Thursday, July 14, 2022

അമ്മത്തൊട്ടില്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 1.     ''ഇപ്പെരും മാളിന്റെ (ഇപ്പെരുമാളിന്റെ?)
    തൊട്ടടുത്തായിട്ടിറക്കിയാലെന്നോര്‍ത്തു.'' (അമ്മത്തൊട്ടില്‍)
    മാളിനെ 'പെരുമാള്‍' എന്ന് വിശേഷിപ്പിക്കുന്നതിന്റെ ഔചിത്യം വിശദമാക്കുക.

    വിപണിയാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നത്. വലിയ കച്ചവടശാലയാണ് മാള്‍. പുതിയ കാലത്തിന്റെ ജീവിതരീതിയും വസ്ത്രധാരണവും ഭക്ഷണവുമെല്ലാം തീരുമാനിക്കുന്നത് മാളുകളാണ്. അവിടെ പണത്തിനാണ്
പരമാധികാരം. പണ്ടുകാലത്ത് രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന സ്ഥാനമാണ് ഇപ്പോള്‍ മാളുകള്‍ക്കുള്ളത്. സമൂഹത്തിന്റെ നിത്യജീവിതത്തില്‍ മാളുകള്‍ക്ക് കൈവന്നിരിക്കുന്ന അധീശത്വത്തെ സൂചിപ്പിക്കാന്‍ വേണ്ടിയാണ് 'പെരുമാള്‍' എന്ന് കവി പ്രയോഗിച്ചത്.
2.     മാറിവരുന്ന സാമൂഹികാവസ്ഥകളുടെ പ്രതിനിധികളെന്നനിലയില്‍  'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ മകനെയും 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ മകനെയും വിലയിരുത്തി  കുറിപ്പ് തയാറാക്കുക.
    കഥയിലെ മകനും കവിതയിലെ മകനും അമ്മയുടെ കാര്യത്തില്‍ നിസ്സഹായരാണ്. കഥയില്‍ അമ്മയെ ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് പോകാന്‍ മടിക്കുന്ന മകനെയാണ് കാണുന്നത്. എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാനും അയാള്‍ക്കാഗ്രഹമില്ല. എങ്കിലും അമ്മ തന്റെ കൂടെ നഗരത്തിലേക്ക് വരണമെന്നയാള്‍ ആഗ്രഹിക്കുന്നു. നിര്‍ബന്ധിച്ച് അമ്മയെ കൊണ്ടുപോകാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. അച്ഛന്റെ ഓര്‍മ്മകളില്‍നിന്ന് അമ്മയ്ക്കു പെട്ടെന്ന് തിരിച്ചുപോരാനാവില്ലെന്നും അയാള്‍ക്കറിയാം. അമ്മയുടെ മനസ്സ് മനസ്സിലാക്കുന്ന സ്‌നേഹസമ്പന്നനായ മകനാണ് കഥയിലുള്ളത്. ഭാര്യയുടെ പഴി കേള്‍ക്കാതിരിക്കാന്‍വേണ്ടി ഓര്‍മ്മയില്ലാത്ത അമ്മയെ തെരുവിലുപേക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മകനെയാണ് 'അമ്മത്തൊട്ടില്‍' എന്ന കവിതയില്‍ കാണുന്നത്. ജീവിതത്തിന്റെ വിവിധ ദശകളില്‍ അമ്മ നല്‍കിയ സ്‌നേഹവും കരുതലുമെല്ലാം ഓര്‍ത്തപ്പോള്‍ അയാള്‍ ആ ശ്രമത്തില്‍നിന്ന് പിന്തിരിയുന്നു. ഭാര്യയുടെ ആഗ്രഹത്തിന് ചെവികൊടുത്തെങ്കിലും അയാള്‍ക്ക് അമ്മയെ ഉപേക്ഷിക്കാനാവുന്നില്ല.  ഉപേക്ഷിക്കാന്‍ കണ്ടെത്തുന്ന ഇടങ്ങളിലെല്ലാം അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അയാളില്‍ കുറ്റബോധം നിറയ്ക്കുന്നു. അമ്മയുടെ സ്‌നേഹം അനുഭവിച്ചതിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന മകനാണയാള്‍. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പുത്തന്‍പരിഷ്‌കാരത്തിന് വശപ്പെട്ടുപോകുന്ന ആധുനികകാലത്തിന്റെ പ്രതി
നിധിയായി അയാളെ കാണാന്‍ കഴിയും. സമൂഹത്തില്‍ കാണാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ രണ്ടു മനോഭാവങ്ങളുടെ പ്രതിനിധികള്‍തന്നെയാണ് രണ്ട് മക്കളും.
3.     ◼ 'നീരറ്റു വറ്റിവരണ്ട കൈച്ചുള്ളികള്‍'
    'കണ്ണുകള്‍, മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായ്'      (അമ്മത്തൊട്ടില്‍)
  ◼ നിറഞ്ഞ ആരോഗ്യവും ആനയുടെ കരുത്തുമുണ്ടായിരുന്നു. ഇന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും കരുത്തില്ല.'   (പ്ലാവിലക്കഞ്ഞി)
    ആയുസ്സും ആരോഗ്യവും കുടുംബത്തിനും സമൂഹത്തിനും വേണ്ടി ചെലവഴിച്ച രണ്ട് കഥാപാത്രങ്ങളാണിവര്‍. മക്കള്‍ക്കു തുണയായിത്തീരുന്നത് ഇതുപോലുള്ളവരുടെ ജീവിതമാണ്. വിശകലനംചെയ്ത് ലഘു ഉപന്യാസം തയാറാക്കുക.   
       
             സമ്പത്തും ആഭിജാത്യവുമല്ല, സ്‌നേഹമാണ് ഒരു കുടുംബത്തെ കുടുംബമാക്കുന്നത്. മാതാപിതാക്കളും മക്കളും  സ്‌നേഹത്തോടെ ഒന്നിക്കുന്ന ഇടമാണ് യഥാര്‍ഥ കുടുംബം. സ്‌നേഹമില്ലാത്ത കുടുംബങ്ങള്‍ വെറും സത്രങ്ങള്‍  മാത്രമാണ്. അവ സമൂഹത്തിന്റെ ശൈഥില്യത്തിന് കാരണമായിത്തീരുകയും ചെയ്യും.    
    'പ്ലാവിലക്കഞ്ഞി' എന്ന നോവല്‍ഭാഗത്ത് കടന്നുവരുന്ന കഥാപാത്രങ്ങളായ കോരനും ചിരുതയും കോരന്റെ അപ്പനുമെല്ലാം തീരെ ദരിദ്രരാണെങ്കിലും സ്‌നേഹത്തിന്റെ കാര്യത്തില്‍ വളരെ സമ്പന്നരാണ്. വയലില്‍ കഠിനമായി പണിയെടുത്ത് ലക്ഷക്കണക്കിന് പറ നെല്ല് വിളയിച്ച കര്‍ഷകത്തൊഴിലാളിയാണ് കോരന്റെ അപ്പന്‍. ചിരുതയെ വിവാഹം കഴിച്ചതോടെ അപ്പനുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു നാട്ടില്‍ താമസിക്കുകയായിരുന്നു കോരന്‍. നാളുകള്‍ കഴിഞ്ഞപ്പോള്‍ വാര്‍ധക്യവും പട്ടിണിയും ശോഷിപ്പിച്ച ശരീരവുമായി അപ്പന്‍ മകനെ തേടിവന്നു. കണ്ട നിമിഷത്തില്‍ത്തന്നെ ഇരുവരും കെട്ടിപ്പിടിച്ചു. കോരന്റെ മനസ്സില്‍ കുറ്റബോധം തിങ്ങിനിറഞ്ഞു. അപ്പന് വയറു നിറച്ച് ഒരുനേരമെങ്കിലും ചോറു കൊടുക്കണമെന്നു മാത്രമായിരുന്നു പിന്നീട് കോരന്റെ മനസ്സിലെ ചിന്ത. തന്റെ അധ്വാനം കൊണ്ട് സമ്പന്നരായവരാരും  തിരിഞ്ഞുനോക്കാതിരുന്നപ്പോഴും അപ്പന് വിശ്വാസത്തോടെ കയറിവരാനുള്ള ഇടം മകന്റെ വീടുമാത്രമായിരുന്നു.        
          മകനെ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ഒരു അമ്മ തന്റെ ജീവിതം ഹോമിച്ചതിന്റെ അടയാളങ്ങളാണ് ചുള്ളിക്കമ്പുപോലെ ശോഷിച്ച കൈത്തണ്ടകളും മങ്ങിപ്പഴകി പിഞ്ഞാണവര്‍ണമായ കണ്ണുകളും. 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ  അമ്മയുടെ രൂപമാണിത്. പ്രായാധിക്യത്താല്‍ ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയെ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി തെരുവിലുപേക്ഷിക്കാന്‍ പുറപ്പെടുകയാണ് മകന്‍.  ആശുപത്രിവരാന്തയിലും വിദ്യാലയവുമുള്‍പ്പെടെ അമ്മയെ ഇറക്കിവിടാന്‍ കണ്ടെത്തിയ ഇടങ്ങളിലെല്ലാം അമ്മയുടെ സ്‌നേഹത്തിന്റെ  ചൂട് അനുഭവിച്ചതിന്റെ  ഓര്‍മ്മകള്‍ അയാളെ  അതില്‍നിന്നും തടഞ്ഞുനിര്‍ത്തി. ബാല്യത്തില്‍ അമ്മ വാരിക്കോരി നല്‍കിയ സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ് ഒരു മഹാപാതകം ചെയ്യുന്നതില്‍നിന്ന് അയാളെ പിന്തിരിപ്പിച്ചത്.
        സ്‌നേഹസമ്പന്നരായ മാതാപിതാക്കളുടെ ജീവിതം കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായി മാറും. 'പ്ലാവിലക്കഞ്ഞി'യിലെ അപ്പനും 'അമ്മത്തൊട്ടിലി'ലെ അമ്മയുമെല്ലാം മാതൃകാപരമായി ജീവിച്ചവരാണ്. സ്‌നേഹസമ്പന്നരായ കുടുംബാംഗങ്ങള്‍ കുഞ്ഞുങ്ങളുടെ മനസ്സില്‍ നിക്ഷേപിക്കുന്നത് നന്മയുടെ വിത്തുകളാണ്.
4.     എല്ലാ പരിമിതികളെയും സ്‌നേഹംകൊണ്ട് മറികടക്കാനാവും.  അതിലൂടെ മാത്രമേ ആരോഗ്യകരമായ കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും കെട്ടിപ്പടുക്കാനാവൂ. 'ജീവിതം പടര്‍ത്തുന്ന വേരുകള്‍' എന്ന യൂണിറ്റിലൂടെ  നിങ്ങള്‍ പരിചയപ്പെട്ട സാഹിത്യരചനകളുടെ  വെളിച്ചത്തില്‍ ഈ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഉപന്യാസം തയാറാക്കുക.
              സ്‌നേഹമാണഖിലസാരമൂഴിയില്‍...!
         മനുഷ്യസമൂഹം  നിലനില്‍ക്കുന്നത് സ്‌നേഹമെന്ന മാന്ത്രികച്ചരടിലാണ്.  സമൂഹം ഏകമനസ്സോടെ  നേരിട്ടാല്‍ ഏതു  പ്രതിസന്ധിയെയും അനായാസം കീഴടക്കാന്‍ കഴിയും. കുടുംബങ്ങളുടെ അടിത്തറ ഉറപ്പിക്കേണ്ടത് സ്‌നേഹത്തിലാണ്. ജീവിതത്തിന്റെ വേരുകള്‍ മനുഷ്യരില്‍ മാത്രമല്ല,  പ്രകൃതിയിലും ചരാചരങ്ങളിലും ആഴ്ന്നിറങ്ങിയിരിക്കുന്നു.  
        തകഴിയുടെ 'പ്ലാവിലക്കഞ്ഞി,' യു. കെ. കുമാരന്റെ 'ഓരോ വിളിയും കാത്ത്,' റഫീക്ക് അഹമ്മദിന്റെ 'അമ്മത്തൊട്ടില്‍' എന്നീ രചനകളാണ് ഈ യൂണിറ്റിലുള്ളത്. ഇവയിലെല്ലാം അടിസ്ഥാനധാരയായി വര്‍ത്തിക്കുന്നത് സ്‌നേഹംതന്നെയാണ്. പട്ടിണികിടന്നുകൊണ്ടാണ് 'രണ്ടിടങ്ങഴി'യിലെ നായികയായ ചിരുത, ഭര്‍ത്താവായ കോരനും കോരന്റെ അപ്പനും ഭക്ഷണം നല്‍കുന്നത്. മരണം കൊണ്ടുപോയ ഭര്‍ത്താവിന്റെ സ്‌നേഹസാന്നിധ്യം വീട്ടിലും പറമ്പിലും കൃഷിയിടത്തിലും അനുഭവിച്ചറിയുന്ന ഭാര്യയെയാണ് യു. കെ. കുമാരന്റെ 'ഓരോ വിളിയും കാത്ത്' എന്ന കഥയില്‍ അവതരിപ്പിച്ചിട്ടുള്ളത്. വീടും പുരയിടവും വിട്ട് അവര്‍ക്ക് ഒരിടത്തേക്കും പോകാനാവില്ല.  അമ്മയെ തെരുവിലുപേക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് പരാജിതനാവുന്ന മകന്റെ ചിന്തകളാണ് 'അമ്മത്തൊട്ടില്‍' എന്ന കവിത. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അമ്മ നല്‍കിയ സ്‌നേഹവും പരിചരണവും ഓര്‍ത്തപ്പോള്‍ മകന് കുറ്റബോധത്തോടെ പിന്തിരിയേണ്ടിവന്നു.    
        സ്‌നേഹബന്ധങ്ങളുടെ  കരുത്തിലാണ്   കുടുംബവും സമൂഹവും കെട്ടിപ്പടുക്കേണ്ടത്. ഇന്ന് നാമനുഭവിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു കാരണം സ്‌നേഹമില്ലായ്മതന്നെയാണ്. പ്രകൃതിയും ജീവജാലങ്ങളും മനുഷ്യര്‍ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന ധാരണയിലാണ് ഇന്നു മനുഷ്യര്‍ ജീവിക്കുന്നത്. സംഘര്‍ഷങ്ങളും കലാപങ്ങളും കാലാവസ്ഥാവ്യതിയാനവും മാറാരോഗങ്ങളും ഇത്രയേറെ പെരുകിയത് ഈ ചിന്താഗതിയുടെ ഫലമാണ്.
പിഴവുകള്‍ തിരുത്തി  സ്‌നേഹത്തിന്റെ  വഴിയിലൂടെ മുന്നേറിയാല്‍ മാത്രമേ ഇനിയുമൊരു തലമുറയ്ക്ക് ഇവിടെ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഓരോ വിളിയും കാത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1.    അമ്മയില്‍നിന്ന് എന്തെങ്കിലുമൊന്ന് കേള്‍ക്കാന്‍വേണ്ടിയാണ് അച്ഛന്‍ പരിഭവത്തിന്റെ കെട്ടഴിക്കുന്നതെന്ന് മകന് തോന്നാനുള്ള കാരണമെന്താണ്?
    സാധാരണഗതിയില്‍ അച്ഛന്‍ പറയുന്നത് അതേപടി അനുസരിക്കുക എന്ന രീതിയാണ് അമ്മ പിന്തുടര്‍ന്നിരുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമ്മ അല്‍പ്പം താമസിച്ചാല്‍ അച്ഛന്‍  പരിഭവിക്കും. അത്ര വിഷമം തോന്നുമ്പോള്‍ അമ്മ എന്തെങ്കിലും മറുത്തുപറഞ്ഞെന്നിരിക്കും. അമ്മ സംസാരിച്ചുതുടങ്ങിയാല്‍ പിന്നെ അച്ഛന്‍ നിശ്ശബ്ദനാവുകയും ചെയ്യും. അമ്മയില്‍നിന്നും പ്രതികരണം ലഭിക്കാന്‍ വേണ്ടിത്തന്നെയാണ് അച്ഛന്‍ പരിഭവിച്ചിരുന്നത്. അമ്മയുടെ ഉള്ളില്‍ തിങ്ങിനില്‍ക്കുന്ന പരിഭവം തുറന്നുപറയാനുള്ള അവസരം  ഒരുക്കുകയായിരുന്നിരിക്കണം അച്ഛന്‍. അതുകൊണ്ടാണ് അമ്മയില്‍നിന്ന് എന്തെങ്കിലും കേള്‍ക്കാന്‍വേണ്ടിയാണ് അച്ഛന്‍ പരിഭവിക്കുന്നതെന്ന് മകന് തോന്നിയത്.
2.    ''പൊരുളില്ലാത്ത സംസാരമെന്ന് ആദ്യം തോന്നാം. പക്ഷേ, ചെന്നു നോക്കുമ്പോള്‍ അറിയാം, മനസ്സിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛന്‍ കണ്ടതെല്ലാം ശരിയായിരുന്നുവെന്ന്.''
    അച്ഛന്റെ അഭാവത്തിലാണ് അച്ഛനെക്കുറിച്ചുള്ള ശരിയായ ധാരണ മകന് കൈവരുന്നത്. കുടുംബാംഗങ്ങള്‍  പരസ്പരം  തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ നഷ്ടം ഈ കഥാസന്ദര്‍ഭം  എത്രമാത്രം വ്യക്തമാക്കുന്നുണ്ട്? കണ്ടെത്തിയെഴുതുക.''        
                        
    ആശയവിനിമയസാധ്യതകള്‍ ഏറ്റവും വികസിച്ചിട്ടുള്ള കാലമാണിത്. എന്നാല്‍ മനുഷ്യമനസ്സുകള്‍ തമ്മില്‍ ഇത്രയധികം  അകന്നുപോയ മറ്റൊരു കാലമില്ല. കൂടെയുള്ളവര്‍ മരിച്ചുകഴിയുമ്പോഴാണ് അവര്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരും ആശ്വാസം  പകരുന്നവരുമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. അച്ഛന്‍ ആരോഗ്യത്തോടെയിരുന്നപ്പോള്‍ അദ്ദേഹത്തെ വേണ്ടരീതിയില്‍ മനസ്സിലാക്കാന്‍ മകന് കഴിഞ്ഞിരുന്നില്ല. എഴുന്നേല്‍ക്കാന്‍ കഴിയാതെ കട്ടിലില്‍ കിടന്നുകൊണ്ട് അദ്ദേഹം  പറഞ്ഞിരുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടെന്ന് ചിന്തിച്ചില്ല. എന്നാല്‍ അവയെല്ലാം സത്യമായിരുന്നുവെന്ന് അനുഭവം പഠിപ്പിച്ചു. വേര്‍പിരിയുമ്പോള്‍ മാത്രമേ കൂടെക്കഴിയുന്നവരുടെ ശരിയായ മഹത്ത്വവും  വിലയും തിരിച്ചറിയുകയുള്ളൂ എന്ന സത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കഥാഭാഗമാണിത്.
3. ◾ ''അത്ര വിഷമം തോന്നിയാലേ അമ്മ മറുത്തു പറയൂ. അമ്മ സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ അച്ഛന്‍ നിശ്ശബ്ദനാവും.''
◾ ''അതോര്‍ത്ത് ഞ്ഞ് വെഷമിക്കേണ്ട. ഞാനിവിടെ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നീട്ടില്ല.''
◾ ''ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛന്‍  എന്നെ എപ്പോഴും  വിളിച്ചോണ്ടിരിക്കുകയാ.  ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ  ഇല്ലാന്ന്  വെച്ചാല്‍...''
    മുകളില്‍ കൊടുത്തിട്ടുള്ള സംഭാഷണഭാഗങ്ങളും  കഥയിലെ മറ്റ് സന്ദര്‍ഭങ്ങളും പരിഗണിച്ച് അമ്മ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്ത് കുറിപ്പ്  തയാറാക്കുക.          
      
    'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ കേന്ദ്രകഥാപാത്രമാണ് അമ്മ. കഥയിലുടനീളം അമ്മ സജീവസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്നു. മകന്റെ കണ്ണുകളിലൂടെയാണ് അമ്മയെ നാം കാണുന്നത്.
കിടപ്പുരോഗിയായ  അച്ഛന്റെ ഓരോ വിളിയും കേട്ട് തിടുക്കപ്പെട്ട് ഓടിയെത്തുന്ന അമ്മ - ഇടയ്‌ക്കെല്ലാം അച്ഛനോട് പരിഭവിക്കുന്ന അമ്മ- അച്ഛന്റെ മരണശേഷം  സദാസമയവും വീട്ടില്‍ അച്ഛന്റെ സാന്നിധ്യം അനുഭവിച്ചറിയുന്ന അമ്മ - ഓര്‍മ്മകളുടെ ആ സാന്നിധ്യം ഉപേക്ഷിച്ച് വീടുവിട്ടു പോകാന്‍ കഴിയാതെ മകന്റെ ക്ഷണം നിരസിക്കുന്ന അമ്മ- ഇങ്ങനെ നോക്കുമ്പോള്‍ അമ്മയെക്കുറിച്ചുള്ള കഥയാണ്. 'ഓരോ വിളിയും കാത്ത്'.         
        പ്രായം ഏറെയായി. ആരോഗ്യവും അത്ര നല്ല നിലയിലല്ല. എന്നിട്ടും കിടപ്പിലായ ഭര്‍ത്താവിന്റെ ഓരോ വിളിക്കും അമ്മ ഓടിയെത്തുന്നു.അത് കടമയെന്ന നിലയ്ക്കല്ല, ആഴമേറിയ ഒരു ബന്ധത്തിന്റെ പ്രതിഫലനമായിട്ടായിരുന്നു അത്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ മരണശേഷവും  അദ്ദേഹത്തിന്റെ സാന്നിധ്യം അവരനുഭവിക്കുന്നത്. അച്ഛന്റെ മരണം അമ്മയ്ക്ക് മനസ്സുകൊണ്ടു അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് 'തലേന്നുംകൂടി അദ്ദേഹം വിളിച്ചിരുന്നു' എന്ന് മകനോട്  പറയുന്നത്. മരണവിവരം അറിയാത്ത പരിചയക്കാര്‍ ആരെങ്കിലും  ചോദിച്ചാല്‍ അദ്ദേഹം പോയി എന്ന് പറയുന്നതുപോലും അദ്ദേഹം പോയിട്ടില്ല എന്ന ഉത്തമബോധ്യത്തോടെയാണ്.    
    ആ വലിയ വീട്ടില്‍ അമ്മയെ ഒറ്റയ്ക്കാക്കിയിട്ടു പോകുന്നതില്‍ മകന് വിഷമമുണ്ടെന്നകാര്യം അമ്മയ്ക്ക് അറിയാഞ്ഞിട്ടല്ല. അച്ഛന്റെ ഓര്‍മ്മകളുപേക്ഷിച്ച് ആ വീടിന്റെ  പരിസരത്തുനിന്ന് വിട്ടുനില്‍ക്കാന്‍ അമ്മയ്ക്ക് കഴിയാത്തതുകൊണ്ടാണ് കൂടെച്ചെല്ലാത്തത്. ഇത്രയുംകാലം അച്ഛനോടൊപ്പം കഴിഞ്ഞ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് അമ്മയെ കൊണ്ടുപോകാനുള്ള മനസ്സ് മകനില്ലതാനും. അമ്മയോടുള്ള മകന്റെ സ്‌നേഹത്തിനും ബഹുമാനത്തിനും അല്‍പ്പം
പോലും ഇടിവുണ്ടാവുന്നില്ല. സ്‌നേഹബന്ധത്തിന്റെ ആഴമറിയുന്ന സ്ത്രീയുടെ മനസ്സ് നമ്മെ ബോധ്യപ്പെടുത്തുന്ന കഥാപാത്രമാണ് ഈ കഥയിലെ അമ്മ.



 

വിശ്വരൂപം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 1.     ഭാരതസ്ത്രീകള്‍ സംതൃപ്തരായിരുന്നു എന്ന് ഡോ. തലത്ത് അഭിപ്രായപ്പെടുന്നതിന്റെ  അടിസ്ഥാനമെന്താണ്?    
    കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരായിരുന്നു ഭാരതസ്ത്രീകള്‍. അതിലൂടെയാണവര്‍ സംതൃപ്തി നേടിയിരുന്നത്. സത്യത്തില്‍ കൊടുക്കുവാന്‍ മാത്രമേ അവര്‍ക്ക് അറിയാമായിരുന്നുള്ളൂ. സ്‌നേഹത്തിന്റെ വഴിയാ
ണത്. അതിലൂടെ അവര്‍ എല്ലാം നേടിയെടുത്തു.  അവര്‍ എപ്പോഴും സംതൃപ്തരായിരുന്നത് അതുകൊണ്ടാണെന്നാണ് ഡോ. തലത്ത് അഭിപ്രായപ്പെട്ടത്.
2.    'വിശ്വരൂപം'  എന്ന ശീര്‍ഷകം  കഥയ്ക്ക് എത്രമാത്രം യോജിച്ചതാണ്?  കഥാസന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
    സ്ത്രീയുടെ യഥാര്‍ഥ രൂപം അമ്മയുടേതാണ്. കാരണം അമ്മയുടെ സ്ഥാനത്ത് എത്തുമ്പോഴാണ് ഏതു സ്ത്രീയും പൂര്‍ണത കൈവരിക്കുന്നത്. മിസ്സിസ് തലത്ത്, മാഡം തലത്ത് എന്നീ സ്ഥാനങ്ങള്‍ ചില സാഹചര്യങ്ങളില്‍ താഴത്തു കുഞ്ഞുക്കുട്ടിയമ്മയ്ക്ക് അഭിനയിക്കേണ്ടിവന്ന ചില വേഷങ്ങള്‍ മാത്രമാണ്. താഴത്തു കുഞ്ഞുക്കുട്ടിയമ്മ എന്ന അമ്മയാണ് യഥാര്‍ഥരൂപം. മകനെന്നനിലയില്‍ സുധീറിനെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് കരയുകയും താല്‍പ്പര്യത്തോടെ കാപ്പിയും പലഹാരങ്ങളും  കഴിപ്പിക്കുകയും  ചെയ്യുന്ന    അമ്മയുടെ രൂപമാണത്. കഥയുടെ അവസാനത്തില്‍ മാത്രമാണ് ആ രൂപം പ്രത്യക്ഷപ്പെടുന്നത്. കൗരവ-പാണ്ഡവ യുദ്ധത്തിനുമുമ്പ് അര്‍ജുനന്റെ മുന്നില്‍ ശ്രീകൃഷ്ണന്‍ വിശ്വരൂപം പ്രദര്‍ശിപ്പിച്ചതുപോലെയാണ് സുധീറിന്റെ മുന്നില്‍ അവര്‍ തന്റെ യഥാര്‍ഥരൂപം പ്രദര്‍ശിപ്പിച്ചത്. കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ശീര്‍ഷകമാണിത്.
3.     ''മിസ്സിസ് തലത്തിനെ അന്വേഷിച്ചുപോയ സുധീര്‍ കണ്ടെത്തിയത്  പരാജിതയായ ഒരു അമ്മയെയാണ്'' - ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.    
    സമൂഹത്തിലെ ഉന്നതശ്രേണിയില്‍ വ്യാപരിച്ചിരുന്ന പ്രൗഢയായ മിസ്സിസ് തലത്തിനെ കാണുവാന്‍ വേണ്ടിയാണ് സുധീര്‍ പോയത്. പക്ഷേ, എല്ലാവരാലും പരിത്യജിക്കപ്പെട്ട് ഒറ്റപ്പെട്ടു കഴിയുന്ന ഒരു അമ്മയെയാണ് സുധീര്‍ അവിടെ കണ്ടത്. സ്വന്തം മക്കളുടെ ഹൃദയത്തില്‍ സ്ഥാനം കിട്ടാത്ത ഒരമ്മയായിരുന്നു മിസ്സിസ് തലത്ത്. കാരണം ഹോസ്റ്റലും ബോര്‍ഡിങ്ങുമായിരുന്നു കുട്ടികളുടെ ലോകം.  അവര്‍ സുധീറിന് ഭക്ഷണം വിളമ്പിക്കൊടുത്തു. അവരുടെ വാക്കിലും  നോക്കിലുമെല്ലാം സ്‌നേഹം നിറഞ്ഞുതുളുമ്പി. ജീവിതത്തില്‍ അമ്പേ പരാജയപ്പെട്ട ഒരമ്മയെയാണ് സുധീര്‍ അവരില്‍ കണ്ടത്.

പാവങ്ങള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 1.    തിരികുറ്റിയുടെ ശബ്ദം കേട്ട് ആളുകള്‍ ഉണരുകയും താന്‍ പിടിക്കപ്പെടുകയും ചെയ്‌തേക്കാമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഴാങ് വാല്‍ ഴാങ്ങിനെ നോവലിസ്റ്റ് ആവിഷ്‌കരിച്ചിരിക്കുന്നതെങ്ങനെ?
         വാതില്‍ തുറക്കുന്നതിനുവേണ്ടി ബലം പ്രയോഗിച്ചപ്പോള്‍ ഒരു തിരികുറ്റി ഉണ്ടാക്കിയ ശബ്ദം കേട്ട് ഴാങ് വാല്‍ ഴാങ് വിറയ്ക്കുകയും പരിഭ്രമിക്കുകയും ചെയ്തു. കുറച്ചിട അനങ്ങാതെ നിന്നുപോയി. കാല്‍പ്പെരുവിരലുകളുടെ തുമ്പത്തുനിന്ന് മടമ്പുകളിലേക്ക് പിന്നോക്കം വീഴുകയും ചെയ്തു. രണ്ട് ചെന്നിക്കുമുള്ള രക്തനാഡികള്‍ കൊല്ലന്റെ രണ്ടു കൂടങ്ങള്‍പോലെ ആഞ്ഞടിക്കുന്നതും അയാള്‍ കേട്ടു. ഒരു ഗുഹയില്‍നിന്നു പുറപ്പെടുന്ന കാറ്റിന്റെ ഇരമ്പിച്ചയോടുകൂടി, അയാളുടെ മാറിടത്തില്‍നിന്ന് ശ്വാസാവേഗം തള്ളിവരികയും ചെയ്തു.
2.    മുറിയുടെ വാതില്‍ തള്ളിത്തുറക്കുമ്പോഴുണ്ടായ തിരികുറ്റിയുടെ ശബ്ദം ഴാങ് വാല്‍ ഴാങ്ങില്‍ എന്തെല്ലാം ചിന്തകളാണ് ഉണ്ടാക്കിയത്?
    തിരികുറ്റിയുടെ ശബ്ദം നീണ്ടതും ചിലമ്പിച്ചതുമായ ഒരു നിലവിളിയായാണ് ഴാങ് വാല്‍ ഴാങ്ങിന് അനുഭവപ്പെട്ടത്. പരലോകത്തുവച്ച് ഇഹലോകകര്‍മ്മങ്ങളെ വിചാരണയ്‌ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദമായും തിരികുറ്റിയുടെ ശബ്ദം അയാള്‍ക്ക് തോന്നി. ആ തിരികുറ്റി പെട്ടെന്ന് ജീവന്‍
പൂണ്ടതായും അതുപെട്ടെന്ന് ഒരു ഭയങ്കരജീവിതം കൈക്കൊണ്ട,് ഒരു നായയെപ്പോലെ എല്ലാവരെയും എഴുന്നേല്‍പ്പിക്കുവാനും ഉറങ്ങിക്കിടന്നവരെയെല്ലാം ഉണര്‍ത്തി അപകടം അറിയിക്കുവാനും വേണ്ടി കുരയ്ക്കുന്നതായും അയാള്‍ക്ക് തോന്നി.
3. ''എന്റെ സ്‌നേഹിതാ. ഇനി ഇങ്ങോട്ടു വരുമ്പോള്‍ നിങ്ങള്‍ക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല; തെരുവിലേക്കുള്ള വാതിലിലൂടെത്തന്നെ എപ്പോഴും വരികയും പോവുകയും ചെയ്യാം.''
◾    ഒരു സത്യവാനായിരിക്കുവാന്‍ ഈ ക്ഷണം ഉപയോഗപ്പെടുത്തുമെന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളത് മറക്കരുതേ, ഒരിക്കലും മറന്നുപോകരുത്.''
    മെത്രാന്‍ ബിയാങ്‌വെന്യൂവിന്റെ മനോഭാവം പുതിയ തലമുറയ്ക്ക് നല്‍കുന്ന സന്ദേശമെന്താണ്? കുറിപ്പ് തയാറാക്കുക.

   ഴാങ് വാല്‍ ഴാങ് സ്വീകരിച്ചത് കളവിന്റെയും വഞ്ചനയുടെയും വഴിയാണ്. തന്നെ മറ്റാരും കാണാതിരിക്കുന്നതിനുവേണ്ടിയാണ് തോട്ടത്തിലൂടെ അയാള്‍ കടന്നുപോയത്. സത്യസന്ധതയോടെ ജീവിച്ചാല്‍ നേരായ വഴിയിലൂടെ ആരെയും ഭയപ്പെടാതെ സഞ്ചരിക്കാന്‍ കഴിയും. മറ്റുള്ളവരോട് ക്ഷമിക്കുമ്പോഴും അവരെ ആത്മാര്‍ഥമായി സ്‌നേഹിക്കുമ്പോഴും അവരെ സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. കലവറയില്ലാതെ പകരുന്ന നിസ്വാര്‍ഥസ്‌നേഹം മാത്രമേ  ഒരാളില്‍ മാനസികപരിവര്‍ത്തനം വരുത്തുവാന്‍ കഴിയുകയുള്ളൂ എന്ന മഹത്തായ സന്ദേശമാണ് മെത്രാന്റെ വാക്കുകളും പ്രവൃത്തികളും ലോകത്തിനു നല്‍കുന്നത്.
4. വെള്ളിസ്സാമാനങ്ങള്‍ കട്ടെടുത്ത തനിക്ക് വെള്ളിമെഴുതിരിക്കാലുകള്‍ കൂടി മെത്രാന്‍ എടുത്തുനല്‍കിയപ്പോള്‍ ഴാങ് വാല്‍ ഴാങ്ങിന്റെ പ്രതികരണമെന്തായിരുന്നു?     
    കട്ടെടുത്ത വെള്ളിസ്സാമാനങ്ങളുമായി ഴാങ് വാല്‍ ഴാങ്ങിനെ പോലീസുകാര്‍ കൊണ്ടുവന്നപ്പോള്‍ മെത്രാന്‍ ചോദിച്ചത് ഈ വെള്ളിസ്സാമാനങ്ങളോടൊപ്പം താങ്കള്‍ക്കു തന്ന വെള്ളിമെഴുതിരിക്കാലുകള്‍ എന്തുകൊണ്ടാണ് കൊണ്ടു
പോകാതിരുന്നതെന്നായിരുന്നു.  മെത്രാന്റെ ചോദ്യം വിശ്വസിക്കാനാവാതെ പരിഭ്രമത്തോടെ അയാള്‍ മെത്രാനെ തുറിച്ചുനോക്കി. കളവുമുതലിനോടൊപ്പം പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കപ്പെടാതെ വെറുതെവിട്ടത് ഴാങ്ങിനെ അദ്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. കാരണം വെറും ഒരു റൊട്ടി മോഷ്ടിച്ചതിന് പത്തൊമ്പതുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ട വന്നയാളാണ് ഴാങ്. മെത്രാന്‍ വീടിനുള്ളില്‍നിന്ന്  എടുത്തുകൊണ്ടുവന്ന മെഴുതിരിക്കാലുകള്‍ കൈയില്‍ വാങ്ങുമ്പോള്‍ ഴാങ്ങിന്റെ ഓരോ ഭാഗവും വിറച്ചിരുന്നു. ഒരു പാവയുടെ മാതിരിയാണ് അയാള്‍ അവ മെത്രാന്റെ കൈയില്‍നിന്ന് വാങ്ങിയത്.

Thursday, July 7, 2022

വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ഇലവുമരത്തിന്റെ ഒരു ഫോട്ടോയെടുത്ത് അയച്ചുതരണമെന്ന് ബാലചന്ദ്രന്‍ വല്യമ്മയ്ക്ക് കത്തെഴുതാന്‍ കാരണമെന്ത്?
    ബിലാത്തിക്കു പോകുന്നതിനു മുമ്പായി വല്യമ്മയുടെ അടുത്തുവന്ന് യാത്ര ചോദിക്കണമെന്ന് ബാലചന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. കൂടാതെ തന്റെ പ്രിയപ്പെട്ട ഇലവുമരത്തെ ഒന്നു കാണണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നു. രണ്ടും നടന്നില്ല. അതുകൊണ്ടാണ് തന്റെ കൂട്ടുകാരനായ ഇലവുമരത്തിന്റെ ഫോട്ടോയെടുത്ത് അയയ്ക്കണമെന്ന് ബാലചന്ദ്രന്‍ ആവശ്യപ്പെട്ടത്. അതുകൂടി അവന് ബിലാത്തിക്കു കൊണ്ടുപോകാനാണ്.
2.    'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥ നമുക്കു നല്‍കുന്ന തിരിച്ചറിവെന്ത്?
    കേവലം ഒരു മരം വെട്ടുന്നതിനപ്പുറം വലിയ തിരിച്ചറിവുകളാണ് 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥ നമുക്കു നല്‍കുന്നത്. കുട്ടിക്കാലം മുതലേ മരങ്ങളെ സ്‌നേഹിച്ചവനാണ് ഈ കഥയിലെ ബാലചന്ദ്രന്‍. നാടുവിട്ടുപോയിട്ടും താന്‍ പരിപാലിച്ചിരുന്ന ഇലവുമരത്തോടുള്ള അവന്റെ സ്‌നേഹം നഷ്ടമായില്ല ബാലചന്ദ്രനെപ്പോലെ നാമെല്ലാവരും മരങ്ങളെയും ചെടികളെയും സ്‌നേഹിക്കണം. അവയെ പരിപാലിക്കണം. അതിലൂടെ പ്രകൃതിയെയാണ് നാം സ്‌നേഹിക്കുന്നത്. പ്രകൃതിയിലെ ഓരോന്നിനെയും സ്‌നേഹിക്കാനുള്ള മനസ്സാണ് നമുക്കുണ്ടാവേണ്ടത്.

പാത്തുമ്മായുടെ ആട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''പാത്തുക്കുട്ടി, ലൈലാ, സൈദുമുഹമ്മദ് എന്നിവരോടു രഹസ്യം പാലിക്കാന്‍ പറഞ്ഞു.''     (പാത്തുമ്മായുടെ ആട്)
    എന്തു രഹസ്യത്തെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്?

    അബിയുടെ ഹാഫ്ട്രൗസറിന്റെ പോക്കറ്റില്‍ വെള്ളപ്പം ഉണ്ടായിരുന്നു. അതില്‍നിന്ന് ഒരെണ്ണത്തിന്റെ കുറേഭാഗം അവന്‍ പാത്തുമ്മായുടെ ആടിനു കൊടുത്തു. ബാക്കി മുന്‍വശത്തു തിരുകിയിട്ട് ആടിന്റെ മുമ്പില്‍ ചെന്നുനിന്ന് തിന്നാന്‍ പറഞ്ഞു. ആട് അപ്പവും ഹാഫ്ട്രൗസറിന്റെ മുന്‍വശവും തിന്നു. ബാക്കിയുള്ളതിനുകൂടി ആട് പിടികൂടിയപ്പോള്‍ ബഹളം കേട്ടെത്തിയ ബഷീര്‍ അബിയെ ആടിന്റെ പിടിയില്‍നിന്നും രക്ഷിച്ചു. ഈ വിവരം ബാപ്പ അറിഞ്ഞാല്‍ അവനെ തല്ലുമെന്ന് അബി പറഞ്ഞു. എന്നാല്‍ ഈ വിവരം ആരും പറയുകയില്ലെന്നു പറഞ്ഞ് ബഷീര്‍ അബിയെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് വീട്ടിലെ മറ്റു കുട്ടികളോട് ഈ കാര്യം രഹസ്യമായി വയ്ക്കാനും ബഷീര്‍ ഉപദേശിച്ചു.


മലയാളനാടേ, ജയിച്ചാലും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''കരള്‍ കക്കും നിന്‍കളിത്തോപ്പിലെത്ര
    കവികോകിലങ്ങള്‍ പറന്നു പാടി!
    അവിരളോന്മാദം തരുന്നു ഞങ്ങള്‍-
    ക്കവര്‍ പെയ്ത കാകളിത്തേന്മഴകള്‍''
    ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നതെന്താണ്?     
    
        ഹൃദയഹാരിയായ മലയാളനാടിന്റെ കളിത്തോപ്പില്‍ എത്രയോ കവികോകിലങ്ങളാണ് (കവികളാകുന്ന കുയിലുകള്‍)
പാറിപ്പറന്നു പാടിയിരിക്കുന്നത്. അവര്‍ പെയ്ത കാകളിത്തേനാകുന്ന മഴ അതിരറ്റ ആഹ്ലാദമാണ് ഞങ്ങള്‍ക്കു നല്‍കിയത്. മലയാളത്തിലെ കവിശ്രേഷ്ഠരെക്കുറിച്ചും അവരുടെ മാധുര്യമൂറുന്ന കാവ്യങ്ങളെക്കുറിച്ചുമാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.
2.    ''മണിമുകില്‍വര്‍ണനെ വാഴ്ത്തിവാഴ്ത്തി
    മതിമാന്‍ ചെറുശ്ശേരി പാട്ടുപാടി''
    ചെറുശ്ശേരിയുടെ ഏതു കാവ്യത്തെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്? ആ കാവ്യത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?

        ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'യെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്. ലാളിത്യവും മാധുര്യവുമാണ് ഈ കാവ്യത്തിന്റെ പ്രത്യേകത. മണിമുകില്‍വര്‍ണനായ ശ്രീകൃഷ്ണനെയാണ് ഈ കാവ്യത്തില്‍ വാഴ്ത്തുന്നത്. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള അദ്ഭുതകഥകള്‍ പറയുന്ന ഭാഗവതം ദശമസ്‌കന്ധത്തെ ഉപജീവിച്ചെഴുതിയതാണ് 'കൃഷ്ണഗാഥ'. മലയാളത്തിന്റെ പ്രത്യേകതകള്‍ ഒത്തിണങ്ങിയ കാവ്യമാണിത്.