Friday, November 1, 2019

അജഗജാന്തരം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 9)

1. ''ചെറുതില്‍നിന്ന് വലുതിലേക്കു മാത്രമല്ല വലുതില്‍നിന്ന് ചെറുതിലേക്കും മനുഷ്യന് വളരാം.''
◼️ ''ചങ്ങല പിടിച്ച  കൈകളില്‍ കയറേന്തിയപ്പോള്‍ നാണുക്കുട്ടിക്ക് എന്തെന്നില്ലാത്തൊരനുഭൂതി. ഒരു മൃദുലത, ഒരു ലഘിമ....''
◼️''യുഗാന്തരങ്ങള്‍ തോറും സമാധാനത്തിന്റെ ദൂതന്മാര്‍ പിറക്കാനും വളരാനും തൊഴുത്തു തേടിയതു വെറുതെയാണോ? ഈ വെളിപാടിന്റെ ശീതളച്ഛായയില്‍ അയാള്‍ സസുഖം മയങ്ങി.''
- അജഗജാന്തരം എന്ന ശീര്‍ഷകം മുതല്‍ കഥാന്ത്യം വരെ വ്യത്യസ്തമായ വായനാനുഭവമാണ് കഥ നല്‍കുന്നത്. 
പ്രമേയം, ആഖ്യാനരീതി, കഥാപാത്രസവിശേഷതകള്‍ എന്നിവ പരിഗണിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കുക.
മഞ്ചാടിമനയ്ക്കലെ ആനപ്പാപ്പാന്റെ ജോലി ഉപേക്ഷിച്ച് ആടിനെ മേയ്ക്കാന്‍ തീരുമാനിച്ച നാണുക്കുട്ടിയിലൂടെ എസ്.വി. വേണുഗോപന്‍നായര്‍ പറയുന്നത് മനുഷ്യജീവിതത്തിന്റെ എക്കാലവും പ്രസക്തമായ സത്യമാണ്. ഓരോ വ്യക്തിയും ജീവിക്കേണ്ടത്  അവനവന്റെ ശരികളിലൂടെയാണ്. സമൂഹം പുലര്‍ത്തുന്ന മിഥ്യാധാരണകള്‍ക്കു കീഴ്‌പ്പെടാതെ സ്വന്തം ബോധ്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന നാണുക്കുട്ടി ആഡംബരങ്ങള്‍ക്കും കെട്ടുകാഴ്ചകള്‍ക്കും പിന്നാലെ പായുന്ന പുതിയ കാലത്തിന് മികച്ച മാതൃകയാണ്.
മഞ്ചാടിമനയ്ക്കലെ ആനപ്പാപ്പാനായ നാണുക്കുട്ടിയെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം മതിപ്പാണ്. നാണുക്കുട്ടിക്കാവട്ടെ, ആനയോടൊപ്പം ഉത്സവപ്പറമ്പിലും മറ്റുമുള്ള ജീവിതം വല്ലാതെ മടുത്തു. ആരാന്റെ ആനയെ മേയ്ക്കുന്നതിനേക്കാള്‍ സ്വന്തമായി ഒരാടിനെ വളര്‍ത്തുന്നതാണ് നല്ലതെന്ന് അയാള്‍ തീരുമാനിച്ചു. പക്ഷേ, ഈ തീരുമാനം സകലരെയും അദ്ഭുതപ്പെടുത്തി. കുടുംബത്തിന്റെ പാരമ്പര്യം, പ്രൗഢി, ജനത്തിന്റെ അംഗീകാരം എന്നിവയെല്ലാം നാണുക്കുട്ടിയുടെ ഈ തീരുമാനത്തിന് എതിരായിരുന്നു. ഭാര്യപോലും ഈ തീരുമാനത്തെ എതിര്‍ത്തു. എല്ലാവരെയും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊണ്ട് അയാള്‍ തന്റെ തീരുമാനവുമായി മുന്നോട്ടുപോയി. വലുപ്പവും ആഢ്യത്വവുമല്ല ജീവിതത്തില്‍ സമാധാനവും  സന്തോഷവും നല്‍കുന്നതെന്ന ഉത്തമബോധ്യമാണ് നാണുക്കുട്ടിയെ നയിച്ചത്. തന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് സമൂഹമല്ല, താന്‍തന്നെയാണെന്ന് പ്രഖ്യാപിക്കുകയാണ് നാണുക്കുട്ടി. ലളിതമായ ഭാഷ, വളച്ചുകെട്ടില്ലാത്ത അവതരണരീതി, വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, വ്യക്തവും ശക്തവുമായ പ്രമേയം എന്നിവയെല്ലാം ഈ കഥയുടെ സവിശേഷതയാണ്. ഒന്നോ രണ്ടോ വാക്യങ്ങളിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന  കഥാപാത്രങ്ങള്‍ക്കുപോലും വ്യക്തിത്വവും മിഴിവും പകരാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്.
സമൂഹം പിന്തുടരുന്ന ആര്‍ഭാടങ്ങളെയും ധൂര്‍ത്തിനെയും എന്തിനെന്നറിയാതെ അന്ധമായി അനുകരിക്കുന്നവരുടെ കാലമാണിത്. നാണുക്കുട്ടി വ്യത്യസ്തനാകുന്നത് ഇവിടെയാണ്. ലാളിത്യമാണ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും താക്കോല്‍. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താനായിരിക്കണം അവതാരപുരുഷന്മാര്‍ തൊഴുത്തില്‍ പിറന്നുവീണത്. സമൂഹത്തിന്റെ മിഥ്യാധാരണകളല്ല, സ്വന്തം ബോധ്യങ്ങളാണ് ഒരാളുടെ  ജീവിതരീതി തീരുമാനിക്കേണ്ടതെന്ന എക്കാലത്തും പ്രസക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്ന ലളിതമനോഹരമായ കഥയാണ് 'അജഗജാന്തരം'.
2. ആനയും ആടും തമ്മിലുള്ള എന്തെല്ലാം വ്യത്യാസങ്ങളാണ് നാണുക്കുട്ടി തിരിച്ചറിഞ്ഞത്?   
ഇടയുന്ന സന്ദര്‍ഭങ്ങളിലൊഴികെ ആന അനുസരണയുള്ള ശാന്തസ്വഭാവിയാണ്. ഒരു വടി ചാരിവച്ചാല്‍ ആന അതിനെ ധിക്കരിക്കുകയില്ല. വിനീതവിധേയന്‍. ആടിന്റെ സ്ഥിതി അതല്ല. അതിന് ഭയമില്ല. സദാസമയവും ശബ്ദമുണ്ടാക്കി, കണ്ണില്‍ക്കാണുന്ന പച്ചപ്പു മുഴുവനും കടിച്ചുകൊണ്ട് തുള്ളിച്ചാടി നടക്കും. ആനയെ കൊണ്ടുനടക്കുന്നത്ര എളുപ്പമല്ല ആടിനെ മേയ്ക്കാന്‍. ആനയോടൊപ്പം നടക്കാന്‍ ആനനട ശീലിച്ചിരുന്ന നാണുക്കുട്ടിക്ക് ആടിനോടൊപ്പം നടക്കാന്‍ പുതിയൊരു നടത്തംതന്നെ ശീലിക്കേണ്ടിവന്നു. തികഞ്ഞ സ്വാതന്ത്ര്യബോധമുള്ള മൃഗമാണ് ആട്. ഇടഞ്ഞ ആനകളെ വരുതിയിലാക്കുന്നതില്‍ അതിസമര്‍ഥനായ നാണുക്കുട്ടിക്കുപോലും ആടിനെ മേയ്ക്കാന്‍ പുതിയരീതികള്‍ സ്വീകരിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.


4 comments: