Monday, July 4, 2022

അതേ പ്രാര്‍ഥന എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

 1.    നിറയെ മാമ്പഴങ്ങളുമായി നില്‍ക്കുന്ന തേന്മാവിലൂടെ തന്റെ കാവ്യജീവിതം ഇടശ്ശേരി ഗോവിന്ദന്‍നായര്‍ അവതരിപ്പിച്ചിരിക്കുന്ന കവിതയാണല്ലോ 'അതേ പ്രാര്‍ഥന'. ഈ കവിതയില്‍ തേന്മാവ് കവിയുടെ പ്രതീകമാണെങ്കില്‍ മാമ്പഴം എന്തിന്റെ പ്രതീകമാണ്?   
♦    വിമര്‍ശനത്തിന്റെ
♦    കവിതയുടെ
♦    ബഹുമതിയുടെ
♦     അഭിനന്ദനത്തിന്റെ
ഉത്തരം: കവിതയുടെ
2.    അറിവുള്ളവര്‍ തേന്മാവിനെ ചൂണ്ടി നമ്മെ പഠിപ്പിച്ചതെന്താണ്?          
    ഉയര്‍ച്ചയും ഐശ്വര്യവും വര്‍ധിക്കുന്നതിനനുസരിച്ച് താഴ്മയുള്ളവരായി മാറണമെന്ന പാഠമാണ് തേന്മാവിനെ ചൂണ്ടി അറിവുള്ളവര്‍ നമ്മെ പഠിപ്പിച്ചത്.
3.     വേറെന്തുള്ളൂ വരമെങ്കല്‍,
    ദേവനാക്രോശിച്ചു, ''സാധോ
    വേദനയ്ക്കു വേണ്ടിത്താനോ ചോദിപ്പൂ വീണ്ടും!''
    - ദേവന്റെ ഈ ചോദ്യത്തിന് മാവ് പറഞ്ഞ മറുപടിയെന്താണ്?

    ദാരിദ്ര്യത്തിന്റെ അഥവാ നിഷ്ഫലതയുടെ മരവിപ്പാണ് അസഹനീയം. സമൃദ്ധിയുടെ അഥവാ സഫലതയുടെ കണ്ണീരാണ് ശ്രേഷ്ഠമെന്നായിരുന്നു മാവിന്റെ മറുപടി.
4.    ''തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക-
    ക്കിങ്ങിണി സൗഗന്ധികസ്വര്‍ണമായ്ത്തീരും മുമ്പേ.''        (വൈലോപ്പിള്ളി)
    ''വേനല്‍ ചുഴന്നൂതിയൂതിയതിന്‍ നിക്ഷേപമോരോന്നും
    മാണിക്യരത്‌നങ്ങളാകാന്‍
മുതിര്‍ന്നേയുള്ളൂ.   (ഇടശ്ശേരി)
രണ്ടു കാവ്യഭാഗങ്ങളിലെയും സാദൃശ്യകല്‍പ്പനകളുടെ ഭംഗി വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
 
പച്ചമാങ്ങകള്‍ പഴുത്ത് മാമ്പഴങ്ങളായി മാറുന്നതിനെയാണ് രണ്ടു കാവ്യഭാഗങ്ങളിലും ആവിഷ്‌കരിച്ചിരിക്കുന്നത്. മീനച്ചൂടാല്‍ തൈമാവിന്റെ മരതകക്കിങ്ങിണികള്‍ സൗഗന്ധിക സ്വര്‍ണമാകുന്നു എന്നാണ് വൈലോപ്പിള്ളി പറഞ്ഞിരിക്കുന്നത്. മാമ്പഴത്തിന്റെ വാസനയും നിറവും നമ്മെ അനുഭവിപ്പിക്കുന്ന  കല്‍പ്പനയാണിത്. പച്ചമാങ്ങ കൊടിയ വേനല്‍ച്ചൂടേറ്റാണ് പഴുത്ത് സ്വര്‍ണവര്‍ണമായ മധുരഫലങ്ങളാകുന്നത്. മീനച്ചൂടിന്റെ തീവ്രത, കണ്ണിമാങ്ങയുടെ വലുപ്പവും നിറവും, കിങ്ങിണി എന്നു
പറയുന്നതിലൂടെ ലഭിക്കുന്ന ആഭരണഭംഗി, പഴമാങ്ങയുടെ സുഗന്ധവും സ്വര്‍ണനിറവും തുടങ്ങിയവയെല്ലാം വൈലോപ്പിള്ളിയുടെ മനോഹരമായ സാദൃശ്യകല്‍പ്പനയില്‍ തെളിഞ്ഞുനില്‍ക്കുന്നു.
വേനല്‍ ഊതിയൂതി മാവിന്റെ നിക്ഷേപങ്ങളോരോന്നും മാണിക്യരത്‌നങ്ങളാക്കുന്നു എന്നാണ് ഇടശ്ശേരിയുടെ കാവ്യഭാഗത്ത് പറയുന്നത്. ഇതും അതിസുന്ദരമായ  സാദൃശ്യകല്‍പ്പനയാണ്. ചുവന്ന പൂങ്കുലകളും, വേനല്‍ക്കാറ്റിന്റെ സാന്നിധ്യവും, കായ്കള്‍ പഴുക്കാനാവശ്യമായ ചൂടും, നിക്ഷേപങ്ങള്‍ എന്ന പ്രയോഗത്തിന്റെ സവിശേഷതയും, മാണിക്യരത്‌നത്തിന്റെ മൂല്യവുമെല്ലാം ഈ കാവ്യഭാഗത്തുണ്ട്. അതിമനോഹരമായ സാദൃശ്യകല്‍പ്പനകള്‍ തന്നെയാണ് വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടേതുമെന്ന് നിസ്സംശയം പറയാം.

No comments:

Post a Comment