Sunday, September 22, 2019

കൊടിയേറ്റം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

1. ''എന്റെ ഗ്രാമത്തില്‍നിന്ന്, അവിടെ എനിക്കറിയാവുന്ന,  എന്നോടൊപ്പം വളര്‍ന്ന, ജനങ്ങളില്‍നിന്ന്  ഉദ്ഭവിച്ച കഥയാണിത്.''  - അടൂര്‍ ഗോപാലകൃഷ്ണന്‍
ഈ അഭിപ്രായവും  താഴെ തന്നിരിക്കുന്ന സൂചനകളും വിലയിരുത്തി 'കൊടിയേറ്റത്തിലെ   ഗ്രാമീണത' എന്ന വിഷയത്തെക്കുറിച്ച് ലഘുലേഖനം തയാറാക്കുക.
* ''വയല്‍ താണ്ടി, കൊച്ചു കൈത്തോട് കടന്ന് ശങ്കരന്‍കുട്ടി  ശാന്തമ്മയുടെ വീട്ടുപറമ്പിലൂടെ   ഉത്സാഹത്തില്‍ നടന്നു.''
* ''പറമ്പിലെവിടെയോ പശു പിന്നെയും അമറി.''
* ''കടവില്‍, തുണി സോപ്പിട്ട്, കല്ലില്‍ കുത്തിനനച്ചുകൊണ്ട് ഒരു തൊഴിലാളിസ്ത്രീ ഇരിക്കുന്നുണ്ട്.''                   
   കൊടിയേറ്റത്തിലെ ഗ്രാമീണത
നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണനിഷ്‌കളങ്കതയാണ് 'കൊടിയേറ്റ'മെന്ന സിനിമയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പറമ്പുകള്‍ക്കും പാടങ്ങള്‍ക്കുമിടയിലെ പരിചിതമായ ഒരു നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ കണ്ടുമുട്ടാനിടയുള്ള കഥാപാത്രങ്ങള്‍,  അവരുടെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ എന്നിവ സ്വാഭാവികത നഷ്ടപ്പെടാതെയാണ് സിനിമയില്‍ കോര്‍ത്തുവച്ചിരിക്കുന്നത്. ശങ്കരന്‍കുട്ടിയും അയാളുടെ ജീവിതപശ്ചാത്തലവും നഗരജീവിതത്തേക്കാളും നമ്മുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു.
മണ്ണും മനുഷ്യരും മൃഗങ്ങളുമെല്ലാം തുല്യപ്രാധാന്യത്തോടെയാണ് കഥയില്‍ കടന്നുവരുന്നത്. ഗ്രാമത്തിന്റെ സവിശേഷതയാണിത്. അമ്പലപ്പറമ്പിലും മാഞ്ചുവട്ടിലും കുട്ടികളോടൊപ്പം കളിച്ചുനടക്കുന്ന മുതിര്‍ന്നയാളാണ് ശങ്കരന്‍കുട്ടി. ആ ഗ്രാമത്തിന്റെ തുടിപ്പുതന്നെയായ  അയാള്‍ കടന്നുപോകുന്ന വഴികളും കണ്ടുമുട്ടുന്ന മനുഷ്യരും അവരുടെ പ്രവൃത്തികളും പശ്ചാത്തലവുമെല്ലാം അയാളെ ആ നാട്ടിന്‍പുറത്തിന്റെ അനിവാര്യഘടകമാക്കി മാറ്റുന്നു. വയലുകള്‍, കൈത്തോട,് പുഴ, ചെറിയകുട്ടിയുമായി പുഴയില്‍ തുണിയലക്കിക്കൊണ്ടിരിക്കുന്ന സ്ത്രീ, അമറുന്ന പശു എന്നിവ നാട്ടിന്‍പുറങ്ങളില്‍ മാത്രം കാണുന്ന കാഴ്ചയാണ്. ഗ്രാമത്തിന്റേതല്ലാത്ത യാതൊന്നും ഈ സിനിമയില്‍   കാണാനാവില്ല.
ലളിതസുന്ദരമായ ഗ്രാമക്കാഴ്ചകളും നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവും -ഇത്രയുമാണ് 'കൊടിയേറ്റം' എന്ന ചലച്ചിത്രത്തിന്റെ കാതല്‍. നഗരപരിഷ്‌കാരങ്ങള്‍ തീണ്ടാത്ത ഒരു ഉള്‍നാടന്‍ഗ്രാമത്തിലേക്ക് യാത്രപോകുന്ന അനുഭവമാണ് ഈ സിനിമ  നല്‍കുന്നത്.
2. ശങ്കരന്‍കുട്ടിയുടെ ഉത്തരവാദിത്വബോധം വെളിപ്പെടുന്ന മുഹൂര്‍ത്തങ്ങള്‍ പാഠഭാഗത്തുനിന്ന് കണ്ടെത്തുക.
കുഞ്ഞിന്റെയും ശാന്തമ്മയുടെയും അടുത്തുനില്‍ക്കുമ്പോഴാണ് ലോറിയില്‍നിന്നുള്ള ഹോണടി കേള്‍ക്കുന്നത്. താന്‍ ചെല്ലാന്‍ വേണ്ടിയാണെന്ന് മനസ്സിലാക്കി ഉടനെ ശങ്കരന്‍കുട്ടി പുറപ്പെടുന്നു. അതുപോലെ പുഴക്കടവില്‍ കണ്ട കുഞ്ഞിനെ രക്ഷിക്കാനായി ചെല്ലുന്ന സന്ദര്‍ഭത്തിലും പ്രകടമാവുന്നത് അയാളുടെ ഉത്തരവാദിത്വബോധമാണ്. കൈയില്‍ ഒരു പൊതിയുമായാണ് അയാള്‍  രണ്ടുവട്ടവും ശാന്തമ്മയെ കാണാന്‍ചെല്ലുന്നത്. ഇവയെല്ലാം ശങ്കരന്‍കുട്ടിയുടെ ഉത്തരവാദിത്വബോധത്തിന്റെ അടയാളങ്ങളാണ്.


2 comments: