കഥകളിയുടെ സവിശേഷതകളെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കാം.
പരിഗണിക്കാവുന്ന ഉപവിഷയങ്ങള്‍:
കഥകളിയുടെ ചരിത്രം, അഭിനയരീതികള്‍, വേഷം, സംഗീതം, ചടങ്ങുകള്‍ തുടങ്ങിയവ.
സെമിനാര്‍ സംഘടിപ്പിക്കുമ്പോള്‍...
അവതരണത്തിനുമുമ്പ്
⦸ കുട്ടികളെ മൂന്നോ നാലോ സംഘങ്ങളായി തിരിക്കുക.
⦸ വിഷയത്തെ വിവിധ മേഖലകളായി തിരിക്കുക.
⦸ ഓരോ മേഖലയും ഓരോ സംഘത്തെ ഏല്‍പ്പിച്ച് വിവരശേഖരണത്തിന് ചുമതലപ്പെടുത്തുക.
⦸ പ്രബന്ധങ്ങള്‍ തയാറാക്കുക.
⦸ മോഡറേറ്ററെയും ഓരോ സംഘത്തിലെയും പ്രബന്ധാവതാരകരെയും തിരഞ്ഞെടുക്കുക.
⦸ സെമിനാറിന്റെ പ്രചാരണത്തിന് ആവശ്യമായ പരസ്യം, നോട്ടീസ്, ക്ഷണക്കത്ത് തുടങ്ങിയവ തയാറാക്കുക.
അവതരണം
⦸ സ്വാഗതം
⦸ ആമുഖം (മോഡറേറ്റര്‍)
⦸ പ്രബന്ധങ്ങളുടെ അവതരണം. ഓരോ അവതരണത്തിനുശേഷവും ചര്‍ച്ചനടത്തണം.
⦸ ചര്‍ച്ചക്കുറിപ്പുകള്‍ രേഖപ്പെടുത്തുക.
⦸ മോഡറേറ്ററുടെ ക്രോഡീകരണം.
അവതരണത്തിനുശേഷം
⦸ ചര്‍ച്ചക്കുറിപ്പുകള്‍ വികസിപ്പിച്ച് വ്യക്തിഗത പ്രബന്ധങ്ങള്‍ തയാറാക്കല്‍ (ആശയവിനിമയം)
⦸ സെമിനാര്‍ റിപ്പോര്‍ട്ട് തയാറാക്കല്‍
⦸ സെമിനാര്‍ വിലയിരുത്തല്‍
മാതൃകാപ്രബന്ധം
കഥകളിയുടെ സവിശേഷതകള്‍
ആമുഖം
കേരളത്തിന് രാജ്യാന്തരപ്രശസ്തി നേടിക്കൊത്ത കലാരൂപമാണ് കഥകളി. പതിനേഴാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍ ജീവിച്ചിരുന്ന ഒരു കൊട്ടാരക്കരത്തമ്പുരാനാണ് ശ്രേഷ്ഠമായ ഈ ദൃശ്യകലയ്ക്ക് രൂപം നല്‍കിയതെന്ന് കരുതപ്പെടുന്നു. അക്കാലത്തും അതിനുമുമ്പും നമ്മുടെ നാട്ടിലും പരിസരദേശങ്ങളിലും നിലനിന്നിരുന്ന പല കലാരൂപങ്ങളുടെയും അംശങ്ങള്‍ ഈ കലയിലുണ്ട്. കഥകളിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് ശരിയായ അറിവുള്ള ഒരാള്‍ക്കു മാത്രമേ കഥകളി ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. സാധാരണക്കാര്‍ക്കിടയില്‍ ഈ കലാരൂപത്തിന് പ്രചാരം ലഭിക്കാത്തത് സാങ്കേതികപരിജ്ഞാനക്കുറവുകൊണ്ടാണ്. തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കേരളകലാമണ്ഡലമാണ് നിലനില്‍ക്കാന്‍ പാടുപെട്ടിരുന്ന കഥകളിയുള്‍പ്പെടെയുള്ള കലകള്‍ക്ക് ജീവശ്വാസമായത്.
കഥകളിയുടെ ചരിത്രം
ഒരു അടിയന്തിരത്തിനോടനുബന്ധിച്ച് മാനവേദന്‍ സാമൂതിരിയുടെ 'കൃഷ്ണനാട്ടം' തന്റെ നാട്ടില്‍ അവതരിപ്പിക്കണമെന്ന് കോഴിക്കോട് സാമൂതിരിയോട് കൊട്ടാരക്കരത്തമ്പുരാന്‍ ആവശ്യപ്പെട്ടു. തന്റെ 'കൃഷ്‌നാട്ടം' കണ്ട് ആസ്വദിക്കുവാന്‍ കഴിവുള്ളവര്‍ തെക്കന്‍നാട്ടിലില്ലെന്ന് പുച്ഛിക്കുകയാണ് സാമൂതിരി ചെയ്തത്. അപമാനിതനായ കൊട്ടാരക്കരത്തമ്പുരാന്‍ ശ്രീരാമകഥ 'രാമനാട്ടം' എന്ന പേരില്‍ ചിട്ടപ്പെടുത്തി. 'രാമനാട്ട'മാണ് പിന്നീട് കഥകളിയായി വളര്‍ന്നത്. അന്നത് എട്ട് ദിവസത്തെ കളിയായിരുന്നു. കൂടിയാട്ടം, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, അഷ്ടപദിയാട്ടം തുടങ്ങിയ ഒട്ടേറെ കേരളീയകലകളോട് കഥകളിയുടെ പല അംശങ്ങള്‍ക്കും
സാമ്യമുണ്ട്. അഭിനയത്തിലും ചടങ്ങുകളിലുമായി ഒട്ടേറെ പരിഷ്‌കാരങ്ങളിലൂടെ കടന്നുവന്നാണ് കഥകളി ഇന്നത്തെ രൂപത്തിലെത്തിയത്. കഥകളിവേഷത്തെ പരിഷ്‌കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട് രാജാവായിരുന്നു. പാട്ടിലും ഉടുത്തുകെട്ടിലും കിരീടങ്ങളിലും മുഖമെഴുത്തിലും അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ വെട്ടത്തുനാടന്‍രീതിയെന്നാണ് വിളിക്കുന്നത്. വെട്ടത്തുസമ്പ്രദായത്തെ പരിഷ്‌കരിച്ച് കഥകളിയെ ഒരു നൃത്തകലയാക്കിത്തീര്‍ത്തത് കപ്ലിങ്ങാടന്‍ നമ്പൂതിരിയാണ്. അദ്ദേഹത്തിന്റ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയില്‍ കാലോചിതമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇവയാണ് കപ്ലിങ്ങാടന്‍സമ്പ്രദായം എന്ന പേരില്‍ അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കുയില്‍ത്തൊടി ഇട്ടിരാരിശ്ശി മേനോന്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് കല്ലുവഴിച്ചിട്ട എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നണിയില്‍ ഗായകര്‍ പാടുന്ന പാട്ടിനനുസരിച്ച് നടന്‍ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടന്‍ സമ്പ്രദായമാണ്. കൈമുദ്രകള്‍ പരിഷ്‌കരിച്ചത് കല്ലുവഴിസമ്പ്രദായമാണ്.
കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. കൊട്ടാരക്കരത്തമ്പുരാന്‍, കോട്ടയം തമ്പുരാന്‍, ഉണ്ണായിവാര്യര്‍, ഇരയിമ്മന്‍ തമ്പി എന്നിവരാണ് പ്രഥമഗണനീയരായ ആട്ടക്കഥാകാരന്മാര്‍. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം; കോട്ടയം തമ്പുരാന്റെ കിര്‍മീരവധം, ബകവധം, നിവാതകവചകാലകേയവധം, കല്യാണസൗഗന്ധികം; ഉണ്ണായിവാര്യരുടെ നളചരിതം; ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നിവയാണ് പ്രസിദ്ധിയാര്‍ജിച്ച ആട്ടക്കഥകള്‍.
അഭിനയരീതികള്‍
നൃത്തം, നൃത്യം, നാട്യം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള അഭിനയമാണ് കഥകളിയിലുള്ളത്. പാട്ടുകാര്‍ പാടുന്ന പാട്ടിന്റെ അര്‍ഥത്തെ നടന്‍ കൈമുദ്രകളിലൂടെ അഭിനയിച്ചു കാണിക്കുന്നു. പദാര്‍ഥാഭിനയം എന്ന് പറയുന്നത് ഈ രീതിയെയാണ്. ചൊല്ലിയാട്ടം എന്നും ഇതിന് പേരുണ്ട്. 'ഹസ്തലക്ഷണദീപിക'യെന്ന പ്രാചീനഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് കഥകളിയിലെ മുദ്രകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 24 മുദ്രകളും 470 സംജ്ഞാമുദ്രകളുമാണ് കഥകളിയില്‍ ഉപയോഗിക്കുന്നത്. വാചികാഭിനയം കഥകളിയിലില്ല. പിന്നണിയില്‍ ഗായകന്‍ പാടുന്നതിനനുസരിച്ച് നടന്‍ മുദ്രകള്‍ കാണിക്കുന്നു. നടന്റെ അഭിനയപാടവം വെളിപ്പെടുത്തു
ന്നതാണ് മനോധര്‍മം അഥവാ തന്റേടാട്ടം. ഇളകിയാട്ടം എന്നും ഇതിനെ വിളിക്കാറുണ്ട്.
വേഷം
കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ചാണ് കഥകളിയില്‍ വേഷവിഭജനം. സാത്വികം, രാജസം, തമസ് എന്നീ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ അഞ്ചുതരം വേഷങ്ങള്‍ നല്‍കിയിരിക്കുന്നു. പച്ചവേഷം സത്വഗുണപ്രധാനമാണ്. ധര്‍മപുത്രര്‍, ഭീമന്‍, അര്‍ജുനന്‍ തുടങ്ങിയ സദ്ഗുണസമ്പന്നരായ കഥാപാത്രങ്ങള്‍ക്കാണ് പച്ചവേഷം. നന്മയും തിന്മയും ഇടകലര്‍ന്ന രജോഗുണപ്രധാന കഥാപാത്രങ്ങള്‍ക്കാണ് കത്തിവേഷം. ദുര്യോധനന്‍, കീചകന്‍, രാവണന്‍ എന്നിവരെല്ലാം ഈ ഗണത്തില്‍ പെടുന്നു. കുറുംകത്തിയെന്നും നെടുംകത്തിയെന്നും ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. ക്രൂരസ്വഭാവികളായ കഥാപാത്രങ്ങള്‍ക്കാണ് കരിവേഷം, ആണ്‍കരിയെന്നും പെണ്‍കരിയെന്നും രണ്ടുവിഭാഗങ്ങള്‍ ഇതി
നുണ്ട്. കാട്ടാളന്‍ ആണ്‍കരിയും ശൂര്‍പ്പണഖ, നക്രതുണ്ഡി, പൂതന എന്നിവര്‍ പെണ്‍കരിയുമാണ്. വെള്ളത്താടി,
ചുവന്നതാടി എന്നിങ്ങനെ താടി രണ്ടുതരമുണ്ട്. വെള്ളത്താടി സത്വഗുണപ്രധാനമാണ്. ചുവന്നതാടി തമോഗുണപ്രധാനവും. ഹനുമാന്‍ വെള്ളത്താടിയാണ്. ദുശ്ശാസനന്‍, ത്രിഗര്‍ത്തന്‍, ബകന്‍ എന്നിവരാണ് ചുവന്നതാടിക്കാര്‍. മഹര്‍ഷിമാരും സ്ത്രീകളുമാണ് മിനുക്കുവേഷമണിയുന്നത്.
സംഗീതം
കഥകളിയില്‍ വാചികാഭിനയം നിര്‍വഹിക്കുന്നത് ഗായകരാണ്. അതുകൊണ്ട് കഥകളിസംഗീതം ഭാവപ്രധാനമാണ്. കേരളീയസംഗീതമായ സോപാനസംഗീതത്തിന്റെ രീതിയിലാണ് കഥകളിയിലെ ആലാപനം. ക്ഷേത്രനടയില്‍വച്ച് ഗീതഗോവിന്ദം പാടുന്ന രീതിയാണിത്. കഥകളിയില്‍ രണ്ടുപേര്‍ പാട്ടുപാടാനുണ്ടാവും. പ്രധാന പാട്ടുകാരനെ മുന്നാണിയെന്നും രണ്ടാം പാട്ടുകാരനെ ശിങ്കിടിയെന്നും വിളിക്കും. മുന്നാണി ചേങ്ങിലകൊണ്ട് താളംപിടിക്കും. ശിങ്കിടി ഇലത്താളംകൊണ്ടും. ചെണ്ട, ചേങ്ങില, ശുദ്ധമദ്ദളം, ഇലത്താളം എന്നിവയാണ് പ്രധാന കഥകളിവാദ്യങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ ഇടയ്ക്കയും ഉപയോഗിക്കാറുണ്ട്. വാദ്യക്കാരുടെ വൈഭവം പ്രകടിപ്പിക്കാനുള്ള അവസരമാണ് മേളപ്പദം. പുറപ്പാട് എന്ന ചടങ്ങിന് ശംഖ്, കുഴല്‍ എന്നിവയും ഉപയോഗിക്കാറുണ്ട്.
ചടങ്ങുകള്‍
⦸ കേളികൊട്ട്
കഥകളിയുടെ വിളംബരമാണിത്. ചെണ്ടയും മദ്ദളവും ചേങ്ങിലയും ഇലത്താളവുമാണ് ഇതിനുപയോഗിക്കുന്നത്.
⦸ അരങ്ങുകേളി (ശുദ്ധമദ്ദളം)
സന്ധ്യയ്ക്ക് അരങ്ങത്ത് വിളക്കുവച്ചുകഴിഞ്ഞാല്‍ ചെണ്ടയൊഴികെയുള്ള വാദ്യോപകരണങ്ങള്‍
ഉപയോഗിച്ച് അരങ്ങുകേളി നടത്തുന്നു.
⦸ തോടയം
വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള രംഗപൂജയാണിത്. എല്ലാ നടന്മാരും തോടയമെടുത്തതിനുശേഷം മാത്രമേ വേഷംകെട്ടാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇത് അസാധ്യമായതിനാല്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ ഈ ചടങ്ങ് നടത്താറുള്ളൂ.
വന്ദനശ്ലോകങ്ങള്‍
കഥകളിയില്‍ പങ്കെടുത്ത് എല്ലാ പാട്ടുകാരും വന്ദനശ്ലോകം ചൊല്ലണം. കോട്ടയം രാജാവ് രചിച്ച മംഗളശ്ലോകമാണ് ഗായകര്‍ ചൊല്ലുന്നത്.
⦸ പുറപ്പാട്
രണ്ട് ചെറുവേഷക്കാര്‍ രംഗത്തുവന്ന് മേലാപ്പ്, ആലവട്ടം, വെഞ്ചാമരം, ശംഖനാദം എന്നിവയുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന ചടങ്ങാണിത്.
⦸ മേളപ്പദം
ഗീതഗോവിന്ദത്തിലെ 'മഞ്ജുതര' എന്ന ഗീതം ആലപിക്കുകയും മേളക്കാര്‍ അകമ്പടിചേരുകയും ചെയ്യുന്ന ചടങ്ങാണിത്. പാട്ടുകാരുടെയും മേളക്കാരുടെയും സാമര്‍ഥ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്.
⦸ കഥാരംഭം
മേളപ്പദം കഴിഞ്ഞാലുടനെ കഥ ആരംഭിക്കും. ഗായകര്‍ അവതരണപദ്യം ചൊല്ലിത്തീരുന്നതോടുകൂടി കഥാപാത്രങ്ങള്‍ തിരശ്ശീല താഴ്ത്തി രംഗത്ത് പ്രവേശിക്കുന്നു.
⦸ തിരനോട്ടം
കത്തി, താടി വേഷക്കാര്‍ നടത്താറുള്ള ചടങ്ങാണിത്.
ഉപസംഹാരം
സാങ്കേതികാംശങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള കലാരൂപമാണ് കഥകളി. ഈ കല ജനകീയമാകാത്തതിനുള്ള കാരണം ഈ സാങ്കേതികത്വമാണ്. സമൂഹത്തിലെ വരേണ്യരായ ആളുകളുടെ മുന്നില്‍ മാത്രമാണ് പണ്ടുകാലത്ത് കഥകളി അവതരിപ്പിച്ചിരുന്നത്. അവരുടെ മേല്‍ക്കോയ്മ അവസാനിച്ചതോടെ മഹത്തായ ഈ കലയെ സംരക്ഷിക്കാന്‍ ആളുകളില്ലാതായി. അന്യംനിന്നുപോവുമായിരുന്ന അവസ്ഥയില്‍നിന്ന് ഈ കലാരൂപത്തെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയത് വള്ളത്തോളിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കലാമണ്ഡലമാണ്. ഇന്ന് ലോകപ്രശസ്തിയാര്‍ജിച്ച ക്ലാസിക് കലാരൂപങ്ങളുടെ മുന്‍നിരയില്‍ത്തന്നെയാണ് കഥകളിയുടെ സ്ഥാനം.
Aa
ReplyDelete