Tuesday, January 7, 2020

സഫലമീയാത്ര എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

1. ബന്ധങ്ങള്‍ക്ക് ബലം കുറഞ്ഞുവരുന്ന പുതിയ കാലത്തിന് 'സഫലമീയാത്ര' നല്‍കുന്ന സന്ദേശം വിശദീകരിക്കുക.
  ദാമ്പത്യബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമാക്കുന്ന കവിതയാണ് 'സഫലമീയാത്ര'. മരുന്നുകളുമായി ഇഴഞ്ഞു നീങ്ങുന്ന രാത്രികള്‍. മനസ്സിലും ശരീരത്തിലും സദാ വേദനിപ്പിക്കുന്ന വ്രണങ്ങള്‍. ഏതു സമയത്തും വീണുപോകാവുന്ന ശരീരം. ഇതാണ് രോഗിയായ ഭര്‍ത്താവിന്റെ അവസ്ഥ. പരസ്പരം ഊന്നുവടികളായി നീണ്ട മുപ്പതുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. അവശേഷിക്കുന്ന ദിനങ്ങളെയും സന്തോഷത്തോടെ സ്വീകരിക്കാന്‍ തയാറാണ് ഈ ദമ്പതികള്‍. ദീര്‍ഘമാംഗല്യത്തിനുവേണ്ടി ഇനിയും തിരുവാതിരയെ കാത്തിരിക്കയാണവര്‍. വേഗം കൂടിയ പുതിയ കാലത്തിന്  ഇത് അദ്ഭുതമായി തോന്നിയേക്കാം. പരസ്പരം കൈകോര്‍ത്ത് ചേര്‍ന്നുനിന്നുകൊണ്ടാണ് കവി സഫലമീയാത്രയെന്ന് പറയുന്നത്. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും കൊഴുത്ത ചവര്‍പ്പ് ഇരുവരും ഏറെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് ശാന്തിപകരുന്ന ശര്‍ക്കരയുടെ മാധുര്യമാണ്. ജീവിതം എങ്ങനെയായിരിക്കണം എന്ന് വിളംബരം ചെയ്യുന്നതാണ് 'സഫലമീയാത്ര'. ഒരുമിച്ച് സഹിക്കാനും പ്രതിസന്ധികളെ നേരിടാനും മറന്നുപോയ പുതിയ കാലത്തെ മനുഷ്യര്‍ക്ക് പഠിക്കാനും ഓര്‍മ്മിക്കാനുമുള്ള പാഠപുസ്തകമാണ് ഈ കവിത.
2. ''നാമന്യോന്യമൂന്നുവടികളായ് നില്‍ക്കാം''-
ഈ വരിയില്‍ തെളിയുന്ന ആശയമെന്ത്? ചര്‍ച്ചചെയ്ത്  ലഘുക്കുറിപ്പ് തയാറാക്കുക.
മരണം വരെ പരസ്പരം ഊന്നുവടികളായി നില്‍ക്കേണ്ടവരാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. ജീവിതത്തിന്റെ പാതിയിലേറെ ഇരുവരും പിന്നിട്ടത് അങ്ങനെയാണ്. കവി രോഗബാധിതനായിക്കഴിഞ്ഞു. ഇനിയെത്രനാളെന്ന് പറയാനാവില്ല. ജനലരികില്‍ നിലാവിനെ നോക്കിനില്‍ക്കുമ്പോള്‍  തന്നോടു  ചേര്‍ന്നുനില്‍ക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുന്നത് ഒരു ചുമയില്‍ തന്റെ ശരീരമാകുന്ന പഴങ്കൂട് അടിതകര്‍ന്നുവീണേക്കുമെന്ന ആശങ്കകൊണ്ടാണ്. ഇനിയും ഒരു തിരുവാതിര കാണുവാന്‍ താനുണ്ടാവുകയില്ലെന്ന് കവി കരുതുന്നുമുണ്ട്. മരുന്നുകളില്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ് അദ്ദേഹത്തിന്റെ സായാഹ്നങ്ങള്‍. ഒരാളില്ലാതെ മറ്റെയാള്‍ക്ക് നിലനില്‍ക്കാനാവില്ല എന്ന  ഇഴയടുപ്പത്തിന്റെ സൂചനകൂടി ഈ വരിയില്‍ വായിക്കാനാവും. ജീവിതത്തിന്റെ നല്ല കാലങ്ങളില്‍ മാത്രമല്ല, ഇനിയവശേഷിക്കുന്ന ഓരോ നിമിഷത്തിലും സന്തോഷത്തോടെ  പരസ്പരം ഊന്നുവടിയായി നില്‍ക്കുവാനുള്ള ക്ഷണംകൂടിയാണിത്.
3. 'തിരുവാതിരയെ എതിരേല്‍ക്കുന്ന കവി' നല്‍കുന്ന സൂചനകള്‍ എന്തെല്ലാമാണ്?
ഏറ്റവും ഉറപ്പുള്ള ദാമ്പത്യബന്ധമാണ് കവിയുടേത്. മൂന്നു പതിറ്റാണ്ട് ഒരുമിച്ചു ജീവിച്ചിച്ചിട്ടും മതിവരാത്ത മനസ്സാണ്  കവിയുടേത്. ദീര്‍ഘമാംഗല്യത്തിനുവേണ്ടിയാണ് തിരുവാതിര ആഘോഷിക്കുന്നത്. ഭാര്യയോടൊപ്പം ജനലരികില്‍നിന്ന് കവി കാത്തിരിക്കുന്നത് തിരുവാതിരയുടെ വരവാണ്.  ഒരുമിച്ചു ജീവിച്ചു കൊതിതീരാത്ത കവി ധനുമാസത്തിലെ കുളിരും നനവുമുള്ള തിരുവാതിരയെ ഇപ്രകാരം കാത്തിരിക്കുന്നത് ഒരു ചുമയില്‍ അടിതകര്‍ന്നുവീണേക്കാവുന്ന ശരീരവുമായാണ്. പരസ്പരം ഊന്നുവടികളായി ജീവിച്ചവരാണ് ഈ ദമ്പതികള്‍. ഇനിയുള്ള ദിവസങ്ങളെയും  സന്തോഷത്തോടെ സ്വീകരിക്കാന്‍ കൈകള്‍ കോര്‍ത്തുപിടിച്ചു കാത്തിരിക്കുകയാണവര്‍.


No comments:

Post a Comment