പാഠം 1 - പാട്ടിന്റെ പാലാഴി
കോഴിക്കോട് അബ്ദുല്‍ഖാദര്‍
കോഴിക്കോട് മിഠായിത്തെരുവില്‍ വാച്ച്കമ്പനി നടത്തിയിരുന്ന വയലിന്‍ വിദ്വാന്‍ ജെ. എസ്. ആന്‍ഡ്രൂസിന്റെ മകനായി ജനിച്ചു. ലെസ്‌ലി ആന്‍ഡ്രൂസ് എന്നായിരുന്നു ആദ്യപേര്. പിതാവില്‍നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. കുട്ടിക്കാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായി. തൊഴില്‍തേടി 1933- ല്‍ റംഗൂണിലേക്കുപോയി. അക്കാലത്ത് പരിചയപ്പെട്ട ഗായകരുമായുണ്ടായ അടുപ്പം സംഗീതത്തില്‍ പുതിയ തലങ്ങള്‍ സ്വായത്തമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
1936-ല്‍ കോഴിക്കോട്ടു തിരിച്ചെത്തിയ അദ്ദേഹം അധികംതാമസിയാതെ മികച്ച ജനകീയഗായകന്‍ എന്ന ഖ്യാതി നേടി. സിനിമയയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940 -ല്‍ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല.ബോംബെയിലെ ഭായ് സുന്ദര്‍ഭായ് ഹാളില്‍ സൈഗാളിന്റെ 'സോജാ രാജകുമാരീ സോജാ' തുടങ്ങിയ ഗാനങ്ങളും പങ്കജ് മല്ലിക്കിന്റെ ഗാനങ്ങളും പാടിത്തകര്‍ത്ത ഖാദറിനെ 'മലബാര്‍ സൈഗാള്‍' എന്നു വിശേഷിപ്പിച്ചത് ബോംബെ ക്രോണിക്കിള്‍' എന്ന പ്രസിദ്ധ പത്രത്തിന്റെ എഡിറ്റര്‍ അബ്‌റാര്‍ഖാനാണ്.
നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ ആകാശവാണി നിലയത്തില്‍ ഗായകനായി ചേര്‍ന്നു. 1951- ല്‍ ദക്ഷിണാമൂര്‍ത്തിയാണ് 'നവലോകം' എന്ന സിനിമയിലൂടെ അബ്ദുല്‍ ഖാദറിനെ ചലച്ചിത്രപിന്നണിഗായകനായി അവതരിപ്പിക്കുന്നത്. 'തിരമാല'യിലെ 'താരകം ഇരുളില്‍ മായുകയോ', എന്തിന് കരളില്‍ ബാഷ്പധാര' എന്നീ ഗാനങ്ങള്‍ പ്രസിദ്ധമാണ്. 'നീലക്കുയില്‍' എന്ന സിനിമയിലെ 'എങ്ങിനെ നീ മറക്കും കുയിലേ' എന്ന ഗാനമാണ് ഖാദര്‍ പാടിയതില്‍വച്ച് ഏറ്റവും അനശ്വരമായത്. അദ്ദേഹത്തിന്റെ നാടകഗാനങ്ങളും വളരെയേറെ ജനപ്രീതി നേടി.
No comments:
Post a Comment