Monday, July 4, 2022

കൊച്ചനുജന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)

 1.കൊച്ചനുജനില്‍ അമ്പരപ്പുളവാക്കിയ  ചേച്ചിയുടെ പ്രവൃത്തികള്‍ എന്തെല്ലാം?
ചേച്ചി സ്വന്തം പ്രാണനായിക്കരുതി കാത്തുസൂക്ഷിച്ച പാവയും പീലിയും കൊച്ചനുജന്റെ സ്വപ്‌നങ്ങളായിരുന്നു. അവയെ ഒന്നു തൊടാനും കാണാനുമൊക്കെ അവന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ചേച്ചി കൊച്ചനുജന്റെ ആ മോഹങ്ങളെ ഗൗനിച്ചിരുന്നില്ല. പക്ഷേ, വിവാഹിതയാവാന്‍ പോകുന്ന തനിക്കിനി ഇവയുടെ ആവശ്യമില്ല എന്ന് ചേച്ചി തിരിച്ചറിയുന്നു. അവ കൊച്ചനുജന് അവന്‍ ആവശ്യപ്പെടാതെതന്നെ സമ്മാനിക്കുന്നു. ഇവയെല്ലാമാണ് കൊച്ചനുജനില്‍ അമ്പരപ്പുണ്ടാക്കിയത്.
2.    ''നീണ്ട നെടുവീര്‍പ്പുകൊണ്ടുറക്കീട്ടു, ഞാന്‍
    കണ്ടു കനത്ത കിനാവനേകം''
    'കനത്ത കിനാവനേകം' എന്ന പ്രയോഗത്തിന്റെ ഔചിത്യമെന്ത്?  

    ചേച്ചി തന്നെ പിരിഞ്ഞ് എവിടേയ്‌ക്കോ പോവുകയാണെന്ന് കൊച്ചനുജന്‍ സ്വപ്നം കാണുന്നു. ഇത് അവനെ വളരെയധികം വേദനിപ്പിക്കുന്നു. കൊച്ചനുജന്റെ സ്വപ്നങ്ങള്‍പോലും കടുപ്പമേറിയതാണ് എന്നു സൂചിപ്പിക്കാന്‍ 'കനത്ത കിനാവനേകം' എന്ന പ്രയോഗത്തിലൂടെ കവിക്കു കഴിയുന്നു.
3.    ''തേരോടിക്കാറ്റിന്നായേറെച്ചുകന്ന പൂ
    വാരിക്കൊടുക്കുന്ന വള്ളിപോലെ?''
    വള്ളിച്ചെടിയോട് ചേച്ചിയെ സാമ്യപ്പെടുത്തിയിരിക്കുന്നതിന്റെ ഔചിത്യമെന്ത്?       

തന്നിലുണ്ടായ ചുവന്ന പൂക്കളെല്ലാം കാറ്റിന്റെ കൈകളിലേക്ക് വാരിക്കൊടുക്കുന്ന വള്ളിച്ചെടിയോടാണ് ചേച്ചിയെ ഇവിടെ സാമ്യപ്പെടുത്തിയിരിക്കുന്നത്. കാരണം കൊച്ചനുജന്റെ ചേറുള്ള കൈകൊണ്ടു തൊടാതെ, ചേതനപോലെ കാത്തുസൂക്ഷിച്ച ആ പാവകളെല്ലാം ഇപ്പോള്‍ കൊച്ചനുജനു സമ്മാനിക്കുകയാണ് ചേച്ചി. വള്ളിച്ചെടി തന്നിലുണ്ടായ  പൂക്കളെല്ലാം എത്ര സൂക്ഷ്മതയോടെയാണോ കാറ്റിന്റെ  കൈകളിലേല്‍പ്പിക്കുന്നത്, അത്രതന്നെ കരുതലോടെയാണ് ചേച്ചി കൊച്ചനുജന് തന്റെ പ്രാണനെപ്പോലെ കരുതിയ പാവകളെ കൈമാറിയത് എന്ന സൂചനയാണ്  ഈ വരികളിലുള്ളത്.

No comments:

Post a Comment