Tuesday, July 5, 2022

ഓടയില്‍നിന്ന് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1. 'വാക്കുപാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് പപ്പു.' ഈ പ്രസ്താവന 'ഓടയില്‍നിന്ന്' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി വിലയിരുത്തുക. 

വാക്കുപാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് പപ്പു. തന്റെ റിക്ഷായില്‍ കയറിയ യാത്രക്കാരനെ നഗരത്തിലെ തിക്കും തിരക്കും വകവയ്ക്കാതെ റെയില്‍വേസ്റ്റേഷനിലെത്തിക്കാന്‍ പപ്പു ശ്രമിക്കുന്നു. ഇതിനിടയില്‍ പപ്പുവിന്റെ റിക്ഷാ തട്ടി ഒരു പെണ്‍കുട്ടി ഓടയില്‍വീഴുന്നു. അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചതിനുശേഷം പപ്പു  കൃത്യസമയത്തുതന്നെ യാത്രക്കാരനെ റെയില്‍വേസ്റ്റേഷനിലെത്തിക്കാന്‍ പോകുന്നു.  ഇത് വാക്കുപാലിക്കുന്നതിലുള്ള പപ്പുവിന്റെ ശ്രദ്ധയെ കാണിക്കുന്നു. യാത്രക്കാരനെ ലക്ഷ്യത്തിലെത്തിച്ചശേഷം തന്റെ വണ്ടി തട്ടി വീണ പെണ്‍കുട്ടിയുടെ സമീപത്തേക്ക് പപ്പു തിരിച്ചെത്തുന്നു. അവളുടെ നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ക്കുപകരം കൂടുതല്‍ അളവില്‍ സാധനങ്ങള്‍ വാങ്ങി നല്‍കുന്നു.  ഈ സംഭവവും വാക്കുപാലിക്കുന്നവനാണ് പപ്പു എന്നതിന്റെ തെളിവാണ്.

2. 'ഓടയില്‍നിന്ന്' എന്ന പാഠഭാഗത്ത് ലക്ഷ്മി എന്ന കഥാപാത്രത്തെ നിങ്ങള്‍ പരിചയപ്പെട്ടല്ലോ. പാഠഭാഗത്തുനിന്ന് നിങ്ങള്‍ മനസ്സിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലക്ഷ്മിയുടെ കഥാപാത്രനിരൂപണം തയാറാക്കുക.  

ഒരു ദരിദ്രകുടുംബത്തിലെ അംഗമാണ് ലക്ഷ്മി. അച്ഛന്‍ മരിച്ചുപോയ അവള്‍ക്ക് അമ്മ മാത്രമേയുള്ളൂ ആശ്രയം. ആഹാരത്തിനുപോലും വകയില്ലാതെ വളരെ കഷ്ടപ്പെട്ടാണ് ലക്ഷ്മിയും അമ്മയും ജീവിക്കുന്നത്. പപ്പുവിന്റെ റിക്ഷാ തട്ടി ലക്ഷ്മി ഓടയില്‍വീഴുമ്പോള്‍ അന്നത്തെ അത്താഴത്തിനുള്ള അരിയാണ് അവളുടെ കൈയില്‍നിന്ന് നഷ്ടപ്പെട്ടത്. താന്‍ ഓടയില്‍ വീണതിനേക്കാളധികം അവളെ വഷമിപ്പിച്ചത് അരി നഷ്ടപ്പെട്ടതുകൊണ്ട് അമ്മ വഴക്കുപറയുമോ എന്ന ഭയമാണ്. ഒരു ചട്ടി പച്ചവെള്ളം മാത്രം കുടിച്ച് വിശപ്പടക്കിയ അവളെ സംബന്ധിച്ചിടത്തോളം മൂഴക്ക് അരി വളരെ പ്രധാനപ്പെട്ടതാണ്. പപ്പു വാങ്ങിക്കൊടുത്ത  പഴം അവള്‍  കഴിക്കാതെ മാറ്റിവയ്ക്കുന്നതും അവളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കാരണം കഠിനമായ  വിശപ്പുണ്ടായിട്ടും അവള്‍ അമ്മയെക്കൂടി ഓര്‍ക്കുകയും  അമ്മയ്‌ക്കൊപ്പം  കഴിക്കാന്‍വേണ്ടി പഴം കരുതിവയ്ക്കുകയും ചെയ്യുന്നു. തന്റെ വിഷമങ്ങള്‍ക്കിടയിലും മറ്റുള്ളവരെക്കൂടി പരിഗണിക്കുന്ന സ്വഭാവം  അവള്‍ക്കുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. 

അപരിചിതനായ പപ്പുവിനോട് യാതൊരു മടിയുമില്ലാതെയാണ് ചുറുചുറുക്കോടെ നിഷ്‌കളങ്കമായി അവള്‍ സംസാരിക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ധാരാളമുണ്ടെങ്കിലും പ്രസന്നത കൈവിടാത്ത മനസ്സ് അവള്‍ക്കുണ്ടെന്ന് പപ്പുവുമൊത്തുള്ള പൊട്ടിച്ചിരിയിലൂടെ നമുക്കു മനസ്സിലാക്കാം. ആ നിഷ്‌കളങ്കമായ ചിരിയും കൃതജ്ഞത നിറഞ്ഞ നോട്ടവുമാണ് പപ്പുവിന്റെ മനസ്സിനെ സ്വാധീനിച്ചത്. ജീവിതത്തെക്കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാത്ത അനാഥനായ പപ്പുവിന് ജീവിതത്തെക്കുറിച്ച്   പ്രതീക്ഷ കൊടുക്കാനും ലക്ഷ്മിക്കു കഴിഞ്ഞു.


No comments:

Post a Comment