Sunday, September 22, 2019

കളിപ്പാവകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

1. ''ഞാനാദ്യം കാണുമ്പോള്‍ മൊയമ്മതാലിക്കാക്ക ഇങ്ങനെയായിരുന്നില്ല.''
മൊയമ്മതാലിക്കാക്കയെക്കുറിച്ചുള്ള ആഖ്യാതാവിന്റെ ഓര്‍മ്മകള്‍ കണ്ടെത്തിയെഴുതുക. 
ഉമ്മ മരിച്ച ദിവസം മാവിന്റെ ചുവട്ടില്‍ നിറകണ്ണുകളുമായി നില്‍ക്കുന്ന മൊയമ്മതാലിക്കാക്കയാണ് കഥാനായകന്റെ മനസ്സിലുള്ളത്. തൂവെള്ളക്കുപ്പായമിട്ട്  നഖംകടിച്ചുകൊണ്ട് നിന്നിരുന്ന  ഇക്കാക്കയുടെ വെള്ളാരങ്കല്ലുപോലെയുള്ള കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചുണ്ടുകള്‍ അയഞ്ഞുകിടക്കുന്നതുപോലെ തോന്നി. ചുവന്ന കവിളില്‍ കണ്ണീര്‍ത്തുള്ളികള്‍ പറ്റിനിന്നിരുന്നു. ഉമ്മയുടെ മയ്യത്ത് അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞുപോയ മൊയമ്മതാലിക്കാക്ക അയ്മദിന്റെ ബാപ്പയെയും മൂത്താപ്പയെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഉമ്മ മരിച്ചതിന്റെ ഏഴാം നാള്‍  പ്രാര്‍ഥനയ്‌ക്കെത്തിയ മൊയ്‌ല്യാരുകുട്ടികള്‍ക്കൊപ്പം മൊയമ്മതാലിക്കാക്കയും അയ്മദും പള്ളിയിലേക്കു പോയി. തിരിച്ചുപോരുമ്പോള്‍ നാരങ്ങയുടെ ചുവയുള്ള മധുരമുള്ള കോലുമിഠായി ഇക്കാക്ക അയ്മദിനു വാങ്ങിക്കൊടുത്തു. വീണ്ടും ഇക്കാക്കയുടെ തോളില്‍ക്കയറി പള്ളിയിലേക്കുപോയി. അയ്മദിനെ കുളത്തിന്റെ പടവിലിരുത്തിയ ശേഷം ഇക്കാക്ക കൈകാലുകള്‍ കഴുകാനിറങ്ങി. മൊയമ്മതാലിക്കാക്കയെക്കുറിച്ചുള്ള കഥാനായകന്റെ ഓര്‍മ്മകള്‍ ഇവയെല്ലാമാണ്.
2. ''മൊയമ്മതാലിക്കാക്കാ, നിങ്ങള്‍ക്കു ഞാനുണ്ട്. ഞാന്‍ വലുതായി  നിങ്ങളുടെ സുഖക്കേടു മാറ്റിച്ചു...'' ഈ ആത്മഗതം ആഖ്യാതാവിന്റെ സ്വഭാവത്തിലേക്കുള്ള ഒരു കിളിവാതിലായിത്തീരുന്നുണ്ടോ?  പാഠഭാഗത്തെ അടിസ്ഥാനമാക്കി  ചര്‍ച്ചചെയ്യുക.
കടുത്ത അന്ധവിശ്വാസിയാണ് അയ്മദിന്റെ മൂത്താപ്പ കോയസ്സന്‍. മൊയമ്മതാലിക്കാക്കയുടെ ശരീരത്തില്‍ ബാധിച്ചിരിക്കുന്ന മൂന്ന് പൂതങ്ങളെയാണ് കോയസ്സന്‍ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത്. ശരിയായ ചികിത്സ നല്‍കാതെ മന്ത്രവാദവും മറ്റുമാണ് മാനസികരോഗിക്ക് കോയസ്സന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. തന്നെ സ്‌നേഹിക്കുകയും മിഠായി വാങ്ങിത്തരികയും ചെയ്തിരുന്ന മൊയമ്മതാലിക്കാക്കയെ ചികിത്സിച്ച് സുഖപ്പെടുത്തണമെന്ന് അയ്മദിന് തോന്നിയതില്‍ അദ്ഭുതമില്ല. കുട്ടിയാണെങ്കിലും അവന്‍ അന്ധവിശ്വാസിയല്ലെന്ന് അവന്റെ ആത്മഗതത്തില്‍നിന്ന് മനസ്സിലാക്കാം. ചെറിയ കുട്ടിയായതുകൊണ്ട്  തന്റെ അഭിപ്രായത്തിന് വിലയുണ്ടാവില്ലെന്നും അവനറിയാം. അതുകൊണ്ടാണ് താന്‍  വളര്‍ന്നു വലുതായിട്ട് ചികിത്സിച്ച് ഭേദമാക്കാമെന്ന് പറയുന്നത്. അയ്മദിന്റെ മനസ്സിലെ സ്‌നേഹവും സഹാനുഭൂതിയും വ്യക്തമാവുന്ന വാക്യമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്.
3. ''പളളിയുടെ മുമ്പില്‍ പള്ളിക്കുളം.  ഇരുട്ടില്‍ വെള്ളത്തില്‍ അരണ്ട നിലാവ്.  വെള്ളത്തില്‍ അമ്പിളിമാമന്‍ തിളങ്ങുന്നു...''  - ഇത്തരം വാക്യങ്ങള്‍  നോവല്‍ഭാഗത്ത് ഉടനീളമുണ്ട്. ഇവ ആഖ്യാനത്തിന് എത്രമാത്രം യോജിക്കുന്നു? ചര്‍ച്ചചെയ്ത് കുറിപ്പു തയാറാക്കുക.
പ്രകൃതിയെ കണ്ണുനിറയെ കാണാന്‍ താല്‍പ്പര്യമുള്ള ഒരു ബാലന്റെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ്
നോവല്‍ വികസിക്കുന്നത്. പ്രകൃതിയെ അയ്മദ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി കാണാന്‍ കഴിയും. കഥയിലെ സംഭവങ്ങളും കാഴ്ചകളും വായനക്കാരിലേക്ക് പകരുന്നത്  ചെറിയ വാക്യങ്ങളിലൂടെയാണ്.  ആയിസമ്മായി മരിച്ചതിന്റെ ഏഴാം നാളിലെ ചടങ്ങുകളുടെ വിവരണം ഇതിനുദാഹരണമാണ്. ''മൗലൂദ് ചൊല്ലിയത് ഒരു വെള്ളത്തുണി വിരിച്ചതിന്റെ നാലറ്റത്തും ഇരുന്നായിരുന്നു.  ചന്ദനത്തിരികള്‍ പുകഞ്ഞിരുന്നു. അവ കാറ്റില്‍ വളഞ്ഞ വരകളും  വട്ടങ്ങളുമായി അലിഞ്ഞുചേരുമ്പോള്‍ മൗലൂദിന് താളവും മുറുക്കവും കിട്ടി. കുന്തിരിക്കക്കൂടുകളില്‍നിന്നു പുകച്ചീളുകള്‍ ഓടിവരുകയായിരുന്നു.'' ''ജനാലകളില്‍നിന്നു വിളക്കുവെളിച്ചം ഞങ്ങളെ നോക്കുന്നു. മുകളില്‍നിന്നോതുകയാണ്. ഓത്തു കുശുകുശുപ്പായി, ഈണമുള്ള
മാറ്റൊലിയായി പള്ളിക്കുളത്തില്‍ വീണു പൊടിയുകയായിരുന്നു. കുളത്തില്‍ ചിറ്റോളങ്ങള്‍. അപ്പോള്‍ വെള്ളത്തിനു നൂറായിരം കണ്ണുകള്‍'' അയ്മദ് നേരിട്ട് തന്റെ അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുന്ന രീതിയിലാണ് കഥ പറയുന്നത്.  അവന്റെ മനസ്സിലെ ജിജ്ഞാസയും  സങ്കടവും അവന്റെമേല്‍ അടിച്ചേല്‍പ്പിക്കുന്ന  നിയന്ത്രണങ്ങളുമെല്ലാം നമുക്ക് അനുഭവവേദ്യമാകുന്ന തരത്തിലാണ് ഈ കഥയുടെ ആഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ അനുയോജ്യമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നതുകൊണ്ട്  വായനക്കാര്‍ ഓരോ രംഗത്തിനും സാക്ഷിയായി മാറുകയും ചെയ്യുന്നു.
4. 'കളിപ്പാവ'കളിലെ മൊയമ്മതാലിക്കാക്കയെയും അയ്മദിനെയും വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
സുഖവും ദുഃഖവും ഇടകലര്‍ന്നതാണ് ജീവിതം.  ജീവിതത്തില്‍     മനുഷ്യരനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെയും ദുഃഖങ്ങളുടെയും പ്രതീകമാണ് മൊയമ്മതാലിക്കാക്ക. രോഗത്തിന്റെ ദുരിതങ്ങള്‍ കൂടാതെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഫലമായി ദുരിതക്കടലിലേക്ക് സമൂഹം തള്ളിയിടുന്നവരുണ്ട്. മാനുഷികപരിഗണനപോലും അവര്‍ക്ക് ആരും നല്‍കുന്നില്ല.  അവരും അവരെ സ്‌നേഹിക്കുന്നവരും നിസ്സഹായരാണ്. അയ്മദിന്റെ ഉമ്മയും അമ്മായിയുമെല്ലാം മൊയമ്മതാലിക്കാക്കയോട് അനുകമ്പയുള്ളവരാണ്. പക്ഷേ, അന്ധവിശ്വാസങ്ങളുടെ ചങ്ങലകള്‍ അവരെ തടുത്തുനിര്‍ത്തുന്നു. യുക്തി
പൂര്‍വം ചിന്തിക്കുന്ന  പുതുതലമുറയുടെ പ്രതീകമാണ് അയ്മദ്. ബാലനായ അയ്മദിന്റെ വാക്കുകള്‍ ആരും പരിഗണിക്കുന്നില്ല. സ്വതന്ത്രമായി ഇറങ്ങിനടക്കാനുള്ള സ്വാതന്ത്ര്യംപോലും അവനില്ല. അതുകൊണ്ടാണ്  താന്‍ വലുതാവുമ്പോള്‍ ഇക്കാക്കയെ ചികിത്സിച്ച് ഭേദമാക്കുമെന്ന് അവന്‍ മനസ്സില്‍ പറയുന്നത്.
5. ''എടാ, ഓന്റെ കാലില്‍ ചങ്ങലയിട്.''
അരണ്ടാണ് തുപ്രന്‍ നിലത്തിരുന്നത്. ഇക്കാക്ക അനങ്ങിയില്ല. മുറിവുള്ള കാലില്‍ ചങ്ങലയിട്ടപ്പോള്‍ ഇക്കാക്ക ഞരങ്ങി.  വായില്‍നിന്ന് കേല ഒഴുകിയിരുന്നു. 
- മാനസികാസ്വാസ്ഥ്യമുള്ളവരോടുള്ള സമൂഹത്തിന്റെ ഇത്തരം സമീപനങ്ങള്‍ ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതാണോ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
മാനസികരോഗികളോട് സമൂഹം പുലര്‍ത്തുന്ന ഇത്തരം സമീപനങ്ങള്‍ മനുഷ്യത്വത്തിന് നിരക്കുന്നതല്ല. ഭയംകലര്‍ന്ന അകല്‍ച്ചയോടെയാണ് സമൂഹം ഇന്നും മാനസികരോഗികളെ കാണുന്നത്. ഇതോടൊപ്പം അന്ധവിശ്വാസങ്ങളും ചേരുമ്പോള്‍ മനുഷ്യനെന്ന പരിഗണനപോലും മാനസികരോഗികള്‍ക്ക് നിഷേധിക്കപ്പെടുന്നു. മാനസികാസ്വാസ്ഥ്യം ഒരു രോഗമാണ്. എന്നാല്‍  പ്രേതബാധയായും ദൈവശാപമായും പിശാചുബാധയായും മറ്റുമാണ് പലരും ഭ്രാന്തിനെ കാണുന്നത്. മന്ത്രവാദവും ക്രൂരമര്‍ദനങ്ങളും അരങ്ങേറുന്നതിനുള്ള പ്രധാന കാരണം ഇത്തരം അറിവില്ലായ്മതന്നെയാണ്. രോഗമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേക്കാള്‍ ക്രൂരമായ വേദനകളും മര്‍ദനങ്ങളുമാണ് സുബോധമുണ്ടെന്ന് അവകാശപ്പെടുന്ന സഹജീവികളും ഉറ്റവരും മറ്റും നിസ്സഹായരായ രോഗികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് മാനസികരോഗികളെയല്ല, അവരുമായി ഇടപഴകുന്നവരെയാണ്  ആദ്യം ബോധവല്‍ക്കരിക്കേണ്ടതും ചികിത്സിക്കേണ്ടതും. സ്‌നേഹപൂര്‍വമായ പരിചരണമാണ് മാനസികരോഗികള്‍ക്കാവശ്യം. വീടുകളിലും ആശുപത്രികളിലും സമൂഹത്തിലുമെല്ലാം  ഇവരുടെ പരിചരണവും ചികിത്സയും കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. മൊയമ്മതാലിക്കാക്കയുടെ അവസ്ഥ  ഇനി ഒരു മാനസികരോഗിക്കും ഉണ്ടാകുവാന്‍ പാടില്ല.


7 comments: