Showing posts with label Class7(EM). Show all posts
Showing posts with label Class7(EM). Show all posts

Friday, August 26, 2022

അശ്വതി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

 1.     കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ഒരു പ്രതികരണക്കുറിപ്പ് തയാറാക്കുക.
        ഇന്ന്  കുട്ടികള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍  വര്‍ധിച്ചുവരികയാണ്.  പതിന്നാലു  വയസ്സുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, ബാലവേലകളില്‍നിന്നുള്ള മോചനം, സ്‌നേഹം, സുരക്ഷ തുടങ്ങിയ അവകാശങ്ങള്‍ ഭരണഘടന കുട്ടികള്‍ക്ക് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാലിന്ന് നമ്മുടെ നാട്ടില്‍ ഈ വ്യവസ്ഥയെ കാറ്റില്‍പ്പറപ്പിച്ച് ശൈശവ വിവാഹവും കുട്ടികളോടുള്ള ചൂഷണങ്ങളും  അരങ്ങുവാഴുന്നതായി കാണാം. ബന്ധപ്പെട്ട വകുപ്പുകളും  ഉദ്യോഗസ്ഥരും സാമൂഹികപ്രവര്‍ത്തകരും ഇത്തരം ദുഷ്പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം.
        ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍. രാജ്യത്തെ  വളര്‍ച്ചയിലേക്കും ഐശ്വര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കേണ്ടവര്‍. അതിനാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഓരോ മുതിര്‍ന്ന പൗരനും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ ഭാവിയെ, നിലനില്‍പ്പിനെക്കരുതി ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കടമയായി
നാം കരുതണം. ഇതിനെതിരെ നാം പോരാടണം.
2. ''കഷ്ടിച്ച് ആറോ ഏഴോ വയസ്സുമാത്രം മതിക്കുന്ന ആ പെണ്‍കുട്ടിക്ക് പറിച്ചുനട്ടതിനുശേഷം  വെള്ളം കിട്ടാത്തതിനാല്‍ വാടിപ്പോയ ഒരു ചെടിയുടെ ദൈന്യമുണ്ടായിരുന്നു.''                              (അശ്വതി)
അശ്വതിയെക്കുറിച്ച് എന്തെല്ലാം  കാര്യങ്ങള്‍ ഈ വാക്യത്തില്‍നിന്ന് മനസ്സിലാക്കാം? പ്രയോഗഭംഗി വിശദീകരിച്ചു കുറിപ്പ് തയാറാക്കുക.

        ദരിദ്രയായ ഒരു തമിഴ്ബാലികയാണ് അശ്വതി. അവളനുഭവിക്കുന്ന ദാരിദ്ര്യം അവളുടെ രൂപത്തിലും  ഭാവത്തിലും തെളിഞ്ഞുനില്‍ക്കുന്നു. പറിച്ചുനട്ടതിനുശേഷം വെള്ളം കിട്ടാത്തതിനാല്‍ വാടിപ്പോയ ഒരു ചെടിയുടെ ദൈന്യതയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് വന്നതായിരുന്നു അവളുടെ കുടുംബം. ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളില്‍നിന്നും മാറി അന്യനാട്ടില്‍ ജീവിക്കുമ്പോഴുണ്ടാവുന്ന ദൈന്യമാണ് അവള്‍ക്കുണ്ടായിരുന്നത്. മുളച്ച മണ്ണില്‍നിന്ന് വേര്‍പെടുത്തിയ ചെടിക്ക് മറ്റൊരു മണ്ണില്‍ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും. ആവശ്യത്തിന് വെള്ളവും മറ്റും ലഭിച്ചില്ലെങ്കില്‍ ചെടിയുടെ വളര്‍ച്ചതന്നെ മുരടിച്ചുപോയേക്കാം. അതേ അവസ്ഥതന്നെയാണ് കഥയിലെ പെണ്‍കുട്ടിക്കും ഉണ്ടായിരുന്നത്. ക്ഷീണിച്ച മുഖത്തോടെ നില്‍ക്കുന്ന ദരിദ്രയായ ആ  തമിഴ്ബാലികയെ പറിച്ചുനടപ്പെട്ട ചെടിയോട് ഉപമിച്ചത് തികച്ചും ഔചിത്യപരമാണ്. പറിച്ചുനടപ്പെട്ട ചെടിയും  ഈ കഥയിലെ കുട്ടിയും ഒരുപോലെയാണെന്ന് പറയുന്നതിലൂടെ കുട്ടിയുടെ ദൈന്യത മുഴുവന്‍ കഥാകൃത്ത് വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു.

അടയ്ക്ക പെറുക്കുന്നവര്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

 1.    'അടയ്ക്ക പെറുക്കുന്നവര്‍' എന്ന  കഥ നല്‍കുന്ന സന്ദേശം എന്ത്? 

ഒരു കുല അടയ്ക്ക എടുത്തതിന്റെ പേരില്‍ ചന്ദ്രേട്ടന്‍ ക്രൂരമായ മര്‍ദനത്തിനിരയായി. കള്ളനെന്നു മുദ്രകുത്തി നാടുകടത്തപ്പെട്ട അയാളുടെ ജീവിതത്തെ വികാരതീവ്രതയോടെ അവതരിപ്പിക്കുന്ന കഥയാണ് 'അടയ്ക്ക പെറുക്കുന്നവര്‍.' ഇരുപത്തിയഞ്ചുവര്‍ഷത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ ചന്ദ്രേട്ടനെ,   ജഗന്റെ    തറവാട്ടിലെ   അടയ്ക്കാതോട്ടത്തിന്റെ  ദയനീയാവസ്ഥ വല്ലാതെ പിടിച്ചുലയ്ക്കുന്നു. ഏതുവിധേനയും തോട്ടം പൂര്‍വസ്ഥിതിയിലാക്കാനാണ്
പിന്നീട് അയാളുടെ ശ്രമം. അതിലയാള്‍ വിജയിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ തോട്ടം വിളവെടുക്കാന്‍ പാകത്തിലായി. തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ചന്ദ്രേട്ടന്‍ വന്നതുപോലെതന്നെ ആരുമറിയാതെ അപ്രത്യക്ഷനായി. മണ്ണിനെ അറിഞ്ഞു സ്‌നേഹിക്കുന്നവനാണ് കര്‍ഷകന്‍. അത്തരം കര്‍ഷകരെയാണ് കാലഘട്ടത്തിന്റെ ആവശ്യം. കൃഷി കേവലമൊരു വരുമാനമാര്‍ഗമല്ല. അതൊരു തപസ്സാണ്. അതൊരു സംസ്‌കാരമാണ്. എവിടെയിരുന്നാലും കര്‍ഷകനെ മണ്ണ് മാടിവിളിച്ചുകൊണ്ടേയിരിക്കും എന്ന സന്ദേശമാണ് ഈ കഥ നല്‍കുന്നത്.
2. 'അടയ്ക്ക പെറുക്കുന്നവര്‍' എന്ന കഥയിലെ ചന്ദ്രേട്ടന്റെ രൂപത്തെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.
    മുന്‍വരിയിലെ ഇളകിപ്പോയ പല്ലുകള്‍ ഉണ്ടാക്കിയ വിടവിലൂടെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചന്ദ്രേട്ടനെയാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. കൈയില്‍ ഒരു കായസഞ്ചി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. ചന്ദ്രേട്ടന്റെ മൂക്കിനു താഴെ ഇടതുവശത്തായി ഒരു കരുവാറ്റയുമുണ്ട്. പുരികത്തില്‍ വന്നുവീഴുന്ന കോലന്‍മുടി.ഒരു പാമ്പിന്‍പത്തിപോലെ കൊത്താന്‍ തയാറായി നില്‍ക്കുന്നതാണ് അയാളുടെ മൂക്ക്. ഇങ്ങനെ ശാരീരികമായി ഒട്ടേറെ പ്രത്യേകതകള്‍ ചന്ദ്രേട്ടനുണ്ട്.


കൈയെത്താദൂരത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

 1.    ''അച്ഛന് എവിടെച്ചെന്നാലും സുഹൃത്തുക്കളുണ്ടായിരുന്നു. അദ്ദേഹം ജാതിമതഭേദം വകവച്ചിരുന്നില്ല.''
    ലളിതാംബിക അന്തര്‍ജനം തന്റെ അച്ഛനെക്കുറിച്ച് പറയുന്നതാണിത്. അദ്ദേഹത്തിന്റെ  കാഴ്ചപ്പാട് മാതൃകാപരമല്ലേ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.

     ലളിതാംബിക അന്തര്‍ജനത്തിന്റെ അച്ഛന് സമൂഹത്തെക്കുറിച്ച് വ്യക്തമായ  ധാരണകളുണ്ടായിരുന്നു. ജാതിമതഭേദമെന്യേ മറ്റുള്ളവരെ ആദരിക്കുന്നവരാണ് മഹദ്‌വ്യക്തികള്‍. അവരിലാണ്   യഥാര്‍ഥത്തില്‍    ഈശ്വരചൈതന്യം കുടികൊള്ളുന്നത്. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകളുടെ പൊരുള്‍ അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. മനുഷ്യനിര്‍മ്മിതമായ വര്‍ഗീയചിന്തകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സില്‍ സ്ഥാനമില്ലായിരുന്നു എന്നത് വ്യക്തമാണ്. എവിടെച്ചെന്നാലും  അദ്ദേഹത്തിന് സുഹൃത്തുക്കളുണ്ടായിരുന്നു എന്നത് ഇതിനു തെളിവാണ്. പരസ്പര ഐക്യം നിലനിര്‍ത്തുക എന്നത് അടിസ്ഥാനമൂല്യങ്ങളില്‍ ഒന്നാണ്. തികച്ചും മാതൃകാപരമായ രീതിയാണ് എഴുത്തുകാരിയുടെ അച്ഛന്‍  പുലര്‍ത്തിയിരുന്നത്.
2.    കുട്ടിയായ ലളിതാംബിക അന്തര്‍ജനം ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് തന്റെ കൂട്ടുകാരിക്ക് എഴുതാനിടയുള്ള കത്ത് തയാറാക്കുക.    
                                      സ്ഥലം
                                      തീയതി
    പ്രിയപ്പെട്ട സൗദാമിനീ,
    എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? സുഖമാണെന്നു കരുതുന്നു. ഞാനൊരു സന്തോഷവാര്‍ത്ത അറിയിക്കുവാനാണ് ഈ കത്തെഴുതുന്നത്. നിനക്കെന്നെങ്കിലും ശ്രീനാരായണഗുരുവിനെ നേരിട്ടു കാണണമെന്ന ആഗ്രഹമുണ്ടെന്നു നീ പറഞ്ഞില്ലേ. എന്നാല്‍ ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹത്തെ ഞാന്‍ നേരിട്ടു കണ്ടു! എന്നുമാത്രമല്ല, അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു! അച്ഛന്റെ ഗൃഹസദസ്സുകളില്‍വച്ച് നാരായണഗുരുവിനെപ്പറ്റി കേട്ടിരുന്നെങ്കിലും കൂടുതലറിയാന്‍ എനിക്ക് വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ നേരിട്ടുകണ്ടപ്പോഴാണ് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് എനിക്കു മനസ്സിലായത്. ഞാന്‍ പച്ചക്കിളിക്കു പിന്നാലെ ഓടുന്നത് ശ്രദ്ധിച്ച അദ്ദേഹം പച്ചക്കിളിയെ കിട്ടണമെങ്കില്‍ കൂടെപ്പറക്കാന്‍ പഠിക്കണമെന്ന് എന്നോടു പറഞ്ഞു. 'അതിനെനിക്കു ചിറകില്ലല്ലോ' എന്നു ഞാന്‍ പറഞ്ഞതിന് 'ചിറകുണ്ടാകണം അതാണ് മിടുക്കെ'ന്നാണ് ഗുരു മറുപടി പറഞ്ഞത്.  അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും അദ്ദേഹത്തെ വീണ്ടും കാണാന്‍ എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. അടുത്തതവണ അച്ഛന്റെ കൂടെ പോകുമ്പോള്‍ നിന്നെക്കൂടി കൂട്ടണം എന്നാണ് എന്റെ ആഗ്രഹം. പോകുന്ന  ദിവസമേതെന്ന് ഞാന്‍ നിന്നെ അറിയിക്കാം. നീ വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.
                                    സ്‌നേഹപൂര്‍വം,
                                      ലളിതാംബിക

കേരളപാഠാവലി (യൂണിറ്റ്-2) : സ്വപ്നങ്ങള്‍ വാക്കുകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 7)


പാഠം 1    -  അടയ്ക്ക പെറുക്കുന്നവര്‍
സെന്‍കഥകള്‍
കാഴ്ചയ്ക്ക് വളരെ ചെറുതെന്നു തോന്നുന്നവയാണ് സെന്‍കഥകള്‍. ദൈര്‍ഘ്യം കുറഞ്ഞ ഈ കഥകള്‍ നമ്മെ വളരെയധികം ചിന്തിപ്പിക്കുന്നവയാണ്. ബോധോദയമാണ് ഈ കഥകളുടെ ലക്ഷ്യം. ചൈനയില്‍വെച്ച് ബുദ്ധമതാശയങ്ങളും താവോയിസവും സംഗമിച്ചുണ്ടായതാണ് സെന്‍.
ചെറുകഥാപ്രസ്ഥാനം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രൂപംകൊണ്ട പാശ്ചാത്യമായ ഒരു സാഹിത്യരൂപമാണ് ചെറുകഥ.1891-ല്‍  വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ എഴുതി, വിദ്യാവിനോദിനി മാസികയില്‍ പ്രസിദ്ധീകരിച്ച 'വാസനാവികൃതി' ആണ് മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിച്ചുവരുന്നത്.  തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍ നീലകണ്ഠപ്പിള്ള, ഉറൂബ്,  ടി. പത്മനാഭന്‍, മാധവിക്കുട്ടി, ഒ.വി.  വിജയന്‍, സേതു,   വി.കെ.എന്‍., അക്ബര്‍ കക്കട്ടില്‍, യു.കെ. കുമാരന്‍, സുഭാഷ്ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, അഷിത തുടങ്ങിയവര്‍ മലയാളസാഹിത്യത്തിലെ ചെറുകഥാപ്രസ്ഥാനത്തെ സമ്പുഷ്ടമാക്കി.


Monday, July 4, 2022

കൊച്ചനുജന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)

 1.കൊച്ചനുജനില്‍ അമ്പരപ്പുളവാക്കിയ  ചേച്ചിയുടെ പ്രവൃത്തികള്‍ എന്തെല്ലാം?
ചേച്ചി സ്വന്തം പ്രാണനായിക്കരുതി കാത്തുസൂക്ഷിച്ച പാവയും പീലിയും കൊച്ചനുജന്റെ സ്വപ്‌നങ്ങളായിരുന്നു. അവയെ ഒന്നു തൊടാനും കാണാനുമൊക്കെ അവന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ചേച്ചി കൊച്ചനുജന്റെ ആ മോഹങ്ങളെ ഗൗനിച്ചിരുന്നില്ല. പക്ഷേ, വിവാഹിതയാവാന്‍ പോകുന്ന തനിക്കിനി ഇവയുടെ ആവശ്യമില്ല എന്ന് ചേച്ചി തിരിച്ചറിയുന്നു. അവ കൊച്ചനുജന് അവന്‍ ആവശ്യപ്പെടാതെതന്നെ സമ്മാനിക്കുന്നു. ഇവയെല്ലാമാണ് കൊച്ചനുജനില്‍ അമ്പരപ്പുണ്ടാക്കിയത്.
2.    ''നീണ്ട നെടുവീര്‍പ്പുകൊണ്ടുറക്കീട്ടു, ഞാന്‍
    കണ്ടു കനത്ത കിനാവനേകം''
    'കനത്ത കിനാവനേകം' എന്ന പ്രയോഗത്തിന്റെ ഔചിത്യമെന്ത്?  

    ചേച്ചി തന്നെ പിരിഞ്ഞ് എവിടേയ്‌ക്കോ പോവുകയാണെന്ന് കൊച്ചനുജന്‍ സ്വപ്നം കാണുന്നു. ഇത് അവനെ വളരെയധികം വേദനിപ്പിക്കുന്നു. കൊച്ചനുജന്റെ സ്വപ്നങ്ങള്‍പോലും കടുപ്പമേറിയതാണ് എന്നു സൂചിപ്പിക്കാന്‍ 'കനത്ത കിനാവനേകം' എന്ന പ്രയോഗത്തിലൂടെ കവിക്കു കഴിയുന്നു.
3.    ''തേരോടിക്കാറ്റിന്നായേറെച്ചുകന്ന പൂ
    വാരിക്കൊടുക്കുന്ന വള്ളിപോലെ?''
    വള്ളിച്ചെടിയോട് ചേച്ചിയെ സാമ്യപ്പെടുത്തിയിരിക്കുന്നതിന്റെ ഔചിത്യമെന്ത്?       

തന്നിലുണ്ടായ ചുവന്ന പൂക്കളെല്ലാം കാറ്റിന്റെ കൈകളിലേക്ക് വാരിക്കൊടുക്കുന്ന വള്ളിച്ചെടിയോടാണ് ചേച്ചിയെ ഇവിടെ സാമ്യപ്പെടുത്തിയിരിക്കുന്നത്. കാരണം കൊച്ചനുജന്റെ ചേറുള്ള കൈകൊണ്ടു തൊടാതെ, ചേതനപോലെ കാത്തുസൂക്ഷിച്ച ആ പാവകളെല്ലാം ഇപ്പോള്‍ കൊച്ചനുജനു സമ്മാനിക്കുകയാണ് ചേച്ചി. വള്ളിച്ചെടി തന്നിലുണ്ടായ  പൂക്കളെല്ലാം എത്ര സൂക്ഷ്മതയോടെയാണോ കാറ്റിന്റെ  കൈകളിലേല്‍പ്പിക്കുന്നത്, അത്രതന്നെ കരുതലോടെയാണ് ചേച്ചി കൊച്ചനുജന് തന്റെ പ്രാണനെപ്പോലെ കരുതിയ പാവകളെ കൈമാറിയത് എന്ന സൂചനയാണ്  ഈ വരികളിലുള്ളത്.

പൂക്കാതിരിക്കാനെനിക്കാവതില്ലേ... എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)






 1.കണിക്കൊന്നയുടെ ജീവിതം നല്‍കുന്ന സന്ദേശമെന്ത്?
കണിക്കൊന്ന പൂക്കുന്നത് തനിക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയാണ്. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുക, അവര്‍ക്ക് സന്തോഷം പകരുക എന്നതാണ് പ്രകൃതി പാലിച്ചുവരുന്ന ധര്‍മ്മം.   മനുഷ്യര്‍ ആവുന്നത്ര നശിപ്പിച്ചിട്ടും അവശേഷിക്കുന്ന മരങ്ങള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് ഈ ധര്‍മ്മം പാലിക്കുന്നതുകൊണ്ടാണ്. വിശേഷബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യര്‍ മാത്രമാണ് ഇത്  ലംഘിക്കുന്നത്. മറ്റുള്ളവര്‍ക്കു നന്മ ചെയ്തുകൊണ്ട് നമ്മുടെ ജീവിതം സാര്‍ഥകമാക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത് എന്ന സന്ദേശമാണ് കണിക്കൊന്നയുടെ ജീവിതം നമുക്ക് നല്‍കുന്നത്.
2.ഏതെല്ലാം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും  തന്റെ പരിമിതികളെല്ലാം മറന്ന് മുടങ്ങാതെ പൂക്കുന്ന കണിക്കൊന്ന, മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിക്കുന്നവരുടെ  പ്രതീകമാണോ? വിലയിരുത്തുക.    
മഞ്ഞും മഴയും വേനലും കഠിനമായ വേദനകള്‍ നല്‍കുമ്പോഴും വിഷുക്കാലം തന്റേതുമാത്രമാണെന്ന പ്രതീക്ഷയോടെയാണ്  കണിക്കൊന്ന  കാത്തുനില്‍ക്കുന്നത്. സ്വന്തം നിസ്സഹായതയും വേദനയും മറ്റുള്ളവരെ അറിയിക്കാതെ, കത്തുന്ന വേനലില്‍ മഞ്ഞപുഷ്പങ്ങളാല്‍ മന്ദഹാസം വിരിയിച്ചുനില്‍ക്കുകയാണ് കണിക്കൊന്ന. മഹത്തുക്കള്‍ അങ്ങനെയാണ്. സ്വന്തം സങ്കടങ്ങളും പരിമിതികളും വേദനകളും നിസ്സാരമാക്കിക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി, അവരുടെ മനസ്സുകളില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കിക്കൊണ്ട്  പ്രകാശിച്ചുനില്‍ക്കും. അതാണിവിടെ കണിക്കൊന്ന ചെയ്യുന്നതും. സ്വന്തം ദുരിതകാലങ്ങളെ മറന്ന് മറ്റുള്ളവര്‍ക്ക് നല്‍ക്കണിയാകുവാനും അതുവഴി അവരുടെ ഭാവി ഗുണമുള്ളതാക്കുവാനും കൊന്ന ശ്രമിക്കുന്നു. വിഷുക്കാലമെത്തുമ്പോള്‍ മുടങ്ങാതെ പൂക്കുന്ന  കണിക്കൊന്ന മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുന്ന മഹത്തുക്കളുടെ പ്രതീകം തന്നെയാണ്.

അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)

 1.'ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുമ്പോഴാണ് ബന്ധങ്ങള്‍ക്ക് കരുത്തുകൂടുന്നത്.' സിംലയുടെ കുടുംബവും ലേഖകനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രസ്താവന പരിശോധിച്ച് കുറിപ്പ് തയാറാക്കുക.   
ഹിമാലയയാത്രയ്ക്കിടയില്‍ പിപ്പല്‍കോട്ടിയിലേക്കുള്ള വഴിയന്വേഷിച്ചാണ് ലേഖകന്‍ സിംലയുടെ വീട്ടിലെത്തിയത്. ദില്ലിയില്‍നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ അവിടേക്ക് ജോലിതേടിപ്പോയ തന്റെ മകനെക്കുറിച്ച് സിംലയുടെ അച്ഛന്‍ ലേഖകനോട് സംസാരിച്ചു. നിസ്സഹായനായ പിതാവിന്റെയും  ആ കുടുംബത്തിന്റെയും കാത്തിരിപ്പും ദുഃഖവും ലേഖകന്റെ ഹൃദയത്തെ ആഴത്തില്‍  സ്പര്‍ശിച്ചു. തന്റെ സഹോദരനുവേണ്ടി വെള്ളാരങ്കല്ല്  കൊടുത്തുവിടുന്ന സിംലയെന്ന കൊച്ചുപെണ്‍കുട്ടിയും ആ കുടുംബവുമായുള്ള ലേഖകന്റെ ബന്ധത്തിന് കരുത്തുകൂട്ടി. മറ്റുള്ളവരോടുള്ള സ്‌നേഹവും അനുകമ്പയും വളരുന്നത് ദുഃഖങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ്. അവയാണ് മനുഷ്യബന്ധങ്ങള്‍ക്ക് കരുത്തുനല്‍കുന്നത്.
2.ചൂഷണം ചെയ്യപ്പെടുന്ന ബാല്യത്തിന്റെ പ്രതീകമാണോ ബിക്രം സിങ്. നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
ബാല്യത്തിന്റെ ആനന്ദവും പ്രസരിപ്പും നഷ്ടപ്പെട്ട് ജീവിതമെന്ന വലിയ ചോദ്യത്തെ നേരിടുന്ന പതിന്നാലു വയസ്സുകാരനാണ് ബിക്രം  സിങ്. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. അത് നിഷേധിക്കപ്പെട്ടവനാണ് ബിക്രം സിങ്. നിയമംമൂലം നിരോധിക്കപ്പെട്ട ബാലവേല എന്ന ക്രൂരതയ്ക്കും ബിക്രം സിങ് ഇരയാണ്. ഇവ രണ്ടും ആ കുട്ടിയുടെ ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളെയും അവകാശങ്ങളെയും ഇല്ലാതാക്കുന്നു.


കേരളപാഠാവലി (യൂണിറ്റ്-1) : പാഠം 1 -ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃഷ്യോത്സവം പാഠം 2 -ഒരു ദിനാന്തസഞ്ചാരം - കൂടുതല്‍ വിവരങ്ങള്‍ (Class 7)






Monday, December 28, 2020

Students India Online Home Examination-3 (2020-21)

      സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 

(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Wednesday, September 30, 2020

Students India Online Home Examination-2 (2021-22)

   സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 

(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Sunday, July 5, 2020

Students India Online Home Examination-1 (2021-22)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Saturday, June 6, 2020

മലയാളം പാഠക്കുറിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തൂ.(Class 7)

നിങ്ങളുടെ അഭിപ്രായങ്ങള്‍
താഴെ തന്നിരിക്കുന്ന കമന്റ് ബോക്‌സില്‍ (comment box) 
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ.


പഠനപ്രവര്‍ത്തനങ്ങള്‍ (ക്ലാസ്സ്‌ 5,6,7- കേരള സ്റ്റേറ്റ് സിലബസ്) Learning Activities (Class 5,6,7- Kerala State Syllabus)


 
2. പകരം പദങ്ങള്‍ കണ്ടെത്തുക.
1. പൂന്തോട്ടം     -
2. മയില്‍      -
3. പര്‍വതം     -
4. തവള     -
5. വണ്ട്     -
6. അമ്പ്     -
7. കാക്ക     -
8. പല്ല്         -
9. ശബ്ദം     -
10. ഭാര്യ    -
ഉത്തരം:
1. പൂന്തോട്ടം     - ആരാമം, ഉദ്യാനം, പുഷ്പവാടി
2. മയില്‍      - മയൂരം, കേകി, ശിഖി
3. പര്‍വതം     - അചലം, ശൈലം, ഗിരി
4. തവള     - മണ്ഡൂകം, ഭേകം, ദര്‍ദുരം
5. വണ്ട്     - ഭ്രമരം, മധുകരം, അളി
6. അമ്പ്     - ശരം, ബാണം, സായകം
7. കാക്ക     - ബലിഭുക്ക്, വായസം, കരടം
8. പല്ല്         - ദന്തം, രദം, ദ്വിജം
9. ശബ്ദം     - നാദം, നിനദം, രവം
10. ഭാര്യ    - പത്‌നി, കാന്ത, കളത്രം

പദപ്രശ്‌നം- ഉത്തരങ്ങള്‍
വലത്തോട്ട്
2. പഴുത്
3. കുമാരനാശാന്‍
4. ബാലന്‍
5. ലത
താഴോട്ട്
1. എഴുത്തച്ഛന്‍
3. കുന്ദലത
6. നാരായണീയം

 
 
 
 
 


Monday, December 30, 2019

Students India Online Annual Exam - 2020


Welcome to the 
Students India 
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Thursday, December 26, 2019

പത്രവാര്‍ത്തയുടെ മാതൃകകള്‍

◼️  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് കോഴിക്കോട് ജില്ലയിലെ മുക്കത്തുവച്ചു നടത്തിയ പ്രസംഗമാണ് അക്കിത്തത്തിന്റെ  'മരണമില്ലാത്ത മനുഷ്യന്‍' എന്ന കവിതയിലെ പ്രതിപാദ്യം. 
ആ പ്രസംഗത്തിലെ പ്രധാന ആശയങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 
❖  മരണമുള്ളവരാണ് മനുഷ്യര്‍. അതിനാല്‍ മനുഷ്യരുടെ വാക്കുകളേക്കാള്‍ ദൈവത്തിന്റെ വചനങ്ങള്‍ക്കു ചെവികൊടുക്കുക.
❖  ദൈവചനം പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളെയും സ്‌നേഹിക്കുക എന്നതാണ്.
❖  മതത്തിന്റെയോ മറ്റോ പേരില്‍ പുലര്‍ത്തുന്ന ശത്രുത മാനവരാശിക്കു ദോഷമേ ചെയ്യൂ.
◼️  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ  ഈ പ്രസംഗം റിപ്പോര്‍ട്ട്  ചെയ്തുകൊണ്ട് ഒരു  പത്രവാര്‍ത്ത തയാറാക്കൂ.
പതിനായിരങ്ങളെ ആവേശഭരിതരാക്കിയ പ്രസംഗം
മുക്കം  (കോഴിക്കോട്): ഇന്ത്യന്‍   സ്വാതന്ത്ര്യസമരചരിത്രത്തിലെ   മുന്നണിപ്പോരാളികളിലൊരാളായ ധീരദേശാഭിമാനി അബ്ദുറഹിമാന്‍ സാഹിബ്  മുക്കത്തുവച്ച് നടത്തിയ  പ്രസംഗം അവിടുത്തെ ജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി. മതസൗഹാര്‍ദം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. മനുഷ്യര്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ് ദൈവവചനങ്ങള്‍ ചെവിക്കൊള്ളാനും പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സ്‌നേഹിക്കുവാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനങ്ങളില്‍ ഐക്യബോധവും രാജ്യസ്‌നേഹവും ഉണര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനു സാധിച്ചു.
◼️  'ഹാമെലിനിലെ കുഴലൂത്തുകാരന്‍' എന്ന കഥ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. എലികളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയ ഹാമെലിന്‍ പട്ടണത്തിലെ ജനങ്ങളുടെ ദുരിതമാണ് ഈ കഥയിലെ പ്രതിപാദ്യം. 
കഥയിലെ ചില വരികളാണ് താഴെ കൊടുത്തിരിക്കുന്നത്.  
''ആളുകള്‍ക്ക് എലികളുടെ ചിലപ്പും ബഹളവും കാരണം, അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായി. അത്രയ്ക്കുണ്ട് ശബ്ദകോലാഹലം. കൊച്ചുപൈതങ്ങളെ തൊട്ടിലാട്ടുമ്പോള്‍ രണ്ടുമൂന്നു മൂഷികന്മാരും കൂടി, അതിനുള്ളില്‍ കയറിയിരുന്ന് ഒപ്പം ഊഞ്ഞാലാടുന്നുണ്ടാവും!''  
- എലികളുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ ഹാമെലിനിലെ മേയര്‍ എലിശല്യം തീര്‍ക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഈ വിവരം പിറ്റേദിവസത്തെ പത്രത്തില്‍ വാര്‍ത്തയായി വന്നത് എങ്ങനെയാവാം? പത്രവാര്‍ത്ത തയാറാക്കുക.
ആയിരം പൊന്‍പണം സമ്മാനം!
ഹാമെലിന്‍: ഹാമെലിന്‍ പട്ടണത്തില്‍നിന്ന് എലികളെ തുരത്തുന്നവര്‍ക്ക് മേയര്‍ ആയിരം പൊന്‍പണം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. ഹാമെലിനിലെ ആളുകള്‍ എലികളുടെ ശല്യംമൂലം വല്ലാതെ വലഞ്ഞിരിക്കുകയാണ്. അവയുടെ ചിലപ്പും ബഹളവും കാരണം ആളുകള്‍ക്ക് അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായിരിക്കുന്നു. അത്രയ്ക്കാണ് എലികളുടെ ശബ്ദകോലാഹലം. കൊച്ചുകുഞ്ഞുങ്ങളുടെ തൊട്ടിലില്‍ വരെയാണ് മൂഷികര്‍ കയറിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മേയര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.



Friday, November 1, 2019

ഒരു മനുഷ്യന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)

1. 'ഒരു മനുഷ്യന്‍' എന്ന കഥ നല്‍കുന്ന സന്ദേശമെന്ത്?
ഈശ്വരസൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠമാണ് മനുഷ്യജന്മം. പുണ്യവുമാണത്. ആത്യന്തികമായി ഓരോ മനുഷ്യനിലും ഉള്ള നേരിന്റെയും നന്മയുടെയും കണികയാണ് ബഷീര്‍ 'ഒരു മനുഷ്യന്‍' എന്ന കഥയിലൂടെ നമുക്ക് കാണിച്ചുതരുന്നത്. ജീവിതാവസ്ഥകളെ യാതൊരു അതിഭാവുകത്വവുമില്ലാതെ ഈ കഥയില്‍ അനാവരണം ചെയ്തിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ ദയനീയതയും നിരാലംബതയും ആകസ്മികതയും വരച്ചുകാണിക്കുന്ന 'ഒരു മനുഷ്യന്‍' എന്ന കഥ മനുഷ്യര്‍ അടിസ്ഥാനപരമായി നന്മയും ദയയും കാരുണ്യവുമുള്ളവരാണ് എന്ന സന്ദേശമാണ് നല്‍കുന്നത്.
2. നിങ്ങളുടെ സ്‌കൂളിലെ ഭാഷാക്ലബിന്റെ നേതൃത്വത്തില്‍ 'ഒരു മനുഷ്യന്‍' എന്ന കഥ ഒരു നാടകമാക്കി  അവതരിപ്പിക്കുന്നുവെന്ന് കരുതുക. നാടകപ്രദര്‍ശനത്തിന്റെ ഒരു പോസ്റ്റര്‍ തയാറാക്കുക.


റൈന്‍നദിയിലെ ഓളങ്ങള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)

1. മുത്തച്ഛന്‍ ആയിരുന്നു തന്റെ പ്രചോദനമെന്ന് ജീന്‍ ക്രിസ്റ്റഫ് പറയാന്‍ കാരണമെന്ത്?
ബാല്യം മുതല്‍ക്കേ രോഗങ്ങള്‍ വിട്ടൊഴിയാതിരുന്ന ജീന്‍ ക്രിസ്റ്റഫ് ചുറ്റുപാടുള്ള ചലനങ്ങളെയും ശബ്ദങ്ങളെയും പോലും ഭയപ്പെട്ടിരുന്നു. എന്നാല്‍ മുത്തച്ഛനോടൊപ്പം പള്ളിയില്‍ പോയിത്തുടങ്ങിയ അവനില്‍ പള്ളിഗീതത്തിന്റെ ശബ്ദവീചികള്‍ സംഗീതാനുഭൂതി നിറച്ചു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ മുത്തച്ഛനായിരുന്നു ക്രിസ്റ്റഫിന് ഏക ആശ്വാസം. അയാള്‍ അവന് മഹാന്മാരുടെയും വീരന്മാരുടെയും കഥകള്‍ പറഞ്ഞുകൊടുക്കും. ആ കഥകളില്‍ ലയിച്ച് അവര്‍ തങ്ങളുടെ ദുഃഖങ്ങള്‍ മറക്കും. ഒരിക്കല്‍ മുത്തച്ഛനോടൊപ്പം വിഖ്യാതഗായകന്‍ ഹെയ്‌സലറിന്റെ സംഗീതക്കച്ചേരിയില്‍ പങ്കെടുത്തത് അവന്റെ ജീവിതത്തില്‍ വഴിത്തിരിവായി. കൂടാതെ കുട്ടിക്കാലത്ത് അവന്‍ മൂളിനടന്ന പാട്ടുകള്‍ കുറിച്ചുവച്ച് മുത്തച്ഛന്‍ പുസ്തകരൂപത്തിലാക്കി. അത് മഹാപ്രഭുവിന്റെ മുമ്പില്‍ സമര്‍പ്പിച്ച് കച്ചേരി നടത്തിയതു മൂലമാണ് ജീന്‍ ക്രിസ്റ്റഫിന്റെ കഴിവുകള്‍ വലിയൊരു സദസ്സിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവന് കഴിഞ്ഞത്. ഇതൊക്കെ ക്കൊണ്ടാണ് മുത്തച്ഛനാണ് തന്റെ പ്രചോദനമെന്ന്  ജീന്‍ ക്രിസ്റ്റഫ് പറഞ്ഞത്.


Thursday, October 17, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)