Showing posts with label General. Show all posts
Showing posts with label General. Show all posts

Tuesday, October 11, 2022

ഉപന്യാസത്തിന്റെ മാതൃകകള്‍

   
............................................................................................
 ഉപന്യാസം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക.
👉    അനുയോജ്യമായ ഒരു ശീര്‍ഷകം ഉപന്യാസത്തിന് നല്‍കണം.
👉  ആദ്യഖണ്ഡിക ആമുഖമാണ്. ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം
തുടര്‍വായനയിലേക്ക് നയിക്കുന്നതുമാവണം ആമുഖം. വിഷയത്തോടുള്ള സമീപനവും ഇതില്‍ വ്യക്തമാക്കണം.  നാലോ അഞ്ചോ വാക്യങ്ങളില്‍ കവിയാത്തതാവണം ആമുഖം.
👉   തുടര്‍ന്ന് ഒന്നോ രണ്ടോ ഖണ്ഡികകളിലായി ആശയങ്ങള്‍ ക്രമത്തില്‍ അവതരിപ്പിക്കാം. ആശയങ്ങള്‍ക്ക് വ്യക്തതയും  പരസ്പര
ചേര്‍ച്ചയുമുണ്ടാവണം. വിഷയവുമായി ബന്ധപ്പെട്ട ഉദ്ധരണികളും ഉദാഹരണങ്ങളും ആവശ്യാനുസരണം ചേര്‍ക്കാം. വിഷയത്തിന് സമകാലികലോകത്തുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടായിരിക്കണം ഉപന്യാസം അവതരിപ്പിക്കേണ്ടത്.
👉   അവസാനത്തെ ഖണ്ഡിക ഉപസംഹാരമാണ്. വിഷയത്തെക്കുറിച്ചുള്ള സ്വന്തം നിരീക്ഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉപസംഹാരത്തില്‍ ഉള്‍പ്പെടുത്തണം.
............................................................................................
 
▲ആധുനിക കവിത്രയത്തില്‍ ഒരാളായ കുമാരനാശാന്റെ സാഹിത്യസംഭാവനകള്‍, സാമൂഹികസേവനങ്ങള്‍, രചനയുടെ സവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു  ഉപന്യാസം തയാറാക്കുക. 
കുമാരനാശാന്‍ - കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവും
നമ്മുടെ നാടിനും സാഹിത്യത്തിനും എക്കാലത്തും അഭിമാനിക്കാന്‍ കഴിയുന്ന വിപ്ലവകാരിയായിരുന്നു കുമാരനാശാന്‍. ജാതിയുടെ പേരില്‍ മനുഷ്യത്വം നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു സമൂഹം അന്ന് കേരളത്തിലുണ്ടായിരുന്നു. സവര്‍ണമേധാവിത്വത്തിന്‍ കീഴില്‍ നിശ്ശബ്ദമാക്കപ്പെട്ടിരുന്ന വലിയൊരു ജനസമൂഹത്തിന്റെ ശബ്ദമായി ആശാന്റെ രചനകള്‍ മാറി. ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വമാണ് അദ്ദേഹത്തെ ഇത്തരത്തില്‍ രൂപപ്പെടുത്തിയത്. 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ സാവിത്രി അന്തര്‍ജനത്തെക്കൊണ്ട് ചാത്തന്‍പുലയനെ വിവാഹം കഴിപ്പിക്കാനും, 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യത്തിലൂടെ താഴ്ന്നജാതിക്കാരിയായ മാതംഗിയെ ആശ്രമത്തില്‍ സ്വീകരിച്ച് സന്ന്യാസിനിയാക്കാനും ആശാന് സാധിച്ചു. ഇതൊന്നും  അക്കാലത്ത് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല. മറ്റൊരു കവിയും കാണിക്കാത്ത ധൈര്യമാണ് കുമാരനാശാന്‍ പ്രകടിപ്പിച്ചത്.
ആധുനിക കവിത്രയം എന്ന് അറിയപ്പെടുന്ന കവികളില്‍ ഉള്ളൂരും വള്ളത്തോളും മഹാകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവിയാണ് കുമാരനാശാന്‍. ആശയഗാംഭീര്യം, ജീവിതദര്‍ശനം, മാനവികത, തത്ത്വചിന്ത, സ്‌നേഹത്തിലുള്ള അടിയുറച്ചവിശ്വാസം എന്നിവയുടെയെല്ലാം ശക്തമായ ആവിഷ്‌കാരമാണ് ആശാന്റെ കവിതകള്‍. അവതരണത്തിലെ പുതുമ പില്‍ക്കാലകവികള്‍ക്ക് വഴികാട്ടിയാവുകയും ചെയ്തു. നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത,  കരുണ, ഗ്രാമവൃക്ഷത്തിലെ കുയില്‍, പ്രരോദനം, ശ്രീബുദ്ധചരിതം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 'ഗ്രാമവൃക്ഷത്തിലെ കുയില്‍' ആശാനുനേരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ്.  ഈ കാവ്യത്തിലെ ഉഗ്രവ്രതനായ മുനി ശ്രീനാരായണഗുരുവാണ്.  മാവ്  എസ്. എന്‍. ഡി.
പി. യോഗത്തിന്റെയും കുയില്‍ കുമാരനാശാന്റെയും പ്രതീകങ്ങളാണ്. അക്കാലത്തെ സാഹിത്യകാരന്മാരെ ശരിയായ വഴിയില്‍ നയിച്ചിരുന്ന എ. ആര്‍. രാജരാജവര്‍മ്മയുടെ വിയോഗത്തെ മുന്‍നിര്‍ത്തി ആശാന്‍ രചിച്ച വിലാപകാവ്യമാണ് 'പ്രരോദനം'. 'നളിനി'യിലും 'ലീല'യിലും നിറഞ്ഞുനില്‍ക്കുന്നത് സ്‌നേഹത്തിന്റെ ആഴവും പരപ്പുമാണ്. രാമന്റെ ചെയ്തികളെ വിചാരണചെയ്ത്  വിധിപറയുന്ന  'ചിന്താവിഷ്ടയായ സീത'യിലെ  സീത സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്. പുറംമോടിയല്ല, ഉള്‍ക്കനമായിരുന്നു ആശാന് പ്രധാനം. കവിതയില്‍ മറ്റാരും കടന്നുചെന്നിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.
തന്റെ സമുദായം നേരിടുന്ന അവഗണനയും നീതിനിഷേധവും മാറ്റിയെടുക്കുന്നതിന് ശ്രീനാരായണഗുരു രൂപം നല്‍കിയ എസ്. എന്‍. ഡി. പി. യോഗത്തിന്റെ സെക്രട്ടറിയായിരുന്നു കുമാരനാശാന്‍. നവോത്ഥാനശില്പികളിലെ തിളങ്ങുന്ന നക്ഷത്രമായ നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നതില്‍ ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാമൂഹികപരിഷ്‌കരണത്തിന് കുമാരനാശാന്‍  കൈക്കൊണ്ട ആയുധമായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടികള്‍. കേരളത്തെ ഭ്രാന്താലയമാക്കുന്ന ജാതിവ്യവസ്ഥയുടെ തായ്‌വേരിലാണ് അവ  ചെന്നുപതിച്ചത്. ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ നിറഞ്ഞതാണ് ആശാന്റെ കവിതകള്‍. അനായാസം വായിച്ച് ആസ്വദിക്കാവുന്നവയല്ല അവ. ആഴത്തില്‍ മനനംചെയ്താല്‍ മാത്രമേ ആശാന്‍കവിതകളുടെ ഉള്ളറിയാന്‍ കഴിയുകയുള്ളൂ. കാലമെത്ര കഴിഞ്ഞാലും കുമാരനാശാനും അദ്ദേഹത്തിന്റെ കൃതികളും അല്‍പ്പംപോലും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല.
▲'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' 
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.'
'ക്ഷേത്രങ്ങളല്ല, വിദ്യാഭ്യാസസ്ഥാപനങ്ങളോ തൊഴില്‍ശാലകളോ ആണ് ഇനി വേണ്ടത്.'                  (ശ്രീനാരായണഗുരു) 
മുകളില്‍ കൊടുത്ത സൂചനകളും നിങ്ങള്‍ക്കറിയാവുന്ന മറ്റു കാര്യങ്ങളും ഉള്‍പ്പെടുത്തി 'ആധുനിക കേരളസൃഷ്ടിയില്‍ ശ്രീനാരായണഗുരു വഹിച്ച പങ്ക്' എന്ന വിഷയത്തില്‍ ഉപന്യാസം തയാറാക്കുക.                                 
ശ്രീനാരായണഗുരു- നവകേരളശില്പി
  മതങ്ങളെക്കാളും ദൈവങ്ങളെക്കാളും മനുഷ്യര്‍ക്ക് പ്രാധാന്യം നല്‍കിയ ആചാര്യനും സന്ന്യാസിയുമായിരുന്നു ശ്രീനാരായണഗുരു. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അയിത്താചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അവര്‍ണരുടെ ജീവിതം അക്കാലത്ത് നരകതുല്യമായിരുന്നു. അവരെ മനുഷ്യരായിപ്പോലും കണക്കാക്കിയിരുന്നില്ല. ദുരിതജീവിതത്തില്‍നിന്ന് ഈ പാവങ്ങളെ രക്ഷിക്കാനുള്ള ദൗത്യമാണ് ഗുരു ഏറ്റെടുത്തത്.
മനുഷ്യരില്‍ ആണും പെണ്ണുമെന്ന രണ്ടു ജാതി മാത്രമേയുള്ളൂ. മറ്റുള്ള തരംതിരിവുകളെല്ലാം ശുദ്ധവിഡ്ഢിത്തമാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'; 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നീ സന്ദേശങ്ങള്‍ അന്നത്തെ മതസങ്കല്‍പ്പങ്ങളുടെ തായ്‌വേരുകളില്‍ ചെന്നുകൊണ്ടു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ  താഴെത്തട്ടിലുള്ളവരെ സമുദ്ധരിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ക്ഷേത്രങ്ങളേക്കാള്‍ ആവശ്യം വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴില്‍ശാലകളുമാണെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ പരിഹാസം വളരെ രൂക്ഷമായിരുന്നു. ഓരോരുത്തരും അവനവനിലുള്ള ഈശ്വരനെ കണ്ടെത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കണ്ണാടിപ്രതിഷ്ഠയിലൂടെ അദ്ദേഹം നല്‍കിയ   മഹത്തായ സന്ദേശവും അതുതന്നെയാണ്. ശിവപ്രതിഷ്ഠ നടത്തിയതിന്റെ പിന്നിലുള്ള ലക്ഷ്യവും സമൂഹത്തിലെ അശരണരുടെ വിമോചനംതന്നെയായിരുന്നു. മദ്യമെന്ന സാമൂഹികവിപത്തിനെതിരെയും  അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നുപൊങ്ങിയിരുന്നു. മദ്യം ഉണ്ടാക്കുന്നതിനും അത് വില്‍ക്കുന്നതിനും കുടിക്കുന്നതിനും  അദ്ദേഹം എതിരായിരുന്നു.
ഉത്കൃഷ്ടങ്ങളായ നിരവധി സാഹിത്യസൃഷ്ടികളും ശ്രീനാരായണഗുരുവിന്റേതായിട്ടുണ്ട്. ആ കൃതികളിലൂടെയും സമൂഹത്തെ നന്മയിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയ'മെന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ സാംസ്‌കാരികകേരളത്തിലേക്ക് കൈപിടിച്ചുനടത്തിയത് ശ്രീനാരായണഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശങ്ങളും മാനവികതയ്ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. സമൂഹത്തില്‍ വേദനയനുഭവിക്കുന്നവരുടെ മോചനവും  സന്തോഷവുമാണ് തന്റെ മോക്ഷപ്രാപ്തിയേക്കാള്‍ പ്രധാനമായി അദ്ദേഹം കണ്ടിരുന്നത്. നാമിന്ന് അനുഭവിക്കുന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായുവിന് ശ്രീനാരായണഗുരുവിനോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.

പ്രഭാഷണത്തിന്റെ മാതൃകകള്‍

 
 
 .............................................................................................................
പ്രഭാഷണം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക. വിഷയത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസ്സിലുണ്ടായിരിക്കണം.
👉   അഭിസംബോധനയോടെയായിരിക്കണം പ്രഭാഷണം തുടങ്ങേണ്ടത്. (ഉദാ : മാന്യസദസ്സിന് വന്ദനം/ പ്രിയപ്പെട്ട ശ്രോതാക്കളേ)
👉   പ്രഭാഷണത്തിന്റെ ആദ്യഖണ്ഡിക ആമുഖമാണ്. വിഷയത്തിന്റെ പ്രാധാന്യം ഇതില്‍ വ്യക്തമാക്കണം.
👉    രണ്ടാം ഖണ്ഡികയില്‍ വിഷയവുമായി ബന്ധപ്പെട്ട സമകാലികസംഭവങ്ങള്‍, ഉദ്ധരണികള്‍, പാഠഭാഗങ്ങളിലെ അനുയോജ്യമായ ആശയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.
👉    അവതരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് പരസ്പരബന്ധവും അടുക്കും ചിട്ടയും വേണം. അവതരിപ്പിക്കുന്ന ആശയങ്ങള്‍ ആധികാരികമായിരിക്കണം.
👉     സ്വന്തം കാഴ്ചപ്പാടുകള്‍ക്കും നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കണം.
👉   ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.
👉    അവസാനത്തെ ഖണ്ഡികയായ ഉപസംഹാരത്തില്‍ സ്വന്തം നിഗമനങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവയുണ്ടായിരിക്കണം.
👉    ശ്രോതാക്കള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് പ്രഭാഷണം അവസാനിപ്പിക്കാം.
 .............................................................................................................
 
 
▶️  കര്‍ഷകദിനത്തില്‍ നാട്ടിലെ പ്രായംകൂടിയ കര്‍ഷകനെ സ്‌കൂള്‍ അസംബ്ലിയില്‍ ആദരിക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കാനുള്ള പ്രഭാഷണം തയാറാക്കുക. 
ആദരണീയരായ അധ്യാപകരേ, പ്രിയപ്പെട്ട സഹപാഠികളേ,
നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടുള്ള ഒരു മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍. ഇതുവരെ നാം തിരിച്ചറിയാതിരുന്ന, അംഗീകരിക്കാതിരുന്ന വലിയൊരു വിഭാഗം രാജ്യസ്‌നേഹികളെ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങാണിത്. രാപകലില്ലാതെ നമുക്കുവേണ്ടി പൊരിവെയിലിലും കൊടുംതണുപ്പിലും  പെരുമഴയത്തും അധ്വാനിച്ച് മണ്ണില്‍ പൊന്നുവിളയിച്ചവരാണ് കര്‍ഷകര്‍. അഭിമാനത്തോടെയാണ് അവരെ ഇന്ന് നമ്മള്‍ ആദരിക്കുന്നത്. ജീവന്‍ പണയംവച്ച് രാജ്യത്തിനു കാവല്‍നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് സമമാണ് കര്‍ഷരെന്ന് സമൂഹം ഒന്നടങ്കം ഏറ്റുപറയുന്ന ദിവസമാണിത്. അതാണ് കര്‍ഷകദിനം.
സമൂഹത്തിലെ ഏതു ജോലിയേക്കാളും മഹത്ത്വമുള്ളതാണ് കാര്‍ഷികവൃത്തി. പാടത്തും  പറമ്പിലും ചെളിയിലും പണിയെടുക്കുമ്പോള്‍ ഇവരുടെ ദേഹത്ത് വിയര്‍പ്പും മണ്ണും പുരളും. ആ വിയര്‍പ്പാണ് ഭക്ഷണമായി നമ്മുടെ ഭക്ഷണമേശയിലെത്തുന്നത്. സമൂഹത്തിലെ ഉന്നതരും  താണവരും  ഉദ്യോഗസ്ഥരും ഭരണാധികാരികളും  ആത്മീയനേതാക്കളും കുറ്റവാളികളും  ഒരുപോലെ ആ ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്. വിയര്‍പ്പൊഴുക്കി പണിയെടുത്ത്  നമ്മെ പോറ്റിയ  ഈ പാവങ്ങളെ  ഇതുവരെ  നമ്മള്‍ അകറ്റിനിര്‍ത്തുകയും ചെയ്തു. ഒരിക്കലും പൊറുക്കാനാവാത്ത  നന്ദികേടാണ് നമ്മളവരോട് കാണിച്ചുകൊണ്ടിരുന്നത്. അവരുടെ വിളകള്‍ക്ക് അര്‍ഹമായ വിലപോലും നമ്മള്‍ നല്‍കിയില്ലെന്നതാണ് സത്യം. ജീവിതകാലം മുഴുവന്‍ നമുക്കുവേണ്ടി അധ്വാനിച്ച കര്‍ഷകനെ ആദരിച്ചുകൊണ്ട് ഒരു മഹത്തായ സന്ദേശമാണ് നമ്മള്‍ ഇന്നിവിടെ നല്‍കുന്നത്. അവരോടൊപ്പം തോളോടുതോള്‍  ചേര്‍ന്ന് നമ്മുടെ നാടിനാവശ്യമായ ഭക്ഷണം നമ്മുടെ നാട്ടില്‍ത്തന്നെ ഒരുക്കാം. വിഷമില്ലാത്ത, മാലിന്യമില്ലാത്ത ഭക്ഷണം നല്‍കി വരുംതലമുറകളെ ആരോഗ്യമുള്ളവരാക്കാം. കൃഷി നമുക്കൊരു ശീലമാക്കാം. അധ്വാനത്തിന്റെ വിലയും മഹത്ത്വവും നമുക്ക് തലമുറകളിലേക്ക് കൈമാറാം. സുഭിക്ഷമായ, സമ്പന്നമായ നമ്മുടെ നാട് നമുക്കൊരുമിച്ച് പണിതുയര്‍ത്താം.
ജീവിതവും ആരോഗ്യവും ഈ നാടിനുവേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് നമ്മുടെ മുന്നിലിരിക്കുന്ന ഈ കര്‍ഷകന്‍. അദ്ദേഹത്തിന്റെ അധ്വാനമാണ് ഈ നാടിനെ പോറ്റിവളര്‍ത്തിയത്. അതിനാല്‍ത്തന്നെ ഏറെ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന്  നിസ്സംശയം പറയാം. ഈ രാജ്യസ്‌നേഹിയുടെ മുന്നില്‍ ശിരസ്സു നമിച്ചുകൊണ്ട് എന്റെ വാക്കുകള്‍ ചുരുക്കട്ടെ.                 
നന്ദി, നമസ്‌കാരം
ജയ്ഹിന്ദ്

▶️ ഒരു നാടിന്റെ  ജീവസ്രോതസ്സുകളാണ് നദികള്‍. നദികള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രഭാഷണം തയാറാക്കുക. 
പ്രിയപ്പെട്ട ശ്രോതാക്കളേ, 
ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. നിലനില്‍പ്പിന് അത്യാവശ്യമായ വസ്തുക്കള്‍ ഇല്ലാതാക്കുന്ന പ്രവൃത്തികളെ വിശേഷിപ്പിക്കുന്ന ചൊല്ലാണിത്. ബുദ്ധിശക്തിയോ ചിന്താശേഷിയോ ഇല്ലാത്തവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുള്ളത്. നദികളോടുള്ള നമ്മുടെ സമീപനം സത്യത്തില്‍ ഇത്തരത്തിലുള്ളതാണ്. വിനാശകരമാണെന്ന്  അറിഞ്ഞിട്ടും  അധികാരികളുടെ ഒത്താശയോടെ  ഇത്തരം നശീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നുള്ളതാണ് ഏറെ അദ്ഭുതകരം.
കൃഷി, കുടിവെള്ളം എന്നിവയ്ക്ക് നമ്മള്‍ നേരിട്ട് ആശ്രയിക്കുന്നത് നദികളെയാണ്. നദികള്‍ മലിനമാവുമ്പോള്‍ ഭൂഗര്‍ഭജലവും മലിനമാവും. അതോടെ കുടിവെള്ളം ഇല്ലാതെയാവും. നദിയിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാതെയാവും. കടുത്ത ഭക്ഷ്യക്ഷാമമാണ് അതിന്റെ അനന്തരഫലം. മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങള്‍ക്കും ഭീഷണിയായി ഇത് മാറും. നദികള്‍  ഉദ്ഭവിക്കുന്നത് മലകളില്‍നിന്നാണ്. മലകള്‍ വെട്ടിനിരത്തുകയും വനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ നദികളെ ഉദ്ഭവത്തില്‍തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൊടിയ വരള്‍ച്ച, ഭൂകമ്പം, പേമാരി, കൊടുങ്കാറ്റ്, കാലാവസ്ഥാവ്യതിയാനം എന്നിവയ്‌ക്കെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിവയ്ക്കും. രാസമാലിന്യങ്ങള്‍ നദീജലത്തില്‍ കലരുന്നത് ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. നമ്മുടെ നാട്ടിലെ നദികളെല്ലാംതന്നെ മരണാവസ്ഥയിലെത്തിക്കഴിഞ്ഞു. മണ്ണില്‍ അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക്‌പോലുള്ള മാലിന്യങ്ങള്‍ നദികളില്‍ അടിഞ്ഞുകൂടി ജലജീവികളെ  ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സസ്യങ്ങളും ജീവജാലങ്ങളുമില്ലാതെ മനുഷ്യനു മാത്രമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയുമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തമാണ്. ഓരോ നദിയും ഇല്ലാതെയാവുമ്പോള്‍ നഷ്ടമാവുന്നത് ഓരോ ആവാസവ്യവസ്ഥയാണ്. അതായത്, ജീവിസമൂഹത്തിന് നിലനില്‍ക്കാനാവാത്ത സ്ഥിതി. മനുഷ്യരും ഇക്കൂട്ടത്തില്‍ പെടും. നമ്മുടെ പ്രവൃത്തികള്‍കൊണ്ട് നാംതന്നെ ഇല്ലാതാവുന്ന അവസ്ഥ. അതുകൊണ്ടാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവൃത്തിയെന്ന് നദികളുടെ മലിനീകരണത്തെ നേരത്തെ വിശേഷിപ്പിച്ചത്. 
വളരെ ഗൗരവത്തോടെ ഈ പ്രശ്‌നത്തെ സമീപിച്ചേ മതിയാകൂ. ഈ രീതി തുടര്‍ന്നാല്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക്  ഇവിടെ  നിലനില്‍ക്കാനാവില്ല. പച്ചപ്പുനിറഞ്ഞ ഈ മണ്ണ് മരുഭൂമിയായി മാറാന്‍ അധികകാലം വേണ്ടിവരില്ല. മുതിര്‍ന്നവരും കൊച്ചുകുട്ടികളും ഉള്‍പ്പെടെ സകലരും ഇതിനെതിരെ രംഗത്തുവരണം. നദികളെയും നാടിനെയും രക്ഷിക്കാന്‍  മുന്നിട്ടിറങ്ങണം. എങ്കില്‍  ഒരു പരിധിവരെ  നമുക്ക് ബാക്കിയുള്ളവയെ നിലനിര്‍ത്താനാവും. നാട് കൊള്ളയടിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരെ തിരുത്തുവാനുള്ള സമീപനമാണ് വേണ്ടത്. ഒരു രണ്ടാം സ്വാതന്ത്ര്യസമരം. നാടിനെ രക്ഷിക്കാനുള്ള ഈ സമരത്തില്‍ എല്ലാവരും അണിചേരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.                                    
                                                                                                         നന്ദി, നമസ്‌കാരം





Friday, August 14, 2020

കഥകളിയുടെ സവിശേഷതകളെക്കുറിച്ച് ഒരു സെമിനാര്‍

 കഥകളിയുടെ സവിശേഷതകളെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കാം.

പരിഗണിക്കാവുന്ന ഉപവിഷയങ്ങള്‍:
കഥകളിയുടെ ചരിത്രം, അഭിനയരീതികള്‍, വേഷം, സംഗീതം, ചടങ്ങുകള്‍ തുടങ്ങിയവ.
സെമിനാര്‍ സംഘടിപ്പിക്കുമ്പോള്‍...
അവതരണത്തിനുമുമ്പ്
⦸ കുട്ടികളെ മൂന്നോ നാലോ സംഘങ്ങളായി തിരിക്കുക.
⦸ വിഷയത്തെ വിവിധ മേഖലകളായി തിരിക്കുക.
⦸ ഓരോ മേഖലയും ഓരോ സംഘത്തെ ഏല്‍പ്പിച്ച് വിവരശേഖരണത്തിന് ചുമതലപ്പെടുത്തുക.
⦸ പ്രബന്ധങ്ങള്‍ തയാറാക്കുക.
⦸ മോഡറേറ്ററെയും ഓരോ സംഘത്തിലെയും പ്രബന്ധാവതാരകരെയും തിരഞ്ഞെടുക്കുക.
⦸ സെമിനാറിന്റെ പ്രചാരണത്തിന് ആവശ്യമായ പരസ്യം, നോട്ടീസ്, ക്ഷണക്കത്ത് തുടങ്ങിയവ തയാറാക്കുക.
അവതരണം
⦸ സ്വാഗതം
⦸ ആമുഖം (മോഡറേറ്റര്‍)
⦸ പ്രബന്ധങ്ങളുടെ അവതരണം. ഓരോ അവതരണത്തിനുശേഷവും ചര്‍ച്ചനടത്തണം.
⦸ ചര്‍ച്ചക്കുറിപ്പുകള്‍ രേഖപ്പെടുത്തുക.
⦸ മോഡറേറ്ററുടെ ക്രോഡീകരണം.
അവതരണത്തിനുശേഷം
⦸ ചര്‍ച്ചക്കുറിപ്പുകള്‍ വികസിപ്പിച്ച് വ്യക്തിഗത പ്രബന്ധങ്ങള്‍ തയാറാക്കല്‍ (ആശയവിനിമയം) 
⦸ സെമിനാര്‍ റിപ്പോര്‍ട്ട് തയാറാക്കല്‍
⦸ സെമിനാര്‍ വിലയിരുത്തല്‍
മാതൃകാപ്രബന്ധം

കഥകളിയുടെ സവിശേഷതകള്‍

ആമുഖം
കേരളത്തിന് രാജ്യാന്തരപ്രശസ്തി നേടിക്കൊത്ത കലാരൂപമാണ് കഥകളി. പതിനേഴാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍ ജീവിച്ചിരുന്ന ഒരു കൊട്ടാരക്കരത്തമ്പുരാനാണ് ശ്രേഷ്ഠമായ ഈ ദൃശ്യകലയ്ക്ക് രൂപം നല്‍കിയതെന്ന് കരുതപ്പെടുന്നു. അക്കാലത്തും അതിനുമുമ്പും നമ്മുടെ നാട്ടിലും പരിസരദേശങ്ങളിലും നിലനിന്നിരുന്ന പല കലാരൂപങ്ങളുടെയും അംശങ്ങള്‍ ഈ കലയിലുണ്ട്. കഥകളിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് ശരിയായ  അറിവുള്ള ഒരാള്‍ക്കു മാത്രമേ കഥകളി ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. സാധാരണക്കാര്‍ക്കിടയില്‍ ഈ കലാരൂപത്തിന് പ്രചാരം ലഭിക്കാത്തത് സാങ്കേതികപരിജ്ഞാനക്കുറവുകൊണ്ടാണ്. തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍  സ്ഥാപിച്ച കേരളകലാമണ്ഡലമാണ് നിലനില്‍ക്കാന്‍ പാടുപെട്ടിരുന്ന കഥകളിയുള്‍പ്പെടെയുള്ള കലകള്‍ക്ക് ജീവശ്വാസമായത്.
കഥകളിയുടെ ചരിത്രം
ഒരു അടിയന്തിരത്തിനോടനുബന്ധിച്ച് മാനവേദന്‍ സാമൂതിരിയുടെ 'കൃഷ്ണനാട്ടം' തന്റെ നാട്ടില്‍ അവതരിപ്പിക്കണമെന്ന് കോഴിക്കോട് സാമൂതിരിയോട് കൊട്ടാരക്കരത്തമ്പുരാന്‍ ആവശ്യപ്പെട്ടു. തന്റെ 'കൃഷ്‌നാട്ടം' കണ്ട് ആസ്വദിക്കുവാന്‍ കഴിവുള്ളവര്‍ തെക്കന്‍നാട്ടിലില്ലെന്ന് പുച്ഛിക്കുകയാണ് സാമൂതിരി ചെയ്തത്. അപമാനിതനായ കൊട്ടാരക്കരത്തമ്പുരാന്‍ ശ്രീരാമകഥ 'രാമനാട്ടം' എന്ന പേരില്‍ ചിട്ടപ്പെടുത്തി. 'രാമനാട്ട'മാണ് പിന്നീട് കഥകളിയായി വളര്‍ന്നത്. അന്നത് എട്ട് ദിവസത്തെ കളിയായിരുന്നു. കൂടിയാട്ടം, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, അഷ്ടപദിയാട്ടം തുടങ്ങിയ ഒട്ടേറെ കേരളീയകലകളോട് കഥകളിയുടെ പല അംശങ്ങള്‍ക്കും 
സാമ്യമുണ്ട്. അഭിനയത്തിലും ചടങ്ങുകളിലുമായി ഒട്ടേറെ പരിഷ്‌കാരങ്ങളിലൂടെ കടന്നുവന്നാണ് കഥകളി ഇന്നത്തെ രൂപത്തിലെത്തിയത്. കഥകളിവേഷത്തെ പരിഷ്‌കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട് രാജാവായിരുന്നു. പാട്ടിലും ഉടുത്തുകെട്ടിലും കിരീടങ്ങളിലും മുഖമെഴുത്തിലും  അദ്ദേഹം കൊണ്ടുവന്ന  പരിഷ്‌കാരങ്ങളെ വെട്ടത്തുനാടന്‍രീതിയെന്നാണ് വിളിക്കുന്നത്. വെട്ടത്തുസമ്പ്രദായത്തെ പരിഷ്‌കരിച്ച് കഥകളിയെ ഒരു നൃത്തകലയാക്കിത്തീര്‍ത്തത് കപ്ലിങ്ങാടന്‍ നമ്പൂതിരിയാണ്. അദ്ദേഹത്തിന്റ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയില്‍ കാലോചിതമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇവയാണ് കപ്ലിങ്ങാടന്‍സമ്പ്രദായം  എന്ന പേരില്‍ അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കുയില്‍ത്തൊടി ഇട്ടിരാരിശ്ശി മേനോന്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് കല്ലുവഴിച്ചിട്ട എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നണിയില്‍ ഗായകര്‍ പാടുന്ന പാട്ടിനനുസരിച്ച് നടന്‍ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടന്‍ സമ്പ്രദായമാണ്. കൈമുദ്രകള്‍ പരിഷ്‌കരിച്ചത് കല്ലുവഴിസമ്പ്രദായമാണ്. 
കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. കൊട്ടാരക്കരത്തമ്പുരാന്‍, കോട്ടയം തമ്പുരാന്‍, ഉണ്ണായിവാര്യര്‍, ഇരയിമ്മന്‍ തമ്പി എന്നിവരാണ്  പ്രഥമഗണനീയരായ ആട്ടക്കഥാകാരന്മാര്‍. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം; കോട്ടയം തമ്പുരാന്റെ കിര്‍മീരവധം, ബകവധം, നിവാതകവചകാലകേയവധം, കല്യാണസൗഗന്ധികം; ഉണ്ണായിവാര്യരുടെ നളചരിതം; ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നിവയാണ് പ്രസിദ്ധിയാര്‍ജിച്ച ആട്ടക്കഥകള്‍.
അഭിനയരീതികള്‍
നൃത്തം, നൃത്യം, നാട്യം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള അഭിനയമാണ് കഥകളിയിലുള്ളത്. പാട്ടുകാര്‍ പാടുന്ന പാട്ടിന്റെ അര്‍ഥത്തെ നടന്‍ കൈമുദ്രകളിലൂടെ അഭിനയിച്ചു കാണിക്കുന്നു. പദാര്‍ഥാഭിനയം എന്ന് പറയുന്നത് ഈ രീതിയെയാണ്. ചൊല്ലിയാട്ടം എന്നും  ഇതിന് പേരുണ്ട്. 'ഹസ്തലക്ഷണദീപിക'യെന്ന പ്രാചീനഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് കഥകളിയിലെ മുദ്രകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 24 മുദ്രകളും 470 സംജ്ഞാമുദ്രകളുമാണ് കഥകളിയില്‍ ഉപയോഗിക്കുന്നത്. വാചികാഭിനയം കഥകളിയിലില്ല.  പിന്നണിയില്‍ ഗായകന്‍ പാടുന്നതിനനുസരിച്ച് നടന്‍ മുദ്രകള്‍ കാണിക്കുന്നു. നടന്റെ അഭിനയപാടവം വെളിപ്പെടുത്തു
ന്നതാണ് മനോധര്‍മം അഥവാ തന്റേടാട്ടം. ഇളകിയാട്ടം എന്നും ഇതിനെ വിളിക്കാറുണ്ട്.
വേഷം
       കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ചാണ് കഥകളിയില്‍ വേഷവിഭജനം. സാത്വികം, രാജസം, തമസ് എന്നീ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ അഞ്ചുതരം വേഷങ്ങള്‍ നല്‍കിയിരിക്കുന്നു. പച്ചവേഷം സത്വഗുണപ്രധാനമാണ്. ധര്‍മപുത്രര്‍, ഭീമന്‍, അര്‍ജുനന്‍ തുടങ്ങിയ സദ്ഗുണസമ്പന്നരായ കഥാപാത്രങ്ങള്‍ക്കാണ് പച്ചവേഷം. നന്മയും തിന്മയും ഇടകലര്‍ന്ന രജോഗുണപ്രധാന കഥാപാത്രങ്ങള്‍ക്കാണ് കത്തിവേഷം. ദുര്യോധനന്‍, കീചകന്‍, രാവണന്‍ എന്നിവരെല്ലാം ഈ ഗണത്തില്‍ പെടുന്നു. കുറുംകത്തിയെന്നും നെടുംകത്തിയെന്നും ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. ക്രൂരസ്വഭാവികളായ കഥാപാത്രങ്ങള്‍ക്കാണ് കരിവേഷം, ആണ്‍കരിയെന്നും പെണ്‍കരിയെന്നും രണ്ടുവിഭാഗങ്ങള്‍ ഇതി
നുണ്ട്. കാട്ടാളന്‍ ആണ്‍കരിയും ശൂര്‍പ്പണഖ, നക്രതുണ്ഡി, പൂതന എന്നിവര്‍ പെണ്‍കരിയുമാണ്. വെള്ളത്താടി, 
ചുവന്നതാടി എന്നിങ്ങനെ താടി രണ്ടുതരമുണ്ട്. വെള്ളത്താടി സത്വഗുണപ്രധാനമാണ്. ചുവന്നതാടി തമോഗുണപ്രധാനവും. ഹനുമാന്‍ വെള്ളത്താടിയാണ്. ദുശ്ശാസനന്‍, ത്രിഗര്‍ത്തന്‍, ബകന്‍ എന്നിവരാണ് ചുവന്നതാടിക്കാര്‍. മഹര്‍ഷിമാരും സ്ത്രീകളുമാണ് മിനുക്കുവേഷമണിയുന്നത്. 
സംഗീതം
കഥകളിയില്‍ വാചികാഭിനയം നിര്‍വഹിക്കുന്നത് ഗായകരാണ്. അതുകൊണ്ട് കഥകളിസംഗീതം ഭാവപ്രധാനമാണ്. കേരളീയസംഗീതമായ സോപാനസംഗീതത്തിന്റെ രീതിയിലാണ് കഥകളിയിലെ ആലാപനം. ക്ഷേത്രനടയില്‍വച്ച് ഗീതഗോവിന്ദം പാടുന്ന രീതിയാണിത്. കഥകളിയില്‍ രണ്ടുപേര്‍ പാട്ടുപാടാനുണ്ടാവും. പ്രധാന പാട്ടുകാരനെ മുന്നാണിയെന്നും രണ്ടാം പാട്ടുകാരനെ ശിങ്കിടിയെന്നും വിളിക്കും. മുന്നാണി ചേങ്ങിലകൊണ്ട് താളംപിടിക്കും. ശിങ്കിടി ഇലത്താളംകൊണ്ടും. ചെണ്ട, ചേങ്ങില, ശുദ്ധമദ്ദളം, ഇലത്താളം എന്നിവയാണ് പ്രധാന കഥകളിവാദ്യങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ ഇടയ്ക്കയും ഉപയോഗിക്കാറുണ്ട്. വാദ്യക്കാരുടെ വൈഭവം പ്രകടിപ്പിക്കാനുള്ള അവസരമാണ് മേളപ്പദം. പുറപ്പാട് എന്ന ചടങ്ങിന് ശംഖ്, കുഴല്‍ എന്നിവയും ഉപയോഗിക്കാറുണ്ട്. 
ചടങ്ങുകള്‍
⦸ കേളികൊട്ട്
കഥകളിയുടെ വിളംബരമാണിത്. ചെണ്ടയും മദ്ദളവും ചേങ്ങിലയും ഇലത്താളവുമാണ് ഇതിനുപയോഗിക്കുന്നത്. 
⦸ അരങ്ങുകേളി (ശുദ്ധമദ്ദളം)
സന്ധ്യയ്ക്ക് അരങ്ങത്ത് വിളക്കുവച്ചുകഴിഞ്ഞാല്‍ ചെണ്ടയൊഴികെയുള്ള വാദ്യോപകരണങ്ങള്‍ 
ഉപയോഗിച്ച് അരങ്ങുകേളി നടത്തുന്നു.
⦸ തോടയം
വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള രംഗപൂജയാണിത്. എല്ലാ നടന്മാരും തോടയമെടുത്തതിനുശേഷം മാത്രമേ വേഷംകെട്ടാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇത് അസാധ്യമായതിനാല്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ  ഈ ചടങ്ങ് നടത്താറുള്ളൂ.
വന്ദനശ്ലോകങ്ങള്‍
കഥകളിയില്‍ പങ്കെടുത്ത് എല്ലാ പാട്ടുകാരും വന്ദനശ്ലോകം ചൊല്ലണം. കോട്ടയം രാജാവ് രചിച്ച മംഗളശ്ലോകമാണ് ഗായകര്‍ ചൊല്ലുന്നത്. 
⦸ പുറപ്പാട്
രണ്ട് ചെറുവേഷക്കാര്‍ രംഗത്തുവന്ന് മേലാപ്പ്, ആലവട്ടം, വെഞ്ചാമരം, ശംഖനാദം എന്നിവയുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന ചടങ്ങാണിത്.
⦸ മേളപ്പദം
ഗീതഗോവിന്ദത്തിലെ 'മഞ്ജുതര' എന്ന ഗീതം ആലപിക്കുകയും മേളക്കാര്‍ അകമ്പടിചേരുകയും ചെയ്യുന്ന ചടങ്ങാണിത്. പാട്ടുകാരുടെയും  മേളക്കാരുടെയും സാമര്‍ഥ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്. 
⦸ കഥാരംഭം
മേളപ്പദം കഴിഞ്ഞാലുടനെ കഥ ആരംഭിക്കും. ഗായകര്‍ അവതരണപദ്യം ചൊല്ലിത്തീരുന്നതോടുകൂടി കഥാപാത്രങ്ങള്‍ തിരശ്ശീല താഴ്ത്തി രംഗത്ത് പ്രവേശിക്കുന്നു.
⦸ തിരനോട്ടം
കത്തി, താടി വേഷക്കാര്‍ നടത്താറുള്ള ചടങ്ങാണിത്.
ഉപസംഹാരം
സാങ്കേതികാംശങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള കലാരൂപമാണ് കഥകളി. ഈ കല ജനകീയമാകാത്തതിനുള്ള കാരണം ഈ സാങ്കേതികത്വമാണ്. സമൂഹത്തിലെ വരേണ്യരായ ആളുകളുടെ മുന്നില്‍ മാത്രമാണ് പണ്ടുകാലത്ത് കഥകളി അവതരിപ്പിച്ചിരുന്നത്. അവരുടെ മേല്‍ക്കോയ്മ അവസാനിച്ചതോടെ മഹത്തായ ഈ കലയെ സംരക്ഷിക്കാന്‍ ആളുകളില്ലാതായി. അന്യംനിന്നുപോവുമായിരുന്ന അവസ്ഥയില്‍നിന്ന് ഈ കലാരൂപത്തെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയത് വള്ളത്തോളിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച  കലാമണ്ഡലമാണ്. ഇന്ന് ലോകപ്രശസ്തിയാര്‍ജിച്ച ക്ലാസിക് കലാരൂപങ്ങളുടെ മുന്‍നിരയില്‍ത്തന്നെയാണ് കഥകളിയുടെ സ്ഥാനം.

Thursday, December 26, 2019

താരതമ്യക്കുറിപ്പിന്റെ മാതൃകകള്‍

⧱  ''വിളക്കുകൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
    വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം''         
                                         (പ്രേമസംഗീതം - ഉള്ളൂര്‍)
⧱   ''മനസ്സില്‍  നൈരാശ്യമെഴുന്നവന്നു
  മധ്യാഹ്നവും പ്രത്യഹമര്‍ധരാത്രം;
ശുഭം പ്രതീക്ഷിപ്പവനേതു രാവും
സൂര്യാംശുദീപ്തം പകല്‍പോലെതന്നെ.'' 
                                         (നവയുഗോദയം - ഉള്ളൂര്‍) 
തന്നിരിക്കുന്ന കവിതാഭാഗങ്ങള്‍ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
മഹാകവി ഉള്ളൂരിന്റെ രണ്ടു കവിതാഭാഗങ്ങളാണ് തന്നിരിക്കുന്നത്. പ്രകാശിക്കുന്ന വിളക്ക് കൈയിലുള്ളവര്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം വെളിച്ചം നിറഞ്ഞുനില്‍ക്കും. അവനവനു മാത്രമല്ല, മറ്റുള്ളവര്‍ക്കും വെളിച്ചം നല്‍കിക്കൊണ്ടാണ്  അങ്ങനെയുള്ളവര്‍ ജീവിക്കുന്നത്. പ്രകാശം, അറിവ്, ആത്മവിശ്വാസം, നന്മ, ശുഭചിന്ത എന്നിങ്ങനെയുള്ള ഗുണങ്ങളുടെ പ്രതീകമാണ് വിളക്ക്. ആ വെണ്മ മനസ്സിലുള്ളവര്‍ക്ക് പുരോഗതിയും വിജയവും കൈവരുമെന്നാണ് 'പ്രേമസംഗീത'ത്തിലൂടെ കവി പറഞ്ഞുവയ്ക്കുന്നത്. 'നവയുഗോദയ'ത്തിലെ വരികളുടെ  ആശയവും സമാനമാണ്. നിരാശാമനോഭാവത്തോടെ ചുറ്റും നോക്കുന്നവര്‍ക്ക് നട്ടുച്ചപോലും കൂരിരുട്ടായി തോന്നും. എന്നാല്‍ ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കുന്നവര്‍ക്ക് രാത്രി പകല്‍പോലെ അനുഭവപ്പെടുന്നു. അവരുടെ ജീവിതത്തില്‍ നിരാശ ഉണ്ടാവുകയേയില്ല. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നവര്‍ക്കുമാത്രമേ ജീവിതത്തില്‍ പുരോഗതിയുണ്ടാവുകയുള്ളൂ എന്ന ആശയമാണ് രണ്ടു കവിതാഭാഗങ്ങളിലും തെളിയുന്നത്. 
◼️  എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഭൂമിക്ക് കഴിയും. എന്നാല്‍ അവരുടെ ആര്‍ത്തികളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല.''            - മഹാത്മാഗാന്ധി
◼️  ''പട്ടു കിട്ടുമ്പൊഴും സന്തോഷമില്ലവ-
നൊട്ടു പണംകൂടെ മുമ്പേ നിനയ്ക്കയാല്‍.
വീരവാളിപ്പട്ടു കിട്ടിയെന്നാകിലും
പോരാ തരിവള കിട്ടുവാനാഗ്രഹം.''              - കുഞ്ചന്‍നമ്പ്യാര്‍
ഗാന്ധിജിയുടെ വാക്കുകളും  കുഞ്ചന്‍നമ്പ്യാരുടെ കാവ്യഭാഗവും താരതമ്യം ചെയ്ത്  കുറിപ്പ് തയാറാക്കുക.
മനുഷ്യരുടെ ആവശ്യങ്ങള്‍ക്കുള്ളതെല്ലാം ഈ ഭൂമിയിലുണ്ട്. പക്ഷേ അവരുടെ ആര്‍ത്തികളെ തൃപ്തിപ്പെടുത്താനുള്ളതൊന്നും ഇവിടെയില്ലെന്നാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞിരിക്കുന്നത്. പണത്തോടുള്ള മനുഷ്യരുടെ ആര്‍ത്തിയെക്കുറിച്ചുതന്നെയാണ് കുഞ്ചന്‍നമ്പ്യാരും കാവ്യഭാഗത്ത് പറഞ്ഞിരിക്കുന്നത്. തന്റെ കഴിവിന് അംഗീകാരമായി പട്ടുകിട്ടിയാലും മനുഷ്യന് സന്തോഷമില്ല. കാരണം കുറച്ചു പണംകൂടി അവന്‍ പ്രതീക്ഷിക്കുന്നുണ്ട്. വീരാളിപ്പട്ടുകിട്ടിയാല്‍ അതുമാത്രം പോരാ, തരിവളകൂടി കിട്ടുവാനാണ് ആഗ്രഹം. ഇങ്ങനെ മനുഷ്യന്റെ ആര്‍ത്തി ഒരിക്കലും തീരുന്നില്ല. കിട്ടുന്തോറും അത് കൂടിക്കൂടി വരുകയാണ് ചെയ്യുന്നത്. ഗാന്ധിജിയുടെ നിരീക്ഷണംതന്നെയാണ് കാവ്യഭാഗത്തും പ്രതിഫലിക്കുന്നത്. മറ്റു ജീവികളെല്ലാം തങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ളതു മാത്രമാണ് ഈ ഭൂമിയില്‍നിന്ന് സ്വീകരിക്കുന്നത്. എന്നാല്‍ മനുഷ്യനെ  സംബന്ധിച്ചിടത്തോളം ആവശ്യങ്ങളല്ല, ആര്‍ഭാടവും ആര്‍ത്തിയുമാണ് കൂടുതലുള്ളത്. മറ്റുള്ളവരുടെ ആവശ്യങ്ങളൊന്നും സാധിച്ചില്ലെങ്കിലും വേണ്ടില്ല, തനിക്ക് കൂടുതല്‍ കൂടുതല്‍ കിട്ടണമെന്ന മനുഷ്യന്റെ മനോഭാവത്തെയാണ് ഗാന്ധിജിയും
കുഞ്ചന്‍നമ്പ്യാരും വിമര്‍ശിച്ചിരിക്കുന്നത്.


പത്രവാര്‍ത്തയുടെ മാതൃകകള്‍

◼️  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് കോഴിക്കോട് ജില്ലയിലെ മുക്കത്തുവച്ചു നടത്തിയ പ്രസംഗമാണ് അക്കിത്തത്തിന്റെ  'മരണമില്ലാത്ത മനുഷ്യന്‍' എന്ന കവിതയിലെ പ്രതിപാദ്യം. 
ആ പ്രസംഗത്തിലെ പ്രധാന ആശയങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 
❖  മരണമുള്ളവരാണ് മനുഷ്യര്‍. അതിനാല്‍ മനുഷ്യരുടെ വാക്കുകളേക്കാള്‍ ദൈവത്തിന്റെ വചനങ്ങള്‍ക്കു ചെവികൊടുക്കുക.
❖  ദൈവചനം പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളെയും സ്‌നേഹിക്കുക എന്നതാണ്.
❖  മതത്തിന്റെയോ മറ്റോ പേരില്‍ പുലര്‍ത്തുന്ന ശത്രുത മാനവരാശിക്കു ദോഷമേ ചെയ്യൂ.
◼️  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ  ഈ പ്രസംഗം റിപ്പോര്‍ട്ട്  ചെയ്തുകൊണ്ട് ഒരു  പത്രവാര്‍ത്ത തയാറാക്കൂ.
പതിനായിരങ്ങളെ ആവേശഭരിതരാക്കിയ പ്രസംഗം
മുക്കം  (കോഴിക്കോട്): ഇന്ത്യന്‍   സ്വാതന്ത്ര്യസമരചരിത്രത്തിലെ   മുന്നണിപ്പോരാളികളിലൊരാളായ ധീരദേശാഭിമാനി അബ്ദുറഹിമാന്‍ സാഹിബ്  മുക്കത്തുവച്ച് നടത്തിയ  പ്രസംഗം അവിടുത്തെ ജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി. മതസൗഹാര്‍ദം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. മനുഷ്യര്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ് ദൈവവചനങ്ങള്‍ ചെവിക്കൊള്ളാനും പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സ്‌നേഹിക്കുവാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനങ്ങളില്‍ ഐക്യബോധവും രാജ്യസ്‌നേഹവും ഉണര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനു സാധിച്ചു.
◼️  'ഹാമെലിനിലെ കുഴലൂത്തുകാരന്‍' എന്ന കഥ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. എലികളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയ ഹാമെലിന്‍ പട്ടണത്തിലെ ജനങ്ങളുടെ ദുരിതമാണ് ഈ കഥയിലെ പ്രതിപാദ്യം. 
കഥയിലെ ചില വരികളാണ് താഴെ കൊടുത്തിരിക്കുന്നത്.  
''ആളുകള്‍ക്ക് എലികളുടെ ചിലപ്പും ബഹളവും കാരണം, അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായി. അത്രയ്ക്കുണ്ട് ശബ്ദകോലാഹലം. കൊച്ചുപൈതങ്ങളെ തൊട്ടിലാട്ടുമ്പോള്‍ രണ്ടുമൂന്നു മൂഷികന്മാരും കൂടി, അതിനുള്ളില്‍ കയറിയിരുന്ന് ഒപ്പം ഊഞ്ഞാലാടുന്നുണ്ടാവും!''  
- എലികളുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ ഹാമെലിനിലെ മേയര്‍ എലിശല്യം തീര്‍ക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഈ വിവരം പിറ്റേദിവസത്തെ പത്രത്തില്‍ വാര്‍ത്തയായി വന്നത് എങ്ങനെയാവാം? പത്രവാര്‍ത്ത തയാറാക്കുക.
ആയിരം പൊന്‍പണം സമ്മാനം!
ഹാമെലിന്‍: ഹാമെലിന്‍ പട്ടണത്തില്‍നിന്ന് എലികളെ തുരത്തുന്നവര്‍ക്ക് മേയര്‍ ആയിരം പൊന്‍പണം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. ഹാമെലിനിലെ ആളുകള്‍ എലികളുടെ ശല്യംമൂലം വല്ലാതെ വലഞ്ഞിരിക്കുകയാണ്. അവയുടെ ചിലപ്പും ബഹളവും കാരണം ആളുകള്‍ക്ക് അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായിരിക്കുന്നു. അത്രയ്ക്കാണ് എലികളുടെ ശബ്ദകോലാഹലം. കൊച്ചുകുഞ്ഞുങ്ങളുടെ തൊട്ടിലില്‍ വരെയാണ് മൂഷികര്‍ കയറിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മേയര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.



Thursday, November 21, 2019

നിവേദനത്തിന്റെ മാതൃകകള്‍

◼️  മാതൃഭാഷയ്ക്ക് നമ്മുടെ വിദ്യാലയങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്കുന്നതിനുള്ള നിവേദനം തയാറാക്കുക.
പ്രേഷകര്‍
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍
ഗവ.ഹൈസ്‌കൂള്‍ അമ്പലമുക്ക്
സ്വീകര്‍ത്താവ്
വിദ്യാഭ്യാസമന്ത്രി
കേരളസംസ്ഥാനം
വിഷയം : വിദ്യാലയങ്ങളില്‍ മാതൃഭാഷയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി
സര്‍,
ശ്രേഷ്ഠഭാഷയെന്ന അംഗീകാരം കിട്ടിയിട്ടും മലയാളം നമ്മുടെ വിദ്യാലയങ്ങളില്‍ അവഗണിക്കപ്പെടുന്നുണ്ട്. എഴുത്തച്ഛനെയും കുമാരനാശാനെയും ശ്രീനാരായണഗുരുവിനെയും ബഷീറിനെയും അറിയാതെ ജീവിക്കുന്ന ഒരാളെ എങ്ങനെയാണ് മലയാളിയെന്ന് വിളിക്കാന്‍ കഴിയുക. മനസ്സിന്റെ ഭാഷയാണല്ലോ മാതൃഭാഷ. അതായത് പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷയാണത്. സ്വതന്ത്രമായി ചിന്തിക്കണമെങ്കിലും ഭാവനയില്‍  കാണണമെങ്കിലും സ്വപ്നം കാണണമെങ്കിലും മാതൃഭാഷ കൂടിയേതീരൂ. ഭാവനചെയ്യാനോ സ്വപ്നംകാണാനോ കഴിവില്ലാത്ത കുട്ടികളെയല്ലേ നമ്മുടെ വിദ്യാലയങ്ങള്‍ പരീക്ഷ വിജയിപ്പിച്ച് പുറത്തേക്കുവിടുന്നത്. നാടിനെയറിയാത്ത, മാതൃഭാഷയെ സ്‌നേഹിക്കാത്ത ഇത്തരം പരീക്ഷാവിജയികള്‍ക്ക്  സമൂഹത്തോട് എത്രത്തോളം കടപ്പാടുണ്ടായിരിക്കുമെന്ന് അങ്ങേയ്ക്ക് ഊഹിക്കാമല്ലോ. ഈ കുട്ടികള്‍ക്ക് അവരുടെ കഴിവുകളെ എത്രത്തോളം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ഞങ്ങളെതിരല്ല. അത് നിര്‍ബന്ധമായി പഠിപ്പിക്കേണ്ടതുമാണ്. പക്ഷേ, അത് മാതൃഭാഷയ്ക്കു പകരമായിട്ടാകരുത്. മലയാളത്തില്‍ സംസാരിച്ചാല്‍ കുട്ടികളെ ശിക്ഷിക്കുന്ന വിദ്യാലയങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നുള്ളതിന് അടുത്തകാലത്ത് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍തന്നെ തെളിവാണല്ലോ. മറ്റൊരു സംസ്ഥാനത്തെയും  മാതൃഭാഷ ഇത്തരത്തില്‍ അവഹേളിക്കപ്പെടുന്നില്ല. അപമാനകരമായ ഈ സ്ഥിതിവിശേഷം എത്രയും വേഗത്തില്‍ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാന്‍ അങ്ങ് മടിക്കരുത്. മലയാളഭാഷയുടെ അഭിമാനം സംരക്ഷിക്കാനാവശ്യമായ  നടപടികള്‍ അടിയന്തിരപ്രാധാന്യത്തോടെ കൈക്കൊള്ളണമെന്ന് വിനീതമായി  അഭ്യര്‍ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ  
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍  
ഒപ്പ്
അമ്പലമുക്ക്
10/01/2020

◼️  നിങ്ങളുടെ  പ്രദേശത്ത്  നടക്കുന്ന ഏതെങ്കിലും പ്രകൃതിചൂഷണത്തിനെതിരെ അധികാരികള്‍ക്ക്  നല്‍കാന്‍ ഒരു നിവേദനം തയാറാക്കുക.
 
പ്രേഷകര്‍
പഞ്ചായത്ത് നിവാസികള്‍
അരുവിപ്പാടം പഞ്ചായത്ത്
സ്വീകര്‍ത്താവ്
ജില്ലാകളക്ടര്‍
കോട്ടയം
വിഷയം : അരുവിപ്പാടം പഞ്ചായത്തിലെ അനധികൃതമായ വയല്‍ നികത്തലിനെതിരെ നടപടി കൈക്കൊള്ളുന്നതിനുവേണ്ടി

സര്‍,
അരുവിപ്പാടം പഞ്ചായത്തിലെ വയലുകള്‍ മിക്കതുംതന്നെ മണ്ണിട്ട് നികത്തി കരഭൂമിയാക്കിക്കൊണ്ടിരിക്കുകയാണ്. വയലുകള്‍ പ്രകൃതിയുടെ സ്വാഭാവിക ജലസംഭരണികളാണ്. കൃഷിയാവശ്യങ്ങള്‍ക്കായി വയലുകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളം പ്രകൃതിയുടെ അന്തരീക്ഷതാപത്തെ ക്രമീകരിക്കാന്‍ വളരെയേറെ സഹായകമാണ്. വയലുകള്‍ സംഭരിച്ചുവയ്ക്കുന്ന ജലം മണ്ണില്‍  താഴുകയും മണ്ണിന്റെ ജലസംഭരണശേഷിയെ നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാലിന്ന്, വയല്‍ നികത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചെങ്കിലും അരുവിപ്പാടം പഞ്ചായത്തിന്റെ പരിധിയിലുള്ള നിലങ്ങള്‍ മണ്ണിട്ടു മൂടി, സ്വകാര്യവ്യക്തികള്‍ കരഭൂമിയാക്കി മറിച്ചു വിറ്റുകൊണ്ടിരിക്കുകയാണ്. വയലുകള്‍ ഇല്ലാതാകുന്നതോടെ നമ്മുടെ കാര്‍ഷികപാരമ്പര്യമാണ് ഇല്ലാതാവുന്നത്. വര്‍ഷകാലത്ത് പെയ്തുതീരുന്ന മഴവെള്ളം മണ്ണിനെ തണുപ്പിക്കാന്‍ പറ്റാത്ത വിധത്തില്‍ ഒഴുകിപ്പോകുകയാണ്. ഇത് വരള്‍ച്ചയ്ക്കു കാരണമാവുന്നു. മുമ്പ് ഈ ഗ്രാമത്തിലുണ്ടായിരുന്ന ജീവിവര്‍ഗങ്ങളില്‍ പലതും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.  
സ്വകാര്യവ്യക്തികള്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മാത്രം മുന്നില്‍ക്കണ്ട് നടത്തുന്ന ഈ പ്രകൃതിചൂഷണം അധികാരികളുടെ ശ്രദ്ധയില്‍ പെടണം. ഒപ്പം ഒരു ഗ്രാമത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്‌നത്തിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും താല്‍പ്പര്യപ്പെടുന്നു.
വിശ്വസ്തതയോടെ
 അരുവിപ്പാടം പഞ്ചായത്ത് നിവാസികള്‍ക്കുവേണ്ടി 
പഞ്ചായത്ത് പ്രസിഡന്റ്
                                                                                                 ഒപ്പ്
അരുവിപ്പാടം            
28/12/2019          


Tuesday, November 19, 2019

പ്രതികരണക്കുറിപ്പിന്റെ മാതൃകകള്‍

◀️  സംസ്‌കാരത്തിന്റെ ഈടുവയ്പുകളായ ശില്പം, ചിത്രം തുടങ്ങിയ കലാവിഷ്‌കാരങ്ങളെ  ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ  പല ഭാഗത്തും നടക്കുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് പ്രതികരണക്കുറിപ്പ് തയാറാക്കുക.
◼️ സംസ്‌കാരത്തിന്റെ ഈടുവയ്പുകളെ സംരക്ഷിക്കുക
ശില്പങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയ കലാവിഷ്‌കാരങ്ങള്‍ എക്കാലത്തും നിലനില്‍ക്കുന്ന മാനവികതയുടെ ആവിഷ്‌കാരങ്ങളാണ്. ഇവ സംസ്‌കാരത്തിന്റെ ഈടുവയ്പുകളും അടയാളങ്ങളുമാണ്. ലോകത്തിന്റെ പലഭാഗത്തും പല കാരണങ്ങളാല്‍ ഈ കലാസൃഷ്ടികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൈക്കലാഞ്ജലോയുടെ ലോകപ്രശസ്തമായ 'പിയത്ത' എന്ന ശില്പം തകര്‍ത്തതും ഇതിനുദാഹരണമാണ്. മൈക്കലാഞ്ജലോയെപ്പോലുള്ള ശില്പികള്‍ ചുറ്റികയേന്തിയത് ലോകോത്തര സൃഷ്ടികള്‍ക്കുവേണ്ടിയായിരുന്നു. പകല്‍ച്ചൂടില്‍ വിയര്‍ത്തുകുളിച്ചും രാത്രികള്‍ പകലുകളാക്കിയും അവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കി. ആ സൃഷ്ടികള്‍ മാനവസംസ്‌കാരത്തിന്റെ  ഈടുവയ്പുകളായി തലയുയര്‍ത്തിനിന്നു. പക്ഷേ മദ്യത്തിനും മയക്കുമരുന്നിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും അടിമപ്പെട്ടവര്‍ ഈ കലാസൃഷ്ടികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തച്ചുടയ്ക്കുന്നു. ഇത് മനുഷ്യത്വത്തിനെതിരായ പ്രവര്‍ത്തനമാണ്. ഇത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. ഇത്തരം പ്രവണതകള്‍ മനുഷ്യസംസ്‌കാരത്തിന് എതിരാണ്. നമ്മുടെ നാട്ടിലും ഇത്തരം കലാസൃഷ്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കേണ്ടത് വളര്‍ന്നുവരുന്ന തലമുറയാണ്. കാരണം പൂര്‍വികര്‍ നമുക്കായി നല്‍കിയ സംസ്‌കാരത്തിന്റെ ഈ കെടാവിളക്കുകളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
◀️  ഫലിതപരിഹാസങ്ങളും സാമൂഹ്യവിമര്‍ശനവുമാണ് കുഞ്ചന്‍നമ്പ്യാരുടെ കവിതകളുടെ പ്രത്യേകതകള്‍. നമ്പ്യാര്‍ക്കവിതകള്‍ എല്ലാ കാലഘട്ടത്തിലും പ്രസക്തമാണ് എന്ന പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? പ്രതികരണക്കുറിപ്പ് തയാറാക്കുക.                                                                                            ◼️ നമ്പ്യാര്‍ക്കവിതകളുടെ സമകാലികപ്രസക്തി
സമൂഹത്തില്‍ നടമാടുന്ന അനീതികള്‍ക്കെതിരെ കവിത ചാട്ടവാറാക്കിയ കവിയാണ് കുഞ്ചന്‍നമ്പ്യാര്‍. ജനങ്ങളുടെ സ്വാര്‍ഥതയും ധനമോഹവും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ദുഷ്പ്രവൃത്തികളുമെല്ലാം അദ്ദേഹം ഫലിതത്തില്‍  പൊതിഞ്ഞ് വിമര്‍ശനത്തിന് വിധേയമാക്കി. മറ്റുള്ളവരെ ചതിച്ചും കള്ളം പറഞ്ഞും കൈക്കൂലി വാങ്ങിയും ഭരണാധികാരികളെ പുകഴ്ത്തിപ്പറഞ്ഞും പണം  സമ്പാദിക്കുന്നവര്‍ക്കു നേരേ അദ്ദേഹം കവിതയിലൂടെ  പരിഹാസശരങ്ങളെയ്തു. അദ്ദേഹത്തിന്റെ തുള്ളല്‍ക്കൃതികള്‍ എല്ലാക്കാലത്തും പ്രസക്തമാണ്. കാരണം ഇത്തരം ദുഷ്പ്രവണതകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍  നിലനില്‍ക്കുന്നുണ്ട്. ദേശസ്‌നേഹികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാരും ജനസേവകരായ  ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ലക്ഷ്യമിടുന്നത് പണവും പദവിയും മാത്രമാണ്. മറ്റുള്ളവരെ ചതിക്കാനും വഞ്ചിക്കാനും ആര്‍ക്കും  മടിയില്ല. സ്വാര്‍ഥതയും ധനമോഹവും അസൂയയുമെല്ലാം എക്കാലത്തും മനുഷ്യരോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ നമ്പ്യാര്‍ക്കവിതകള്‍ എല്ലാക്കാലത്തും പ്രസക്തമാണ്.


Thursday, October 17, 2019

കഥാനിരൂപണത്തിന്റെ മാതൃകകള്‍

1. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയാണ് മാധവിക്കുട്ടി. ആധുനിക കാലത്ത് ബന്ധങ്ങള്‍ക്ക് സംഭവിക്കുന്ന ശൈഥില്യം പ്രമേയമാക്കി അവര്‍ രചിച്ച കഥയാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. ഈ കഥയ്ക്ക് ഒരു നിരൂപണം തയാറാക്കുക. താഴെ തന്നിരിക്കുന്ന സൂചനകളും ഉള്‍പ്പെടുത്തണം. 
▲കഥയുടെ പ്രമേയം
▲കഥാപാത്രങ്ങളുടെ വ്യക്തിത്വം
▲ സംഭാഷണങ്ങളുടെ  പ്രാധാന്യം
▲സമാനരചനകള്‍
▲കാലികപ്രസക്തി
   കീറിപ്പൊളിഞ്ഞ ചകലാസും തകര്‍ന്ന ബന്ധങ്ങളും
കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്ന ഇക്കാലത്ത് വളരെ പ്രസക്തമായ ഒരു കഥയാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. ഈ കഥയിലെ നായകനായ ഗോപി നീണ്ട അഞ്ചരവര്‍ഷത്തിനു ശേഷമാണ് ഗ്രാമത്തിലെ തന്റെ വീട്ടിലെത്തുന്നത്. ഉയര്‍ന്ന ജോലിയുള്ള, വിദ്യാസമ്പന്നനായ അയാള്‍ ദീര്‍ഘകാലമായി നഗരത്തില്‍ത്തന്നെയാണ് താമസം. ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയും അവരെ ശുശ്രൂഷിച്ചു കഴിഞ്ഞുകൂടുന്ന വിധവയായ സഹോദരി കമലവുമാണ് വീട്ടിലുള്ളത്. അമ്മയെ അന്വേഷിക്കാതെ, ഒരു കത്തുപോലും എഴുതാതെ നഗരത്തില്‍ ജീവിക്കുന്ന ഗോപിയുടെ രീതിയോട് അല്‍പ്പംപോലും താല്‍പ്പര്യം കമലത്തിനില്ല. അതവര്‍ പല ഘട്ടങ്ങളിലും പ്രകടമാക്കുന്നുണ്ട്. നഗരത്തില്‍ കഴിയുന്ന തന്റെ കുടുംബത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാന്‍വേണ്ടി തന്റെ ഓഹരി വില്‍ക്കാനാണ് ഗോപി വന്നിരിക്കുന്നത്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍പോലും മകന്‍  തയാറാവുന്നില്ല. പണ്ടെങ്ങോ ഗോപി കൊണ്ടുവന്ന ചകലാസ് (കമ്പിളിപ്പുതപ്പ്) കീറിപ്പറിഞ്ഞുപോയെന്നും ചുവന്ന നിറത്തിലുള്ള പുതിയതൊരെണ്ണം വേണമെന്നും അമ്മ പറയുന്നത,് വീട്ടില്‍വന്നത് ഗോപിയാണെന്ന് തിരിച്ചറിയാതെയാണ്. സ്‌നേഹത്തിന്റെ പ്രതീകമാണ് കഥയിലെ പുതപ്പ്.  ഹൃദയബന്ധത്തിന്റെ നിറമാണ് ചുവപ്പ്.  കീറിപ്പറിഞ്ഞുപോയ കമ്പിളിപ്പുതപ്പ് തകര്‍ന്നുപോയ ബന്ധങ്ങളുടെ സൂചനയുമാണ്. ഓര്‍മ്മ നഷ്ടപ്പെട്ടെങ്കിലും അമ്മ എപ്പോഴും മകനെ ഓര്‍ത്തുകൊണ്ടിരിക്കുന്നു. ഓര്‍മ്മയുണ്ടെങ്കിലും മകന്‍ അമ്മയെക്കുറിച്ച് ഓര്‍ക്കുന്നതുപോലുമില്ല. പുതിയ കാലത്തിന്റെ സവിശേഷതയാണിത്. ഉറ്റബന്ധങ്ങള്‍പോലും വിസ്മരിക്കപ്പെട്ടുപോകുന്നു. അമ്മയുടെ മറവി പ്രായാധിക്യത്തിന്റേതാണ്. എന്നാല്‍ മകന്റേത് മനഃപൂര്‍വമുള്ളതാണ്. അമ്മയെ തിരിഞ്ഞുനോക്കാത്ത മകനെ തിരിച്ചറിയാന്‍ അമ്മയ്ക്ക് കഴിയുന്നില്ല. പുതിയകാലത്ത് ശിഥിലമായിപ്പോകുന്ന ബന്ധങ്ങളുടെ പ്രതീകമാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. അതുകൊണ്ടുതന്നെ കഥയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ശീര്‍ഷകം.
മാധവിക്കുട്ടിയുടെ കഥകള്‍ മനുഷ്യബന്ധങ്ങളുടെ ആവിഷ്‌കാരങ്ങളാണ്. നെയ്പ്പായസം, കോലാട്, കടലിന്റെ വക്കത്ത് ഒരു വീട് എന്നിവയെല്ലാം സ്‌നേഹബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു. സംഭാഷണങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയാണ് 'കീറിപ്പൊളിഞ്ഞ ചകലാസി'ല്‍ സ്വീകരിച്ചിട്ടുള്ളത്. അമ്മ തന്നെ ഓര്‍ക്കുന്നില്ലെന്ന് പറയുന്ന ഗോപിയോട് 'നിനക്ക് അമ്മയെ ഓര്‍മ്മയുണ്ടോ ഗോപീ' എന്ന മറുചോദ്യം കൊണ്ടാണ് കമലം നേരിടുന്നത്. ആ ചോദ്യം ഗോപിയോടല്ല, സമൂഹത്തോട് മുഴുവനുമാണ്.

2. ഒരു തേന്‍വരിക്കപ്ലാവിനോട്, ഒരു കുടുംബത്തിന് തലമുറകളായുണ്ടായിരുന്ന ബന്ധത്തിന്റെ  ദൃഢതയും പുതിയ തലമുറയില്‍ അതിനു സംഭവിക്കുന്ന ശൈഥില്യവും  ആവിഷ്‌കരിക്കുന്ന കഥയാണ് നാരായണന്റെ 'തേന്‍വരിക്ക'. പ്രമേയം, ഭാഷ, ആഖ്യാനരീതി, സമകാലികപ്രസക്തി എന്നിവ കൂടി പരിഗണിച്ച് 'തേന്‍വരിക്ക' എന്ന കഥയ്ക്ക്  നിരൂപണം തയാറാക്കുക.
തേന്‍വരിക്ക- പ്രകൃതി നല്‍കുന്ന മുന്നറിയിപ്പിന്റെ കഥ
പരിസ്ഥിതിയുമായി ബന്ധപ്പെട്ട മലയാളകഥകളില്‍ ഏറ്റവും ശ്രദ്ധേയമാണ്  'തേന്‍വരിക്ക'. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാവേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ഇത്.  പ്രകൃതിയോട് ആധുനികമനുഷ്യര്‍ പുലര്‍ത്തുന്ന അപകടകരമായ സമീപനങ്ങളുടെ ദുരന്തഫലങ്ങളെക്കുറിച്ച് ഈ കഥ മുന്നറിയിപ്പു നല്‍കുന്നു. ലളിതമായ ഭാഷയും വളച്ചുകെട്ടില്ലാത്ത  അവതരണരീതിയും  ഇതിന്റെ  സവിശേഷതകളാണ്. മുറ്റത്തുനില്‍ക്കുന്ന തേന്‍വരിക്കപ്ലാവിനോടുളള അയ്യപ്പന്‍ എന്ന വൃദ്ധന്റെയും മകന്റെയും സമീപനങ്ങളിലെ വ്യത്യാസം സമൂഹം പ്രകൃതിയോട് പുലര്‍ത്തുന്ന ബന്ധത്തിലെ വൈരുധ്യംതന്നെയാണ്. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ ഒറ്റപ്പെടുകയും പരാജയപ്പെടുകയും ചെയ്യുന്നു. നശീകരണത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലികലാഭമല്ലാതെ യാതൊരു നേട്ടവും കൈവരിക്കാനും കഴിയുന്നില്ല. 
പ്രകൃതിയെ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ്  അയ്യപ്പന്‍ എന്ന വൃദ്ധന്‍. സ്വന്തം മകനോടുള്ളതിനേക്കാള്‍ സ്‌നേഹം അയാള്‍ക്ക് പ്രകൃതിയോടുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നവനെ ഒരു കൊമ്പൊടിച്ചിട്ടെങ്കിലും കൊന്നുകളയാന്‍ അയാള്‍  പ്ലാവിനോട് പറയുന്നത് അതുകൊണ്ടാണ്. പ്രകൃതിയെ ഉപഭോഗവസ്തുവായി മാത്രം കണക്കാക്കുന്നയാളാണ് അയ്യപ്പന്റെ മകനായ സുരേന്ദ്രന്‍. അയാളുടെ ദുര്‍വാശിക്കും ആര്‍ത്തിക്കും മുന്നില്‍ ഭാര്യയും മക്കളും അച്ഛനുമെല്ലാം നിസ്സഹായരാണ്. അയാളുടെ പ്രവൃത്തിമൂലം പ്രകൃതിയുടെ സ്വഭാവമപ്പാടെ  മാറുന്നു. കുടിവെളളംപോലുമില്ലാത്ത അവസ്ഥ. പ്രതീക്ഷയോടെ നട്ട റബ്ബര്‍ത്തൈകള്‍ വേനലാരംഭത്തില്‍ വാടിത്തളര്‍ന്നു. മഴപെയ്തപ്പോഴാവട്ടെ അവ മിക്കതും കടപുഴകി വീണു. മുറ്റത്തിന്റെ വക്കുംമൂലയുമെല്ലാം ഇടിഞ്ഞു. ഒരു പ്രവചനമെന്നപോലെയാണ് 'എവിടേക്കെങ്കിലും പൊയ്ക്കൂടേ' എന്ന അച്ഛന്റെ വാക്കുകള്‍  അയാളുടെ കാതുകളില്‍  മുഴങ്ങുന്നത്. ആ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് നമ്മുടെ നേരെതന്നെയാണ്.
ലളിതമായ ഭാഷ, വളച്ചുകെട്ടില്ലാത്ത അവതരണരീതി എന്നിവ ഈ കഥയുടെ മാറ്റുകൂട്ടുന്നു. മണ്ണും മരവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാത്തവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ കഥ ഏറ്റവും കാലികമായ വിഷയമാണ് മുന്നോട്ടുവയ്ക്കുന്നത്.

Monday, October 14, 2019

ജീവചരിത്രക്കുറിപ്പിന്റെ മാതൃകകള്‍

മുകളില്‍ കൊടുത്തിരിക്കുന്ന സൂചനകളും നിങ്ങള്‍ക്കറിയാവുന്ന മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി കുമാരനാശാന്റെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക.
കുമാരനാശാന്‍ - സ്‌നേഹഗായകനായ കവി
ആധുനിക കവിത്രയത്തില്‍ ഒരാളായ മഹാകവി കുമാരനാശാന്‍ 1873-ഏപ്രില്‍ 12-ന് തിരുവന്തപുരം ജില്ലയിലെ കായിക്കരയില്‍ ജനിച്ചു. നാരായണനും കാളിയമ്മയും ആയിരുന്നു 'കുമാരു' എന്ന കുമാരനാശാന്റെ മാതാപിതാക്കള്‍. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാന്‍ തന്റെ കാവ്യങ്ങളെ മഹത്തായ ആശയങ്ങള്‍കൊണ്ട് സമ്പന്നമാക്കി. സ്‌നേഹത്തെക്കുറിച്ച് ഇത്ര ആഴത്തില്‍ ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവികള്‍ വേറെയുണ്ടാവില്ല. സമൂഹത്തില്‍ ജാതിമതവിവേചനങ്ങള്‍ ശക്തമായി നിലനിന്നിരുന്ന കാലത്താണ് ആശാന്‍ ജീവിച്ചിരുന്നത്. ശ്രീനാരായണഗുരുവിനെപ്പോലൊരു ആധ്യാത്മികഗുരുവിനെ കിട്ടിയത് ആശാന്റെ കാഴ്ചപ്പാടുകളെ വിപുലപ്പെടുത്തി. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി സാമൂഹികപരിഷ്‌കരണത്തില്‍ നല്ലൊരു പങ്കുവഹിക്കാനും ആശാന് കഴിഞ്ഞു. ജാതീയമായ വേര്‍തിരിവുകളെയും അനാചാരങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികള്‍ ഉദാഹരണങ്ങളാണ്. സ്‌നേഹത്തിന്റെ ഉജ്ജ്വലഗാഥകളാണ് ആശാന്റെ 'നളിനി'യും 'ലീല'യും 'കരുണ'യുമെല്ലാം. സ്‌നേഹത്തെക്കുറിച്ചു പാടുന്നുണ്ടെങ്കിലും മാംസനിബദ്ധമല്ലാത്ത പ്രേമത്തെയാണ് ഈ കൃതികള്‍ വിളംബരം ചെയ്യുന്നത്. പുരുഷന്റെ മേല്‍ക്കോയ്മയ്‌ക്കെതിരെയുള്ള വെല്ലുവിളിയായ 'ചിന്താവിഷ്ടയായ സീത'യും എ. ആര്‍. രാജരാജവര്‍മ്മയുടെ മരണത്തില്‍ വിലപിച്ചെഴുതിയ 'പ്രരോദന'വും കുമാരനാശാന്റെ ജീവിതവീക്ഷണവും തത്ത്വചിന്താപരതയും  എടുത്തുകാണിക്കുന്നു. മലയാളസാഹിത്യത്തില്‍ ഒരു പുതിയ അധ്യായം കുറിച്ച കൃതിയാണ് ആശാന്റെ   'വീണപൂവ്'. ഗ്രാമവൃക്ഷത്തിലെ കുയില്‍, പുഷ്പവാടി, മണിമാല, വിചിത്രവിജയം, വനമാല, ശ്രീബുദ്ധചരിതം, ബാലരാമായണം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. 1922-ല്‍ ആശാന്റെ സാഹിത്യസേവനത്തെ ബഹുമാനിച്ച് മദ്രാസില്‍വച്ച് വെയില്‍സ് രാജകുമാരന്‍ പട്ടും വളയും നല്‍കി. 1924 ജനുവരി 16-ന് പല്ലനയാറ്റില്‍ വച്ചുണ്ടായ 'റെഡീമര്‍' ബോട്ടപകടം സ്‌നേഹഗായകനായ ആ മഹാകവിയുടെ ജീവന്‍ കവര്‍ന്നെടുത്തു.
2. താഴെ കൊടുത്തിട്ടുള്ള വിവരങ്ങളും നിങ്ങള്‍ക്കറിയാവുന്ന മറ്റു വസ്തുതകളും ഉള്‍പ്പെടുത്തി വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക.
വൈക്കം മുഹമ്മദ് ബഷീര്‍ (1908-1994)
★ ബേപ്പൂര്‍സുല്‍ത്താന്‍
★ തന്റേതുമാത്രമായ ശൈലികളും ജീവിതവും
★ ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകള്‍, പ്രേമലേഖനം, പാത്തുമ്മായുടെ ആട്, മതിലുകള്‍, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊന്‍കുരിശും....
★ ജനുവരി 21 ജനനം, ജൂലൈ 5 മരണം
★ പദ്മശ്രീ, ഡി-ലിറ്റ് ബിരുദം, പ്രേംനസീര്‍ അവാര്‍ഡ്, കേന്ദ്ര-കേരള സാഹിത്യ 
അക്കാദമി പുരസ്‌കാരങ്ങള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം.
വൈക്കം മുഹമ്മദ് ബഷീര്‍
'ബേപ്പൂര്‍സുല്‍ത്താന്‍' എന്നറിയപ്പെടുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21-ന് വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്  ജയില്‍വാസം അനുഭവിച്ചു. വര്‍ഷങ്ങളോളം ഇന്ത്യയിലെമ്പാടും ചുറ്റിസഞ്ചരിച്ച അദ്ദേഹം തന്റേതുമാത്രമായ ശൈലിയിലൂടെ ജീവിതത്തെ അവതരിപ്പിച്ച എഴുത്തുകാരനാണ്. ജീവിതാനുഭവങ്ങളാണ് ബഷീറിനെ സാഹിത്യകാരനാക്കിയത്. തന്റെ കഥകളിലൂടെ ബഷീര്‍ സൃഷ്ടിച്ച എട്ടുകാലിമമ്മൂഞ്ഞ്, പൊന്‍കുരിശുതോമ, ആനവാരി രാമന്‍നായര്‍ എന്നീ കഥാപാത്രങ്ങള്‍ കേരളത്തിലെ സാധാരണക്കാര്‍ക്കുപോലും സുപരിചിതരാണ്. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ആനവാരിയും പൊന്‍കുരിശും, പാത്തുമ്മായുടെ ആട്, മതിലുകള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ശബ്ദങ്ങള്‍, വിശ്വവിഖ്യാതമായ മൂക്ക്, ഭൂമിയുടെ അവകാശികള്‍, ആനപ്പൂട തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 
പ്രധാനപ്പെട്ട എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പദ്മശ്രീ, ഡി-ലിറ്റ് ബിരുദം, പ്രേംനസീര്‍ അവാര്‍ഡ്, കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ,് മുട്ടത്തു വര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1994 ജൂലൈ 5- ന് അന്തരിച്ചു.


Monday, September 16, 2019

കഥാപാത്രനിരൂപണത്തിന്റെ മാതൃകകള്‍

1. പ്രശസ്ത സാഹിത്യകാരനായ  ഉറൂബിന്റെ ലളിതസുന്ദരമായ ഒരു ചെറുകഥയാണ് 'കോയസ്സന്‍'. അപ്പു എന്ന കുട്ടിയുടെ തറവാട്ടിലെ ഒരംഗത്തെപ്പോലെയാണ് കുതിരവണ്ടിക്കാരനായ കോയസ്സന്‍ ജീവിച്ചിരുന്നത്. അപ്പുവിന് ഉള്‍പ്പെടെ എല്ലാവര്‍ക്കും എന്തിനും ഏതിനും കോയസ്സന്‍ വേണമായിരുന്നു. എന്നാല്‍ പുതിയ  കാലത്തില്‍ കോയസ്സനും അയാളുടെ കുതിരവണ്ടിയുമെല്ലാം അനാവശ്യവസ്തുക്കളായി മാറുന്നു. കോയസ്സന്‍ എന്ന കഥാപാത്രത്തിന്റെ സവിശേഷതകള്‍, മറ്റുള്ളവരോടുള്ള ബന്ധം, രൂപം, വേഷം എന്നിവയെല്ലാം ഉള്‍പ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.
 സ്‌നേഹത്തിന്റെയും വറ്റാത്ത നന്മയുടെയും ഒരു വിശാലലോകം നമുക്കു മുന്നില്‍ തുറന്നിടുന്ന കഥയാണ് ഉറൂബിന്റെ 'കോയസ്സന്‍'. ഇതിലെ പ്രധാന കഥാപാത്രമാണ് കോയസ്സന്‍. അപ്പുവിന്റെ തറവാട്ടിലെ കുതിരക്കാരനാണ് അയാള്‍. പക്ഷേ അവിടെ എന്തിനുമേതിനും അയാള്‍ത്തന്നെ വേണം. അയാള്‍ക്ക് ഒരു കുടുംബമുണ്ട്. രണ്ട് മക്കളുമുണ്ട്. എന്നാല്‍ അയാള്‍ അവരെ കാണാന്‍ വീട്ടിലേക്ക് പോകാറില്ല. സ്വന്തം മക്കള്‍ക്ക് നല്‍കേണ്ട സ്‌നേഹവാത്സല്യങ്ങള്‍ കോയസ്സന്‍ യാതൊരു പിശുക്കുമില്ലാതെ അപ്പുവിനു നല്‍കുന്നു. അപ്പുവിന്റെ വികൃതികള്‍ക്ക് അയാള്‍ സംരക്ഷണം നല്‍കുന്നു. അവനെ മറ്റുള്ളവരുടെ ശാസനയില്‍നിന്നും ശിക്ഷകളില്‍നിന്നും രക്ഷിക്കുന്നു.
 കോയസ്സന്റെ ഏറ്റവും വലിയ പ്രത്യേകത തൊപ്പിക്കുടയോളം വലുപ്പമുള്ള തലപ്പാവാണ്. അത് ധരിക്കാത്തപ്പോള്‍ കുതിരപോലും അയാളെ തിരിച്ചറിയുന്നില്ല.  നിധിപോലെയാണ് അയാള്‍ അത് സംരക്ഷിക്കുന്നത്. കോയസ്സന്റെ വ്യക്തിത്വത്തിന്റെയും അന്തസ്സിന്റെയും അടയാളമാണ് തലപ്പാവ്. വര്‍ഷങ്ങളോളം അപ്പുവിന്റെ തറവാട്ടില്‍ കഴിഞ്ഞുകൂടിയ കോയസ്സന്‍ താനവിടുത്തെ ഒരംഗംതന്നെയാണ് എന്നും തനിക്കവിടെ കാര്യമായ ഉത്തരവാദിത്വങ്ങളുണ്ടെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് തറവാട്ടില്‍ കാറ് വാങ്ങിയപ്പോള്‍ അയാള്‍ തിരിച്ചറിയുന്നു.
 തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആ തറവാടിനുവേണ്ടി ചെലവാക്കിയ ആളാണ് കോയസ്സന്‍. അയാളെ അപ്പുവൊഴിച്ച് ആ വീട്ടിലെ വേറെയാരും മനസ്സിലാക്കുന്നില്ല. പുതിയവ വരുമ്പോള്‍ പഴയതിനെ ഉപേക്ഷിക്കും എന്ന സത്യം അയാള്‍ അംഗീകരിക്കുന്നു. ആരോടും പരാതിപ്പെടാതെ തന്റെ വ്യാകുലതകളും ആകുലതയും നെഞ്ചോടുചേര്‍ത്ത് അയാള്‍ ആ തറവാടിന്റെ പടിയിറങ്ങുന്നു. കോയസ്സന്റെ മുമ്പില്‍ ജീവിതം ഇരുളടഞ്ഞ ചോദ്യമായിത്തീര്‍ന്നു.  താനും കുടുംബവും  എന്നും ആശ്രിതരും വിധേയരുമായി
കഴിയേണ്ടവരാണെന്ന ചിന്ത കോയസ്സന്‍ അടങ്ങുന്ന താഴെത്തട്ടിലെ  സമൂഹത്തിനുണ്ടായിരുന്നു. ആ വിധേയത്വമനോഭാവം ഏറെ ലളിതമായും ഗൗരവത്തോടെയുമാണ് കോയസ്സനിലൂടെ ഉറൂബ് ചിത്രീകരിച്ചിരിക്കുന്നത്.
2. പ്രകൃതിയെ ആരാധനയോടെ നോക്കിക്കണ്ടണ്ട വിശ്വമഹാകവിയായ രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ  കഥയാണ് 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍'. കുട്ടിക്കാലം മുതലേ ചെടികളെയും വൃക്ഷങ്ങളെയും സ്‌നേഹിച്ചിരുന്ന ബാലചന്ദ്രനാണ് ഇതിലെ പ്രധാന കഥാപാത്രം. ചെറിയ കുട്ടിയായിരുന്നപ്പോള്‍ താന്‍ പരിപാലിച്ചിരുന്ന ഇലവുമരത്തിനോടുള്ള സ്‌നേഹം മുതിര്‍ന്നിട്ടും ഒട്ടുംകുറയാതെ ബാലചന്ദ്രനില്‍ കാണാന്‍ സാധിക്കുന്നു.ബാലചന്ദ്രന്റെ എന്തെല്ലാം സ്വഭാവസവിശേഷതകളാണ് നിങ്ങളെ ഏറെ ആകര്‍ഷിച്ചത്? അവയെല്ലാം ഉള്‍പ്പെടുത്തി ഒരു കഥാപാത്രനിരൂപണം തയാറാക്കൂ.
 വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന കഥാപാത്രമാണ് രവീന്ദ്രനാഥ ടാഗോറിന്റെ 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥയിലെ 'ബാലചന്ദ്രന്‍'. കുട്ടിക്കാലം മുതല്‍ ബാലചന്ദ്രന്‍ ചെടികളെയും മരങ്ങളെയും ഇഷ്ടപ്പെട്ടിരുന്നു. മണ്ണിലെന്തെങ്കിലും പുതുതായി മുളച്ചുവന്നാല്‍, എന്തോ പുതിയ ശാസ്ത്രതത്ത്വം കണ്ടുപിടിക്കാനെന്നപോലെ അവനത് സൂക്ഷിച്ചുനോക്കി നില്‍ക്കും. ഒരു ദിവസം നടപ്പാതയുടെ നടുവില്‍ വളര്‍ന്നുവരുന്ന ഒരു ഇലവുമരം ചൂണ്ടിക്കാണിച്ച് ആ മരത്തിന്റെ പേരെന്താണെന്ന്   അവന്‍ വല്യച്ഛനോട് ചോദിച്ചു. അത് മുളച്ചു തുടങ്ങിയപ്പോള്‍ മുതല്‍ അവനതിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ അമ്മമാര്‍ സന്തോഷിക്കുന്നതുപോലെ അതിന് ഇലകള്‍ വന്നത് അവനെ വളരെ സന്തോഷിപ്പിച്ചു. അവന്‍ ദിവസവും രണ്ടുനേരം അതിന് വെള്ളമൊഴിച്ചു. വളരെ വേഗം വളര്‍ന്നുപൊങ്ങുന്ന വൃക്ഷത്തെ കണ്ട് അവന്‍ മനംനിറഞ്ഞ് സന്തോഷിച്ചു. അതു വെട്ടിക്കളയാന്‍ തോട്ടക്കാരനെ ഏര്‍പ്പാടു ചെയ്യാമെന്നു വല്യച്ഛന്‍ പറഞ്ഞത് അവനൊരു ആഘാതമായി. അതവിടെനിന്നാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ വല്യച്ഛന്‍ പറഞ്ഞെങ്കിലും അതു വെട്ടിക്കളയരുതെന്ന് അവന്‍ യാചിച്ചു. ഒടുവില്‍ വല്യമ്മയുടെ അടുത്തെത്തി അവന്‍ കാര്യം പറഞ്ഞു. അവര്‍ മരം വെട്ടിക്കളയരുതെന്ന്  വല്യച്ഛനോട് ആജ്ഞാപിച്ചു. അതുകൊണ്ട് മരം വെട്ടിയില്ല.
 കൈക്കുഞ്ഞായിരുന്നപ്പോള്‍ത്തന്നെ അമ്മയെ നഷ്ടപ്പെട്ട ബാലചന്ദ്രനെ അച്ഛന്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠനെ ഏല്‍പ്പിച്ച് വിദേശത്തേക്ക് പോയതാണ്. മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കിയാണ് വല്യമ്മയും വല്യച്ഛനും ബാലചന്ദ്രനെ  വളര്‍ത്തിയത്. അവന്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.  പത്തുകൊല്ലത്തിനുശേഷം തിരിച്ചെത്തിയ ബാലചന്ദ്രന്റെ പിതാവ് അവനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനുള്ള പരിശീലനത്തിനുവേണ്ടി സിംലയിലേക്ക് അയച്ചു. കരഞ്ഞുകൊണ്ടാണ് ബാലചന്ദ്രന്‍ യാത്രയായത്.
 ഇലവുമരം വളര്‍ന്ന് കായ്കള്‍ പൊട്ടിത്തെറിച്ച് പഞ്ഞി നാലുപാടും പറന്ന് ശല്യമായതോടെ വല്യച്ഛനത് വെട്ടിക്കളഞ്ഞു. ഇതറിയാതെയാണ് ഇലവുമരത്തിന്റെ ഫോട്ടോ അയച്ചുതരണമെന്ന് പറഞ്ഞ് സിംലയില്‍നിന്നും ബാലചന്ദ്രന്‍ വല്യമ്മയ്ക്ക് കത്തയച്ചത്.സ്വന്തം നാടുവിട്ട് വിദേശത്തേക്ക് പോകുമ്പോഴും ആ മരത്തിന്റെ സാന്നിധ്യം അവന്‍ ആഗ്രഹിച്ചു. തനിക്കു ചുറ്റുമുള്ള വിശാലലോകത്തെ സ്‌നേഹിക്കുവാനും ഉള്‍ക്കൊള്ളുവാനും അവന് സാധിച്ചിരുന്നു. . താന്‍ നോക്കി സംരക്ഷിച്ച ഇലവുമരം ഒരു പാഴ്മരമാണെന്നറിഞ്ഞിട്ടും ഉറ്റസുഹൃത്തിനെപ്പോലെ അവനതിനെ സ്‌നേഹിച്ചു. അത് വെട്ടിക്കളയുന്നതിനെപ്പറ്റി അവന് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല.
വിശാലമായ പ്രപഞ്ചദര്‍ശനവും സഹജീവിസ്‌നേഹവും മനസ്സില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ബാലചന്ദ്രന്‍ എന്ന് നമുക്ക് കഥയില്‍നിന്ന് മനസ്സിലാക്കാം.


Monday, August 19, 2019

ഡയറിക്കുറിപ്പിന്റെ മാതൃകകള്‍

1.പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ എന്തെല്ലാം കാഴ്ചകളും അനുഭവങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്. നിങ്ങളുടെ ഒരു ദിവസത്തെ സംഭവങ്ങള്‍ ഉള്‍പ്പെടുത്തി ഡയറിക്കുറിപ്പ് തയാറാക്കുക.
തീയതി
ദിവസം
  ഞാന്‍ ഇന്ന് പതിവിലും നേരത്തേ ഉണര്‍ന്നു. സാധാരണയായി അവധിദിവസങ്ങളില്‍ ഞാന്‍ താമസിച്ചാണ് എഴുന്നേല്‍ക്കാറുള്ളത്. ഇന്ന് ആ പതിവു തെറ്റിയിരിക്കുന്നു. അമ്മ അടുക്കളയില്‍ എന്തോ തിരക്കിട്ട പണിയിലാണ്. പതുക്കെ മുറ്റത്തേക്കിറങ്ങി. സൂര്യന്‍ ഉദിച്ചുവരുന്നതേയുള്ളൂ. നേരിയ കുളിരുണ്ട്. കാക്കകളുടെയും മറ്റു പലതരം പക്ഷികളുടെയും ശബ്ദം കേള്‍ക്കുന്നുണ്ട്. അവ കൂട്ടില്‍നിന്ന് പുറത്തേക്കിറങ്ങുവാന്‍ തുടങ്ങി. ഇത്രയധികം  കിളികള്‍ നമ്മുടെ ചുറ്റിലുമുണ്ടെന്ന് ഞാനിന്നാണ് മനസ്സിലാക്കിയത്.  പല കിളികളുടെയും പേരുകള്‍ എനിക്കറിയില്ലായിരുന്നു. ചിലപ്പോള്‍ മുത്തശ്ശിക്കറിയാമായിരിക്കും. ഓരോന്നിന്റെയും പേര് ചോദിച്ചു മനസ്സിലാക്കണമെന്ന് ഞാന്‍ അപ്പോള്‍ത്തന്നെ തീരുമാനിച്ചു. ഓരോ പുല്‍ത്തുമ്പിലും  മഞ്ഞുതുള്ളികളുണ്ട്. അവയില്‍ ഉദയസൂര്യന്റെ കിരണങ്ങള്‍ തട്ടുമ്പോള്‍ മുത്തുപോലെ തിളങ്ങുന്നു. ആകാശത്തിനാകെ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറമാണ്. ഏതൊക്കെയോ  പൂക്കളുടെ മണവും  ചുറ്റിലും പരക്കുന്നുണ്ട്. ആകെക്കൂടി മനസ്സിന് ഒരു ഉന്മേഷം തോന്നി. അപ്പോഴാണ് അമ്മ വിളിക്കുന്നതുകേട്ടത്. ഞാന്‍ ഓടിച്ചെന്നു. കിടക്കയില്‍ എന്നെക്കാണാത്തതുകൊണ്ട് അമ്മ വിളിച്ചതാണ്. പല്ലുതേച്ചിട്ട് കാപ്പികുടിക്കാന്‍ അമ്മ എന്നോടു പറഞ്ഞു.
കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോള്‍  കുറച്ചുമുമ്പ് കണ്ട കാഴ്ചകളെക്കുറിച്ച് ഞാന്‍ അമ്മയോട് പറഞ്ഞു. എന്നും അതിരാവിലെ  എഴുന്നേറ്റാല്‍ പ്രഭാതത്തിന്റെ സൗന്ദര്യവും നൈര്‍മല്യവും നുകരുവാന്‍ സാധിക്കുമെന്നും ഒപ്പം മനസ്സിന്  ഉന്മേഷമുണ്ടാകുമെന്നും അമ്മ പറഞ്ഞു. നമ്മുടെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതലറിയുവാന്‍ ഇത് നമ്മെ സഹായിക്കുമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രാവിലെ കണ്ട കിളികളെക്കുറിച്ച് മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശി കുറേ പേരുകള്‍ പറഞ്ഞുതന്നു. ഹോംവര്‍ക്കുകള്‍ ചെയ്യുമ്പോഴും അതുകഴിഞ്ഞ് കളിക്കുമ്പോഴുമെല്ലാം രാവിലെ ലഭിച്ച ഉന്മേഷം എന്നിലുണ്ടായിരുന്നു.  രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ നാളെ അതിരാവിലെതന്നെ എഴുന്നേല്‍ക്കണമെന്നും പ്രഭാതക്കാഴ്ചകള്‍ ആസ്വദിക്കണമെന്നും ഞാന്‍ മനസ്സില്‍ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
2. സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനയ്ക്ക് നിങ്ങള്‍ക്ക് ഒന്നാം സമ്മാനം ലഭിച്ചുവെന്ന് കരുതുക. ആ ദിവസം നിങ്ങള്‍ എഴുതാനിടയുള്ള ഡയറിക്കുറിപ്പ് തയാറാക്കുക.
തീയതി
ദിവസം
ഇന്ന് എനിക്ക് വളരെയധികം സന്തോഷമുള്ള ഒരു ദിവസമാണ്. സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ ഞാനൊരിക്കലും വിചാരിച്ചില്ല എനിക്ക് ഒന്നാം സമ്മാനം ലഭിക്കുമെന്ന്. എനിക്ക് ഏതായാലും സന്തോഷമായി. 'വെള്ളപ്പൊക്കം' എന്നതായിരുന്നു കഥയ്ക്ക് നല്‍കിയിരുന്ന വിഷയം. വിഷയം ലഭിച്ചപ്പോള്‍ത്തന്നെ ഇക്കഴിഞ്ഞ നാളുകളില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഓടിയെത്തി. വെള്ളപ്പൊക്കത്തില്‍ എന്റെ വീട്ടിലും വെള്ളംകയറിയിരുന്നു. അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചറിഞ്ഞതുകൊണ്ട് ആ വിഷയം പെട്ടെന്നുതന്നെ എന്റെ മനസ്സില്‍ പതിഞ്ഞു. എന്റെ സ്വന്തം അനുഭവങ്ങളും കുറച്ചു ഭാവനയും കൂട്ടിച്ചേര്‍ത്ത് ഞാന്‍ നന്നായിത്തന്നെ കഥയെഴുതി. എഴുതിതീര്‍ന്നപ്പോള്‍ മനസ്സിന് ആകെയൊരു ആശ്വാസം തോന്നി. കഥ വായിച്ച വിധികര്‍ത്താക്കളുടെയും കണ്ണുനിറഞ്ഞുപോയത്രേ! ഒരുപക്ഷേ അനുഭവങ്ങളുടെ തീവ്രതകൊണ്ടാവാം എന്റെ കഥ മികച്ചതായതെന്ന് ഞാന്‍ കരുതുന്നു. ഇനി സബ് ജില്ലയിലേക്ക് മത്സരത്തിന് പോകണമെന്ന് ടീച്ചര്‍ പറഞ്ഞു. അവിടെ സമ്മാനം ലഭിക്കുകയാണെങ്കില്‍ ജില്ലയിലേക്കും സംസ്ഥാനതലത്തിലേക്കുമൊക്കെ മത്സരിക്കണം. എനിക്ക് സമ്മാനം ലഭിച്ചതറിഞ്ഞ് വീട്ടിലെല്ലാവര്‍ക്കും സന്തോഷമായി. ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും ചുറ്റുപാടുമുള്ളവരെ നിരീക്ഷിക്കുകയും ചെയ്താല്‍ നല്ലനല്ല കഥകള്‍ എഴുതാമെന്ന് അച്ഛന്‍ എന്നോടു പറഞ്ഞു. ഇനിയും ഇതുപോലെയുള്ള കഥകള്‍ എഴുതണമെന്നാണ് എന്റെ ആഗ്രഹം.



Thursday, November 8, 2018

മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രാധാന്യവും വെളിവാക്കുന്ന കവിതകള്‍

മാതൃഭാഷയുടെ മഹത്ത്വം പ്രമേയമായി വരുന്ന നിരവധി കവിതകള്‍ മലയാളത്തിലുണ്ട് . അവയില്‍ ചില കവിതകളുടെ ഏതാനും ഭാഗങ്ങളാണ് ചുവടെ തന്നിരിക്കുന്നത്.


വാക്ക്
അച്ഛനുമമ്മയും വാക്കെന്നു കേട്ടുഞാന്‍
അക്ഷരപ്പിച്ച നടന്നു
നിലാവിലെ നീലവാനംപോലെ
ഞാനൂറിവന്നൊരാ, നാദമൂകാചലം
എന്നിലലിഞ്ഞുപോയ്
എന്നെയുറക്കാന്‍ കിടത്തുമ്പൊഴും മെല്ലെ-
മെല്ലെയിരുട്ടിന്നുമപ്പുറം പ്രളയത്തി-
ലൊന്നായലിയിച്ചെടുക്കുമ്പൊഴും, പിന്നെ
ഞാനറിയാതെ വിളിച്ചുണര്‍ത്തുമ്പൊഴും
എന്തിനെന്നില്ലാതെയുദയഗതി വിലയങ്ങ-
ളെന്നിലൂടെന്നുമാവര്‍ത്തിച്ചിടുമ്പൊഴും
വാക്കെന്റെയമ്മയുമച്ഛനുമാകുന്നു
വാക്കിന്‍ വിരല്‍ തൂങ്ങിയല്ലോ നടക്കുന്നു.
                       -വി. മധുസൂദനന്‍നായര്‍

അക്ഷരം
എന്റെയുള്ളിലെരിയും നിലവിള-
ക്കെണ്ണ വറ്റാതെ നിത്യവും കാക്കുവാന്‍
എന്റെ നാവില്‍ തുളുമ്പുമോരോസ്വര-
ബിന്ദുവും പൂര്‍ണവര്‍ണമാക്കീടുവാന്‍,
ചക്രവാളങ്ങള്‍ പൂകാനുഴറുമെന്‍
ചിന്തകള്‍ക്കു ചിറകുകളേകുവാന്‍
അക്ഷരങ്ങളേ, കാവല്‍മിഴികളായ്
അന്തരംഗത്തില്‍ നിങ്ങള്‍വിടരുക.
- ഏറ്റുമാനൂര്‍ സോമദാസന്‍


മാതൃഭാഷാഗീതം
മലയാളമാണെന്റെ മാതൃഭാഷ
മലനാടിന്നഭിമാന ദേശഭാഷ
മഹിമകള്‍ നിറയുന്ന മധുരഭാഷ
മലയാളികള്‍ക്കു തന്‍ ജീവഭാഷ
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
തുയിലുണര്‍ത്തിപ്പോന്ന കാവ്യഭാഷ
ഇ.വിയും സി. വിയും നെടുങ്ങാടിയും
ഇഴചേര്‍ത്തുയര്‍ത്തിയ ഗദ്യഭാഷ
അമ്മയേകും മുലപ്പാലുപോല്‍ ശുദ്ധമാം
നന്മയോലുന്നൊരു നല്ലഭാഷ
മലയാളമാണെന്റെ ആത്മഭാഷ
മരണംവരെയെന്റെ ഹൃദയഭാഷ.
              - ശിവന്‍ മുപ്പത്തടം