Monday, May 11, 2020

യൂണിറ്റ്-1 : കാലാതീതം കാവ്യവിസ്മയം - കൂടുതല്‍ വിവരങ്ങള്‍ (Class 10)

▲ പാഠം 1  - ലക്ഷ്മണസാന്ത്വനം
⬛ അധ്യാത്മരാമായണം കിളിപ്പാട്ട് 
സംസ്‌കൃതത്തിലെ അധ്യാത്മരാമായണം എന്ന കാവ്യത്തെ അവലംബിച്ച് എഴുത്തച്ഛന്‍ കിളിപ്പാട്ടുരീതിയില്‍ എഴുതിയ കൃതിയാണ് അധ്യാത്മരാമായണം കിളിപ്പാട്ട്.     മലയാളത്തില്‍ സാംസ്‌കാരികവും ഭാഷാപരവുമായ നവോത്ഥാനത്തിന് ഈ കൃതി  കളമൊരുക്കി. സാമൂഹികവും സാംസ്‌കാരികവുമായ അപചയത്തില്‍നിന്ന് കേരളജനതയെ മോചിപ്പിക്കാന്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു കഴിഞ്ഞു. കൂടാതെ പാട്ട്, മണിപ്രവാളം എന്നിങ്ങനെ രണ്ടുതരം കാവ്യസരണിയില്‍ ഒഴുകിയിരുന്ന മലയാളകവിതയ്ക്ക് മാതൃകാപരമായ സത്തയും ശൈലിയും ഒരുക്കിയെടുക്കാന്‍  എഴുത്തച്ഛന്റെ കാവ്യങ്ങള്‍ സഹായിച്ചു. ഈ കാരണംകൊണ്ടാണ് മലയാളഭാഷയുടെ പിതാവെന്ന് നാം അദ്ദേഹത്തെ ബഹുമാനപൂര്‍വം വിളിക്കുന്നത്.
⬛ ദശരഥന്റെ പുത്രന്മാര്‍  
കോസലരാജ്യത്തെ രാജാവായിരുന്നു ദശരഥന്‍. കോസലത്തിന്റെ തലസ്ഥാനം അയോധ്യയായിരുന്നു. ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു.  കൗസല്യയും കൈകേയിയും സുമിത്രയും. ദശരഥന് കൗസല്യയില്‍ പിറന്ന മകനാണ് ശ്രീരാമന്‍.  കൈകേയിയില്‍ ഭരതനും. സുമിത്രയില്‍ രണ്ടു പുത്രന്മാരുണ്ടായി- ലക്ഷ്മണനും ശത്രുഘ്‌നനും. ജനകരാജാവിന്റെ വളര്‍ത്തുമകളായ സീതയെ രാമന്‍ വിവാഹംകഴിച്ചു. സീതയുടെ സഹോദരിമാരായ ഊര്‍മ്മിളയെ ലക്ഷ്മണനും മാണ്ഡവിയെ ഭരതനും ശ്രുതകീര്‍ത്തിയെ ശത്രുഘ്‌നനും വിവാഹംകഴിച്ചു.

▲ പാഠം 2  - ഋതുയോഗം
⬛ അഭിജ്ഞാനശാകുന്തളം- കഥാസംഗ്രഹം 
വിശ്വാമിത്രമഹര്‍ഷിയുടെയും അപ്‌സരസ്സായ മേനകയുടെയും മകളാണ് ശകുന്തള. മാതാപിതാക്കള്‍ ഉപേക്ഷിച്ച അവളെ കണ്വമഹര്‍ഷിയാണ് വളര്‍ത്തിയത്.  അനസൂയ, പ്രിയംവദ എന്നീ തോഴിമാരോടൊപ്പം അവള്‍ കണ്വാശ്രമത്തില്‍ വളര്‍ന്നു. ഹസ്തിനപുരിയിലെ രാജാവായ ദുഷ്ഷന്തന്‍ നായാട്ടിനിടയില്‍ കണ്വാശ്രമത്തിലെത്തി. ശകുന്തളയെക്കണ്ട് മോഹിച്ച രാജാവ് ഗാന്ധര്‍വവിധിപ്രകാരം അവളെ വിവാഹം കഴിച്ചു. തുടര്‍ന്ന് തന്റെ മുദ്രമോതിരം ശകുന്തളയ്ക്ക് നല്‍കിക്കൊണ്ട്, ഉടന്‍തന്നെ തിരികെവരാമെന്ന് പറഞ്ഞ് ദുഷ്ഷന്തന്‍ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോയി. ഈ സമയത്ത് ദുര്‍വാസാവുമഹര്‍ഷി കണ്വമഹര്‍ഷിയുടെ ആശ്രമത്തിലെത്തി. വിരഹാര്‍ത്തയായിരുന്ന ശകുന്തള മഹര്‍ഷിയെ കാണുകയോ ഉപചരിക്കുകയോ ചെയ്തില്ല. കുപിതനായ മുനി, ആരെയാണോ ശകുന്തള ഓര്‍ത്തുകൊണ്ടിരിക്കുന്നത് അയാള്‍ അവളെ മറന്നുപോകട്ടെയെന്ന് ശപിച്ചു. ഈ രംഗം കണ്ടുനിന്ന ശകുന്തളയുടെ തോഴി ശാപമോക്ഷത്തിനായി മുനിയോട് അപേക്ഷിച്ചു. എന്തെങ്കിലും അടയാളം കാണിച്ചാല്‍ ശകുന്തള മനസ്സില്‍ വിചാരിച്ചുകൊണ്ടിരുന്ന ആള്‍ അവളെ ഓര്‍മ്മിക്കുമെന്ന് മുനി ശാപമോക്ഷം നല്‍കി. ഈ സംഭവങ്ങളൊന്നും ശകുന്തള അറിഞ്ഞതേയില്ല.
വളരെ നാളുകള്‍ കഴിഞ്ഞിട്ടും ദുഷ്ഷന്തന്‍ തിരികെ വരാത്തതിനാല്‍ കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ തന്റെ ശിഷ്യന്മാരോടൊപ്പം ദുഷ്ഷന്തന്റെ കൊട്ടാരത്തിലേക്കയച്ചു. മുദ്രമോതിരം പ്രത്യേകം സൂക്ഷിക്കണമെന്ന് തോഴിയായ അനസൂയ ശകുന്തളയോട് പറഞ്ഞിരുന്നു. യാത്രാമധ്യേ സോമാവതാരതീര്‍ഥത്തില്‍ ഇറങ്ങിയ ശകുന്തളയുടെ വിരലില്‍നിന്നും മുദ്രമോതിരം ജലത്തില്‍ വീണുപോയത് ആരുമറിഞ്ഞില്ല. കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുര്‍വാസാവിന്റെ ശാപംമൂലം ദുഷ്ഷന്തന്‍ മറന്നുപോയിരുന്നു. ദുഷ്ഷന്തന്‍ നല്‍കിയ മുദ്രമോതിരം നഷ്ടപ്പെട്ടുപോയിരുന്നതിനാല്‍ അടയാളമായി അത് കാണിക്കുവാനും ശകുന്തളയ്ക്ക് കഴിഞ്ഞില്ല. ആകെ വിഷമിച്ച ശകുന്തളയെ അവിടെ ഉപേക്ഷിച്ച് കണ്വശിഷ്യന്മാരും മടങ്ങിപ്പോയി. ശകുന്തളയുടെ ദീനമായ വിലാപം കേട്ട് അമ്മയായ മേനക ദേവലോകത്തുനിന്ന് അവിടെ എത്തുകയും അവളെ കശ്യപാശ്രമത്തിലെത്തിക്കുകയും ചെയ്തു. അവിടെവച്ച് ശകുന്തള ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് സര്‍വദമനന്‍ എന്ന് പേരും നല്‍കി.

ഇതിനിടയില്‍ ദുഷ്ഷന്തന്റെ കൊട്ടാരത്തിലും ചില സംഭവങ്ങളുണ്ടായി. ശകുന്തളയുടെ വിരലില്‍നിന്ന് സോമാവതാരതീര്‍ഥത്തില്‍ വീണ മുദ്രമോതിരം ഒരു മത്സ്യം കൊത്തി വിഴുങ്ങിയിരുന്നു. യാദൃച്ഛികമായി ആ മത്സ്യം ഒരു മുക്കുവന്റെ വലയില്‍ കുടുങ്ങി. മത്സ്യത്തിന്റെ ഉള്ളില്‍നിന്ന് ലഭിച്ച മുദ്രമോതിരം വില്‍ക്കുവാന്‍ ശ്രമിച്ച മുക്കുവനെ രാജഭടന്മാര്‍ പിടികൂടി കൊട്ടാരത്തിലെത്തിച്ചു. മുദ്രമോതിരം കണ്ടതോടെ ദുഷ്ഷന്തന് കഴിഞ്ഞതെല്ലാം ഓര്‍മ്മവന്നു. ശകുന്തളയെ പരിത്യജിച്ചതോര്‍ത്ത് രാജാവ് വളരെയധികം ദുഃഖിച്ചു. കുറേ നാളുകള്‍ക്കുശേഷം ദേവാസുരയുദ്ധം കഴിഞ്ഞ് മടങ്ങിവരുന്ന വഴിയില്‍ കശ്യപാശ്രമത്തില്‍ എത്തിച്ചേര്‍ന്ന ദുഷ്ഷന്തന്‍ അവിടെവച്ച് ശകുന്തളയെയും മകനെയും കണ്ടുമുട്ടി. അതിനുശേഷം കശ്യപന്റെ അനുഗ്രഹത്തോടെ ദുഷ്ഷന്തന്‍ അവരെ സ്വന്തം കൊട്ടാരത്തിലേക്ക് കൂടിക്കൊണ്ടുപോയി. ദുഷ്ഷന്തന്റെ പുത്രന്‍ ഭരതനെന്ന പേരില്‍ പിന്നീട് ഭാരതചക്രവര്‍ത്തിയാവുകയും ചെയ്തു.
⬛ കാളിദാസനെക്കുറിച്ചുള്ള ഐതിഹ്യം
ചെറുപ്പത്തില്‍ കാളിദാസന് തീരെ ബുദ്ധിവളര്‍ച്ചയുണ്ടായിരുന്നില്ല.  പണ്ഡിതയായ ഒരു സ്ത്രീയെ അവിചാരിതമായി അദ്ദേഹത്തിന് വിവാഹം ചെയ്യേണ്ടിവന്നു. കാളിദാസന് സാമാന്യബുദ്ധിപോലും ഇല്ലെന്ന് മനസ്സിലാക്കിയ ഭാര്യ അദ്ദേഹത്തെ വീടിനു പുറത്താക്കി വാതിലടച്ചു.  അങ്ങനെ അലഞ്ഞുതിരിയുമ്പോള്‍ ഒരു വൃദ്ധ പറഞ്ഞതുകേട്ട് അടുത്തുള്ള കാളീക്ഷേത്രത്തിലെത്തി. അപ്പോള്‍ ദേവി പുറത്തുപോയിരിക്കുകയായിരുന്നു. കാളിദാസന്‍ ക്ഷേത്രത്തിനകത്തുകയറി വാതിലടച്ചു. തിരിച്ചുവന്ന ദേവി 'അകത്താര്?' എന്നു ചോദിച്ചു. 'പുറത്താര്?' എന്ന മറുചോദ്യമായിരുന്നു 
കാളിദാസന്റെ മറുപടി. 'പുറത്തു കാളി' എന്ന് ദേവി പറഞ്ഞു. 'അകത്ത് ദാസന്‍' എന്ന് കാളിദാസന്‍ മറുപടി നല്‍കി. കാളിദാസന്റെ ബുദ്ധിശൂന്യത ബോധ്യപ്പെട്ട ദേവി നാക്കുനീട്ടാനാവശ്യപ്പെടുകയും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ അദ്ദേഹത്തിന്റെ നാവില്‍ പകര്‍ന്നുകൊടുക്കുകയും ചെയ്തു. വിദ്യ ആരംഭിച്ചത് ദേവിയില്‍ നിന്നായതുകൊണ്ടാണ് കാളിദാസന്റെ കവിതകള്‍ക്ക് ഇത്ര മഹത്ത്വം കൈവന്നതെന്ന് കരുതപ്പെടുന്നു. പണ്ഡിതനായി മാറിയ കാളിദാസന്‍ വീട്ടില്‍ തിരിച്ചെത്തി. ''അസ്തി കശ്ചിത് വാഗര്‍ത്ഥഃ'' (പ്രത്യക്ഷമായ ജ്ഞാനം അങ്ങേക്ക്  കൈവന്നിട്ടുണ്ടോ?) എന്ന് ഭാര്യ അദ്ദേഹത്തോട്  ചോദിച്ചുവത്രേ. പത്‌നിയോടുള്ള ബഹുമാനം കൊണ്ടാണ് തന്റെ മൂന്നു കൃതികളുടെ തുടക്കത്തില്‍ ഈ മൂന്നു വാക്കുകള്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. 'കുമാരസംഭവം' 'അസ്തി'എന്ന പദത്തോടെയും 'മേഘദൂതം'  'കശ്ചിത്'എന്ന പദത്തോടെയും 'രഘുവംശം' 
'വാഗര്‍ത്ഥഃ' എന്ന പദത്തോടെയുമാണ് ആരംഭിക്കുന്നത്. കഥയെന്തായാലും കാളിദാസനെക്കാള്‍ പ്രതിഭാശാലിയായ മറ്റൊരു കവി ഭാരതത്തിന്റെ മണ്ണില്‍ പിറന്നിട്ടില്ല.
⬛ വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങള്‍
ക്രിസ്തുവിന്  മുമ്പ്  ഒന്നാം നൂറ്റാണ്ടില്‍ ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സില്‍ ഒമ്പത് മഹാന്മാരുണ്ടായിരുന്നു. ധന്വന്തരി, ക്ഷപണകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹിരന്‍, വരരുചി എന്നിവരായിരുന്നു ആ മഹാന്മാര്‍. ഇവര്‍ നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്നു. ഇവരുടെ പേരുകള്‍ കോര്‍ത്തിണക്കിയ ശ്ലോകമാണ് താഴെ കൊടുത്തിരിക്കുന്നത്. 
''ധന്വന്തരിക്ഷപണകാമരസിംഹശങ്കു
വേതാളഭട്ടഘടകര്‍പ്പരകാളിദാസാഃ 
ഖ്യാതോവരാഹമിഹിരോ നൃപതേസ്സഭായാം
രത്‌നാനിവൈവരരുചിര്‍ന്നവവിക്രമസ്യ.''
⬛ നവരത്‌നങ്ങള്‍
മുത്ത്, മാണിക്യം, വൈഡൂര്യം, ഗോമേദകം, വജ്രം, പവിഴം, പദ്മരാഗം, മരതകം, നീലം എന്നിവയാണ് നവരത്‌നങ്ങള്‍.
⬛ പന്ത്രണ്ടാദിത്യന്മാര്‍ 
കശ്യപപ്രജാപതിക്ക് ദക്ഷപുത്രിയായ അദിതിയിലുണ്ടായ പന്ത്രണ്ടു പുത്രന്മാരാണ് പന്ത്രണ്ടാദിത്യന്മാര്‍ എന്നറിയപ്പെടുന്നത്. അദിതിയുടെ മക്കള്‍ എന്ന അര്‍ഥത്തിലാണ്  ഇവര്‍ ആദിത്യന്മാര്‍ എന്നറിയപ്പെടുന്നത്. വിഷ്ണു, ശക്രന്‍, അര്യമാവ്, ധാതാവ്, ത്വഷ്ടാവ്, പൂഷാവ്, വിവസ്വാന്‍, സവിതാവ്, മിത്രന്‍, വരുണന്‍, അംശന്‍, ഭഗന്‍ എന്നിവരാണ് പന്ത്രണ്ടാദിത്യന്മാര്‍.
 








2 comments: