1. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ഒരു പ്രതികരണക്കുറിപ്പ് തയാറാക്കുക.
ഇന്ന് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. പതിന്നാലു വയസ്സുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, ബാലവേലകളില്‍നിന്നുള്ള മോചനം, സ്‌നേഹം, സുരക്ഷ തുടങ്ങിയ അവകാശങ്ങള്‍ ഭരണഘടന കുട്ടികള്‍ക്ക് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാലിന്ന് നമ്മുടെ നാട്ടില്‍ ഈ വ്യവസ്ഥയെ കാറ്റില്‍പ്പറപ്പിച്ച് ശൈശവ വിവാഹവും കുട്ടികളോടുള്ള ചൂഷണങ്ങളും അരങ്ങുവാഴുന്നതായി കാണാം. ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും സാമൂഹികപ്രവര്‍ത്തകരും ഇത്തരം ദുഷ്പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം.
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍. രാജ്യത്തെ വളര്‍ച്ചയിലേക്കും ഐശ്വര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കേണ്ടവര്‍. അതിനാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഓരോ മുതിര്‍ന്ന പൗരനും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ ഭാവിയെ, നിലനില്‍പ്പിനെക്കരുതി ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കടമയായി
നാം കരുതണം. ഇതിനെതിരെ നാം പോരാടണം.
2. ''കഷ്ടിച്ച് ആറോ ഏഴോ വയസ്സുമാത്രം മതിക്കുന്ന ആ പെണ്‍കുട്ടിക്ക് പറിച്ചുനട്ടതിനുശേഷം വെള്ളം കിട്ടാത്തതിനാല്‍ വാടിപ്പോയ ഒരു ചെടിയുടെ ദൈന്യമുണ്ടായിരുന്നു.'' (അശ്വതി)
അശ്വതിയെക്കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍ ഈ വാക്യത്തില്‍നിന്ന് മനസ്സിലാക്കാം? പ്രയോഗഭംഗി വിശദീകരിച്ചു കുറിപ്പ് തയാറാക്കുക.
ദരിദ്രയായ ഒരു തമിഴ്ബാലികയാണ് അശ്വതി. അവളനുഭവിക്കുന്ന ദാരിദ്ര്യം അവളുടെ രൂപത്തിലും ഭാവത്തിലും തെളിഞ്ഞുനില്‍ക്കുന്നു. പറിച്ചുനട്ടതിനുശേഷം വെള്ളം കിട്ടാത്തതിനാല്‍ വാടിപ്പോയ ഒരു ചെടിയുടെ ദൈന്യതയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് വന്നതായിരുന്നു അവളുടെ കുടുംബം. ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളില്‍നിന്നും മാറി അന്യനാട്ടില്‍ ജീവിക്കുമ്പോഴുണ്ടാവുന്ന ദൈന്യമാണ് അവള്‍ക്കുണ്ടായിരുന്നത്. മുളച്ച മണ്ണില്‍നിന്ന് വേര്‍പെടുത്തിയ ചെടിക്ക് മറ്റൊരു മണ്ണില്‍ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും. ആവശ്യത്തിന് വെള്ളവും മറ്റും ലഭിച്ചില്ലെങ്കില്‍ ചെടിയുടെ വളര്‍ച്ചതന്നെ മുരടിച്ചുപോയേക്കാം. അതേ അവസ്ഥതന്നെയാണ് കഥയിലെ പെണ്‍കുട്ടിക്കും ഉണ്ടായിരുന്നത്. ക്ഷീണിച്ച മുഖത്തോടെ നില്‍ക്കുന്ന ദരിദ്രയായ ആ തമിഴ്ബാലികയെ പറിച്ചുനടപ്പെട്ട ചെടിയോട് ഉപമിച്ചത് തികച്ചും ഔചിത്യപരമാണ്. പറിച്ചുനടപ്പെട്ട ചെടിയും ഈ കഥയിലെ കുട്ടിയും ഒരുപോലെയാണെന്ന് പറയുന്നതിലൂടെ കുട്ടിയുടെ ദൈന്യത മുഴുവന്‍ കഥാകൃത്ത് വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു.
Friday, August 26, 2022
അശ്വതി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)
Subscribe to:
Post Comments (Atom)
No comments:
Post a Comment