Monday, July 4, 2022

അടിസ്ഥാനപാഠാവലി (യൂണിറ്റ്-1) : പിന്നെയും പൂക്കുമീ ചില്ലകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം 1  - പുതുവര്‍ഷം

ജീവിത്തിലുടനീളം അമ്മ നല്‍കുന്ന സാന്ത്വനവും പ്രത്യാശയും അടയാളപ്പെടുത്തുന്ന കവിതയാണ് വിജയലക്ഷ്മിയുടെ 'പുതുവര്‍ഷം'. ഒരു മകന്റെ മാതൃസ്‌നേഹത്തിന്റെ കഥ വായിക്കൂ.  

പുണ്ഡരീകന്റെ മാതൃസ്‌നേഹം
    മഹാദേവഭക്തനായ പുണ്ഡരീകന്റെ മാതൃസ്‌നേഹകഥ ഇന്ത്യയില്‍ മുഴുവന്‍ പ്രസിദ്ധി നേടിയതാണ്. കുറേനാളായി ദൈവത്തിന് പുണ്ഡരീകന്റെ സാന്നിധ്യം അനുഭവപ്പെട്ടില്ല. അതുകൊണ്ട് ദൈവം അയാളെത്തേടി വീട്ടിലെത്തി. അയാള്‍ അപ്പോള്‍, വയസ്സായ അമ്മയുടെ കാലുകള്‍ തിരുമ്മുകയായിരുന്നു. ദൈവം വന്നതറിഞ്ഞിട്ടും അയാള്‍ മാതൃസേവയില്‍നിന്നു വിരമിച്ചില്ല. എന്തെന്നാല്‍ ഈശ്വരനെ തന്നെ തന്റെ അമ്മയുടെ രൂപത്തില്‍ അയാള്‍ സേവിക്കുകയായിരുന്നു. 'ഈശ്വരന്‍ ഇതാ മുന്നില്‍' എന്ന് തുക്കാറാം പറഞ്ഞു. പക്ഷേ, പുണ്ഡരീകന്‍ അനങ്ങിയില്ല. താനിപ്പോള്‍ സേവിച്ചുകൊണ്ടിരിക്കുന്ന ഈശ്വരനുവേണ്ടി, അമ്മയ്ക്കുവേണ്ടി, തന്റെ സേവനം മുഴുമിക്കുംവരെ തന്നെ കാത്തിരിക്കാനായി അയാള്‍ അപേക്ഷിക്കുകയായിരുന്നു.
                                                         വേരുകളും ചിറകുകളും- പി. എന്‍. ദാസ് 

അമ്മയെ ഓണപ്പൂക്കളത്തിലെ തുമ്പപ്പൂവിനോടാണ് 'പുതുവര്‍ഷം' എന്ന കവിതയില്‍ കവയിത്രി സാദൃശ്യപ്പെടുത്തുന്നത്. ഓണപ്പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളില്‍ ഏറ്റവും ശ്രേഷ്ഠം തുമ്പയാണ്.  തുമ്പയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കവിതയാണ് താഴെ തന്നിരിക്കുന്നത്.

    മാനിച്ചോരോ മലരുകള്‍ ചെന്നൂ
    മാബലിദേവനെയെതിരേല്‍ക്കാന്‍
    തങ്കച്ചാറില്‍ തനു മിന്നുംപടി
    മുങ്ങിച്ചെന്നൂ മുക്കുറ്റി
    പാടലമാം പട്ടാടയൊടെത്തീ
    പാടത്തുള്ളൊരു ചിറ്റാട;
    ആമ്പലിനുണ്ടു കിരീടം; നെല്ലി-
    ക്കഴകിലുമുണ്ടൊരു സൗരഭ്യം!
    കരള്‍കവരുന്നൊരു നിറമോ മണമോ
    കണികാണാത്തൊരു തുമ്പപ്പൂ.
    വ്രീളയൊതുക്കിയണഞ്ഞൂ, കാലടി
    പോലെയിരിക്കും തുമ്പപ്പൂ!
    ദേവന്‍ കനിവൊടു നറുമുക്കുറ്റി-
    പ്പൂവിനെയൊന്നു കടാക്ഷിച്ചു
    കുതുകാല്‍ത്തടവിച്ചിറ്റാടപ്പൂ
    കൂടുതലൊന്നു തുടുപ്പിച്ചു!
    ആമ്പലിനേകീ പുഞ്ചിരി, നെല്ലി-
    പ്പൂണ്‍പിനെയമ്പൊടു ചുംബിച്ചൂ
    പാവം തുമ്പയെ വാരിയെടുത്തഥ
    ദേവന്‍ വെച്ചൂ മൂര്‍ധാവില്‍!
    പുളകംകൊള്ളുക തുമ്പപ്പൂവേ
    പൂക്കളില്‍ നീയേ ഭാഗ്യവതി!
       

No comments:

Post a Comment