Friday, November 1, 2019

പരിശ്രമം ചെയ്യുകിലെന്തിനേയും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

1. എസ്. എല്‍. വി- 3 എന്ന പദ്ധതിയുടെ ആദ്യവിക്ഷേപണം പരാജയമായിരുന്നെങ്കിലും അതില്‍ മനസ്സുതളരാതെ, പിഴവുകള്‍ കണ്ടെത്തി അത് പരിഹരിച്ച്  വീണ്ടും പരിശ്രമം നടത്തിയതുകൊണ്ടാണ് അബ്ദുല്‍കലാമിന് രണ്ടാമത്തെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇതുപോലെ ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ ജീവിതവിജയം നേടിയ ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ച് കുറിപ്പ് തയാറാക്കുക. 
◀️ വില്‍മ റുഡോള്‍ഫ്
അമേരിക്കയിലാണ് വില്‍മ റുഡോള്‍ഫ് ജനിച്ചത്, തീരെ കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ പോളിയോ ബാധിച്ച് അവളുടെ ഒരു  കാലും കൈയും തളര്‍ന്നു. ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍ വടികുത്തി നടന്നുതുടങ്ങിയ അവള്‍ മനക്കരുത്തുകൊണ്ട് കാലുകള്‍ക്ക് ബലം നല്‍കുകയായിരുന്നു. നടന്നും ഓടിയും ബാസ്‌കറ്റ്‌ബോള്‍ കളിച്ചും അവള്‍ മത്സരങ്ങളുടെ ഭാഗമായി. ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഒളിമ്പിക്‌സ് സ്വര്‍ണം നേടുമെന്ന് അവള്‍ പ്രഖ്യാപിച്ചത്. പിന്നീട് കഠിനപരിശീലനത്തിന്റെ നാളുകളായിരുന്നു. 1960-ല്‍ നടന്ന ഒളിമ്പിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണം  നേടി അവള്‍ തന്റെ വാക്കുപാലിച്ചു. ആത്മവിശ്വാസം, മനക്കരുത്ത്, ലക്ഷ്യബോധം, കഠിനാധ്വാനം ഇവ നാലുമാണ് വില്‍മയുടെ  തിളക്കമാര്‍ന്ന വിജയത്തിനു   പണ്ടിന്നില്‍. ലോകം ഇന്നും ആദരവോടെയാണ് വില്‍മ  റുഡോള്‍ഫ് എന്ന പെണ്‍കുട്ടിയെ സ്മരിക്കുന്നത്.
2. എസ്. എല്‍. വി- 3 എന്ന പദ്ധതിയുടെ ആദ്യവിക്ഷേപണം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ വിക്ഷേപണം വിജയകരമായി നടത്താന്‍ അബ്ദുല്‍കലാമിനെയും മറ്റു ശാസ്ത്രജ്ഞരെയും സഹായിച്ചതെന്ത്?
എസ്. എല്‍. വി- 3 എന്ന പദ്ധതിയുടെ ആദ്യവിക്ഷേപണം പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് അബ്ദുല്‍ കലാമും സംഘവും  വസ്തുനിഷ്ഠമായ രീതിയില്‍ വിശകലനം നടത്തി. ഒടുവില്‍ കുഴപ്പം എയര്‍ കണ്ടീഷനിങ് പ്ലാന്റിന്റേതാണെന്നു മനസ്സിലായി. വിക്ഷേപണത്തിനുമുമ്പുള്ള സമയത്ത് കണ്‍ട്രോള്‍ പവര്‍ പ്ലാന്റിന്റെ  വാല്‍വില്‍ പൊടി കടന്നിരുന്നു. തന്മൂലം അതു ശരിയായി പ്രവര്‍ത്തിക്കാതായി. ഈ സംഭവത്തിനുശേഷം  എല്ലാ ഉപകരണങ്ങളുടെയും ഗുണനിലവാരം കര്‍ശനമായി പരിശോധിക്കുന്നു എന്നു അവര്‍ ഉറപ്പുവരുത്തി. സാങ്കേതികപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ മാത്രമല്ല ഇതിലൂടെ അവര്‍ക്കു സാധിച്ചത്; ശാസ്ത്രജ്ഞരുടെ മനോവീര്യം ഉയര്‍ത്താനും സാധിച്ചു. അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ത്തന്നെ  രണ്ടാമത്തെ വിക്ഷേപണം വിജയകരമായി നടത്താന്‍ ഇതവരെ സഹായിച്ചു.


No comments:

Post a Comment