Tuesday, October 15, 2019

ജീവിതത്തിന്റെ ഉപ്പ്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

1. ''ഇതാണ് കൈയടക്കം. കൈകളുടെ അടക്കം. മനസ്സിന്റെ അടക്കം. പരിശീലിച്ചാല്‍ നിങ്ങള്‍ക്കും സാധിക്കും.'' സന്ദര്‍ഭമെന്ത്? വ്യക്തമാക്കുക.
ഉപ്പുകൊറ്റനും കുട്ടികളും ആടിയും പാടിയും നൃത്തംചവിട്ടിയും തളര്‍ന്നപ്പോള്‍ അവര്‍ക്ക് വിശപ്പ് അനുഭവപ്പെട്ടു. വിശപ്പകറ്റാന്‍ ഉപ്പുകൊറ്റന്റെ സഞ്ചി മുഴുവനും പരതി നോക്കിയ കുട്ടികള്‍ അതിലൊന്നുമില്ലാത്തതിനാല്‍ നിരാശരായി. അവര്‍ മുഖാമുഖം നോക്കിയപ്പോള്‍, 'ഞാനൊരു വിദ്യ കാണിച്ചുതരാം' എന്നുപറഞ്ഞ് ഉപ്പുകൊറ്റന്‍ ചാക്കില്‍നിന്ന് ഉപ്പുവാരി മുകളിലേക്കെറിഞ്ഞു. ഉപ്പിന്‍തരികള്‍ അപ്പങ്ങളായി താഴേക്കു പൊഴിഞ്ഞു. കുട്ടികള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു.'ഇതെങ്ങനെ സാധിച്ചു?' എന്ന അവരുടെ ചോദ്യത്തിനുള്ള ഉപ്പുകൊറ്റന്റെ മറുപടിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
2. ഉപ്പുകൊറ്റന് കുട്ടികളോടുള്ള സ്‌നേഹം വെളിപ്പെടുത്തുന്ന സന്ദര്‍ഭം എഴുതുക.
ഉപ്പുകൊറ്റനെ കണ്ടപ്പോള്‍ത്തന്നെ കുട്ടികള്‍ സന്തോഷത്തോടെ ആര്‍പ്പുവിളിക്കുന്നു. എന്താ ഇത്ര വൈകിയതെന്ന് അവര്‍ പരിഭവത്തോടെ ചോദിക്കുന്നു. ഉപ്പുകൊറ്റന്‍ അവര്‍ക്ക് ഉണ്ണിയപ്പം കൊടുക്കുന്നു. അവരോടൊപ്പം പാട്ടുപാടി നൃത്തംവയ്ക്കുന്നു. ഇതെല്ലാം ഉപ്പുകൊറ്റനും കുട്ടികളും തമ്മിലുള്ള സ്‌നേഹം വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളാണ്. കുട്ടികളുടെ  നിഷ്‌കളങ്കതയാണ് ഉപ്പുകൊറ്റന്റെ ഉള്ളിലുമുള്ളത്. അതുകൊണ്ടാണ് കുട്ടികളുമായി ഗാഢമായ ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നത്.
3. പുഴയോരത്തുകൂടെ നടന്നുപോകുമ്പോള്‍ ഉപ്പുകൊറ്റന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെന്തെല്ലാം?
പുഴയോരത്തുകൂടെ നടക്കുമ്പോള്‍ ഉപ്പുകൊറ്റന്റെ  മനസ്സ് പലവിധ വിചാരങ്ങളില്‍ മുഴുകി. പുഴപോലെ ഒഴുകുന്ന തന്റെ ജീവിതത്തെപ്പറ്റി അയാള്‍ ഓര്‍ക്കുന്നു. ജീവിതം പ്രതിസന്ധികളാകുന്ന ചുഴികളും  കയങ്ങളും അടിയൊഴുക്കുകളുമൊക്കെയുള്ളതാണ്. അമ്മയുടെ സ്‌നേഹം ലഭിക്കാത്തതിലുള്ള ദുഃഖം അദ്ദേഹത്തിന്റെ  ഉള്ളിലുണ്ട്. ''പുഴ സമുദ്രത്തിലേക്ക് ഒഴുകിയടുക്കുന്നു, ഉപ്പില്‍ ലയിക്കാന്‍. അമ്മയുടെ സ്‌നേഹത്തിന്റെ ഉപ്പറിയാത്ത താന്‍ ഉപ്പും പേറി നടക്കുന്നു'' എന്ന് അദ്ദേഹം ചിന്തിക്കുന്നു.


1 comment: