Tuesday, January 5, 2021

ഫോക്കസ് ഏരിയയില്‍പ്പെട്ട പാഠഭാഗങ്ങളില്‍നിന്നുള്ള തെരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും

കേരളപാഠാവലി

യൂണിറ്റ് 1: കാലാതീതം കാവ്യവിസ്മയം

..............................................................................................................

പാഠം 1: ലക്ഷ്മണസാന്ത്വനം (കവിത -അധ്യാത്മരാമായണം കിളിപ്പാട്ട്  - എഴുത്തച്ഛന്‍) 

പാഠം 2: ഋതുയോഗം   (നാടകം -മലയാളശാകുന്തളം -എ.ആര്‍. രാജരാജവര്‍മ്മ)

പാഠം 3: പാവങ്ങള്‍   (നോവല്‍  - വിക്ടര്‍ ഹ്യൂഗോ,  വിവര്‍ത്തനം: നാലപ്പാട്ട് നാരായണമേനോന്‍)

..............................................................................................................

1. താഴെ കൊടുത്തിരിക്കുന്നവയില്‍ എഴുത്തച്ഛനുമായി യോജിക്കാത്ത വിശേഷണം ഏതാണ്?

ആധുനിക മലയാളഭാഷയുടെ പിതാവ്

ഭക്തിക്കും വീരരസത്തിനും പ്രാധാന്യം നല്‍കിയ  കവി

'കൃഷ്ണഗാഥ'യുടെ കര്‍ത്താവ്

പ്രാചീന കവിത്രയത്തിലൊരാള്‍

ഉത്തരം: 'കൃഷ്ണഗാഥ'യുടെ കര്‍ത്താവ്

2. എ. ആര്‍.രാജരാജവര്‍മ്മയുടെ 'അഭിജ്ഞാന ശാകുന്തളം' തര്‍ജമയുടെ പേര്?

കേരളശാകുന്തളം

മലയാളശാകുന്തളം

മണിപ്രവാളശാകുന്തളം

ഭാഷാശാകുന്തളം

ഉത്തരം: മലയാളശാകുന്തളം

3. സമ്പത്തുമായി ബന്ധപ്പെട്ട് 'പാവങ്ങള്‍' എന്ന പാഠഭാഗം നല്‍കുന്ന സന്ദേശമെന്താണ്?

സമ്പത്തിന്റെ ഉടമസ്ഥരാണ് നമ്മള്‍.

സമ്പത്തിന്റെ താല്‍ക്കാലിക സൂക്ഷിപ്പുകാരാണ് നമ്മള്‍.

സമ്പത്ത് കൈവിടാതെ കാത്തുസംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

മനുഷ്യര്‍ക്ക് സമ്പത്തുണ്ടാവാന്‍ പാടില്ല.

ഉത്തരം: സമ്പത്തിന്റെ താല്‍ക്കാലിക സൂക്ഷിപ്പുകാരാണ് നമ്മള്‍.

4. ''ഈ കുട്ടിയുടെ അമ്മയുടെ പേരു ചോദിച്ചാലോ? അല്ലെങ്കില്‍ പരസ്ത്രീപ്രസംഗം ശരിയല്ല.'' - ഈ വാക്യം വെളിപ്പെടുത്തുന്ന ദുഷ്ഷന്തന്റെ സ്വഭാവസവിശേഷത?

സ്ത്രീകളോടുള്ള ബഹുമാനം

അഹങ്കാരം

പുച്ഛം

കുലീനത

ഉത്തരം: കുലീനത

5. ''കാലാഹിനാ പരിഗ്രസ്തമാം ലോകവു-

മാലോലചേതസാ ഭോഗങ്ങള്‍ തേടുന്നു''

   - ഈ വരികളില്‍ പരാമര്‍ശിക്കുന്നത്?

കാലമാകുന്ന പാമ്പിനെക്കുറിച്ച്

പാമ്പിന്റെ വായിലകപ്പെട്ട ലോകത്തെക്കുറിച്ച് 

മനുഷ്യര്‍ സുഖങ്ങള്‍ക്കു പിന്നാലെ പായുന്നതിനെക്കുറിച്ച്

അനശ്വരമായ ജീവിതത്തെക്കുറിച്ച്

ഉത്തരം: മനുഷ്യര്‍ സുഖങ്ങള്‍ക്കു പിന്നാലെ പായുന്നതിനെക്കുറിച്ച്

6.    വിദ്യയുടെ ഗുണങ്ങളില്‍ പെടാത്തത് ഏതാണ്?

മോഹങ്ങളെ ഇല്ലാതാക്കുന്നു.

ആത്മാവാണ് പ്രധാനമെന്ന് പഠിപ്പിക്കുന്നു.

സംസാരനാശിനിയാണ്.

ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടാക്കുന്നു.

ഉത്തരം: ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടാക്കുന്നു.

7. ''ഇതു വൈഷമ്യക്കാരനാണ്. അന്ന് ആര്യപുത്രനെ ഓര്‍മ്മിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കിട്ടാതെപോയല്ലോ.''   (ഋതുയോഗം) - ശകുന്തള ഇപ്രകാരം പറയുന്നത്

മുദ്രമോതിരത്തെക്കുറിച്ച്

അപരാജിത എന്ന രക്ഷയെക്കുറിച്ച്

സര്‍വദമനനെക്കുറിച്ച്

ദുഷ്ഷന്തനെക്കുറിച്ച്

ഉത്തരം: മുദ്രമോതിരത്തെക്കുറിച്ച്

8. ''അരുത് ഉണ്ണീ, ചാപല്യം കാണിക്കരുത്. ജാതി സ്വഭാവം വന്നുപോകുന്നുവല്ലോ!''  (ഋതുയോഗം) 

ഏത് ജാതിയുടെ സ്വഭാവമാണ് അടിവരയിട്ട വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്?

ബ്രാഹ്‌മണന്റെ

ക്ഷത്രിയന്റെ

വൈശ്യന്റെ

ശൂദ്രന്റെ

ഉത്തരം: ക്ഷത്രിയന്റെ

9. 'ഴാങ് വാല്‍ ഴാങ് നടുങ്ങി. തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദംപോലെ, തിരികുറ്റിയുടെ കരച്ചിലൊച്ച അയാളുടെ ചെകിട്ടിലലച്ചു.' 

- ഴാങ് വാല്‍ ഴാങ് നടുങ്ങിയതെന്തുകൊണ്ട്?

തിരികുറ്റിയുടെ ശബ്ദം ഉച്ചത്തിലായതുകൊണ്ട്

തിരികുറ്റി ഒടിഞ്ഞുപോയേക്കുമെന്ന് ഭയന്ന് 

താന്‍  കൈയോടെ  പിടിക്കപ്പെടുമെന്ന് ഭയന്ന്

കുറ്റബോധംകൊണ്ട്

ഉത്തരം: താന്‍ കൈയോടെ പിടിക്കപ്പെടുമെന്ന് ഭയന്ന്

10. ''മദാം മഗ്ല്വാര്‍, ഞാന്‍ ആ വെള്ളിസ്സാമാനം വളരെക്കാലം സൂക്ഷിച്ചുപോന്നത് ഒരിക്കലും ശരിയായിട്ടല്ല.'' മെത്രാന്റെ ഈ വാക്കുകളില്‍ തെളിയുന്നതെന്ത്?

ലാളിത്യം

വെള്ളിസ്സാമാനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യക്കുറവ്

വേണ്ടത്ര സുരക്ഷിതത്വം ഇല്ലാത്തത്

അവ പാവങ്ങളുടേതാണെന്ന ചിന്ത

ഉത്തരം: അവ പാവങ്ങളുടേതാണെന്ന ചിന്ത

11. മനുഷ്യജീവിതത്തിന്റെ നശ്വരത വെളിപ്പെടുത്തുവാന്‍വേണ്ടി എഴുത്തച്ഛന്‍ ഉപയോഗിച്ചിട്ടുള്ള രണ്ട് സാദൃശ്യകല്‍പ്പനകള്‍ 'ലക്ഷ്മണസാന്ത്വനം' എന്ന പാഠഭാഗത്തുനിന്ന് കണ്ടെത്തിയെഴുതുക.

ചുട്ടുപഴുത്തിരിക്കുന്ന ലോഹത്തില്‍ പതിക്കുന്ന ജലകണികപോലെ നശ്വരമാണ് ജീവിതം.

പാമ്പിന്റെ വായില്‍ അകപ്പെട്ടിരിക്കുന്ന തവളയുടേതിന് സമാനമാണ് ജീവിതം.

12. 'ഋതുയോഗം' എന്ന ശീര്‍ഷകം പാഠഭാഗത്തിന് എത്രത്തോളം യോജിക്കുന്നു? രണ്ട് കാരണങ്ങെളഴുതുക.

ഋതുക്കളില്‍വച്ച് ഏറ്റവും സുന്ദരവും ശ്രേഷ്ഠവുമായ വസന്തത്തിന്റെ ആഗമം എന്നാണ് ഋതുയോഗത്തിന്റെ സാന്ദര്‍ഭികാര്‍ഥം. അതു

പോലെ  മോതിരം ധരിക്കല്‍ സൗഭാഗ്യത്തിന്റെ  ചിഹ്നമാണെന്ന് ദുഷ്ഷന്തന്‍ സൂചിപ്പിക്കുന്നു. ശകുന്തളയുടെയും ദുഷ്ഷന്തന്റെയും പുനസ്സമാഗമത്തെക്കൂടി 'ഋതുയോഗം' എന്ന ശീര്‍ഷകം വ്യക്തമാക്കുന്നു.

13. മെത്രാന്‍ ഴാങ് വാല്‍ ഴാങ്ങിന് മെഴുകുതിരിക്കാലുകള്‍ നല്‍കിയതിന്റെ ഉദ്ദേശ്യമെന്തായിരിക്കും?

വെള്ളിസ്സാമാനങ്ങള്‍ മോഷ്ടിച്ചയാള്‍ക്ക് മെത്രാന്‍ വെള്ളിമെഴുകുതിരിക്കാലുകള്‍ കൂടി നല്‍കിയത് അയാള്‍ ഇനിയൊരിക്കലും തിന്മയുടെ വഴിയിലേക്ക് തിരിച്ചുപോകരുതെന്ന ഉദ്ദേശ്യത്തോടെയാണ്. സത്യസന്ധതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും മെഴുകുതിരിക്കാലുകളാണ് മെത്രാന്‍ ഴാങ് വാല്‍ ഴാങ്ങിന് നല്‍കിയത്. 

14. 'ലക്ഷ്മണസാന്ത്വനം' എന്ന പാഠഭാഗത്ത് എഴുത്തച്ഛന്‍ ഉപയോഗിച്ചിട്ടുള്ള സാദൃശ്യകല്‍പ്പനകളുടെ രണ്ട് സവിശേഷതകള്‍ എഴുതുക.

സാധാരണക്കാര്‍ക്കുപോലും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന സാദൃശ്യകല്‍പ്പനകളാണ് എഴുത്തച്ഛന്റേത്. ആശയങ്ങള്‍ക്ക് വ്യക്തത വരുത്തുന്ന കാര്യത്തില്‍ അവ ഏറെ പ്രയോജനപ്പെടുകയും ചെയ്യും.

15. ദുഷ്ഷന്തന്റെ മഹത്ത്വത്തിന് മാറ്റുകൂട്ടുന്ന രണ്ടു സന്ദര്‍ഭങ്ങളെഴുതുക. 

ആശ്രമത്തില്‍വച്ച് കണ്ട ബാലന്‍ തന്റെ 

മകനാണോ എന്ന് സംശയിക്കുമ്പോഴും അവന്റെ അമ്മയെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയുന്നത് അനൗചിത്യമാണെന്ന് മനസ്സിലാക്കി 

പിന്തിരിയുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ കുലീനത്വംകൊണ്ടാണ്. ശകുന്തളയെ നേരില്‍ക്കാണുമ്പോള്‍ അവളുടെ കാല്‍ക്കല്‍വീണ് മാപ്പുചോദിക്കുന്നതും അദ്ദേഹത്തിന്റെ  സ്വഭാവമഹിമയ്ക്ക് തെളിവാണ്.

16. സര്‍വദമനന്റെ പെരുമാറ്റത്തില്‍ ആശ്രമപരിസരത്തിന് യോജിക്കാത്തതായി ദുഷ്ഷന്തന്‍ കണ്ട  രണ്ട് സവിശേഷതകളെഴുതുക. 

താപസികള്‍ നിര്‍ബന്ധിച്ചു പറഞ്ഞിട്ടും സര്‍വദമനന്‍ കാണിക്കുന്ന അനുസരണക്കേടാണ് ആദ്യം ദുഷ്ഷന്തന്റെ ശ്രദ്ധയില്‍പ്പെട്ടത്. മക്കളെപ്പോലെ താപസിമാര്‍ വളര്‍ത്തുന്ന മൃഗങ്ങളെ സര്‍വദമനന്‍ ഉപദ്രവിക്കുന്നതും ആശ്രമത്തിന്റെ അന്തരീക്ഷത്തിന് യോജിക്കാത്ത പ്രവൃത്തിയായി അദ്ദേഹത്തിനനുഭവപ്പെട്ടു.

17. ''എന്റെ ഭഗവാനേ! അതു വിചാരിക്കുമ്പോള്‍ എനിക്കു തടി വിറയ്ക്കുന്നു.''   (പാവങ്ങള്‍)

മദാം മഗ്ല്വാറിനെ ഇത്രയേറെ ഭയപ്പെടുത്തിയ വിചാരം എന്തായിരുന്നു?                        മെത്രാന്‍ കിടക്കുന്നതിന്  വളരെയടുത്തുതന്നെയാണ് ഴാങ് വാല്‍ ഴാങ്ങിനെ അദ്ദേഹം കിടത്തിയിരുന്നത്. അയാള്‍ അവിടെയുണ്ടായിരുന്ന വെള്ളിസ്സാമാനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഒരുപക്ഷേ മെത്രാന്റെ ജീവനുതന്നെ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഓര്‍ത്തപ്പോഴാണ്  മദാം മഗ്ല്വാര്‍ ഭയന്നുവിറച്ചുപോയത്.

18. ''എന്റെ സ്‌നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോള്‍ നിങ്ങള്‍ക്കു തോട്ടത്തിലൂടെ കടന്നു

പോരണമെന്നില്ല; തെരുവിലേക്കുള്ള 

വാതിലിലൂടെത്തന്നെ എപ്പോഴും വരുകയും 

പോവുകയും ചെയ്യാം. രാത്രിയും പകലും ഒരു നീക്കു നീക്കിയിരിക്കുന്നതു കൂടാതെ അതൊരിക്കലും പൂട്ടിയിടുകയില്ല.''- മെത്രാന്റെ ഈ വാക്കുകള്‍ അര്‍ഥമാക്കുന്നതെന്താണ്?

വെള്ളിസ്സാമാനങ്ങള്‍ മോഷ്ടിച്ചശേഷം ഴാങ് വാല്‍ ഴാങ് രക്ഷപ്പെട്ടത് തോട്ടത്തിന്റെ മതില്‍ ചാടിക്കടന്നാണ്. ആരെയും ഭയപ്പെടാതെ ശരിയായ വാതിലിലൂടെ കടന്നുവരുകയും 

പോവുകയും ചെയ്യണമെന്ന് പറയുന്നതിലൂടെ മെത്രാന്‍ ഉറപ്പുവരുത്തുന്നത് ഇനി തെറ്റുകളില്‍ വീഴാതെയുള്ള ഴാങ് വാല്‍ ഴാങ്ങിന്റെ നല്ല ജീവിതംതന്നെയാണ്.


19. 'ലക്ഷ്മണസാന്ത്വനം' എന്ന പാഠഭാഗം അടിസ്ഥാനമാക്കി സാമൂഹ്യപരിഷ്‌കര്‍ത്താവെന്ന നിലയില്‍ എഴുത്തച്ഛനെ വിലയിരുത്തി കുറിപ്പ് തയാറാക്കുക.

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നീതിയുക്തമല്ലാത്ത തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരികളുടെയും അതിനെതിരെ പ്രതിഷേധിക്കാന്‍ അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കുന്ന യുവാക്കളുടെയും   പ്രതിനിധികളാണ് ദശരഥനും ലക്ഷ്മണനും. അധര്‍മ്മത്തിന്റെ വഴിയിലേക്ക് നീങ്ങുന്ന യുവാക്കളെ ശാന്തരാക്കേണ്ടത് എങ്ങനെയെന്ന് ശ്രീരാമനിലൂടെ എഴുത്തച്ഛന്‍ പഠിപ്പിക്കുന്നു. സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയാല്‍ എത്ര ക്ഷുഭിതനും ശാന്തനാവുമെന്ന് അപാരമായ  മനശ്ശാസ്ത്രവൈഭവത്തോടെ എഴുത്തച്ഛന്‍ സമര്‍ഥിക്കുന്നു. അക്രമങ്ങളിലേക്കും കലാപങ്ങളിലേക്കും വഴുതിവീഴാതെ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല മുതിര്‍ന്നവര്‍ക്കാണെന്ന്  ഓര്‍മ്മിപ്പിക്കുകയാണ് സാമൂഹ്യപരിഷ്‌കര്‍ത്താവും ആചാര്യനുമായ എഴുത്തച്ഛന്‍.

20.▲ ''ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ''

''പുത്രമിത്രാര്‍ഥകളത്രാദിസംഗമ-

   മെത്രയുമല്‍പ്പകാലസ്ഥിതമോര്‍ക്ക നീ''

- ഈ വരികളിലെ കാവ്യപരമായ സവിശേഷതകള്‍ കണ്ടെണ്ടത്തി എഴുത്തച്ഛന്റെ ഭാഷയുടെ സവിശേഷതകള്‍ വിലയിരുത്തുക.

ദ്വിതീയാക്ഷരപ്രാസമാണ് ഈ വരികളില്‍ ഉപയോഗിച്ചിട്ടുള്ള ശബ്ദാലങ്കാരം. ഈരടികളില്‍ രണ്ടാമത്തെ അക്ഷരം ഒന്നുതന്നെയാവുന്നതാണ് ദ്വിതീയാക്ഷരപ്രാസം. ചക്ഷു- ഭക്ഷണം, 

പുത്ര- എത്ര, വത്സ - മത്സര, നിന്നുടെ - മുന്നമേ എന്നിങ്ങനെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാവ്യഭാഗത്തുണ്ട്. വിഭക്തിപ്രത്യയങ്ങളോടുകൂടിയ സംസ്‌കൃതപദങ്ങള്‍  എഴുത്തച്ഛന്റെ ഭാഷയുടെ സവിശേഷതയാണ്. ബിന്ദുനാ, കാലാഹിനാ, ചേതസാ, രോഷേണ, നദ്യാം, ദേഹാഭിമാനിനാം, രേതസാം  എന്നീ പദങ്ങള്‍ അത്തരത്തിലുള്ളവയാണ്. കൈകാര്യം ചെയ്യുന്ന വിഷയത്തിനനുസരിച്ച് എഴുത്തച്ഛന്റെ ഭാഷ ഗൗരവമുള്ളതായി  മാറുന്നതുകാണാം. നീളമുള്ള സമസ്തപദങ്ങളുടെ ഉപയോഗം എഴുത്തച്ഛന്റെ ഭാഷയുടെ ഗൗരവം വര്‍ധിപ്പിക്കുന്നതായി കാണാന്‍ കഴിയും. അതുപോലെ 'നീ കേള്‍ക്കണം, കേള്‍ക്ക നീ, അറികെടോ, അറിക നീ, കേള്‍, നിരൂപിക്ക ലക്ഷ്മണാ'  എന്നിങ്ങനെ  ശ്രോതാവിനെ  സംബോധന ചെയ്യുന്ന രീതി ആവര്‍ത്തിച്ചിരിക്കുന്നത് കാണാന്‍ കഴിയും.

21. സ്വാഭാവികവും നാടകീയവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കാളിദാസന്‍ ദുഷ്ഷന്തന്റെയും ശകുന്തളയുടെയും സര്‍വദമനന്റെയും സമാഗമം ഒരുക്കിയിരിക്കുന്നത്. 'ഋതുയോഗം' എന്ന പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.

ഇന്ദ്രലോകത്തില്‍നിന്ന് മടങ്ങിവരുന്നതിനിടയില്‍ ദുഷ്ഷന്തന്‍ കശ്യപാശ്രമത്തിലെത്തുന്നു. അത്യന്തം നാടകീയമാണ് കുസൃതിയായ സര്‍വദമനന്റെ രംഗപ്രവേശം. അവന്റെ കൈയില്‍നിന്ന് ഊര്‍ന്നുവീണ രക്ഷയുടെ കഥയിലൂടെ വളരെ സ്വാഭാവികമായി ദുഷ്ഷന്തന്‍ മകനെ തിരിച്ചറിയുന്നു. മകനോടൊപ്പം ദുഷ്ഷന്തന്‍ ശകുന്തളയെ കാണുന്ന സന്ദര്‍ഭവും ഏറെ ഭാവതീവ്രമാണ്. ശകുന്തളയുടെ കാലില്‍വീണ് ക്ഷമചോദിക്കുന്ന രംഗം ദുഷ്ഷന്തന്റെ മഹത്ത്വം  പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകള്‍ കൃത്യമായി വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളിലൂടെ വളരെ സ്വാഭാവികമായാണ് ഇവരുടെ സമാഗമത്തില്‍ എത്തിച്ചേരുന്നത്. കഥാസന്ദര്‍ഭങ്ങളുടെ സ്വാഭാവികതയും നാടകീയതയും മാത്രമല്ല, ആഴവും സൂക്ഷ്മതയും കാളിദാസപ്രതിഭയുടെ മഹത്ത്വം വെളിപ്പെടുത്തുന്നു.

22. ''മാല്യം മൂര്‍ദ്ധാവിലിട്ടാല്‍ തല കുടയുമുടന്‍

പാമ്പിതെന്നോതിയന്ധന്‍'' (ഋതുയോഗം) 

-ഈ വരികളുടെ അടിസ്ഥാനത്തില്‍ ദുഷ്ഷന്തന്റെ മാനസികാവസ്ഥ വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.

തലയിലിട്ടുകൊടുത്ത പൂമാലയെയും കാഴ്ചയില്ലാത്തവര്‍ പാമ്പെന്നു കരുതി കുടഞ്ഞുകളയും. ശകുന്തളയെ തിരസ്‌കരിക്കുന്ന സമയത്ത് ദുഷ്ഷന്തന്റേത് അതിനു സമാനമായ മാനസികാവസ്ഥയായിരുന്നു. മനസ്സിന് ഏതോ കളങ്കം ബാധിച്ചിരുന്ന സമയമായിരുന്നു അത്. (ദുര്‍വാസാവിന്റെ ശാപമായിരുന്നു ആ കളങ്കം) ഇത്തരത്തില്‍ മനസ്സ് കലങ്ങിയിരിക്കുമ്പോള്‍ നന്മയുള്ളവര്‍പോലും ഇത്തരത്തില്‍ പെരുമാറിപ്പോവും. താന്‍ ചെയ്ത തെറ്റിന്റെ കാഠിന്യം ദുഷ്ഷന്തന്‍ കുറച്ചുകാണുന്നില്ല. തന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റേതോ കാരണംകൊണ്ടാണ്് അങ്ങനെ സംഭവിച്ചതെന്ന് ഏറ്റുപറയുക

യും ചെയ്യുന്നു. തെറ്റു തിരുത്താനും പശ്ചാത്ത

പിക്കാനും  മടിയില്ലാത്ത ദുഷ്ഷന്തന്റെ മനസ്സാണ് ഈ വരികളില്‍ തെളിഞ്ഞുകാണുന്നത്. 

23.'പാലു കൊടുത്ത കൈയില്‍ത്തന്നെ കടിക്കുക' എന്ന ചൊല്ല് 'പാവങ്ങള്‍'  എന്ന പാഠഭാഗത്തിലെ ഏതെങ്കിലും കഥാപാത്രത്തിന് യോജിക്കുന്നുണ്ടോ? സമര്‍ഥിക്കുക.

'പാവങ്ങള്‍' എന്ന പാഠത്തിലെ ഴാങ് വാല്‍ ഴാങ്ങിന്റെ പ്രവൃത്തികളോട് ഏറ്റവും യോജിക്കുന്നതാണ് ഈ ചൊല്ല്. സഹായിച്ചയാളെ ഉപദ്രവിക്കുന്ന മനോഭാവമാണിത്. ജയില്‍വിമോചിതനായ ഴാങ് വാല്‍ ഴാങ്ങിന് ആരും അഭയം കൊടുത്തില്ല.എന്നാല്‍ മെത്രാന്‍ അയാളെ സ്വീകരിച്ചു. ഭക്ഷണം നല്‍കി. തന്റെ മുറിയില്‍ത്തന്നെ ഉറങ്ങാ

നും അനുവദിച്ചു. രാത്രിയില്‍ ഴാങ് വാല്‍ ഴാങ് മെത്രാന്റെ മുറിയിലെ വെള്ളിസ്സാമാനങ്ങള്‍ കട്ടെടുത്തു. തീര്‍ത്തും നന്ദിഹീനമായ നടപടിയായിരുന്നു അത്. 'പാലുകൊടുത്ത കൈയില്‍ത്തന്നെ കടിക്കുക' എന്ന ചൊല്ല് ഴാങ് വാല്‍ ഴാങ്ങിന്റെ പ്രവൃത്തിയുമായി യോജിക്കുമെന്ന് പറയുന്നത് അതുകൊണ്ടാണ്.

24. ''ഇനി ഇങ്ങോട്ടു വരുമ്പോള്‍ നിങ്ങള്‍ക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല; തെരുവിലേക്കുള്ള വാതിലിലൂടെത്തന്നെ  എപ്പോഴും വരുകയും  പോവുകയും ചെയ്യാം. രാത്രിയും പകലും ഒരു നീക്കു നീക്കിയിരിക്കുന്നതു കൂടാതെ അതൊരിക്കലും പൂട്ടിയിടുകയില്ല.''  

- ഈ വാക്യങ്ങള്‍ മെത്രാന്റെ മനോഭാവത്തെക്കുറിച്ചു നല്‍കുന്ന സൂചനകള്‍ കുറിക്കുക.

മനുഷ്യന്റെ നന്മയില്‍ വിശ്വസിക്കുന്നയാളാണ് മെത്രാന്‍. തന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ചിട്ടു

പോലും അദ്ദേഹത്തിന് മനുഷ്യരിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടുന്നില്ല.  സ്‌നേഹവും കാരുണ്യവുമാണ് മെത്രാനെ നയിക്കുന്നത്. വിവിധതരം ആളുകളുള്ളയിടമാണ് തെരുവ്. അങ്ങോട്ടുള്ള വാതില്‍ അടയ്ക്കുകയില്ല എന്നതിനര്‍ഥം ആരെയും എപ്പോഴും സ്വീകരിക്കുവാന്‍ അദ്ദേഹം തയാറാണെന്നാണ്. എല്ലാം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കാനുള്ള വലിയ മനസ്സുള്ളയാളാണ് മെത്രാന്‍. തെറ്റുചെയ്തതിനുശേഷം ഭയന്ന് മതില്‍ ചാടിപ്പോകുന്നതിനു പകരം ശരിചെയ്ത് നന്മയുടെ തുറന്നിട്ട വാതിലിലൂടെ വരാനും പോകാനുമാണ് മെത്രാന്‍ പറയുന്നത്. നന്മയില്‍ ജീവിക്കുകയും ആ നന്മ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് മെത്രാന്റേത്.


25. ''എക്കാലത്തും പ്രസക്തങ്ങളായ ജീവിതപാഠങ്ങളാണ് എഴുത്തച്ഛന്റെ കവിതകളുടെ 

പ്രധാന സവിശേഷത.''

ഈ പ്രസ്താവനയുടെ സാധ്യത താഴെ കൊടുത്തിരിക്കുന്നവയും 'ലക്ഷ്മണസാന്ത്വനം' എന്ന  പാഠഭാഗവും വിശകലനം ചെയ്ത് ഉപന്യാസം തയാറാക്കുക.

''പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ 

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.'' 

''ഇഷ്ടം പറയുന്ന  ബന്ധുക്കളാരുമേ

കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണയം''

എഴുത്തച്ഛന്‍ - കാലാതീതനായ കവി

ധാര്‍മ്മികതയും മൂല്യബോധവും നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു എഴുത്തച്ഛന്റെ  കാലഘട്ടത്തിലെ കേരളീയസമൂഹം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് കൊടികുത്തിവാണിരുന്നത്. നഷ്ടപ്പെട്ടുപോയ മൂല്യങ്ങള്‍ വീണ്ടെടുത്ത് സമൂഹത്തിന് വ്യക്തമായ ദിശാബോധം നല്‍കുക എന്ന ദൗത്യം എഴുത്തച്ഛന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ  രചനകള്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളവയാണ്. 

മനുഷ്യജീവിതത്തെ ആഴത്തിലും പരപ്പിലും അറിഞ്ഞ കവിയാണ് എഴുത്തച്ഛന്‍. അദ്ദേഹത്തിന്റെ രചനകള്‍ ആധ്യാത്മികജീവിതത്തിന്റെ മഹത്ത്വമാണ് പ്രഘോഷിക്കുന്നത്. എക്കാലത്തും മനുഷ്യര്‍ പാലിക്കേണ്ട 

ധാര്‍മ്മികതയും ഭക്തിയും ആദര്‍ശശുദ്ധിയുമെല്ലാമാണ് തന്റെ കൃതികളിലൂടെ അദ്ദേഹം പകര്‍ന്നുകൊടുത്തത്.  ഈ ലോകമാണ് ശരി എന്ന തോന്നലാണ് അറിവില്ലായ്മ. അതാണ് ക്രോധത്തിനും  കാരണം. അതു നമ്മെ അധര്‍മ്മത്തിലേക്കു നയിക്കും. ഉറ്റവരെപ്പോലും കൊല്ലാന്‍ ക്രോധം കാരണമായിത്തീരും. അതുകൊണ്ടാണ് ക്രോധം ഉപേക്ഷിക്കണമെന്ന് പറയുന്നത്. ഈ ഉപദേശങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. പ്രത്യുപകാരം ചെയ്യാന്‍ മടിക്കുന്നവര്‍ മരിച്ചവര്‍ക്ക് തുല്യരാണ്, ആപത്തുകാലത്ത് കൂടെ  ആരുമുണ്ടാവുകയില്ല എന്നിങ്ങനെയുള്ള നിരീക്ഷണങ്ങളും എഴുത്തച്ഛന്റെ  ആഴമേറിയ ജീവിതാവബോധത്തിന്റെ തെളിവുകളാണ്.

  ആചാര്യനായ കവിയാണ് എഴുത്തച്ഛന്‍. ഗുരുക്കന്മാരുടെ ഗുരുവെന്ന് അദ്ദേഹത്തെ വിളിക്കുന്നതാണ് കൂടുതല്‍ ഉചിതം. കാരണം 

പുതുതലമുറയെ നയിക്കേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹം  ലോകത്തെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ക്ക് ഇന്നു മാത്രമല്ല, എക്കാലത്തും പ്രസക്തിയുണ്ട്.

26. ''ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നല്‍കുന്ന നിയമവ്യവസ്ഥ മാത്രമല്ല, തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പു നല്‍കുന്ന സ്‌നേഹത്തിന്റെ വ്യവസ്ഥകൂടി ലോകത്തുണ്ടെന്ന് ഴാങ് തിരിച്ചറിയുന്നതപ്പോഴാണ്.  നന്മയുടെ വെളിച്ചം ഴാങ്ങിലേക്ക് കടക്കുന്ന ആ ഒരൊറ്റ മുഹൂര്‍ത്തം മതി വിക്ടര്‍ ഹ്യൂഗോ എന്ന  എഴുത്തുകാരന് അമരത്വം ലഭിക്കാന്‍. എന്റെ എഴുത്തിലും സ്വഭാവഘടനയിലും ചിന്തയിലും സ്വാധീനം  ചെലുത്തിയ പുസ്തകമാണ് പാവങ്ങള്‍.''

(നന്മയുടെ  കാലം അസ്തമിച്ചിട്ടില്ല - ഇ. ഹരികുമാര്‍) 

ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്നും പ്രചോദനം നല്‍കുന്ന മഹത്തായ  കലാസൃഷ്ടിയാണ് 'പാവങ്ങള്‍'. പ്രശസ്ത കഥാകൃത്ത് ഇ. ഹരികുമാറിന്റെ 

നിരീക്ഷണവും നിങ്ങളുടെ വായനാനുഭവവും പരിഗണിച്ച് 'പാവങ്ങള്‍:  ലോകസാഹിത്യത്തിലെ വിസ്മയം' എന്ന വിഷയത്തില്‍ ഉപന്യാസം തയാറാക്കുക.

പാവങ്ങള്‍ - ലോകസാഹിത്യത്തിലെ വിസ്മയം

നമുക്കു ചുറ്റുമുള്ളവരുടെ വേദനിക്കുന്ന മനസ്സുകളിലാണ് ദൈവത്തെ കണ്ടെത്താന്‍ കഴിയുന്നത്. സ്‌നേഹമാണ് ഏറ്റവും ശക്തമായ ആയുധം. എത്ര കഠിനമായ മനസ്സിനെയും അലിയിപ്പിക്കാന്‍ അതിന് കഴിയും.  ആരും കുറ്റവാളികളായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. നിയമങ്ങള്‍കൊണ്ടോ ശിക്ഷകള്‍കൊണ്ടോ കുറ്റവാളികളിലെ നന്മകള്‍ വീണ്ടെടുക്കാനാവില്ല. മാപ്പും സാന്ത്വനവചനങ്ങളുമാണ് അവയേക്കാള്‍ ഫലപ്രദമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ നോവലാണ് 'പാവങ്ങള്‍'.  എന്നിട്ടും നിയമങ്ങളുടെയും ശിക്ഷകളുടെയും ഇത്തിരിവട്ടത്തില്‍ കുരുങ്ങിക്കിടക്കുകയാണ് മനുഷ്യര്‍. ലോകം ഇത്രയേറെ കലുഷിതവും സങ്കീര്‍ണവുമായി മാറാനുള്ള കാരണവും ഇതുതന്നെയാണ്.

വിശന്നുപൊരിയുന്ന പെങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒരു റൊട്ടി മോഷ്ടിച്ചതിനാണ് ഴാങ് വാല്‍ ഴാങ്ങിനെ അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ജയില്‍ചാടാനുള്ള ശ്രമങ്ങള്‍ പലവട്ടം പരാജയപ്പെട്ടതോടെ ശിക്ഷ പത്തൊമ്പത് വര്‍ഷമായി. പുറത്തിറങ്ങിയ ഴാങ്ങിനെ സഹായിക്കാന്‍ ആരും തയാറായില്ല. വിശന്നുതളര്‍ന്ന  അയാള്‍ക്ക് കിടക്കാനിടവും ഭക്ഷണവും നല്‍കിയത് ഒരു മെത്രാനാണ്. രാത്രിയില്‍ ആ വസതിയില്‍നിന്ന് വെള്ളിസ്സാമാനങ്ങള്‍ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞ അയാളെ പോലീസുകാര്‍ പിടികൂടി മെത്രാന്റെ മുന്നില്‍ കൊണ്ടുവന്നു. വെള്ളിസ്സാമാനങ്ങള്‍ മാത്രമല്ല, വെള്ളിമെഴുകുതിരിക്കാലുകളും താന്‍ ഴാങ് വാല്‍ ഴാങ്ങിന് നല്‍കിയതാണെന്ന് മെത്രാന്‍ പറഞ്ഞതുകേട്ടതോടെ ഴാങ്ങിന്റെ മനസ്സ് കുറ്റബോധംകൊണ്ട് വീര്‍പ്പുമുട്ടി. അതില്‍നിന്നുണ്ടായ നന്മയുടെ വെളിച്ചം അയാളുടെ ജീവിതം മാറ്റിമറിച്ചു. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ആള്‍രൂപമായി മാറിയ അയാള്‍ നഗരത്തിന്റെ മേയറും ഫാക്ടറി ഉടമയുമായിത്തീര്‍ന്നു. അപ്രതീക്ഷിതവും നാടകീയവുമായ വഴികളിലൂടെയാണ് അയാളുടെ ജീവിതം മുന്നോട്ടു നീങ്ങുന്നത്. 

'പാവങ്ങള്‍' മുന്നോട്ടുവയ്ക്കുന്നത് ശുഭപ്രതീക്ഷയുടെ ലോകമാണ്. നിയമപുസ്തകങ്ങളും ജയിലറകളുമല്ല, ഹൃദയം തുറന്ന് സ്‌നേഹിക്കാനറിയുന്ന മനസ്സുകള്‍ക്കാണ് കുറ്റവാളിയെ മനുഷ്യത്വമുള്ളവനാക്കി മാറ്റാന്‍ കഴിയുന്നത്. നന്മയുടെ ലോകം സ്വപ്‌നം കാണുന്ന എഴുത്തുകാരെ ഈ നോവല്‍ സ്വാധീനിച്ചതില്‍ ഒട്ടും അദ്ഭുതപ്പെടാനില്ല.


 യൂണിറ്റ് 2: അനുഭൂതികള്‍ ആവിഷ്‌കാരങ്ങള്‍

..............................................................................................................

പാഠം 1: വിശ്വരൂപം      (കഥ -ലളിതാംബിക  അന്തര്‍ജനം)

പാഠം 2: പ്രിയദര്‍ശനം   (കവിത - എന്‍. കുമാരനാശാന്‍)

പാഠം 3: കടല്‍ത്തീരത്ത്  (കഥ   -  ഒ. വി. വിജയന്‍)

..............................................................................................................


1. ''അന്‍പുതരുമന്യരൊടു ബന്ധ, മാബന്ധങ്ങള്‍

നണ്‍പെന്ന മഹിതസൗഭാഗ്യം'' 

                              (തിരുക്കുറല്‍)

- നണ്‍പ് എന്ന പദം അര്‍ഥമാക്കുന്നതെന്ത്?

വിദ്വേഷം

നന്മ

നന്ദി

സൗഹൃദം

ഉത്തരം: സൗഹൃദം

2. 'വിശ്വരൂപം' എന്ന കഥയുമായി യോജിക്കാത്തത് ഏതാണ്?

മക്കളെ സ്‌നേഹിക്കാന്‍ മറന്നുപോയ അമ്മ

വാര്‍ധക്യത്തിലെ ഒറ്റപ്പെടല്‍

കുട്ടികളെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍

തനിക്കു പറ്റിയ പിഴവുകള്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന അമ്മ

ഉത്തരം: കുട്ടികളെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍

3. വിവേകികള്‍ സ്വജീവിതം ധന്യമാക്കുന്നതെങ്ങനെയാണ്?

തപസ്സിലൂടെ

ജ്ഞാനസമ്പാദനത്തിലൂടെ

അന്യര്‍ക്ക് ഉതകുന്ന വിധത്തില്‍ ജീവിക്കുന്നതിലൂടെ 

കഠിനാധ്വാനത്തിലൂടെ

ഉത്തരം: അന്യര്‍ക്ക് ഉതകുന്ന വിധത്തില്‍ ജീവിക്കുന്നതിലൂടെ

4. കോടച്ചിയും പാഴുതറയിലെ നാട്ടുകാരും വെള്ളായിയപ്പനോടൊപ്പം കണ്ണൂരിലേക്ക് പോവാതിരുന്നതിനു കാരണം?

പണമില്ലാത്തതുകൊണ്ട്

ദൂരക്കൂടുതല്‍കൊണ്ട്

കണ്ടുണ്ണിയെ ആ അവസ്ഥയില്‍ കാണാന്‍  വയ്യാത്തതുകൊണ്ട്

കണ്ടുണ്ണിയോടുള്ള ദേഷ്യംകൊണ്ട്

ഉത്തരം: പണമില്ലാത്തതുകൊണ്ട്

5. ''എന്റെ അച്ഛനമ്മമാര്‍ ഇതിലും മോശമായ വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെയാണ് ഞാന്‍ വളര്‍ന്നത്...''      (വിശ്വരൂപം)

- മിസ്സിസ് തലത്തിന്റെ ഏത് സ്വഭാവസവിശേഷതയാണ് ഈ വാക്യത്തില്‍ പ്രതിഫലിക്കുന്നത്.

മാതാപിതാക്കളോടുള്ള ബഹുമാനം

ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള കഴിവ്

ചെറിയ വീടിനോടുള്ള സ്‌നേഹം

സൗകര്യങ്ങള്‍ കുറഞ്ഞുപോയതിലുള്ള 

വിഷമം

ഉത്തരം: ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള കഴിവ്

6. ''ഞാന്‍ ഇന്ത്യയില്‍ ജനിക്കാനാഗ്രഹിക്കുന്നു മാഡം. ഇന്ത്യ എന്തു നല്ല നാടാണ്!''

                (വിശ്വരൂപം) 

വൃദ്ധന്‍ ഇങ്ങനെ പറയാനുള്ള കാരണം?

ഇന്ത്യയുടെ പ്രകൃതിഭംഗി

ഇന്ത്യയിലെ ജനങ്ങളുടെ ഈശ്വരവിശ്വാസം

ഇന്ത്യയിലെ ജനങ്ങളുടെ ഗ്രാമീണത

ഇന്ത്യക്കാര്‍ മാതാപിതാക്കളെ ദൈവത്തെപ്പോലെ കണക്കാക്കുന്നത്

ഉത്തരം: ഇന്ത്യക്കാര്‍ മാതാപിതാക്കളെ ദൈവത്തെപ്പോലെ കണക്കാക്കുന്നത്

7. താന്‍ ധന്യയായെന്ന്  നളിനി ദിവാകരനോട് പറയുന്നതെന്തുകൊണ്ട്?                  

ആശ്രമത്തില്‍ കഴിഞ്ഞതുകൊണ്ട്

ദിവാകരനെ കാണാന്‍ കഴിഞ്ഞതുകൊണ്ട്

ദിവാകരന്‍ തന്നെ തിരിച്ചറിഞ്ഞതുകൊണ്ട്

ദിവാകരന്‍ സന്ന്യാസിയായതുകൊണ്ട്

ഉത്തരം: ദിവാകരനെ കാണാന്‍ കഴിഞ്ഞതുകൊണ്ട്

8. ''അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ, വിവേകികള്‍.''

  ഈ ആശയവുമായി യോജിക്കുന്ന വരികള്‍ കണ്ടെത്തുക.

''സ്‌നേഹമാണഖിലസാരമൂഴിയില്‍

സ്‌നേഹസാരമിഹ സത്യമേകമാം''

''താന്‍ കൊടുംവെയില്‍ കൊണ്ടിട്ടു

തണലേകുന്നു തൈമരം''

''വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം

വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേലമൃത

മയം''

''പാരതന്ത്ര്യം മാനികള്‍ക്ക് 

മൃതിയേക്കാള്‍ ഭയാനകം''

ഉത്തരം: ''താന്‍ കൊടുംവെയില്‍ കൊണ്ടിട്ടു 

തണലേകുന്നു തൈമരം''

9. ''കാരണവരേ, കട്ടാല്‍ മതി, ജയിലിലെത്തിച്ചേ

രാം.'' - ഈ വാക്കുകളില്‍ തെളിയുന്ന ഭാവം?

ദേഷ്യം 

പരിഹാസം

അമര്‍ഷം

നീരസം

ഉത്തരം: പരിഹാസം

10. 'കടല്‍ത്തീരത്ത്' എന്ന കഥയില്‍ കണ്ടുണ്ണി യുടെ അമ്മയുടെ സാന്നിധ്യമായി അനുഭവപ്പെടുന്നത്?

ബലിക്കാക്കകള്‍

അമ്മയുടെ നിശ്ശബ്്ദമായ നിലവിളി

പൊതിച്ചോറ്്

വെള്ളായിയപ്പന്‍ പറയുന്ന വാക്കുകള്‍

ഉത്തരം: പൊതിച്ചോറ്്


11. ഭാരതത്തിലെ സ്ത്രീകള്‍ ഭാഗ്യമുള്ളവരാണെന്ന് ഡോക്ടര്‍ തലത്ത് അഭിപ്രായപ്പെടുന്നതി

നുള്ള കാരണം എന്താണ്?

കൊടുക്കുവാന്‍ മാത്രം അറിയുന്നവരായിരുന്നു ഭാരതത്തിലെ സ്ത്രീകള്‍. അതിലൂടെയാണ് അവര്‍ സംതൃപ്തി കണ്ടെത്തിയിരുന്നത്. അതുകൊണ്ടാണ് ഭാരതത്തിലെ സ്ത്രീകള്‍ ഭാഗ്യമുള്ളവരാണെന്ന് ഡോക്ടര്‍ തലത്ത് അഭിപ്രായപ്പെടുന്നത്. 

12. നളിനിയെ തിരിച്ചറിയാതിരുന്നതിന് ദിവാകരന്‍ പറയുന്ന കാരണമെന്താണ്?

നളിനിയെ ചെറുപ്രായത്തില്‍ കണ്ടതിന്റെ ഓര്‍മ്മ മാത്രമാണ് ദിവാകരന്റെ മനസ്സിലുള്ളത്. ഇപ്പോള്‍ നളിനി വളര്‍ന്ന് യുവതിയായിരിക്കുന്നു. തന്റെ മുന്നിലെത്തിയ നളിനിയെ ദിവാകരന്‍ തിരിച്ചറിയാതെ പോയത് അതുകൊണ്ടാണ്.

13. ''വീടാത്ത കടങ്ങള്‍ പടച്ചവന്റെ സൂക്ഷിപ്പുക

ളാണ്.''                        (കടല്‍ത്തീരത്ത്)

  - ഈ വാക്യം വെളിപ്പെടുത്തുന്ന ജീവിതദര്‍ശനം എന്താണ്?

ഇല്ലായ്മകൊണ്ട് കൊടുത്തുതീര്‍ക്കാന്‍ പറ്റാത്ത കടങ്ങള്‍ ഈശ്വരന്റെ കണക്കില്‍ പുണ്യങ്ങളായി മാറുന്നു. അത്യാവശ്യഘട്ടങ്ങളിലെ സഹായമായി കിട്ടുന്ന കടങ്ങള്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്ത നിസ്സഹായാവസരങ്ങളിലാണ് ദൈവത്തിന്റെ കണക്കിലെ വിലപിടിപ്പുള്ള സൂക്ഷിപ്പുകളായി അവ മാറുന്നത്.

14. ഗ്രാമത്തിലെ ചെറിയ വീട്ടില്‍വച്ച് മിസ്സിസ് 

തലത്തിനെ കണ്ടപ്പോള്‍ സുധീര്‍ അമ്പരന്നുപോയത് എന്തുകൊണ്ടാണ്?

സ്വീകരണമുറിയിലും ക്ലബിലും നാടകശാലകളിലും പറന്നുനടന്നിരുന്ന ഉന്മേഷവതിയായ മിസ്സിസ് തലത്തായിരുന്നു സുധീറിന്റെ മനസ്സിലുണ്ടായിരുന്നത്. ഭാരതീയസ്ത്രീത്വത്തിന്റെ അംബാസഡര്‍ എന്നായിരുന്നു അന്ന് ആളുകള്‍ അവരെ വിളിച്ചിരുന്നത്. അത്രയ്ക്കും പ്രൗഢയായിരുന്ന മിസ്സിസ്സ് തലത്തിനെ, ഒരു ചെറിയ വീട്ടില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന വൃദ്ധയുടെ രൂപത്തില്‍ കണ്ടതുകൊണ്ടാണ് സുധീര്‍ അമ്പരന്നുപോയത്.

15. ''താപസോചിതമായ  ഈ വേഷത്തിലും മാഡം തലത്ത്, മാഡം തലത്തുതന്നെയാണ്.''- സുധീര്‍ ഇപ്രകാരം ചിന്തിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുക.

ഡോക്ടര്‍ തലത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ജീവിതമായിരുന്നു ഭാര്യയായ മിസ്സിസ് തലത്ത് നയിച്ചിരുന്നത്. മക്കളുള്‍പ്പെടെ ആര്‍ക്കും അതില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ  മരണത്തിനുശേഷം മക്കളെല്ലാവരും  നിര്‍ബന്ധിച്ചിട്ടും  തനിച്ചു താമസിക്കാനാണ് അവര്‍ തീരുമാനിച്ചത്. വാര്‍ധക്യത്തിലും ഒറ്റപ്പെടലിലും അവരില്‍ നിറഞ്ഞുകാണുന്ന ആത്മാഭിമാനവും മനക്കരുത്തുമാണ് ഇപ്രകാരം ചിന്തിക്കുവാന്‍ സുധീറിനെ പ്രേരിപ്പിച്ചത്.

16. ''ഭവാനു പണ്ടിഷ്ടയാം നളിനി'' എന്ന് നളിനി തന്നെ ദിവാകരന് പരിചയപ്പെടുത്താനുള്ള കാരണം എന്താണ്?

നളിനിയുടെ പണ്ടത്തെ കളിക്കൂട്ടുകാരനായിരുന്ന ദിവാകരന്‍ ഇപ്പോള്‍ സന്ന്യാസിയാണ്. അദ്ദേഹത്തിന് ഇപ്പോള്‍ നളിനിയോട് പണ്ടത്തെപ്പോലെ ഇഷ്ടമുണ്ടോ എന്ന് നിശ്ചയമില്ലാത്തതുകൊണ്ടാണ് ഭവാനു പണ്ടിഷ്ടയാം നളിനിയെന്ന് പരിചയപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയപ്പോള്‍ പണ്ടത്തെ കളിക്കൂട്ടുകാരിയാണ് താനെന്ന് നളിനി ഓര്‍മ്മപ്പെടുത്തുന്നതായും ഈ പരിചയപ്പെടുത്തലിനെ കണക്കാക്കാം.

17. ഒറ്റ വാക്കിലും മൗനത്തിലുമാണ് ഉറ്റവര്‍ വെള്ളായിയപ്പന്റെ തകര്‍ന്ന മനസ്സിനോട് പങ്കുചേരുന്നത്.  ഈ നിരീക്ഷണത്തിന്റെ സാധുത 

'കടല്‍ത്തീരത്ത്' എന്ന കഥയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുക.

വെള്ളായിയപ്പന്‍ അനുഭവിക്കുന്ന ദുഃഖത്തിന്റെ ആഴം അറിയുന്നവരാണ് കുട്ട്യസ്സന്‍മാപ്പിളയും നീലിമണ്ണാത്തിയും. കണ്ണൂരിലേക്ക് പുറപ്പെട്ട വെള്ളായിയപ്പനെ വഴിയില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ ഇരുവരും പരസ്പരം പേരുവിളിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പക്ഷേ, ആ വിളിയില്‍ സാന്ത്വനവും പങ്കുചേരലും നിറഞ്ഞുനില്‍ക്കുന്നു. വെള്ളായിയപ്പനും കണ്ടുണ്ണിയും ജയിലില്‍വച്ച് കാണുമ്പോഴും പരസ്പരം സംബോധന ചെയ്യുകമാത്രമേ ചെയ്യുന്നുള്ളൂ. ആ വിളിയിലും മൗനത്തിലും ഇരുവരും മനസ്സിന്റെ വിങ്ങലുകള്‍ മുഴുവനും പങ്കുവയ്ക്കുന്നു.

18. ''ഈ പുലര്‍ച്ചെ ആരാ വരാമ്പറഞ്ഞത്? പാറാവുകാരന്‍ പരുക്കനായി പറഞ്ഞു. ആപ്പീസ് തൊറക്കട്ടെ.''           (കടല്‍ത്തീരത്ത്) 

പരിഷ്‌കൃതസമൂഹവും ഉദ്യോഗസ്ഥരും സാധാരണക്കാരോടും പ്രായമായവരോടും പ്രകടിപ്പിക്കുന്ന ധാര്‍ഷ്ട്യത്തിന്റെ സൂചനയാണോ ഈ വാക്യങ്ങള്‍? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.

ഭൂരിഭാഗം നഗരവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഗ്രാമീണരായ സാധാരണക്കാരോടും പ്രായം ചെന്നവരോടും പുച്ഛമാണ്. സംസ്‌കാര

വും പരിഷ്‌കാരമില്ലാത്തവരെന്ന മട്ടിലാണ് ഈ പാവങ്ങളോട് അവര്‍ ഇടപെടുന്നത്. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് വെള്ളായിയപ്പനോട് ജയിലിലെ  പാറാവുകാരന്റെ ധിക്കാരം നിറഞ്ഞ സംഭാഷണം.


19. ''മിസ്സിസ് തലത്തിനെ അന്വേഷിച്ചുപോയ സുധീര്‍ കണ്ടെത്തിയത്  പരാജിതയായ ഒരു അമ്മയെയാണ്'' - ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.

സമൂഹത്തിലെ ഉന്നതശ്രേണിയില്‍ വ്യാപരിച്ചിരുന്ന പ്രൗഢയായ മിസ്സിസ് തലത്തിനെ കാണുവാന്‍വേണ്ടിയാണ് സുധീര്‍ പോയത്. പക്ഷേ, എല്ലാവരാലും പരിത്യജിക്കപ്പെട്ട് ഒറ്റപ്പെട്ടു കഴിയുന്ന ഒരു അമ്മയെയാണ് സുധീര്‍ അവിടെ കണ്ടത്. സ്വന്തം മക്കളുടെ ഹൃദയത്തില്‍ സ്ഥാനംകിട്ടാത്ത ഒരമ്മയായിരുന്നു മിസ്സിസ് തലത്ത്. കാരണം ഹോസ്റ്റലും ബോര്‍ഡിങ്ങുമായിരുന്നു കുട്ടികളുടെ ലോകം. വിരുന്നുസല്‍ക്കാരങ്ങളുടെയും പൊതുചടങ്ങുകളുടെയും തിരക്കുകള്‍ കഴിഞ്ഞ് യഥാര്‍ഥ ജീവിതത്തിലെത്തിയപ്പോഴാണ് മക്കളുടെ മനസ്സില്‍പ്പോലും താനില്ലെന്ന് അവര്‍  മനസ്സിലാക്കിയത്. മക്കളെ സ്‌നേഹിക്കാന്‍ കൊതിക്കുന്ന, അവരുടെ സ്‌നേഹം കൊതിക്കുന്ന നിസ്സഹായയായ അമ്മ. അവര്‍ സുധീറിന് ഭക്ഷണം വിളമ്പിക്കൊടുത്തു. അവരുടെ വാക്കിലും  നോക്കിലുമെല്ലാം സ്‌നേഹം നിറഞ്ഞുതുളുമ്പി. ജീവിതത്തില്‍ അമ്പേ 

പരാജയപ്പെട്ട ഒരമ്മയെയാണ് സുധീര്‍ അവരില്‍ കണ്ടത്. തനിക്കു പറ്റിയ തെറ്റുകള്‍ സുധീറിന്റെ വരാന്‍ പോകുന്ന ഭാര്യയ്ക്ക് 

സംഭവിക്കാതിരിക്കാനുള്ള ഉപദേശവും അവര്‍ നല്‍കി. തീര്‍ച്ചയായും സുധീര്‍ കണ്ടെത്തിയത് മിസ്സിസ് തലത്ത് എന്ന സാമൂഹികപ്രവര്‍ത്തകയെയല്ല, സ്‌നേഹം കൊതിക്കുന്ന അമ്മയെ

ത്തന്നെയാണ്.

20. ''നിങ്ങളുടെ വരാന്‍ പോകുന്ന ഭാര്യയോടു 

പറയൂ, കുട്ടികളെ ബോര്‍ഡിങ്ങുകളില്‍ അയയ്ക്കരുതെന്ന്. അവര്‍ക്ക് ആയയെ  വയ്ക്കരുത്. അമ്മതന്നെ വളര്‍ത്തണം.'' മാഡം തലത്തിനെ ഈ തിരിച്ചറിവിലേക്കെത്തിച്ച ജീവിതസാഹചര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തി കുറിപ്പ് തയാറാക്കുക.                          മാതാപിതാക്കള്‍ മക്കളെ കുഞ്ഞുന്നാള്‍ മുതല്‍ സ്‌നേഹിച്ചും ലാളിച്ചും  ശാസിച്ചുമാണ് അവരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കേണ്ടത്. മാഡം തലത്ത് ഈ സത്യം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ബാല്യം മുതല്‍ അവരുടെ മക്കള്‍ ബോര്‍ഡിങ്ങുകളിലും ആയമാരുടെയടുത്തും കഴിയുകയായിരുന്നു. ഉന്നതപദവികളുടെ തിരക്കുകള്‍ക്കിടയില്‍ മാഡം തലത്തിന് മക്കളുടെ മനസ്സില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ മരണത്തോടെ പൊതുജീവിതം അവസാനിച്ച് ഒറ്റയ്ക്ക് കഴിയേണ്ടിവന്നപ്പോഴാണ്  ഒരമ്മയെന്ന നിലയില്‍ തന്റെ ജീവിതം പരാജയമായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞത്. തന്റെ അവസ്ഥ മറ്റൊരു സത്രീക്കുമുണ്ടാവരുതെന്ന ആഗ്രഹംകൊണ്ടാണ് തന്നെ കാണാന്‍വന്ന സുധീറിനോട് അവര്‍ ഇപ്രകാരം പറയുന്നത്. വൃദ്ധസദനങ്ങളും പകല്‍വീടുകളും പെരുകിവരുന്ന ഇക്കാലത്ത് ഈ സന്ദേശത്തിന്  ഏറെ പ്രസക്തിയുണ്ട്. 

21. ''പ്രാണനോടുമൊരുനാള്‍ ഭവല്‍പദം

   കാണുവാന്‍ ചിരമഹോ!  കൊതിച്ചു ഞാന്‍

  കേണുവാണിവിടെ,യേകുമര്‍ഥിയാം

  പ്രാണിതന്‍ പ്രിയമൊരിക്കലീശ്വരന്‍.''

നളിനിക്ക് ദിവാകരനോടുള്ള സ്‌നേഹത്തിന്റെ സ്ഥിരത തന്നിരിക്കുന്ന വരികളെ അടിസ്ഥാനമാക്കി വിവരിക്കുക.  

തന്റെ മരണത്തിനുമുമ്പ് ഒരിക്കലെങ്കിലും ദിവാകരന്റെ പാദങ്ങള്‍ കാണാന്‍  കഴിയുമെന്ന ആശയോടെയാണ് ഇത്രയുംകാലം നളിനി കണ്ണീരോടെ കഴിച്ചുകൂട്ടിയത്. മരണംവരെ ദിവാകരനോടുള്ള സ്‌നേഹത്തില്‍ നളിനി ഉറച്ചുനില്‍ക്കുമെന്നതിന്റെ തെളിവാണ് ആദ്യത്തെ വരികളിലുള്ളത്. തീവ്രതയോടെ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചാല്‍ ഈശ്വരന്‍ ആ പ്രാര്‍ഥന സാധിച്ചുതരുമെന്നതിന്റെ തെളിവായിട്ടാണ് ദിവാകരനുമായിട്ടുള്ള കണ്ടുമുട്ടലിനെ നളിനി കാണുന്നത്. ഇതും നളിനിയുടെ സ്‌നേഹത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്നു. 

22. ''പ്രാണനോടുമൊരുനാള്‍ ഭവല്‍പദം

കാണുവാന്‍ ചിരമഹോ! കൊതിച്ചു ഞാന്‍''

''ധന്യയായ് സപദി കാണ്‍കമൂലമ-

ങ്ങെന്നെയോര്‍ക്കുകിലുമോര്‍ത്തിടായ്കിലും.''    (നളിനി- കുമാരനാശാന്‍)

സ്‌നേഹഗായകനായ ആശാനെയാണോ വരികളില്‍  കാണാനാവുന്നത്? വരികള്‍ വിലയിരുത്തി കുറിപ്പ് തയാറാക്കുക.

'സ്‌നേഹഗായകനെ'ന്ന്  അറിയപ്പെടുന്ന 

കുമാരനാശാന്‍ 'നളിനി'യിലൂടെ സ്‌നേഹത്തിന്റെ മഹത്ത്വംതന്നെയാണ് വ്യക്തമാക്കുന്നത്.  ജീവിതത്തിലുടനീളം ദിവാകരനെ ആത്മാര്‍ഥമായി സ്‌നേഹിച്ചവളാണ് നളിനി. ദിവാകരന്‍ തന്നെ വിട്ടുപോയെങ്കിലും അവളുടെ സ്‌നേഹത്തിന് യാതൊരു കുറവും ഉണ്ടായില്ല. വര്‍ഷങ്ങള്‍ക്കുശേഷം സന്ന്യാസിയായ ദിവാകരനെ കണ്ടുമുട്ടുമ്പോള്‍ വെറുപ്പിന്റെ ഒരു കണികപോലും നളിനി പ്രകടിപ്പിക്കുന്നില്ല. 'മരിക്കുന്നതിനുമുമ്പ് അങ്ങയെ ഒരുനോക്ക് കാണണമെന്ന് ഞാന്‍ കൊതിച്ചു. അങ്ങ് എന്നെ ഓര്‍ത്താലും ഇല്ലെങ്കിലും അങ്ങയെ കണ്ടതുമൂലം ഞാന്‍ ധന്യയായി' എന്നാണ് നളിനി പറയുന്നത്. ദിവാകരനോട് നളിനിക്കുള്ള ആത്മാര്‍ഥസ്‌നേഹത്തില്‍നിന്നും ഉണ്ടായ വാക്കുകളാണിവ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് നളിനിയിലൂടെ കുമാരനാശാന്‍ അവതരിപ്പിക്കുന്നത്. ആത്മാര്‍ഥസ്‌നേഹത്തിന്റെ പ്രതീകമായ നളിനിയെ അവതരിപ്പിക്കുന്നതിലൂടെ സ്‌നേഹഗായകനാണ് താനെന്ന് ആശാന്‍ തെളിയിക്കുന്നു.

23. ''അപരിചിതരുടെ സ്വരങ്ങള്‍ കഴുത്തിനു ചുറ്റും പിരിഞ്ഞുമുറുകി. വെള്ളായിയപ്പനു ശ്വാസം മുട്ടി.'' -കഥാസന്ദര്‍ഭവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക. 

സര്‍വപ്രതീക്ഷകളും നഷ്ടപ്പെട്ട വെള്ളായിയപ്പന്‍, തന്റെ ദുഃഖം ആരോടും പങ്കുവയ്ക്കാനാവാതെ വിങ്ങുന്ന മനസ്സുമായാണ്  കണ്ണൂരെത്തിയത്. അയാള്‍ക്കു പോകേണ്ടത് ജയിലില്‍ കിടക്കുന്ന മകന്റെയടുത്തേക്കാണ്. നേരം വെളുക്കുംമുമ്പേ, ജയിലിലേക്കുള്ള വഴി ചേണ്ടാദിക്കുന്ന വൃദ്ധനെ പരിഹസിക്കാന്‍ ആളുകള്‍ മത്സരിച്ചു. അവരുടെ വാക്കുകളും ചിരിയും പരിഹാസവും വെള്ളായിയപ്പന്റെ കഴുത്തില്‍ പിരിഞ്ഞുമുറുകി. അയാള്‍ക്ക് ശ്വാസം മുട്ടിപ്പോയി. എങ്ങനെയെങ്കിലും അവരുടെയിടയില്‍നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന അവസ്ഥയായിരുന്നു വെള്ളായിയപ്പന്. 

24. ''ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളായിയപ്പന്‍ പാറാവുകാ   രില്‍നിന്ന് ഏറ്റുവാങ്ങി.''- ഈ സാദൃശ്യ കല്‍പ്പനയുടെ ഔചിത്യം വിശദമാക്കുക.

അമ്മയുടെ ഉദരത്തില്‍നിന്ന് ജീവനുള്ള കുഞ്ഞിനെയാണ് പേറ്റിച്ചി ഏറ്റുവാങ്ങുന്നത്. അത് എല്ലാവര്‍ക്കും സന്തോഷംപകരുന്ന അനുഭവമാണ്. എന്നാല്‍ വെള്ളായിയപ്പന്‍ ഏറ്റുവാങ്ങിയത് മകന്റെ ജീവനില്ലാത്ത ശരീരമാണ്. ഒരച്ഛനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ കാര്യമാണത്. ദരിദ്രനായ വെള്ളായിയപ്പന്  മകന്റെ ജഡം ഏറ്റുവാങ്ങി സംസ്‌കരിക്കുവാനുള്ള പണമില്ല. മകന്റെ ചേതനയറ്റ ശരീരംപോലും സ്വീകരിക്കാനാവാതെ നിസ്സഹായനായി ഒറ്റയ്ക്കു നില്‍ക്കേണ്ടിവരുന്ന ഒരച്ഛന്റെ സങ്കടം എത്ര തീവ്രമായിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പേണ്ടാലുമാവില്ല. മനസ്സിലേക്ക് ആഴ്ന്നിറങ്ങി പൊള്ളിക്കുന്ന വൈരുധ്യമാണ് ഈ സാദൃശ്യകല്‍പ്പനയിലുള്ളത്.


25. ▲''പൗരസ്ത്യസംസ്‌കാരം മുഴുവന്‍ അവര്‍ മറന്നിരുന്നു. ഔപചാരികമായി ചിട്ടപ്പെടുത്താതെ ചിരിക്കാനോ  കരയാനോ കൂടി അവര്‍ക്കു കഴിയുമെന്ന് അയാള്‍ മനസ്സിലാക്കിയിരുന്നില്ല.''

▲''എന്തൊരുയര്‍ച്ചയായിരുന്നു അത്, എന്തൊരഭിമാനമായിരുന്നു! അമ്മേ! ഭവതി ഭാഗ്യവതിയാണ്.''

കഥാന്ത്യത്തില്‍ മാഡം തലത്തിനെക്കുറിച്ച് സുധീര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതെന്തുകൊണ്ട്? മാഡം തലത്തിന്റെ സ്വഭാവത്തിലുണ്ടായ  മാറ്റം നിരൂപണം ചെയ്ത് കുറിപ്പ് തയാറാക്കുക.                                       അമ്മ

മാതൃത്വത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന കഥയാണ് 'വിശ്വരൂപം'. മിസ്സിസ് തലത്ത് എന്ന പ്രൗഢസ്ത്രീ താഴത്തു കുഞ്ഞുക്കുട്ടിയമ്മയായി മാറുന്ന കഥ കൂടിയാണിത്. ഈ രണ്ട് അവസ്ഥകള്‍ക്കും സാക്ഷിയാണ് സുധീര്‍. അമ്മയുടെ  മുന്നില്‍  ഏതൊരാളും കുട്ടിയായി മാറും. പ്രകൃതിനിയമമാണത്. സ്ത്രീകള്‍ വഹിക്കേണ്ടിവരുന്ന മറ്റുള്ള സ്ഥാനങ്ങളെല്ലാം അതിനു താഴെയാണെന്ന് ഈ കഥയിലൂടെ ലളിതാംബിക അന്തര്‍ജനം നമ്മെ ബോധ്യപ്പെടുത്തുന്നു.

ഡോ. തലത്ത് എന്ന ഉന്നത ഉദ്യോഗസസ്ഥന്റെ ഭാര്യയെന്ന നിലയില്‍ പൊതുവേദികളില്‍ നിറഞ്ഞുനിന്നിരുന്ന മിസ്സിസ് തലത്തിനെ സുധീറിനെ നല്ല പരിചയമുണ്ട്. ഔപചാരികമായി ചിട്ടപ്പെടുത്താതെ ചിരിക്കാനോ കരയാനോ പോലും അവര്‍ക്ക് കഴിയുമായിരുന്നില്ല. പാശ്ചാത്യസംസ്‌കാരം അവരെ അത്രയേറെ സ്വാധീനിച്ചിരുനു. ബഹുമാനത്തിന്റെ അതിപ്രസരമുള്ള സ്‌നേഹമായിരുന്നു അന്ന് സുധീറിന് അവരോടുണ്ടായിരുന്നത്. നാല് കുട്ടികളുടെ അമ്മയായിരുന്ന അവര്‍ ഒരിക്കലും  തന്റെ കുഞ്ഞുങ്ങളെ  താലോലിക്കുകയോ സ്‌നേഹിക്കുകയോ ചെയ്തിരുന്നില്ല. ഹോസ്റ്റലുകളിലും ബോര്‍ഡിങ്ങുകളിലും താമസിച്ചു പഠിച്ച കുട്ടികള്‍ വലിയ നിലകളിലെത്തിച്ചേരുകയും ചെയ്തു.  

ഭര്‍ത്താവിന്റെ മരണത്തോടെ മിസ്സിസ് തലത്ത് ഏകയായി. അവര്‍ നാട്ടിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം സുധീര്‍ അവരെ കാണാനെത്തുമ്പോള്‍ അവരുടെ രൂപഭാവങ്ങളെല്ലാം മാറിയിരുന്നു. ശബ്ദംകൊണ്ടാണ് അവരെ  സുധീര്‍ തിരിച്ചറിഞ്ഞത്. മകനെയെന്നപോലെ സ്വീകരിച്ചിരുത്തി കാപ്പിയും പലഹാരങ്ങളും  വിളമ്പിക്കൊടുത്ത അവരെ സുധീര്‍ അദ്ഭുതത്തോടെ നോക്കി. മക്കളുടെ ഹൃദയത്തില്‍ സ്ഥാനം നേടാനാവാതെ  പോയ  അവര്‍ സുധീറില്‍ തന്റെ  മകനെ  കണ്ടെത്തുകയായിരുന്നു. സുധീറിനത് പുതിയ അനുഭവമായിരുന്നു. തന്റെ ജീവിതത്തില്‍ പറ്റിപ്പോയ അബദ്ധങ്ങള്‍ സുധീറിന്റെ ഭാര്യയ്ക്കുണ്ടാവരുതെന്ന  ഉദ്ദേശ്യത്തോടെ മക്കളെ എങ്ങനെ വളര്‍ത്തണമെന്ന്  അവര്‍ സുധീറിന്റെ വരാന്‍പോകുന്ന ഭാര്യയ്ക്കുവേണ്ടി ഉപദേശങ്ങള്‍ നല്‍കുന്നുമുണ്ട്. ജീവിതം അവരെ പഠിപ്പിച്ച പാഠങ്ങളായിരുന്നു അത്. മക്കളുടെ ജീവിതത്തില്‍ ഭാരമാവാതെ ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് ആത്മാഭിമാനത്തോടെ കഴിയുന്ന അവരില്‍ നിറഞ്ഞുനില്‍ക്കുന്ന മാതൃത്വത്തെയാണ് സുധീര്‍ കൈക്കൂപ്പി നമസ്‌കരിക്കുന്നത്. അമ്മയെന്നത് സ്ത്രീക്കു മാത്രം എത്തിച്ചേരാന്‍ കഴിയുന്ന മഹോന്നത സ്ഥാനമാണ്. അതാണ് സ്ത്രീയുടെ യഥാര്‍ഥ വിശ്വരൂപം.

26. സ്‌നേഹബന്ധത്തിന്റെ  വ്യത്യസ്തതലങ്ങള്‍ 'വിശ്വരൂപം', 'പ്രിയദര്‍ശനം', 'കടല്‍ത്തീരത്ത്' എന്നീ പാഠഭാഗങ്ങളില്‍ വായിക്കാം. ഉചിതമായ സന്ദര്‍ഭങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്ത് ഉപന്യാസം തയാറാക്കുക.

      സ്‌നേഹമാണഖിലസാരമൂഴിയില്‍...

സ്‌നേഹബന്ധത്തിന്റെ വ്യത്യസ്തതലങ്ങളാണ്  'വിശ്വരൂപം', 'പ്രിയദര്‍ശനം', 'കടല്‍ത്തീരത്ത്' എന്നീ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. സ്‌നേഹബന്ധങ്ങളുടെ കരുത്തിലാണ് മാനവവംശത്തിന്റെ നിലനില്‍പ്പ്. സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ കരുത്താര്‍ജിക്കുമ്പോള്‍ വ്യക്തിയും സമൂഹവും പരാജയത്തിലേക്കും വിനാശത്തിലേക്കും കൂപ്പുകുത്തും.

സ്‌നേഹം നല്‍കിയാണ് സ്‌നേഹം വാങ്ങേണ്ടതെന്ന പ്രാഥമികപാഠം ഓര്‍മ്മപ്പെടുത്തുന്ന കഥയാണ്  'വിശ്വരൂപം'. തന്റെ നാലുമക്കളെയും ബോര്‍ഡിങ്ങിലും  ഹോസ്റ്റലിലും ചേര്‍ത്താണ് മിസ്സിസ് തലത്ത് പഠിപ്പിച്ചത്. ഒരമ്മയുടെ സ്‌നേഹവും കരുതലും തന്റെ മക്കള്‍ക്ക് നല്‍കിയിട്ടില്ലെന്ന് വാര്‍ധക്യത്തിലാണവര്‍ തിരിച്ചറിയുന്നത്. ഒരു ചെറിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അവരെ കാണാനെത്തുന്ന  സുധീറിന് അവര്‍ പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കുന്നതും മക്കള്‍ക്കു നല്‍കാതിരുന്ന സ്‌നേഹംതന്നെയാണ്. പ്രണയത്തിന്റെ തീവ്രഭാവമാണ് 'പ്രിയദര്‍ശന'ത്തിലൂടെ കുമാരനാശാന്‍ ആവിഷ്‌കരിക്കുന്നത്. ജീവിതത്തിലുടനീളം ദിവാകരനെ ആത്മാര്‍ഥമായി സ്‌നേഹിച്ച നളിനിയെയാണ് ഇവിടെ കാണാന്‍കഴിയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം സന്ന്യാസിയായി മാറിയ ദിവാകരനെ കാണുമ്പോള്‍ അയാളെ കാണാന്‍ കഴിഞ്ഞതുമൂലം തന്റെ ജീവിതം സഫലമായിയെന്നാണ് നളിനി പറയുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള തീവ്രവും  ആത്മാര്‍ഥവുമായ സ്‌നേഹമാണ് നളിനിയില്‍ കാണാന്‍കഴിയുന്നത്. സ്‌നേഹത്തിന്റെ വ്യത്യസ്തമായ ഒരു തലമാണ് 'കടല്‍ത്തീരത്ത്' എന്ന കഥയിലുള്ളത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍കഴിയുന്ന കണ്ടുണ്ണിയെയോര്‍ത്ത് അച്ഛനായ വെള്ളായിപ്പനും അമ്മയായ കോടച്ചിയും മാത്രമല്ല സങ്കടപ്പെടുന്നത്. പാഴുതറ ഗ്രാമം മുഴുവന്‍  അവനെയോര്‍ത്ത് ദുഃഖിക്കുന്നു.  നിഷ്‌കളങ്കതയും ആത്മാര്‍ഥതയും നിറഞ്ഞ ഗ്രാമീണരുടെ സ്‌നേഹമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. 

'അനുഭൂതികള്‍ ആവിഷ്‌കാരങ്ങള്‍' എന്ന യൂണിറ്റിലെ പാഠങ്ങള്‍  സ്‌നേഹത്തിന്റെ വ്യത്യസ്തഭാവങ്ങളും വ്യത്യസ്തതലങ്ങളും അനാവരണം ചെയ്യുന്നു. സ്‌നേഹഭാവങ്ങളാണ് അനുഭൂതികളായി മാറുന്നത്. ആ അനുഭൂതികളെയാണ് എഴുത്തുകാര്‍ കഥകളായും കവിതകളായും മാറ്റുന്നത്. ചുരുക്കത്തില്‍ സ്‌നേഹബന്ധങ്ങളുടെ ആവിഷ്‌കാരങ്ങളാണ് സാഹിത്യമുള്‍പ്പെടെയുള്ള കലകള്‍ എന്ന് ഈ പാഠഭാഗങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.


അടിസ്ഥാനപാഠാവലി

യൂണിറ്റ് 1: ജീവിതം പടര്‍ത്തുന്ന വേരുകള്‍

..............................................................................................................

പാഠം 1: പ്ലാവിലക്കഞ്ഞി (നോവല്‍  - തകഴി ശിവശങ്കരപ്പിള്ള)

പാഠം 2: ഓരോ വിളിയും കാത്ത്  (കഥ - യു.കെ. കുമാരന്‍)

പാഠം 3: അമ്മത്തൊട്ടില്‍  (കവിത-റഫീക്ക് അഹമ്മദ്)

..............................................................................................................

1. ''അതെന്തൊരു അക്ഷന്തവ്യമായ അപരാധമാണ്!'' - ഏതു പ്രവൃത്തിയെക്കുറിച്ചാണ് കോരന്‍ ഇപ്രകാരം ചിന്തിക്കുന്നത്?

▲     നെല്ലു കരിഞ്ചന്തയില്‍ വില്‍ക്കല്‍

▲     കൂലിയായി നെല്ല് കിട്ടാത്തത്

▲     കഠിനമായി പണിയെടുപ്പിക്കുന്നത്

▲     അപ്പനെ ഉപേക്ഷിച്ച് ഭാര്യയെയും കൂട്ടി നാട്ടില്‍നിന്ന് പോന്നത്

ഉത്തരം : അപ്പനെ ഉപേക്ഷിച്ച് ഭാര്യയെയും കൂട്ടി നാട്ടില്‍നിന്ന് പോന്നത്. 

2. ''ഏതോ ദിശയില്‍നിന്ന് അടിച്ചെത്തിയ കാറ്റില്‍ ശബ്ദങ്ങളുടെ കരിയിലകള്‍ അപ്പാടെ പാറിപ്പോയിരിക്കുന്നു.'' 

                  (ഓരോ വിളിയും കാത്ത്)

അടിവരയിട്ട ഭാഗം അര്‍ഥമാക്കുന്നതെന്താണ്?

▲     കരിയിലകള്‍ ധാരാളമുണ്ടായിരുന്നു.

▲     ശക്തമായ കാറ്റുണ്ടായിരുന്നു.

▲     അച്ഛന്റെ മരണത്തോടെ വീട് നിശ്ശബ്ദമായി.

▲     ശബ്ദത്തോടെയാണ് കരിയിലകള്‍ പാറിപ്പോയത്.

ഉത്തരം: അച്ഛന്റെ മരണത്തോടെ വീട് നിശ്ശബ്ദമായി.

3. അപരാധബോധം കോരന്റെ ഹൃദയത്തെ നോവിച്ചു. 

അടിവരയിട്ട പദം വിഗ്രഹിച്ചാല്‍?

▲     അപരാധത്തിന്റെ ബോധം

▲     അപരാധം  ചെയ്തു എന്ന ബോധം

▲     അപരാധമാകുന്ന ബോധം

▲     അപരാധവും ബോധവും

ഉത്തരം : അപരാധം  ചെയ്തു എന്ന ബോധം

4. 'കുട്ടിയേകാന്തത കണ്ണുപൊത്തിക്കളിക്കുന്ന ഇടമായി' 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ മകന്  അനുഭവപ്പെട്ട സ്ഥലം? 

▲     ഷോപ്പിംഗ് മാള്‍

▲     ജില്ലാശുപത്രി

▲     കോവില്‍മുറ്റം

▲     വിദ്യാലയമുറ്റം

ഉത്തരം: വിദ്യാലയമുറ്റം

5. ''പിറ്റേന്നു കാലത്ത് ആ നാഴി കഞ്ഞിവെള്ള

വും നാല് കഷണം കപ്പയും ഒരു വഴക്കിനു കാരണമായി.''               (പ്ലാവിലക്കഞ്ഞി)

വഴക്ക്  വെളിപ്പെടുത്തുന്നത്?

▲     സ്‌നേഹമില്ലായ്മ

▲     സ്‌നേഹത്തിന്റെ ആഴം

▲     ദാരിദ്ര്യം

▲     ചൂഷണം

ഉത്തരം : സ്‌നേഹത്തിന്റെ ആഴം

6. ''അന്നത്തെ സൂചിപ്രയോഗത്തിന്‍ നീറ്റല്‍ പോ-

ലൊന്ന് മനസ്സിലൂടപ്പോള്‍ കടന്നുപോയ്.''

മകന്റെ ഏതു മാനസികാവസ്ഥയാണ് ഈ വരികളില്‍ തെളിയുന്നത്? 

▲     അമര്‍ഷം

▲     പരിഹാസം

▲     കുറ്റബോധം

▲     ആത്മവിശ്വാസം                           

ഉത്തരം: കുറ്റബോധം

7. ''നെല്ലില്ല.പിശാശുക്കള്! നെല്ലു കൊണ്ടുചെന്നു വല്ല പീടികയിലും പെട്ടവിലയ്ക്ക് വില്‍ക്കാനാണ്.''- ഈ വാക്യങ്ങളില്‍ പ്രതിഫലിക്കുന്ന സാമൂഹികതിന്മ?

▲     അഴിമതി

▲     സ്വജനപക്ഷപാതം

▲     ധൂര്‍ത്ത്

▲     ചൂഷണം

ഉത്തരം :ചൂഷണം

8. ''ഇപ്പോഴും എടേക്കൂടെ പോണ ചെലര്‍  വിവരറിയാതെ ചോദിക്കും, മൂപ്പരെങ്ങോട്ടുപോയി?

ഞാന്‍ പറയും പോയീന്ന.് പോയില്ലാന്ന് എനിക്കല്ലേ അറിയൂ.'' 

                       (ഓരോ വിളിയും കാത്ത്)

ഈ വാക്യങ്ങളില്‍ പ്രതിഫലിക്കുന്ന അമ്മയുടെ മാനസികാവസ്ഥ?

▲     അച്ഛന്റെ വേര്‍പാടിലുള്ള ദുഃഖം

▲     നിരാശ

▲     അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാവാത്ത മനസ്സ് 

▲     ദേഷ്യം

ഉത്തരം: അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാവാത്ത മനസ്സ്

9. 'നാക്കിലകള്‍' എന്ന പദം വിഗ്രഹിക്കുമ്പോള്‍?

▲     ഇല പോലുള്ള നാക്കുകള്‍

▲     നാക്കുപോലുള്ള ഇലകള്‍

▲     നാക്കിന്റെ ഇലകള്‍

▲     നാക്കാകുന്ന ഇലകള്‍

ഉത്തരം: നാക്കുപോലുള്ള ഇലകള്‍


10. കാര്‍ഷികമേഖലയില്‍ നിലനിന്നിരുന്ന ചൂഷണത്തെക്കുറിച്ചുള്ള സൂചനകള്‍ 'പ്ലാവിലക്കഞ്ഞി' എന്ന പാഠഭാഗത്ത് ധാരാളമുണ്ട്. ഏതെങ്കിലും രണ്ടു സൂചനകളെഴുതുക.

എല്ലുമുറിയെ പണിയെടുത്താലും ഒരു നേരത്തെ ഭക്ഷണത്തിനുള്ള കൂലിപോലും തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നില്ല. നെല്ലു മുഴുവനും ജന്മി രാത്രിയില്‍ വള്ളത്തില്‍ കയറ്റി കരിഞ്ചന്തയില്‍ വിറ്റ് കൊള്ളലാഭമുണ്ടാക്കും. ജീവിതകാലം  മുഴുവനും പണിയെടുത്ത് ജന്മിക്ക് ലക്ഷങ്ങള്‍ സമ്പാദിച്ചുകൊടുത്തയാളാണ് കോരന്റെ അപ്പന്‍. വാര്‍ധക്യത്തില്‍ പട്ടിണികിടന്ന് രോഗിയായി മാറിയപ്പോള്‍ തിരിഞ്ഞുനോക്കാന്‍

പോലും ആരുമുണ്ടായിരുന്നില്ല.

11. താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങള്‍ മാനകഭാഷയിലാക്കുക.

''അതു മേണ്ട. നീ ഇന്നു മെള്ളം കുടിച്ചതല്ലല്ലോ. എനക്കു മയറുനെറഞ്ഞു. നാളെ കാലത്ത് എടുത്തു മോന്തുമ്പം ചട്ടീല് ഒരിറ്റ് മെള്ളം വെച്ചേച്ചാ മതി.''

അതു വേണ്ട. നീ ഇന്നു വെള്ളം കുടിച്ചതല്ലല്ലോ. എനിക്ക് വയറുനിറഞ്ഞു. നാളെ കാലത്ത് എടുത്തു മോന്തുമ്പോള്‍ ചട്ടിയില്‍ ഒരിറ്റു വെള്ളം വെച്ചേച്ചാല്‍ മതി.

12. ''അമ്മയുടെ മറുപടി ഉണ്ടായില്ലെങ്കില്‍  അച്ഛന്‍ കോപംകൊണ്ടു തുടുക്കും. അമ്മ ഒരിക്കലും അതിന് ഇടകൊടുക്കാറില്ല.  അച്ഛന്‍ വിളിച്ചില്ലെങ്കില്‍പ്പോലും, വെറുതെ ഒരു ശബ്ദം കേട്ടാല്‍ മതി,  അതിന്  മറുവിളി കൊടുക്കുക എന്നുള്ളതും അമ്മയുടെ ശീലമായി മാറിയിരിക്കുന്നു.''           (ഓരോ വിളിയും കാത്ത്)

ഈ വാക്കുകളില്‍ തെളിയുന്നത് സ്‌നേഹമാണോ വിധേയത്വമാണോ?'' നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.

തീര്‍ച്ചയായും അമ്മയുടെ സ്‌നേഹംതന്നെയാണ്. വൃദ്ധനും രോഗിയുമായ ഒരാളോട് വിധേയത്വം കാണിക്കേണ്ട കാര്യമില്ലല്ലോ.  അമ്മയുടെ സാമീപ്യം ആഗ്രഹിക്കുന്ന അച്ഛനും അച്ഛന്റെ  വിളികേള്‍ക്കാന്‍ കാത്തിരിക്കുന്ന അമ്മയുമാണ് ഈ വാക്യങ്ങളില്‍ തെളിയുന്നത്. 

13. ''പക്ഷേ, ചെന്നു നോക്കുമ്പോള്‍ അറിയാം, 

മനസ്സിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛന്‍  കണ്ടതെല്ലാം ശരിയായിരുന്നുവെന്ന്.'' 

                    (ഓരോ വിളിയും കാത്ത്)

ഇപ്രകാരം പറയാന്‍ മകനെ പ്രേരിപ്പിച്ചതെന്താണ്?

രോഗബാധിതനായ അച്ഛന്‍ എപ്പോഴും കട്ടിലിലില്‍ത്തന്നെയാണ്. എങ്കിലും വീടിന്റെ ഓരോ കാര്യത്തിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കവുങ്ങില്‍ അടയ്ക്ക പഴുത്തിരിക്കുന്നതും തെങ്ങില്‍ തേങ്ങ വരണ്ടിരിക്കുന്നതും കന്നിനെല്ലിന് വേലി കെട്ടാന്‍ സമയമായെന്നുമെല്ലാം കിടന്നുകൊണ്ടുതന്നെ അച്ഛന്‍ അറിഞ്ഞിരുന്നു. ഇതൊന്നും ആരും പറഞ്ഞിട്ടല്ല, മനസ്സിന്റെ കണ്ണുകൊണ്ടാണ് അദ്ദേഹം അറിഞ്ഞത്.

14. ''ഇപ്പെരും മാളിന്റെ (ഇപ്പെരുമാളിന്റെ?)'' 

-മാളിനെ  പെരുമാളെന്ന് വിശേഷിപ്പിക്കുന്നതിന്റെ സാംഗത്യം വ്യക്തമാക്കുക.

സാധനങ്ങള്‍ വാങ്ങുന്നതിനും സിനിമ  കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനും എന്നു വേണ്ട സകലതിനും ബഹുഭൂരിപക്ഷം ആളുകളും ഇക്കാലത്ത് ആശ്രയിക്കുന്നത് മാളുകളെയാണ്. വ്യാപാരമേഖലയില്‍ രാജാക്കന്മാരുടെ  സ്ഥാനമാണ് ഇന്ന് മാളുകള്‍ക്കുള്ളത്. മാളുകളെ പെരുമാളുകളെന്ന് കവി വിളിക്കുന്നത് അതുകൊണ്ടാണ്.

15. ''എന്നാല് ഏനും കുടിക്കത്തില്ല.''

''ഏന്‍ ഇന്നലെ ഒരു മൊറം നെയ്തുവച്ചിരുന്നു. അതു കൊടുത്ത് മൂഴക്കരീം മേടിച്ചുകൊണ്ടുവന്ന് അതു തെളപ്പിച്ച് ഞങ്ങ ഉച്ചക്കു കുടിച്ചു.''

ചിരുതയുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് ലഭിക്കുന്ന രണ്ട് സൂചനകള്‍ എഴുതുക. 

നിസ്വാര്‍ഥസ്‌നേഹത്തിന്റെ ആള്‍രൂപമാണ് 

ചിരുത. താന്‍ പട്ടിണികിടന്നാലും സാരമില്ല തന്റെ കൂടെയുള്ളവര്‍  വിശന്നിരിക്കരുത് എന്ന നിര്‍ബന്ധവും ചിരുതയ്ക്കുണ്ട്. ഭര്‍ത്താവിനോടു മാത്രമല്ല, ഭര്‍ത്താവിന്റെ അച്ഛനോടും ആഴമേറിയ സ്‌നേഹവും ബഹുമാനവുമാണ് ചിരുതയ്ക്കുള്ളത്.

16. ''എങ്ങിനി കൊണ്ടിറക്കേണ്ടു സ്വയം ബുദ്ധി-

  കെട്ടു കരിന്തിരിയാളും വരെയവര്‍

  ഒന്നെന്നെ കൊണ്ടുപോയീടണമെന്നുള്ള

  ശല്യപ്പെടുത്തല്‍  പ്രതിഷ്ഠിച്ച കോവിലില്‍?''

- അടിവരയിട്ട പ്രയോഗത്തിന്റെ ഔചിത്യം  വിശദമാക്കുക. 

വിളക്കു കത്തുന്നത് വിളക്കിനുവേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് പ്രകാശം കിട്ടാനാണ്. എണ്ണ വറ്റി കരിന്തിരി കത്തുംവരെ അത് മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കുന്നു. വെളിച്ചമില്ലാത്ത വിളക്കിനെ എല്ലാവരും അവഗണിക്കും. അമ്മയാണ് വിളക്ക്. തന്റെ ആരോഗ്യവും ജീവിത

വും മുഴുവനും മകനുവേണ്ടി അമ്മ നല്‍കി. ഇപ്പോള്‍ കരിന്തിരികത്തുന്ന വിളക്കുപോലെ ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ബുദ്ധികെട്ടുപോയ പടുവൃദ്ധയായ അമ്മയെ കരിന്തിരിയാളുന്ന വിളക്കായി സങ്കല്‍പ്പിച്ചിരിക്കുന്നത് ഏറ്റവും ഉചിതമാണ്.


17. ▲    ''എന്തായാലും അന്നു നെല്ലുതന്നെ കൂലി കിട്ടിയേ മതിയാകൂ.
▲    അപ്പന് ഒരു നേരമെങ്കിലും നിറച്ചു ചോറു കൊടുക്കണം.''
  അനീതിയോട് ആദ്യം ശക്തമായി പ്രതികരിക്കാതിരുന്ന കോരന്‍ പിന്നീട് ഉറച്ച തീരുമാനത്തിലെത്തുന്നു. അതിനിടയായ സാഹചര്യമെന്ത്? വിശകലനം ചെയ്യുക.     
പണിക്കൂലി നെല്ലായിട്ട് കിട്ടിയാല്‍  കോരനും ചിരുതയ്ക്കും   പട്ടിണിയില്ലാതെ കഴിയാം. കൂലികിട്ടുന്നത് ചക്രമാണെങ്കില്‍ അതുകൊണ്ട് ആവശ്യത്തിന് നെല്ലോ അരിയോ വാങ്ങാനാവില്ല. നെല്ലുതന്നെ കൂലി വേണമെന്ന് 
നിര്‍ബന്ധം പിടിച്ചാല്‍  മറ്റു തൊഴിലാളികള്‍ കോരനോടൊപ്പം നില്‍ക്കുമെന്ന് യാതൊരു ഉറപ്പുമില്ല. കോരന്‍ ഒറ്റപ്പെട്ടുപോവുകയും ചെയ്യും. അതുകൊണ്ടാണ് കോരന്‍ ആദ്യം അനീതിയോട് ശക്തമായി പ്രതികരിക്കാതിരുന്നത്. എന്നാല്‍ രോഗിയായ അച്ഛനെയുംകൂടി പരിപാലിക്കേണ്ട സാഹചര്യം  വന്നപ്പോള്‍ ശക്തമായി പ്രതികരിക്കാതെ നിവൃത്തിയില്ലാതായി. തന്റെ അച്ഛന് ഒരുനേരമെങ്കിലും വയറുനിറച്ച് ചോറു കൊടുക്കണമെന്ന ശക്തമായ ആഗ്രഹമാണ് അതിനു 
പിന്നില്‍.  തന്റെ അച്ഛന്റെ ജീവിതകാലം മുഴുവനുമുള്ള അധ്വാനമുപയോഗിച്ച് കോടികള്‍ സമ്പാദിച്ച ജന്മിയോടുള്ള അമര്‍ഷവും അച്ഛന്റെ ഇപ്പോഴത്തെ ദയനീയസ്ഥിതിയും ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ കോരനെ പ്രേരിപ്പിച്ചിരിക്കാം.
18. ''അവളു മറ്റൊള്ളോരെ തീറ്റുകാ. എന്നിട്ട് അവള് ഒണങ്ങുകേം. ഏനു ചീത്തപ്പേരുണ്ടാക്കരുതെന്ന് എന്നും പറയും.'' (പ്ലാവിലക്കഞ്ഞി)
- ജീവിതത്തിന്റെ ഇല്ലായ്മകളെ  സ്‌നേഹംകൊണ്ട് അതിജീവിക്കുകയാണ് കോരനും ചിരുതയും.  വിശകലനം ചെയ്ത് കുറിപ്പെഴുതുക.     
കോരനു കിട്ടുന്ന കൂലി ആ കുടുംബത്തിന് ഒരുനേരത്തെ ഭക്ഷണത്തിനുപോലും തികയുകയില്ല. തനിക്കുള്ള ഭക്ഷണംപോലും ചിരുത ഭര്‍ത്താവിനു വിളമ്പിക്കൊടുക്കുന്നു. ഇക്കാര്യം കോരനുമറിയാം. വയറിന് കമ്പിതമാണെന്നും വിശപ്പില്ലെന്നും മറ്റും അയാള്‍ പറയുന്നത് അതുകൊണ്ടാണ്. ഈ ഇല്ലായ്മകളുടെ നടുവിലേക്കാണ് പട്ടിണികിടന്ന് രോഗിയായ അച്ഛന്‍ കടന്നുവരുന്നത്. അതോടെ കോരന്റെയും ചിരുതയുടെയും ലക്ഷ്യം അച്ഛന് 
ഭക്ഷണം നല്‍കുക എന്നതായി. താന്‍ മുറം വിറ്റുണ്ടാക്കിയ കാശുപോലും അച്ഛന് ഒരുനേരം കഞ്ഞികൊടുക്കാനാണ് അവള്‍   ഉപയോഗിച്ചത്.  ചിരുതയ്ക്കും കോരനും അച്ഛനുമായി പങ്കുവയ്ക്കാന്‍ അവരുടെ ഇല്ലായ്മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, സ്‌നേഹംകൊണ്ട് സമ്പന്നമായിരുന്നു ആ കുടുംബമെന്ന് നിസ്സംശയം പറയാന്‍കഴിയും.
19. 'മനുഷ്യരില്‍ മാത്രമല്ല പരിസരങ്ങളിലും ജീവിതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു.' - 'ഓരോ വിളിയും കാത്ത്' എന്ന പാഠഭാഗം വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ അച്ഛന്റെ ജീവിതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരുന്നത് അമ്മയുടെ ജീവിതത്തിലേക്കു മാത്രമായിരുന്നില്ല. വീട്ടിലും  കവുങ്ങിന്‍തോട്ടങ്ങളിലും  തെങ്ങിന്‍തോപ്പുകളിലും നെല്ലു വിളഞ്ഞു
നില്‍ക്കുന്ന പാടത്തും ആ മനസ്സ് എത്തിയിരുന്നു. ഒരിടത്തും പോയി    ഒന്നും നേരില്‍ക്കാണാന്‍ കഴിയാത്തപ്പോഴും എല്ലാം അച്ഛനറിഞ്ഞിരുന്നു. കന്നിപ്പാടത്തെ വെയിലിന്റെ വേലിയേറ്റങ്ങളും കവുങ്ങിന്‍തോട്ടത്തിലൂടെ പറന്നുപോവുന്ന വാവലുകളുടെ ചിറകടിയൊച്ചകളും എല്ലാക്കാര്യങ്ങളും അച്ഛനെയറിയിച്ചു. അത്രയ്ക്ക് ആഴമേറിയ ഹൃദയബന്ധമാണ് പരിസരവും അച്ഛനും തമ്മിലുണ്ടായിരുന്നത്. പാടത്തെ കന്നിനെല്ലിന് വേലികെട്ടാന്‍ സമയമായെന്ന് മുറിയിലെ കട്ടിലില്‍ കിടക്കുന്ന അച്ഛനറിയുന്നത് അങ്ങനെയാണ്. ജീവിതത്തിന്റെ വേരുകള്‍ മനുഷ്യരിലേക്കു മാത്രമല്ല, പരിസരങ്ങളിലേക്കുകൂടി ആഴ്ന്നിറങ്ങിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതാണ് കഥയിലെ അച്ഛന്റെ ജീവിതം.
20. ''പൊരുളില്ലാത്ത സംസാരമെന്ന് ആദ്യം തോന്നാം. പക്ഷേ, ചെന്നു നോക്കുമ്പോള്‍ അറിയാം, മനസ്സിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛന്‍ കണ്ടതെല്ലാം ശരിയായിരുന്നുവെന്ന്.'' അച്ഛന്റെ അഭാവത്തിലാണ് അച്ഛനെക്കുറിച്ചുള്ള ശരിയായ ധാരണ മകന് കൈവരുന്നത്. കുടുംബാംഗങ്ങള്‍  പരസ്പരം  തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ നഷ്ടം ഈ കഥാസന്ദര്‍ഭം  എത്രമാത്രം വ്യക്തമാക്കുന്നുണ്ട്? കണ്ടെത്തിയെഴുതുക.''    ആശയവിനിമയ സാധ്യതകള്‍ ഏറ്റവും വികസിച്ചിട്ടുള്ള കാലമാണിത്. എന്നാല്‍ മനുഷ്യ
മനസ്സുകള്‍ തമ്മില്‍ ഇത്രയധികം  അകന്നുപോയ മറ്റൊരു കാലമില്ല. ഒരുമിച്ചു താമസിക്കുന്ന ഉറ്റവര്‍ തമ്മില്‍പ്പോലും  പ്രകാശവര്‍ഷങ്ങളുടെ അകലമുണ്ട്. കൂടെയുള്ളവര്‍ മരിച്ചുകഴിയുമ്പോഴാണ് അവര്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരും ആശ്വാസം  പകരുന്നവരുമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. അച്ഛന്‍ ആരോഗ്യത്തോടെയിരുന്നപ്പോള്‍ അദ്ദേഹത്തെ വേണ്ടരീതിയില്‍ മനസ്സിലാക്കാന്‍ മകന് കഴിഞ്ഞിരുന്നില്ല. എഴുന്നേല്‍ക്കാന്‍ കഴിയാതെ കട്ടിലില്‍ കിടന്നുകൊണ്ട് അദ്ദേഹം  പറഞ്ഞിരുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടെന്ന് ചിന്തിച്ചിരുന്നുപോലുമില്ല. എന്നാല്‍ അവയെല്ലാം സത്യമായിരുന്നുവെന്ന് അനുഭവം പഠിപ്പിച്ചു. വേര്‍പിരിയുമ്പോള്‍ മാത്രമേ കൂടെക്കഴിയുന്നവരുടെ ശരിയായ മഹത്ത്വവും  വിലയും തിരിച്ചറിയുകയുള്ളൂ എന്ന സത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കഥാഭാഗമാണിത്.
21. 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ മകന്‍ അമ്മയെ ഉപേക്ഷിക്കാന്‍ നടത്തുന്ന യാത്ര സ്വന്തം ജീവിതത്തിലൂടെയുള്ള യാത്രയും കൂടിയായി മാറുന്നുണ്ട്. ഈ അഭിപ്രായത്തോടുള്ള നിങ്ങളുടെ പ്രതികരണമെന്ത്? കുറിപ്പ് തയാറാക്കുക.                     
ഏറ്റവും  ശരിയായ നിരീക്ഷണമാണിത്. ഇതിനുമുമ്പ് പലവട്ടം അയാള്‍ ഈ വഴിയിലൂടെയെല്ലാം യാത്ര ചെയ്തിരുന്നിരിക്കാം. പക്ഷേ അന്നൊന്നും ഇല്ലാത്ത ചിന്തകളാണ് അമ്മയെ ഉപേക്ഷിക്കാന്‍വേണ്ടി ഈ ഇടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അയാളുടെ മനസ്സിലേക്ക് കടന്നുവന്നത്. തന്നെ വളര്‍ത്തി വലുതാക്കുന്നതിനുവേണ്ടി അമ്മ എത്രയോവട്ടം അലഞ്ഞ ഇടങ്ങളാണവ. പനിപിടിച്ച തന്നെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടിയെത്തി കിതച്ചുനില്‍ക്കുന്നതും പള്ളിക്കൂടത്തിന്റെ ചുറ്റുമതിലിനു പുറത്ത് തന്നെ കാത്തുനില്‍ക്കുന്നതുമെല്ലാം അയാളുടെ ജീവിതവഴിയിലെ മായാത്ത അടയാളങ്ങള്‍തന്നെയാണ്. തീര്‍ച്ചയായും തന്നെ വളര്‍ത്തിയെടുത്ത് തളര്‍ന്നുപോയ  അമ്മയെ ഉപേക്ഷിക്കാന്‍വേണ്ടി നടത്തുന്ന യാത്ര അയാളുടെ ജീവിതവഴികളിലൂടെത്തന്നെയായിരുന്നു. കുറ്റബോധമുണര്‍ത്തിയ ആ ഓര്‍മ്മകളാണ് അയാളെ  തളര്‍ത്തിക്കളഞ്ഞത്. കടന്നുപോന്ന ജീവിതവഴികളിലേക്ക് ഒന്നുതിരിഞ്ഞുനോക്കിയാല്‍ മാതാപിതാക്കളെ അവരുടെ വാര്‍ധക്യത്തില്‍ ഒരാള്‍ക്കും ഉപേക്ഷിക്കാനാവില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന കവിതയാണ് 'അമ്മത്തൊട്ടില്‍'.
22. കുട്ടി അമ്മയോടു ചോദിച്ചു: ''ഈ വൃക്ഷങ്ങളൊക്കെ വീഴാതെ നില്‍ക്കുന്നല്ലോ.........''
അവയ്ക്ക് ഭൂമിയില്‍ വേരുണ്ട്. അതുകൊണ്ട് ഉറച്ചുനില്‍ക്കുന്നു.''
അമ്മ പറഞ്ഞു. 
''അപ്പോള്‍ നമ്മുടെ വേരുകളോ?''
'' അതും ഈ അമ്മയായ ഭൂമിയില്‍ത്തന്നെ''
          (വേരുകള്‍ -ഡി. വിനയചന്ദ്രന്‍)
നന്മയുടെ വേരുകള്‍ മറക്കുന്ന തലമുറയുടെ പ്രതീകമാണ് 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ നായകന്‍. വിശകലനം ചെയ്ത് 
കുറിപ്പ് തയാറാക്കുക. 
അമ്മയുടെ സ്‌നേഹവും വാത്സല്യവുമാണ് ഒരു കുഞ്ഞിനെ കൗമാരത്തിലേക്കും യുവത്വത്തിലേക്കും എത്തിക്കുന്നത്. മനുഷ്യനെ സമൂഹത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന തായ്‌വേരാണ്  അമ്മ. ആ വേര് മുറിച്ചുകളയുന്ന മകനെയാണ് 'അമ്മത്തൊട്ടിലില്‍' നമ്മള്‍ കാണുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ട വൃദ്ധയായ  അമ്മയെ തെരുവില്‍ കളയാന്‍ ഒരുങ്ങുന്ന മകന്‍ പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. വൃദ്ധസദനങ്ങളും പകല്‍വീടുകളും തെരുവുകളും ആരാധനാലയമുറ്റങ്ങളുമെല്ലാം വൃദ്ധജനങ്ങളെക്കൊണ്ട് നിറയുന്നത് പുതിയ കാലത്തിന്റെ സവിശേഷതയാണ്. യുവത്വത്തിന്റെ സുഖാഘോഷങ്ങള്‍ക്ക് പ്രായമായവര്‍ തടസ്സമായി മാറുന്നതാണ് ഇതിനു കാരണം. വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ബാക്കിപത്രംതന്നെയാണിത്. പക്ഷേ, പിഴുതെറിയുന്നത് നന്മകളുടെ വേരുകളാണെന്ന് എറിയുന്നവരാരും തിരിച്ചറിയുന്നില്ല.

23. ▲   ''അത്ര വിഷമം തോന്നിയാലേ അമ്മ മറുത്തു പറയൂ. അമ്മ സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ അച്ഛന്‍ നിശ്ശബ്ദനാവും.''

▲   ''അതോര്‍ത്ത് ഞ്ഞ് വിഷമിക്കേണ്ട. ഞാനിവിടെ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നിട്ടില്ല.''

▲   ''ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛന്‍  എന്നെ എപ്പോഴും  വിളിച്ചോണ്ടിരിക്കുകയാ.  ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ  ഇല്ലാന്ന്  വെച്ചാല്‍...''

മുകളില്‍ കൊടുത്തിട്ടുള്ള സംഭാഷണഭാഗങ്ങളും  കഥയിലെ മറ്റ് സന്ദര്‍ഭങ്ങളും പരിഗണിച്ച് അമ്മ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്ത് കുറിപ്പ്  തയാറാക്കുക.         

'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ കേന്ദ്രകഥാപാത്രമാണ് അമ്മ. കഥയിലുടനീളം അമ്മ സജീവസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്നു. മകന്റെ കണ്ണുകളിലൂടെയാണ് അമ്മയെ നാം കാണുന്നത്. കിടപ്പുരോഗിയായ  അച്ഛന്റെ ഓരോ വിളിയും കേട്ട് തിടുക്കപ്പെട്ട് ഓടിയെത്തുന്ന അമ്മ  ഇടയ്‌ക്കെല്ലാം അച്ഛനോട് പരിഭവിക്കുന്ന അമ്മ- അച്ഛന്റെ മരണശേഷം  സദാസമയവും വീട്ടില്‍ അച്ഛന്റെ സാന്നിധ്യം അനുഭവിച്ചറിയുന്ന അമ്മ - ഓര്‍മ്മകളുടെ ആ സാന്നിധ്യം ഉപേക്ഷിച്ച് വീടുവിട്ട് പോകാന്‍ കഴിയാതെ മകന്റെ ക്ഷണം നിരസിക്കുന്ന അമ്മ- ഇങ്ങനെ നോക്കുമ്പോള്‍ അമ്മയെക്കുറിച്ചുള്ള കഥയാണ്. 'ഓരോ വിളിയും കാത്ത്'  പ്രായം ഏറെയായി. ആരോഗ്യവും അത്ര നല്ല നിലയിലല്ല. എന്നിട്ടും കിടപ്പിലായ ഭര്‍ത്താവിന്റെ ഓരോ വിളിക്കും അമ്മ ഓടിയെത്തുന്നു.അത് കടമയെന്ന നിലയ്ക്കല്ല, ആഴമേറിയ ഒരു ബന്ധത്തിന്റെ പ്രതിഫലനമായിട്ടായിരുന്നു അത്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ മരണശേഷവും  അദ്ദേഹത്തിന്റെ സാന്നിധ്യം അവരനുഭവിക്കുന്നത്. അച്ഛന്റെ മരണം അമ്മയ്ക്ക് മനസ്സുകൊണ്ടു അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് 'ഇന്നേലും കൂടി അദ്ദേഹം വിളിച്ചിരുന്നു' എന്ന് മകനോട്  പറയുന്നത്. മരണവിവരം അറിയാത്ത പരിചയക്കാര്‍ ആരെങ്കിലും  ചോദിച്ചാല്‍ അദ്ദേഹം പോയി എന്ന് പറയുന്നതുപോലും അദ്ദേഹം പോയിട്ടില്ല എന്ന ഉത്തമബോധ്യത്തോടെയാണ്. ആ വലിയ വീട്ടില്‍ അമ്മയെ ഒറ്റയ്ക്കാക്കിയിട്ടു പോകുന്നതില്‍ മകന് വിഷമമുണ്ടെന്നകാര്യം അമ്മയ്ക്ക് അറിയാഞ്ഞിട്ടല്ല. അച്ഛന്റെ ഓര്‍മ്മകളുപേക്ഷിച്ച് ആ വീടിന്റെ  പരിസരത്തുനിന്ന് വിട്ടുനില്‍ക്കാന്‍ അമ്മയ്ക്ക് കഴിയാത്തതുകൊണ്ടാണ് കൂടെച്ചെല്ലാത്തത്. ഇത്രയുംകാലം അച്ഛനോടൊപ്പം കഴിഞ്ഞ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് അമ്മയെ കൊണ്ടുപോകാനുള്ള മനസ്സ് മകനില്ലതാനും. അമ്മയോടുള്ള മകന്റെ സ്‌നേഹത്തിനും ബഹുമാനത്തിനും അല്‍പ്പംപോലും ഇടിവുണ്ടാവുന്നില്ല. സ്‌നേഹബന്ധത്തിന്റെ ആഴമറിയുന്ന സ്ത്രീയുടെ മനസ്സ് നമ്മെ ബോധ്യപ്പെടുത്തുന്ന കഥാപാത്രമാണ് ഈ കഥയിലെ അമ്മ.

24. വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പവും കുടുംബ ബന്ധങ്ങളുടെ പവിത്രതയുമാണ് സാമൂഹികബന്ധങ്ങളെ ദൃഢമാക്കുന്നത്. 'പ്ലാവിലക്കഞ്ഞി', 'ഓരോ വിളിയും കാത്ത്', 'അമ്മത്തൊട്ടില്‍' എന്നീ പാഠങ്ങളുടെ ആശയത്തെ മുന്‍നിര്‍ത്തി ലഘൂപന്യാസം തയാറാക്കുക.             

 സ്‌നേഹത്തിന്റെ ഇഴയടുപ്പം

  സമൂഹത്തിന്റെ  അടിത്തറ കുടുംബമാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പമാണ് സമൂഹത്തിന്  കരുത്തുപകരുന്നത്. ഇന്ന് സമൂഹത്തില്‍ നാം കാണുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം വ്യക്തിബന്ധങ്ങളിലുണ്ടായ അകല്‍ച്ചയും അവിശ്വാസവും  തന്നെയാണ്. കോരന്‍, ഭാര്യ ചിരുത, കോരന്റെ അപ്പന്‍ എന്നിവരാണ് 'പ്ലാവിലക്കഞ്ഞി' എന്ന നോവല്‍ഭാഗത്തിലുള്ളത്. പകലന്തിയോളം  എല്ലുമുറിയെ പണിയെടുത്തിട്ടും ഒരുനേരം  പോലും ഭക്ഷണം കഴിക്കാനുള്ള  വക അവര്‍ക്ക് കിട്ടുന്നില്ല. എങ്കിലും ഓരോരുത്തരും മറ്റുള്ളവര്‍ക്കുവേണ്ടി പട്ടിണികിടക്കാന്‍ തയാറായിരുന്നു. തനിക്കു കൂലി  പണമായിട്ടു വേണ്ട, നെല്ലു മതിയെന്ന് കോരന്‍ ജന്മിയോടു പറഞ്ഞത് ആ സ്‌നേഹത്തിന്റെ കരുത്തുകൊണ്ടാണ്. ബന്ധങ്ങളുടെ ചൂടുംചൂരും അനുഭവിപ്പിക്കുന്ന കഥയാണ് 'ഓരോ വിളിയും കാത്ത്.' കിടപ്പുരോഗിയായ അച്ഛനെ അതീവശ്രദ്ധയോടെ പരിചരിക്കുകയായിരുന്നു അമ്മ.  അദ്ദേഹത്തിന്റെ മരണത്തോടെ ആ വലിയ വീട്ടില്‍ അമ്മ ഒറ്റയ്ക്കായി. ആ വീടുവിട്ട് നഗരത്തില്‍ മകന്റെയടുത്തേക്ക് പോകാന്‍ അമ്മയ്ക്കാവില്ല. മറ്റുള്ളവരുടെ കണ്ണില്‍ മാത്രമാണ് അച്ഛന്‍ ഇല്ലാതായത്. അദ്ദേഹത്തിന്റെ വിളിയും സാന്നിധ്യവുമെല്ലാം ഇപ്പോഴും  അമ്മ അനുഭവിക്കുന്നുണ്ട്.  അമ്മയുടെ മനസ്സറിയുന്ന മകന്റെ നിസ്സഹായതയാണ് കഥയുടെ ജീവന്‍. ഓര്‍മ്മ നഷ്ടപ്പെട്ട പെറ്റമ്മയെ പെരുവഴിയില്‍ ഉപേക്ഷിക്കാന്‍ ഇറങ്ങുന്ന മകനാണ് 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ നായകകഥാപാത്രം. ബന്ധങ്ങള്‍ക്ക്  വിലകല്‍പ്പിക്കാത്ത പുതിയകാലത്തിന്റെ പ്രതീകമാണയാള്‍. അമ്മയെ ഇറക്കിവിടാന്‍ അയാള്‍ കണ്ടെത്തുന്ന ഇടങ്ങളിലെല്ലാം അമ്മ പകര്‍ന്നുതന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്നു. അമ്മയുടെ അലക്ഷ്യമായ നോട്ടം  നേരിടാന്‍പോലും അയാള്‍ക്കാവുന്നില്ല. 

മിന്നാമിനുങ്ങിന്റെ വെട്ടംപോലുമില്ലാത്ത ഇരുട്ടിലേക്കാണ് സമൂഹം നീങ്ങുന്നത്. മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിന്റെ മറ്റൊരു പേരാണ് സ്‌നേഹം.  അത് നഷ്ടപ്പെട്ടതാണ് ഇരുട്ടിനു കാരണം. സ്‌നേഹം കൊടുക്കാനും വാങ്ങാനും പരിശീലിക്കേണ്ടത് വീട്ടില്‍നിന്നുതന്നെയാണ്. കുടുംബങ്ങളിലെ സ്‌നേഹത്തകര്‍ച്ചയാണ് 

പുതിയകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.  സ്‌നേഹത്തിന്റെ മഹത്ത്വം മനസ്സിലാക്കുന്ന ഒരു തലമുറ വളര്‍ന്നുവരേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.


യൂണിറ്റ് 2: നിലാവുപെയ്യുന്ന നാട്ടുവഴികള്‍

..............................................................................................................

പാഠം 1: കൊച്ചുചക്കരച്ചി (ലഘുലേഖനം -എ. പി. ഉദയഭാനു)

..............................................................................................................

1. എ. പി. ഉദയഭാനുവിന്റെ അഭിപ്രായത്തില്‍ കവിഭാവനയെ ഏറ്റവും കൂടുതല്‍ ഉദ്ദീപ്തവും ഉന്മത്തവുമാക്കിയിട്ടുള്ള വൃക്ഷം ഏതാണ്?

. ▲  ചെമ്പകം

. ▲  മാവ്

. ▲  ഇലഞ്ഞി

. ▲  അശോകം

ഉത്തരം : മാവ്

2. 'കൊച്ചുചക്കരച്ചി' എന്ന പാഠഭാഗവുമായി കൂടുതല്‍ യോജിക്കുന്നത് ഏതാണ്?

. ▲  മരങ്ങളും മനുഷ്യരും തമ്മിലുണ്ടായിരുന്ന 

വിശ്വാസവും ബന്ധവും

. ▲  അണ്ണാന്‍പിറന്നാള്‍ എന്ന മഹായജ്ഞം

. ▲  മാവുകളുടെ വൈവിധ്യം

. ▲  മാവുകളും മലയാളകവികളും തമ്മിലുള്ള ബന്ധം

ഉത്തരം : മരങ്ങളും മനുഷ്യരും തമ്മിലുണ്ടായിരുന്നു വിശ്വാസവും ബന്ധവും

3. എ. പി. ഉദയഭാനുവിന്റെ അഭിപ്രായത്തില്‍ വൈലോപ്പിള്ളി 'മാമ്പഴം' എന്ന കവിതയിലൂടെ പകര്‍ന്നുതന്നത്?

. ▲  മാമ്പഴത്തിന്റെ മാധുര്യം

. ▲  മാവിന്റെ സൗന്ദര്യം

. ▲  മലയാളികള്‍ മാവുകള്‍ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം

. ▲  ഉല്‍ക്കടമായ വേദനയുടെ മാധുര്യം

ഉത്തരം : ഉല്‍ക്കടമായ വേദനയുടെ മാധുര്യം


4. 'മാവുകളെപ്പോലെ  കേരളീയ ഗ്രാമീണജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന മറ്റു വൃക്ഷങ്ങളില്ല.' ഈ പ്രസ്താവനയെ സാധൂകരിക്കുന്ന രണ്ട് തെളിവുകളെഴുതുക.

മുറ്റത്ത് മാവുകളില്ലാത്ത വീടുകള്‍ കേരളീയഗ്രാമങ്ങളില്‍ കണ്ടുമുട്ടാന്‍ പ്രയാസമാണ്. കുട്ടികള്‍  കളിക്കുന്നതും മുതിര്‍ന്നവര്‍ കൂട്ടംകൂടിയിരുന്ന് വിശ്രമിക്കുന്നതുമെല്ലാം മാവിന്‍ചുവട്ടിലാണ്.  ആളുകള്‍ മരിച്ചുകഴിഞ്ഞാല്‍ മാവു വെട്ടിയാണ് ദഹിപ്പിച്ചിരുന്നത്. ജീവിതവുമായി മാത്രമല്ല, മരണവുമായിപ്പോലും മാവ്  നമ്മുടെ സംസ്‌കാരവുമായി  ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

5. ''കൊച്ചുചക്കരച്ചി നേരുള്ള മാവാണ്. അവള്‍ ദോഷം വരുത്തുകയില്ല എന്നുള്ള അമ്മയുടെ വിശ്വാസം ജയിച്ചു.'' - ഈ വാക്യം നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് നല്‍കുന്ന സൂചനയെന്താണ്?

മനുഷ്യരും പ്രകൃതിയും പരസ്പരം വിശ്വസിച്ച് ഒരുമയോടെ കഴിഞ്ഞിരുന്ന നാടാണ് നമ്മുടേത്. മരങ്ങളെ പേരിട്ടുവിളിച്ചും സ്‌നേഹിച്ചും പരിപാലിച്ചും കഴിഞ്ഞിരുന്ന കാലമായിരുന്നു അത്.  ലേഖകന്റെ അമ്മയും അത്തരത്തിലൊരാളായിരുന്നു. കേടുവന്ന മരം വെട്ടിക്കളയാന്‍ സമ്മതിക്കാതിരുന്ന അമ്മ പറഞ്ഞിരുന്നത് മാവ് ചതിക്കില്ലെന്നാണ്. അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു. പരസ്പരൈക്യത്തിന്റെ സൂചനയാണ് ഈ വാക്യങ്ങളില്‍ തെളിയുന്നത്.

6. 'കൊച്ചുചക്കരച്ചി' എന്ന ലേഖനത്തെ ആകര്‍ഷകമാക്കുന്ന ഭാഷാപരമായ സവിശേഷതകള്‍ എന്തെല്ലാമാണ്?

ലളിതമായ ഭാഷ, അനുഭവം പകരുന്ന ഹൃദ്യമായ വര്‍ണനകള്‍, സുലഭമായി ഉപയോഗിച്ചിരിക്കുന്ന ഗ്രാമീണപദങ്ങള്‍, പ്രയോഗങ്ങള്‍, നാട്ടറിവുകള്‍ എന്നിവയെല്ലാമാണ് 'കൊച്ചുചക്കരച്ചി' എന്ന ലേഖനത്തെ ആകര്‍ഷകമാക്കുന്നത്.


7. 'കൊച്ചുചക്കരച്ചി' വെറുമൊരു മാവിന്റെ കഥയല്ല. കൈവിട്ടുപോകുന്ന നന്മകളെ ഓര്‍മ്മപ്പെടുത്തലാണത്. പാഠഭാഗം വിലയിരുത്തി കുറിപ്പ് തയാറാക്കുക.

വെറുമൊരു മാവിനോടു തോന്നുന്ന അടുപ്പമോ ഹൃദയബന്ധമോ ആവിഷ്‌കരിക്കാന്‍വേണ്ടി എഴുതിയതല്ല 'കൊച്ചുചക്കരച്ചി'. മനുഷ്യരും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഹൃദയബന്ധത്തിന്റെ ഓര്‍മ്മപ്പെടുത്തലാണത്. ഏതെങ്കിലും ഒരു മരവുമായി ഇത്തരമൊരു ബന്ധം ഇക്കാലത്ത് ആര്‍ക്കെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. കാരണം അത്ര തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുകയാണ് കുട്ടികളുള്‍പ്പെടെയുള്ള ആധുനികലോകം. ഈ പാച്ചിലിനിടയില്‍ വിലപ്പെട്ട പലതും നമുക്ക് നഷ്ടപ്പെടുന്നു. ലേഖകന്റെ അമ്മയ്ക്ക് മാവിനോട് തോന്നുന്ന സ്‌നേഹം ഒരിക്കലും യുക്തിപരമല്ലെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. സ്‌നേഹത്തിന്റെ കാര്യത്തില്‍ മനുഷ്യരേക്കാള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നത് മരങ്ങളും വിശേഷബുദ്ധിയില്ലെന്ന് മുദ്രകുത്തി നമ്മള്‍ മാറ്റിനിര്‍ത്താറുള്ള പക്ഷിമൃഗാദികളുമാണ്. ശ്രദ്ധയോടെയും ക്ഷമയോടെയും പ്രകൃതിയെ നിരീക്ഷിച്ചാല്‍ ഇത് തിരിച്ചറിയാന്‍ കഴിയും. കൈവിട്ടുപോകുന്ന നന്മകളാണ്  'കൊച്ചുചക്കരച്ചി'യില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാം.

8. വില്‍ക്കാനുള്ളതല്ല, ആളുകള്‍ക്ക് ഒന്നും രണ്ടും പെറുക്കിത്തിന്നാനുള്ളതാണ് എന്റെ മാങ്ങ എന്നതായിരുന്നു കൊച്ചുചക്കരച്ചിയുടെ നില. കൊച്ചുചക്കരച്ചിയോടുള്ള  ആരാധനയാണോ, പ്രകൃതിവിഭവങ്ങളുടെ വിതരണത്തെ സംബന്ധിച്ച തന്റെ കാഴ്ചപ്പാടാണോ എ. പി. ഉദയഭാനുവിനെ ഇത്തരമൊരു നിരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചത്? സ്വാഭിപ്രായം യുക്തിപൂര്‍വം സമര്‍ഥിക്കുക.                   

മനുഷ്യര്‍ക്ക് വിറ്റുനശിപ്പിക്കാനുള്ളതല്ല പ്രകൃതിവിഭവങ്ങള്‍. സകല ജീവജാലങ്ങള്‍ക്കും അവയില്‍ അവകാശമുണ്ട്. കൈയൂക്കുകൊണ്ടാണ് മനുഷ്യര്‍ പ്രകൃതിയെ  ചൂഷണം ചെയ്യുന്നത്. കൊച്ചുചക്കരച്ചിമാവിലെ മാങ്ങ വില്‍ക്കാന്‍ ലേഖകന്റെ അമ്മ  ശ്രമിച്ചിരുന്നു. എന്നാല്‍ മരത്തിലെ നീറുകള്‍ അതിനനുവദിച്ചില്ല. കിളികള്‍ക്കും അണ്ണാനും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ  അവകാശപ്പെട്ടതാണ് അതിലെ മാമ്പഴങ്ങള്‍. അണ്ണാനും കിളികളും കുട്ടികളുമെല്ലാം മാഞ്ചുവട്ടില്‍ സന്തോഷത്തോടെ കളിച്ചുവളരുന്നതിനെ  പ്രകീര്‍ത്തിക്കുന്നയാളാണ് ലേഖകന്‍. മാവും അമ്മയും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറയുന്നതിലൂടെയും പ്രകൃതിയെക്കുറിച്ചുള്ള ലേഖകന്റെ കാഴ്ചപ്പാടാണ് തെളിയുന്നത്. 

പ്രകൃതി എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന ലേഖകന്റെ നിലപാടാണ് തന്നിരിക്കുന്ന നിരീക്ഷണത്തിലുള്ളത്.


9. . ▲  ''അങ്ങനെ പല പല മാവുകള്‍  അവരുടെ 
പ്രത്യേക സ്വാദുകളുമായി ഓടി എത്തുന്നു.''
. ▲  ''പച്ചമാങ്ങ അല്‍പ്പം ഉപ്പുചേര്‍ത്ത് കറുമുറാ കറുമുറാ ചവച്ചു തിന്നാല്‍, കുത്തിയൊലിക്കുന്ന ഉമിനീരീന്റെ (കൊതി) വേഗം കൊണ്ട് അണകള്‍ കോച്ചിപ്പോകും.''
. ▲  ''തുലാവര്‍ഷക്കാറ്റുകളും കാലവര്‍ഷക്കാറ്റുകളും ആ മുത്തശ്ശിയുടെ  നിബിഡവും  ശ്യാമളവുമായ  തലമുടികളില്‍ക്കൂടെ വിരലോടിച്ചുപോവുക  മാത്രം ചെയ്തു; തള്ളി ഇട്ടില്ല.'' 
ലേഖനത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍  പരിചയപ്പെട്ടല്ലോ. ഭാഷയുടെ ലാളിത്യവും  സൗന്ദര്യവുമുള്ള കൂടുതല്‍ ഉദാഹരണങ്ങള്‍ പാഠഭാഗത്തുനിന്നു കണ്ടെത്തി എ.പി.ഉദയഭാനുവിന്റെ രചനാശൈലിയെക്കുറിച്ച് ഉപന്യാസം തയാറാക്കുക.
എല്ലാവര്‍ക്കും വളരെയെളുപ്പം മനസ്സിലാകുന്ന ഭാഷാരീതിയാണ് എ.പി. ഉദയഭാനുവിന്റേത്. വളരെ നിസ്സാരകാര്യങ്ങളില്‍ ആരംഭിച്ച്  ഗൗരവവും സമകാലികപ്രസക്തിയുമുള്ള കാര്യങ്ങളിലേക്ക് വായനക്കാരെ കൊണ്ടുചെന്നെത്തിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ കണ്ടുവരുന്നത്. ലഘുനര്‍മ്മലേഖനങ്ങളെന്ന് വിളിക്കാമെങ്കിലും അവയിലൂടെ അദ്ദേഹം   മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ ഗൗരവമേറിയവയാണ്.  നര്‍മ്മം കലര്‍ത്തിയ അവതരണരീതി വായനക്കാരുമായി ഹൃദയബന്ധം സ്ഥാപിക്കാന്‍  സഹായിക്കുകയും ചെയ്യുന്നു.
''ജീവഛേദകരമായ രോഗം പിടിപെട്ടിട്ടും യാതൊന്നും സംഭവിച്ചില്ലെന്ന മട്ടില്‍  ഋതുചക്രത്തിരിച്ചിലിനനുസൃതമാം വിധം ആ മാവു തളിര്‍ക്കുകയും പൂത്തു കുടച്ചക്രംപോലെ സ്വര്‍ണസ്ഫുലിംഗങ്ങള്‍ പാറി വിലസുകയും  ഇലകളില്‍നിന്ന്  ഈഷന്മാത്രം നിറഭേദമുള്ള മാമ്പഴക്കിങ്ങിണികള്‍ ചാര്‍ത്തി നില്‍ക്കയും കാലവര്‍ഷക്കാറ്റില്‍  മറ്റു മരങ്ങള്‍ ചാഞ്ഞുലഞ്ഞു ചാഞ്ചാടുമ്പോള്‍ തന്റെ ഗൗരവം വിടാതെ അര്‍ധവൃത്താകാരത്തില്‍ ലേശം ഒന്നു തിരിഞ്ഞു നൃത്തം വയ്ക്കയും ഒക്കെ ചെയ്യുന്നത് ഞങ്ങള്‍ നോക്കിക്കണ്ടു.'' ''കര്‍ക്കടകമാസത്തിലെ കറുത്തവാവിന്‍നാളില്‍ ആകാശത്തിനു താഴെ തന്റെ ഇലപ്പടര്‍പ്പുകൊണ്ട് മറ്റൊരാകാശം സൃഷ്ടിച്ച് മിന്നാമിനുങ്ങുകളെക്കൊണ്ടു നക്ഷത്രനിബിഡമായി നില്‍ക്കുന്നത് ആസന്നമായ വേര്‍പാടിന്റെ ബോധത്തെയും വേദനയെയും ഉല്‍ക്കടമാക്കിത്തീര്‍ത്തു''-
ഇതുപോലെ  അതിമനോഹരമായ ഭാഷയിലുള്ള ഒട്ടേറെ വര്‍ണനകളും  പ്രയോഗങ്ങളും പാഠഭാഗത്ത് കണ്ടെത്താന്‍ കഴിയും. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധവും വിശ്വാസവും  അന്യോന്യം പുലര്‍ത്തുന്ന കരുതലുമെല്ലാം എത്ര ആസ്വാദ്യകരമായാണ് ഇതില്‍ അലിയിച്ചുചേര്‍ത്തിട്ടുള്ളത്. ഇത്തരം പ്രയോഗങ്ങളിലെല്ലാം ലേഖകന്റെ ഉള്ളിലെ കവിയാണ് രംഗത്തുവരുന്നത്. ആകാശത്തിനു കീഴെ മറ്റൊരാകാശം സൃഷ്ടിക്കുന്ന കൊച്ചുചക്കരച്ചിയെന്ന പ്രയോഗം കണ്മുന്നിലുള്ള പല വൃക്ഷങ്ങളെയും മറ്റൊരു രീതിയില്‍ നോക്കുന്നതിന് നമ്മെ 
പ്രേരിപ്പിക്കും. 
    പലവിധ അസൗകര്യങ്ങളുടെ പേരുപറഞ്ഞ് വീട്ടുമുറ്റത്തെ മരങ്ങളെല്ലാം വെട്ടിമാറ്റുന്ന കാലമാണിത്. വൃക്ഷങ്ങളെ പേരുവിളിച്ച് സ്‌നേഹിച്ചിരുന്ന പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് 'കൊച്ചുചക്കരച്ചി' എന്ന പാഠഭാഗം. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്നത്ര ലളിതമനോഹരമാണ് ഈ രചന.

3 comments: