Tuesday, July 2, 2019

ഓരോ വിളിയും കാത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1. താഴെക്കൊടുത്തിരിക്കുന്ന വാക്യം അര്‍ഥവ്യത്യാസം വരാതെ രണ്ടോ മൂന്നോ വാക്യങ്ങളാക്കി മാറ്റിയെഴുതുക.
കന്നിപ്പാടത്ത് വെയിലിന്റെ വേലിയേറ്റങ്ങളും കമുകിന്‍ തോട്ടങ്ങളിലൂടെ രാത്രികാലത്ത് പറന്നുപോകുന്ന വാവലുകളുടെ ചിറകടിയൊച്ചയും കിടന്നുകൊണ്ടുതന്നെ അച്ഛന്‍ അറിയുമായിരുന്നു.
കന്നിപ്പാടത്ത് വെയിലിന്റെ വേലിയേറ്റങ്ങളുണ്ടായിരുന്നു. കമുകിന്‍ തോട്ടങ്ങളിലൂടെ രാത്രികാലത്ത് പറന്നുപോകുന്ന വാവലുകളുടെ ചിറകടിയൊച്ചയും കേള്‍ക്കാമായിരുന്നു. ഇവയെല്ലാം കിടന്നുകൊണ്ടുതന്നെ അച്ഛന്‍ അറിയുമായിരുന്നു.
2. ◼️ ഇവിടെ അമ്മയെ തനിച്ചുനിര്‍ത്തിയിട്ട് ഞാനെങ്ങന്യാ പോവ്വാ'
◼️ കണ്ണുകാണാതായിട്ടും  നടക്കാന്‍ പറ്റാതായിട്ടും നിങ്ങള്‍ വിളിക്കുന്നേടത്തും പറേന്നടത്തും ഞാന്‍ എത്തുന്നുണ്ടല്ലോ  അതുതന്നെ  വല്യകാര്യം!''
കഥാസന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്ത് കുടുംബബന്ധത്തിന്റെ സൂക്ഷ്മതലം കഥയില്‍ എങ്ങനെ തെളിയുന്നുവെന്ന് പരിശോധിച്ച്  കുറിപ്പ് തയാറാക്കുക. 
കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ തീവ്രതയാണ് ഈ വാക്യങ്ങളില്‍ തെളിയുന്നത്. പരസ്പരസ്‌നേഹവും കരുതലുമാണ് കുടുംബബന്ധങ്ങളെ സുദൃഢമാക്കുന്നത്. അച്ഛന്‍ മാത്രമായിരുന്നു അമ്മയുടെ ലോകമെന്ന് മകനറിയാമായിരുന്നു. അച്ഛന്റെ  മരണം അമ്മയുടെ  ജീവിതത്തിലുണ്ടാക്കിയ ശൂന്യത മനസ്സിലാക്കിയതുകൊണ്ടാണ് അമ്മയെ  തനിച്ച് വീട്ടില്‍ നിര്‍ത്തിയശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ മകന്‍ മടിക്കുന്നത്. 'അമ്മയെ തനിച്ചു നിര്‍ത്തിയിട്ട് ഞാനെങ്ങന്യാ പോവ്വാ' എന്ന് മകന്‍ ചോദിക്കുന്നത് അമ്മയുടെ  ഏകാന്തത അറിഞ്ഞതുകൊണ്ടുതന്നെയാണ്. കിടപ്പിലായിപ്പോയ അച്ഛന്‍ പറയുന്ന പരിഭവങ്ങള്‍ക്ക് അമ്മ പറയുന്ന മറുപടിയിലും കുടുംബബന്ധങ്ങളുടെ ഊഷ്മളത ദര്‍ശിക്കാന്‍ സാധിക്കും. സ്വന്തം വിഷമതകളൊക്കെ മറന്ന് രോഗിയായ അച്ഛനെ പരിചരിക്കുന്ന അമ്മയില്‍ ഒരു ഉത്തമകുടുംബിനിയെയാണ് കാണാന്‍ സാധിക്കുന്നത്. അച്ഛന്‍ മരിച്ചിട്ടും അച്ഛനോടുള്ള അമ്മയുടെ സ്‌നേഹം അല്‍പ്പംപോലും കുറയുന്നില്ല. 


വിശ്വരൂപം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1. ▲ മിസ്സിസ് തലത്ത് കുട്ടികളെ പ്രസവിച്ചുവെന്നു മാത്രം. മുലകൊടുത്തിട്ടില്ല. താരാട്ടുപാടിയിട്ടില്ല. വാശിപിടിച്ചു കരയുമ്പോള്‍ ശാസിക്കയോ സുഖക്കേടില്‍ ശുശ്രൂഷിക്കയോ ചെയ്തിട്ടില്ല. അലങ്കരിച്ച ബൊമ്മകളെപ്പോലെ ഇടയ്ക്ക് ഉമ്മവയ്ക്കാന്‍ മാത്രം അവര്‍ അടുത്തുവരും.'
▲ മിസ്സിസ് തലത്ത് ഒരു യജമാനത്തിയുടെ  അകല്‍ച്ച പാലിച്ചുകൊണ്ട് മന്ദഹസിച്ചു കൈനീട്ടി. പക്ഷേ, ആ പാണികള്‍ ഗ്രഹിച്ചപ്പോള്‍ ഇന്നത്തെപ്പോലെയുള്ള ചൂട് ഇല്ലായിരുന്നുവെന്ന് അയാളോര്‍ത്തു.'
◼️ അമ്മയെന്നനിലയില്‍ മിസ്സിസ് തലത്തിന്റെ പ്രവൃത്തി നിങ്ങള്‍ വിലയിരുത്തുന്നതെങ്ങനെ?
◼️ യജമാനത്തിയുടെ അകല്‍ച്ച എന്ന പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
◼️ മിസ്സിസ് തലത്തിന്റെ  പ്രവൃത്തികള്‍ സുധീര്‍ വിലയിരുത്തുന്നതെങ്ങനെയെല്ലാം?
സ്‌നേഹവും  പരിചരണവും  ലഭിക്കേണ്ട പ്രായത്തില്‍ നാലുമക്കളെയും ബോര്‍ഡിങ്ങിലാക്കുകയാണ്  മിസ്സിസ് തലത്ത് ചെയ്തത്. കുട്ടികളെ പാലൂട്ടുകയോ താരാട്ടുപാടി ഉറക്കുകയോ ശാസിക്കുകയോ ഒന്നും അവര്‍  ചെയ്തിരുന്നില്ല. കുട്ടികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും  പരിഗണിക്കാതെ കുട്ടികളെ അലങ്കരിച്ച  ബൊമ്മകളെപ്പോലെയാണ് അവര്‍ കണ്ടിരുന്നത്. ഒരു അമ്മയെന്നനിലയിലുള്ള കടമകളൊന്നും അവര്‍ പാലിച്ചില്ല. അമ്മയുടെ സ്‌നേഹവും ലാളനകളും അനുഭവിച്ചുതന്നെയാണ് തീര്‍ച്ചയായും കുട്ടികള്‍ വളരേണ്ടത്. എന്നാല്‍ മാത്രമേ അമ്മയെന്നത് കുട്ടികളുടെ ജീവിതത്തിന്റെ ഒരു ഭാഗവും കുട്ടികള്‍ അമ്മയുടെ ജീവിതത്തിന്റെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ. മക്കള്‍ക്കു സ്‌നേഹവാത്സല്യങ്ങള്‍ നല്‍കിയിട്ടില്ലെന്ന് വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയപ്പോഴാണ് മിസ്സിസ് തലത്ത് തിരിച്ചറിയുന്നത്. മക്കള്‍ക്ക് താന്‍ നല്‍കാത്ത സ്‌നേഹം തിരിച്ച് മക്കളില്‍
നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് കരുതുന്നതുകൊണ്ടാണ് ഡോക്ടര്‍ തലത്തിന്റെ മരണശേഷം അവര്‍ ഒറ്റയ്ക്ക് കഴിയുന്നത്.  
            മിസ്സിസ് തലത്തിനെ സുധീര്‍ ആദ്യം പരിചയപ്പെട്ടപ്പോള്‍  അവര്‍ യജമാനത്തിയുടെ അകല്‍ച്ചയോടെയാണ് ഇടപെട്ടതെന്ന് സുധീര്‍ ഓര്‍ത്തു.  'നമുക്ക് അഞ്ചാമതൊരു കുട്ടിയുണ്ടായിരിക്കുന്നു' എന്നുപറഞ്ഞ് ഡോക്ടര്‍ തലത്ത് തന്നെ പരിചയപ്പെടുത്തിയപ്പോള്‍ മന്ദഹസിച്ചുകൊണ്ട് മിസ്സിസ് തലത്ത് കൈനീട്ടിയതും സുധീറിന്റെ ഓര്‍മ്മയിലെത്തി. ആ കൈകള്‍ക്ക് ഇന്നത്തേതുപോലുള്ള സ്‌നേഹത്തിന്റെ ചൂട് ഉണ്ടായിരുന്നില്ലെന്ന് സുധീറിന് തോന്നി. എല്ലാവരോടും ഒരകലം പാലിച്ചാണ് മിസ്സിസ് തലത്ത് ഇടപെട്ടിരുന്നത്. ഔപചാരികമായി ചിട്ടപ്പെടുത്താതെ കരയാനോ ചിരിക്കാനോ പോലും അവര്‍ക്ക് കഴിയുകയില്ലെന്ന് സുധീര്‍ വിചാരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം  മിസ്സിസ് തലത്തില്‍നിന്നും താഴത്തു കുഞ്ഞുക്കുട്ടിയമ്മയായി അവരുടെ ജീവിതം മാറി. ഇപ്പോഴവരുടെ  ജീവിതം  സ്‌നേഹം കൊടുക്കുവാനും വാങ്ങുവാനുംവേണ്ടി കൊതിക്കുന്നതാണ്. ഇത് അവരുടെ പ്രവൃത്തികളില്‍
മുഴുവന്‍ പ്രതിഫലിക്കുന്നുണ്ട്.

2. ''നിങ്ങളുടെ വരാന്‍ പോകുന്ന ഭാര്യയോടു പറയൂ, കുട്ടികളെ ബോര്‍ഡിങ്ങുകളില്‍ അയയ്ക്കരുതെന്ന്. അവര്‍ക്ക് ആയയെ വയ്ക്കരുത്. അമ്മതന്നെ വളര്‍ത്തണം. ശാസിക്കയും  ലാളിക്കയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ എന്നത് കുട്ടികളുടെ ഒരു ഭാഗവും കുട്ടികള്‍ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ.''
മിസ്സിസ് തലത്തിന്റെ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിച്ചുകൊണ്ട് ആനുകാലികസംഭവങ്ങള്‍കൂടി പരിഗണിച്ച് 'മക്കളെ വളര്‍ത്തുമ്പോള്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഖപ്രസംഗം (എഡിറ്റോറിയല്‍) തയാറാക്കുക.
                                                                  മക്കളെ വളര്‍ത്തുമ്പോള്‍
കൂണുകള്‍പോലെ വൃദ്ധസദനങ്ങള്‍ പെരുകുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. മക്കള്‍ക്ക് പ്രായമായ മാതാപിതാക്കളെ ശ്രദ്ധിക്കാനോ പരിചരിക്കാനോ നേരമില്ല. ഇതിനുകാരണം ഒരു പരിധിവരെ മാറിയ ജീവിതസാഹചര്യങ്ങളാണ്. എന്നാല്‍ ചിലപ്പോഴൊക്കെ മക്കളെത്തന്നെ കുറ്റം  പറയാനും സാധിക്കുകയില്ല.  ബാല്യകാലത്തില്‍ത്തന്നെ മക്കളെ ഹോസ്റ്റലിലാക്കി പഠിപ്പിക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ വാര്‍ധക്യത്തില്‍ മക്കളില്‍നിന്നും വേണ്ടത്ര പരിഗണന ലഭിക്കാറില്ല. സാമൂഹികമായ പദവി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവ   ലക്ഷ്യംവയ്ക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് കുടുംബത്തില്‍നിന്നും ലഭിക്കേണ്ട സ്‌നേഹലാളനകള്‍ നല്‍കുന്നില്ല. ഇന്ന് വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനകാരണം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം കുറയുന്നതാണ്. ഈ പ്രതിസന്ധി കാലങ്ങള്‍ക്കുമുമ്പേ തിരിച്ചറിഞ്ഞ കഥാകാരിയാണ് ലളിതാംബിക അന്തര്‍ജനം.
മാഡം തലത്തിനെപ്പറ്റി അവര്‍ എഴുതിയ 'വിശ്വരൂപം' എന്ന കഥ ശ്രദ്ധേയമാണ്. ബാല്യകാലത്തില്‍ത്തന്നെ മക്കളെ കുടുംബത്തില്‍നിന്ന് മാറ്റിനിര്‍ത്തി പഠിപ്പിക്കാനയച്ച മാഡം തലത്ത് വാര്‍ധക്യത്തിലാണ് തന്റെ തെറ്റ് മനസ്സിലാക്കുന്നത്. 'കുട്ടികളെ അമ്മതന്നെ വളര്‍ത്തണം. ശാസിക്കുകയും ലാളിക്കുകയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ കുട്ടികളുടെ ഒരു ഭാഗവും കുട്ടികള്‍ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ' എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാവുന്നു. കാലാതിവര്‍ത്തിയായി നില
നില്‍ക്കുന്ന ഈ കഥ ആനുകാലിക സമൂഹത്തില്‍ ഏറെ പ്രസക്തമാണ്. മനുഷ്യത്വം, മൂല്യങ്ങള്‍, സാമൂഹിക മര്യാദകള്‍ തുടങ്ങിയവയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ ആര്‍ജിക്കേണ്ടത് കുടുംബങ്ങളില്‍നിന്നാണ്. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന ചൊല്ല് ഇവിടെ സാര്‍ഥകമാണ്.
കുട്ടികളെ നോക്കാനായി പലരും ഇന്നും ഡേകെയറിനെയും ബോര്‍ഡിങ്ങിനെയുമൊക്കെ ആശ്രയിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാവുന്നത് സ്‌നേഹവും കരുതലും നന്മയുമൊക്കെയാണ്. ലഭിക്കാത്ത സ്‌നേഹം തിരിച്ചു നല്‍കാന്‍ മക്കള്‍ക്കാവില്ലെന്ന സത്യം ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ വികസനം കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണെന്നതിനാല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാവണം.
3. ''മാഡം തലത്ത് മരിച്ചുപോയി മോനേ. ഡോക്ടര്‍ തലത്തിനോടൊപ്പം അവരും പോയി. ഇത് അമ്മയാണ്; താഴത്തു 
കുഞ്ഞുക്കുട്ടിയമ്മ.'' മിസ്സിസ് തലത്ത് മാറി കുഞ്ഞുക്കുട്ടിയമ്മയാവുന്നു.
ഈ വാക്കുകള്‍ അവരുടെ ജീവിതത്തെക്കുറിച്ച് നല്‍കുന്ന സൂചനകളെന്തെല്ലാം? വാക്യം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരികളിലൊരാളായ ലളിതാംബിക അന്തര്‍ജനത്തിന്റെ 'വിശ്വരൂപം' എന്ന കഥയിലെ പ്രമേയം ഇന്നത്തെ സമൂഹത്തില്‍ ഏറെ പ്രസക്തമാണ്.  മാതാപിതാക്കളും മക്കളും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തിന്റെ ആഴം ഈ കഥ ആവിഷ്‌കരിക്കുന്നു.
താഴത്തു കുഞ്ഞുക്കുട്ടിയമ്മ ഡോക്ടര്‍ തലത്തിന്റെ ഭാര്യയായതോടെയാണ് മിസ്സിസ് തലത്ത് എന്ന പേരില്‍ തിളങ്ങിയിരുന്നത്. ആകര്‍ഷകമായ വ്യക്തിത്വവും കുലീനതയും ആതിഥ്യമര്യാദയും അവര്‍ക്ക് സമൂഹത്തില്‍  വലിയ അംഗീകാരം നേടിക്കൊടുത്തു. പക്ഷേ, ഭര്‍ത്താവിന്റെ മരണത്തോടെ ആ തിളക്കങ്ങളും ത്തില്‍നിന്ന് അവര്‍ക്ക് പിന്‍വലിയേണ്ടിവന്നു. ഡോക്ടറുടെ ഭാര്യ എന്ന അംഗീകാരവും നഷ്ടമായി. മക്കള്‍ ദൂരദേശങ്ങളില്‍ താമസമായതോടെ മിസ്സിസ് തലത്ത് നാട്ടിലേക്ക് തിരിച്ചുവന്നു.
വീണ്ടുമവര്‍ താഴത്തു കുഞ്ഞുക്കുട്ടിയമ്മയായി മാറി. തുളസിത്തറയ്ക്കപ്പുറത്ത് മുറ്റത്തരികില്‍ കോളാമ്പിപ്പൂക്കളും മഞ്ഞമന്ദാരവും കാടുപോലെ വളര്‍ന്നുനില്‍ക്കുന്ന  ചെറിയൊരു വീട്ടില്‍ താമസിക്കുന്ന താഴത്തു കുഞ്ഞുക്കുട്ടിയമ്മയ്ക്ക് 'മാഡം' എന്ന സംബോധനയോ ഡോക്ടര്‍ തലത്തിന്റെ ഭാര്യയെന്ന സ്ഥാനമോ ചേരില്ല. നാട്ടില്‍ അവര്‍ അറിയപ്പെടുന്നത് താഴത്തു കുഞ്ഞുക്കുട്ടിയമ്മ എന്നുതന്നെയാണ്. അതുകൊണ്ടാണ് അവര്‍ ആ പേരില്‍ സ്വയം പരിചയപ്പെടുത്തിയത്.


ഉപന്യാസത്തിന്റെ മാതൃകകള്‍

അയ്യങ്കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ചാവറയച്ചന്‍, വൈകുണ്ഠസ്വാമികള്‍, വക്കം മൗലവി തുടങ്ങി അനേകം മഹാന്മാര്‍ നമുക്കുണ്ട്. അവരുടെ ജീവിതത്തില്‍നിന്നു നമുക്ക് പലതും ഉള്‍ക്കൊള്ളാനുണ്ട്. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി നിരവധി കാര്യങ്ങള്‍  ചെയ്ത അവര്‍ കേരളത്തിലെ സാമൂഹികപുരോഗതിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരുമാണ്. പാഠഭാഗങ്ങളില്‍നിന്നും മറ്റു കൃതികളില്‍നിന്നും  ഇങ്ങനെയുള്ള മഹാന്മാരെക്കുറിച്ച് വായിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഉപന്യാസം തയാറാക്കുക.
കേരളത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍
മഹാന്മാരുടെ ജീവിതം എന്നും നമുക്ക് പ്രചോദനവും പ്രത്യാശയും പകര്‍ന്നുനല്‍കിയിട്ടുണ്ട്. ലോകത്തെ അജ്ഞാനത്തിന്റെ പടുകുഴിയില്‍നിന്നും അറിവിന്റെ പ്രകാശത്തിലേക്ക് നയിക്കുന്നവരാണവര്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണിരുന്ന ഒരു നാടായിരുന്നു കേരളം. സ്വാമിവിവേകാനന്ദന്‍ കേരളത്തെ 'ഭ്രാന്താലയം' എന്നാണ് വിശേഷിപ്പിച്ചത്. നാടിനെ ബാധിച്ചിരുന്ന ഏറ്റവും വലിയ സാമൂഹികവിപത്തായിരുന്നു ജാതിവിവേചനം. ജനങ്ങളെ സവര്‍ണര്‍, അവര്‍ണര്‍ എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചിരുന്നു. അവര്‍ണരെ എല്ലാ രംഗങ്ങളില്‍നിന്നും അകറ്റിനിര്‍ത്തിയിരുന്നു. മനുഷ്യരായിപ്പോലും അവരെ കരുതിയിരുന്നില്ല. സവര്‍ണരായ  ജന്മികള്‍  അവരെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചിരുന്നു. സമൂഹത്തില്‍നിന്ന് പിന്തള്ളപ്പെട്ട ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍  സ്ഥാപിച്ചെടുക്കാന്‍ പോരാടിയ മഹദ്‌വ്യക്തികളാണ് വൈകുണ്ഠസ്വാമികള്‍, അയ്യങ്കാളി, ശ്രീനാരായണഗുരു തുടങ്ങിയവര്‍. 
പുലയസമുദായത്തില്‍പ്പെട്ട അയ്യങ്കാളി തന്റെ  കഠിനമായ പ്രയത്‌നത്തിലൂടെ അവര്‍ണര്‍ക്ക് പൊതുവഴിയെ നടക്കാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തു. കൂടാതെ ജന്മിത്തത്തിനെതിരെ യുവാക്കളെ സംഘടിപ്പിക്കുകയും കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.  ജാതിവ്യവസ്ഥയെ എതിര്‍ക്കുകയും നവോത്ഥാനപ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിനെ സാമൂഹ്യപുരോഗതിയിലേക്ക് നയിച്ച മഹാനാണ് ശ്രീനാരായണഗുരു.  നമ്മുടെ നാടിന്റെ സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച ആചാര്യനാണ് ചട്ടമ്പിസ്വാമികള്‍. ബ്രാഹ്മണമേധാവിത്വത്തെ ചോദ്യംചെയ്ത അദ്ദേഹം ജാതിഭേദത്തെ നിഷേധിച്ചു. സ്ത്രീപുരുഷസമത്വം, എല്ലാവര്‍ക്കും വിദ്യാഭ്യാസം തുടങ്ങി സമൂഹനന്മയ്ക്കുള്ള നൂതനാശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും  പേരില്‍ ചവിട്ടിത്താഴ്ത്തപ്പെട്ടവര്‍ക്ക് മറ്റുള്ളവരോടൊപ്പം നില്‍ക്കാനുള്ള കരുത്തു നല്‍കി. അറിവിലൂടെ മാത്രമേ സാമൂഹികപുരോഗതി സാധ്യമാവുകയുള്ളൂ എന്നദ്ദേഹം വിശ്വസിച്ചു. സാമുദായികപരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍ എന്നീനിലകളിലെല്ലാം ശ്രദ്ധനേടിയ ചാവറയച്ചന്‍, സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും പണ്ഡിതനുമായ വക്കം അബ്ദുല്‍ഖാദര്‍ മൗലവി, രാഷ്ട്രീയപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സൈദ്ധാന്തികന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഇ. എം. എസ്. നമ്പൂതിരിപ്പാട് 
തുടങ്ങിയവരും നമ്മുടെ നാടിനെ സാംസ്‌കാരികമായ ശോഷണത്തില്‍നിന്നും കരകയറ്റിയവരാണ്. ഇവരുടെയെല്ലാം പരിശ്രമഫലമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലുണ്ടായ സാമൂഹികനവോത്ഥാനം.
ഇത്തരത്തിലുള്ള നിരവധി മഹദ്‌വ്യക്തികളുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തെ ഇന്നു കാണുന്ന നിലയിലെത്തിച്ചത്. പുരോഗമനപരമായ ആശയങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഏതൊരു നാടിനെയും പുരോഗതിയിലേക്ക് നയിക്കാന്‍ മഹാന്മാരായ വ്യക്തികള്‍ക്ക് സാധിക്കും. അവരുടെ പ്രവര്‍ത്തനങ്ങള്‍ വരുംതലമുറകള്‍ക്കൂടി പ്രയോജനപ്പെടുന്നവയാണ്. അങ്ങനെയുള്ള വ്യക്തികളുടെ ജീവിതമാണ് പുതിയ തലമുറ മാതൃകയാക്കേണ്ടത്. 
കൃഷിയെ ഒരു ജീവിതമാര്‍ഗം എന്നതിലുപരി ഒരു സംസ്‌കാരമായി കണ്ടവരാണ് പണ്ടത്തെ ആളുകള്‍. എന്നാല്‍ ഇന്നത്തെ യുവതലമുറ കൃഷിയില്‍നിന്ന് അകലുകയാണോ?  'കൃഷി അന്നും ഇന്നും' എന്ന വിഷയത്തെ ആസ്പദമാക്കി ലഘു ഉപന്യാസം തയാറാക്കുക. 
കൃഷി അന്നും ഇന്നും
മനുഷ്യന്‍ ഒരിടത്ത് സ്ഥിരമായി താമസിക്കാന്‍ തുടങ്ങിയത് കൃഷി ആരംഭിച്ചതോടുകൂടിയാണ്. നമ്മുടെ ജീവിതത്തിന് ആവശ്യമായതെല്ലാം നാം നിറവേറ്റിയിരുന്നത് കൃഷിയിലൂടെയാണ്. കൃഷി നമുക്ക് ഉപജീവനമാര്‍ഗം മാത്രമായിരുന്നില്ല, സംസ്‌കാരവുമായിരുന്നു. നമ്മുടെ പ്രധാന ആഘോഷങ്ങളും നാടന്‍കലാരൂപങ്ങളുമെല്ലാം കൃഷിയുമായി ബന്ധപ്പെട്ടതാണ്. കൃഷി ദൈവികമായ ഒരു പ്രവൃത്തിയായിട്ടാണ് പണ്ടത്തെ മനുഷ്യര്‍ കണ്ടിരുന്നത്. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള കൃഷിരീതിയാണ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നത്. ഭക്ഷണം മാത്രമല്ല, കായികാധ്വാനത്തിലൂടെ ആരോഗ്യവും ആനന്ദവും  കൃഷിയില്‍നിന്നും അവര്‍ അനുഭവിച്ചു. വിളവെടുപ്പ് നാടിന്റെ ഉത്സവംതന്നെയായിരുന്നു.
എന്നാല്‍ ശാസ്ത്രസാങ്കേതികവിദ്യ പുരോഗമിച്ചതോടെ കൃഷിയിലും വലിയ മാറ്റങ്ങള്‍ വന്നു. കാളയും കലപ്പയും ഉപയോഗിച്ച് നിലമുഴുതിരുന്ന സ്ഥാനത്ത് ഇന്ന് ട്രാക്ടറാണ്  ഉപയോഗിക്കുന്നത്. ജലസേചനത്തി
നുവേണ്ടി ഉപയോഗിച്ചിരുന്ന ചക്രങ്ങളുടെ സ്ഥാനത്ത് പമ്പുസെറ്റുകള്‍ ഉപയോഗിക്കുന്നു. ഞാറുനടീലും കൊയ്ത്തുമെല്ലാം ഇന്ന് യന്ത്രത്തിന്റെ സഹായത്താല്‍ത്തന്നെ. ഒരു പരിധിവരെ ഈ യന്ത്രസംവിധാനങ്ങള്‍ നമുക്ക് പ്രയോജനപ്രദമാണ്. പക്ഷേ മനുഷ്യന്റെ കായികാധ്വാനത്തെ ഇത് കുറയ്ക്കുകയും കൃഷിയെന്ന കലയുടെ സൗന്ദ്യരത്തെ നഷ്ടപ്പെടുത്തുകയും ചെയ്തു. മറ്റൊന്ന് കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗമാണ്. കുറച്ചു സ്ഥലത്തുനിന്നും കൂടുതല്‍ വിളവു ലഭിക്കാന്‍വേണ്ടി മനുഷ്യര്‍ ഉപയോഗിക്കുന്ന പല രാസവളങ്ങളും പ്രകൃതിക്കും മനുഷ്യര്‍ക്കും ദോഷംചെയ്യുന്നതാണ്. മാരകവിഷമടങ്ങിയ  കീടനാശിനികള്‍ ഉപയോഗിക്കുന്നതുമൂലം പലതരം രോഗങ്ങള്‍ നമ്മെ പിടികൂടുന്നു
പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതാണ് കാര്‍ഷികമേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. കൃഷി ലാഭകരമല്ലെന്ന തോന്നല്‍ ചെറുപ്പക്കാരെ കൃഷിയില്‍നിന്ന് അകറ്റുന്നു. കൃഷിഭൂമി നികത്തി  
കെട്ടിടങ്ങളും വ്യവസായശാലകളും പണിയുന്നു. ഇത് നമ്മുടെ നിലനില്‍പ്പിനെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ കൃഷിയെ സ്‌നേഹിക്കുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യം. മനുഷ്യരാശിയുടെ നിലനില്‍പ്പിന് കൃഷി കൂടിയേ തീരൂ എന്ന് ബോധ്യമുള്ളവരായി മാറാനും  അതനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് നാം ശ്രമിക്കേണ്ടത്. 
ഈ മനോഭാവമുള്ള ആളുകളുടെ എണ്ണം ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കൂടിവരുന്നുണ്ടെണ്ടന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്.