പാഠം - 2: കിട്ടും പണമെങ്കിലിപ്പോള്‍
തന്റെ ചുറ്റുപാടും നിലനിന്നിരുന്ന അന്യായങ്ങള്‍ക്കു നേരെ പരിഹാസശരങ്ങളെയ്ത കുഞ്ചന്‍നമ്പ്യാര്‍ രാജാവിനെപ്പോലും വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്നു. നമ്പ്യാരുടെ ഹാസ്യരസികതയ്ക്ക് ഉദാഹരണമായി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും.
◼️ താനാര്?
രാജാവിന്റെ ഇഷ്ടക്കാരനായ നമ്പിയെ നമ്പ്യാര്‍ നേരിട്ട കഥ രസകരമാണ്. ഒരിക്കല്‍ നമ്പി കുഞ്ചന്‍നമ്പ്യാരോട് 'നീയാര്' എന്ന് ചോദിച്ചപ്പോള്‍ നമ്പ്യാര്‍ തിരിച്ചടിച്ചു-'താനാര്?' വിഷയം രാജാവിന്റെ മുന്നിലെത്തി. നമ്പ്യാര്‍ വളരെ വിനയത്തോടെ, എന്നാല്‍ സമര്‍ഥമായി സംഭവം വിവരിച്ചത് ഇങ്ങനെയാണ്.
''നമ്പിയാരെന്നു ചോദിച്ചു.
നമ്പിയാരെന്നു ചൊല്ലിനേന്‍
നമ്പികേട്ടഥ കോപിച്ചു.
തമ്പുരാനെ പൊറുക്കണേ.''
◼️ കാതിലോല
ഒരിക്കല്‍ ഉണ്ണായിവാര്യരും കുഞ്ചന്‍നമ്പ്യാരും വഴിയിലൂടെ നടന്നുപോകുകയായിരുന്നു. സുന്ദരിയായ ഒരു യുവതിയും തോഴിയും കുളിക്കാന്‍ പോകുന്നത് ഇരുവരും കണ്ടു. വാര്യര്‍ ചോദിച്ചു. ''കാതിലോല?'' കേട്ടാല്‍ കാതിലെ ആഭരണത്തെപ്പറ്റിയാണ് ചോദിക്കുന്നതെന്ന് തോന്നും. എന്നാല്‍ ''കാ അതിലോല?'- ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? എന്നാണ് ഉണ്ണായിവാര്യര്‍ ചോദിച്ചത്. അതിന് നമ്പ്യാരുടെ മറുപടി ഇങ്ങനെയായിരുന്നു. ''നല്ലതാളി.'' നല്ല താളിയെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നുമെങ്കിലും ''നല്ലത് ആളി'' എന്നാണ് നമ്പ്യാര്‍ പറഞ്ഞത്. തോഴിക്കാണ് സൗന്ദര്യം കൂടുതല്‍ എന്നാണ് നമ്പ്യാര്‍ തന്റെ മറുപടിയിലൂടെ വ്യക്തമാക്കിയത്.