്‍ വാങ്ങുമ്പോള്‍ ഴാങ്ങിന്റെ ഓരോ ഭാഗവും വിറച്ചിരുന്നു. ഒരു പാവയുടെ മാതിരിയാണ് അയാള്‍ അവ മെത്രാന്റെ കൈയില്‍നിന്ന് വാങ്ങിയത്.

No comments:

Post a Comment