1. ''ഉണ്ണിമോഹങ്ങള്‍ തുള്ളിക്കളിക്കും
മണ്ണിലെ നറുംകൗതുകത്തിന്റെ
ഉള്ളിനുള്ളിലെ തേന്‍തുള്ളിയായ് ഞാ-
നൂറിനില്‍ക്കുന്നൊരു ഞൊടിനേരം''
-കാവ്യഭംഗി വിശദീകരിക്കുക.
ഉണ്ണിമോഹങ്ങള്‍ തുള്ളിക്കള്ളിക്കുന്ന മണ്ണിലെ നറുംകൗതുകത്തിന്റെ ഉള്ളിനുള്ളിലെ തേന്‍തുള്ളിയായി ഞൊടിനേരം ഞാനൂറിനില്‍ക്കുന്നുവെന്നാണ് കവി പറയുന്നത്. അതിമനോഹരമായ കല്‍പ്പനയാണിത്. സുന്ദരമായ പദപ്രയോഗങ്ങളും അക്ഷരങ്ങളുടെയും വാക്കുകളുടെയും ആവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ശബ്ദഭംഗിയും ഈ കാവ്യഭാഗത്തെ മനോഹരമാക്കുന്നു. ഇത്തരം സുന്ദരമായ പദപ്രയോഗങ്ങള്‍ കവിതയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു.
2. ''താമരത്തണ്ടെറിഞ്ഞു കുനിച്ചു
നെറ്റിയില്‍ നീറിനില്‍ക്കുമഴുക്കി-
ന്നിറ്റുകള്‍ കുഞ്ഞിച്ചുണ്ടാല്‍ തുടപ്പൂ.
ചെറ്റകന്നു നിറഞ്ഞു തുളുമ്പി
നില്‍ക്കയാണൊരു പ്രാര്‍ഥനാനാളം.''
നിങ്ങള്‍ പരിചയപ്പെട്ട 'ഊഞ്ഞാല്‍പ്പാട്ട്' എന്ന കവിതയിലെ വരികളാണിത്. വാക്കുകള്‍കൊണ്ട് കടമ്മനിട്ട വരച്ച ചിത്രത്തില്‍നിന്നും സ്‌നേഹത്തിന്റെ ഒത്തിരി നിമിഷങ്ങളെ നമുക്ക് വായിച്ചെടുക്കാനാവുന്നുണ്ടല്ലോ...സ്‌നേഹത്തിന്റെ ഒട്ടേറെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന മുഹൂര്‍ത്തവുമാണവ. ഈ ആശയങ്ങളെ മുന്‍നിര്‍ത്തി സ്വന്തം കാഴ്ചപ്പാടുമുള്‍പ്പെടുത്തി മുകളില്‍ കൊടുത്തിട്ടുള്ള വരികളിലെ ആശയത്തെ വിശകലനം ചെയ്യുക.
അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെട്ട ഒരു കൊച്ചുകുടുംബത്തിന്റെ സ്‌നേഹപൂര്‍ണമായ നിമിഷങ്ങള്‍ ആവിഷ്‌കരിക്കുന്ന കവിതയാണ് കടമ്മനിട്ട രാമകൃഷ്ണന്റെ 'ഊഞ്ഞാല്‍പ്പാട്ട്'. ജോലി കഴിഞ്ഞ് വിയര്‍ത്തുകുളിച്ച് വീട്ടിലെത്തുന്ന അച്ഛനെക്കണ്ട് മക്കള്‍ ഓടിയെത്തുന്നു. മകള്‍ തന്റെ താമരത്തണ്ടുപോലെ മനോഹരമായ കൈകള്‍കൊണ്ട് അച്ഛനെ കുനിച്ചുനിര്‍ത്തി അച്ഛന്റെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തന്റെ കുഞ്ഞുചുണ്ടുകള്‍കൊണ്ട് ഒപ്പിയെടുക്കുന്നു. ഇതുകണ്ട് പ്രാര്‍ഥനാളംപോലെ അമ്മ അരികില്‍തെന്ന നില്‍ക്കുന്നു.
ഈ കുടുംബത്തിന്റെ സ്‌നേഹനിമിഷങ്ങള്‍ കാണുമ്പോള്‍ വായനക്കാരുടെ മനസ്സിലും ഒട്ടേറെ സ്‌നേഹാനുഭവങ്ങള്‍ ഉണരുന്നു. ഇതുപോലുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായവരാണ് നാമെല്ലാവരും. അതിനാല്‍ത്തന്നെ അച്ഛനോടുള്ള കുട്ടികളുടെ സ്‌നേഹപ്രകടനങ്ങള്‍ വായനക്കാരിലും സ്‌നേഹത്തിന്റെ ചിന്തകളും അനുഭവങ്ങളും ഉണര്‍ത്തുമെന്നത് തീര്‍ച്ചയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഇഴയടുപ്പം നഷ്ടപ്പെടുന്നുണ്ട്. അതാണ് ഇന്നത്തെ പല പ്രശ്‌നങ്ങളുടെയും കാരണം. അതിനാല്‍ കുടുംബങ്ങളിലുണ്ടാവേണ്ട പരസ്പരസ്‌നേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ നാമോരോരുത്തരും ശ്രമിക്കണം.
No comments:
Post a Comment