പ്രസംഗത്തിന്റെ വിവിധ മാതൃകകള്‍
▲ കേരളീയരുടെ ദേശീയോത്സവമായ ഓണം ആധുനികകാലത്ത് വെറും ആഘോഷം മാത്രമായി മാറുകയാണോ? സ്‌കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ അവതരിപ്പിക്കാനായി ഓണത്തെക്കുറിച്ച് പ്രസംഗം തയാറാക്കുക.
ബഹുമാന്യരായ അധ്യാപകരേ, എന്റെ പ്രിയ കൂട്ടുകാരേ,
എല്ലാവര്‍ക്കും ആദ്യംതന്നെ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതിമതഭേദമില്ലാതെ ഒരുമനസ്സായി ആഘോഷിക്കുന്ന ഉത്സവമാണല്ലോ ഓണം. ഓണംപോലെ മലയാളിയെ സ്വാധീനിച്ച മറ്റൊരാഘോഷമില്ല. ഓണമെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക പൂക്കളവും ഊഞ്ഞാലും ഓണക്കോടിയും ഓണസ്സദ്യയും ഒക്കെയാണല്ലോ? നമ്മുടെ സംസ്‌കാരത്തെ, പാരമ്പര്യത്തെ തൊട്ടറിയിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളും നമുക്ക് സമ്മാനിക്കുന്നു. ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് ഉത്സവമാണ്.
പിള്ളേരോണം മുതല്‍ തിരുവോണം വരെ നീളുന്ന ഒരു മാസത്തെ ആഘോഷമായിരുന്നു പണ്ടത്തെ ഓണം. നാടന്‍പൂക്കള്‍ക്കൊണ്ടുള്ള പൂക്കളമൊരുക്കിയും സ്വന്തമായി കൃഷിചെയ്ത വിഭവങ്ങള്‍ക്കൊണ്ട് സദ്യയുണ്ടാക്കിയുമാണ് അക്കാലത്ത് ആളുകള്‍ ഓണം ആഘോഷിച്ചിരുന്നത്. ആര്‍പ്പുവിളികളും ഓണക്കളികളും ഓണക്കോടി നല്‍കലുമെല്ലാം അന്നുണ്ടായിരുന്നു. ഓരോ ഓണവും നല്‍കുന്ന മധുരസ്മരണകള്‍, അടുത്ത ഓണത്തെ കാത്തിരിക്കാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ ഓണം ഇന്ന് ഒരു ചടങ്ങുമാത്രമായിത്തീര്‍ന്നിരിക്കുന്നു. മാവേലിനാടിന്റെ നന്മകള്‍ ഇന്ന് ഒരു വിദൂരസ്വപ്‌നമാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ഭക്ഷ്യവിഭവങ്ങളും പൂക്കളുമാണ് നാമിന്ന് വാങ്ങുന്നത്. സ്വന്തമായി കൃഷിചെയ്തുണ്ടാക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളും തൊടികളില്‍നിന്നു ശേഖരിക്കുന്ന പൂക്കളും വേണമെന്ന ചിന്താഗതി ഇന്നില്ല. എല്ലാം അതിവേഗം വേണമെന്ന് ആഗ്രഹിക്കുന്ന പുതുതലമുറ സാധാരണ ദിവസങ്ങളില്‍ ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുമ്പോള്‍ ഓണക്കാലത്ത് ഉപ്പേരി ഉള്‍പ്പെടെ കടകളില്‍നിന്നു വാങ്ങിയുപയോഗിച്ച് സമയം ലാഭിക്കുന്നു. 'ഓണത്തിനുള്ള ഉപ്പേരി മാര്‍ക്കറ്റില്‍ ലഭിക്കുമ്പോള്‍ പിന്നെയെന്തിന് വെറുതെ സമയം കളയണമെന്നാണ് പുതുതലമുറയുടെ ചിന്ത' എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയിട്ടുണ്ട്.
ഗ്രാമങ്ങള്‍ അതിവേഗം നഗരങ്ങളാകുന്ന ഇക്കാലത്ത് തൊടിയും മുറ്റവും പൂക്കള ുമെല്ലാം നമുക്ക് നഷ്‌പ്പെട്ടു
പോകുന്നു. എല്ലാവരും ഒന്നുപോലെ സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്ന ഒരു മാവേലിനാടായി നമ്മുടെ കേരളം മാറണം. അതിനായി നമുക്ക് പ്രാര്‍ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്യാം. ഐശ്വര്യത്തിന്റെ പൂവിളികള്‍ നമ്മുടെ നാട്ടിലുയരട്ടെ എന്നാംശംസിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.
നന്ദി, നമസ്‌കാരം
▲ സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂള്‍ അസംബ്ലിയില്‍വച്ച് നടത്തുന്നതിനായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരചരിത്രത്തെക്കുറിച്ച് ഒരു പ്രസംഗം തയാറാക്കുക. സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം.
മാന്യസദസ്സിന് നമസ്‌കാരം,
സ്വതന്ത്രഇന്ത്യയിലാണ് നാമെല്ലാവരും ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം കൂടിയാണ് നമ്മുടെ ഇന്ത്യ. എന്നാല്‍ 1947 ഓഗസ്റ്റ് 15-ന് മുന്‍പ് നമ്മുടെ രാജ്യവും വിദേശശക്തികളുടെ കീഴിലായിരുന്നു. അതെ, 1947 ഓഗസ്റ്റ് 15-നാണ് നമ്മുടെ രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് മോചനം നേടിയത്. ആ മോചനം കേവലം ഒരു ദിവസംകൊണ്ടോ ഒരു മാസംകൊണ്ടോ ഒരു വര്‍ഷംകൊണ്ടോ നേടിയതല്ല. മറിച്ച്, വര്‍ഷങ്ങള്‍നീണ്ട സമരത്തിലൂടെ, നിരവധി ആളുകളുടെ രക്തസാക്ഷിത്വത്തിലൂടെ നേടിയതാണ്. നിരവധി പേരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം ആരെയും ആവേശംകൊള്ളിക്കുന്നതാണ്.
പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ഡച്ചുകാര്‍ തുടങ്ങി നിരവധി വിദേശശക്തികള്‍ക്കുശേഷം ഇന്ത്യ ബ്രിട്ടീഷ്ഭരണത്തിന്‍ കീഴിലായി. അതെ, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌സാമ്രാജ്യത്തിന്‍ കീഴില്‍. അവരുടെ ഭരണത്തില്‍നിന്ന് മോചനം നേടണമെന്ന് ആഗ്രഹിച്ച് ഇന്ത്യയില്‍ ആദ്യമായി ഒരു സമരം പൊട്ടിപ്പുറപ്പെട്ടത് 1857-ലെ
'ശിപായി ലഹള'യിലൂടെയാണ്്. പിന്നീട് നിരവധി സമരങ്ങള്‍ ബ്രിട്ടീഷ്ഭരണത്തിനെതിരായി സംഘടിപ്പിക്കപ്പെട്ടു. ശ്രീ അരബിന്ദോ, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധരതിലക്, ഭഗത്‌സിംഗ്, ദാദാഭായ് നവറോജി, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ലാലാ ലജ്പത് റായ് തുടങ്ങി നിരവധി നേതാക്കന്മാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായി. ഇതില്‍ ഭഗത്‌സിംഗിനെപ്പോലുള്ളവര്‍ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ചു. ഇവരെക്കൂടാതെ പേരറിയാത്ത നിരവധി ആളുകളുടെ ത്യാഗവും ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം. 1919-ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും 1921-ലെ വാഗണ്‍ ട്രാജഡിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ കറുത്ത ഏടുകളാണ്. ഗാന്ധിജി നേതൃത്വം ഏറ്റെടുത്തതോടുകൂടിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഒരു പുതിയ ലക്ഷ്യബോധവും ദിശാബോധവും കൈവന്നത്. അഹിംസയും അക്രമരാഹിത്യവും ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രകള്‍. രക്തച്ചൊരിച്ചിലില്ലാതെ, അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ലോകത്തിലെ ഒരേയൊരു രാജ്യമാണ് ഇന്ത്യ. നമുക്കതില്‍ അഭിമാനിക്കാം. സത്യഗ്രഹമായിരുന്നു ഗാന്ധിജിയുടെ സമരമുറ. 1930-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ മറക്കാനാവാത്ത ഒരേടാണ്. ബ്രിട്ടീഷുകാര്‍ ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദണ്ഡികടപ്പുറത്തുവച്ച് ഗാന്ധിജിയും ആയിരക്കണക്കിന് അനുയായികളും കടല്‍വെള്ളത്തില്‍നിന്നും ഉപ്പുണ്ടാക്കി ഉപ്പുനിയമം ലംഘിച്ചു. ഉപ്പുസത്യഗ്രഹത്തിന്റെ അലയൊലികള്‍ ഇന്ത്യയൊട്ടാകെ മുഴങ്ങി. 1942-ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോടെ ബ്രിട്ടീഷുകാരുടെ പിന്മാറ്റം ഏതാണ്ട് അവസാനഭാഗത്തോടടുത്തു. തുടര്‍ന്ന് 1947-ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായി. 1950-ല്‍ ജനുവരി 26-ന് നമ്മുടെ രാജ്യം റിപ്പബ്ലിക്കുമായി.
ലോകചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പരിഗണിക്കുന്നത്, അതിന്റെ അക്രമരാഹിത്യസ്വഭാവം കൊണ്ടുതന്നെയാണ്. മറ്റൊരിടത്തും ഇത്തരത്തിലുള്ള ഒരു സമരമോ ഗാന്ധിജിയെപ്പോലുള്ള ഒരു നേതാവിനെയോ കണ്ടെത്താനാവില്ല. അതില്‍ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാം. ഇത്രയും പറഞ്ഞുകൊണ്ട് എന്റെ വാക്കുകള്‍ നിര്‍ത്തുന്നു.
നന്ദി, നമസ്‌കാരം
ജയ്ഹിന്ദ്
No comments:
Post a Comment