Tuesday, June 2, 2020

Malayalam (Class +2) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

യൂണിറ്റ് 1-  എഴുത്തകം

പാഠം 1-  കണ്ണാടി കാണ്‍മോളവും
 
എഴുത്തച്ഛനും കിളിപ്പാട്ടുപ്രസ്ഥാനവും

മലപ്പുറം ജില്ലയിലെ തിരൂരിലുള്ള തൃക്കണ്ടിയൂരാണ് തുഞ്ചത്ത്   എഴുത്തച്ഛന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. 16-ാം നൂറ്റാണ്ടാണ് അദ്ദേഹത്തിന്റെ ജീവിതകാലം. കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്,  മലയാളഭാഷയുടെ പിതാവ,് ഭക്തകവി  തുടങ്ങിയ വിശേഷണങ്ങള്‍  എഴുത്തച്ഛനുണ്ട്. 'പുതുമലയാണ്മതന്‍  മഹേശന്‍' എന്നാണ് എഴുത്തച്ഛനെ മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളസാഹിത്യത്തില്‍ 16-ാം നൂറ്റാണ്ടില്‍ത്തന്നെ ഉദയംചെയ്ത പ്രസ്ഥാനമാണ് കിളിപ്പാട്ടുപ്രസ്ഥാനം. കവിയുടെ അഭ്യര്‍ഥന അനുസരിച്ച് കിളി കഥപറയുന്ന മട്ടില്‍ എഴുതുന്ന രീതിയാണ് കിളിപ്പാട്ട് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. എഴുത്തച്ഛന്‍ കാവ്യരചനയ്ക്ക് ഉപയോഗിച്ച വൃത്തങ്ങള്‍ കിളിപ്പാട്ട്‌വൃത്തങ്ങള്‍ എന്നറിയപ്പെട്ടു. ഭാഷയെയും സംസ്‌കൃതത്തെയും ഉത്തമരീതിയില്‍ യോജിപ്പിച്ച് പ്രൗഢമായ ഭാഷ മലയാളിക്ക് സമ്മാനിച്ചത് എഴുത്തച്ഛനാണ്. അദ്ദേഹത്തിന്റെ ഭാഷ ഏവര്‍ക്കും അനുകരണീയമായിരുന്നു.  സമൂഹത്തിലെ ഭൗതിക, ആധ്യാത്മിക മൂല്യച്യുതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അദ്ദേഹം കവിതയെ ആയുധമാക്കി. 
ശാകുന്തളം - മലയാളപരിഭാഷകള്‍
മലയാളത്തിലേക്ക് അഭിജ്ഞാനശാകുന്തളം ആദ്യമായി പരിഭാഷപ്പെടുത്തിയത് കേരളവര്‍മ്മ വലിയകോയിത്തമ്പുരാനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ 'കേരളകാളിദാസന്‍' എന്ന് വിളിക്കുന്നത്. ഏ.ആര്‍. രാജരാജവര്‍മ്മ, ആറ്റൂര്‍ കൃഷ്ണപിഷാരടി, വള്ളത്തോള്‍, കുട്ടിക്കൃഷ്ണമാരാര്‍, തിരുനല്ലൂര്‍ കരുണാകരന്‍, എ. ഗോവിന്ദപ്പിള്ള തുടങ്ങി നിരവധി പ്രമുഖര്‍ ശാകുന്തളം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
   
ദൈവദശകം-തുടര്‍ന്നുള്ള വരികള്‍
    ആഴിയും തിരയും കാറ്റും
    ആഴവും പോലെ ഞങ്ങളും
    മായയും നിന്‍ മഹിമയും
    നീയുമെന്നുള്ളിലാകണം.
    നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
    വായതും സൃഷ്ടിജാലവും
    നീയല്ലോ ദൈവമേ, സൃഷ്ടിക്കുള്ള
    സാമഗ്രിയായതും.
    നീയല്ലോ മായയും മായാവിയും
    മായാവിനോദനും
    നീയല്ലോ മായയേ നീക്കി
    സ്സായൂജ്യം നല്‍കുമാര്യനും
    നീ സത്യം ജ്ഞാനമാനന്ദം
    നീ തന്നെ വര്‍ത്തമാനവും
    ഭൂതവും ഭാവിയും വേറ-
        ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ
    അകവും പുറവും തിങ്ങും
    മഹിമാവാര്‍ന്ന നിന്‍പദം
    പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
    ഭഗവാനേ, ജയിക്കുക
    ജയിക്കുക മഹാദേവാ!
    ദീനാവനപരായണ!
    ജയിക്കുക ചിദാനന്ദ!
    ദയാസിന്ധോ ജയിക്കുക
    ആഴമേറും നിന്‍ മഹസ്സാ-
    മാഴിയില്‍ ഞങ്ങളാകവേ
    ആഴണം വാഴണം നിത്യം
    വാഴണം വാഴണം സുഖം.


പാഠം 3 - കിരാതവൃത്തം
കാവ്യബിംബങ്ങള്‍
ഇന്ദ്രിയസംവേദനക്ഷമമായ വാങ്മയചിത്രങ്ങളാണ് ബിംബങ്ങള്‍. കവികള്‍ നമ്മുടെ ഇന്ദ്രിയങ്ങളെ ലക്ഷ്യമാക്കിയാണ് ബിംബകല്പനകള്‍ പ്രയോഗിക്കുന്നത്. ഇന്ദ്രിയാനുഭവങ്ങളെ ധ്വനിപ്പിക്കുന്നതെന്തും ബിംബങ്ങളാണ്. എല്ലാ  ഇന്ദ്രിയങ്ങളും നമുക്ക് അനുഭവങ്ങള്‍  പകര്‍ന്നുതരുന്നു. വാങ്മയചിത്രങ്ങളുടെ നിര്‍മ്മിതിക്ക് കവി ബിംബങ്ങളെ ആശ്രയിക്കുന്നു. സാഹിത്യകാരന് തന്റെ അനുഭൂതികളെ അനുവാചകരിലേക്ക് സംവേദിപ്പിക്കുവാന്‍ ഏറ്റവും ശക്തമായ ഉപകരണമാണ് ദൃശ്യ-ശ്രാവ്യാദിബിംബങ്ങള്‍. അമൂര്‍ത്തമായൊരാശയം അവതരിപ്പിക്കുന്ന 'ചിന്ത' എന്ന പദം ഉദാഹരണമായെടുക്കാം 'ചിറകുള്ള ചിന്തകള്‍'  എന്നു പ്രയോഗിച്ചാല്‍ അതിനെ  ദൃശ്യബിംബമാക്കാം. 'സൗരഭ്യമുള്ള ചിന്തകള്‍' എന്ന പ്രയോഗത്തിലൂടെ അതിനെ ഗന്ധബിംബമാക്കാം. 'സംഗീതാത്മകമായ ചിന്തകള്‍' എന്ന പ്രയോഗത്തിലൂടെ അതിനെ ശ്രവ്യബിംബമാക്കാം. 'പൊള്ളുന്ന ചിന്തകള്‍' എന്നു
പ്രയോഗിച്ച് അതിനെ സ്പര്‍ശബിംബമാക്കാം. 'മധുരിക്കുന്ന ചിന്തകള്‍' എന്നതിലൂടെ നാവിനെ തൃപ്തിപ്പെടുത്തുന്ന ബിംബമാക്കി മാറ്റാം. ഓരോ കവിയുടെയും വ്യക്തിത്വത്തിന്റെ പ്രഖ്യാപനമാണ് അവരുടെ രചനകള്‍. ഓരോ കലാകാരനും രചനാശൈലിയുടെ വ്യതിരിക്തതകൊണ്ടാണ് അവരവരുടേതായ കാവ്യവ്യക്തിത്വം സൃഷ്ടിക്കുന്നത്. ആ കാവ്യവ്യക്തിത്വത്തിന്റെ സ്വതന്ത്രവിഹാരത്തിന് കാവ്യബിംബങ്ങളുടെ സ്ഥാനം നിസ്സാരമല്ല.

കടമ്മനിട്ട രാമകൃഷ്ണന്റെ 'കാട്ടാളന്‍' എന്ന കവിത
കാട്ടാളന്‍ ഞാന്‍ കാട്ടുകിഴങ്ങിന്‍
മൂട്ടില്‍ മുളച്ചു മുതിര്‍ന്നോന്‍
കാര്‍മുകിലിന്റെ മുലപ്പാല്‍ മാത്രം
കു കൊതിച്ചു കരഞ്ഞോന്‍
രാവിന്‍  നീലഞരമ്പു മുറിച്ച-
ച്ചോര കുടിച്ചു വളര്‍ന്നു
പൂവും കപ്പുഴനീര്‍ മോന്തി
കായ്കനി തിന്നു നടന്നു.
കമ്പു വളച്ചൊരു വില്ലുാക്കി
പുല്ലുപറിച്ചൊരു കണയും
ഒരുനാള്‍ പശിയാല്‍  ഒരു പുങ്കണയാല്‍
ഒരു കിളിയെ ഞാന്‍ കൊന്നു.
ഇണയുടെ ദുഃഖം കന്നെുള്ളില്‍
കനലു നിറഞ്ഞു കുമിഞ്ഞു
കവരൊക്കെയധിക്ഷേപിച്ചു
കല്ലുപെറുക്കിയെറിഞ്ഞു
ഏറേറ്റെന്നുടെ മാറില്‍
മാറാമുറിവൊരു  മുദ്രയണിഞ്ഞു
ചേറില്‍  ചെളിയില്‍  ചെമ്മണ്ണിന്‍
കറപുരളും മലവാരത്തില്‍
കല്ലും മുള്ളും കുും കുഴിയും
താിത്തെിയലഞ്ഞു
അത്താണിക്കല്ലില്ലായത്തറ
ആരോ കൊത്തിയിളക്കി
പുലരികള്‍ തോറും പൂവായ്പ്പിന്നെ
പുഴുവായ്ത്തീരും ശോഭ
കാണരുതായ്  കു ഞാനാ-
നാണക്കേടിന്‍ വേല
പൂ പൂത്തപ്പൊഴെനിക്കു ലഭിച്ചത്
കൊഴിയും  പോളകള്‍ മാത്രം
കാ കായ്ചപ്പൊഴെനിക്കു ലഭിച്ചത്
തൊും തൊലിയും  മാത്രം
പൈങ്കിളിയില്ല പഴങ്കൂത്തില്ല
ഭൂമിയിതെത്ര ദരിദ്രം.

യൂണിറ്റ് 2 -  തനതിടം

പാഠം 1-  കേശിനീമൊഴി
 

കഥകളി
കേരളത്തിന് രാജ്യാന്തര അംഗീകാരം നേടിക്കൊടുത്ത കലാരൂപമാണ് കഥകളി. നൃത്തനൃത്യനാട്യങ്ങളും സംഗീതം, സാഹിത്യം എന്നിവയും ഒത്തുചേര്‍ന്ന ഉത്കൃഷ്ടകലാരൂപമാണിത്. കൊട്ടാരക്കരത്തമ്പുരാന്‍ രൂപംകൊടുത്ത രാമനാട്ടത്തിന്റെ  പരിഷ്‌കൃതരൂപമാണ് കഥകളി എന്ന് വിശ്വസിക്കപ്പെടുന്നു. രാമനാട്ടത്തെ പരിഷ്‌കരിച്ച് അഭിനയപ്രാധാന്യമുള്ളതാക്കി മാറ്റിയത് വെട്ടത്തുരാജാവാണ്. ഈ മാറ്റത്തിനാണ് വെട്ടത്തുസമ്പ്രദായമെന്നു പറയുന്നത്. വീണ്ടുമൊരു  പരിഷ്‌കാരം വരുത്തിയത് കപ്ലിങ്ങാട്ടുനമ്പൂതിരിയാണ്. വേഷവിധാനത്തിനാണ് ഇത് പ്രാധാന്യം നല്‍കുന്നത്. ഇത് കപ്ലിങ്ങാട്ടുസമ്പ്രദായം എന്നറിയപ്പെടുന്നു. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളി വാദ്യങ്ങള്‍.
കഥകളിയുടെ ചടങ്ങുകള്‍
    കേളികൊട്ട്- കഥകളിയുണ്ടെന്ന് നാട്ടുകാരെ അറിയിക്കുന്ന ചടങ്ങാണിത്. ചെണ്ട, ചേങ്ങില, മദ്ദളം, ഇലത്താളം എന്നിവ ഉപയോഗിച്ചുള്ള വാദ്യമേളമാണ് കേളികൊട്ട്.
അരങ്ങുകേളി-  അരങ്ങില്‍ വിളക്കുകത്തിച്ചുവച്ചു നടത്തുന്ന ഈ ചടങ്ങ് കേളിക്കൈ എന്നും അറിയപ്പെടുന്നു.
    തോടയം- തിരശ്ശീലയുടെ പിന്നില്‍നിന്നുകൊണ്ട് രണ്ട് കുട്ടിവേഷക്കാര്‍ നടത്തുന്ന ഇഷ്ടദേവതാവന്ദനമാണിത്.
    വന്ദനശ്ലോകം- തോടയത്തിനുശേഷം പാട്ടുകാര്‍ ഇഷ്ടദേവതാസ്തുതിപരമായ വന്ദനശ്ലോകങ്ങള്‍ ആലപിക്കുന്നു.
    പുറപ്പാട് - വന്ദനശ്ലോകത്തിന് പിന്നാലെ കഥാരംഭത്തിലുള്ള ശ്ലോകം പാടുമ്പോള്‍ നായികാനായകന്മാരുടെ  പുറപ്പാടായി.
മേളപ്പദം - കഥ തുടങ്ങുന്നതിനു മുമ്പ് അഷ്ടപദി ഗീതമായ 'മഞ്ജുതര കുഞ്ജലത...'പാടുന്ന ചടങ്ങാണിത്.
    കഥാഭിനയം - പ്രധാന വേഷക്കാര്‍ അരങ്ങിലെത്തി കഥ തുടങ്ങുന്നു
 
കഥകളി വേഷങ്ങള്‍
പച്ച:-സത്വഗുണ പ്രധാനരായ ധീരോദാത്തനായകന്മാര്‍ക്കാണ് പച്ചവേഷം. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, നളന്‍, അര്‍ജുനന്‍, ഇന്ദ്രന്‍ തുടങ്ങിയവര്‍ പച്ചവേഷക്കാരാണ്.
കത്തി:- രജോഗുണ പ്രധാനമായ കഥാപാത്രങ്ങള്‍ക്കാണ് കത്തിവേഷം. പ്രതിനായകന്മാര്‍ കത്തിവേഷക്കാരായിരിക്കും. വീരരസമാണ് പ്രധാനഭാവം. കുറുംകത്തി, നെടുംകത്തി എന്നിങ്ങനെ കത്തിവേഷത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. ദുര്യോധനനും രാവണനും കുറുംകത്തിയാണ്. ഘടോല്‍ക്കചന്‍, കാലകേയന്‍, ഹിഡുംബന്‍ തുടങ്ങിയവരാണ് നെടുംകത്തി വേഷക്കാര്‍.
താടി:- വെള്ളത്താടി, ചുവന്നതാടി, കറുത്തതാടി എന്നിങ്ങനെ താടിവേഷക്കാര്‍ മൂന്നു വിഭാഗമുണ്ട്. സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിഭജനം. ഹനുമാന്‍ വെള്ളത്താടിയാണ്. ബാലി, സുഗ്രീവന്‍, പ്രഹസ്തന്‍, ത്രിഗര്‍ത്തന്‍ തുടങ്ങിയവര്‍ ചുവന്നതാടിക്കാരാണ്. യുദ്ധത്തിനിറങ്ങുന്ന സേനാനായകന്മാര്‍ക്കും ഈ വേഷമാണ്. കലി കറുത്തതാടിയാണ്. രൗദ്രഭാവമുള്ള തമോഗുണമാണ് ഇവരുടെ പ്രത്യേകത.
കരി:- തമോഗുണമുള്ളവര്‍ക്കാണ് കരിവേഷം. ശൂര്‍പ്പണഖ, പൂതന, സിംഹിക, താടക എന്നിവര്‍ക്ക് കരിവേഷമാണ്. കാട്ടാളന്‍ പുരുഷ കരിവേഷമാണ്.
മിനുക്ക്:- സന്ന്യാസിമാര്‍, സ്ത്രീകള്‍, ബ്രാഹ്‌മണര്‍, ദൂതന്‍മാര്‍ എന്നിവരാണ് മിനുക്കുവേഷക്കാര്‍. ഇതിലെ സ്ത്രീവേഷക്കാരുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളിലും ചെറിയ വ്യത്യാസം കാണാന്‍ കഴിയും.




Sunday, May 17, 2020

കേരളപാഠാവലി (യൂണിറ്റ്-1) : ലക്ഷ്മണസാന്ത്വനം എന്ന പാഠഭാഗത്തിന്റെ ആശയം (Class 10)

ലക്ഷ്മണസാന്ത്വനം എന്ന പാഠഭാഗത്തിന്റെ ആശയം
അല്ലയോ പ്രിയപ്പെട്ട ലക്ഷ്മണാ, മത്സരബുദ്ധി ഉപേക്ഷിച്ച് നീ എന്റെ വാക്കുകള്‍ കേള്‍ക്കുക. നിന്റെ മനസ്സ് എന്താണെന്ന് എനിക്ക് നേരത്തേതന്നെ അറിയാം. നിന്നെപ്പോലെ മറ്റാരും എന്നെ സ്‌നേഹിക്കുന്നില്ലെന്നും അറിയാം. തീര്‍ച്ചയായും, നിനക്ക് അസാധ്യമായി  ഒന്നുമില്ല. എങ്കിലും ചില കാര്യങ്ങള്‍ നീ അറിയേണ്ടതുണ്ട്. രാജ്യം, ദേഹം, പ്രപഞ്ചം, ധനധാന്യങ്ങള്‍ എന്നിവയെല്ലാം സത്യമാണെങ്കില്‍ നിന്റെ പ്രയത്‌നം ശരിയാണ്. അവ സത്യമല്ലെങ്കില്‍ നിന്റെ പ്രയത്‌നംകൊണ്ട് എന്താണ് പ്രയോജനം? ഈ ലോകത്തിലെ സുഖങ്ങളെല്ലാം മിന്നല്‍പ്പിണര്‍പോലെ നൈമിഷികമാണ്.  ആയുസ്സും വളരെ വേഗത്തില്‍ നശിച്ചുപോകും. തീയില്‍ ചുട്ടുപഴുത്ത ലോഹത്തില്‍ പതിക്കുന്ന വെള്ളത്തുള്ളിപോലെ പെട്ടെന്ന് നശിക്കുന്നതാണ് മനുഷ്യജന്മം. പാമ്പിന്റെ  വായില്‍ അകപ്പെട്ടിരിക്കുന്ന തവള ഭക്ഷണത്തിന്  ആഗ്രഹിക്കുന്നതുപോലെയാണ് കാലമാകുന്ന പാമ്പിന്റെ വായില്‍ പെട്ടിരിക്കുന്ന ലോകം (മനുഷ്യര്‍) ചഞ്ചലമനസ്സോടെ ലൗകികസുഖങ്ങള്‍ തേടുന്നത്. പുത്രന്മാര്‍, മിത്രങ്ങള്‍, സമ്പത്ത്, ഭാര്യ  എന്നിവരോടുള്ള ബന്ധങ്ങളെല്ലാം വളരെക്കുറച്ചു കാലത്തേക്ക് മാത്രമേയുള്ളുവെന്ന് നീ ഓര്‍ക്കുക. യാത്രചെയ്ത് ക്ഷീണിച്ച വഴിയാത്രക്കാര്‍ പെരുവഴിയമ്പലത്തില്‍ ഒരുമിച്ചുകൂടി പിരിഞ്ഞുപോകുന്നതുപോലെയും നദിയിലൂടെ പൊങ്ങുതടികള്‍ ഒഴുകുന്നതുപോലെയും  അസ്ഥിരമാണ് കുടുംബജീവിതം. ഐശ്വര്യവും അസ്ഥിരമാണ്. യൗവനവും  ആരിലും സ്ഥിരമായിട്ടു നില്‍ക്കുകയില്ലല്ലോ. ഭാര്യയോടൊത്തുള്ള ജീവിതം സ്വപ്‌നത്തിനു  തുല്യമാണ്. മനുഷ്യര്‍ക്ക് ആയുസ്സും അല്‍പ്പകാലത്തേക്കു  മാത്രമേയുള്ളൂ.  രാഗാദിസങ്കുലമായുള്ള (രാഗം, ദ്വേഷം, മദം, മാത്സര്യം, ലോഭം എന്നിവകൊണ്ട് നിറഞ്ഞ)  ഈ ലോകവും സ്വപ്‌നത്തിനു തുല്യമാണ്.
അജ്ഞാനികളായ മനുഷ്യര്‍ ദേഹമാണ് പ്രധാനമെന്നു കരുതുന്നു. അഹംബുദ്ധികൊണ്ട് ഞാന്‍  ബ്രാഹ്മണനാണ്, ഞാന്‍ രാജാവാണ്, ഞാന്‍ ആഢ്യനാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ മരണം സംഭവിച്ചേക്കാം. നമ്മുടെ ശരീരം ജന്തുക്കള്‍ ഭക്ഷിച്ച് കാഷ്ഠിച്ചെന്നുവരാം. വെന്ത് ചാരമായി മാറാം. മണ്ണിന്റെ അടിയില്‍ കൃമികളായിത്തീരാം. അതുകൊണ്ട് ദേഹത്തിന്റെ പേരിലുള്ള അതിമോഹം ഒട്ടും നല്ലതല്ല.  തൊലി, മാംസം, രക്തം, അസ്ഥി, മലം, മൂത്രം,  ശുക്ലം എന്നിവ ചേര്‍ന്നതാണ്  പഞ്ചഭൂതനിര്‍മ്മിതമായ ഈ ശരീരം. മായാമയവും നാശോന്മുഖവുമായ  ഈ ശരീരം സദാ മാറിക്കൊണ്ടിരിക്കുന്നതും നശ്വരവുമാണ്. ദേഹത്തെക്കുറിച്ചുള്ള അഭിമാനം  നിമിത്തമുണ്ടായ മോഹംകൊണ്ടാണ് ലോകം ദഹിപ്പിച്ചുകളയാമെന്ന് നീ കരുതിയത്. അത്  നിന്റെ അജ്ഞതയാണെന്ന് അല്ലയോ ലക്ഷ്മണാ, നീ  മനസ്സിലാക്കിയാലും.  ദേഹത്തെക്കുറിച്ച്  അഭിമാനം കൊള്ളുന്നവരുടെ ക്രോധം മൂലമാണ് ദോഷങ്ങളെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ശരീരമാണ് ഞാന്‍ എന്ന വിചാരമാണ് മനുഷ്യരില്‍ മോഹം ജനിപ്പിക്കുന്ന അവിദ്യ. ഈ ശരീരമല്ല, ആത്മാവാണ് ഞാന്‍ എന്ന ബോധമാണ് മോഹത്തെ ഇല്ലാതാക്കുന്ന വിദ്യ. സംസാരകാരിണി (ജനനമരണ സുഖദുഃഖ സമ്മിശ്രമായ ഈ ലോകമാണ് പ്രധാനമെന്ന് കരുതുന്നത്) ആണ് അവിദ്യ. സംസാരനാശിനി (ഈ ലോകം അപ്രധാനമാണ് എന്ന് കരുതുന്നത്) ആണ് വിദ്യ. നീ മോക്ഷമാണ്  ആഗ്രഹിക്കുന്നതെങ്കില്‍ ഏകാഗ്രബുദ്ധിയോടെ വിദ്യ അഭ്യസിക്കണം. പക്ഷേ, ആ സമയത്ത് കാമം, ക്രോധം, ലോഭം, മോഹം ആദിയായ ശത്രുക്കള്‍ കടന്നുവരുമെന്നും നീ മനസ്സിലാക്കണം. മോക്ഷമാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നവയില്‍ ഏറ്റവും കരുത്തുള്ളത്  ക്രോധത്തിനാണ്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, സ്‌നേഹിതര്‍ എന്നിവരെപ്പോലും ക്രോധം മൂലം മനുഷ്യര്‍ കൊല്ലുന്നു. ക്രോധം മനോദുഃഖത്തിന് കാരണമായിത്തീരും. മനുഷ്യര്‍ക്ക് ലൗകികബന്ധനങ്ങളുണ്ടാക്കുന്നത് ക്രോധമാണ്. ക്രോധം  നിനക്ക്  ധര്‍മ്മക്ഷയമുണ്ടാക്കും. അതിനാല്‍  അറിവുള്ളവര്‍ ക്രോധത്തെ ഉപേക്ഷിക്കണം.

Monday, May 11, 2020

യൂണിറ്റ്-1 : കാലാതീതം കാവ്യവിസ്മയം - കൂടുതല്‍ വിവരങ്ങള്‍ (Class 10)

▲ പാഠം 1  - ലക്ഷ്മണസാന്ത്വനം
⬛ അധ്യാത്മരാമായണം കിളിപ്പാട്ട് 
സംസ്‌കൃതത്തിലെ അധ്യാത്മരാമായണം എന്ന കാവ്യത്തെ അവലംബിച്ച് എഴുത്തച്ഛന്‍ കിളിപ്പാട്ടുരീതിയില്‍ എഴുതിയ കൃതിയാണ് അധ്യാത്മരാമായണം കിളിപ്പാട്ട്.     മലയാളത്തില്‍ സാംസ്‌കാരികവും ഭാഷാപരവുമായ നവോത്ഥാനത്തിന് ഈ കൃതി  കളമൊരുക്കി. സാമൂഹികവും സാംസ്‌കാരികവുമായ അപചയത്തില്‍നിന്ന് കേരളജനതയെ മോചിപ്പിക്കാന്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു കഴിഞ്ഞു. കൂടാതെ പാട്ട്, മണിപ്രവാളം എന്നിങ്ങനെ രണ്ടുതരം കാവ്യസരണിയില്‍ ഒഴുകിയിരുന്ന മലയാളകവിതയ്ക്ക് മാതൃകാപരമായ സത്തയും ശൈലിയും ഒരുക്കിയെടുക്കാന്‍  എഴുത്തച്ഛന്റെ കാവ്യങ്ങള്‍ സഹായിച്ചു. ഈ കാരണംകൊണ്ടാണ് മലയാളഭാഷയുടെ പിതാവെന്ന് നാം അദ്ദേഹത്തെ ബഹുമാനപൂര്‍വം വിളിക്കുന്നത്.
⬛ ദശരഥന്റെ പുത്രന്മാര്‍  
കോസലരാജ്യത്തെ രാജാവായിരുന്നു ദശരഥന്‍. കോസലത്തിന്റെ തലസ്ഥാനം അയോധ്യയായിരുന്നു. ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു.  കൗസല്യയും കൈകേയിയും സുമിത്രയും. ദശരഥന് കൗസല്യയില്‍ പിറന്ന മകനാണ് ശ്രീരാമന്‍.  കൈകേയിയില്‍ ഭരതനും. സുമിത്രയില്‍ രണ്ടു പുത്രന്മാരുണ്ടായി- ലക്ഷ്മണനും ശത്രുഘ്‌നനും. ജനകരാജാവിന്റെ വളര്‍ത്തുമകളായ സീതയെ രാമന്‍ വിവാഹംകഴിച്ചു. സീതയുടെ സഹോദരിമാരായ ഊര്‍മ്മിളയെ ലക്ഷ്മണനും മാണ്ഡവിയെ ഭരതനും ശ്രുതകീര്‍ത്തിയെ ശത്രുഘ്‌നനും വിവാഹംകഴിച്ചു.

▲ പാഠം 2  - ഋതുയോഗം
⬛ അഭിജ്ഞാനശാകുന്തളം- കഥാസംഗ്രഹം 
വിശ്വാമിത്രമഹര്‍ഷിയുടെയും അപ്‌സരസ്സായ മേനകയുടെയും മകളാണ് ശകുന്തള. മാതാപിതാക്കള്‍ ഉപേക്ഷിച്ച അവളെ കണ്വമഹര്‍ഷിയാണ് വളര്‍ത്തിയത്.  അനസൂയ, പ്രിയംവദ എന്നീ തോഴിമാരോടൊപ്പം അവള്‍ കണ്വാശ്രമത്തില്‍ വളര്‍ന്നു. ഹസ്തിനപുരിയിലെ രാജാവായ ദുഷ്ഷന്തന്‍ നായാട്ടിനിടയില്‍ കണ്വാശ്രമത്തിലെത്തി. ശകുന്തളയെക്കണ്ട് മോഹിച്ച രാജാവ് ഗാന്ധര്‍വവിധിപ്രകാരം അവളെ വിവാഹം കഴിച്ചു. തുടര്‍ന്ന് തന്റെ മുദ്രമോതിരം ശകുന്തളയ്ക്ക് നല്‍കിക്കൊണ്ട്, ഉടന്‍തന്നെ തിരികെവരാമെന്ന് പറഞ്ഞ് ദുഷ്ഷന്തന്‍ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോയി. ഈ സമയത്ത് ദുര്‍വാസാവുമഹര്‍ഷി കണ്വമഹര്‍ഷിയുടെ ആശ്രമത്തിലെത്തി. വിരഹാര്‍ത്തയായിരുന്ന ശകുന്തള മഹര്‍ഷിയെ കാണുകയോ ഉപചരിക്കുകയോ ചെയ്തില്ല. കുപിതനായ മുനി, ആരെയാണോ ശകുന്തള ഓര്‍ത്തുകൊണ്ടിരിക്കുന്നത് അയാള്‍ അവളെ മറന്നുപോകട്ടെയെന്ന് ശപിച്ചു. ഈ രംഗം കണ്ടുനിന്ന ശകുന്തളയുടെ തോഴി ശാപമോക്ഷത്തിനായി മുനിയോട് അപേക്ഷിച്ചു. എന്തെങ്കിലും അടയാളം കാണിച്ചാല്‍ ശകുന്തള മനസ്സില്‍ വിചാരിച്ചുകൊണ്ടിരുന്ന ആള്‍ അവളെ ഓര്‍മ്മിക്കുമെന്ന് മുനി ശാപമോക്ഷം നല്‍കി. ഈ സംഭവങ്ങളൊന്നും ശകുന്തള അറിഞ്ഞതേയില്ല.
വളരെ നാളുകള്‍ കഴിഞ്ഞിട്ടും ദുഷ്ഷന്തന്‍ തിരികെ വരാത്തതിനാല്‍ കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ തന്റെ ശിഷ്യന്മാരോടൊപ്പം ദുഷ്ഷന്തന്റെ കൊട്ടാരത്തിലേക്കയച്ചു. മുദ്രമോതിരം പ്രത്യേകം സൂക്ഷിക്കണമെന്ന് തോഴിയായ അനസൂയ ശകുന്തളയോട് പറഞ്ഞിരുന്നു. യാത്രാമധ്യേ സോമാവതാരതീര്‍ഥത്തില്‍ ഇറങ്ങിയ ശകുന്തളയുടെ വിരലില്‍നിന്നും മുദ്രമോതിരം ജലത്തില്‍ വീണുപോയത് ആരുമറിഞ്ഞില്ല. കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുര്‍വാസാവിന്റെ ശാപംമൂലം ദുഷ്ഷന്തന്‍ മറന്നുപോയിരുന്നു. ദുഷ്ഷന്തന്‍ നല്‍കിയ മുദ്രമോതിരം നഷ്ടപ്പെട്ടുപോയിരുന്നതിനാല്‍ അടയാളമായി അത് കാണിക്കുവാനും ശകുന്തളയ്ക്ക് കഴിഞ്ഞില്ല. ആകെ വിഷമിച്ച ശകുന്തളയെ അവിടെ ഉപേക്ഷിച്ച് കണ്വശിഷ്യന്മാരും മടങ്ങിപ്പോയി. ശകുന്തളയുടെ ദീനമായ വിലാപം കേട്ട് അമ്മയായ മേനക ദേവലോകത്തുനിന്ന് അവിടെ എത്തുകയും അവളെ കശ്യപാശ്രമത്തിലെത്തിക്കുകയും ചെയ്തു. അവിടെവച്ച് ശകുന്തള ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് സര്‍വദമനന്‍ എന്ന് പേരും നല്‍കി.

ഇതിനിടയില്‍ ദുഷ്ഷന്തന്റെ കൊട്ടാരത്തിലും ചില സംഭവങ്ങളുണ്ടായി. ശകുന്തളയുടെ വിരലില്‍നിന്ന് സോമാവതാരതീര്‍ഥത്തില്‍ വീണ മുദ്രമോതിരം ഒരു മത്സ്യം കൊത്തി വിഴുങ്ങിയിരുന്നു. യാദൃച്ഛികമായി ആ മത്സ്യം ഒരു മുക്കുവന്റെ വലയില്‍ കുടുങ്ങി. മത്സ്യത്തിന്റെ ഉള്ളില്‍നിന്ന് ലഭിച്ച മുദ്രമോതിരം വില്‍ക്കുവാന്‍ ശ്രമിച്ച മുക്കുവനെ രാജഭടന്മാര്‍ പിടികൂടി കൊട്ടാരത്തിലെത്തിച്ചു. മുദ്രമോതിരം കണ്ടതോടെ ദുഷ്ഷന്തന് കഴിഞ്ഞതെല്ലാം ഓര്‍മ്മവന്നു. ശകുന്തളയെ പരിത്യജിച്ചതോര്‍ത്ത് രാജാവ് വളരെയധികം ദുഃഖിച്ചു. കുറേ നാളുകള്‍ക്കുശേഷം ദേവാസുരയുദ്ധം കഴിഞ്ഞ് മടങ്ങിവരുന്ന വഴിയില്‍ കശ്യപാശ്രമത്തില്‍ എത്തിച്ചേര്‍ന്ന ദുഷ്ഷന്തന്‍ അവിടെവച്ച് ശകുന്തളയെയും മകനെയും കണ്ടുമുട്ടി. അതിനുശേഷം കശ്യപന്റെ അനുഗ്രഹത്തോടെ ദുഷ്ഷന്തന്‍ അവരെ സ്വന്തം കൊട്ടാരത്തിലേക്ക് കൂടിക്കൊണ്ടുപോയി. ദുഷ്ഷന്തന്റെ പുത്രന്‍ ഭരതനെന്ന പേരില്‍ പിന്നീട് ഭാരതചക്രവര്‍ത്തിയാവുകയും ചെയ്തു.
⬛ കാളിദാസനെക്കുറിച്ചുള്ള ഐതിഹ്യം
ചെറുപ്പത്തില്‍ കാളിദാസന് തീരെ ബുദ്ധിവളര്‍ച്ചയുണ്ടായിരുന്നില്ല.  പണ്ഡിതയായ ഒരു സ്ത്രീയെ അവിചാരിതമായി അദ്ദേഹത്തിന് വിവാഹം ചെയ്യേണ്ടിവന്നു. കാളിദാസന് സാമാന്യബുദ്ധിപോലും ഇല്ലെന്ന് മനസ്സിലാക്കിയ ഭാര്യ അദ്ദേഹത്തെ വീടിനു പുറത്താക്കി വാതിലടച്ചു.  അങ്ങനെ അലഞ്ഞുതിരിയുമ്പോള്‍ ഒരു വൃദ്ധ പറഞ്ഞതുകേട്ട് അടുത്തുള്ള കാളീക്ഷേത്രത്തിലെത്തി. അപ്പോള്‍ ദേവി പുറത്തുപോയിരിക്കുകയായിരുന്നു. കാളിദാസന്‍ ക്ഷേത്രത്തിനകത്തുകയറി വാതിലടച്ചു. തിരിച്ചുവന്ന ദേവി 'അകത്താര്?' എന്നു ചോദിച്ചു. 'പുറത്താര്?' എന്ന മറുചോദ്യമായിരുന്നു 
കാളിദാസന്റെ മറുപടി. 'പുറത്തു കാളി' എന്ന് ദേവി പറഞ്ഞു. 'അകത്ത് ദാസന്‍' എന്ന് കാളിദാസന്‍ മറുപടി നല്‍കി. കാളിദാസന്റെ ബുദ്ധിശൂന്യത ബോധ്യപ്പെട്ട ദേവി നാക്കുനീട്ടാനാവശ്യപ്പെടുകയും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ അദ്ദേഹത്തിന്റെ നാവില്‍ പകര്‍ന്നുകൊടുക്കുകയും ചെയ്തു. വിദ്യ ആരംഭിച്ചത് ദേവിയില്‍ നിന്നായതുകൊണ്ടാണ് കാളിദാസന്റെ കവിതകള്‍ക്ക് ഇത്ര മഹത്ത്വം കൈവന്നതെന്ന് കരുതപ്പെടുന്നു. പണ്ഡിതനായി മാറിയ കാളിദാസന്‍ വീട്ടില്‍ തിരിച്ചെത്തി. ''അസ്തി കശ്ചിത് വാഗര്‍ത്ഥഃ'' (പ്രത്യക്ഷമായ ജ്ഞാനം അങ്ങേക്ക്  കൈവന്നിട്ടുണ്ടോ?) എന്ന് ഭാര്യ അദ്ദേഹത്തോട്  ചോദിച്ചുവത്രേ. പത്‌നിയോടുള്ള ബഹുമാനം കൊണ്ടാണ് തന്റെ മൂന്നു കൃതികളുടെ തുടക്കത്തില്‍ ഈ മൂന്നു വാക്കുകള്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. 'കുമാരസംഭവം' 'അസ്തി'എന്ന പദത്തോടെയും 'മേഘദൂതം'  'കശ്ചിത്'എന്ന പദത്തോടെയും 'രഘുവംശം' 
'വാഗര്‍ത്ഥഃ' എന്ന പദത്തോടെയുമാണ് ആരംഭിക്കുന്നത്. കഥയെന്തായാലും കാളിദാസനെക്കാള്‍ പ്രതിഭാശാലിയായ മറ്റൊരു കവി ഭാരതത്തിന്റെ മണ്ണില്‍ പിറന്നിട്ടില്ല.
⬛ വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങള്‍
ക്രിസ്തുവിന്  മുമ്പ്  ഒന്നാം നൂറ്റാണ്ടില്‍ ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സില്‍ ഒമ്പത് മഹാന്മാരുണ്ടായിരുന്നു. ധന്വന്തരി, ക്ഷപണകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹിരന്‍, വരരുചി എന്നിവരായിരുന്നു ആ മഹാന്മാര്‍. ഇവര്‍ നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്നു. ഇവരുടെ പേരുകള്‍ കോര്‍ത്തിണക്കിയ ശ്ലോകമാണ് താഴെ കൊടുത്തിരിക്കുന്നത്. 
''ധന്വന്തരിക്ഷപണകാമരസിംഹശങ്കു
വേതാളഭട്ടഘടകര്‍പ്പരകാളിദാസാഃ 
ഖ്യാതോവരാഹമിഹിരോ നൃപതേസ്സഭായാം
രത്‌നാനിവൈവരരുചിര്‍ന്നവവിക്രമസ്യ.''
⬛ നവരത്‌നങ്ങള്‍
മുത്ത്, മാണിക്യം, വൈഡൂര്യം, ഗോമേദകം, വജ്രം, പവിഴം, പദ്മരാഗം, മരതകം, നീലം എന്നിവയാണ് നവരത്‌നങ്ങള്‍.
⬛ പന്ത്രണ്ടാദിത്യന്മാര്‍ 
കശ്യപപ്രജാപതിക്ക് ദക്ഷപുത്രിയായ അദിതിയിലുണ്ടായ പന്ത്രണ്ടു പുത്രന്മാരാണ് പന്ത്രണ്ടാദിത്യന്മാര്‍ എന്നറിയപ്പെടുന്നത്. അദിതിയുടെ മക്കള്‍ എന്ന അര്‍ഥത്തിലാണ്  ഇവര്‍ ആദിത്യന്മാര്‍ എന്നറിയപ്പെടുന്നത്. വിഷ്ണു, ശക്രന്‍, അര്യമാവ്, ധാതാവ്, ത്വഷ്ടാവ്, പൂഷാവ്, വിവസ്വാന്‍, സവിതാവ്, മിത്രന്‍, വരുണന്‍, അംശന്‍, ഭഗന്‍ എന്നിവരാണ് പന്ത്രണ്ടാദിത്യന്മാര്‍.
 








Wednesday, January 8, 2020

അടിസ്ഥാനപാഠാവലി (യൂണിറ്റ്-2) :കണ്ണുവേണമിരുപുറമെപ്പോഴും - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം - 2: കിട്ടും പണമെങ്കിലിപ്പോള്‍
▲നമ്പ്യാര്‍ ഫലിതങ്ങള്‍ ▲
തന്റെ ചുറ്റുപാടും നിലനിന്നിരുന്ന അന്യായങ്ങള്‍ക്കു നേരെ പരിഹാസശരങ്ങളെയ്ത കുഞ്ചന്‍നമ്പ്യാര്‍ രാജാവിനെപ്പോലും വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്നു. നമ്പ്യാരുടെ ഹാസ്യരസികതയ്ക്ക് ഉദാഹരണമായി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും.
◼️ താനാര്?
രാജാവിന്റെ ഇഷ്ടക്കാരനായ നമ്പിയെ നമ്പ്യാര്‍ നേരിട്ട കഥ രസകരമാണ്. ഒരിക്കല്‍ നമ്പി കുഞ്ചന്‍നമ്പ്യാരോട് 'നീയാര്' എന്ന്  ചോദിച്ചപ്പോള്‍ നമ്പ്യാര്‍ തിരിച്ചടിച്ചു-'താനാര്?' വിഷയം രാജാവിന്റെ  മുന്നിലെത്തി. നമ്പ്യാര്‍ വളരെ വിനയത്തോടെ, എന്നാല്‍ സമര്‍ഥമായി സംഭവം വിവരിച്ചത് ഇങ്ങനെയാണ്.
''നമ്പിയാരെന്നു ചോദിച്ചു.
നമ്പിയാരെന്നു ചൊല്ലിനേന്‍
നമ്പികേട്ടഥ കോപിച്ചു.
തമ്പുരാനെ പൊറുക്കണേ.''
◼️ കാതിലോല
ഒരിക്കല്‍ ഉണ്ണായിവാര്യരും കുഞ്ചന്‍നമ്പ്യാരും വഴിയിലൂടെ നടന്നുപോകുകയായിരുന്നു. സുന്ദരിയായ ഒരു യുവതിയും തോഴിയും കുളിക്കാന്‍ പോകുന്നത് ഇരുവരും കണ്ടു.  വാര്യര്‍ ചോദിച്ചു. ''കാതിലോല?'' കേട്ടാല്‍ കാതിലെ  ആഭരണത്തെപ്പറ്റിയാണ് ചോദിക്കുന്നതെന്ന് തോന്നും. എന്നാല്‍ ''കാ അതിലോല?'- ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? എന്നാണ് ഉണ്ണായിവാര്യര്‍ ചോദിച്ചത്. അതിന് നമ്പ്യാരുടെ മറുപടി ഇങ്ങനെയായിരുന്നു. ''നല്ലതാളി.'' നല്ല താളിയെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നുമെങ്കിലും ''നല്ലത് ആളി'' എന്നാണ് നമ്പ്യാര്‍ പറഞ്ഞത്. തോഴിക്കാണ് സൗന്ദര്യം  കൂടുതല്‍ എന്നാണ് നമ്പ്യാര്‍ തന്റെ മറുപടിയിലൂടെ വ്യക്തമാക്കിയത്.


കേരളപാഠാവലി (യൂണിറ്റ്-4) : മാനവികതയുടെ മഹാഗാഥകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം - 1 : മാനവികതയുടെ തീര്‍ഥം

പ്രളയാക്ഷരങ്ങള്‍
2018 ലെ പ്രളയത്തിനുശേഷം പ്രളയപുനരധിവാസത്തിനായി  തൃശൂര്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ പുസ്തകമാണ് 'പ്രളയാക്ഷരങ്ങള്‍'. കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.  പുസ്തകം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് നല്‍കുന്നത്. പ്രളയത്തെ രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കവര്‍പേജു മുതല്‍ അവസാനം വരെ വാക്കിലും വരയിലും പ്രളയം നിറഞ്ഞുനില്‍ക്കുന്നു. കഥ, കവിത, ആത്മകഥ നോവല്‍ഭാഗം തുടങ്ങിയവ ഉള്‍പ്പെടെ 30 രചനകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തകഴിയുടെയും എം.ടി. വാസുദേവന്‍നായരുടെയും ടിയ പത്‌നാഭന്റെയുമെല്ലാം രചകള്‍ ഈ പുസ്തകത്തിലുണ്ട്. 200 രൂപയാണ് പുസ്തകത്തിന്റെ വില. 'പ്രളയാക്ഷരങ്ങള്‍' എന്ന പുസ്തകത്തിന്റെ ആശയം മുന്നോട്ടുവച്ചത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ്.


Tuesday, January 7, 2020

സഫലമീയാത്ര എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

1. ബന്ധങ്ങള്‍ക്ക് ബലം കുറഞ്ഞുവരുന്ന പുതിയ കാലത്തിന് 'സഫലമീയാത്ര' നല്‍കുന്ന സന്ദേശം വിശദീകരിക്കുക.
  ദാമ്പത്യബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമാക്കുന്ന കവിതയാണ് 'സഫലമീയാത്ര'. മരുന്നുകളുമായി ഇഴഞ്ഞു നീങ്ങുന്ന രാത്രികള്‍. മനസ്സിലും ശരീരത്തിലും സദാ വേദനിപ്പിക്കുന്ന വ്രണങ്ങള്‍. ഏതു സമയത്തും വീണുപോകാവുന്ന ശരീരം. ഇതാണ് രോഗിയായ ഭര്‍ത്താവിന്റെ അവസ്ഥ. പരസ്പരം ഊന്നുവടികളായി നീണ്ട മുപ്പതുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. അവശേഷിക്കുന്ന ദിനങ്ങളെയും സന്തോഷത്തോടെ സ്വീകരിക്കാന്‍ തയാറാണ് ഈ ദമ്പതികള്‍. ദീര്‍ഘമാംഗല്യത്തിനുവേണ്ടി ഇനിയും തിരുവാതിരയെ കാത്തിരിക്കയാണവര്‍. വേഗം കൂടിയ പുതിയ കാലത്തിന്  ഇത് അദ്ഭുതമായി തോന്നിയേക്കാം. പരസ്പരം കൈകോര്‍ത്ത് ചേര്‍ന്നുനിന്നുകൊണ്ടാണ് കവി സഫലമീയാത്രയെന്ന് പറയുന്നത്. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും കൊഴുത്ത ചവര്‍പ്പ് ഇരുവരും ഏറെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് ശാന്തിപകരുന്ന ശര്‍ക്കരയുടെ മാധുര്യമാണ്. ജീവിതം എങ്ങനെയായിരിക്കണം എന്ന് വിളംബരം ചെയ്യുന്നതാണ് 'സഫലമീയാത്ര'. ഒരുമിച്ച് സഹിക്കാനും പ്രതിസന്ധികളെ നേരിടാനും മറന്നുപോയ പുതിയ കാലത്തെ മനുഷ്യര്‍ക്ക് പഠിക്കാനും ഓര്‍മ്മിക്കാനുമുള്ള പാഠപുസ്തകമാണ് ഈ കവിത.
2. ''നാമന്യോന്യമൂന്നുവടികളായ് നില്‍ക്കാം''-
ഈ വരിയില്‍ തെളിയുന്ന ആശയമെന്ത്? ചര്‍ച്ചചെയ്ത്  ലഘുക്കുറിപ്പ് തയാറാക്കുക.
മരണം വരെ പരസ്പരം ഊന്നുവടികളായി നില്‍ക്കേണ്ടവരാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. ജീവിതത്തിന്റെ പാതിയിലേറെ ഇരുവരും പിന്നിട്ടത് അങ്ങനെയാണ്. കവി രോഗബാധിതനായിക്കഴിഞ്ഞു. ഇനിയെത്രനാളെന്ന് പറയാനാവില്ല. ജനലരികില്‍ നിലാവിനെ നോക്കിനില്‍ക്കുമ്പോള്‍  തന്നോടു  ചേര്‍ന്നുനില്‍ക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുന്നത് ഒരു ചുമയില്‍ തന്റെ ശരീരമാകുന്ന പഴങ്കൂട് അടിതകര്‍ന്നുവീണേക്കുമെന്ന ആശങ്കകൊണ്ടാണ്. ഇനിയും ഒരു തിരുവാതിര കാണുവാന്‍ താനുണ്ടാവുകയില്ലെന്ന് കവി കരുതുന്നുമുണ്ട്. മരുന്നുകളില്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ് അദ്ദേഹത്തിന്റെ സായാഹ്നങ്ങള്‍. ഒരാളില്ലാതെ മറ്റെയാള്‍ക്ക് നിലനില്‍ക്കാനാവില്ല എന്ന  ഇഴയടുപ്പത്തിന്റെ സൂചനകൂടി ഈ വരിയില്‍ വായിക്കാനാവും. ജീവിതത്തിന്റെ നല്ല കാലങ്ങളില്‍ മാത്രമല്ല, ഇനിയവശേഷിക്കുന്ന ഓരോ നിമിഷത്തിലും സന്തോഷത്തോടെ  പരസ്പരം ഊന്നുവടിയായി നില്‍ക്കുവാനുള്ള ക്ഷണംകൂടിയാണിത്.
3. 'തിരുവാതിരയെ എതിരേല്‍ക്കുന്ന കവി' നല്‍കുന്ന സൂചനകള്‍ എന്തെല്ലാമാണ്?
ഏറ്റവും ഉറപ്പുള്ള ദാമ്പത്യബന്ധമാണ് കവിയുടേത്. മൂന്നു പതിറ്റാണ്ട് ഒരുമിച്ചു ജീവിച്ചിച്ചിട്ടും മതിവരാത്ത മനസ്സാണ്  കവിയുടേത്. ദീര്‍ഘമാംഗല്യത്തിനുവേണ്ടിയാണ് തിരുവാതിര ആഘോഷിക്കുന്നത്. ഭാര്യയോടൊപ്പം ജനലരികില്‍നിന്ന് കവി കാത്തിരിക്കുന്നത് തിരുവാതിരയുടെ വരവാണ്.  ഒരുമിച്ചു ജീവിച്ചു കൊതിതീരാത്ത കവി ധനുമാസത്തിലെ കുളിരും നനവുമുള്ള തിരുവാതിരയെ ഇപ്രകാരം കാത്തിരിക്കുന്നത് ഒരു ചുമയില്‍ അടിതകര്‍ന്നുവീണേക്കാവുന്ന ശരീരവുമായാണ്. പരസ്പരം ഊന്നുവടികളായി ജീവിച്ചവരാണ് ഈ ദമ്പതികള്‍. ഇനിയുള്ള ദിവസങ്ങളെയും  സന്തോഷത്തോടെ സ്വീകരിക്കാന്‍ കൈകള്‍ കോര്‍ത്തുപിടിച്ചു കാത്തിരിക്കുകയാണവര്‍.


കേരളപാഠാവലി (യൂണിറ്റ്-4) : പാരിന്റെ നന്മയ്ക്കത്രേ... - കൂടുതല്‍ വിവരങ്ങള്‍ (Class 9))

പാഠം 1 - കാളകള്‍
ഹൃദയത്തില്‍ സൂക്ഷിച്ച പാട്ടുകള്‍...
ജീവിതത്തിന്റെ അവസാനകാലത്ത് പി. ഭാസ്‌കരന്‍ അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു. ഉറ്റബന്ധുക്കളെ തിരിച്ചറിയാനോ പഴയകാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഈ അവസ്ഥയറിഞ്ഞ് പ്രശസ്ത ഗായികയായ എസ്. ജാനകി അദ്ദേഹത്തെ കാണാന്‍ ചെന്നു. അദ്ദേഹമെഴുതിയ ഒട്ടേറെ ഗാനങ്ങള്‍ പാടിയ  ജാനകിയെയും അദ്ദേഹം തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന്റെ അടുക്കലിരുന്ന് താന്‍ പാടിയ ഗാനങ്ങള്‍ ജാനകി പതുക്കെ മൂളി. ആ പാട്ടുകളുടെ മുഴുവന്‍ വരികളും പി. ഭാസ്‌കരന്‍ ഓര്‍ത്തെടുത്ത് കൂടെപ്പാടി. അവ പാടിയത്  തന്നോടൊപ്പം പാടുന്ന ജാനകിയാണെന്നോ ആ പാട്ടുകള്‍ താനെഴുതിയതാണെന്നോ ഒന്നും അപ്പോള്‍ അദ്ദേഹത്തിന് ഓര്‍മയില്ലായിരുന്നു. മറവിക്ക് കീഴടങ്ങാതെ ആ ഹൃദയത്തില്‍ നിറഞ്ഞുനിന്നിരുന്നത്  ആ പാട്ടുകള്‍ മാത്രം.  2007 ഫെബ്രുവരി 25- ന് ആ ഹൃദയവും നിശ്ചലമായി.

പി. ഭാസ്‌കരന്‍ രചിച്ച ചില പ്രശസ്ത 
സിനിമാഗാനങ്ങള്‍
♪ കായലരികത്ത്... 
♪ കുയിലിനെത്തേടി...
♪ എല്ലാരും ചൊല്ലണ്...
♪ താമസമെന്തേ വരുവാന്‍...
♪ ഇന്നലെ മയങ്ങുമ്പോള്‍...
♪ കാട്ടിലെ പാഴ്മുളം...
♪ അല്ലിയാമ്പല്‍ കടവില്‍...
♪ അഞ്ജനക്കണ്ണെഴുതി...
♪ ഇന്നെനിക്കു പൊട്ടുകുത്താന്‍...
♪ പത്തു വെളുപ്പിന്...
♪ കേശാദിപാദം തൊഴുന്നേന്‍...
♪ പ്രാണസഖീ ഞാന്‍...
♪ സ്വര്‍ഗഗായികേ ഇതിലേ...
♪ കരയുന്നോ പുഴ ചിരിക്കുന്നോ...
♪ ഒരു പുഷ്പം മാത്രമെന്‍...

പാഠം 2 - സാക്ഷി
▲ സര്‍ക്കാര്‍ ഓഫീസുകളെക്കുറിച്ച് ചെമ്മനം ചാക്കോ എഴുതിയ  'ആളില്ലാക്കസേരകള്‍' എന്ന കവിത
മോളിലായ്ക്കറങ്ങുന്നു പങ്കകള്‍, താഴെയെങ്ങു-
മാളില്ലാക്കസേരകള്‍, പ്യൂണില്ലാക്കവാടങ്ങള്‍
ചെല്ലുമ്പോള്‍ കാണും രംഗമെങ്ങുമീവിധം, കാണ്മോര്‍
ചൊല്ലുന്നു ബന്ധപ്പെട്ട കക്ഷി കാന്റീനില്‍ പോയി
ഇടനാഴിയില്‍, മരച്ചുവട്ടില്‍, വരാന്തയില്‍ 
തുടരെക്കലപില കൊച്ചുവര്‍ത്തമാനം ചൊല്ലി
എത്ര ഭാരമേ, ഭാരിച്ചാരു ശമ്പളം വാങ്ങി
പത്തുതൊട്ടഞ്ചോളവും കാപ്പിക്കുപോകും ജോലി?
തൊഴിലില്ലാതേ യുവവൈഭവമലയുമ്പോള്‍
തൊഴില്‍ കിട്ടിയോരുടെ വേലയീ മട്ടാണെങ്കില്‍
ആപ്പീസുബോര്‍ഡില്‍ തൊഴിലില്ലാത്ത പിള്ളേര്‍ കാപ്പി-
ശാപ്പാടുകടയെന്നു കുറിച്ചാല്‍ ചിരിക്കാമോ?
ആളില്ലാക്കസേരയില്‍ പാതിശമ്പളം  ചോദി-
ച്ചഭ്യസ്തവിദ്യര്‍ കേറിയിരുന്നാലിറക്കാമോ?